സ്വാഗതം
WELCOME

News Update..

Friday, May 23, 2014

ഇരിക്കാനുള്ള അവകാശം; യുവജന കമീഷനില്‍ പരാതി പ്രളയം Madhyamam News Feeds

ഇരിക്കാനുള്ള അവകാശം; യുവജന കമീഷനില്‍ പരാതി പ്രളയം Madhyamam News Feeds

Link to

ഇരിക്കാനുള്ള അവകാശം; യുവജന കമീഷനില്‍ പരാതി പ്രളയം

Posted: 22 May 2014 11:50 PM PDT

കോഴിക്കോട്: ഇരിക്കാന്‍ അനുവദിക്കാത്തതടക്കം സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളി പീഡനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന യുവജന കമീഷന്‍ തെളിവെടുത്തു. കോഴിക്കോട് ഗവ. ഗെസ്റ്റ്ഹൗസില്‍ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷിന്‍െറ അധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ തൊഴിലാളികളും തൊഴിലാളി സംഘടനകളുമടക്കം നിരവധിപേര്‍ പരാതിയുമായെത്തി.
വസ്ത്രശാലകളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയത്ത് ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്നും വന്‍തോതില്‍ തൊഴിലാളി പീഡനം നടക്കുന്നതായും അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ (എ.എം.ടി.യു) നേതാക്കളായ ടി. വിജിയും എച്ച്. ഷഫീഖും പരാതിപ്പെട്ടു. ലേബര്‍ ഉദ്യോഗസ്ഥരുടെ അറിവോടെ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മൂന്നു മാസം സര്‍വീസുള്ളവരെ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന നിയമം ഉടമകള്‍ പാലിക്കുന്നില്ല. ഡ്യൂട്ടിസമയത്ത് ക്ഷീണംമൂലം ഇരുന്നാല്‍, ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ കാണുന്ന ഉടമ ഇരിക്കുന്ന സമയത്തെ വേതനം ഇല്ലായ്മ ചെയ്യുന്നു. ബഹുനില കെട്ടിടങ്ങളിലെ ലിഫ്റ്റ് ഉപയോഗിക്കാന്‍ തൊഴിലാളികളെ അനുവദിക്കുന്നില്ല. ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നതായും ഉടമയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നതിനാല്‍ തൊഴിലാളികള്‍ക്ക് പരാതി പറയാന്‍ കഴിയുന്നില്ലെന്നും നേതാക്കള്‍ പരാതിപ്പെട്ടു.
മൂന്നു മാസം സര്‍വീസുള്ളവരെ ക്ഷേമനിധിയില്‍ ചേര്‍ക്കേണ്ട ഉത്തരവാദിത്തം സ്ഥാപന ഉടമക്കുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എം. സുനില്‍ കമീഷനെ ധരിപ്പിച്ചു. ക്ഷേമനിധി തുകയുടെ പകുതി തൊഴിലുടമയും ബാക്കി പകുതി തൊഴിലാളിയുമാണ് അടക്കേണ്ടത്. ജില്ലയില്‍ 75,000 തൊഴിലാളികള്‍ ഇതിനകം ക്ഷേമനിധിയില്‍ അംഗങ്ങളായുണ്ട്.
ലേബര്‍ വകുപ്പില്‍ ജീവനക്കാര്‍ കുറവായതിനാല്‍ പരിശോധന നടത്താന്‍ കഴിയുന്നില്ല. എങ്കിലും, പ്രശ്നങ്ങളില്‍ പരമാവധി ഇടപെട്ട് പരിഹരിക്കും- ലേബര്‍ ഓഫിസര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ നേരില്‍ വിളിച്ച് പരാതിപ്പെട്ടിട്ടും ലേബര്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്ന് തൊഴിലാളി നേതാക്കള്‍ കമീഷനെ ധരിപ്പിച്ചു.
സിറ്റിങ്ങിനുശേഷം അഞ്ചംഗ കമീഷന്‍ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തി.
ഇരിക്കാനുള്ള അവകാശം നിഷേധിച്ചതടക്കം തൊഴിലാളികളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മൂന്നു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുമെന്നും ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ് പറഞ്ഞു. കമീഷന്‍ അംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, ടി.പി. അശ്റഫലി, സുജിത്പോള്‍, കെ. ശിവരാമന്‍ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് യാസര്‍ അറഫാത്തിന്‍െറ നേതൃത്വത്തില്‍ ഏതാനും തൊഴിലാളികള്‍ കമീഷനുമുമ്പാകെ ഹാജരായി പരാതി നല്‍കി.
2014ല്‍ നിലവില്‍വന്ന സംസ്ഥാന യുവജന കമീഷന്‍ 18നും 40നും മധ്യേ പ്രായമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനമാണ്.

തായ് ലന്‍ഡില്‍ സൈനിക മേധാവി പ്രധാനമന്ത്രിയായി സ്വയം അവരോധിച്ചു

Posted: 22 May 2014 11:41 PM PDT

Image: 

ബാങ്കോക്ക്: സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട തായ് പ്രധാനമന്ത്രി യിങ്ഗ്ളുക്ക് ഷിനാവത്ര, പട്ടാള മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് വ്യാഴാഴ്ചയാണ് സൈന്യം യിങ്ഗ്ളുക്ക് ഷിനാവത്രയെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. ഷിനാവത്രയടക്കം നൂറിലേറെ നേതാക്കളെ സൈന്യം ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. അതിനിടെ, സൈനിക മേധാവി പ്രായുധ് ചാന്‍ ഓഛ തായ് ലന്‍റിന്‍െറ പുതിയ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.  രാജ്യത്ത് സമാധാനവും നിയമവ്യവസ്ഥയും നടപ്പാക്കുന്നതിനാണ് ഭരണം പിടിച്ചെടുത്തതെന്നാണ് സൈന്യം ഒൗദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചിരിക്കുന്നത്.

2006ല്‍ യിങ്ഗ്ളുക്ക് ഷിനാവത്രയുടെ സഹോദരന്‍ തക്സിന്‍ ഷിനാവത്രയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സൈന്യം പുറത്താക്കിയ ശേഷമാണ് രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് വീഴുന്നത്. 2001ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ യിങ്ഗ്ളുക്ക് ഷിനാവത്ര അധികാരത്തിലത്തെി. എന്നാല്‍ അധികാര ദുര്‍വ്വിനിയോഗം ആരാപിച്ച് യിങ്ഗ്ളുക്കിനെതിരെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. അധികാര ദുര്‍വ്വിനിയോഗത്തിന്‍െറ പേരില്‍ യിങ്ഗ്ളുക്കിനെ പുറത്താക്കണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ സമരം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സൈനിക അട്ടിമറി നടന്നത്.

രാജ്യത്തെ ഭരണഘടന മരവിപ്പിച്ച സൈന്യം പൊതുയോഗങ്ങളും പ്രക്ഷോഭങ്ങളും വിലക്കിയിട്ടുണ്ട്. നൂറ്റമ്പതോളം നേതാക്കളെ രാജ്യം വിടുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

 

 

സര്‍ക്കാര്‍ ഓഫിസിലെ അറ്റകുറ്റപ്പണികള്‍ മുഴുവന്‍ സൗദിവത്കരിക്കും -ഹഖബാനി

Posted: 22 May 2014 11:35 PM PDT

Image: 

റിയാദ്: സര്‍ക്കാര്‍ ഓഫിസുകളിലെ മെഷിനറികളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായി സൗദിവത്കരിക്കുന്നതിന് നീക്കം ശക്തമാക്കുന്നു. ഇതു സംബന്ധിച്ച് മന്ത്രാലയ തലത്തില്‍ നടത്തിവരുന്ന പഠനം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭരണാധികാരിക്ക് സമര്‍പ്പിച്ച് സൗദിവത്കരണം നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രാലയം സഹമന്ത്രി ഡോ. മുഫരിജ് അല്‍ഹഖബാനി അറിയിച്ചു.  വിവിധ പ്രൊഫഷനുകളില്‍ ഡിപ്ളോമ കോഴ്സ് പൂര്‍ത്തിയാക്കിയ 21ാം ബാച്ചിന്‍െറ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ 176 പേരെയാണ് റിയാദ് ചേംബര്‍ ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മതിയായ വിദഗ്ധര്‍ സ്വദേശികളില്‍ തന്നെയുണ്ട്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന നിതാഖാത്ത് പദ്ധതി നീതിപൂര്‍വ്വകവും സുതാര്യവുമായിരുന്നു. പദ്ധതി പ്രാബല്യത്തില്‍വന്ന ശേഷം നിരവധി പരിഷ്കരണങ്ങള്‍ വരുത്തിയിരുന്നു. തൊഴില്‍ മേഖലയില്‍ പുതിയതായി ഉണ്ടാകുന്ന ചലനങ്ങള്‍ ഉള്‍ക്കൊണ്ടും വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ചായിരുന്നു പരിഷ്കരണങ്ങള്‍ വരുത്തിയത്. തൊഴില്‍ മേഖലയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വദേശികള്‍ വേണ്ടത്ര ലഭ്യമല്ലാതിരുന്ന മേഖലകളില്‍ സ്വദേശി അനുപാത തോത് വെട്ടിക്കുറക്കാന്‍ മന്ത്രാലയം മുന്നോട്ട് വന്നത്. മന്ത്രാലയം മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പ്രകാരം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് ജോലിനല്‍കാന്‍ തയ്യാറായ തൊഴിലുടമകളെ അദ്ദേഹം പ്രശംസിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ വലിയ സാധ്യതകളാണ് തുറക്കപ്പെട്ടത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അരലക്ഷം സ്വദേശി സ്ത്രീകള്‍ മാത്രമാണ് രാജ്യത്ത് തൊഴില്‍ മേഖലയിലുണ്ടായിരുന്നത്. ഇപ്പോള്‍ അവരുടെ എണ്ണം നാലര ലക്ഷമായി വര്‍ധിച്ചു. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികളുടെ വേതന വര്‍ധനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികളും വിജയം കണ്ടു. മൊത്തത്തില്‍ തൊഴില്‍ മന്ത്രാലയം മുന്നോട്ടവെച്ച സ്വദേശിവത്കരണ പദ്ധതികള്‍ രാജ്യത്തെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ക്രിയാത്മകമായ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്നും ഹഖബാനി അഭിപ്രായപ്പെട്ടു. വിവിധ പ്രൊഫഷനല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയവര്‍ക്ക് രാജ്യത്ത് നടക്കുന്ന വികസന- പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ കഴിയണമെന്ന് സമാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച റിയാദ് ചേംബര്‍ പ്രസിഡന്‍റ് ഡോ: അബ്ദുറഹ്മാന്‍ സാമില്‍ ആവശ്യപ്പെട്ടു.
 

അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യത - നിരീക്ഷണ കേന്ദ്രം

Posted: 22 May 2014 11:23 PM PDT

Image: 

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് കറം  പറഞ്ഞു. ചക്രവാളങ്ങളില്‍ മേഘക്കൂട്ടങ്ങള്‍ അങ്ങിങ്ങായി ഉയര്‍ന്ന നിലയിലും താഴ്ന്ന നിലയിലും ഉരുണ്ടുകൂടും. പലപ്പോഴും രാജ്യ വ്യാപകമായി ശക്തമായ തെക്കുവടക്കന്‍ കാറ്റടിക്കുകയും അതേതുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുകയും ചെയ്തേക്കാം.  
പൊടിക്കാറ്റിനു പിന്നാലെ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്യാനും ഇടയുണ്ട്. വസന്തത്തിന്‍െറ അവസാനവും വേനലിന്‍െറ തുടക്കവും  അറിയിച്ചുകൊണ്ടുള്ള ഈ പ്രതിഭാസം എല്ലാ വര്‍ഷവും ഇതേ കാലയളവില്‍തന്നെയാണ് സംഭവിക്കാറ്. പ്രവചനാyീതമായ ഈ കാലാവസ്ഥ സാധാരണഗതിയില്‍ മേയ് പകുതി മുതല്‍ ജൂണ്‍ ആദ്യം വരെയാണ് അനുഭവപ്പെടാറെന്നും കറം അഭിപ്രായപ്പെട്ടു.
ഈ സമയങ്ങളില്‍ രാജ്യത്തെ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രിക്കും 44 ഡിഗ്രിക്കും ഇടക്കായിരിക്കും. ചില നേരങ്ങളില്‍ മണിക്കൂറില്‍ 12 മുതല്‍ 40 കിലോ മീറ്റര്‍വരെ വേഗതയിലും മറ്റ് ചിലപ്പോള്‍ എട്ട് മുതല്‍ 35 കിലോ മീറ്റര്‍വരെ വേഗതയിലുമായിരിക്കും കാറ്റടിക്കുക. കടലോര ഭാഗങ്ങളില്‍ റുതൂബ അനുഭവപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സരിതയുടെ കത്ത് പുറത്തുവിടാന്‍ പിള്ളക്ക് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി

Posted: 22 May 2014 11:16 PM PDT

Image: 

തിരുവനന്തപുരം: സരിതയുടെ കത്തോ കത്തിന്‍്റെ പകര്‍പ്പോ കയ്യിലുണ്ടെങ്കില്‍ പുറത്തുവിടാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. കത്തിന്‍്റെ പേരില്‍ ബാലകൃഷ്ണപിള്ളയുടെ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ലന്നെ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറഞ്ഞു.
പിള്ള കത്ത് പുറത്തുവിടുന്നതുവരെ  മന്ത്രിസഭാ പുന:സംഘടനക്ക് കാത്തിരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയില്ളെങ്കില്‍ സരിതയുടെ കത്ത് പുറത്തുവിടുമെന്നായിരുന്നു പിള്ളയുടെ ഭീഷണി. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായില്ളെങ്കില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. സരിതയുടെ കത്തില്‍ ചില മന്ത്രിമാരുടെയും പാര്‍ലമെന്‍്റ് അംഗങ്ങളുടെയും  പേരുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.

ബോക്കോഹറാമിനുമേല്‍ യു.എന്‍ ഉപരോധം

Posted: 22 May 2014 11:12 PM PDT

Image: 

ന്യൂയോര്‍ക്ക്: നൈജീരിയന്‍ തീവ്രവാദ സംഘടനയായ ബോക്കോഹറാമിനുമേല്‍ യു.എന്‍  രക്ഷാസമിതി ഉപരോധമേര്‍പെടുത്തി. സ്കൂളില്‍നിന്ന് 200റിലേറെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അഞ്ച് ആഴ്ചകള്‍ പിന്നിട്ട സാഹചര്യത്തിലാണ് യു.എന്നിന്‍റെ ഈ നടപടി. ഇതോടെ സംഘത്തിന്‍റെ ആയുധങ്ങളും സ്വത്തുക്കളും മരവിപ്പിക്കും.

ബോക്കോഹറാമിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നൈജീരിയ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദ സംഘത്തിലേക്ക് ഇതോടെ ബോക്കോ ഹറാം ഗ്രൂപും ചേക്കേറുമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബോക്കോഹറാമിന്‍റെ കൊലയാളി നേതൃത്വത്തിന്‍റെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവെപ്പാണിതെന്ന് യു.എസ് ഉദ്യോഗസഥന്‍ സമാന്ത പവര്‍ പറഞ്ഞു.

നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ ഗ്രാമത്തില്‍ 27 പേരുടെ മരണത്തിനിടയാക്കിയ ആക്രണം ബോക്കോഹറാം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 21,160 രൂപ

Posted: 22 May 2014 10:47 PM PDT

Image: 

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടുംകുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 21,160 രൂപയായി. ഗ്രാമിന് 2645 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം രണ്ടു തവണയായി സ്വര്‍ണവിലയില്‍ പവന് 400 രൂപ കുറഞ്ഞിരുന്നു.
സ്വര്‍ണത്തിന്‍്റെ  ഇറക്കുമതി നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവുകള്‍ അനുവദിച്ചതാണ് വിലകുറവിന് കാരണം.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

Posted: 22 May 2014 10:33 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. എല്‍.ഡി.എഫ് 17ഉം യു.ഡി.എഫ് 10ഉം ബി.ജെ.പി ഒന്നും സ്വതന്ത്രര്‍ മൂന്നും സീറ്റുകളില്‍ വിജയിച്ചു. യു.ഡി.എഫിന്‍റെ പത്ത് സിറ്റിംഗ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.

തിരുവനന്തപുരത്തെ ആറ്റിപ്ര  വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍റെ ശോഭ ശിവദത്ത് ജയിച്ചു. ബി.ജെ.പി രണ്ടാം സ്ഥാനത്ത്  എത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇടുക്കി അടിമാലി ബ്ളോക്ക് പഞ്ചായത്ത് മുനിയറ വാര്‍ഡില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി രമ്യ റനീഷ് വിജയിച്ചു.

മലപ്പുറം തിരുവാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ഇടതുപക്ഷം ജയം കണ്ടു. ഇടതുപക്ഷ സ്ഥാനാര്‍ഥി പ്രീതിയാണ് ഇവിടെ വിജയിച്ചത്. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റില്‍ എല്‍.ഡി.എഫിന്‍റെ എം.ടി സജിത വിജയിച്ചു. തിരൂരങ്ങാടി പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഹംസ വിജയിച്ചു.

ഒറ്റപ്പാലം അനങ്ങനടി പഞ്ചായത്തിലെ കോട്ടക്കുളം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ റഷീദാണ് വിജയിച്ചത്. മലപ്പുറം ഒതുക്കുന്നല്‍ പത്താം വാര്‍ഡ് മുസ് ലിം ലീഗ് നിലനിര്‍ത്തി. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭ വടക്കത്തറ വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാധാമണി 228 വോട്ടിന് ജയിച്ചു.

തൃശൂരില്‍ രണ്ട് വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ 5,924 വോട്ടിന് റംല ഷരീഫും വേളൂക്കര പഞ്ചായത്ത് 10ാം വാര്‍ഡില്‍ 537 വോട്ടിന് ട്രീസ മനോഹരനുമാണ് ജയിച്ചത്.
 

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം

Posted: 22 May 2014 10:31 PM PDT

Image: 

കാബൂള്‍: അഫ്ഗാനിസ്താനിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ചാവേര്‍ ആക്രമണം. അക്രമികളില്‍ രണ്ടുപേര്‍ സുരക്ഷാ സൈനികരുടെ  വെടിയേറ്റു മരിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ളെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നു പുലര്‍ച്ചെയാണ് ഹെരാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണണമുണ്ടായത്. കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട അക്രമികള്‍ സമീപത്തെ കെട്ടിടങ്ങളില്‍ നുഴഞ്ഞുകയറി വെടിവയ്പ്പ് നടത്തുകയായിരുന്നു.കോണ്‍സുലേറ്റിന്‍്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യം ഏറ്റെടുത്തു.

തടവില്‍ ഇന്ത്യയുടെ ഇടനെഞ്ച്

Posted: 22 May 2014 09:03 PM PDT

Image: 

പേര് സൂചിപ്പിക്കുന്നതുപോലെ മുട്ടയുടെ ആകൃതിയാണ് ജയിലുകളിലുള്ള കുപ്രസിദ്ധമായ അണ്ടാ സെല്ലുകള്‍ക്ക്. അക്രമവാസനയുള്ള കൊടുംകുറ്റവാളികളെ, അല്ളെങ്കില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെയാണ് നിരവധി ഇരുമ്പുവാതിലുകള്‍ കൊണ്ട് മറച്ച, കാറ്റും വെളിച്ചവും ദുര്‍ലഭമായ, മറ്റുള്ളവരുമായി ഇടപഴകല്‍ അസാധ്യമായ ഇടുങ്ങിയ അണ്ടാ സെല്ലുകളില്‍ പാര്‍പ്പിക്കുക. എന്നാല്‍, നാഗ്പൂര്‍ ജയിലിലെ ഇത്തരമൊരു സെല്ലില്‍ ഇപ്പോഴുള്ള തടവുകാരന്‍ ഒരു വാഴ്സിറ്റി പ്രഫസറാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ളീഷ് അധ്യാപകനായ ഡോ. ജി.എന്‍. സായിബാബ. ഇദ്ദേഹത്തിനെതിരെ ഏതെങ്കിലും കോടതി ഒരുരൂപ പിഴപോലും വിധിച്ചിട്ടില്ല, അദ്ദേഹം ആരെയെങ്കിലും അക്രമിച്ചിട്ടുമില്ല. പിന്നെയെന്തിന് ഇങ്ങനെ ഒരു പീഡനം എന്നു ചോദിച്ചാല്‍ ഈ മര്യാദ ലംഘനവും അവകാശ ധ്വംസനവും അറസ്റ്റിനു മുമ്പേ തുടങ്ങിയിരിക്കുന്നു എന്നതാണുത്തരം. ഒരു വര്‍ഷത്തിനിടെ സായിബാബയുടെ ഡല്‍ഹിയിലെ ക്വാര്‍ട്ടേഴ്സ് പലകുറി പൊലീസ് തെരച്ചിലിന് വിധേയമാക്കി, കമ്പ്യൂട്ടറും രേഖകളും പഠനസാമഗ്രികള്‍പോലും പിടിച്ചെടുത്തിരുന്നു. മേയ് ഒമ്പതിന് ദൗലത് റാം കോളജില്‍ പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ യൂനിവേഴ്സിറ്റി വളപ്പില്‍ വെച്ചാണ് മഹാരാഷ്ട്രാ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന തട്ടിക്കൊണ്ടുപോക്കുകളെ ഓര്‍മിപ്പിക്കും വിധമായിരുന്നു യൂനിഫോം ധരിക്കാതെ എത്തിയ പൊലീസുകാരുടെ നിയമപാലനം. കാര്‍ തടഞ്ഞുനിര്‍ത്തി കണ്ണു കെട്ടി വാഹനത്തിലേക്ക് എടുത്തെറിയുകയായിരുന്നെന്ന് സംഭവത്തിന് സാക്ഷിയായ സായിബാബയുടെ ഡ്രൈവര്‍ പറയുന്നു. കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുക എന്ന അറസ്റ്റ് സമയത്ത് പാലിക്കേണ്ട ഏറ്റവും ലളിതമായ മനുഷ്യാവകാശംപോലും അനുവദിക്കാതെ അദ്ദേഹത്തെ വിമാനത്താവളത്തിലത്തെിച്ച് മഹാരാഷ്ട്രയിലേക്ക് കടത്താനാണ് പൊലീസ് തിടുക്കം കൂട്ടിയത്. ഗഡ്ചിറോളി പൊലീസ് എടുത്ത കേസിലാണ് അറസ്റ്റെങ്കിലും അവിടുത്തെ ജയിലില്‍ സൗകര്യം കുറവാണെന്നു കാണിച്ചാണ് നാഗ്പൂര്‍ ജയിലിലടക്കാന്‍ പൊലീസ് അനുമതി വാങ്ങിയത്. തുടര്‍ന്ന് അണ്ടാസെല്ലിലടക്കുകയായിരുന്നു. ജന്മനാ പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത രീതിയിലെ കക്കൂസ് സൗകര്യമാണ് ഈ ജയിലില്‍. ഹൃദ്രോഗമടക്കം പലവിധ അസ്വസ്ഥതകള്‍ക്ക് ജയില്‍ ഡോക്ടര്‍ മരുന്ന് നിര്‍ദേശിച്ചെങ്കിലും  മരുന്നുകള്‍ നല്‍കിയിട്ടില്ളെന്നാണ് ജയില്‍ സന്ദര്‍ശിച്ച സഹോദരന്‍ രമാദേവ് നല്‍കുന്ന വിവരം. 90 ശതമാനം ശാരീരിക വെല്ലുവിളികളും ആരോഗ്യ പ്രശ്നങ്ങളുമുള്ള ഒരാള്‍ക്ക് ജാമ്യം അനുവദിക്കാതിരുന്നത് തന്നെ അനീതിയാണെന്നാണ് നിയമജ്ഞനായ രജീന്ദര്‍ സച്ചാര്‍ ചൂണ്ടിക്കാട്ടുന്നത്.
മാവോവാദി പ്രസ്ഥാനത്തിന് സഹായങ്ങള്‍ ചെയ്യുന്നു എന്ന ആരോപണമാണ് അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ഡോ. ബിനായക് സെന്നിനെ കുടുക്കാന്‍ പറഞ്ഞ അതേ കാരണം.  സല്‍വാ ജുദൂം എന്ന പേരില്‍ ഛത്തിസ്ഗഢില്‍ നടപ്പാക്കിയ ആദിവാസി വംശഹത്യ പുറംലോകത്തെ അറിയിച്ചതിനാണ് ഡോ. സെന്നിനെതിരെ ഭരണകൂടം പകപോക്കിയതെങ്കില്‍ ഇത്തരം അറസ്റ്റുകള്‍ക്കും അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരായ ചെറുത്തുനില്‍പുകളാണ് ഡോ. സായിബാബക്കെതിരെ നീങ്ങാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്ന കൊടുംകുറ്റമാണ് ഇവര്‍ക്കെല്ലാമെതിരെ ആരോപിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തടയിടല്‍ നിയമം (യു.എ.പി.എ) മറയാക്കി മുസ്ലിം-ആദിവാസി-ദലിത് ചെറുപ്പക്കാരെ തടവറകളില്‍ തള്ളി പീഡിപ്പിക്കുന്നതിനെതിരെ കാമ്പയിന്‍ നടത്തി വന്ന ഡോ. സായിബാബയെ അറസ്റ്റു ചെയ്തതും അതേ നിയമം ഉപയോഗിച്ചാണ് എന്നതില്‍നിന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്തെന്ന് വ്യക്തം.
കരിനിയമങ്ങളെ എതിര്‍ക്കാനും ജനദ്രോഹത്തിനെതിരെ ശബ്ദമുയര്‍ത്താനും തുനിയുന്നവരെ കാത്തിരിക്കുന്നത് തടവറയാണ് എന്ന സന്ദേശം രാഷ്ട്രത്തിനു കൈമാറുക: കേരളത്തില്‍ മാവോവാദികള്‍ക്കെതിരായ ലുക്കൗട്ട് നോട്ടീസിനൊപ്പം ജനകീയ സമര നേതാക്കളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും ചിത്രം പതിച്ച പോസ്റ്ററുകള്‍ ഇറക്കിയതും ഇതേ ലക്ഷ്യം വെച്ചുതന്നെ.  
ആന്ധ്രയിലെ അമലാപുരത്ത് ജനിച്ച് ജന്മിത്വത്തിന്‍െറ ക്രൂരതകളും കൊള്ളപ്പലിശക്കാരുടെ കര്‍ഷക ചൂഷണവും കണ്ടുവളര്‍ന്ന സായിബാബക്ക് നക്സല്‍ പ്രസ്ഥാനവുമായി മനസ്സടുപ്പം തോന്നിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമാവാം. മാവോവാദി പാര്‍ട്ടിയുടെ പോഷക സംഘടനയല്ല, മറിച്ച് മാവോവാദവുമായി ആശയ ഐക്യം പുലര്‍ത്തുന്ന സംഘടന എന്നു പ്രഖ്യാപിച്ച് പരസ്യമായി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.എഫിന്‍െറ ഭാരവാഹിയാണദ്ദേഹം.
മാവോവാദി ബന്ധമാരോപിച്ച് നേരത്തേ പിടികൂടിയ ജെ.എന്‍.യു വിദ്യാര്‍ഥി ഹേം മിശ്ര, പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് റാഹി എന്നിവര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് വിശദീകരണം. നിരോധിത സംഘടനയുടെ അനുയായിയാവുന്നത് അറസ്റ്റ് ചെയ്യാന്‍തക്ക കുറ്റമല്ല എന്ന് പരമോന്നത നീതിപീഠം ഒന്നിലേറെ തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പൊലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ ഒരാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്ഥാപിക്കേണ്ടത് മുന്‍വിധിയില്ലാത്ത അന്വേഷണത്തിലൂടെയും നീതിപൂര്‍ണമായ വിചാരണയിലൂടെയുമാണ്.  
പട്ടാള നിയമങ്ങളുടെ മറവില്‍ കശ്മീരിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും മാവോവാദികളെ തുരത്താന്‍ എന്ന പേരില്‍ ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് നടത്തി ആദിവാസികളെ കൊന്നൊടുക്കുന്നതിനെതിരെയും പാവപ്പെട്ടവന്‍െറ ജീവിതം നരകസമാനമാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെയും അഭിപ്രായ പ്രകടനം നടത്തിയതാണ് അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കിയതെന്ന് നൂറുതരം.
വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും വധശിക്ഷാ വിധികള്‍ക്കും പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും മറ്റ് പടുകൂറ്റന്‍ കോര്‍പറേറ്റ് പദ്ധതികള്‍ക്കും വേണ്ടി രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നടന്ന  കുടിയിറക്കുകള്‍ക്കുമെതിരെ പ്രതിഷേധിക്കാനും ലോകത്തെ ബോധവത്കരിക്കാനും ഇദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.  
ഭരണകൂടഭീകരതയുടെ കൂര്‍ത്ത നഖങ്ങള്‍കൊണ്ട് ചോരവാര്‍ന്ന് ചക്രശ്വാസം വലിച്ച ഇന്ത്യന്‍ ജനാധിപത്യത്തിന് പലപ്പോഴും ജീവന്‍ പകര്‍ന്നത് ചക്രക്കസേരയില്‍ സഞ്ചരിക്കുന്ന ഈ മനുഷ്യനാണെന്ന് മറക്കാതിരിക്കുക. ജി.എന്‍. സായിബാബക്ക് കൈയാമം വെക്കുമ്പോള്‍ അറസ്റ്റിലാവുന്നത് ഒരു ഇടതുപക്ഷപ്രവര്‍ത്തകനല്ല, മറിച്ച് രാജ്യത്തിന്‍െറ ഇടനെഞ്ചുതന്നെയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP