സ്വാഗതം
WELCOME

News Update..

Sunday, July 14, 2013

ലങ്കന്‍ അഭയാര്‍ഥികളെ കടത്താന്‍ ഉപയോഗിക്കുന്നത് ജി.പി.എസ് സംവിധാനമുള്ള ബോട്ടുകള്‍ Madhyamam News Feeds

ലങ്കന്‍ അഭയാര്‍ഥികളെ കടത്താന്‍ ഉപയോഗിക്കുന്നത് ജി.പി.എസ് സംവിധാനമുള്ള ബോട്ടുകള്‍ Madhyamam News Feeds

Link to

ലങ്കന്‍ അഭയാര്‍ഥികളെ കടത്താന്‍ ഉപയോഗിക്കുന്നത് ജി.പി.എസ് സംവിധാനമുള്ള ബോട്ടുകള്‍

Posted: 14 Jul 2013 09:17 AM PDT

Image: 

നെടുമ്പാശേരി: തമിഴ്നാട്ടില്‍നിന്ന് ശ്രീലങ്കന്‍ അഭയാര്‍ഥികളെ കടത്തുന്നത്  ഗ്ളോബല്‍ പൊസിഷനിങ് സംവിധാനമുള്ള (ജി.പി.എസ്) ബോട്ടുകള്‍ വഴി.  ഒഡിഷ മുതല്‍ കേരളം വരെയുള്ള കടലോരങ്ങളിലൂടെയാണ് ബോട്ടില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നു സ്ഥിരീകരിച്ചെങ്കിലും അതിനു പിന്നിലുള്ള സംഘത്തിലെ പ്രധാനികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിലെ ക്യാമ്പുകളില്‍നിന്ന് ആസ്ട്രേലിയയിലേക്കാണ് ലങ്കന്‍ അഭയാര്‍ഥികളെ കടത്തുന്നത്.
അടുത്തിടെ ആലുവ, ചാവക്കാട്, എറണാകുളം, മുനമ്പം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പൊലീസിന്‍െറ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പുണ്ടാക്കാനായിട്ടില്ല.
തമിഴ്നാട് സ്വദേശി രമേശ് എന്നു വിളിക്കുന്ന ചന്ദ്രുവാണ് പ്രധാന ഏജന്‍െറന്ന് കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍ ഇതിനകം നിരവധി പേരെ ആസ്ട്രേലിയയിലേക്ക് എത്തിച്ചിട്ടുമുണ്ട്.  ഇയാളുടേതായി അഭയാര്‍ഥികളില്‍നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ കോയമ്പത്തൂരിലെ തിരിച്ചറിയല്‍ രേഖ ഹാജരാക്കി തരപ്പെടുത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആസ്ട്രേലിയയിലെ ക്രിസ്മസ് ഐലന്‍ഡിലാണ് ലങ്കന്‍ തമിഴരെ ബോട്ടില്‍ എത്തിക്കുന്നത്. അവിടെ ഇറങ്ങുമ്പോള്‍ ആസ്ട്രേലിയന്‍ തീരസേന ഇവരെ പിടികൂടി ജയിലിലടക്കും. ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കാന്‍ അധികൃതര്‍ ശ്രമിക്കാറുണ്ടെങ്കിലും അഭയാര്‍ഥികളായതിനാല്‍ സ്വീകരിക്കാനുള്ള ബാധ്യത ഇന്ത്യക്കില്ല. ഇതേ തുടര്‍ന്ന് ഏറെ നാള്‍ ജയിലില്‍ പാര്‍പ്പിച്ച ശേഷം അവിടെ എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ പെര്‍മിറ്റ് നല്‍കി കാലക്രമേണ പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്. അര ലക്ഷം രൂപ മുതല്‍ ലക്ഷം രൂപവരെ ഈടാക്കിയാണ് ഇങ്ങനെ കടത്തുന്നത്.
തമിഴ്നാട്ടില്‍ 124 അഭയാര്‍ഥി ക്യാമ്പുകളാണുള്ളത്. ഇതില്‍ തങ്ങുന്നവരുടെ ജീവിത സാഹചര്യവും ദയനീയമാണ്. 20 കിലോ അരിയാണ് ഒരു മാസം നല്‍കുന്നത്. പ്രതിമാസം ഒരാള്‍ക്ക് 1000 രൂപ വീതവും നല്‍കും.
ക്യാമ്പുകളിലെ മുതിര്‍ന്നവര്‍ക്കു പോലും നിശ്ചിത പരിധിവിട്ട് തൊഴിലെടുക്കാന്‍ പോകാനും കഴിയില്ല. അതുകൊണ്ടാണ് പലരും അഭയാര്‍ഥി ക്യാമ്പുകളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
പതിനഞ്ചു ദിവസം കൊണ്ടാണ് കേരള തീരത്തുനിന്ന് ആസ്ട്രേലിയയിലേക്ക് എത്തിക്കുക. ഇത്രയും ദിവസത്തേക്ക് ആവശ്യമായ  ഇന്ധനവും ഭക്ഷണവും ബോട്ടില്‍ കരുതുകയും ചെയ്യും.
ഇത്തരത്തില്‍ വലിയ വീപ്പയില്‍ ഒന്നിച്ച് ഡിസല്‍ വാങ്ങുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓടമാലിന്യം തള്ളാനത്തെിയവരെ നാട്ടുകാര്‍ പിടികൂടി

Posted: 13 Jul 2013 11:57 PM PDT

കൊട്ടിയം: ഓടയിലെ മാലിന്യം ബൈപാസില്‍ തള്ളാനത്തെിയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ മേവറം ബൈപാസ് ജങ്ഷനില്‍ ശനിയാഴ്ച വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. 
കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍പെട്ട പള്ളിമുക്ക് ജങ്ഷനിലും പരിസരത്തും ശനിയാഴ്ച ഓടകള്‍ വൃത്തിയാക്കിയിരുന്നു. ഇതില്‍ നിന്നുള്ള  മാലിന്യമാണ് മിനി ലോറിയില്‍ ബൈപാസില്‍ കൊണ്ടുവന്ന് തള്ളിയത്. ഇതിനുമുമ്പ് രണ്ട് പ്രാവശ്യം മാലിന്യം തള്ളിയിട്ടും ആരും പിടികൂടാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഇവിടെ മാലിന്യം തള്ളാനത്തെിയത്. ശനിയാഴ്ച ഉച്ചക്ക് റോഡില്‍ തള്ളിയ മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം അഡീഷനല്‍ എസ്.ഐ പൂക്കുഞ്ഞ്, കൊട്ടിയം എസ്.ഐ എന്നിവര്‍ സ്ഥലത്തത്തെി മിനിലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ വാഹനം ഇരവിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
 

തിരിച്ചറിയല്‍ രേഖകള്‍ തട്ടിയെടുത്ത് വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം

Posted: 13 Jul 2013 11:53 PM PDT

പൂന്തുറ: നിരക്ഷരരെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ തീരദേശത്ത് വ്യാപകമാകുന്നു. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ്വരെയുള്ള നിരക്ഷരരായ മത്സ്യത്തൊഴിലാളികളെയാണ് തട്ടിപ്പ്സംഘങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നത്. ഇവര്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്ത് ഊരാക്കുടുക്കില്‍ തള്ളുന്ന സംഘങ്ങള്‍വരെ പ്രവര്‍ത്തിക്കുന്നു. 
വളരെ തന്ത്രപരമായി മത്സ്യത്തൊഴിലാളികളുമായി ഇടപഴകി വലയിലാക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ ചെറിയ തുക നല്‍കി ഇവരുടെ പക്കല്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ നേടിയെടുക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുവരെ ഉപയോഗിക്കുന്നു. ശേഖരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ അധികവും ഉപയോഗിക്കുന്നത് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിക്കുന്നതിനാണ്. കൃത്രിമ വിലാസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കി പാസ്പോര്‍ട്ട് എടുത്തിരുന്നത് പിടികൂടിയതിനത്തെുടര്‍ന്നാണ് വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ പുതിയ രീതികള്‍ തേടുന്നത്. 
സ്ത്രീകളെ ഉള്‍പ്പെടെ ഏജന്‍റുമാരാക്കി മത്സ്യത്തൊഴിലാളികളില്‍നിന്ന് തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കും. ഇവ സ്കാന്‍ ചെയ്ത് ഉടമയുടെ ഫോട്ടോക്ക് പകരം പാസ്പോര്‍ട്ട് ആവശ്യക്കാരന്‍െറ ഫോട്ടോ പതിച്ച് പുതിയ കാര്‍ഡ് ഉണ്ടാക്കും. പാസ്പോര്‍ട്ട് എടുക്കുന്നതിനായി മൂന്ന് തിരിച്ചറിയല്‍ രേഖകള്‍ വേണമെന്നതിനാല്‍ ഈ വിലാസത്തില്‍ ഫോട്ടോ പതിച്ച രണ്ട് രേഖകള്‍ സംഘങ്ങള്‍തന്നെ ഉണ്ടാക്കിയെടുത്ത് പാസ്പോര്‍ട്ടിന് അപേക്ഷിക്കും. ഈ വിലാസത്തില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് വരുന്ന ഉദ്യോഗസ്ഥനെ നേരത്തെതന്നെ സംഘങ്ങള്‍ വലയിലാക്കും. 
ഇതോടെ വെരിഫിക്കേഷന്‍ കടമ്പ നിസ്സാരമാകും. ഉടമ അറിയാതെ വിലാസത്തില്‍ വ്യാജ പാസ്പോര്‍ട്ട് പുറത്തിറങ്ങും. ഇത്തരം പാസ്പോര്‍ട്ടുകള്‍ വെരിഫിക്കേഷന്‍ കഴിഞ്ഞതിനാലും പാസ്പോര്‍ട്ടിലെ ഫോട്ടോ ഉള്‍പ്പെടെ അടയാളങ്ങള്‍ കൃത്യമായതിനാലും വിമാനത്താവളങ്ങളില്‍ എളുപ്പം പിടികൂടാന്‍ കഴിയാറുമില്ല. മത്സ്യത്തൊഴിലാളികളില്‍നിന്ന് വാങ്ങുന്ന ഐഡികാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഒരാഴ്ചക്കകം തിരിച്ചുനല്‍കുന്നതിനാല്‍ അവര്‍ക്കും സംശയമില്ല. 
ഇത്തരത്തില്‍ എടുക്കുന്ന പാസ്പോര്‍ട്ടുകള്‍ അധികവും ഉപയോഗിക്കുന്നത് കള്ളക്കടത്തിനും മനുഷ്യക്കടത്തിനുമാണെന്ന് ആക്ഷേപമുണ്ട്.നേരത്തെ വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചില്‍ നിരവധി കേസുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇവയെക്കുറിച്ച് അന്വേഷിക്കാനോ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാനോ അധികൃതര്‍ തയാറാകാത്തത് പുതിയ രീതികള്‍ കണ്ടത്തൊന്‍ സംഘങ്ങളെ പ്രേരിപ്പിക്കുന്നു.
പാസ്പോര്‍ട്ട് എളുപ്പംകിട്ടാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘തല്‍ക്കാല്‍’ സംവിധാനത്തെയും വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ ഉപയോഗിക്കുന്നു. അഞ്ച് ദിവസത്തിനകം പാസ്പോര്‍ട്ട് കിട്ടും. വെരിഫിക്കേഷന്‍ പിന്നീടേ നടക്കൂ. ഇതു മുതലാക്കി രാജ്യംകടക്കുന്ന ക്രിമിനലുകള്‍ നിരവധിയാണ്. നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ ഇത്തരം ഊരാക്കുടുക്കില്‍ എത്തിക്കുന്ന സംഘങ്ങള്‍ക്ക് പുറമേ റേഷന്‍ കാര്‍ഡുകള്‍ പണയവസ്തുവായി വാങ്ങി ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങളും സജീവമാണ്. അത്യാവശ്യക്കാരന്‍ ആയിരം രൂപയുടെ ആവശ്യത്തിനായി എത്തുമ്പോള്‍ പണയവസ്തുവായി റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയാണ് തട്ടിപ്പ്. 
ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് പണയമായിവാങ്ങി പണം കടം നല്‍കാന്‍ റേഷന്‍ കടക്കാരും മുന്‍പന്തിയിലാണ്. ഇതിന് പുറമേ പലരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് പലരും നിരവധി മൊബൈല്‍ ഫോണ്‍ കണക്ഷനും എടുത്തിട്ടുണ്ട്. തീരദേശവാസികളുടെ നിരക്ഷരത മുതലെടുത്ത് ഇവരെ വ്യാപകമായി ചൂഷണം ചെയ്യുന്നതിന് പുറമേ മാന്ത്രിക ഏലസും മന്ത്രവാദവുമായി ഇവരെ പറ്റിക്കുന്ന ആത്മീയ സംഘങ്ങളും തീരദേശത്ത് സജീവമാണ്.
 

സോളാര്‍ അന്വേഷണത്തില്‍ വീഴ്ച പറ്റി -കെ. മുരളീധരന്‍

Posted: 13 Jul 2013 11:50 PM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കെ. മുരളീധരന്‍.  ജോപ്പനേക്കാള്‍ കുറ്റം ചെയ്ത ജിക്കുമോനും സലീം രാജും ഇപ്പോഴും പുറത്ത് നില്‍ക്കുയാണ്. ഇവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് മുരളീധരന്‍ ആരോപിച്ചു.

തെറ്റുകള്‍ ചെയ്തവര്‍ ഒരുപോലെ ശിക്ഷിക്കപ്പെടണം. കേസുമായി ബന്ധപ്പെട്ട സി.ഡികള്‍ കാണാതായത് ഗുരുതര വീഴചയാണെന്നും ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ഇരുന്നു കൊണ്ട് സരിത ഇടനിലക്കാരുമായി ബന്ധപ്പെടുകയും കേസില്‍ നിന്ന് പിന്മാന്‍ ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്തകളുണ്ട്. ഇതിന്റെ നിജസ്ഥിതിയെ കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രസംഗിക്കുന്നതിനു സമീപം ഗ്രനേഡ് എറിഞ്ഞത് പൊലീസിന്റെ ഗുഢാലോചനയാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്നാണ്‌ തന്റെയും ഭൂരിപക്ഷം എം.എല്‍.എമാരുടെ അഭിപ്രായമെന്നും മുരളി വ്യക്തമാക്കി.

മന്ത്രി അടൂര്‍ പ്രകാശ് അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

Posted: 13 Jul 2013 11:43 PM PDT

തിരുവല്ല: മഴക്കെടുതിക്കിരയായ സ്ഥലങ്ങളില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന്  മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. അപ്പര്‍കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ഇതുള്‍ പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കും. 
ദുരിതാശ്വാസ ക്യാമ്പിലത്തെുന്ന കുടുംബത്തിന് അടിയന്തര സഹായമായി 2000 രൂപ നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ രണ്ടാഴ്ച സൗജന്യ റേഷന്‍ വിതരണം ചെയ്യും. തിരുവല്ല സി. എം.എസ്.എച്ച്.എസ്, തിരുമൂലപുരം അടമ്പട കോളനി, തിരുവല്ല നഗരസഭ കമ്യൂണിറ്റി ഹാള്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ചാത്തങ്കരി ഗവ. ന്യൂ എല്‍.പി.എസ്, മേപ്രാല്‍ സെന്‍റ് ജോണ്‍സ് യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് മന്ത്രി സന്ദര്‍ശിച്ചത്. മഴക്കെടുതി മൂലമുള്ള ബുദ്ധിമുട്ടുകള്‍ മാത്യു ടി. തോമസ് എം.എല്‍.എ മന്ത്രിയോട് വിവരിച്ചു. നൂറോളം വീടുകളുള്ള അടമ്പട കോളനിയില്‍ വെള്ളക്കെട്ടുമൂലമുള്ള ബുദ്ധിമുട്ടിന്  പരിഹാരം കാണുന്നതിന്‍െറ ഭാഗമായി കോട്ടത്തോടിലെ ഷട്ടര്‍ പുനര്‍നിര്‍മിക്കാനും തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാനും കോളനിക്കുള്ളിലെ റോഡിന്‍െറ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കാനും നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. 
കോമങ്കേരി പാലത്തില്‍ ഷെഡ് കെട്ടി കഴിയുന്നവരെ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കലക്ടര്‍ പ്രണബ് ജ്യോതിനാഥ് സന്ദര്‍ശിച്ചു. ഈ ഷെഡിനെ ക്യാമ്പായി അംഗീകരിക്കാന്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കാനും മറ്റ് ക്യാമ്പുകളിലെ സൗകര്യങ്ങളും ലഭ്യമാക്കാനും തിരുവല്ല തഹസില്‍ദാര്‍ പി.എസ്. ചാള്‍സിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ 15 കുടുംബങ്ങളും കോട്ടയം ജില്ലയിലെ പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 48 കുടുംബങ്ങളുമാണ് ഇവിടെ കഴിയുന്നത്. ഇവിടെനിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പ്. മാത്യു ടി. തോമസ് എം.എല്‍.എ, കലക്ടര്‍ പ്രണബ് ജ്യോതിനാഥ്, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം, തിരുവല്ല ആര്‍.ഡി.ഒ എ. ഗോപകുമാര്‍, പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാം ഈപ്പന്‍, പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് അംഗം അരുന്ധതി അശോക്, തിരുവല്ല നഗരസഭ മുന്‍ ചെയര്‍മാന്‍ ആര്‍.  ജയകുമാര്‍, തിരുവല്ല തഹസില്‍ദാര്‍ പി.എസ്. ചാള്‍സ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 
കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ടി.കെ. സജീവ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി നാണപ്പന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. പ്രസന്നകുമാരി എന്നിവര്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ മന്ത്രിയെ കണ്ട് മഴക്കെടുതി മൂലമുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ചു. 
 

തേക്കടി വികസനത്തിന് 20 കോടി ടൂറിസം വികസനത്തിന് ജില്ലക്ക് 25 കോടി

Posted: 13 Jul 2013 11:35 PM PDT

കുമളി: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി 25 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. തേക്കടിക്ക് പുറമേ പരുന്തുംപാറ, കുട്ടിക്കാനം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതില്‍ തേക്കടിയില്‍ മാത്രം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 20.45 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പെരിയാര്‍ കടുവാ സങ്കേതത്തിന് കടുത്ത ഭീഷണിയായ വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാനും വനമേഖലക്ക് പുറത്തേക്ക് പാര്‍ക്കിങ് മാറ്റാനുമാണ് 10 കോടി നല്‍കുക. എന്നാല്‍, ആനവാച്ചാലിലെ വനഭൂമി മണ്ണിട്ട് നികത്തി വാഹന പാര്‍ക്കിങ് നടപ്പാക്കാനാണ് വനംവകുപ്പ് നല്‍കിയ പദ്ധതിപ്രകാരം ടൂറിസം വകുപ്പ് തുക അനുവദിച്ചിട്ടുള്ളത്. 
ആനവാച്ചാലിലെ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതിന് അഞ്ച് കോടിയും ശബ്ദരഹിതമായ ബാറ്ററി വാഹനങ്ങളില്‍ വിനോദ സഞ്ചാരികളെ തേക്കടി ബോട്ട് ലാന്‍ഡിങ്ങിലത്തെിക്കാന്‍ മറ്റൊരു അഞ്ച് കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.
ടൂറിസം വകുപ്പ് തുക അനുവദിച്ചെങ്കിലും ആനവാച്ചാലിലെ മനോഹരമായ വനഭൂമി മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കിങ് പ്രശ്നം വേഗത്തില്‍ പരിഹരിക്കാനാകില്ല. ആനവാച്ചാല്‍ മണ്ണിട്ട് നികത്തി പാര്‍ക്കിങ് വേണമെന്ന ആവശ്യവുമായി ടൂറിസം മേഖലയിലെ ചില സ്ഥാപന ഉടമകളും റിയല്‍ എസ്റ്റേറ്റ് ലോബിയും രംഗത്തുണ്ടെങ്കിലും മണ്ണിട്ട് നികത്തുന്നതിനെതിരെയുള്ള പ്രതിഷേധവും ശക്തമാണ്. ഇതിന് പുറമേ കെ.ടി.ഡി.സിക്ക് 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന പുതിയ ബോട്ട് വാങ്ങാന്‍ 1.20 കോടിയും 150 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് വാങ്ങാന്‍ പെരിയാര്‍ ഫൗണ്ടേഷന് 1.25 കോടിയും നല്‍കും.
വനമേഖലക്കുള്ളിലെ കെ.ടി.ഡി.സി ഹോട്ടലുകളായ ആരണ്യ നിവാസ്, പെരിയാര്‍ ഹൗസ് എന്നിവയുടെ നവീകരണത്തിന് എട്ട് കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, വനംവകുപ്പിന്‍െറ പാട്ടക്കാലാവധി കഴിഞ്ഞ ഹോട്ടലുകള്‍ നവീകരിക്കണമെങ്കില്‍ കേന്ദ്ര വനം മന്ത്രാലയത്തിന്‍െറ അനുമതി വേണ്ടിവരും. തേക്കടി തടാകത്തിലെ തകരാറിലാകുന്ന ബോട്ടുകള്‍ കരയില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള റാമ്പ് നിര്‍മാണത്തിന് 34 ലക്ഷവും തേക്കടിയുടെ 30 വര്‍ഷത്തെ വികസന സാധ്യതകള്‍ സംബന്ധിച്ച പഠനം നടത്തുന്നതിനായി 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ഇവക്കൊപ്പം പരുന്തുംപാറയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1.50 കോടിയും കുട്ടിക്കാനത്ത് വാച്ച് ടവര്‍ നിര്‍മാണത്തിന് 62.55 ലക്ഷം രൂപയും അനുവദിച്ചു. മൂന്നാറിലെ മീശപ്പുലി മലയില്‍ ഇക്കോ ടൂറിസം പരിപാടികള്‍ക്ക് 92 ലക്ഷം ഉള്‍പ്പെടെയാണ് വിവിധ വികസന പരിപാടികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 25 കോടി അനുവദിച്ചത്.

പുറത്തുവന്നത് അഴിമതിയുടെ ഒരറ്റം മാത്രം -കോടിയേരി

Posted: 13 Jul 2013 11:26 PM PDT

Subtitle: 
ആഭ്യന്തരമന്ത്രിയുടെ ഓഫിസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച്
കോട്ടയം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് എം.ഡി കമേഴ്സ്യല്‍ സെന്‍ററിന് സമീപം പൊലീസ് തടഞ്ഞു. തിരുനക്കര പഴയപൊലീസ് മൈതാനിയില്‍നിന്നാണ് പ്രകടനം ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാറിനും ആഭ്യന്തരമന്ത്രിക്കുമെതിരെ രൂക്ഷ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് നടത്തിയ ധര്‍ണ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ തട്ടിപ്പില്‍ യു.ഡി.എഫിന്‍െറ ഭരണ അഴിമതിയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. 
10,000 കോടിയുടെ കുംഭകോണം നടന്നെന്നാണ് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞത്. എന്നാല്‍, ആഭ്യന്തരമന്ത്രി പറഞ്ഞത് അഞ്ച് കോടിയുടെ തട്ടിപ്പാണെന്നാണ്. മുഖ്യപ്രതി സരിത പറയുന്നത് 10 കോടി രൂപ തട്ടിയെടുത്തെന്നും. തട്ടിപ്പിന്‍െറ വ്യാപ്തി കുറക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നത് അവര്‍ക്ക് അതുമായി ബന്ധമുണ്ടെന്നതിന് സൂചനയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് തട്ടിപ്പ് കേസിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജോപ്പന്‍െറ മൊബൈലിലാണ് ഉമ്മന്‍ ചാണ്ടിയെ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമൊക്കെ വിളിച്ചിരുന്നത്. ദല്‍ഹിയില്‍ ഭരണബാഹ്യശക്തിയായാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ തോമസ് കുരുവിള പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്, എം.കെ. പ്രഭാകരന്‍, വി.ആര്‍. ഭാസ്കരന്‍, തോമസ് കുന്നപ്പള്ളി, വി.ബി. ബിനു, ഷാജി ഫിലിപ്, സാബു മുരിക്കവേലി എന്നിവര്‍ പങ്കെടുത്തു.

കലിയടങ്ങാതെ കടല്‍

Posted: 13 Jul 2013 11:19 PM PDT

Subtitle: 
പത്താംകല്ലില്‍ ഒരു വീട് നിലംപൊത്തി, അമ്പതോളം തെങ്ങുകള്‍ കടപുഴകി
വാടാനപ്പള്ളി: തളിക്കുളം പത്താംകല്ല് ബീച്ചിലും വാടാനപ്പള്ളി ചിലങ്ക -ഇടശേരി ബീച്ചുകളിലും ശക്തമായ കടലാക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ആറ് വീടുകള്‍ ഭീഷണിയില്‍. നൂറോളം കാറ്റാടി മരങ്ങളും അമ്പതോളം തെങ്ങുകളും കടപുഴകി. പത്താംകല്ല് ബീച്ചിലെ രവീന്ദ്രന്‍ എന്നയാളുടെ ടെറസ് വീടിന്‍െറ മുക്കാല്‍ ഭാഗത്തോളമാണ് കടലെടുത്തത്. 
ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കടല്‍ ഇരമ്പിയത്. കര തുരന്ന് വെള്ളം തീരത്തേക്ക് അടിച്ച്ുകയറുകയാണ്. മൂന്ന് വരി തെങ്ങുകളാണ് കട പുഴകിയത്. ഒരു കിലോ മീറ്ററോളം ദൂരത്തിലാണ് കടലാക്രമണം രൂക്ഷമായത്. ഏക്കര്‍കണക്കിന് സ്ഥലം കടലെടുത്തു. രവീന്ദ്രന്‍ ഏതാനും മാസം മുമ്പാണ് സ്ഥലവും വീടും വിറ്റത്. 
കഴിഞ്ഞയാഴ്ച 200ലധികം കാറ്റാടി മരങ്ങള്‍ കടപുഴകിയ സ്ഥലത്താണ് ശനിയാഴ്ചയും കടല്‍ക്ഷോഭം രൂക്ഷമായത്. ജൂണ്‍ 19ന് പ്രദേശം സന്ദര്‍ശിച്ച എം.എല്‍.എയും തഹസില്‍ദാറും ഉടന്‍ കരിങ്കല്ലടിക്കുമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.  തീരം സംരക്ഷിക്കാന്‍ അടിയന്തരമായി കരിങ്കല്ല് അടിച്ച് ഭിത്തി നിര്‍മിച്ചില്ളെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. 
 

കുരുന്നുകളുടെ ദുരിതം അവസാനിച്ചു; കാക്കിനിക്കാട് ട്രൈബല്‍ സ്കൂളിന് ബസ്

Posted: 13 Jul 2013 11:15 PM PDT

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായ ത്തില്‍ വാഴാനി ഡാം പരിസരത്ത് സ്ഥിതി ചെയ്യുന്ന കാക്കിനിക്കാട് ട്രൈബല്‍ സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളുടെ ദുരിതയാത്രക്ക്  അവസാനം.  
 പി.കെ. ബിജു എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8.70 ലക്ഷം രൂപ സ്കൂള്‍ ബസ് വാങ്ങാന്‍ അനുവദിച്ചു. 
15ന് രാവിലെ 10 ന് സ്കൂള്‍ ബസിന്‍െറ ഫ്ളാഗ്ഓഫ് പി.കെ. ബിജു എം.പി നിര്‍വഹിക്കും. വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. ഏല്യാമ്മ അധ്യക്ഷത വഹിക്കും.സ്വന്തം വാഹനം വാങ്ങുകയെന്ന പി.ടി.എ കമ്മിറ്റിയുടെയും അധ്യാപകരുടെയും ചിരകാല സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാകുകയാണ്.  
തെക്കുംകര പഞ്ചായത്തിലെ ആദിവാസി മേഖലയിലുള്ളവരുടെയും സാധാരണക്കാരായ കര്‍ഷകരുടെയും മക്കളുടെ പഠന സൗകര്യത്തിനായി 1957ലാണ്  എല്‍.പി വിദ്യാലയം ആരംഭിച്ചത്. 1958ല്‍ ട്രൈബല്‍ സ്കൂള്‍ പദവി നല്‍കി.  തെക്കുംകര പഞ്ചായത്തിലെ സാധാരണക്കാരില്‍ ഏറ്റവും താഴെക്കിടയിലുള്ളവരും ആദിവാസി/പട്ടിക ജാതി കോളനികളിലുമുള്ള വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതിസന്ധികള്‍ മറികടന്ന് കാക്കിനിക്കാട് ട്രൈബല്‍ സ്കൂളിലേക്ക് ഇപ്പോള്‍ എത്തുന്നത്. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ തദ്ദേശവാസികളായ ഭൂരിഭാഗം  വിദ്യാര്‍ഥികളും സമീപ പ്രദേങ്ങളിലെ വിദ്യാലയങ്ങളില്‍ പ്രവേശം തേടുകയാണ്. 
വടക്കാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലക്ക് കീഴിലെ ഏക ട്രൈബല്‍ സ്കൂളായ കാക്കിനിക്കാടിന് 30ല്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളുടെ പട്ടികയിലാണ് സ്ഥാനം ലഭിച്ചത്. 
കഴിഞ്ഞ സെപ്റ്റംബറില്‍ സ്കൂളില്‍ എത്തിയ എം.പിയോട് പി.ടി.എ പ്രസിഡന്‍റും അധ്യാപകരും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ബസ് വാങ്ങാന്‍ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് തുകയനുവദിക്കുമെന്ന് പി.ടി.എ കമ്മിറ്റിക്കും അധ്യാപകര്‍ക്കും അന്ന് എം.പി ഉറപ്പ് നല്‍കിയിരുന്നു.
 

നെയ്യാറില്‍ നിന്ന് കേരളം വെള്ളം നല്‍കണമെന്ന് തമിഴ്നാട്

Posted: 13 Jul 2013 11:11 PM PDT

Image: 

ന്യൂദല്‍ഹി: തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ഇടക്കാല ആശ്വാസമെന്നോണം വെള്ളം നല്‍കാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ജല ദൗര്‍ലഭ്യമുണ്ടെന്ന കേരളത്തിന്‍്റെ വാദം അടിസ്ഥാനരഹിതമാണെന്നും ജൂണ്‍ ഒന്നു മുതല്‍ ജൂലൈ ഒമ്പതു വരെയുള്ള കാലയളവില്‍ നെയ്യാര്‍ ഡാമിന്‍്റെ വൃഷ്ടി പ്രദേശത്ത് അധിക മഴ ലഭിച്ചിട്ടുണ്ടെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.

വെള്ളം നല്‍കാന്‍ കേരളത്തിന് നിയമപരമായ ബാധ്യതയുണ്ട്. നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കുന്ന കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്നാടിന്‍്റെ നീക്കം.

 നെയ്യാറില്‍ നിന്നും വെള്ളം നല്‍കണമെന്ന തമിഴ്നാടിന്‍്റെ വാദം അനുവദിക്കരുതെന്നു കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തമിഴ്നാടിനു ജലം നല്‍കിയാല്‍ തിരുവനന്തപുരത്തെ കുടിവെള്ള വിതരണം തടസപ്പെടുമെന്നും കേരളം വ്യക്തമാക്കി.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP