സ്വാഗതം
WELCOME

News Update..

Sunday, July 7, 2013

അല്‍ഐനില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം Madhyamam News Feeds

അല്‍ഐനില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം Madhyamam News Feeds

Link to

അല്‍ഐനില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Posted: 06 Jul 2013 11:58 PM PDT

Image: 

അബൂദബി: അല്‍ഐനിലെ മേലെ സനയ്യയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വന്‍ തീപിടിത്തം. നാല് കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്‍െറ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചക്ക് 2.40ഓടെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മൂന്ന് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. മൂന്ന് ഇരുനില കെട്ടിടങ്ങള്‍ക്കും ഒരു ഒറ്റ നില കെട്ടിടത്തിനുമാണ് തീപിടിച്ചത്. കെട്ടിടങ്ങളുടെ താഴത്തെ നിലയിലുണ്ടായിരുന്ന കടകളും സാധനങ്ങളും കത്തിനശിച്ചവയില്‍ പെടുന്നു. മലയാളിയുടെ ഓയില്‍ ഷോപ്പും തീപിടിത്തത്തില്‍ പൂര്‍ണമായും നാമാവശേഷമായി. കെട്ടിടങ്ങളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. തീപിടിത്തം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പൊലീസും മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. സ്പെയര്‍പാര്‍ട്സ്, ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍, ഓയില്‍, ഫര്‍ണിച്ചര്‍, വാഹന റിപ്പയറിംഗ് കേന്ദ്രങ്ങള്‍, എ.സി തുടങ്ങിയവയുടെ ഷോപ്പുകള്‍ കത്തിനശിച്ചവയില്‍ പെടുന്നു. ഇതിന് പുറമെ കെട്ടിടങ്ങളുടെ രണ്ടാം നിലയില്‍ താമസിച്ചിരുന്നവരുടെ വസ്ത്രങ്ങള്‍ അടക്കം അഗ്നിക്കിരയായി. രണ്ടാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന തിരൂര്‍ സ്വദേശിയും സുഹൃത്തും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പുറത്തുണ്ടായിരുന്നവര്‍ കെട്ടിടത്തിന്‍െറ ജനാല ചില്ലുകള്‍ എറിഞ്ഞുപൊട്ടിച്ചാണ് അല്‍ഐനില്‍ ഗ്രോസറി നടത്തുന്ന തിരൂര്‍ സ്വദേശി അക്ബറിനെയും സുഹൃത്തിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കത്തി നശിച്ചവയില്‍ ആലുവ സ്വദേശി ബന്‍ഹറിന്‍െറ ഓയില്‍ ഷോപ്പും ഉള്‍പ്പെടുന്നുണ്ട്. ഇയാളുടെ ഷോപ്പ് പൂര്‍ണമായും അഗ്നിക്കിരയായി. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ നഷ്ടമാണ് ഇയാള്‍ക്ക് നേരിട്ടത്.
തീപിടിത്തത്തില്‍ ഇന്ത്യക്കാരുടെയും പാകിസ്താനികളുടെയും ഇറാനികളുടെയും ബംഗ്ളാദേശികളുടെയും ഷോപ്പുകള്‍ കത്തിനശിച്ചതായി സനയ്യയില്‍ ദാറുല്‍ ഹൈറാത്ത് ഗ്രോസറി നടത്തുന്ന കോഴിക്കോട് കാപ്പാട് സ്വദേശി സൈഫു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തന്‍െറ കടയുടെ എതിര്‍വശമുള്ള കെട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായതെന്നും രാത്രിയും പുക ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

റിയാദ് തര്‍ഹീലില്‍ പുതിയ ക്രമീകരണം ഇന്ന് മുതല്‍

Posted: 06 Jul 2013 11:43 PM PDT

Image: 

റിയാദ്: ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക ദിവസം നിശ്ചയിച്ച് നേരിട്ട് എക്സിറ്റ് നല്‍കുന്ന പുതിയ ക്രമീകരണം റിയാദ് ശുമൈസി തര്‍ഹീലില്‍ ഞായറാഴ്ച മുതല്‍. ആദ്യ ദിവസം ഇന്ത്യക്കാര്‍ക്കാണ്. എക്സിറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അതിനെല്ലാം ഇതോടെ പരിഹാരമാകുമെന്നും ഓരോ ദിവസം നിശ്ചയിച്ച് രാജ്യങ്ങള്‍ തിരിച്ച് എക്സിറ്റ് നല്‍കുന്നത് തര്‍ഹീലിലെ തിരക്ക് കുറയ്ക്കുമെന്നും തര്‍ഹീലിലെ ഉന്നതോദ്യോഗസ്ഥന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തര്‍ഹീലിലെ പ്രധാന കാര്യാലയത്തില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30വരെയാണ് എക്സിറ്റ് വിസക്കുള്ള അപേക്ഷ സ്വീകരിക്കുക. ഇളവുകളുടെ പരിധിയില്‍പെടുന്നവര്‍ സാധുവായ പാസ്പോര്‍ട്ട്/ഔ്പാസ്, ഇഖാമ/പകര്‍പ്പ് എന്നിവ സഹിതം തര്‍ഹീലില്‍ എത്തണം. പുതിയ ക്രമീകരണം സംബന്ധിച്ച് ഔദ്യാഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ എംബസി സാമൂഹികക്ഷേമവിഭാഗം മേധാവി അശോക് വാര്യരും സഹ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും രാവിലെ തര്‍ഹീലില്‍ എത്തുമെന്ന് എംബസി ഡി.സി.എം സിബി ജോര്‍ജ് അറിയിച്ചു. അതേസമയം മുമ്പുണ്ടായിരുന്ന രീതി പ്രകാരം തര്‍ഹീലില്‍നിന്ന് എക്സിറ്റ് ടോക്കണ്‍ കിട്ടിയവര്‍ നേരിട്ടുള്ള എക്സിറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് വീണ്ടും തര്‍ഹീലിലേക്ക് പോകരുതെന്നും നേരത്തെ കിട്ടിയിട്ടുള്ള നിര്‍ദേശം അനുസരിച്ചു തന്നെ എയര്‍പോര്‍ട്ടില്‍ പോയി നടപടി പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സാധുവായ നിലയില്‍ വിരലടയാളം രേഖകളില്ലാത്തവരും വിരലടയാളം ഇതുവരെ നല്‍കാത്തവരും ഒറിജിനല്‍ പാസ്പോര്‍ട്ടോ ഇഖാമയോ സഹിതം തര്‍ഹീലിനോട് ചേര്‍ന്നുള്ള ദൗരിയാത്തിലാണ് എത്തേണ്ടത്. വിരലടയാളം രേഖകളിലായി എന്ന് ഉറപ്പാക്കിയാല്‍ പ്രധാന കാര്യാലയത്തിലെത്തി എക്സിറ്റ് വിസക്ക് അപേക്ഷ നല്‍കണം. തര്‍ഹീലില്‍നിന്ന് നേരിട്ട് എക്സിറ്റ് കിട്ടിയാല്‍ എയര്‍പോര്‍ട്ട് എമിഗ്രേഷനിലെ സാധാരണ നടപടികളിലൂടെ തന്നെ രാജ്യം വിട്ടുപോകാം. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വ്യക്തത ഞായറാഴ്ചയോടെയേ കൈവരൂ. ഇളവുകാലം അവസാനിക്കുന്ന നവംബര്‍ നാലുവരേയും ഇതേ രീതിയിലായിരിക്കും എക്സിറ്റ് നടപടിയെന്നും തര്‍ഹീല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുതിയ ക്രമീകരണം എക്സിറ്റുകാര്‍ക്ക് ഗുണകരമാകുമെന്നും അവരുടെ പല പ്രയാസങ്ങളും ലഘൂകരിക്കപ്പെടുമെന്നും എംബസി വൃത്തങ്ങളും സാമൂഹിക പ്രവര്‍ത്തകരും പ്രതീക്ഷ പ്രകടിപ്പിച്ചു. പഴയ രീതിയനുസരിച്ച് എക്സിറ്റ് ടോക്കണ്‍ കിട്ടിയാല്‍ ദിവസങ്ങളോളം എക്സിറ്റ് വിസ അനുവദിക്കുന്നതും കാത്തിരിക്കേണ്ട അനിശ്ചിതാവസ്ഥയുണ്ടായിരുന്നു. വിരലടയാളം ശരിയാണോ, എക്സിറ്റ് വിസ വന്നോ എന്ന് അറിയാന്‍ എളുപ്പ മാര്‍ഗങ്ങളുമുണ്ടായിരുന്നില്ല. വിമാന ടിക്കറ്റ് വരെ വാങ്ങി എയര്‍പോര്‍ട്ടിലെത്തി അവസാന നിമിഷം മടങ്ങേണ്ടിവന്നവരും ഏറെയായിരുന്നു. എക്സിറ്റ് സംബന്ധിച്ച് തര്‍ഹീലില്‍ തന്നെ തീരുമാനമാകുന്നതോടെ ഈ അനിശ്ചിതത്വത്തിനാണ് പരിഹാരമാവുന്നത്.
ഈയാഴ്ച റമദാന്‍ തുടങ്ങുന്നതിനാല്‍ തര്‍ഹീലില്‍ സമയമാറ്റമുണ്ടാവും. രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെയായിരിക്കും റമദാനിലെ പ്രവൃത്തി സമയം.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: 418 സ്ഥാനാര്‍ഥികള്‍

Posted: 06 Jul 2013 11:40 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്‍റിലേക്കുള്ള 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഈമാസം 27ന് അരങ്ങേറാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ രംഗത്തുള്ളത് എട്ട് വനിതകളടക്കം  418 സ്ഥാനാര്‍ഥികള്‍.
അവസാന ദിവസമായ ശനിയാഴ്ച 52 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസുകളില്‍ മുന്‍ ദിവസങ്ങളിലെക്കാള്‍ തിരക്ക് അനുഭവപ്പെട്ട ഇന്നലെ ഒന്നാം മണ്ഡലത്തില്‍ പത്ത്, രണ്ടില്‍ നാല്, മൂന്നില്‍ അഞ്ച്, നാലില്‍ 15, അഞ്ചില്‍ 18 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞ മാസം 26ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിന്‍െറ തൊട്ടടുത്ത ദിവസം മുതല്‍ പത്ത് ദിവസമായിരുന്നു സ്ഥാനാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഇനി ഒരാഴ്ച പത്രിക പിന്‍വലിക്കാനുള്ള സമയമാണ്. ആകെ 418 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇതില്‍ നല്ലൊരു വിഭാഗം പിന്മറാനാണ് സാധ്യത. സ്വതന്ത്രരായാണ് മത്സരിക്കുന്നതെങ്കിലും ഗോത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള രാജ്യത്തെ വ്യവസ്ഥയില്‍ അവയുടെ പിന്തുണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളൂടെ വിജയസാധ്യത. അതുകൊണ്ടുതന്നെ വിവിധ ഗോത്രങ്ങള്‍ തങ്ങള്‍ക്കിടയിലെ പലരെയും പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കും.
കഴിഞ്ഞ ഡിസംബറിലെ പോലെ തന്നെ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പാണ് അരങ്ങേറാനിരിക്കുന്നത്. മുന്‍ മന്ത്രിമാരും എം.പിമാരുമൊക്കെ മത്സര രംഗത്തുണ്ടെങ്കിലും പ്രതിപക്ഷത്തുനിന്നുള്ള ആരും പത്രിക നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബഹിഷ്കരണ വിഷയത്തില്‍ പ്രതിപക്ഷത്തിനിടയില്‍ വിള്ളലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അഞ്ച് മണ്ഡലങ്ങളില്‍നിന്നും കൂടുതല്‍ വോട്ട് കിട്ടുന്ന പത്ത് പേര്‍ വീതമാണ് 50 അംഗ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഒരു വോട്ടര്‍ക്ക് നാലു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാമായിരുന്ന പഴയ രീതി ഭേദഗതി ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കൊണ്ടുവന്ന ഒരാള്‍ക്ക് ഒരു വോട്ട് പ്രകാരമാണ് വോട്ടെടുപ്പ് നടക്കുക. തങ്ങളുടെ മുന്‍തൂക്കം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മനപൂര്‍വം നടത്തിയ ഭേദഗതിയാണിതെന്നാരോപിച്ചാണ് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്.
എട്ട് വനിതകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ എത്രപേര്‍ വിജയിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 2009ലെ പുതിയ ചരിത്രം കുറിച്ച് നാലു വനിതകള്‍ പാര്‍ലമെന്‍റിലെത്തിയശേഷം പ്രതിപക്ഷം മുന്‍തുക്കം നേടിയ 2012 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ ഒരു വനിത പോലും പച്ചതൊട്ടിരുന്നില്ല. പ്രതിപക്ഷം വിട്ടുനിന്ന കഴിഞ്ഞ ഡിസംബറിലെ വോട്ടെുപ്പില്‍ ദിക്റ അല്‍ റഷീദി, മഅ്സൂമ അല്‍ മുബാറക്, സഫാ അല്‍ ഹാഷിം എന്നിവര്‍ വിജയിക്കുകയും ചെയ്തു. ഇതില്‍ ദിക്റ തൊഴില്‍ മന്ത്രിയുമായി. മുന്‍ മന്ത്രി കൂടിയായ മഅ്സൂമ അല്‍ മുബാറകും സഫാ അല്‍ ഹാഷിമും ഇത്തവണയും ജനവിധി തേടുന്നുണ്ട്. ദിക്റ അല്‍ റഷീദി മത്സര രംഗത്തില്ല.
 

യു.എസില്‍ 307 യാത്രക്കാരുമായി തിരിച്ചിറക്കിയ വിമാനം തകര്‍ന്ന് രണ്ട് മരണം

Posted: 06 Jul 2013 11:32 PM PDT

Image: 
Subtitle: 
പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരും

സാന്‍ഫ്രാന്‍സിസ്കോ: യു.എസില്‍ നൂറിലധികം യാത്രക്കാരുമായി തിരിച്ചിറക്കുന്നതിനിടെ വിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 182 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ദക്ഷിണ കൊറിയയിലെ സോളില്‍ നിന്നുള്ള എഷ്യാന എയര്‍ലൈന്‍സിന്‍്റെ ബോയിങ് 777 വിമാനമാണ് സാന്‍ ഫ്രാന്‍സിസ്കോയിലെ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് തകരുകയും തീപിടിക്കുകയും ചെയ്തത്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണെന്ന് ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ സ്ഥാനപതി വിഷ്ണു പ്രകാശ് പറഞ്ഞു.

307 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 123 പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതകാരമായി രക്ഷപ്പെട്ടതായി സാന്‍ഫ്രാന്‍സിസ്കോ അഗ്നിശമന സേന വിഭാഗം മേധാവി ജോന്‍ ഹയ്സ് വൈറ്റ് പറഞ്ഞു.

വിമാനത്തിന്‍്റെ പിന്‍ഭാഗവും എന്‍ജിന്‍ ഭാഗവും പിളര്‍ന്ന് രണ്ട് ഭാഗങ്ങളായി. വിമാനത്തിന്‍്റെ ഭൂരിഭാഗവും കത്തി നശിച്ചു. വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷം അടിയന്തരമായി തിരിച്ചിറക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. വിമാനത്തിന്‍്റെ മുകള്‍ ഭാഗം തകര്‍ന്ന് മേലേക്ക് വീണാണ് കൂടുതല്‍ യാത്രക്കാര്‍ക്കും പരിക്കേറ്റത്.

 

ഏഷ്യന്‍ അത് ലറ്റിക്സില്‍ വീണ്ടും ഒമാന്‍; വെങ്കലവുമായി ബറകത്ത്

Posted: 06 Jul 2013 11:28 PM PDT

Image: 

മസ്കത്ത്: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഒമാന്‍ വീണ്ടും മെഡല്‍പട്ടികയിലിടം നേടി. ഏഷ്യന്‍ അത്ലറ്റിക്സില്‍ രണ്ടാം വട്ടമാണ് ഒമാന്‍ മെഡല്‍ പട്ടികയിലെത്തുന്നത്. രണ്ടുവട്ടവും ഈ നേട്ടത്തില്‍ രാജ്യത്തെ എത്തിച്ചതും ഒരാള്‍ തന്നെ -സ്പ്രിന്‍റര്‍ ബറകത്ത് മുബാറക് അല്‍ ഹര്‍സി. 100 മീറ്ററില്‍ ചൈനക്കും ഖത്തറിനും പിന്നില്‍ മൂന്നമനായി ഓടിയെത്തിയ ബറകത്ത് 2010ലും ഇതേ സ്ഥാനത്ത് ഓടിയെത്തിയിരുന്നു. എന്നാല്‍ കരിയറിലെ മികച്ച സമയത്തിന് ഒപ്പമെത്താന്‍ ഇത്തവണ ബറകത്തിനായില്ല.
ഏഷ്യയിലെ വേഗമേറിയ ഓട്ടക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചൈനയുടെ സൂ ബിങ്ഷ്യാനാണ് സ്വര്‍ണം നേടിയത്. രണ്ട് വര്‍ഷം മുമ്പും ഇതേയിനത്തില്‍ സ്വര്‍ണം നേടിയ സു 10.17 സെക്കന്‍റിലാണ് അവസാന വര കടന്നത്. ഏഷ്യന്‍ മീറ്റിലെ റെക്കോര്‍ഡിനുടമയായ ഖത്തറിന്‍െറ സാമുവല്‍ ഫ്രാന്‍സിസാണ് തൊട്ടുപിന്നില്‍ ഓടിയെത്തിയത്. ബറകത്ത് അല്‍ ഹര്‍സിയാകട്ടെ 10.30 മിനിട്ട് സമയവുമായാണ് മൂന്നാമനായത്.
100 മീറ്ററിലെ സ്പെഷലിസ്റ്റ് താരമായ ബറകത്ത് അല്‍ ഹര്‍സി ഒമാനിലെ ഇബ്ര അശ്ശര്‍ഖിയ്യ സ്വദേശിയാണ്. അന്താരാഷ്ട്ര മല്‍സര വേദികളില്‍ ഇതിനകം ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഈ ഇരുപത്തിനാലുകാരന്‍. 2009ല്‍ ലോക അത്ലറ്റിക് ാചമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചെങ്കിലും ഫൈനലില്‍ എത്താനായില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 12ാമത് അറബ് ഗെയിംസിനിടെ മരുന്ന് പരിശോധന പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ശിക്ഷാ നടപടി നേരിട്ടിരുന്നു. ഇതിന് ശേഷമിറങ്ങിയ എഷ്യന്‍ മേളയില്‍ വെങ്കലം നേടി ഏറെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 60 മീറ്ററില്‍ കുറിച്ച 6.67 സെക്കന്‍റാണ് ഏറ്റവും മികച്ച സമയം. 2010ല്‍ ആയിരുന്നു ഇത്. 2011ല്‍ 200 മീറ്ററിലും 4X100 മിറ്റര്‍ റിലേയിലും മികച്ച സമയം കണ്ടെത്താനായി. അതേവര്‍ഷമാണ് 100 മീറ്ററിലെ അതിവേഗം കുറിച്ചതും. പൂനെയില്‍ കുറിച്ചത് ബറകത്തിന്‍െറ ഈ വര്‍ഷത്തെ മികച്ച സമയമാണ്.

ബിഹാറിലെ മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടന പരമ്പര; അഞ്ച് പേര്‍ക്ക് പരിക്ക്

Posted: 06 Jul 2013 09:30 PM PDT

Image: 

ബോധ്ഗയ: ബിഹാറിലെ മഹാബോധി ക്ഷേത്രത്തിനകത്തും പുറത്തുമുണ്ടായ സ്ഫോടന പരമ്പരയില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ വിനോദ സഞ്ചാരികളാണ്. പുലര്‍ച്ചെ 5.30നും 6നു ഇടക്കാണ് സ്ഫോടനങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് തിബറ്റന്‍ തീര്‍ഥാടകരെ ഗയയിലെ എ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒമ്പത് സ്ഫോടനങ്ങളാണ് ക്ഷേത്രത്തില്‍ ഉണ്ടായത്. പൊട്ടാത്ത ഒരു ബോംബ് ക്ഷേത്രത്തിനുള്ളില്‍ നിന്ന് കണ്ടത്തെിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മ്യാന്‍മറില്‍ നിന്നുള്ള ബുദ്ധസന്ന്യാസിമാരാണ് പരിക്കേറ്റവരില്‍ ചിലര്‍. സ്ഫോടനം നടക്കുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ആളുകള്‍ കുറവായതിനാലാണ് അപകടം കുറഞ്ഞത്. ക്ഷേത്രത്തിനും ബോധിവൃക്ഷത്തിനു കേടുപാട് സംഭവിച്ചിട്ടില്ളെന്ന് ബിഹാര്‍ പൊലീസ് മേധാവി അഭയാനന്ദ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയും ദേശീയ സുരക്ഷ സേനയും സംഭവ സ്ഥലത്തത്തെിയിട്ടുണ്ട്.

മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടനം തീവ്രവാദി ആക്രമമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി സ്ഥിരീകരിച്ചു. സി.ആര്‍.പി.എഫ് സംഘവും അഗ്നിശമന സേനയും സംഭവ സ്ഥലത്തത്തെിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രത്തിന്‍്റെ സുരക്ഷ ചുമതല ബിഹാര്‍ പൊലീസിന്‍്റെ പ്രത്യേക സംഘത്തിന് കൈമാറിയത്.

പട്നയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ബോധ്ഗയയിലാണ് ക്ഷേത്രം. ബുദ്ധമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നും 2002ല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കേന്ദ്രവുമാണ് മഹാബോധി ക്ഷേത്രം. ജപ്പാന്‍, തായ്ലന്‍ഡ്, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും തീര്‍ഥാടകര്‍ ഇവിടെയത്തൊറുള്ളത്.

തൃശൂരില്‍ കടലില്‍ കാണാതായ മൂന്നു യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Posted: 06 Jul 2013 08:30 PM PDT

Image: 

ചാവക്കാട് (തൃശൂര്‍): കടലില്‍ കുളിക്കാനിറങ്ങി കാണാതായ ഏഴംഗ യുവാക്കളില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അരവിന്ദാക്ഷന്റെ മകന്‍ അരുണ്‍ (23), കുന്നംകുളം കീഴൂരിലെ കീഴൂര്‍ വീട്ടില്‍ രാജന്റെ മകന്‍ രഞ്ജു (30) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. കുന്നംകുളം ഇന്ദിരാനഗര്‍ പ്രശാന്ത് വീട്ടില്‍ നാരായണന്റെ മകന്‍ വിശാലിന്റെ (23) മൃതദേഹം ശനിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. കാണാതായ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. പൊന്നരശേരി വാസുവിന്റെ മകന്‍ സന്തോഷ് (32)നെ ശനിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

ശനിയാഴ്ച വൈകീട്ട് 4.30ഓടെ കടപ്പുറം മുനക്കകടവ് അഴിമുഖം പുലിമുട്ടിനടുത്താണ് സംഭവം. സംഘാംഗമായ ഇന്ദിരാഭവനില്‍ ശരത് കടലില്‍ ഇറങ്ങിയില്ല. ആറുപേരില്‍ ഒരാള്‍ കാല്‍തെറ്റി കടലില്‍ മുങ്ങി. രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കളും അപകടത്തില്‍പെടുകയായിരുന്നു. കരുവാന്‍ വീട്ടില്‍ രാജന്റെ മകന്‍ കണ്ണന്‍ (കാര്‍ത്തിക് -24), ഗുരുവായൂര്‍ റോഡില്‍ പുലിക്കോട്ടില്‍ രാജന്റെ മകന്‍ ജെഫിന്‍ (24) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മരിച്ച അരുണും വിശാലും എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

പുലിമുട്ട് നിര്‍മാണം നടക്കുന്ന ചുഴിയും ആഴവുമുള്ളയിടത്താണ് യുവാക്കള്‍ കുളിക്കാനിറങ്ങിയത്. അവിടെ ഇറങ്ങരുതെന്ന് പരിസരവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രേ.  മത്സ്യത്തൊഴിലാളികളും പരിസരവാസികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. സന്തോഷിനെ മത്സ്യത്തൊഴിലാളിയായ താജുദ്ദീനാണ് രക്ഷപ്പെടുത്തിയത്.ചാവക്കാട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ ഖാദര്‍, ബാബു എം. പാലിശേരി, പി.എ. മാധവന്‍ എന്നിവരും കലക്ടര്‍ എം.എസ്. ജയ, ഡെപ്യൂട്ടി കലക്ടര്‍ ഇ.വി. സുശീല, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, റൂറല്‍ എസ്.പി  പി.എച്ച്. അഷ്റഫ്, കുന്നംകുളം ഡിവൈ.എസ്.പി കെ.കെ. ഇബ്രാഹിം, പഞ്ചായത്ത് പ്രസിഡന്‍റ് റംല അഷ്റഫ്, ബ്ളോക്ക് പഞ്ചായത്തംഗം മുജീബ് എന്നിവരും സ്ഥലത്തത്തെി. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടി.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന് പരാതി ഉയര്‍ന്നു. തിരച്ചിലിനായി ഫിഷറീസിന്റെ ഒരു ബോട്ട് കൊണ്ടുവന്നെങ്കിലും എണ്ണ കുറവാണെന്ന് പറഞ്ഞ് തിരിച്ചുപോയി. നേവിയുമായി കലക്ടര്‍ ബന്ധപ്പെട്ടെങ്കിലും ഞായറാഴ്ച രാവിലെ എട്ടോടെയേ എത്താനാവൂ എന്നായിരുന്നു മറുപടി. തീരദേശ പൊലീസിന്റെ മൂന്ന് ബോട്ടും കടപ്പുറത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതായി എം.എല്‍.എമാര്‍ ആരോപിച്ചു.

സൗരതാരം

Posted: 06 Jul 2013 07:31 PM PDT

Image: 
Subtitle: 
മാധ്യമങ്ങളിലെ വ്യക്തി

കണ്ണീര്‍ സീരിയലുകളുടെ കാലത്ത് ‘സ്ത്രീജന്മം’ എന്ന ഒരു പരമ്പരയുണ്ടായിരുന്നു. മായമ്മയുടെ കഥ എന്ന് ഉപശീര്‍ഷകം. ‘ശാലീനതേ... ആരോമലേ... ഏകാന്തമായ് കേഴുന്നുവോ...?’ എന്നു തുടങ്ങുന്ന ടൈറ്റില്‍സോങ്. കഥാനായിക ഒരു പാവംപെണ്ണായിരുന്നു. ഭൂമിയോളം സഹിക്കുന്ന ദു$ഖപുത്രിയുടെ കദനകഥയില്‍ സരിക എന്ന വില്ലത്തിയായി വേഷമിട്ടത് ശാലുമേനോന്‍. 750 എപ്പിസോഡുകളിലേക്ക് അടിച്ചുപരത്തി വലിച്ചുനീട്ടിയ ആ സീരിയലിലെ നെഗറ്റിവ് കഥാപാത്രത്തെ നോക്കി ഇത് കഥയാണെന്നറിയാത്ത പെണ്ണുങ്ങള്‍ ഇവളെന്തൊരു പെണ്ണാണ് എന്ന് മുറുമുറുത്തു. അന്നൊരിക്കല്‍ ഷൂട്ടിങ് കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു ശാലുമേനോന്‍. ട്രെയിന്‍ വരാന്‍ വൈകിയതുകൊണ്ട് അക്ഷമമായ കാത്തിരിപ്പ്. അതിനിടെ സരികയെ ടി.വിയില്‍ കണ്ടു പരിചയമുള്ള കുട്ടികള്‍ ഓടിവന്നു. സരികച്ചേച്ചിയല്ലേ എന്നു ചോദിച്ചു. അവര്‍ക്ക് നടിയുടെ പേരറിയില്ല കഥാപാത്രത്തിന്‍െറ പേരേ അറിയൂ. നടി ഇന്നത്തെപ്പോലെ (കു)പ്രശസ്തയല്ല അന്ന്. മലബാറില്‍നിന്നുള്ള കുടുംബമാണ്. അമ്മൂമ്മക്ക് സീരിയല്‍ വലിയ ഇഷ്ടമാണ്, ഞങ്ങള്‍ അമ്മൂമ്മയെ വിളിച്ചോട്ടെ എന്നു ചോദിച്ച് കുട്ടികള്‍ ഓടി. സരിക ഇവിടെയുണ്ട് എന്നു പറഞ്ഞ് കുട്ടികള്‍ അമ്മൂമ്മയെ വിളിച്ചു. ആരാധികയായ അമ്മൂമ്മയെ പ്രതീക്ഷിച്ചുനിന്ന ശാലുവിന് കിട്ടിയത് അസ്സല്‍ ഒരു അടി. ‘ആ മായമ്മയെയിട്ട് കഷ്ടപ്പെടുത്തുന്ന നീയൊരിക്കലും ഗതിപിടിക്കത്തില്ലെടീ, നിന്‍െറ കണ്ണില്‍ത്തന്നെയുണ്ട് കള്ളലക്ഷണം ’എന്ന് അമ്മൂമ്മ കലിതുള്ളി. അന്ന് കിട്ടിയത് ഒരടിയല്ല അവാര്‍ഡായിരുന്നുവെന്ന് ശാലു പിന്നീട് അഭിമുഖങ്ങളില്‍ വാചാലയായി.
കണ്ണില്‍ത്തന്നെയുണ്ട് കള്ളലക്ഷണം എന്ന മലബാറുകാരിയായ അമ്മൂമ്മയുടെ വാചകം ശരിയാണെന്ന് കേരളത്തിന് ബോധ്യമായി വരുകയാണ്. അന്നേ കണ്ണില്‍ കണ്ട കള്ളലക്ഷണം നടത്താന്‍ പോവുന്ന തട്ടിപ്പുകളുടെ തുടക്കമായിരിക്കും. ഇരുട്ടിവെളുക്കുംമുമ്പ് ഒരു സാധാരണ നര്‍ത്തകിയില്‍നിന്ന് കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും കേന്ദ്ര,സംസ്ഥാന മന്ത്രിമാരുടെ സൗഹൃദവുമുള്ള സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ശാലുമേനോനെ കൈപിടിച്ചുകയറ്റിയ അദ്ഭുതവിളക്കിന്‍െറ മായാജാലം എന്തായിരുന്നാലും അതിനു പിന്നില്‍ നേരായ വഴികളല്ല എന്ന് ഉറപ്പ്. ‘നീയൊരിക്കലും ഗതിപിടിക്കത്തില്ലെടീ’ എന്ന ശാപവാക്കുകള്‍ ശാലുവിനെതിരെ നാലുകോണില്‍നിന്നുമുയരും. അതില്‍ സോളാര്‍ തട്ടിപ്പിനിരയായതായി നാമറിയുന്നവരും ഇതുവരെ രംഗത്തു വന്നിട്ടില്ലാത്തവരുമുണ്ടാവും. സ്വന്തം കഥാപാത്രത്തിനെതിരെയുള്ള പ്രേക്ഷകന്‍െറ ഡയലോഗുകള്‍ നടിയുടെ ഓഫ്സ്ക്രീന്‍ ജീവിതത്തിനുനേരെ ഉയരുന്നതിന്‍െറ രസകരമായ ഒരു ചരിത്രപരിണാമം.
കായംകുളം കൊച്ചുണ്ണി നല്ലവനായ കള്ളനായിരുന്നു. 19ാം നൂറ്റാണ്ടിന്‍െറ ആദ്യപാദങ്ങളില്‍ മധ്യ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കൊച്ചുണ്ണി സമ്പന്നരില്‍നിന്ന് പണമപഹരിച്ച് പാവങ്ങള്‍ക്കു കൊടുക്കുമായിരുന്നു. വിചിത്രമായ തരത്തില്‍ സാമൂഹിക സമത്വം സ്ഥാപിക്കാന്‍ ശ്രമിച്ച് 1859ല്‍ ജയിലില്‍ മരിച്ച കൊച്ചുണ്ണി ഐതിഹ്യമാലയിലെ അവിസ്മരണീയ കഥാപാത്രമാണ്. കൊച്ചുണ്ണിയെപ്പോലെ മധ്യ തിരുവിതാംകൂറിലാണ് ശാലുമേനോന്‍െറയും വാസം. ‘കായംകുളം കൊച്ചുണ്ണി’ എന്ന സീരിയലില്‍ നര്‍ത്തകിയായി മുഴുനീള വേഷവുമിട്ടിട്ടുണ്ട്. അതുകൊണ്ട് അങ്ങനെയുമുണ്ട് കൊച്ചുണ്ണിയുമായി ഒരു ബന്ധം. എന്നാല്‍, കായംകുളം കൊച്ചുണ്ണിയെപ്പോലെ നന്മയുള്ള കള്ളന്മാരുമായല്ല ശാലുവിന്‍െറ ബന്ധം. വിശ്വസിച്ച് കൂടെ ജീവിക്കാന്‍ വീടുവിട്ടിറങ്ങിപ്പോന്ന സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ നരാധമനാണ് ശാലുവിന്‍െറ ഹീറോ. അതാണ് നര്‍ത്തകിക്ക് വിനയായതും. കൊച്ചുണ്ണിയുടെ കഥപറയുന്ന സീരിയലിലെ നര്‍ത്തകിയെപ്പോലെയല്ല ജീവിച്ചത്. നിലാവുണ്ടെന്നു കരുതി വെളുക്കുംവരെ കക്കാന്‍ നില്‍ക്കുന്ന സരിതയുടെയും ബിജുവിന്‍െറയും കൂട്ടാളിയായി. ലക്ഷങ്ങളും കോടികളും നിമിഷംപ്രതി മുന്നില്‍ മറിയുന്നതുകണ്ടപ്പോള്‍ കണ്ണു മഞ്ഞളിച്ചു. മുദ്രകാട്ടാന്‍ മാത്രമുള്ളതല്ല വിരലുകളെന്നും നോട്ടെണ്ണാന്‍ കൂടിയുള്ളതാണെന്നും നര്‍ത്തകി ധരിച്ചുവെച്ചു. പക്ഷേ, ചുവടുതെറ്റി.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. 1952ലെ ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് നിയമമനുസരിച്ച് ചലച്ചിത്രങ്ങള്‍ പരിശോധിച്ച് പൊതുപ്രദര്‍ശനാനുമതി നല്‍കുന്ന സ്ഥാപനം. കേന്ദ്രസര്‍ക്കാര്‍ ആണ് ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്നത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. രണ്ടു വര്‍ഷം ശാലുമേനോന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. എങ്ങനെ അംഗമായെന്ന് ആരും ചോദിച്ചുപോവും. ഏഴെട്ടു പടങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. അഭിനയിച്ചു എന്നു പറയാനാവില്ല. അഭിനയരംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള തലമുതിര്‍ന്ന നടിമാര്‍ ഇവിടെയുള്ളപ്പോഴാണ് സിനിമാനടി എന്നുപോലും വിളിക്കാനാവാത്ത ശാലുമേനോന്‍ കേന്ദ്രസെന്‍സര്‍ ബോര്‍ഡ് അംഗമായത്. കേന്ദ്രമന്ത്രി നടത്തിയ അധികാര ദുര്‍വിനിയോഗത്തിന്‍െറ പ്രകടമായ ഉദാഹരണം തന്നെയായി ആ നിയമനം. ജനങ്ങളുടെ നികുതിപ്പണമെടുത്ത് ചെലവഴിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തിന്‍െറ ഭാഗമാവാനുള്ള ശാലുവിന്‍െറ യോഗ്യത ഏതായാലും 1952ലെ ഇന്ത്യന്‍ സിനിമാറ്റോഗ്രാഫ് ആക്ടില്‍ പറയുന്നത് ഒന്നുമാവില്ല.
തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്‍ എന്ന കലാകാരനാണ് അപ്പൂപ്പന്‍. ബാലെ എന്ന നൃത്തനാടക കലാരൂപം കേരളത്തിന് ആദ്യമായി പരിചയപ്പെടുത്തിയ ആള്‍. അപ്പൂപ്പന്‍ 1959 മുതല്‍ ജയകേരള ബാലെ ട്രൂപ് നടത്തി. ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത് മന്നത്ത് പത്മനാഭന്‍. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ചു. ഒറ്റമകളാണ്. അമ്മ കലാദേവി, അമ്മൂമ്മ സുമതി മേനോന്‍ മൃദംഗം വായനക്കാരി. 1998ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ വിജയിയായി. ‘പത്തരമാറ്റ്’ എന്ന സീരിയലിന്‍െറ സംവിധായകന്‍ അവിടെവെച്ച് ശാലുവിനെ കണ്ടു. അതിലേക്കു വേണ്ടി പുതിയ കുട്ടികളെ അന്വേഷിച്ചു നടന്ന സമയം. പത്താംക്ളാസ് കഴിഞ്ഞ് കലാക്ഷേത്രയില്‍ പോവാനായിരുന്നു ശാലുവിന് താല്‍പര്യം. അതിനിടെയാണ് സീരിയലിലേക്ക് ക്ഷണം കിട്ടുന്നത്. പിന്നീട് ജി.എസ്. വിജയന്‍െറ ‘കവര്‍സ്റ്റോറി’എന്ന സിനിമയില്‍ ഒരു ജേണലിസ്റ്റായി അഭിനയിച്ചു. ‘അലകള്‍’ എന്ന സീരിയലില്‍ പൊലീസ് ഓഫിസര്‍ ആയിരുന്നു. മായമ്മയുടെ കഥ പറഞ്ഞ ‘സ്ത്രീജന്മം’ എന്ന സീരിയലിലാണ് ബ്രേക്കു കിട്ടിയത്. ‘ശ്രീപത്മനാഭം’ എന്ന  സീരിയിലില്‍ എട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മയോടൊപ്പമുള്ള കൊട്ടാരം നര്‍ത്തകിയായി.‘സ്വാമി അയ്യപ്പനി’ലെ പാര്‍വതീ ദേവിയായി. തമിഴിലെ വസന്ത് ചാനലില്‍ അമ്മന്‍ ആയി അഭിനയിച്ചു. തമിഴന്മാര്‍ ശാലുവിന്‍െറ ഫോട്ടോ വെച്ചു പൂജിച്ചു. അങ്ങനെയിരിക്കെയാണ് ശരീരത്തിന്‍െറ നഗ്നസൗന്ദര്യം ആരെയോ കാട്ടിക്കൊടുക്കുന്ന വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. അതോടെ സീരിയലുകളിലെ ദേവീവേഷങ്ങള്‍ നഷ്ടമായി. ജയകേരള സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് എന്ന നൃത്തവിദ്യാലയത്തില്‍നിന്നുള്ള വരുമാനം മാത്രമായി ശരണം. ടീം സോളാര്‍ കമ്പനിയുടെ പരസ്യചിത്രീകരണത്തിനുവേണ്ടി സംസാരിക്കാനായി നൃത്തവിദ്യാലയത്തിലെത്തിയ ബിജു രാധാകൃഷ്ണന്‍ ജീവിതത്തിന്‍െറ ഗതിതന്നെ മാറ്റിമറിച്ചു. വിസ്മയിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു പിന്നീട്. ചങ്ങനാശ്ശേരി, തിരുവല്ല, കുമ്പനാട്, കടപ്ര, മാന്നാര്‍, പ്രായിക്കര, ചെങ്ങന്നൂര്‍ എന്നിങ്ങനെ എട്ട് ശാഖകള്‍. രണ്ടായിരത്തോളം കുട്ടികള്‍. കോടികളുടെ വീട്.
ഭരതനാട്യത്തില്‍ ഡോക്ടറേറ്റ് എടുക്കേണ്ടതിനാല്‍ കല്യാണത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. സൗരോര്‍ജ തട്ടിപ്പില്‍ സൂര്യപ്രഭ മങ്ങിയ താരത്തിന്‍െറ ഭാവി നിര്‍ണയിക്കുന്നത് കേരള രാഷ്ട്രീയത്തിലെ പ്രമുഖര്‍ കൂടിയായിരിക്കും.

ഈജിപ്ത്: അല്‍ബറാദി താല്‍ക്കാലിക പ്രധാനമന്ത്രി

Posted: 06 Jul 2013 07:30 PM PDT

Image: 

കൈറോ: ഈജിപ്ത് കലുഷിതമാകുന്നതിനിടെ ഇടക്കാല പ്രധാനമന്ത്രിയായി നൊബേല്‍ സമ്മാന ജേതാവും  യു.എന്‍. മുന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് അല്‍ബറാദിയെ നിയമിച്ചു. അല്‍ബറാദിയും വിവിധ പാര്‍ട്ടി നേതാക്കളും ഇടക്കാല പ്രസിഡന്‍റ് അദ്ലി മന്‍സൂറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു പ്രഖ്യാപനം. അല്‍ബറാദി ഉടന്‍ അധികാരമേറ്റെടുക്കുമെന്നാണ് കരുതുന്നത്.
മുര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ സജീവ പങ്കാളിയായ അല്‍ബറാദി സൈനിക നേതൃത്വവുമായി അടുപ്പത്തിലാണ്. അദ്ദേഹത്തിന്റെ അദ്ദസ്തൂര്‍ പാര്‍ട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

അതേ സമയം, ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ജനകീയ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്.  പതിനായിരങ്ങള്‍ അണിനിരന്ന റാലികള്‍ പലയിടങ്ങളിലും നടന്നു. ഇതിനിടെ ഇടതുപക്ഷ ചായ്വുള്ള അല്‍ബറാദിയെ പ്രധാനമന്ത്രിയായി നിയമിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലിബറല്‍-ഇടതു കക്ഷികളുടെ സഖ്യമായ നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ട് നേതാവാണ് അല്‍ബറാദി. പ്രധാനമന്ത്രിയായുള്ള അദ്ദേഹത്തിന്റെ നിയമനം മുര്‍സി വിഭാഗം പാടെ തള്ളിക്കളഞ്ഞു.

വെളുത്ത താടിക്കാരും കറുത്ത താടിക്കാരും

Posted: 06 Jul 2013 07:30 PM PDT

Image: 

ചെമ്പന്‍ താടിയെക്കുറിച്ച് ആദ്യം പറയാം. ഭരണകര്‍ത്താക്കളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും പ്രീതി നേടാനും വേണ്ടിവന്നാല്‍ നിരപരാധികളെ അറുംകൊല ചെയ്യാനും മടിക്കാത്ത പൊലീസ് ഓഫിസര്‍മാരുടെ ക്രൂരമുഖമാണ് ചെമ്പന്‍താടിക്കാരനായ ഡി.ജി. വന്‍സാരയുടേത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെയും ആജ്ഞാനുവര്‍ത്തി. കാക്കിക്കൊലക്ക് കുപ്രസിദ്ധി നേടിയ മുന്‍ ഡി.ഐ.ജി വന്‍സാരയെ കാക്കിയുടെ പരിരക്ഷ നല്‍കി അധികകാലം പിടിച്ചുനിര്‍ത്താന്‍ മോഡിക്കോ അമിത്ഷാക്കോ കഴിഞ്ഞില്ല. സൊഹ്റാബുദ്ദീന്‍-കൗസര്‍ബി-തുളസി പ്രജാപതിമാരെയും ഇശ്റത്ത് ജഹാന്‍, പ്രാണേഷ്പിള്ള എന്നിവരടക്കം നാലുപേരെയും വകവരുത്തിയ കേസിലാണ് വന്‍സാരയടക്കം ഗുജറാത്ത് പൊലീസിലെ പല വമ്പന്മാരും കുടുങ്ങിയത്. ഗുജറാത്ത് പൊലീസിന്‍െറ ചട്ടുകമായി പ്രവര്‍ത്തിച്ച ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിക്കൂട്ടിലാണ്. സി.ബി.ഐ ഒന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ, ഇശ്റത്ത് ജഹാനെയും മറ്റും പൊലീസ് പിടികൂടി നടുറോഡിലിട്ട് വെടിവെച്ചു കൊന്നതാണെന്ന യാഥാര്‍ഥ്യം വെളിച്ചത്തു വന്നിരുന്നു. നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ തീവ്രവാദികളെന്ന നിലയില്‍ ഏറ്റുമുട്ടലിനൊടുവില്‍ കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന പൊലീസ്-ഐ.ബി ഭാഷ്യം പ്രവീണ്‍ സ്വാമിമാര്‍ മാത്രമാണ് ഇനിയും വിശ്വസിക്കുന്നത്. അവരെ നേരു ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല.19കാരിയടക്കം നാലുപേരെ വകവരുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏഴംഗ പൊലീസ് സംഘത്തിനെതിരെയാണ് സി.ബി.ഐ കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സി.ബി.ഐയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കാക്കിക്കൊലക്കാരില്‍ പ്രധാനിയായ ചെമ്പന്‍താടി, വെളുത്ത താടിയെക്കുറിച്ചും കറുത്ത താടിയെക്കുറിച്ചും പറഞ്ഞ കാര്യങ്ങളില്‍ സി.ബി.ഐ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും അങ്ങേയറ്റം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഗുജറാത്ത് പൊലീസിന്‍െറ കോഡ്ഭാഷ അനുസരിച്ച് വെളുത്ത താടിക്കാരന്‍ മുഖ്യമന്ത്രി മോഡിയും കറുത്ത താടിക്കാരന്‍ അന്നത്തെ ആഭ്യന്തര മന്ത്രി അമിത്ഷായുമാണ്. ഇശ്റത്തിനെയും മറ്റും തട്ടിക്കളയാന്‍ വെളുത്ത താടിക്കാരന്‍െറയും കറുത്ത താടിക്കാരന്‍െറയും അനുവാദം കിട്ടിയിട്ടുണ്ടെന്ന് വന്‍സാര പറഞ്ഞുവെന്നാണ് കൃത്യം ചെയ്ത സംഘത്തിലുള്ളവര്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി. അതനുസരിച്ച് രണ്ടുപേരെയും ചോദ്യംചെയ്യാനും തുടര്‍നടപടി സ്വീകരിക്കാനും സി.ബി.ഐ ആര്‍ജവം കാണിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. പൊതു തെരഞ്ഞെടുപ്പ് വരുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും, നരേന്ദ്രമോഡി ബി.ജെ.പിയുടെ മുഖ്യ പ്രചാരകനാണ്. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ രാജിവെച്ച് ഇരുമ്പഴിയെണ്ണി ജാമ്യത്തിലിറങ്ങി പ്രമാണിയായി നടക്കുന്ന അമിത്ഷായെ യു.പിയില്‍ ബി.ജെ.പിയുടെ മുഖ്യപ്രചാരകനും പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി വാഴിക്കാനും മോഡിക്ക് സാധിച്ചു.
ഗുജറാത്തില്‍ 2002ല്‍ നടന്ന നരമേധത്തിന് ഒത്താശ ചെയ്ത കേസില്‍ കുടുങ്ങാതെ രക്ഷപ്പെട്ടുനില്‍ക്കുന്ന മോഡി, വ്യാജ ഏറ്റുമുട്ടല്‍ കേസിന്‍െറ മുന്നോട്ടുപോക്ക് സസൂക്ഷ്മം പരിശോധിക്കുന്നയാളാണ്. വരാന്‍ പോകുന്ന അപകടം മോഡിയോ അമിത്ഷായോ മുന്‍കൂട്ടി കാണാതിരിക്കാന്‍ തരമില്ല. ഐ.പി.എസും കാക്കിയും ഊരിവെക്കേണ്ടി വന്ന വന്‍സാരയോ കൂട്ടുപ്രതികളായി ജയിലില്‍ എത്തിയവരോ നല്‍കുന്ന മൊഴി തങ്ങളെ കുടുക്കാന്‍ പര്യാപ്തമാണെന്ന ബോധ്യം ഇല്ലാതിരിക്കാനും വഴിയില്ല. മോഡിയുടെ തണല്‍ ഉണ്ടായിട്ടും ജയിലില്‍ പോകേണ്ടിവന്ന ദുര്യോഗമാണ് അമിത്ഷാക്ക് നേരത്തെ ഉണ്ടായത്. അമിത്ഷാ കുടുങ്ങിയാല്‍ അന്വേഷണത്തിന്‍െറ അടുത്ത ഘട്ടം മോഡിയിലേക്ക് നീളുമെന്ന് വ്യക്തം.  ഗുജറാത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാത്ത ദേശീയ നേതാക്കളായി മോഡിക്കു മുമ്പേ അമിത്ഷാ മാറുന്നതാണ് പിന്നീട് കണ്ടത്. മോഡിയുടെ താല്‍പര്യപ്രകാരം അമിത്ഷായെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ബി.ജെ.പി വാഴിച്ചു. സി.ബി.ഐ പിന്നാലെ കൂടാതിരിക്കാന്‍ കൊലക്കേസ് പ്രതിയെ അഖിലേന്ത്യാ നേതാവാക്കുന്നത് മികച്ചൊരു ഗൂഢതന്ത്രമാണ്. അദ്വാനി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ, മുന്‍പിന്‍ നോക്കാതെ, മോഡി ബി.ജെ.പിയുടെ മുഖ്യതെരഞ്ഞെടുപ്പു പ്രചാരകനായും മാറി.
രണ്ടും ആകസ്മികതയോ മറ്റ് അജണ്ടകളോ ആകാമെങ്കില്‍ക്കൂടി, പ്രയോജനം ഇപ്രകാരമാണ്: പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ മുഖ്യപ്രചാരകനെയോ, പ്രമുഖ സംസ്ഥാനത്തെ മുഖ്യപ്രചാരകനെയോ തെരഞ്ഞെടുപ്പുനേരത്ത് പിന്നാലെ കൂടാന്‍ സി.ബി.ഐക്ക് പലവട്ടം ആലോചിക്കേണ്ടി വരും. സി.ബി.ഐ വിടാന്‍ ഭാവമില്ലാതെ നീങ്ങിയാല്‍, കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ ശത്രുതയായി അത് ഉയര്‍ത്തിക്കാണിക്കാന്‍ ബി.ജെ.പിക്ക് പ്രയാസം ഉണ്ടാവുകയുമില്ല. കല്‍ക്കരി കുംഭകോണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെയും വകവെക്കാതെ മുന്നോട്ടുനീങ്ങിയ രഞ്ജിത് സിന്‍ഹയാണ് സി.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്നതെന്ന സവിശേഷത ഇതിനിടയില്‍ ബാക്കിനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ചെയ്തതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിലുപരി, ചെയ്യിച്ചതാര് എന്ന ചോദ്യത്തിനു കൂടി സി.ബി.ഐ മറുപടി തേടിയെന്നു വരാം. അതും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ തക്കവിധമുള്ള പ്രചാരവേലകള്‍ അണിയറയില്‍ ആരംഭിച്ചുകഴിഞ്ഞു. വ്യാജ ഏറ്റുമുട്ടലിന്‍െറ ചോര മരവിപ്പിക്കുന്ന വിവരങ്ങള്‍ക്കു മുന്നില്‍ പൊതുസമൂഹം തരിച്ചു നില്‍ക്കുകയാണെങ്കിലും, മോഡിയെയും അമിത്ഷായെയും വേട്ടയാടുന്നതായി ചിത്രീകരിച്ച് ഹിന്ദുത്വം ഒന്നുകൂടി ജ്വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗുജറാത്ത് കലാപത്തിന്‍െറ പേരില്‍ വേട്ടയാടിയവര്‍, തീവ്രവാദികള്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിച്ചതിന്‍െറ പേരില്‍ മോഡിയെ കുടുക്കാന്‍ കരുനീക്കം നടത്തുന്നുവെന്നാണ് ആ പ്രചാരവേല.
പക്ഷേ, ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കരുത്തു പെരുപ്പിച്ചു കാട്ടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മോഡിയും ബി.ജെ.പിയും കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഹിന്ദുത്വത്തിന്‍െറയും അറുകൊലയുടെയും ആവേശം അണികള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും പകര്‍ന്നുകൊടുത്തു ചേര്‍ത്തുനിര്‍ത്താമെന്നല്ലാതെ, തെരഞ്ഞെടുപ്പു നേരിടാന്‍ സംഘ്പരിവാറിനും മോഡിക്കും നീക്കുബാക്കി ഒന്നുമില്ല. ഗുജറാത്തിന്‍െറ മുന്നേറ്റം എണ്ണിപ്പറഞ്ഞ്, മോഡിയെ വികസന പുരുഷനായി അവതരിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട സംഘ്പരിവാറിനേറ്റ തിരിച്ചടിയാണ് സി.ബി.ഐയുടെ കുറ്റപത്രം. ചോര മണക്കുന്നവരുടെ തോളത്തു കൈയിട്ട് ഇരുളിലേക്കു നടക്കാന്‍ ആരാണ് താല്‍പര്യപ്പെടുക? ആ നിലക്ക് ഇശ്റത്ത് കേസിലെ കുറ്റപത്രം പൊതുബോധം ഉണര്‍ത്തുന്നുണ്ട്. മോഡി നയിക്കുന്ന ബി.ജെ.പിക്ക് കൂടുതല്‍ സഖ്യകക്ഷികളെ വകഞ്ഞുപിടിക്കുക പ്രയാസമായിരിക്കും. ന്യൂനപക്ഷ-മതനിരപേക്ഷ വോട്ടുകളുടെ വര്‍ധിച്ച ഏകീകരണവും ഉണ്ടാകും.
മുഖ്യപ്രചാരകനായി മോഡി കടന്നുവന്നശേഷം ദേശീയ രാഷ്ട്രീയചിത്രം ഏറെ മാറിയിരിക്കുന്നു. സംഘ്പരിവാരം ബി.ജെ.പിപ്പോരും പാരവെപ്പും നടത്തുന്നവരുടെ കൂടാരമായി. മോഡിയെ എതിര്‍ക്കുന്നത് സാക്ഷാല്‍ അദ്വാനി തൊട്ടുള്ളവരാണ്. മോഡിക്കൊപ്പം നടക്കാന്‍ നല്ലൊരു പങ്ക് ബി.ജെ.പിക്കാരും തയാറല്ല. ഹിന്ദുത്വത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആര്‍.എസ്.എസ് മോഡിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നു മാത്രം. എന്‍.ഡി.എയുടെ തുടക്കം മുതല്‍ സന്തതസഹചാരിയായി നിന്ന ജനതാദള്‍ -യു വിട്ടുപോയി. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ, മോഡിയെ മാത്രം ആശ്രയിച്ചും മുന്നില്‍നിര്‍ത്തിയും തെരഞ്ഞെടുപ്പു നേരിടേണ്ട സ്ഥിതിയിലാണ് ഇന്ന് ബി.ജെ.പി. കോണ്‍ഗ്രസിന്‍െറ അഴിമതി-അര്‍മാദങ്ങള്‍ക്കു മുന്നിലും വോട്ടര്‍മാര്‍ പരിക്ഷീണരായിരിക്കുന്നുവെന്ന മറുവശം നിസ്സാരമല്ല. രണ്ടിനുമിടയില്‍ ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ ആശ്രയിക്കാന്‍ കഴിയാത്ത സമ്മതിദായകര്‍ക്കു മുന്നില്‍, മിശിഹയായി ചമയുന്ന പ്രാദേശിക പാര്‍ട്ടികളാണ് പൊതുവെ ദേശീയാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുക. അവര്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയചിത്രം പ്രവചനാതീതമാണ്. പക്ഷേ, തെരഞ്ഞെടുപ്പുരംഗം മോഡി കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. മോഡി ഉയര്‍ത്തുന്ന ഹിന്ദുത്വത്തിന്‍െറയും ഭരണകൂട ക്രിമിനല്‍വത്കരണത്തിന്‍െറയും ചേരുവകളില്‍ കേന്ദ്രീകരിച്ച് അധ$പതിച്ചുപോകുന്ന തെരഞ്ഞെടുപ്പു രംഗമാണ് നമുക്കു മുന്നില്‍. കറുത്ത, വെളുത്ത, ചെമ്പന്‍ താടിക്കാരുടെ അജണ്ടകളിലേക്ക് നിപതിക്കുന്ന ജനാധിപത്യം തെരഞ്ഞെടുപ്പിനുമപ്പുറം, ആപത്കരമായൊരു വെല്ലുവിളിയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP