സ്വാഗതം
WELCOME

News Update..

Thursday, May 29, 2014

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക് Madhyamam News Feeds

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക് Madhyamam News Feeds

Link to

ഈജിപ്ത്: അല്‍സീസി വന്‍വിജയത്തിലേക്ക്

Posted: 29 May 2014 12:16 AM PDT

Image: 
കെയ്റോ: ഈജിപ്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസി വന്‍ വിജയത്തിലേക്കെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇതുവരെ 96 ശതമാനം വോട്ട് സീസിക്ക് ലഭിച്ചിട്ടുണ്ട്.   
 
മുസ്ലിം ബ്രദര്‍ഹുഡുള്‍പ്പെടെ പല സംഘടനകളും ബഹിഷ്കരിക്കുന്ന തെരഞ്ഞെടുപ്പില്‍ സീസിയുടെ വിജയം മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതാണ്. തെരഞ്ഞെടുപ്പില്‍ ഹംദീന്‍ സബാഹി മാത്രമാണ് സീസിയുടെ ഏക എതിരാളി. 
 
2013 ജൂലൈ രണ്ടിനാണ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി ജനറല്‍ സീസി അധികാരം പിടിച്ചെടുത്തത്. ഇതിനത്തെുടര്‍ന്ന് രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് സീസി നേരിട്ടത്. കലാപങ്ങളില്‍ 1,400 പേര്‍ കൊല്ലപ്പെടുകയും 16,000 പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. 1200ലേറെ പേരെ രണ്ടു ഘട്ടങ്ങളിലായി കോടതി വധശിക്ഷക്ക് വിധിച്ചു. 

ലോക്സഭ സമ്മേളനം ജൂണ്‍ നാലു മുതല്‍

Posted: 28 May 2014 11:54 PM PDT

Image: 

ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ നാലു മുതല്‍  12 വരെ നടക്കും. നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എം.പിമാരുടെ സത്യപ്രതിജ്ഞയും  നയപ്രഖ്യാപനവുമാണ് സമ്മേളനത്തിന്‍്റെ പ്രധാന അജണ്ട.
ജൂണ്‍ നാലിനും അഞ്ചിനും എം.പിമാരുടെ സത്യപ്രതിജ്ഞയും  ജൂണ്‍ ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.
ഒമ്പതിന് പാര്‍ലമെന്‍്റിന്‍്റെ സംയുക്ത സമ്മേളനത്തില്‍  രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കും. നന്ദി പ്രമേയ ചര്‍ച്ചയോടെ ജൂണ്‍ 12ന് ലോകസ്ഭയുടെ ആദ്യ സമ്മേളനം അവസാനിക്കും. ജൂലൈയില്‍ ബജറ്റ് സമ്മേളനത്തിനായി വീണ്ടും സഭ ചേരും.

വിവാദങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രിമാര്‍ക്ക് മോദിയുടെ നിര്‍ദേശങ്ങള്‍

Posted: 28 May 2014 11:23 PM PDT

Image: 
ന്യൂഡല്‍ഹി: സര്‍ക്കാറിനെ വിവാദങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തന്‍െറ കീഴിലെ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിക്കരുതെന്നാണ് മോദി മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശം. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ സൂക്ഷിക്കണം. മന്ത്രിമാര്‍ അവരവരുടെ വകുപ്പുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും മോദി നിര്‍ദേശിച്ചു. 
 
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ച്യെതേക്കും. സര്‍ക്കാര്‍ ആദ്യപരിഗണന നല്‍കേണ്ട പത്ത് കാര്യങ്ങളും ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കാലഹരണപ്പെട്ട അനുമതിപത്രത്തിന്‍െറ മറവില്‍ പുഴക്കല്‍ പാടം നികത്തുന്നു

Posted: 28 May 2014 10:23 PM PDT

തൃശൂര്‍: കലക്ടറുടെ നിരോധ ഉത്തരവിന് പുല്ലുവില കല്‍പിച്ച്, കാലഹരണപ്പെട്ട അനുമതിപത്രത്തിന്‍െറ മറവില്‍ പുഴക്കല്‍ പാടം നികത്തുന്നു. ടൗണ്‍ഷിപ്പായി വികസിക്കുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള ഭാഗമാണ് കലക്ടറുടെ നിരോധ ഉത്തരവ് ലംഘിച്ച് നികത്തുന്നത്. ടൗണ്‍ഷിപ്പിന്‍െറ അതിരിനോട് ചേര്‍ന്നൊഴുകുന്ന പുഴയുടെ ഒരു ഭാഗവും പഴഞ്ചിറ പാടശേഖരവും ഉള്‍പ്പെടുന്ന പത്ത് ഏക്കറോളം ഭൂമിയാണ് ഇതിനകം മണ്ണിട്ടിരിക്കുന്നത്. 2007ല്‍ നല്‍കിയിരുന്ന അനുമതിയുടെ പേരിലാണ് ഇപ്പോഴും പാടം നികത്തുന്നത്.
കെ.എല്‍.ഡി.സിയുടെ ബോര്‍ഡ് വെച്ച് സ്വകാര്യ നിര്‍മാണ കമ്പനി രാത്രിയും പകലുമില്ലാതെ മണ്ണടിക്കുകയാണെന്ന് കലക്ടര്‍ക്കും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം അഡ്വ. വിദ്യാ സംഗീതിനും കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 24ന് കലക്ടര്‍ നേരില്‍ സന്ദര്‍ശിച്ച് ഇവിടെ മണ്ണടിച്ചിരുന്ന ലോറികള്‍ പിടികൂടിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പേ ഇവിടെ മണ്ണടിക്കുന്നതിന് നിരോധ ഉത്തരവ് നല്‍കിയിരുന്നത് ലംഘിച്ചാണ് കെ.എല്‍.ഡി.സിയുടെ ബോര്‍ഡ് വെച്ച് സ്വകാര്യ കമ്പനികള്‍ മണ്ണടിച്ചിരുന്നത്. ഇവിടെ നികത്താനായി ഉപയോഗിക്കുന്നത് പൊളിച്ചു നീക്കുന്ന കെട്ടിടാവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളുമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. മണ്ണെടുപ്പിന് രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്‍െറയും പിന്തുണയുണ്ടെന്നും അതിന്‍െറ മറവില്‍ വ്യാപക കൊള്ളയുണ്ടെന്നും ആക്ഷേപം ശക്തമാണ്.
2007ല്‍ നല്‍കിയിരുന്ന ആറുമാസം മാത്രം കാലാവധിയുള്ള അനുമതിപത്രത്തിന്‍െറ മറവില്‍ തൃശൂരിന്‍െറയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സിനെയാണ് മണ്ണിട്ട് നികത്തുന്നത്. നികത്തിക്കൊണ്ടിരിക്കുന്ന പ്രദേശത്തിന്‍െറ തെക്കും പടിഞ്ഞാറും വശങ്ങളില്‍ പീച്ചി, ചിമ്മിനി ഡാമുകളില്‍ നിന്നുമുള്ള വെള്ളമൊഴുകുന്ന കനാലാണ്. പാടം മണ്ണിട്ട് നികത്തുന്നതിനൊപ്പം കനാലിനെയും നികത്തി ചെറിയ നീര്‍ചാല്‍ രൂപത്തിലാക്കിയതായാണ് കര്‍ഷകരുടെ പരാതിയിലുള്ളത്.
പാടശേഖരം സ്വകാര്യ കമ്പനി മണ്ണിട്ട് നികത്തുന്ന പ്രദേശം നേരില്‍ കണ്ടെന്നും കലക്ടര്‍ക്ക് താന്‍ പരാതി നല്‍കിയതായും പ്രദേശമുള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തംഗം അഡ്വ. വിദ്യാസംഗീത് അറിയിച്ചു.

തൊഴില്‍ ചൂഷണം: സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി

Posted: 28 May 2014 10:18 PM PDT

കാസര്‍കോട്: സംസ്ഥാനത്തെ വന്‍കിട ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ വ്യാപകമായ തൊഴില്‍ ചൂഷണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ സ്ക്വാഡ് പരിശോധന ഊര്‍ജിതമാക്കിയതായി ലേബര്‍ കമീഷണര്‍ പി.ജി. തോമസ് അറിയിച്ചു.
ഓരോ ജില്ലയിലും എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, അസി. ലേബര്‍ ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ സ്ക്വാഡ് ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഇതുവരെ 650 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടികള്‍ ആരംഭിച്ചത്. വനിതാ തൊഴിലാളി പ്രാതിനിധ്യം കൂടുതലായുളള ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമ സമയം, കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൗകര്യം, ആഴ്ച അവധി, തൊഴില്‍ സ്ഥലത്തെ സുരക്ഷ എന്നിവ തൊഴില്‍ ഉടമകള്‍ കര്‍ശനമായി ഉറപ്പ് വരുത്തണം.
ഈ വിഷയത്തില്‍ തുടര്‍പരിശോധനകള്‍ നടത്തി തൊഴില്‍ സുരക്ഷയും ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കും. വിശ്രമത്തിനുള്ള ഇടവേള അടക്കം സ്ഥാപനത്തില്‍ പ്രവേശിച്ച് ജോലി അവസാനിപ്പിച്ച് ഇറങ്ങുന്നതുവരെയുള്ള സമയം പരമാവധി പത്തരമണിക്കൂറില്‍ അധികരിക്കാന്‍ പാടില്ല. ഇതില്‍ എട്ട് മണിക്കൂര്‍ സമയം മാത്രമേ ജോലി ചെയ്യിപ്പിക്കാന്‍ പാടുള്ളൂ. സ്ത്രീകളെ രാവിലെ ആറിന് മുമ്പോ രാത്രി ഏഴിനുശേഷമോ ജോലി ചെയ്യിക്കുന്നത് ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ട് അനുസരിച്ച് കുറ്റകരമാണെന്നും ലേബര്‍ കമീഷണര്‍ അറിയിച്ചു

രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യം –കലക്ടര്‍

Posted: 28 May 2014 10:16 PM PDT

കണ്ണൂര്‍: ജില്ലയില്‍ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ രക്ഷാ പ്രവര്‍ത്തനം സമയബന്ധിതമായി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ദുരന്തങ്ങളിലും ആദ്യ മണിക്കൂറിലെ രക്ഷാ പ്രവര്‍ത്തനം പ്രധാനമാണ്. ഔദ്യാഗിക സംവിധാനങ്ങള്‍ എത്തുന്നതിന് പലപ്പോഴും കാലതാമസമുണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളില്‍ നിന്നുതന്നെ രൂപം കൊടുത്തിട്ടുള്ള രക്ഷാ പ്രവര്‍ത്തകരുടെ സഹായം ലഭ്യമാക്കേണ്ടത് അനുവാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. വിവിധ താലൂക്കുകളില്‍ മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. പുഴയിലും കടലിലും രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ടീമുകളെ സജ്ജമാക്കും - അദ്ദേഹം പറഞ്ഞു. എ.ഡി.എം എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
തമിഴ്നാട്ടിലെ ആര്‍ക്കോണം ആസ്ഥാനമായുളള ദേശീയ ദുരന്തനിവാരണ സേനയുടെ എട്ടംഗ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ താലൂക്കുകളില്‍ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചിരുന്നു. സേനയുടെ പര്യടനത്തിന്‍െറ സമാപന പരിപാടിയായിരുന്നു കണ്ണൂരിലേത്. ടീം ക്യാപ്റ്റന്‍ എന്‍.ഡി.ആര്‍.എഫ് സബ് ഇന്‍സ്പെക്ടര്‍ റോജേഷ് തോമസ്, ടീമംഗം എം.ആര്‍. സുധാകരന്‍ എന്നിവര്‍ ക്ളാസെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ.ടി അനില്‍കുമാര്‍, ഡെ. കലക്ടര്‍ (എല്‍.ആര്‍) പി.വി. മോന്‍സി, ഫിനാന്‍സ് ഓഫീസര്‍ ഒ.എം അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇശ്റത്ത് ജഹാന്‍ കേസ്: കുറ്റാരോപിതനായ ഐ.പി.എസ് ഓഫീസറെ തിരിച്ചെടുത്തു

Posted: 28 May 2014 10:07 PM PDT

Image: 
അഹ്മദാബാദ്:  ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായി  സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐ.പി.എസ് ഓഫീസര്‍ ജി.എല്‍ സിംഗാളിനെ ഗുജറാത്ത് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ഗുജറാത്തില്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒരാഴ്ച്ച കഴിയും മുമ്പാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പിന്‍െറ നടപടി. 
 
ഗാന്ധിനഗറില്‍ എസ്.ആര്‍.പി കമാണ്ടന്‍റ് ആയാണ് സിംഗാളിനെ നിയമിച്ചിരിക്കുന്നത്. തനിക്ക് സര്‍ക്കാറിന്‍െറ അറിയിപ്പ് ലഭിച്ചുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചുമതലയേല്‍ക്കുമെന്നും സിംഗാള്‍ അറിയിച്ചു. 
 
2013 ഫെബ്രുവരി 21നാണ് സിംഗാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇശ്റത്ത് ജഹാന്‍ കേസ് അന്വേഷിക്കുന്ന സമയത്ത് സി.ബി.ഐ സിംഗാളിന്‍െറ വസതിയില്‍ നടത്തിയ റെയ്ഡില്‍ രഹസ്യ ശബ്ദരേഖയുള്ള പെന്‍ഡ്രൈവ് കണ്ടത്തെിയിരുന്നു. ഇശ്റത്ത് ജഹാന്‍ കേസിനുപുറമെ ബാംഗ്ളൂര്‍ സ്വദേശിനിയായ ആര്‍ക്കിടെക്റ്റിനെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതിനും പെന്‍ഡ്രൈവില്‍ തെളിവുണ്ടായിരുന്നു. 
 
ജാമ്യത്തിലിറങ്ങി തിടുക്കത്തില്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരിച്ചുവിളിക്കപ്പെടുന്ന രണ്ടാമത്തെ ഐ.പി.എസ് ഓഫീസറാണ് സിംഗാള്‍. 2005ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച എം.എന്‍ ദിനേശിനെ സര്‍വീസില്‍ തിരിച്ചെടുത്തത് ഈ മാസമാണ്. 
 

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും -കലക്ടര്‍

Posted: 28 May 2014 10:05 PM PDT

ആലപ്പുഴ: കാലവര്‍ഷത്തെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ജില്ലാതലത്തില്‍ ഏകോപിപ്പിക്കുമെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി നടപ്പാക്കേണ്ട മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും തുടങ്ങിയ നടപടികള്‍ വിലയിരുത്താനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വന്നാല്‍ അതിനായി സുരക്ഷിതവും സൗകര്യങ്ങളുള്ളതുമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ക്യാമ്പുകളിലേക്കും മറ്റും ആവശ്യമായി വരുന്ന സാധനങ്ങള്‍ സജ്ജമാക്കുന്നതിന് നടപടി സ്വീകരിക്കാനും ചുമതലപ്പെടുത്തി. ഇതിനായി ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണെന്ന് ജില്ലാ സപൈ്ള ഓഫിസര്‍ ഉറപ്പാക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ അലോപ്പതി-ഹോമിയോ-ഭാരതീയചികിത്സ വിഭാഗങ്ങള്‍ മുന്‍കരുതലെടുക്കും.
ആശുപത്രികളിലെ ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ആവശ്യമായ മരുന്നുകള്‍ ശേഖരിക്കാന്‍ കലക്ടര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശുദ്ധജലവിതരണം കുറ്റമറ്റതാക്കും. വാട്ടര്‍ അതോറിറ്റിക്കാണ് ചുമതല. ജില്ലയിലെ സുരക്ഷാസംവിധാനങ്ങള്‍ സുസജ്ജമാക്കാന്‍ പൊലീസ്-ഫയര്‍ ഫോഴ്സ് അധികൃതരെ ചുമതലപ്പെടുത്തി. ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളുടെ സഞ്ചാരം സുരക്ഷിതമാക്കണമെന്ന് എസ്.ഡബ്ളിയു.ടി.ഡി. അധികൃതര്‍ക്കും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഡി.ടി.പി.സി.ക്കും പോര്‍ട്ട് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റിസ്ഥാപിക്കും. വൈദ്യുതി കമ്പികളില്‍ മുട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുനീക്കും. കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം. ഡാമുകളും മറ്റും തുറന്നുവിടുന്നതായി അറിയിപ്പു ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ജില്ലാ കേന്ദ്രത്തില്‍ വിവരം നല്‍കണം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പു നല്‍കും. ഫിഷറീസ് വകുപ്പിനാണ് ചുമതല.
അടിയന്തര സന്ദര്‍ഭങ്ങളില്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലവിഭവ വകുപ്പിന്‍െറയും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറയും നേതൃത്വത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടും.
കടലിലേക്കു വെള്ളം ഒഴുക്കിവിടുന്നതിന് പൊഴികള്‍ മുറിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പാടശേഖരങ്ങളിലെ പുറംബണ്ടുകള്‍ ബലപ്പെടുത്തിയെന്നും കൃഷി യഥാസമയം ആരംഭിക്കുന്നുണ്ടെന്നും ഉറപ്പാക്കും. കൃഷി വകുപ്പ് അധികൃതര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കണം. വാര്‍ഡു തലത്തില്‍ ചെയ്യേണ്ട മഴക്കാല മുന്നൊരുക്ക നടപടി കൃത്യസമയത്തു പൂര്‍ത്തിയാക്കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ഉറപ്പാക്കി വിവരം നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മങ്കടയിലെ മാലിന്യ നിര്‍മാര്‍ജനം കടലാസില്‍

Posted: 28 May 2014 10:03 PM PDT

മങ്കട: മാലിന്യം നിറഞ്ഞ മങ്കട ടൗണും പരിസരവും ശുചീകരിക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. പ്ളാസ്റ്റിക് മാലിന്യവും മറ്റ് അവശിഷ്ടങ്ങളുംകൊണ്ട് നിറഞ്ഞുകിടക്കുന്ന മങ്കട ടൗണിലെ മാലിന്യം മഴക്കാല പൂര്‍വ ശുചീകരണ പദ്ധതിയില്‍ പെടുത്തി നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും അറിയിച്ചിരുന്നു.
മങ്കട താഴെ അങ്ങാടിയില്‍ കോവിലകം റോഡ് തുടങ്ങുന്നിടത്തുള്ള ഓവുപാലത്തിനടിഭാഗവും, ആശുപത്രി റോഡ് തുടങ്ങുന്ന ഭാഗത്തുള്ള ഓവുപാലത്തിനടിഭാഗവും മണ്ണും ചവറുകളും കൊണ്ട് നിറഞ്ഞു കിടക്കുകയാണ്. കൂടാതെ റോഡിനിരുവശവുമുള്ള ഓടകളില്‍ മാലിന്യം നിറഞ്ഞിട്ടുണ്ട്. മഴ പെയ്താല്‍ വെള്ളം ഒഴുകാന്‍ ഇടയില്ലാതെ ഓടകള്‍ നിറഞ്ഞ് മാലിന്യം പൊതുനിരത്തിലൂടെ ഒഴുകാന്‍ ഇത് കാരണമാകും.
ഓടകളില്‍ മാലിന്യം കുമിയുന്നതിനെക്കുറിച്ച് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തിന്‍െറ ഭാഗമായി അധികൃതര്‍ മാലിന്യം നീക്കംചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പെയ്ത ശക്തമായ വേനല്‍ മഴയില്‍ ഓടകള്‍ നിറഞ്ഞ് മലിന ജലം റോഡിലൂടെ പരന്നൊഴുകി. ആരോഗ്യവകുപ്പ് കെട്ടിട ഉടമകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി മാലിന്യം തള്ളല്‍ നിര്‍ത്തലാക്കിയെങ്കിലും ഓടകളില്‍ നിന്ന് ഇവ നീക്കം ചെയ്തിട്ടില്ല.

രാജ്യത്ത് ചൂടിന് കാഠിന്യം ഇത്തവണ നേരത്തെ; മുന്‍കരുതല്‍ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധര്‍

Posted: 28 May 2014 10:02 PM PDT

Image: 

ദുബൈ: മുന്‍ കാലങ്ങളെ അപേക്ഷിച്ച് യു.എ.ഇയില്‍ ചൂടിന്‍െറ കാഠിന്യം ഇത്തവണ നേരത്തെ എത്തി. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ക്രമേണ കടുത്തുവന്ന ചൂട് കഴിഞ്ഞ ദിവസം പാരമ്യത്തിലത്തെിയതോടെ നാടും നഗരവും വിയര്‍ത്തൊലിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് ഉച്ച സമയങ്ങളില്‍ 45 ഡിഗ്രിക്കും മുകളിലായിരുന്നു.
മേയില്‍ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് അപൂര്‍വമാണ്. സാധാരണ മേയ് സീസണില്‍ ഉണ്ടാകാറുള്ള ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍  രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അല്‍ഐന്‍, റാസല്‍ഖൈമ, ഫുജൈറ ഭാഗങ്ങളിലാണ് താപനില കൂടുതലായി അനുഭവപ്പെട്ടത്. ഇടക്കിടെ ഉണ്ടാകുന്ന പൊടിക്കാറ്റും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതേ നില തുടര്‍ന്നാല്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂട് അസഹനീയമാകുമെന്ന ആശങ്കയിലാണ് പുറം ജോലിയെടുക്കുന്ന തൊഴിലാളികളടക്കമുള്ളവര്‍. ചൂടിന്‍െറ കാഠിന്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് താരതമ്യേന ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന നിര്‍മാണത്തൊഴിലാളികളാണ്. അടുത്ത മാസം റമദാന്‍ ആരംഭിക്കുന്നതോടെ ഇത്തരക്കാരുടെ ജീവിതം ഏറെ പരീക്ഷണം നിറഞ്ഞതായിരിക്കും.
കടുത്ത ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ വെയിലുകൊള്ളുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും സാധ്യതയേറി. എല്ലാ വിഭാഗം ജനങ്ങളും പ്രത്യേകിച്ച്, തുടര്‍ച്ചയായി വെയിലുകൊള്ളുന്ന നിര്‍മാണത്തൊഴിലാളികളും മറ്റും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പുറത്തെ വെയിലിന്‍െറ ചൂടും അകത്തെ എ.സി.യുടെ കൃത്രിമ തണുപ്പും ഓഫിസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് വിട്ടുമാറാത്ത ജലദോഷവും പനിയും അനുഭവപ്പെടാന്‍ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
കഠിനമായ ചൂടില്‍നിന്ന് എ.സി.യുടെ തണുപ്പിലേക്ക് വരുമ്പോള്‍ വൈറല്‍ പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ശരീരത്തിന്‍െറ താപം പെട്ടെന്ന് കുറയുന്നതാണ് ഒരു പ്രധാനകാരണം.
ഈ അവസരങ്ങളില്‍ ശ്വസനേന്ദ്രിയങ്ങളില്‍ ബാക്ടീരിയ വളരാനും ‘റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍’ എന്ന പേരിലുള്ള ഫംഗസ് ബാധക്കും സാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ ഇതിന് ശമനം ഉണ്ടാവുകയുള്ളൂ.
തുടര്‍ച്ചയായി എ.സി.യില്‍ ജോലിചെയ്യുന്നവര്‍ക്കും അതിന്‍േറതായ ശാരീരിക പ്രയാസം അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ജലദോഷവും പനിയും മൂക്കടപ്പും അലര്‍ജിജന്യമായ കാരണങ്ങളാല്‍ പിടിപെടുന്നു. ‘മൈക്കോപ്ളാസ്മ ഇന്‍ഫെക്ഷന്‍’ എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗം വരുമ്പോള്‍ ചികിത്സ തേടണം. എ.സി.യുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു പ്രധാന കാരണമാണ്. അതിനാല്‍ എ.സി.യുടെ ഫില്‍ട്ടര്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കണം.
ചൂടുകാലത്ത് ധാരാളം തണുത്ത വെള്ളംകുടിക്കാന്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളോട് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചുപറയുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ക്ഷീണം അനുഭവപ്പെടാതിരിക്കാനും ഇടയ്ക്കിടക്ക് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. അതുപോലെ പഴവര്‍ഗങ്ങളാണ് ഈ സമയത്ത് ഏറ്റവും കൂടുതല്‍ ശരീരത്തിന് നല്ലതെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു. അതില്‍ അടങ്ങിയ ജലാംശവും മറ്റു പോഷകാംശവും ക്ഷീണത്തില്‍നിന്നും മുക്തിനേടാന്‍ സഹായിക്കും.
ചിക്കന്‍, മട്ടന്‍, ബീഫ് പോലുള്ള മാംസാഹാരം കുറച്ചുകൊണ്ട് സസ്യാഹാരം കഴിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് വ്യാപകമായ ചര്‍മരോഗങ്ങളും പിടിപെടുന്നതായി കാണപ്പെടുന്നു. അതിനാല്‍ തൊഴിലാളികള്‍ ഡോക്ടര്‍മാരുടെ വിദഗ്ധോപദേശം തേടുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ കഠിനമായ ചൂട് കാരണം പൈപ്പില്‍ സദാ ചൂടുവെള്ളമായിരിക്കും വരുന്നതെന്നതു കൊണ്ട് നേരത്തെ വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാന്‍.
അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യത ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നവരും കുറവല്ല. ഇത് ശരീരത്തിന് ഗുണകരമല്ളെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP