സ്വാഗതം
WELCOME

News Update..

Tuesday, July 16, 2013

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല -പന്ന്യന്‍ Madhyamam News Feeds

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല -പന്ന്യന്‍ Madhyamam News Feeds

Link to

സര്‍ക്കാറിനെ താഴെയിറക്കുന്നത് അജണ്ടയിലില്ല -പന്ന്യന്‍

Posted: 16 Jul 2013 12:00 AM PDT

Image: 

തിരുവനന്തപുരം: സര്‍ക്കാറിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. അസാന്മാര്‍ഗിക മാര്‍ഗത്തിലൂടെ സര്‍ക്കാറിനെ താഴെയിറക്കില്ലെന്നും മുന്നണിയുടെ ഈ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്‍ററിലാണ് പന്ന്യന്‍-പിണറായി കൂടിക്കാഴ്ച നടന്നത്. സി.പി.എം പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചക്കെത്തിയിരുന്നു.

'യു.ഡി.എഫ് സര്‍ക്കാറിനെ പുറത്താക്കാന്‍ ഒരു വഴിയും സ്വീകരിക്കില്ല. സി.പി.എമ്മിനും സി.പി.ഐക്കും ഇതില്‍ വ്യത്യസ്താഭിപ്രായമില്ല. കെ.എം. മാണി എന്താലോചിക്കുന്നു എന്ന കാര്യം ഞങ്ങള്‍ക്കറിയില്ല' -പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ കാലാവധി തികക്കേണ്ടത് അവരുടെ കാര്യമാണ്. പക്ഷേ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ചൊവ്വാഴ്ച രാവിലെ പന്ന്യന്‍ രവീന്ദ്രന്‍ എ.കെ.ജി സെന്‍ററിലെത്തിയിരുന്നത്.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ മാന്യനാണ് കെ.എം. മാണിയെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കുമെന്നും കൂടിക്കാഴ്ചക്കു മുമ്പ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാടില്‍ നിന്ന് സി.പി.ഐ പിന്നാക്കം പോയെന്നാണ് പന്ന്യന്റെപ്രസ്താവന വ്യക്തമാക്കുന്നത്.

സര്‍ക്കാറിനെ താഴെയിറക്കുന്ന കാര്യത്തില്‍ ഇനി ഉരുത്തിരിയുന്ന സാഹചര്യത്തിന്‍െറ അടിസ്ഥാനത്തില്‍ സി.പി.എമ്മും ഇടതുമുന്നണിയും തീരുമാനമെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പറഞ്ഞിരുന്നു. എസ്.ആര്‍.പിയുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, അത് അവരുടെ അഭിപ്രായമാണെന്നും അതേക്കുറിച്ച് അറിയില്ലെന്നുമായിരുന്നു പന്ന്യന്‍െറ മറുപടി.

ചടയമംഗലം ദുരന്തം ഉദ്യോഗസ്ഥരും നേതാക്കളും ജനപ്രതിനിധികളും സജീവമായി

Posted: 15 Jul 2013 11:15 PM PDT

ചടയമംഗലം: ഉദ്യോഗസ്ഥവൃന്ദവും നേതാക്കളും ജനപ്രതിനിധികളും  അപകടസ്ഥലത്ത് സജീവമായി. വാഹനാപകടം നടന്ന സ്ഥലം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, കലക്ടര്‍ ബി. മോഹനന്‍, ആര്‍.ടി.ഒ കെ.ജി. സാമുവല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കൊട്ടാരക്കര റൂറല്‍ എസ്.പി സുരേന്ദ്രന്‍, പുനലൂര്‍ ഡിവൈ.എസ്.പി ജോണ്‍കുട്ടി തുടങ്ങിയവര്‍ സ്ഥലത്തെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കടയ്ക്കല്‍ സി.ഐ രജികുമാര്‍, ചടയമംഗലം എസ്.ഐ ആസാദ് അബ്ദുല്‍കലാം, കടയ്ക്കല്‍ എസ്.ഐ സുനീഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യവകുപ്പ് അധികൃതരെയും ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തരചികിത്സയും ഉറപ്പുവരുത്തി.  ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ബി. ശിവദാസന്‍പിള്ള തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും സംഭവസ്ഥലത്തെത്തി.

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം: നടപടികള്‍ ഇഴയുന്നു

Posted: 15 Jul 2013 11:07 PM PDT

തൃശൂര്‍: ശക്തന്‍ നഗറില്‍ നിന്ന് ഒഴിപ്പിച്ച വഴിയോര കച്ചവടക്കാരുടെ പുനരധിവാസ നടപടികള്‍ ഇഴയുന്നു. കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം എടുത്ത് രണ്ടുമാസം പിന്നിട്ടിട്ടും വിഷയത്തി ല്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.  
ഭരണ- പ്രതിപക്ഷ പങ്കാളിത്തത്തോടെ ഏകകണ്ഠമായാണ് മേയ് 15ന് നടന്ന കൗണ്‍സിലില്‍ പുനരധിവാസ തീരുമാനം എടുത്തത്. ശക്തന്‍ മൈതാനിയില്‍ സര്‍ക്കസ് നടക്കുന്ന സ്ഥലത്തിന് പിറകില്‍ 14,722 ചതുരശ്രയടി സ്ഥലത്ത് പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചത്. ശക്തനില്‍ നിന്ന് ഒഴിപ്പിച്ച 327 കച്ചവടക്കാരും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഴയ 40 കച്ചവടക്കാരും അടക്കം 367 പേരെ പുനരധിവസിപ്പിക്കുമെന്നും അന്ന് അറിയിച്ചിരുന്നു.
 കുടിയൊഴിപ്പിക്കപ്പെട്ടവരെയാണ് പുനരധിവസിപ്പിക്കുന്നതെന്ന് ഉറപ്പാക്കാന്‍  സെക്രട്ടറിയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും അടങ്ങിയ കമ്മിറ്റി മൂന്നുതവണ പരിശോധന നടത്തിയെന്നും മേയര്‍ ഐ.പി. പോള്‍ കൗണ്‍സിലിനെ അറിയിച്ചിരുന്നു.
  പൊന്നുംവിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പുനരധിവസിക്കപ്പെടുന്നവരില്‍ നിന്ന് 900, 750 രൂപ നിരക്കില്‍ പ്രതിമാസം  വാടക വാങ്ങാനും തുക ദിനേന അടക്കാനും സൗകര്യം കോര്‍പറേഷന്‍ ഒരുക്കുമെന്നും  തീരുമാനമായി. അഞ്ചുമാസത്തെ വാടക  സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങാനും കച്ചവടക്കാര്‍ക്ക്  തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചിരുന്നു. വാടക പിരിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തണം തുടങ്ങി നിര്‍മാണത്തിന് ശേഷം നടക്കേണ്ട കാര്യങ്ങള്‍ കൂടി വിശദമായി അവതരിപ്പിച്ചു.
എന്നാല്‍, അന്ന് അടച്ച ഫയല്‍ തുറക്കാന്‍ പിന്നെ ഏറെ വൈകി. പുനരധിവാസത്തിന് തീരുമാനിച്ച സ്ഥലത്ത് 380 തോളം താല്‍കാലിക ഷെഡുകള്‍ നിര്‍മിക്കാന്‍ ഈമാസം ആദ്യം ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം നല്‍കുക മാത്രമാണ് ശേഷം ഉണ്ടായ നടപടി. ഈമാസം 25ന് ടെന്‍ഡര്‍ പരിശോധിച്ച് കരാര്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്ഥലം ഷെഡ് നിര്‍മിക്കാന്‍ പാകപ്പെടുത്തും. ശേഷം നിര്‍മാണം വേഗം നടത്തുമെന്നാണ് കോര്‍പറേഷന്‍െറ വാദം. തിരഞ്ഞെടുത്തവരില്‍ വിവിധ തട്ടുകളിലുള്ള കച്ചവടക്കാര്‍ക്ക് ഷെഡുകള്‍ നറുക്കെടുപ്പിലൂടെ വീതംവെക്കും. ടെന്‍ഡര്‍ വിളിക്കാന്‍ രണ്ടുമാസത്തെ കാലതാമസം വേണ്ടി വന്നുവെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനവും ഇഴയുമെന്നാണ് വഴിയോര കച്ചവടക്കാരുടെ അഭിപ്രായം.  
ശക്തനിലെ പാതയോരത്ത് നിന്ന് ഒഴിപ്പിച്ചപ്പോള്‍ വഴിമുട്ടിയവര്‍ മഴ കനത്തതോടെ പട്ടിണിയും പരിവട്ടവുമായാണ് ജീവിതം തള്ളിനീക്കുന്നത്. 
താല്‍കാലിക ഷെഡുകള്‍ സ്ഥാപിച്ച്തങ്ങളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.
 

വ്യാപാരിയുടെ കാറും 2.65 ലക്ഷവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

Posted: 15 Jul 2013 10:42 PM PDT

പാലക്കാട്: പട്ടാപകല്‍ കോങ്ങാട് പാറശ്ശേരിയില്‍നിന്ന് വ്യാപാരിയുടെ കാറും 2.65 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. കോളജ് വിദ്യാര്‍ഥികളായ മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കുപ്രസിദ്ധ ഗുണ്ടയായ ആലപ്പുഴ ലജീനത്ത് നഗറില്‍ നവറോജി പുരയിടത്തില്‍ മക്കാനി ഷൈജു എന്ന സയ്യദ് അശ്ഫാകാണ്് (34)  അറസ്റ്റിലായത്. ക്വട്ടേഷന്‍ നേതാക്കളായ ഓംപ്രകാശ്, ഹാപ്പി രാജേഷ്, പ്രകാശ് എന്നിവരുടെ കൂട്ടുപ്രതിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു. 
കഴിഞ്ഞ മെയ് 11നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി വള്ളുവമ്പ്രം നന്നമ്പ്ര വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ മുനീറിന്‍െറ കാറും പണവുമാണ് മൂവര്‍ സംഘം കവര്‍ന്നത്. സ്കൂള്‍ ബസ് വ്യാപാരിയായ മുനീര്‍ കടമ്പഴിപ്പുറം ജി.യു.പി സ്കൂളില്‍നിന്ന് ബസ് വിറ്റ വകയില്‍ കിട്ടാനുള്ള ബാക്കി തുകയായ 2.8 ലക്ഷം രൂപയുമായി കാറില്‍ മടങ്ങുകയായിരുന്നു. ബ്രോക്കര്‍ കമ്മീഷന്‍ 15,000 രൂപ നല്‍കിയ ശേഷം കോങ്ങാട്ടെ മറ്റൊരു സ്കൂളിലേക്ക് പോകുന്നതിനിടെയാണ് മുനീറിന്‍െറ കാര്‍ തടഞ്ഞ് മൂവര്‍സംഘം കാര്‍ തട്ടിയെടുത്തത്.
മുനീറിനെ താഴെ തള്ളിയിട്ട ശേഷം  മുഖത്തിടിച്ച് കാര്‍ തട്ടിയെടുത്ത്  പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കേസില്‍ രണ്ടു മാസത്തോളം അന്വേഷണം നടത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല. ഇതിനിടെ കാര്‍ കര്‍ണാടകയിലുണ്ടെന്ന് ഡല്‍ഹി ടൊയോട്ട ഹെഡ് ഓഫിസില്‍നിന്ന് ഉടമക്ക് അറിയിപ്പ് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. 
തുടര്‍ന്ന് മംഗലാപുരം, ഹൂബ്ളി, കാര്‍വാര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബംഗളൂരുവിലെ കെ.ആര്‍ പുരത്തെ സ്വകാര്യ ഫ്ളാറ്റില്‍നിന്ന് മക്കാനി ഷൈജു പിടിയിലാകുന്നത്. ഇതേപ്പറ്റി പൊലീസ് പറയുന്നത്: കെ.ആര്‍ പുരത്തെ പ്രശസ്ത കോളജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബ്രൗണ്‍ഷുഗര്‍, ചരസ്, കഞ്ചാവ്, ആമ്പ്യൂള്‍ എന്നിവ വിതരണം നടത്തുന്നയാളാണ് മക്കാനി ഷൈജു. ഗോവയില്‍നിന്ന് മയക്കുമരുന്ന് കടത്തിന് പലപ്പോഴും മലയാളിവിദ്യാര്‍ഥികളെയും ഉപയോഗിച്ചിരുന്നു. 
‘ഇക്കാ’ എന്ന പേരിലാണ് ഷൈജു ബംഗളൂരുവില്‍ അറിയപ്പെടുന്നത്. ഗോവയില്‍നിന്ന് മയക്കുമരുന്നു കടത്തിന് വാഹനം തേടിയാണ് ഷൈജു മലയാളികളായ രണ്ട് കോളജ് വിദ്യാര്‍ഥികളെ കൂട്ടി പാലക്കാട്ടെത്തുന്നത്. തനിയെ യാത്ര ചെയ്യുന്ന ആളെ നോക്കി ഇവര്‍ കിലോമീറ്ററുകളോളം ബൈക്കില്‍ സഞ്ചരിച്ചു. ഇതിനിടെയാണ് മുനീര്‍ കാറില്‍ പോകുന്നത് ശ്രദ്ധയില്‍പെട്ടത്. കാറില്‍ 2.65 ലക്ഷം രൂപയുണ്ടെന്ന് അറിയാതെയാണ് ഇവര്‍ ഇത് തട്ടിയെടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച പണം ഇവര്‍ ചെലവാക്കുകയും ചെയ്തു.
ഷൈജുവിനൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ രണ്ടു പേരും തൃശൂര്‍ സ്വദേശികളാണെന്ന് പൊലീസ് പറയുന്നു. ഒരാള്‍ ബംഗളുരുവില്‍ എം.ബി.എക്കും മറ്റൊരാള്‍ ബിരുദകോഴ്സിനും പഠിക്കുന്നു. സി.ഐമാരായ എം.വി. മണികണ്ഠന്‍, കെ.എം. ബിജു, സ്പെഷല്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഫിലിപ്പ് വര്‍ഗീസ്, എ.എസ്.ഐ സാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 
 

പാലായില്‍ കഞ്ചാവ് വില്‍പന വ്യാപകം

Posted: 15 Jul 2013 10:29 PM PDT

പാലാ: നഗരത്തിലും പൈക ടൗണിലും  കഞ്ചാവ് വില്‍പന സജീവമാകുന്നു. ബസ് സ്റ്റാന്‍ഡുകളും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ചാണ് വില്‍പനയും മറ്റ് ഇടപാടുകളും തകൃതിയായി നടക്കുന്നത്. കൊട്ടാരമറ്റം, വലിയപാലം, ടൗണ്‍ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഭിക്ഷാടകരുടെയും സ്ത്രീകളുമായി എത്തുന്ന യാത്രക്കാരുടേയും രൂപത്തിലാണ് വില്‍പനക്കാര്‍ എത്തുന്നത്. റിവര്‍വ്യൂ റോഡില്‍ മീനച്ചിലാറിന്‍െറ ഭാഗത്തും കൊട്ടാരമറ്റത്ത് മൂത്രപ്പുരയിലുമാണ് കഞ്ചാവ് പൊതികള്‍ കൈമാറുന്നത്.ആശുപത്രി ജങ്ഷനില്‍ മുനിസിപ്പല്‍ പാര്‍ക്കിന് സമീപവും വലിയപാലത്തിന് താഴെയുമായി കഞ്ചാവ് വില്‍പന സജീവമായി നടക്കുന്നുണ്ട്. ആവശ്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികളും ബസ് ജീവനക്കാരുമാണത്രേ. വിദ്യാര്‍ഥികളെ ഉപയോഗിച്ച് വില്‍പന നടത്തുന്ന സംഘങ്ങളുമുണ്ട്. 10 രൂപാ മുതല്‍ 1000 രൂപാ വരെ വിലയുള്ള പൊതികളിലാക്കിയാണ് വില്‍പന.
കട്ടപ്പന, ഏലപ്പാറ, ഇടുക്കി എന്നീ ഭാഗങ്ങളില്‍ നിന്നാണ് പാലായിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് മുമ്പ് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്തു നിന്നാണ്  ബസുകളില്‍ പൊതികള്‍ എത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായതോടെ കഞ്ചാവ് വില്‍പന ഏറി. ഉപയോഗിക്കുന്നവരില്‍ ഏറെയും  അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണത്രേ. ലഹരിയില്‍ രാത്രി സമയങ്ങളില്‍ ഇവര്‍ അഴിഞ്ഞാടുന്നതും പരസ്പരം അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്. സ്ത്രീകളും കുട്ടികളുമായ യാത്രക്കാര്‍ക്ക് ഇത്തരം സാഹചര്യം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകളിലെ എയ്ഡ് പോസ്റ്റുകളില്‍ പരാതി അറിയിച്ചാലും നടപടി ഉണ്ടാകാറില്ല. ഭാഷവശമില്ലാത്തതിനാല്‍ അധികൃതര്‍ കണ്ണടക്കുന്ന നിലപാടാണ്.
പൈക ടൗണിലും കഞ്ചാവ് വില്‍പന പൂര്‍വാധികം ശക്തമാണ്. വെയ്റ്റിങ് ഷെഡുകളാണ് വില്‍പന കേന്ദ്രങ്ങള്‍. ഇവിടെ കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനും മറ്റും പ്രത്യേക സംഘങ്ങളുണ്ട്. 15നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കഞ്ചാവിന് ആവശ്യക്കാര്‍. പൈകക്ക് സമീപമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലും വ്യാജമദ്യവും ലഹരി പദാര്‍ഥങ്ങളും സുലഭമായി ലഭിക്കുന്നുണ്ടത്രേ.പ്രദേശങ്ങളില്‍ എക്സൈസ് സംഘം പരിശോധന നടത്താറുണ്ടെങ്കിലും ചെറുകിട കച്ചവടക്കാരെ മാത്രമാണ് പിടികൂടാന്‍ കഴിയുന്നത്. കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘങ്ങള്‍ക്ക് എതിരെ പലപ്പോഴും അന്വേഷണം നടക്കാറില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെടുകയാണ്. പരാതി വ്യാപകമാകുമ്പോള്‍ പേരിനൊരു പരിശോധന നടത്തി മടങ്ങുകയാണ് എക്സൈസ് അധികൃതരെന്നും ആക്ഷേപമുണ്ട്.

രൂപരേഖ അംഗീകരിച്ചില്ല; ടൗണ്‍ പ്ളാനറുടെ ഓഫിസില്‍ എം.എല്‍.എ കുത്തിയിരുന്നു

Posted: 15 Jul 2013 10:23 PM PDT

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഗാരേജ് കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണത്തിനുള്ള രൂപരേഖക്ക് അംഗീകാരം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആറന്മുള എം.എല്‍.എ കെ.ശിവദാസന്‍ നായര്‍ ടൗണ്‍ പ്ളാനറുടെ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ എം.എല്‍.എ ജില്ലാ ടൗണ്‍ പ്ളാനര്‍ എന്‍.കെ. രാജുവിന്‍െറ ക്യാബിനില്‍ കടന്ന്  ഇരിപ്പുറപ്പിച്ചത്. കെട്ടിടത്തിന്‍െറ രൂപരേഖ അംഗീകരിച്ച് സംസ്ഥാന ടൗണ്‍ പ്ളാനറുടെ ഓഫിസിലേക്ക് അയക്കാതെ താന്‍ എഴുന്നേല്‍ക്കില്ലെന്ന് എം.എല്‍.എ ജില്ലാ ടൗണ്‍ പ്ളാനറെ അറിയിച്ചു. ഇതു സംബന്ധിച്ച ഫയല്‍ അനാവശ്യമായി വെച്ചു താമസിപ്പിക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. ഒടുവില്‍ വൈകുന്നേരം നാലിന് മുമ്പ് ഫയല്‍ സംസ്ഥാന കാര്യാലയത്തിലേക്ക് അയക്കാമെന്ന് ജില്ലാ ടൗണ്‍ പ്ളാനര്‍ ഉറപ്പ് നല്‍കി. 
തുടര്‍ന്ന് ഒരു മണിയോടെ എം.എല്‍.എ സമരം അവസാനിപ്പിച്ചു. കെട്ടിടത്തിന്‍െറ രൂപരേഖ മൂന്ന് മാസം മുമ്പ് പത്തനംതിട്ട നഗരസഭ തയാറാക്കി ജില്ലാ ടൗണ്‍ പ്ളാനറുടെ അംഗീകാരത്തിന് നല്‍കിയിരുന്നെങ്കിലും അതില്‍ കുറ്റങ്ങള്‍ കണ്ടെത്തി ഫയല്‍ മടക്കി അയച്ചതായി എം.എല്‍.എ പറഞ്ഞു. കുറ്റങ്ങള്‍ പരിഹരിച്ച് വീണ്ടും ജില്ലാ ടൗണ്‍ പ്ളാനര്‍ക്ക് അയിച്ചിട്ട് ആഴ്ചകളായെങ്കിലും അത് അംഗീകരിച്ച് സംസ്ഥാന കാര്യാലയത്തിലേക്ക് അയക്കാന്‍ കൂട്ടാക്കുന്നില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. താന്‍ ഓഫിസിലേക്ക് വരുന്നുണ്ടെന്നും ഫയലില്‍ നടപടി സ്വീകരിക്കാതെ മടങ്ങില്ലെന്നും രാവിലെ തന്നെ ജില്ലാ ഓഫിസറെ ഫോണില്‍  വിളിച്ച് അറിയിച്ചിരുന്നെന്ന് എം.എല്‍.എ പറഞ്ഞു. താന്‍ സമരവുമായി എത്തിയശേഷമാണ് ഉദ്യോഗസ്ഥര്‍ ഫയല്‍ തപ്പിയെടുക്കാന്‍ ശ്രമം തുടങ്ങിയത്. അസിസ്റ്റന്‍റ് ടൗണ്‍ പ്ളാനര്‍ രൂപയുടെ പക്കലാണ് ഫയലെന്നും അവര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഫയല്‍ എവിടെ എന്ന് അറിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഫയലില്‍ തീര്‍പ്പാകാതെ താന്‍ പോകില്ലെന്ന് എം.എല്‍.എ വാശിപിടിച്ചതോടെ രൂപയുമായി ബന്ധപ്പെട്ടാണ് ഫയല്‍ കണ്ടെത്തിയതെന്നും എം.എല്‍.എ പറഞ്ഞു.  ഫയല്‍ കിട്ടിയതോടെ പരിശോധിച്ച് തിങ്കളാഴ്ചതന്നെ  സംസ്ഥാന കാര്യാലയത്തിലേക്ക് അയക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
ഫയല്‍ തങ്ങളുടെ പക്കല്‍ വന്നിട്ട് 15 ദിവസമേ ആയിട്ടുള്ളൂവെന്ന് ജില്ലാ ടൗണ്‍ പ്ളാനറുടെ ഓഫിസിലെ ജീവനക്കാര്‍ പറഞ്ഞു.  ഫയല്‍ രണ്ട് മാസത്തോളം കൈവശംവെച്ച് കാലതാമസത്തിന് ഇടയാക്കിയത് പത്തനംതിട്ട നഗരസഭയാണ്. ഏപ്രില്‍ 17 നാണ് നഗരസഭ എന്‍ജിനീയര്‍ കെട്ടിടത്തിന്‍െറ രൂപരേഖ തയാറാക്കി ജില്ലാ ടൗണ്‍ പ്ളാനറുടെ ഓഫിസില്‍ നല്‍കിയത്. അത് പരിശോധിച്ചപ്പോള്‍ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തിന്‍െറ എല്ലാ ക്ളിയറന്‍സും ഇല്ലായിരുന്നു. കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ പലതും  പാലിച്ചിരുന്നുമില്ല. അതിനാലാണ് മടക്കി അയച്ചതെന്ന് ജില്ലാ ടൗണ്‍ പ്ളാനര്‍ പറഞ്ഞു. മേയ് 10 നാണ് മടക്കി അയച്ചത്. കുറ്റങ്ങള്‍ പരിഹരിച്ച് നഗരസഭയില്‍നിന്ന് ഫയല്‍ വീണ്ടും ജില്ലാ ടൗണ്‍ പ്ളാനറുടെ ഓഫിസിലെത്തിയത് ഈ മാസം ഒന്നിനാണ്. അത്ര നാളും ഫയല്‍ നഗരസഭയുടെ കൈയിലായിരുന്നു. ഈ മാസം രണ്ടിന്  ഫയല്‍ പരിശോധനക്ക് അസിസ്റ്റന്‍റ് ടൗണ്‍ പ്ളാനര്‍ രൂപക്ക് കൈമാറി. അതിനുശേഷം ലീവിലായിരുന്ന താന്‍ തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയതെന്നും രൂപയുടെ റിപ്പോര്‍ട്ട് തന്‍െറ കൈയില്‍ കിട്ടിയിട്ടില്ലെന്നും ജില്ലാ ടൗണ്‍ പ്ളാനര്‍ എന്‍.കെ. രാജു പറഞ്ഞു.
എം.എല്‍.എ സമരവുമായെത്തിയതിനാല്‍ ഉള്ള വിവരങ്ങള്‍ വെച്ച് ഫയല്‍ സംസ്ഥാന ടൗണ്‍ പ്ളാനര്‍ക്ക് അയക്കുകയാണ്. അവര്‍ ആവശ്യപ്പെടുന്ന വിശദീകരണങ്ങളും പരിശോധനാ റിപ്പോര്‍ട്ടും പിന്നീട് നല്‍കുമെന്നും എന്‍.കെ. രാജു പറഞ്ഞു. വൈകുന്നേരം നാലിന് വീണ്ടും ജില്ലാ ടൗണ്‍ പ്ളാനറുടെ ഓഫിസിലെത്തിയ എം.എല്‍.എ ഫയല്‍ തിങ്കളാഴ്ചതന്നെ സംസ്ഥാന കാര്യാലയത്തിലേക്ക് അയക്കുമെന്ന് ഉറപ്പ് വരുത്തി. 8.5 കോടി രൂപ ചെലവില്‍ മൂന്ന് നില കെട്ടിടമാണ് ഇപ്പോഴത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. 
6134.56 സ്ക്വയര്‍ മീറ്ററാണ് മൊത്തം പ്ളാന്‍. ബസ് പാര്‍ക്കിങ്ങടക്കം കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമായ സ്ഥലം ഉപയോഗിച്ചശേഷം ബാക്കി സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. ഇടതുമുന്നണി സര്‍ക്കാറിന്‍െറ കാലത്ത് 30 കോടി രൂപയുടെ ബൃഹത്തായ പദ്ധതി തയാറാക്കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം അത് ഉപേക്ഷിച്ച് 8.5 കോടിയുടെ പുതിയ പദ്ധതി തയാറാക്കുകയായിരുന്നു.

വ്യപാരികള്‍ പ്രതിസന്ധിയില്‍

Posted: 15 Jul 2013 10:17 PM PDT

Subtitle: 
പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സുകളില്‍ ഭീമമായ വാടക
നെടുങ്കണ്ടം: പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സുകളിലെ കടമുറികള്‍ അന്യായമായ വാടകക്ക് ലേലം ചെയ്യുന്നത് ചെറുകിട വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഹൈറേഞ്ചിലെ പ്രമുഖ പട്ടണങ്ങളായ നെടുങ്കണ്ടം, കട്ടപ്പന പഞ്ചായത്തുകളിലാണ് ഭീമമായ വാടക ഈടാക്കുന്നത്. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പഞ്ചായത്തുവക കടമുറിക്ക് പ്രതിമാസ വാടക 21,000 രൂപയും നെടുങ്കണ്ടം പഞ്ചായത്തില്‍ 18,500 രൂപയുമാണ്. മൂന്നുമാസത്തെ വാടകയാണ് ഡെപ്പോസിറ്റ് ഇനത്തില്‍ നല്‍കേണ്ടത്. 
പഞ്ചായത്തുവക കടമുറികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ വാടക പത്തിരട്ടിയാണ് വര്‍ധിപ്പിച്ചത്. മുമ്പ് 1500 ഉം 2000 വും മുറിവാടക ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 17,500 ഉം 18,500 രൂപയുമായി വര്‍ധിപ്പിച്ചത്. പഞ്ചായത്തുവക കടമുറികള്‍ക്ക് വാടക വര്‍ധിച്ചതോടെ സ്വകാര്യവ്യക്തികളും വാടക വര്‍ധിപ്പിച്ചുതുടങ്ങി. ഇതോടെ വര്‍ഷങ്ങളായുള്ള ചെറുകിട വ്യാപാരികളില്‍ പലരും വ്യാപാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. സ്വകാര്യ കെട്ടിട ഉടമകളില്‍ ചിലര്‍ പറയുന്നത് ഇഷ്ടമുണ്ടെങ്കില്‍ വ്യാപാരം നടത്തുക, ഇല്ലെങ്കില്‍ മുറി ഒഴിവാക്കുക എന്നാണ്. കട്ടപ്പന ടൗണില്‍ സ്വകാര്യവ്യക്തികളുടെ മുറികള്‍ക്ക് അഞ്ച് ലക്ഷം രൂപ ഡെപ്പോസിറ്റും 6,000 മുതല്‍ 9,000 രൂപ വരെ വാടകയുമാണ്. പഞ്ചായത്ത് വക കടമുറികള്‍ക്ക് 21,000 രൂപ പ്രതിമാസ വാടക വന്നതോടെ സ്വകാര്യ വ്യക്തികളും ഓരോരുത്തരായി വാടക വര്‍ധിപ്പിക്കുകയാണ്. നെടുങ്കണ്ടം ടൗണില്‍ ഏറ്റവും കൂടിയ വാടക 10,000 രൂപയായിരുന്നു. എന്നാല്‍, രണ്ടാഴ്ച മുമ്പ് നടന്ന പഞ്ചായത്ത് ലേലത്തില്‍ കട മുറികള്‍ക്ക് 18,500 രൂപ വാടക വന്നതോടെ സ്വകാര്യ വ്യക്തികളില്‍ പലരും ഒരു മാനദണ്ഡവുമില്ലാതെ വാടക വര്‍ധിപ്പിച്ച് തുടങ്ങി. ഇത്, ചെറിയ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തി ഉപജീവനം കഴിഞ്ഞിരുന്നവരെയാണ് വെട്ടിലാക്കിയത്. 
ഹൈറേഞ്ച് മേഖലയില്‍ വീട് വാടകയും വളരെ കൂടുതലാണ്. വാടകക്ക് നല്‍കുന്ന വീടുകള്‍ക്ക് പ്രത്യേകം നികുതി പഞ്ചായത്തില്‍ അടക്കണമെന്നാണ് നിയമം. എന്നാല്‍, പഞ്ചായത്ത് രേഖയില്‍ ഇവിടെ വാടക വീടുകളേ ഇല്ല.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ എം.എല്‍.എ ഓഫിസിന് നേരെ കല്ലേറ്

Posted: 15 Jul 2013 10:10 PM PDT

Subtitle: 
എല്‍.ഡി.എഫ് പ്രകടനത്തിനിടെ ഹോട്ടലിന് നേരെ അക്രമം
വൈപ്പിന്‍: സംസ്ഥാനപാതയുടെ ദുരവസ്ഥക്ക് പരിഹാരം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്. ശര്‍മ എം.എല്‍.എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കല്ലേറ്. ഓഫിസിന് പുറത്ത് ഇരിക്കുകയായിരുന്ന കളത്തിപ്പറമ്പില്‍ വേണു എന്ന സി.പി.എം പ്രവര്‍ത്തകന് പരിക്കേറ്റു. അജയ് തറയിലിന്‍െറ ഉദ്ഘാടന പ്രസംഗം നടക്കവെയാണ് ദൂരെ നിന്ന് കല്ല് പതിച്ചത്. 
സംഭവത്തെ തുടര്‍ന്ന് ഞാറക്കലില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണിയുടെ പിതാവിന്‍െറ ഹോട്ടലിന് നേരെ അക്രമം നടന്നു.  അക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറക്കലില്‍ പ്രകടനം നടത്തി. ചൊവ്വാഴ്ച ഞാറക്കല്‍ പഞ്ചായത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢനാടകമായിരുന്നു കല്ലേറിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പ്രൈജു ഫ്രാന്‍സിസ് ആരോപിച്ചു.ഹോട്ടലിന് നേരെയുണ്ടായ അക്രമത്തില്‍ ഞാറക്കല്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
 

ആദ്യ ദിനം ഒരു വള്ളം പോലും രജിസ്റ്റര്‍ ചെയ്തില്ല

Posted: 15 Jul 2013 10:03 PM PDT

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തില്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആദ്യദിനത്തില്‍ ഒരെണ്ണം പോലും രജിസ്റ്റര്‍ ചെയ്തില്ല. തിങ്കളാഴ്ച മുതല്‍ 24 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. 25ന് നറുക്കെടുപ്പിലൂടെ ട്രാക്കും ഹീറ്റ്സും നിശ്ചയിക്കാനാണ് തീരുമാനം. മത്സരത്തില്‍ പങ്കെടുക്കുന്ന കളിവള്ളങ്ങള്‍ക്ക് ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുണ്ട്. 
പ്രത്യേകിച്ച്, കുട്ടനാട് വെള്ളപ്പൊക്കത്തിന്‍െറ പിടിയില്‍പെട്ട് തുഴച്ചിലുകാരും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ പരിശീലനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ സഹായം നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയില്‍നിന്ന് വേണമെന്നാണ് വള്ളം ഉടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഉടമകള്‍ യോഗം ചേര്‍ന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കലക്ടര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടായതിനുശേഷം മതി രജിസ്ട്രേഷന്നെും വള്ളം ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കൂടിയാണ് ആദ്യദിനത്തില്‍ ഒരു വള്ളം പോലും രജിസ്റ്റര്‍ ചെയ്യാന്‍ എത്താതിരുന്നത്.
ഇതിനിടയിലും മത്സര വള്ളംകളിക്കുള്ള തയാറെടുപ്പുകള്‍ കുട്ടനാട്ടില്‍ ആരംഭിച്ചിട്ടുണ്ട്. നെഹ്റു ട്രോഫിയില്‍ കൂടുതല്‍ തവണ ട്രോഫി നേടിയിട്ടുള്ള യു.ബി.സി കൈനകരി ഇത്തവണ ആനാരി ചുണ്ടനിലാണ് മത്സരിക്കുന്നത്. വള്ളംകളി രംഗത്ത് ഏറെ പാരമ്പര്യമുള്ള ആന്‍റണി തോമസ് വലിയവീട് പ്രസിഡന്‍റും കെ.എ. പ്രമോദ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ആനാരി ചുണ്ടനില്‍ മത്സരിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. ചൊവ്വാഴ്ച പരിശീലനത്തുഴച്ചില്‍ ആരംഭിക്കും.
ആലപ്പുഴ ടൗണ്‍ ബോട്ട് ക്ളബ് ആലപ്പുഴ മഹാദേവന്‍ (മുട്ടേല്‍ കൈനകരി) ചുണ്ടനിലാണ് ഇത്തവണ മത്സരിക്കുന്നത്. വള്ളം തിങ്കളാഴ്ച നീറ്റിലിറക്കി. 18ന് ആഘോഷപൂര്‍വം വള്ളം വേണാട്ടുകാട്ടില്‍നിന്ന് ആലപ്പുഴയില്‍ കൊണ്ടുവരും. 21ന് പുന്നമടക്കായലില്‍ പരിശീലനത്തുഴച്ചില്‍ ആരംഭിക്കും. ഡോ. തോമസ് ഐസക് എം.എല്‍.എ പരിശീലനം ഫ്ളാഗ്ഓഫ് ചെയ്യും. നെഹ്റു ട്രോഫി, പള്ളാത്തുരുത്തി, കുപ്പപ്പുറം എന്നീ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 110 പേരടങ്ങുന്ന ടീമാണ് ടൗണ്‍ ബോട്ട് ക്ളബിനുവേണ്ടി മത്സരത്തിന് ഒരുങ്ങുന്നത്. ടീമിനുള്ള തെരഞ്ഞെടുപ്പ് 18, 19 തീയതികളില്‍ നെഹ്റു ട്രോഫി ഡോക് ചിറയില്‍ നടക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന ആലോചനായോഗത്തില്‍ പ്രസിഡന്‍റ് റോയി പാലത്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. ഇക്ബാല്‍, ടോമി പുലിക്കാട്ടില്‍, ജയമോഹന്‍, എം.വി. അല്‍ത്താഫ്, ഷൈബു കെ. ജോണ്‍, റെജി ജോബ്, പി. രാജു, പി.എം. ഹര്‍ഷന്‍ എന്നിവര്‍ സംസാരിച്ചു.
നെഹ്റു ട്രോഫി ജലോത്സവത്തില്‍ കളിക്കൂട്ടം ബോട്ട് ക്ളബ് വനിതകളുടെ വിഭാഗത്തില്‍ ചെല്ലിക്കാടന്‍ വള്ളത്തില്‍ മത്സരിക്കും. തെക്കനോടി വിഭാഗത്തില്‍ നിലവാരമില്ലാത്ത വള്ളങ്ങളെ മത്സരത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ബോട്ട് ക്ളബ് യോഗം ആവശ്യപ്പെട്ടു. സിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ സജിനി ബാബു, ടി. ബാലചന്ദ്രന്‍, കെ.ജെ. സുനില്‍ തത്തംപള്ളി എന്നിവര്‍ സംസാരിച്ചു.

കുമ്പളയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്

Posted: 15 Jul 2013 09:52 PM PDT

കുമ്പള: പെര്‍വാഡ് കൊപ്ര ബസാറിന് സമീപം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസും മഹാരാഷ്ട്രയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാബിന്‍ പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതാണ്.
ബസ് യാത്രക്കാരായ കര്‍ണാടക കുംപളയിലെ സുനന്ദ (55), ഭാരതി ഉപ്പള (28), അശ്റഫ് കുമ്പള (22), കൃഷ്ണവേണി (19), ഖലീല്‍ ഉപ്പള (21), അശ്റഫ് (32), ആനന്ദ (36), എം.കെ. ശ്രീശ (41) ഉപ്പള സോങ്കാല്‍, രമേശ് (60) ബപ്പായത്തൊട്ടി, അബ്ദുറഹ്മാന്‍ (37) ധര്‍മത്തടുക്ക, ഭാര്യ നഫീസ, മകന്‍ അബ്ദുല്‍ഹക്കീം (ഏഴ്), താഹിറ (17), ഹസീന (17), ഷംസീന (17), മംഗല്‍പാടി സ്വദേശിനികളായ വൈഷ്ണവി (20), പ്രഭാവതി (43), സ്മിത പൈവളികെ (24), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ചെര്‍ക്കളയിലെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ലോറി ഡ്രൈവറും ക്ളീനറും ഉള്‍പ്പെടെ മൂന്നുപേരെ മംഗലാപുരത്തെയും പരിക്കേറ്റ മറ്റുള്ളവരെ കുമ്പളയിലെയും കാസര്‍കോട്ടെയും വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP