യാത്രക്കാരന്‍ വിമാനം മാറിക്കയറി; ദുബൈ- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് മണിക്കൂറുകള്‍ വൈകി Posted: 05 Jul 2013 11:56 PM PDT അബൂദബി: യാത്രക്കാരന്‍ വിമാനം മാറിക്കയറി യാത്രയായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിക്കാന്‍ എത്തിയവര്‍ മണിക്കൂറുകള്‍ വലഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് പോകാന്‍ യാത്രയായ നിരവധി പേരാണ് ദുരിതത്തിലായത്. വെള്ളിയാഴ്ച രാത്രി 8.45ന് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ യാത്ര ചെയ്യേണ്ടയാളാണ് മറ്റൊരു വിമാനത്തില്‍ കയറിയത്. ഇതോടെ കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഐ.എക്സ് 344 വിമാനത്തില്‍ തിരിക്കാന്‍ എത്തിയവര്‍ മണിക്കൂറുകള്‍ വിമാനത്തിനകത്ത് കുടുങ്ങി. ഗള്‍ഫില്‍ അവധിക്കാലം ആരംഭിച്ചതിനാല്‍ കുട്ടികളും കുടുംബവുമായി യാത്ര ചെയ്യാനെത്തിയവരാണ് വലഞ്ഞത്. വിമാനത്തിനുള്ളില്‍ കയറിയതോടെ മണിക്കൂറുകള്‍ അനങ്ങാന്‍ പോലും ആകാതെ കുട്ടികളുമായി എത്തിയവര്‍ ബുദ്ധിമുട്ടി. എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ കയറ്റിയ ശേഷം മാത്രമാണ് യാത്രക്കാരനെ കാണാതായത് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു വിമാനത്തില്‍ കയറിപ്പോയതായി അറിഞ്ഞു. അതേസമയം, ഇയാളുടെ ലഗേജ് കരിപ്പൂരിലേക്കുള്ള വിമാനത്തിലും കയറ്റിയിരുന്നു. തുടര്‍ന്ന് ലഗേജ് ഇറക്കി ക്ളിയറന്‍സ് ശരിയാക്കി മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരന്‍ മറ്റൊരു വിമാനത്തില്‍ അബദ്ധത്തില്‍ യാത്രയായതായും ഇതിനാലാണ് വൈകുന്നതെന്നും വിമാനത്തില്‍ അനൗണ്‍സ് ചെയ്തതായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനി ഷഫ്ന ആയിഷ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബാഗേജ് ക്ളിയറന്‍സ് ചെയ്ത ശേഷം മാത്രമേ യാത്ര തുടരാനാകൂ. കാലാവസ്ഥ മോശമായതിനാല്‍ രാത്രി 12ന് മാത്രമേ വിമാനം പുറപ്പെടുവെന്നും ജീവനക്കാര്‍ അറിയിച്ചതായി അവര്‍ പറഞ്ഞു. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വെള്ളവും ചായവും ലഘുഭക്ഷണവും വിതരണം ചെയ്തിരുന്നു. എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടയാള്‍ മറ്റൊരു വിമാനത്തില്‍ പോയതിനാലാണ് യാത്ര വൈകുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞതായി മലപ്പുറം പടപ്പറമ്പ് സ്വദേശി മുഹമ്മദ് ഫാറൂഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അവധിക്കാലമായിട്ടും വിമാനത്തില്‍ ആള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. |
ഉത്തരാഖണ്ഡ്: റിലീഫ് സാധനങ്ങള്‍ മോഷ്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി Posted: 05 Jul 2013 11:30 PM PDT ഡറാഡൂണ്‍: പ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിലേക്ക് വിതരണത്തിനയച്ച റിലീസ് സാസാധനങ്ങള്‍ മോഷ്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി. റിലീഫ് വിതരണത്തിന് അയച്ച ധാന്യ ചാക്കുകള്‍ സ്വന്തം കാറിലേക്ക് മാറ്റുന്ന ട്രഷറി ഉദ്യോഗസ്ഥന്റെ ദൃശ്യം ആരോ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ കണ്ടെടുത്തു. ഇയാളെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. നേരത്തെ, പ്രളയത്തില്‍ മരിച്ചവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത് ആഭരണങ്ങള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. കടപ്പാട്: എന്‍.ഡി.ടി.വി |
ആശ്വാസത്തിന്‍െറ വെള്ളിയാഴ്ച ബത്ഹയില്‍ ജനമിരമ്പി Posted: 05 Jul 2013 11:13 PM PDT റിയാദ്: ഇളവുകാലം നീട്ടിയതിന്‍െറ ആശ്വാസവുമായി വിവിധ രാജ്യക്കാര്‍ ഒഴുകിയെത്തിയതോടെ റിയാദിലെ ബത്ഹ തെരുവുകള്‍ വീണ്ടും ജനസാന്ദ്രമായി. തലസ്ഥാന നഗരിയുടെ പ്രധാന വാണിജ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയവരുടെ മുഖങ്ങളില്‍ ഇളവുകാലം നീട്ടിയതിന്‍െറ ആശ്വാസവും പ്രകടമായിരുന്നു. റമദാന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായതിനാല്‍ അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളിലും ജനം വ്യാപൃതരായി. രാജ്യങ്ങളുടേയും ഇന്ത്യന്‍ സംസ്ഥാനങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വയം അതിര്‍വരമ്പുകള്‍ നിശ്ചയിച്ച് വേര്‍തിരിച്ച ഗല്ലികളിലെല്ലാം ജനം തിങ്ങിക്കൂടി. വാരാന്ത്യ അവധിയുടെ തുടക്കം വെള്ളിയാഴ്ച ആയതോടെ അവരുടെ ആഴ്ചവട്ട ശീലത്തിലും മാറ്റം പ്രകടമായി. നേരത്തെ വ്യഴാഴ്ച തുടങ്ങുന്ന അവധി വെള്ളിയാഴ്ച രാത്രിയോടെ കഴിയുമെന്നതിനാല്‍ അന്ന് ബത്ഹയിലെത്തുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് താമസസ്ഥലങ്ങളിലേക്ക് മടങ്ങാന്‍ തിടുക്കമായിരുന്നു. അവധിയില്‍ മാറ്റം വന്നതോടെ വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാലും പ്രശ്നമില്ല എന്ന സ്ഥിതിയായിട്ടുണ്ട്. പൊതുമേഖലയുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും രണ്ടുദിന അവധി ബാധകമായതിനാല്‍ മിക്ക ആളുകള്‍ക്കും ശനിയാഴ്ച കൂടി അവധിയാണ്. ഇപ്പോള്‍ സ്കൂളുകള്‍ വേനലവധിക്ക് പൂട്ടിയതിനാല്‍ രക്ഷിതാക്കള്‍ക്കും പിരിമുറുക്കമില്ല. വാരാന്ത്യ അവധി സ്കൂളുകള്‍ക്കും ബാധകമായതിനാല്‍ മൊത്തത്തില്‍ വെള്ളിയാഴ്ച എന്ന അവധി ദിവസത്തെ പൂര്‍ണമായും ആസ്വദിക്കാനുള്ള അവസരമാണ് എല്ലാവര്‍ക്കും കൈവന്നിരിക്കുന്നത്. നഗരത്തിന്‍േറയും പ്രാന്തപ്രദേശങ്ങളുടേയും വിവിധ ഭാഗങ്ങളില്‍നിന്ന് ബത്ഹയിലേക്കുള്ള വരവ് ശീലമാക്കിയവരില്‍ രേഖകളൊന്നുമില്ലാതെ അനധികൃതരായി കഴിയുന്നവരും ഏറെയാണ്. ഇളവുകാല പ്രഖ്യാപനത്തിന് മുമ്പ് പരിശോധന ശക്തമാക്കിയപ്പോള്‍ അതിന്‍െറ പ്രതിഫലനം ഈ വാണിജ്യകേന്ദ്രത്തെ നന്നായി ബാധിച്ചിരുന്നു. മൂന്നുമാസ ഇളവുകാലം പ്രഖ്യാപിച്ചതോടെ പദവി ശരിയാക്കാനും നാടുപിടിക്കാനുമുള്ള രേഖകള്‍ ശരിയാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരും. ഇളവുകാലം അവസാനിക്കേണ്ടിയിരുന്നു ജൂലൈ മൂന്നിനെ ഭയന്നാണ് എല്ലാവരും കഴിഞ്ഞത്. എന്നാല്‍ നാലുമാസത്തേക്ക് കൂടി ഇളവുകാലം നീട്ടിയത് എന്തെന്നില്ലാത്ത ആശ്വാസമാണ് ജനങ്ങള്‍ക്കും ബത്ഹ പോലുള്ള വാണിജ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയത്. റമദാന്‍െറ മുന്നൊരുക്കങ്ങള്‍ക്കായുള്ള വാങ്ങിക്കൂട്ടലും ഇന്നലെ സജീവമായതിനാല്‍ ആവശ്യസാധനങ്ങളുടെ വിപണിയില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. |
റദ്ദാക്കിയ സ്വാശ്രയ മെഡിക്കല്‍ പ്രവേശപരീക്ഷ ജൂലൈ 21 ന് Posted: 05 Jul 2013 11:04 PM PDT തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് പ്രവേശപരീക്ഷ ജൂലൈ 21 ന് നടക്കും. ജെയിംസ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ എറണാകുളത്താണ് പരീക്ഷ നടക്കുക. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍്റ് അസോസിയേഷന്‍ മേയ് 31ന് കോഴിക്കോട്ട് നടത്തിയ പ്രവേശപരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റി പരീക്ഷ റദ്ദാക്കുകയായിരുന്നു. പരീക്ഷക്ക് മേല്‍നോട്ടം വഹിക്കാന്‍ മാത്രം അധികാരമുള്ള ജെയിംസ് കമ്മിറ്റിക്ക് പരീക്ഷ റദ്ദാക്കാന്‍ അധികാരമില്ലന്നെും ഈ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മാനേജ്മെന്‍റ് ക്വോട്ടയില്‍ പ്രവേശത്തിനായി തലവരിപ്പണം നല്‍കി സീറ്റ് ഉറപ്പാക്കിയവര്‍ക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കകിയത്. പണം നല്‍കി പ്രവേശം ഉറപ്പാക്കിയവര്‍ക്ക് ഓറിയന്‍റേഷന്‍ ക്ളാസ് നടത്തി ചോദ്യങ്ങള്‍ നല്‍കിയതായാണ് കണ്ടെത്തിയിരുന്നു. സ്വാശ്രയ കോളജ് പ്രവേശ മേല്‍നോട്ടത്തിനും ഫീസ് നിര്‍ണയത്തിനുമായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റി മുമ്പാകെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. കമ്മറ്റിയുടെ സിറ്റിങ്ങില്‍ പരാതികള്‍ സ്വീകരിച്ച ശേഷം ഐകകണ്ഠ്യനേയാണ് പരീക്ഷ റദ്ദാക്കിയത്. |
റമദാനിന് ഒരുങ്ങി മാവേല മാര്‍ക്കറ്റ്; ഇന്ന് മുതല്‍ സജീവം Posted: 05 Jul 2013 10:48 PM PDT മസ്കത്ത്: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ഒമാനിലെ പഴ വര്‍ഗ്ഗ, പച്ചക്കറി വിപണിയൊരുങ്ങി. ഒമാന്‍െറ എല്ലാ ഭാഗങ്ങളിലേക്കും പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും എത്തിക്കുന്ന മൊത്ത വ്യാപാര കേന്ദ്രമായ മാവേല മാര്‍ക്കറ്റ് മാര്‍ക്കറ്റ് ഇന്നു മുതല്‍ സജീവമാവും. സലാല, സൂര്‍, ഇബ്രി, സൊഹാര്‍ എന്നിവിടങ്ങളിലേക്ക് ഇന്ന് മുതല്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും അയക്കാന്‍ തുടങ്ങും. അടുത്ത ദിവസങ്ങളില്‍ റമദാന്‍ വിഭവങ്ങള്‍ വാങ്ങാന്‍ പെതുജനങ്ങളും ഒഴുകിയെത്തും. ഇതോടെ മാര്‍ക്കറ്റ് റമദാന്‍ തിരിക്കിലലിയും. റമദാനില്‍ ആവശ്യമായ പഴ വര്‍ഗ്ഗങ്ങള്‍ എത്തിക്കാന്‍ മൂന്ന് മാസം മുമ്പ് തന്നെ തായാറെടുപ്പ് തുടങ്ങിയിരുന്നതായി പ്രമുഖ മൊത്ത വ്യാപാര സ്ഥാപനമായ ‘സുഹൂല്‍ അല്‍ ഫൈഹ’ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് ’ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. റമദാനില്‍ ആവശ്യമായ പഴ വര്‍ഗ്ഗങ്ങളെല്ലാം മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. സാധാരണ മാസങ്ങളെക്കാള്‍ 80 ശതമാനം കുടുതല്‍ പഴ വര്‍ഗങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. സാധാരണ മാസങ്ങളില്‍ 150 കണ്ടൈനര്‍ പഴ വര്‍ഗ്ഗങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. റമദാന്‍ ആവശ്യത്തിനായി 120 കണ്ടൈനര്‍ അധികം എത്തിയിട്ടുണ്ട്. മൊത്തം 270 കണ്ടൈനര്‍ പഴ വര്‍ഗ്ഗങ്ങളാണ് വിപണിയിലെത്തിയത്. ഈ വര്‍ഷം ഓറഞ്ച്, മാങ്ങ എന്നിവക്കാണ് ആവശ്യക്കാര്‍ വര്‍ധിക്കുകയെന്ന് അബ്ദുല്‍ വാഹിദ് പറഞ്ഞു. നല്ല ചൂടായതിനാല്‍ ജ്യൂസ് ആവശ്യത്തിന് ഓറഞ്ചാണ് ഉപയോഗിക്കുക. ഇത് പരിഗണിച്ച് സൗത്ത് ആഫ്രിക്കയില്‍ നിന്ന് 35 കണ്ടൈനര്‍ ഓറഞ്ചുകള്‍ എത്തിക്കഴിഞ്ഞു. പാകിസ്താന്‍ മാങ്ങയുടെ സീസണ്‍ ആയതിനാല്‍ എറ്റവും കൂടുതല്‍ മാങ്ങ പാകിസ്താനില്‍ നിന്നാണ് ഇറക്കുന്നത്. ഇത് വരെ ദിവസവും 10 കണ്ടൈനര്‍ മാങ്ങകളാണ് മാര്‍ക്കറ്റില്‍ ഇറക്കിയിരുന്നത്. റമദാന്‍ പ്രമാണിച്ച് ഇറക്കുമതി 15 കണ്ടെനറായി വര്‍ധിപ്പിച്ചു. അമേരിക്ക, ചിലി, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് ആപ്പിളുകള്‍ എത്തിയത്. ഈ രാജ്യങ്ങളില്‍ നിന്ന് കപ്പല്‍ വഴിയാണ് ആപ്പിളുകള്‍ ഒമാനിലെത്തുന്നത്. ഇതിന് 50 ദിവസമെങ്കിലും എടുക്കും. ന്യൂസിലന്‍റ് ആപ്പിളുകള്‍ 30 ദിവസം കൊണ്ടാണ് ഒമാനിലെത്തുന്നത്്. ന്യുസിലന്‍റ് 18 കിലോ ആപിള്‍ കാര്‍ട്ടണ് 11.500 റിയാല്‍ ആണ് മാര്‍ക്കറ്റ് വില. ബ്രസീല്‍ ആപിളിന് വില 10.200 റിയാല്‍, അമേരിക്കന്‍ ആപിളിന് 10.500 റിയാല്‍, സൗത്ത് ആഫ്രിക്കയുടേതിന് 11.000 റിയാല്‍ എന്നിങ്ങനെയാണ് മാര്‍ക്കറ്റ് വില. 15 കിലോ ഓറഞ്ച് കാര്‍ട്ടണ് 5.500 ആണ് വില. സാധാരണ ഓര്‍ഡര്‍ അനുസരിച്ച് മാത്രം വരാറുള്ള ഉല്‍പന്നങ്ങള്‍ റമദാന്‍ സ്പെഷ്യലായി എത്തിയതായും അദ്ദേഹം പറഞ്ഞു. വില പിടിച്ചു നിര്‍ത്താന്‍ മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ ശക്തമായ നടപടികള്‍ ആരംഭിച്ചു. ദിവസവും മാര്‍ക്കില്‍ സര്‍വ്വേ നടത്തുകയും പരിശോധന നടത്തുകയും ചെയ്യുന്നിനാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. റമദാനിലെ ഡിമാന്‍റ് മുന്നില്‍ കണ്ട് ആവശ്യമായ പഴ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ നടപടികള്‍ എടുക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ ഉല്‍പന്നങ്ങള്‍ പരമാധി എത്തിയിട്ടുണ്ട്. ഇത് വില പിടിച്ചു നിര്‍ത്താന്‍ കാരണമാക്കിയി ട്ടുണ്ട്. |
ഇനി ടെന്‍റുകളുടെ കാലം Posted: 05 Jul 2013 10:33 PM PDT കുവൈത്ത് സിറ്റി: റമദാനും തെരഞ്ഞെടുപ്പും ഒരുമിച്ച് വിരുന്നെത്തുന്നതോടെ ഇനി രാജ്യത്ത് ടെന്‍റുകളുടെ പൂക്കാലം. പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാന്‍ സ്വദേശികളുടെ നേതൃത്വത്തില്‍ ഖൈമകള്‍ (ടെന്‍റുകള്‍) ഒരുങ്ങിത്തുടങ്ങിയതിനിടെ തെരഞ്ഞെടുപ്പ് കൂടി അടുത്തെത്തിയതോടെ പ്രചാരണ ടെന്‍റുകളും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുതുടങ്ങി. റമദാന്‍കാല ഖൈമകള്‍ എല്ലാ വര്‍ഷവും ഉയരുന്നതാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേകം ടെന്‍റുകള്‍ തീര്‍ക്കുന്ന ഒരുക്കത്തിലാണ്. ഇതോടെ അക്ഷരാര്‍ഥത്തിലിത് ടെന്‍റുകളുടെ പൂക്കാലമായി. ടെന്‍റുകള്‍ ഒരുക്കുന്ന കമ്പനികള്‍ക്കിത് ചാകരയാണ്. റമദാനിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ തന്നെ സ്ഥാനാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച ടെന്‍റുകള്‍ ഒരുക്കാനാണ് മത്സരം. ഇതുകൊണ്ടുതന്നെ പരമാവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ക്കാണ് ഡിമാന്‍റ് കൂടുതല്‍. റമദാന്‍ വിഭവങ്ങളോടൊപ്പം ആളുകളെ ആകര്‍ഷിക്കാനായി എന്തെല്ലാം പുതുമകള്‍ ഒരുക്കാനാവുമോ അവയെല്ലാം വേണമെന്നാണ് പല സ്ഥാനാര്‍ഥികളും ആവശ്യപ്പെടുന്നതെന്ന് ഒരു ടെന്‍റ് കമ്പനി മാനജേര്‍ ഉഹസന്‍ ഉവൈദ പറഞ്ഞു. ഡിമാന്‍റ് കൂടിയതോടെ ടെന്‍റ് ഒരുക്കുന്നതിനുള്ള കൂലി കമ്പനികള്‍ കുത്തനെ കൂട്ടിയെങ്കിലും അതൊന്നും സ്ഥാനാര്‍ഥികള്‍ക്ക് വിഷയമല്ലെന്നും ഒന്നിനൊന്ന് മികച്ച ടെന്‍റുകളാണ് ഓരോരുത്തരും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രാരണത്തിന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് വമ്പിച്ച പ്രധാന്യമുള്ളതിനാല്‍ അവ ഉപയോഗിക്കാനുള്ള വൈഫൈ സൗകര്യങ്ങളടക്കമുള്ള ടെന്‍റുകളാണ് ഒരുക്കുന്നത്. എല്ലാവിധ ഇലക്ട്രോണിക് സംവിധാനങ്ങളും ടെന്‍റുകളിലുണ്ടാവും. സ്ഥാനാര്‍ഥികളില്‍നിന്ന് ടെന്‍റുകള്‍ ഒരുക്കുന്നതിനുള്ള ക്വട്ടേഷന്‍ പിടിക്കാന്‍ ടെന്‍റ് കമ്പനി പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ തമ്പടിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ഇറങ്ങുന്ന സ്ഥാനാര്‍ഥികളെ കൈയൊടെ പിടികൂടി ക്വട്ടേഷന്‍ നല്‍കുകയാണ് ഇവരുടെ ദൗത്യം. ഡിമാന്‍റ് കൂടിയതോടെ ഇത്തവണ ടെന്‍റ് കമ്പനികള്‍ക്കിടയിലുള്ള മത്സരവും കൂടിയിരിക്കുകയാണെന്ന് ഒരു കമ്പനി പ്രതിനിധി ഉസാമ അല്‍ ആദില്‍ പറഞ്ഞു. റമദാനോടനുബന്ധിച്ച് സാധാരണ പള്ളികള്‍ക്കും ഇസ്ലാമിക് സൊസൈറ്റികള്‍ക്ക് സമീപവുമൊക്കെയാണ് ടെന്‍റുകള്‍ ഉയരാറുള്ളത്. വ്യക്തികളും ചാരിറ്റി സംഘടനകളുമൊക്കെയാണ് ഇതിന് മുന്‍കൈയെടുക്കാറുള്ളത്. പാവപ്പെട്ടവരും സാധാരണക്കാരുമായവര്‍ക്ക് നോമ്പ് തുറക്കാന്‍ അവസരമൊരുക്കുകയാണ് ഇതിന്‍െറ ലക്ഷ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചരണ ടെന്‍റുകള്‍ തങ്ങളെ ജയിപ്പിക്കേണ്ട വോട്ടര്‍മാരോട് വാഗ്ദാനങ്ങള്‍ ചൊരിയാനും വിഭവസമൃദ്ധമായ ഭക്ഷണമൂട്ടാനുമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ടെന്‍റുകളില്‍ വിഭവങ്ങള്‍ നോക്കിയാണ് പലപ്പോഴും ആളുകള്‍ തടിച്ചുകൂടുന്നത്. ഇത് കണക്കിലെടുത്ത് ഭക്ഷണം പരമാവധി വിഭവസമൃദ്ധമാക്കാനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുക. നോമ്പുതുറക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമാവുന്ന ടെന്‍റുകളില്‍ ഇടക്കുള്ള ഭക്ഷണമായ ഗാബയും അത്താഴമായ സൊഹൗറുമൊക്കെയുണ്ടാവും. മുനിസിപ്പാലിറ്റി അധികൃതരുടെ അനുമതിയോടെ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ പൊതുസ്ഥലങ്ങളില്‍ ടെന്‍റുകള്‍ പണിയാന്‍ അനുവാദമുള്ളൂ. തെരഞ്ഞെഞടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കെട്ടിപ്പൊക്കിയ പ്രചരണ ടെന്‍റുകള്‍ അഴിച്ചുമാറ്റാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹ്മദ് അസ്വബീഹ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈമാസം 27ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചരണ ഖൈമകള്‍ ഉയര്‍ന്നുതുടങ്ങുകയായിരുന്നു. വിവിധ കമ്പനികളിലും മറ്റും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന വിദേശികള്‍ക്കിത് ടെന്‍റുകാലം കൊയ്ത്തുകാലം കൂടിയാണ്. ഒരു ടെന്‍റില്‍തന്നെ പാചകവും വിതരണവുമുള്‍പ്പെടെ നിരവധി ജോലിക്കാരെ ആവശ്യമായി വരും. ഇവര്‍ക്ക് വേതനത്തിന് പുറമെ കൈനിറയെ ഭക്ഷണവുമായി തങ്ങളുടെ താമസസ്ഥലങ്ങളിലെത്താം. |
വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം Posted: 05 Jul 2013 09:31 PM PDT പോര്‍ട് ഓഫ് സ്പെയിന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ നിര്‍ണായക മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഉജ്ജ്വല വിജയം. നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിന് ചൂടുപിടിച്ചതോടെയാണ് (83 പന്തില്‍ 102) ഇന്ത്യന്‍ ടോട്ടല്‍ പരമ്പരയില്‍ ആദ്യമായി മുന്നൂറ് കടന്നത്. 56 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച കോഹ്ലി വെടിക്കെട്ട് വേഗത്തിലായിരുന്നു അടുത്ത അര്‍ധശതകവും കടന്ന് സെഞ്ച്വറിയിലേക്ക് മുന്നേറിയത്. 311 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും നഷ്ടമായി. 312 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് മഴ തടസമായതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമം വഴി വിന്‍ഡീസിന്റെ വിജയലക്ഷ്യം 39 ഓവറില്‍ 274 റണ്‍സായി പുന:ക്രമീകരിക്കുകയായിരുന്നു. ആതിഥേയര്‍ 34 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔായി. ഓപ്പണര്‍ ചാള്‍സിനും (39 പന്തില്‍ 45 റണ്‍സ്) വാലറ്റത്ത് റോച്ചിനും (33 പന്തില്‍ 34 റണ്‍സ്) മാത്രമാണ് പേരിനെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഗെയ്ലിന് പത്തു റണ്‍സാണ് നേടാനായത്. അതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമം വഴി 102 റണ്‍സിന് ഇന്ത്യ വിജയം നേടി. |
സ്നോഡന് അഭയം നല്‍കാമെന്ന് നികരാഗ്വയും വെനിസ്വേലയും Posted: 05 Jul 2013 09:30 PM PDT ലണ്ടന്‍: അമേരിക്കയുടെ സൈബര്‍ ചാരവൃത്തി വെളിപ്പെടുത്തിയ യു.എസ് പൗരന്‍ എഡ്വാര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും തയ്യാര്‍. സാഹചര്യം അനുവദിക്കുകയാണെങ്കില്‍ സ്നോഡന് അഭയം നല്‍കാമെന്ന് നികരാഗ്വ പ്രസിഡണ്ട് ഡാനിയേല്‍ ഒര്‍ട്ടേഗയും തങ്ങള്‍ തയാറാണെന്ന് വെനീസ്വേലന്‍ പ്രസിഡണ്ട് നികോളാസ് മദുറോയും അറിയിച്ചു. വെളിപ്പെടുത്തലിനുശേഷം അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് ഒളിവില്‍ പോയ സ്നോഡന്‍ ഇപ്പോള്‍ റഷ്യയിലെ മോസ്കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് മേഖലയില്‍ കഴിയുകയാണ്. ഇതിനകം 27 രാജ്യങ്ങളോട് ഇദ്ദേഹം അഭയം തേടി. വെള്ളിയാഴ്ച ആറു രാജ്യങ്ങളോട് കൂടി സഹായം തേടിയിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലുണ്ടാവുമെന്നതിനെ തുടര്‍ന്ന് രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ളെന്ന് സ്നോഡനെ പിന്തുണക്കുന്ന വിക്കിലീക്സ് വെബ്സൈറ്റ് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഫോണ്‍,വെബ്സൈറ്റ് വിശദാംശങ്ങള്‍ യു.എസ് ചോര്‍ത്തുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് സ്നോഡന്‍ നടത്തിയത്. |
ഇശ്റത്ത് തീവ്രവാദിയല്ലെന്ന് സി.ബി.ഐ; സമ്മതിക്കാതെ ഐ.ബി Posted: 05 Jul 2013 08:24 PM PDT ന്യൂദല്‍ഹി: ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം ഗുജറാത്ത് പൊലീസിനും ഇന്‍റലിജന്‍സ് ബ്യൂറോക്കും (ഐ.ബി) കനത്ത പ്രഹരമായതോടെ ഇശ്റത്ത് തീവ്രവാദിയാണെന്ന് വരുത്താന്‍ ആസൂത്രിത നീക്കം. ഇശ്റത്ത്, ലശ്കറെ ത്വയ്യിബയുടെ കണ്ണിയാണെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി നേരത്തേ വെളിപ്പെടുത്തിയിരുന്നുവെന്ന് ഐ.ബി കേന്ദ്രങ്ങള്‍ മാധ്യമങ്ങളോട് ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. ഇശ്റത്ത്, ആലപ്പുഴ സ്വദേശി പ്രണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലുപേരെ അറുകൊല ചെയ്ത ഗുജറാത്ത് പൊലീസ്, ഇവര്‍ നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്ന ലശ്കര്‍ തീവ്രവാദികളാണെന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, സി.ബി.ഐ ഈയിടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇശ്റത്തിന്‍െറയും മറ്റു മൂന്നുപേരുടെയും തീവ്രവാദബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ എന്തുകൊണ്ട് സി.ബി.ഐ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് വിശദീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹെഡ്ലി പറഞ്ഞത് സി.ബി.ഐ മറച്ചുവെച്ചതിലൂടെ, മോഡിയെ കുടുക്കുക മാത്രമാണ് കോണ്‍ഗ്രസിന്‍െറ ലക്ഷ്യമെന്ന് വ്യക്തമായെന്നും ബി.ജെ.പി വക്താവ് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.അതേസമയം, ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കണ്ട് ആവശ്യപ്പെട്ടു. കുറ്റം ചെയ്തവര്‍ ആരായാലും അവരെ സഹായിക്കുന്ന തരത്തിലുള്ള മാധ്യമപ്രചാരണങ്ങള്‍ അനുവദിക്കരുത്. അതിനാല്‍ ഇശ്റത്തിനെക്കുറിച്ച് ഹെഡ്ലി പറഞ്ഞതിന്‍െറ വിവരം പുറത്തുവിടണം -ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ മോഡി സര്‍ക്കാറും ഐ.ബിയും ഒരുപോലെ പ്രതിരോധത്തിലാണ്. അന്വേഷണം മോഡിയിലേക്ക് നീളുമെന്ന ഘട്ടത്തില്‍ ഇശ്റത്തിന്‍െറ തീവ്രവാദബന്ധം ചര്‍ച്ചയാകുന്നതിന്‍െറ ഗുണം ഇവര്‍ക്കാണ്. അമേരിക്കന്‍ ജയിലിലുള്ള ഹെഡ്ലിയെ 2010ല്‍ മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം അവിടെ ചെന്ന് ചോദ്യംചെയ്തിരുന്നു. ഇശ്റത്ത് ലശ്കറെ ത്വയ്യിബയുടെ കണ്ണിയാണെന്ന് ഹെഡ്ലി സമ്മതിച്ചുവെന്ന് ചോദ്യംചെയ്യലിനുശേഷം എന്‍.ഐ.എ തയാറാക്കിയ 119 പേജ് വരുന്ന റിപ്പോര്‍ട്ടിലുണ്ടെന്നാണ് ഐ.ബി പുറത്തുവിടുന്ന വിവരം. ഇതുസംബന്ധിച്ച് സി.ബി.ഐക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ഐ.ബി അയച്ച കത്താണ് ഇശ്റത്തിന് ലശ്കര്‍ ബന്ധമുണ്ടെന്ന വാര്‍ത്തകളുടെ ഉറവിടം. ഇശ്റത്തിനെതിരായ ഹെഡ്ലിയുടെമൊഴി സി.ബി.ഐ കോടതിയില്‍ കഴിഞ്ഞ മാസം ഗുജറാത്ത് പൊലീസ് ഉന്നയിച്ചിരുന്നു. തീവ്രവാദിയാണെങ്കില്‍പോലും ഒരാളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കും അധികാരമില്ലെന്നായിരുന്നു അന്ന് കോടതി ഇതിനോട് പ്രതികരിച്ചത്. |
പ്രവാസി വ്യവസായി രണ്ടേകാല്‍ ലക്ഷം റിയാല്‍ നല്‍കി; വിനീഷിന് മോചനം Posted: 05 Jul 2013 08:21 PM PDT ഖമീസ്മുശൈത്: ഒന്നര വര്‍ഷത്തോളമായി ബ്ളഡ്മണി കൊടുക്കാന്‍ കഴിയാത്തതിനാല്‍ സൗദി ജയിലില്‍ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശിക്ക് പ്രമുഖ മലയാളി പ്രവാസി വ്യവസായിയുടെ സഹായത്തില്‍ മോചനം. മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കേണ്ട ദിയാധനമായ രണ്ടേകാല്‍ ലക്ഷം സൗദി റിയാല്‍ കെട്ടിവെക്കാനില്ലാത്തതിനാല്‍ സൗദിയിലെ അബഹ ജയിലില്‍ കഴിഞ്ഞ ഇടുക്കി ചെറുതോണി കുളമാവ് സ്വദേശി നിരപ്പത്തുവീട്ടില്‍ വിനീഷ് പാപ്പച്ചനാണ് വ്യാഴാഴ്ച മോചിതനായത്. നഷ്ടപരിഹാരമായി കോടതി വിധിച്ച രണ്ടേകാല്‍ ലക്ഷം സൗദി റിയാല്‍ നല്‍കാന്‍ പ്രവാസി വ്യവസായ പ്രമുഖനും അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാനുമായ മുഹമ്മദ് ആലുങ്ങല്‍ തയാറായതാണ് വിനീഷിന്‍െറ മോചനത്തിന് വഴിതെളിച്ചത്.മജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം വിനീഷ് ജയിലിന് പുറത്തെത്തി. ജയില്‍മോചനത്തിന് സഹായമാവശ്യപ്പെട്ട് വിനീഷിന്‍െറ നിര്‍ധനകുടുംബം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ച് സാമ്പത്തിക സഹായം നല്‍കാന്‍ മുഹമ്മദ് ആലുങ്ങല്‍ മുന്നോട്ടു വന്നു. നഷ്ടപരിഹാരത്തുക ഒന്നര ലക്ഷമാക്കി കുടുംബവുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. മരണപ്പെട്ടയാളുടെ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയോ മുഴുവന്‍ തുക നല്‍കുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് വീണ്ടും മുഖ്യമന്ത്രി മുഹമ്മദ് ആലുങ്ങലിനെ ബന്ധപ്പെട്ട് മുഴുവന്‍ സംഖ്യയും നല്‍കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. |
No comments:
Post a Comment