സ്വാഗതം
WELCOME

News Update..

Sunday, May 4, 2014

മാറാട് കലാപം: അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത് -ഉമ്മന്‍ചാണ്ടി Madhyamam News Feeds

മാറാട് കലാപം: അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത് -ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

മാറാട് കലാപം: അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത് -ഉമ്മന്‍ചാണ്ടി

Posted: 04 May 2014 12:17 AM PDT

Image: 

തിരുവനന്തപുരം: മാറാട് കലാപക്കേസ് അന്വേഷണം സംബന്ധിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍െറ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരെയും സംരക്ഷിക്കാന്‍ തന്‍െറ ഓഫീസ് ഇടപെട്ടിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പുറത്തുവിടണം. അന്വേഷണത്തില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടിരുന്നുവെങ്കില്‍ അത് രേഖപ്പെടുത്തണമായിരുന്നെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മാറാട് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിട്ട. ക്രൈംബ്രാഞ്ച് എസ്.പി സി.എം. പ്രദീപ്കുമാറാണ് വെളിപ്പെടുത്തിയത്.

രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ളെന്ന് വാഡ

Posted: 03 May 2014 11:57 PM PDT

Image: 

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തൊനായിട്ടില്ളെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ളെന്ന്  ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും സ്ഥിരീകരിച്ചു.
2010 2012 കാലയളവില്‍ രഞ്ജിത്ത് ഉത്തേജകം ഉപയോഗിച്ചിട്ടില്ളെന്ന് സായിയും അറിയിച്ചിട്ടുള്ളതായി കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രഞ്ജിത്തിന് പുരസ്കാരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നവകേരളം എന്ന സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സത്യവാങ് മൂലം സമര്‍പ്പിച്ചത്. നാളെയാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്.
അതേസമയം, രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും അര്‍ജുന പുരസ്കാരത്തിന്  നിര്‍ദേശിച്ചിട്ടുണ്ട്. അത്ലറ്റിക് ഫെഡറേഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് രഞ്ജിത്തിന്‍്റെ  പേരു നിര്‍ദേശിച്ചത്. അര്‍ജുന അവാര്‍ഡ് നല്‍കുക വഴി കായിക മന്ത്രാലയത്തിന്‍െറ യോഗ്യതാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ളെന്ന് ഉറപ്പാക്കിയ ശേഷമാണ് രഞ്ജിത് മഹേശ്വരിയുടെ പേരു നിര്‍ദേശിച്ചതെന്ന് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ ലൈസന്‍സ്: ജനനന്മ മുന്‍നിര്‍ത്തി തീരുമാനമെടുക്കും -വി.എം സുധീരന്‍

Posted: 03 May 2014 11:54 PM PDT

Image: 

കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജനതാല്‍പര്യം സംരക്ഷിക്കേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്തുന്ന നടപടിയാകും വിഷയത്തില്‍ സ്വീകരിക്കുക. ബാറുകള്‍ പൂട്ടിയത് നല്ല ഫലം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് നടക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വഭാവികമാണ്. അഭിപ്രായം വ്യക്തമാക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഖ്യവിഷയത്തെ വഴിതിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ല. കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍െറ പ്രസ്താവനയോട് പ്രതികരിക്കാനില്ളെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കുന്ന പ്രശ്നത്തില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടേണ്ട കാര്യമില്ല. മദ്യനയം സംബന്ധിച്ച് യു.ഡി.എഫിന് വ്യക്തമായ നയങ്ങളുണ്ട്. വിഷയത്തില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
 

ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ഇന്ന് രണ്ടുവര്‍ഷം

Posted: 03 May 2014 11:29 PM PDT

Image: 

കോഴിക്കോട്: ഇടത് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധം നടന്നിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു. 2012 മെയ് നാലിന് രാത്രിയാണ് ക്വട്ടേഷന്‍ സംഘം വടകരക്കടുത്ത വള്ളിക്കാട് അങ്ങാടിയില്‍വെച്ച് ടി.പിയെ വെട്ടികൊലപ്പെടുത്തിയത്. ടി.പി വധത്തിനു പിന്നില്‍ രാഷ്ട്രീയ വിരോധമുണ്ടെന്ന് വ്യക്തമാക്കിയ പ്രത്യേക കോടതി, മൂന്ന് സി.പി.എം നേതാക്കളടക്കം 12 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചു.

കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രന്‍, പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍, കടുങ്ങാംപൊയിലില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജന്‍ എന്നിവരാണ് തടവുശിക്ഷ ലഭിച്ച സി.പി.എം നേതാക്കള്‍. കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കെ.സി. രാമചന്ദ്രനെ പിന്നീട് സി.പി.എം പുറത്താക്കി.

ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന ടി.പി ചന്ദ്രശേഖരന്‍ ഏറാമല പഞ്ചായത്ത് ഭരണം സംബന്ധിച്ച് സി.പി.എം സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിയുമായി തെറ്റിപിരിയാന്‍ ഇടയാക്കിയത്. ജനതാദളിന് പ്രസിഡന്‍റ് സ്ഥാനം നല്‍കാനുള്ള സി.പി.എം തീരുമാനം 2008ല്‍ റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ എത്തിച്ചു.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് ആര്‍.എം.പിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവെച്ചു. പിന്നീട് 2010ല്‍ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി. ഇതോടെ ടി.പി ചന്ദ്രശേഖരനും ആര്‍.എം.പിയും സി.പി.എമ്മിന്‍െറ കണ്ണില്‍ കരടായി മാറി. ടി.പിക്ക് വധഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പൊലീസ് സംരക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

ടി.പി വധത്തില്‍ പങ്കില്ളെന്നാണ് സി.പി.എം തുടക്കം മുതല്‍ സ്വീകരിച്ച നിലപാടെങ്കിലും കേസ് അന്വേഷണത്തിലും കോടതി വിധിയിലും നേതാക്കളുടെ പങ്ക് വെളിച്ചത്ത് വന്നു. ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചനാ കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയെങ്കിലും ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ളെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ടി.പി ചന്ദ്രശേഖരന്‍െറ വിധവ കെ.കെ രമ വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ ദുര്‍ബലരായത് കേരളത്തില്‍ വികസനത്തിന് തടസം -ഇ. ശ്രീധരന്‍

Posted: 03 May 2014 11:01 PM PDT

Image: 

ദോഹ: ഉദ്യോഗസ്ഥ സമൂഹവും ഇംപ്ളിമെന്‍റിങ് ഏജന്‍സികളും ദുര്‍ബലരായതാണ് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി ഡോ. ഇ ശ്രീധരന്‍. പൊതുമരാമത്ത് വകുപ്പും ദേശീയ പാത വിഭാഗവും ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനിയേഴ്സ് ഫോറം ദോഹയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അനുമതി ലഭിച്ച പല പദ്ധതികളുടെയും നിര്‍മ്മാണം അനന്തമായി നീണ്ടുപോകുകയാണ്.
അഴിമതിയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം. എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകളിലും അഴിമതിയുണ്ട്. ബ്യൂറോക്രസി ഒട്ടും സജീവമല്ല. സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കാനുള്ള ഇഛാശക്തി കേരളത്തിലെ ബ്യൂറോക്രസിക്കില്ല. സമവായത്തിന്‍െറ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് നിരവധി പദ്ധതികളുണ്ടെങ്കിലും അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല. അഞ്ച് കിലോമീറ്റര്‍ ബൈപാസ് റോഡ് നിര്‍മ്മിക്കാന്‍ 25 കൊല്ലം എടുക്കുകയാണ്. പലപ്പോഴും ഇത് പാഴ്ചെലവിലേക്കും അഴിമതിയിലേക്കും വിവാദങ്ങളിലേക്കുമാണ് നയിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ക്ക് വികസനം വരണമെന്നുണ്ട്. കൊച്ചി മെട്രോ പോലുള്ള വലിയ പദ്ധതികളില്‍ ഇരുമുന്നണികളും ഒരു പോലെ താല്‍പര്യമെടുക്കുന്നുണ്ട്.
കേരളത്തില്‍ കൊച്ചി മെട്രോ അടക്കം നാല് പദ്ധതികളാണ് തനിക്കുള്ളത്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ മോണോ റെയില്‍, കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍ പാത എന്നിവയാണിവ. 2013 ജൂണിലാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണം തുടങ്ങിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ മൂന്നര വര്‍ഷം വേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ നാലുവര്‍ഷത്തെ സമയമാണ് നിര്‍മ്മാണത്തിന് അനുവദിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, കെ.എം.ആര്‍.എല്ലിന്‍െറ വിദേശ ഫണ്ടിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയവയാണ് കൊച്ചി മെട്രോ പദ്ധതി താമസിക്കാനിടയാക്കിയത്. പാതക്കായുള്ള സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ 2016ല്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോയുടെ പണി വൈകുന്നതിന് കെ.എം.ആര്‍.എല്ലിനെ കുറ്റപ്പെടുത്താനോ വിവാദങ്ങളുണ്ടാക്കാനോ താല്‍പര്യമില്ളെന്നും അദ്ദേഹം പറഞ്ഞു.  മോണോ റെയില്‍ പദ്ധതി തിരുവന്തപുരത്തേതും കോഴിക്കോട്ടേതും ഒന്നിച്ച് നടപ്പക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം ഒമ്പതിന് ഇതിന്‍െറ ടെണ്ടര്‍ വിളിക്കും. ആദ്യഘട്ടം മൂന്ന് വര്‍ഷം കൊണ്ടും രണ്ടാം ഘട്ടം രണ്ട് വര്‍ഷമെടുത്തും പൂര്‍ത്തിയാക്കാനാണ് കരുതുന്നത്.
അതിവേഗ പദ്ധതിക്ക് വേണ്ടിയുള്ള പ്രാഥമിക സര്‍വേ 60 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ജനങ്ങളുടെ വന്‍തോതിലുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പദ്ധതിക്ക് 80,000 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്. പാത വന്നാല്‍ കേരളത്തിലെ ഗതാഗത രംഗത്ത് വലിയ ആശ്വാസമാകും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 40 മിനുട്ട് കൊണ്ടും കോഴിക്കോട്ടേക്ക് രണ്ട് മണിക്കൂര്‍ കൊണ്ടും കാസര്‍കോട്ടേക്ക് 2.5 മണിക്കൂര്‍ കൊണ്ടും എത്താന്‍ കഴിയും. കേരളത്തിലെ റോഡുകളിലെ തിരക്ക് ഒരു പരിധി വരെ കുറക്കാന്‍ ഇതുകൊണ്ട് കഴിയും. നിര്‍മ്മാണ സമയത്ത് 20 മീറ്റര്‍ സ്ഥലം മാത്രമാണ് പാതക്ക് ആവശ്യം. ഈ സ്ഥലത്തിന്‍െറ നല്ളൊരു ഭാഗം പിന്നീട് ഉടമക്ക് തിരിച്ചുനല്‍കാനാവും. സര്‍വേ നടത്തുമ്പോള്‍ 45 മീറ്ററില്‍ അടയാളപ്പെടുത്തിയത് കണ്‍ട്രോള്‍ പോയന്‍റാണ്.
സംസ്ഥാനത്ത് റോഡ് വികസനമെന്നത് ഒരു പരിധിക്കപ്പുറം പ്രായോഗികമല്ല. ജനസാന്ദ്രതയും ഭൂമിയുടെ വിലയും പ്രശ്നമാണ്. എന്നാല്‍ പുതിയ ലാന്‍ഡ് അക്വിസിഷന്‍ നിയമം വന്നതോടെ നല്ല വില നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്.
എന്തിനെയും ആദ്യം എതിര്‍ക്കുകയെന്നത് കേരളീയരുടെ സ്വഭാവമാണ്. എന്നാല്‍ സാവകാശം ഇത് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.  
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വ്യവസായ സ്ഥാപനമല്ല. ഇന്ത്യയില്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ ഡി.എം.ആര്‍.സി അല്ലാതൊരു സ്ഥാപനമില്ല. അതുകൊണ്ടാണ് കൊച്ചി മെട്രോയുടെ പ്രവൃത്തിക്ക് ടെണ്ടര്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ യു.എ.ഇ പാദം വന്‍ വിജയം

Posted: 03 May 2014 10:51 PM PDT

Image: 

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്‍െറ യു.എ.ഇ പാദം വന്‍ വിജയമായതിന്‍െറ കണക്കുകള്‍ ിന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ)പുറത്തുവിട്ടു. ടിക്കറ്റ് വില്‍പ്പനയിലും ടി.വി പ്രേക്ഷകരുടെ എണ്ണത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തിയതോടൊപ്പം ഐ.പി.എല്‍ മത്സരങ്ങള്‍ ഡിജിറ്റല്‍ പ്ളാററ്ഫോമിലും വന്‍ ഹിറ്റായി.
ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് ഐ.പി.എല്‍ ഏഴാം സീസണിലെ ആദ്യ 20 മത്സരങ്ങളാണ് ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍ നടത്തിയത്. എല്ലാ മത്സരങ്ങളും  നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാക്കിയായിരുന്നു. 82 ശതമാനം ടിക്കറ്റുകളും പണത്തിന് വിറ്റതാണ്. 2009 സീസണില്‍ ദക്ഷിണാഫ്രിക്കയില്‍ ഐ.പി.എല്‍ നടത്തിയപ്പോള്‍ 56 ശതമാനം ടിക്കറ്റ് മാത്രമാണ് വിറ്റത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായി. ആസാം (81ശതമാനം), രാജസ്ഥാന്‍ (35 ശതമാനം), ഹൈദരബാദ് (26 ശതമാനം), ദല്‍ഹി (19ശതമാനം), ബംഗ്ളൂരു (18ശതമാനം) എന്നിങ്ങനെയാണ് ടെലിവിഷന്‍ കാണികളിലുണ്ടായ വര്‍ധനയെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഐ.പി.എല്‍ ഒൗദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഒരു കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യ പത്തു ദിവസത്തെ കണക്ക് മാത്രമാണിത്. ഐ.പി.എല്ലിന്‍െറ ഫേസ്ബുക്ക് പേജിലും സന്ദര്‍ശകരുടെ എണ്ണം രണ്ടു മടങ്ങ് കൂടി. ‘ലൈക്കു’കളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ 38 ലക്ഷത്തില്‍ നിന്ന് 91 ലക്ഷമായി കുതിച്ചു. അത് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ട്വിറ്ററില്‍ ആദ്യ രണ്ടു ആഴ്ചകളില്‍ മാത്രം 3.60 ലക്ഷഷം ഫോളോവേഴ്സുണ്ടായി. സ്മാര്‍ട്ട് ഫോണുകളിലും കളി കാണുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടിയതായാണ് ബി.സി.സി.ഐ പറയുന്നത്. മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം കാണിക്കുന്നുണ്ട്.
യു.എ.ഇയിലെ ഈ മികച്ച വിജയം ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ഐ.പി.എല്‍ രണ്ടാം ഘട്ടത്തിന് പകരുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.
 

മാധ്യമ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമായി ബഹ്റൈന്‍ മാധ്യമ ദിന പ്രഖ്യാപനം

Posted: 03 May 2014 10:44 PM PDT

Image: 

രാജ്യത്തെ മാധ്യമ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ബഹ്റൈന്‍ മാധ്യമ ദിനം നിജപ്പെടുത്തി കഴിഞ്ഞ ദിവസം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രഖ്യാപനം നടത്തി.
ബഹ്റൈന്‍ ജേണലിസ്റ്റ് യൂനിയനുമായി സഹകരിച്ചായിരിക്കും മാധ്യമ ദിനാചരണം നടത്തുക. രാജ്യത്തെ മികച്ച പത്രപ്രവര്‍ത്തകരെ ആദരിക്കുകയും അവര്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്നതിന് ഈ ദിനത്തില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. മാധ്യമ സ്വാതന്ത്ര്യ ദിനത്തില്‍ രാജാവ് നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യം അംഗീകരിച്ചു കൊണ്ടുള്ള നിര്‍ദേശം വന്നത്.
പത്രപ്രവര്‍ത്തകര്‍ക്കുള്ള പാര്‍പ്പിട പദ്ധതി വേഗം പൂര്‍ത്തീകരിക്കാന്‍ ഹമദ് രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മീഡിയ പ്രവര്‍ത്തനത്തെ ആദരിക്കാനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉറപ്പുവരുത്തി മുന്നോട്ട് പോകാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ സംസ്കാരത്തെയും മൂല്യങ്ങളെയും പ്രസരിപ്പിക്കാനും തിന്മകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം.
മാധ്യമപ്രവര്‍ത്തനത്തെ ആദരിക്കാനും പൊതുതാല്‍പര്യം പരിഗണിച്ച് അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളെ വിശകലനം ചെയ്യാനും പരിഹാരം കാണാനും ശ്രമിക്കണം.  
പുതിയ ചിന്തകളും പ്രകാശനങ്ങളും സ്വാംശീകരിക്കാനും രാജ്യസുരക്ഷക്കായി അവ ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. ജനാധിപത്യ പുരോഗതിക്കനുസൃതമായി സമ്പൂര്‍ണവും സുതാര്യവുമായ മാധ്യമ നയം ആവിഷ്കരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.
 

സുലൈബിയയില്‍ പിടിയിലായവരില്‍ ഒരാള്‍ മലയാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെന്ന്

Posted: 03 May 2014 10:34 PM PDT

Image: 

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലര്‍ച്ചെ സുലൈബിയയില്‍ പിടിയിലായ അഞ്ച് കുറ്റവാളികളില്‍ ഒരാള്‍ ഒരാഴ്ച മുമ്പ് രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതിയെന്ന് പൊലീസ്.
ജോര്‍ഡന്‍ പാസ്പോര്‍ട്ടുള്ള ബിദൂനിയാണ് ഇയാള്‍. മലയാളികളെ വെടിവെച്ച മൂന്നംഗ സംഘത്തിലെ മറ്റു രണ്ടു പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിടിയിലായ അഞ്ച് പേരില്‍ ഒരാള്‍ക്ക് മാത്രമാണ് മലയാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പങ്കുള്ളതെന്നാണ് സൂചന.
അതേസമയം, പിടിയിലായ ആര്‍ക്കും മലയാളികളെ വെടിവെച്ച സംഭവുമായി ബന്ധമില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുലൈബിയ പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്ന അഞ്ച് പേരെ ഏറെ സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് മയക്കുമരുന്നുകളും എ.കെ 47 അടക്കമുള്ള ആയുധങ്ങളും മുഖംമൂടിയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു കുറ്റവാളികളുടെ ശ്രമം. മലയാളികളെ വെടിവെച്ച് കൊന്ന സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ പര്‍ദയണിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വിഫലമാക്കുകയായിരുന്നു. പിടിയിലായവരില്‍ ഒരാള്‍ സൗദി പൗരനും നാലു പേര്‍ ബിദൂനികളുമാണ്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ മേജര്‍ ജനറല്‍ മഹ്മൂദ് അല്‍ തബ്ബാഹിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഒരാഴ്ച മുമ്പാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി വലിയപറമ്പില്‍ ശാര്‍ങ്ധരന്‍ (55), മലപ്പുറം വളാഞ്ചേരി മൂര്‍ക്കനാട് പുന്നക്കാട്ട് സയ്യിദ് റാഷിദ് ജമലുലൈ്ളലി തങ്ങള്‍ (25) എന്നിവര്‍ കൊള്ളക്കാരുടെ വെടിയേറ്റുമരിച്ചത്. അല്‍മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായ ശാര്‍ങ്ധരനും റാഷിദും സുലൈബിയ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന ഓണ്‍കോസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബാങ്കില്‍ അടക്കാനുള്ള പണം ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു മൂന്നംഗ സംഘത്തിന്‍െറ ആക്രമണം.
മുഖംമൂടിധാരികളായ മൂന്നുപേര്‍ ഇവര്‍ക്കുനേരെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശാര്‍ങ്ധരന്‍ സംഭവ സ്ഥലത്തും റാഷിദ് ആശുപത്രിയിലും മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ബാങ്കിലടക്കാനായി ശേഖരിച്ച 13,000 ഇവരില്‍നിന്ന് കൊള്ളയടിക്കുകയും ചെയ്തു.
 

അസം കലാപം: 30 പേര്‍ അറസ്റ്റില്‍

Posted: 03 May 2014 10:01 PM PDT

Image: 
Subtitle: 
കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു

ഗുവാഹതി: അസമിലെ ബക്സയിലും കൊക്രജറിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 30 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്തു. അക്രമികളെ സഹായിച്ചെന്നാരോപിച്ചാണ്
അക്രമം നടന്ന ബക്സ ജില്ലയിലെ കൊക്രജറിലും ബക്സയിലും നിന്നായി 30 ഓളം പേരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഒരാള്‍ ബക്സയിലെ  മനാസ് ദേശീയ പാര്‍ക്കിലെ വനപാലകനാണ്. വനത്തിലൂടെ അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്നാരോപിച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.
 അതേസമയം, ആക്രമണത്തില്‍ ബക്സയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു.  അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി കലാപപ്രദേശം സന്ദര്‍ശിക്കാതെ മൃതദേഹങ്ങള്‍ സംസ്കരിക്കില്ളെന്ന നിലപാടിലായിരുന്നു  പ്രദേശവാസികള്‍.  
ബോഡോ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ 33 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. ഇരു ജില്ലകളിലെയും ബോഡോ ഭൂരിപക്ഷ മേഖലയില്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ളവരെ വീടുകളില്‍ കയറി വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
നാഷനല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി സംഗ്ബിജിത് വിഭാഗം) തീവ്രവാദികളാണ് നരഹത്യക്ക് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.  രണ്ടു ജില്ലകളിലും അക്രമങ്ങള്‍ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
 

അമ്മയെ തനിച്ചാക്കി സചിനും വിട പറഞ്ഞു

Posted: 03 May 2014 09:19 PM PDT

Image: 

പന്തീരാങ്കാവ്: വെള്ളിയാഴ്ച സുല്‍ത്താന്‍ബത്തേരി-ഊട്ടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുമായിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് ഒളവണ്ണ ഒടുമ്പ്ര പരേതനായ കരുവള്ളി സജ്ജീവ് കുമാറിന്‍െറ മകന്‍  സചിന്‍  (21) മരിച്ചു. അപകടത്തില്‍ സച്ചിനൊപ്പമുണ്ടായിരുന്ന അനുജന്‍  സന്ദീപ് (18) വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു. അത്യാസന്നനിലയിലുള്ള സചിന്  ശനിയാഴ്ച വൈകിട്ട് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.  സചിന്‍്റെ രണ്ട് വൃക്കകളും കരളും ദാനം ചെയ്തു.
 സന്ദീപിന്‍്റെ ശവസംസ്കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍  ചികിത്സയിലായിരുന്ന സചിന്‍ മസ്തിഷ്കാഘാതം വന്ന് മരിച്ചതായി  ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. മക്കളെ മരണം കവര്‍ന്ന വേദനയിലും അമ്മ റജീന സചിന്‍്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. അമ്മയുടെ സമ്മതം ലഭിച്ചതോടെ സചിന്‍്റെ  രണ്ട് വൃക്കകളും കരളും ദാനംചെയ്തു.
വെള്ളിയാഴ്ച സഹോദരങ്ങളായ സചിന്‍ കുമാറും സന്ദീപുമൊത്ത് വയനാട് ചീരാലിലെ അമ്മയുടെ തറവാട്ടു വീട്ടിലേക്ക് പോകുമ്പോഴാണ് വൈകീട്ട് അഞ്ചോടെ അപകടം നടന്നത്. ഒടുമ്പ്ര എ.എല്‍.പി സ്കൂള്‍ അധ്യാപികയായ മാതാവ് റജീന സ്കൂള്‍ അവധിയായതിനാല്‍ വീട്ടില്‍ പോയതായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും സന്ദീപ് ഏറെ വൈകാതെ മരിച്ചു.
സചിനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കോയമ്പത്തൂര്‍ സി.എം.എസ്. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു സചിന്‍.
സന്ദീപ് കോഴിക്കോട് സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ്. ഇവരുടെ അച്ഛന്‍ സഞ്ജീവ്കുമാര്‍ അസുഖത്തത്തെുടര്‍ന്ന് 2008 ല്‍ മരിച്ചിരുന്നു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP