സ്വാഗതം
WELCOME

News Update..

Monday, July 15, 2013

ജനഹിതം മറന്ന് ആര്‍ക്കും ഭരിക്കാനാവില്ലെന്ന് ചെന്നിത്തല Madhyamam News Feeds

ജനഹിതം മറന്ന് ആര്‍ക്കും ഭരിക്കാനാവില്ലെന്ന് ചെന്നിത്തല Madhyamam News Feeds

Link to

ജനഹിതം മറന്ന് ആര്‍ക്കും ഭരിക്കാനാവില്ലെന്ന് ചെന്നിത്തല

Posted: 15 Jul 2013 12:14 AM PDT

Image: 

തിരുവനന്തപുരം: ജനഹിതം മറന്ന് ആരു ഭരണം നടത്തിയാലും അത് അധികകാലം നിലനില്‍ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. പട്ടം താണു പിള്ള അനുസ്മരണ ചടങ്ങിനിടെയാണ് ചെന്നിത്തലയുടെ താക്കീത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ ആണ് യജമാനനമാര്‍. ജനഹിതം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ജനഹിതം മാനിക്കാതെ ഭരണം നടത്തുന്ന ഏതൊരാള്‍ക്കും അധികകാലം മുന്നോട്ടു പോവാനാവില്ല - ചെന്നിത്തല പറഞ്ഞു.
എന്നാല്‍, ആര്  എന്ത് സമരം ചെയ്താലും സര്‍ക്കാറിന്‍്റെ അജണ്ട മാറ്റില്ലെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പണിമുടക്കില്‍ പ്രതിഷേധം: നാട്ടുകാര്‍ ബസുകള്‍ തടഞ്ഞു

Posted: 14 Jul 2013 11:37 PM PDT

എരുമപ്പെട്ടി: ജനങ്ങളെ ബുദ്ധിമുട്ടിലാക്കി രണ്ടുദിവസം ബസ് പണിമുടക്ക് നടത്തിയ തൊഴിലാളി യൂനിയന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി - കുന്നംകുളം  റൂട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ച  രാവിലെ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. 
എരുമപ്പെട്ടി കരിയന്നൂരിലാണ് ജനങ്ങള്‍ സംഘടിച്ച് ആദ്യം ബസ് തടഞ്ഞത്. 
രാവിലെ 7.30ന് പ്രകടനമായെത്തിയ ജനങ്ങള്‍ കരിയന്നൂര്‍ ബസ് സ്റ്റോപ്പ് പരിസരത്ത് ഇരുഭാഗത്തുനിന്നും വന്ന ബസുകള്‍ തടഞ്ഞിടുകയും ജീവനക്കാര്‍ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ്  എരുമപ്പെട്ടി, വെള്ളറക്കാട്, മരത്തംകോട് പ്രദേശത്തും നാട്ടുകാര്‍ രംഗത്തിറങ്ങി ബസുകള്‍ തടഞ്ഞു.
മരത്തംകോട് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി ഫാത്തിമ ബസില്‍ കയറിയപ്പോള്‍ കൈപിടിച്ച് തിരിച്ച് പുറത്തേക്ക് തള്ളിയിട്ട സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടറെ കുന്നംകുളം പൊലീസ്  അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ്  വെള്ളിയാഴ്ച  ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിലോടുന്ന പി.വി.ടി ബസിലെ കണ്ടക്ടര്‍ വരവൂര്‍ കിഴക്കൂട്ട്  വീട്ടില്‍ സുരേഷാണ് (40) അറസ്റ്റിലായത്.  
അറസ്റ്റിലായ സുരേഷിനെ  കോടതി റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച  ബി.എം.എസ് യൂനിയന്‍െറ ആഹ്വാന പ്രകാരം ബസ് ജീവനക്കാര്‍  വീണ്ടും പണിമുടക്കി. ബാബു എം. പാലിശേരി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെത്തുടര്‍ന്ന് ഞായറാഴ്ച മുതല്‍ ബസ് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് നടത്തിയ പണിമുടക്കിനെതിരെ ജനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണ്ട് ഭയന്ന് ചില ജീവനക്കാര്‍ ബസ് നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. 
എരുമപ്പെട്ടി അഡീഷനല്‍ എസ്.ഐ പി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ പ്രതിനിധികളെയും ബസ് ഉടമകളെയും വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. ബസ് സര്‍വീസ്  നിര്‍ത്തിവെച്ചു കൊണ്ടുള്ള മിന്നല്‍ പണിമുടക്ക് മേലില്‍ ഉണ്ടാകരുത്, സമരത്തിന് കാരണക്കാരനായ ബസ് കണ്ടക്ടറെ  ഈ റൂട്ടിലെ ഒരു ബസിലും കണ്ടക്ടറായി നിയമിക്കരുത്, എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തി യാത്രക്കാരെയും  വിദ്യാര്‍ഥികളെയും കയറ്റുക, യാത്രക്കാരോടും വിദ്യാര്‍ഥികളോടും ബസ് ജീവനക്കാര്‍ മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ബസ് ഉടമകള്‍ അംഗീകരിച്ചതോടെ  മൂന്നു മണിക്കൂര്‍ നീണ്ട സമരം രാവിലെ 10.30 ഓടെ തീര്‍ന്നു. 
 

കാണാതാകുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ പ്രത്യേക സംവിധാനം

Posted: 14 Jul 2013 11:17 PM PDT

കൊല്ലം: കാണാതാകുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍   പൊലീസിന് കീഴില്‍ പ്രത്യേക സംവിധാനം. ‘മിസിങ് പേഴ്സന്‍സ് ട്രെയ്സിങ് യൂനിറ്റ് ’ എന്നാണ് പുതിയ സംവിധാനത്തിന്‍െറ പേര്. കാണാതാകുന്നവരെ തിരികെയെത്തിക്കാനുള്ള അന്വേഷണം ഫലപ്രദമല്ലെന്ന കോടതി നിരീക്ഷണത്തിന്‍െറ  അടിസ്ഥാനത്തിലാണ്  ജില്ലകളില്‍  ട്രെയ്സിങ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷന് കീഴിലെ ദൈനംദിന തിരക്കുകള്‍ക്കും ക്രമസമാധാനപാലന നടപടികള്‍ക്കുമിടയില്‍  ഇത്തരം കേസുകളിലെ അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന കണ്ടെത്തലും ഇതിന് പ്രേരണയായിട്ടുണ്ട്.
 ജില്ലയില്‍ കഴിഞ്ഞ ആഴ്ച യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് കേസുകളില്‍ മൂന്ന് പേരെ കണ്ടെത്താനുമായി. ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പിക്കാണ് യൂനിറ്റിന്‍െറ ചുമതല. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൂടാതെ മൂന്നോ നാലോ ഗ്രേഡ് എസ്.ഐമാരും, എ.എസ്.ഐമാരും ആവശ്യത്തിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരും, സിവില്‍ പൊലീസ് ഓഫിസര്‍മാരും അടങ്ങുന്നതാണ് യൂനിറ്റ്. 
കാണാതാകുന്നവരെക്കുറിച്ച് പരാതി ലഭിച്ചാല്‍  ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി അന്വേഷണം നടക്കും. എസ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ അന്വേഷണത്തില്‍ 15 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ലെങ്കില്‍ അന്വേഷണം ട്രെയ്സിങ് യൂനിറ്റിന് കൈമാറുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ട്രെയ്സിങ് യൂനിറ്റ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക ടീം  രൂപവത്കരിച്ചായിരിക്കും തുടര്‍ന്നുള്ള അന്വേഷണം. എങ്കിലും അതാത് സ്റ്റേഷനിലെ  എസ്.ഐ തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. അതോടൊപ്പം ട്രെയ്സിങ് യൂനിറ്റിലെ ഗ്രേഡ് എസ്.ഐ മാരെയും സിവില്‍ പൊലീസ് ഓഫിസര്‍മാരെയും സംഘത്തിലുള്‍പ്പെടുത്തും.  എ.സി.പിയുടെ മേല്‍നോട്ടത്തില്‍ ഇവരെ രണ്ടോ മൂന്നോ സംഘങ്ങളായി തിരിച്ച് ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലുള്‍പ്പെടെ അന്വേഷണത്തിനയക്കും. കേസിന്‍െറ സ്വഭാവം അനുസരിച്ചാണ് അന്വേഷണം നടക്കുക. സൈബര്‍ സെല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സേവനവും ട്രെയ്സിങ് യൂനിറ്റ്  പ്രയോജനപ്പെടുത്തും. അന്വേഷണപുരോഗതിയും വിവരങ്ങളും യഥാസമയം  ഫയലില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും യൂനിറ്റുകള്‍ക്ക് നിര്‍ദേശമുണ്ട്. ഇവ ഒന്നിടവിട്ട ദിവസങ്ങളില്‍ സി.ഐയും നാല് ദിവസത്തിലൊരിക്കല്‍ എ.സി.പിമാരും, ആഴ്ചയിലൊരിക്കല്‍ കമീഷണറും മാസത്തിലൊരിക്കല്‍ റേഞ്ച് ഐ.ജിയും പരിശോധിച്ച്  വിലയിരുത്തും. തുടക്കമെന്ന നിലയില്‍ കാണാതായ പെണ്‍കുട്ടികളുടെയും വനിതകളുടെയും കുട്ടികളുടെയും കേസുകള്‍ ട്രെയ്സിങ് യൂനിറ്റുകള്‍ ഏറ്റെടുക്കണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം.
കാണാതാകുന്നവരെ എത്രയുംവേഗം കണ്ടെത്താന്‍ എല്ലാ സാധ്യമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും യൂനിറ്റിന്‍െറ പ്രവര്‍ത്തനം.  സംസ്ഥാനത്ത് ട്രെയ്സിങ് യൂനിറ്റുകളുടെ നെറ്റ്വര്‍ക് സാധ്യമാകുന്നതോടെ നടപടികള്‍ കൂടുതല്‍ സുഗമമാകുമെന്നാണ് കരുതുന്നത്. 
ജില്ലയില്‍ പള്ളിത്തോട്ടം, പരവൂര്‍ സ്റ്റേഷനുകള്‍ക്ക് കീഴിലെ മൂന്ന് കേസുകളാണ് ഇതിനിടെ കണ്ടെത്താനായത്. ജോലിക്കായെത്തിയ തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മാനസിക തകരാറുണ്ടെന്ന് പറയപ്പെടുന്ന ഇയാള്‍ക്കായി മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. 
കാണാതായവരെ കണ്ടെത്താന്‍ സ്വതന്ത്ര സംവിധാനത്തിന് രൂപം നല്‍കിയിട്ടും കേസിന്‍െറ അന്വേഷണ ചുമതല ബന്ധപ്പെട്ട എസ്.ഐക്ക് തന്നെ നല്‍കുന്നത് സ്റ്റേഷനുകളിലെ മറ്റ്  ക്രമസമാധാന നടപടികളെ തടസ്സപ്പെടുത്തുമോയെന്ന  ആശങ്ക നിലനില്‍ക്കുന്നു. 
കേസ് രജിസ്റ്റര്‍ ചെയ്ത്  15 ദിവസം കഴിയുമ്പോള്‍  മാത്രമേ അന്വേഷണം  പൂര്‍ണമായി പുതിയ സംവിധാനത്തിലേക്ക് മാറൂ എന്നത്  സ്റ്റേഷനുകള്‍ക്ക് അമിതഭാരമാകുമെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ ട്രെയ്സിങ് യൂനിറ്റിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ദിവസത്തെ നിര്‍ണായക അന്വേഷണ വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു നടപടിയെന്നും അറിയുന്നു. 
 

കൊല്ലം ചടയമംഗലത്ത് ബസപകടം; ഒരു മരണം

Posted: 14 Jul 2013 11:12 PM PDT

Image: 

കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍്ററി സ്കൂളിലെ അധ്യാപിക തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രിയയാണ് മരിച്ചത്.  കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ആണ് മൃതദേഹം ഉള്ളത്.

40 തോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പത്തുപേര്‍  വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജിലും 15 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആണുള്ളത്.
രാവിലെ ഒമ്പതരയോടെയാണ് അപകടം.  തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി ഫാസ്റ്റ് പാസഞ്ചര്‍ ബസും ചടയമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യബസും ആണ് കൂട്ടിയിടിച്ചത്. ബസുകള്‍ പൂര്‍ണമായും തകര്‍ന്നു.

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ബസ് എത്തിയാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്.  അമിതവേഗതയില്‍ ആയിരുന്നു രണ്ടു ബസും. അപകടം പതിവായ എം.സി റോഡിലെ കൊടും വളവില്‍ ആണ് കൂട്ടിയിടി നടന്നത്.

നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു; കണ്ടിട്ടും കാണാതെ അധികൃതര്‍

Posted: 14 Jul 2013 11:09 PM PDT

തിരുവനന്തപുരം: മാലിന്യപ്രശ്നത്തിന് പരിഹാര നടപടികള്‍ ഒച്ചിഴയും വേഗത്തില്‍ നീങ്ങുമ്പോള്‍ മഴയും മാലിന്യവും നഗരത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അധികൃതര്‍ കാണുന്നില്ല. മാലിന്യം മറവ്ചെയ്യാന്‍ വഴിതേടി വിഷമിക്കുകയാണ് നഗരവാസികള്‍. മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്മൂലം മാലിന്യം കുന്നുകൂടുകയാണ്. 
ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ഭീതിജനിപ്പിക്കുംവിധം പെരുകുമ്പോള്‍ മാലിന്യം മഴവെള്ളത്തില്‍ റോഡാകെ ഒഴുകിപ്പരക്കുകയാണ് പലയിടത്തും. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് പൂര്‍ണമായി നിലച്ചതിനാല്‍ ഇവയില്‍ പുഴുക്കള്‍ നിറഞ്ഞിട്ടുണ്ട്. കൂടാതെ ഈച്ചയും കൊതുകും രൂക്ഷമായ ദുര്‍ഗന്ധവും പലയിടത്തും കാല്‍നട യാത്ര ദുഷ്കരമാക്കുന്നു. 
റോഡ്വശങ്ങള്‍, ഓടകള്‍, ആമയിഴഞ്ചാന്‍തോട് എന്നിവയാണ് പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങള്‍. സ്റ്റാച്യു ട്യൂട്ടേസ്ലെയ്ന്‍, ശ്രീകണ്ഠേശ്വരം,അട്ടക്കുളങ്ങര, ബൈപാസ്, കോട്ടയ്ക്കകം, ചാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും ചാക്ക-കോവളം ബൈപാസും മാലിന്യത്താല്‍ ദുരിതത്തിലാണ്. തലസ്ഥാനജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 
15 ദിവസം പിന്നിടുമ്പോള്‍ മാത്രം ഡെങ്കിബാധിതര്‍ 400 കടന്നിട്ടുണ്ട്. നിലനില്‍ക്കുന്ന മാലിന്യവും മഴയും ഇവ കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്ന ഭീതിയില്‍തന്നെയാണ് നഗരവാസികള്‍. 
റെയില്‍വേ പ്ളാറ്റ്ഫോം നിര്‍മാണത്തിലൂടെ മാലിന്യം നീക്കംചെയ്യാനാവുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ പ്ളാറ്റ്ഫോം നിര്‍മാണത്തിനുള്ള നടപടികള്‍ തുടരുകയാണ്. നഗരത്തില്‍ കുന്നുകൂടിയിട്ടുള്ള മാലിന്യത്തില്‍ നല്ലൊരുഭാഗം ഇവിടേക്ക് വേണ്ടിവരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മാലിന്യം കുന്നുകൂടിയ അട്ടക്കുളങ്ങര ബൈപാസ് ഭാഗത്ത് മഴ തുടങ്ങിയതോടെ ദുരിതമാണ്.
 

പരാധീനതകള്‍ക്ക് പരിഹാരമാവുന്നു

Posted: 14 Jul 2013 11:02 PM PDT

Subtitle: 
തുപ്പനാട്-മൂന്നേക്കര്‍ റോഡ് നന്നാക്കാന്‍ ഫണ്ടുകള്‍
കല്ലടിക്കോട്: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തുപ്പനാട്-മൂന്നേക്കര്‍-മീന്‍വല്ലം റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. പുതിയ സാമ്പത്തിക വര്‍ഷം തുപ്പനാട്-മൂന്നേക്കര്‍-മീന്‍വല്ലം റോഡിന്‍െറ പരാധീനതകള്‍ പരിഹരിക്കാന്‍ ത്രിതല ഭരണസംവിധാനങ്ങള്‍ തങ്ങളുടെ പങ്ക് നിറവേറ്റുമെന്ന് വ്യക്തമാക്കികഴിഞ്ഞു. കെ.വി .വിജയദാസ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് ആനക്കല്ല് മുതല്‍ മൂന്നേക്കര്‍ വരെ റോഡ് ഗതാഗതയോഗ്യമാക്കാനാണ് തീരുമാനം. മൂന്നേക്കര്‍-മീന്‍വല്ലം റോഡ് ടാറിങ് നടത്താനും ബാക്കിയുള്ള ഭാഗം നന്നാക്കാനും ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മരുതംകാട് മേഖലയിലെ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ കരിമ്പ ഗ്രാമപഞ്ചായത്ത് വിഹിതമായി എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുപ്പനാട്-മൂന്നേക്കര്‍-മീന്‍വല്ലം റോഡിലെ വഴുക്കപ്പാറ കല്ലുങ്കിന്‍െറ നവീകരണത്തിന് ജില്ലാ പഞ്ചായത്തംഗത്തിന്‍െറ വിഹിതമായി 15 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. 

അപ്പന്‍കാപ്പ് കോളനിയില്‍ കാട്ടാനകളുടെ പരാക്രമം

Posted: 14 Jul 2013 10:54 PM PDT

എടക്കര: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ കാട്ടാനകളുടെ പരാക്രമം. 
കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയിലിറങ്ങിയ ഒറ്റയാന്‍മാര്‍ വ്യാപക കൃഷിനാശം വരുത്തുകയും വൈദ്യുതി പോസ്റ്റ്് തകര്‍ക്കുകയും ചെയ്തു. കോളനിയിലെ വേലായുധന്‍, അപ്പു, മാഞ്ചന്‍, വലിയരാമന്‍, കുട്ടപ്പന്‍ എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവ ആനകള്‍ നശിപ്പിച്ചു. ആന മറിച്ചിട്ട തെങ്ങ് വീണാണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നത്.  
മാഞ്ചന്‍െറ വീട്ടു ചുവരില്‍ സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡും നശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി കോളനിയില്‍ ആനകള്‍ ഇറങ്ങുന്നുണ്ട്. കോളനിക്കാര്‍ ഏറെ ഭീതിയിലാണ്. 
പലരും രാത്രി പേടിച്ച് ഉറങ്ങാറില്ല. ആനയിറങ്ങാതിരിക്കാന്‍ കോളനിക്ക് ചുറ്റും ലക്ഷങ്ങള്‍ മുടക്കി മതില്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലാണ് ആനകള്‍ കോളനിയിലെത്തുന്നത്. 

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും കണ്ടക്ടറെയും വിവാഹസംഘം മര്‍ദിച്ചു

Posted: 14 Jul 2013 10:47 PM PDT

Subtitle: 
എട്ടുപേര്‍ അറസ്റ്റില്‍
അടൂര്‍: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ് വിവാഹ ഓട്ടം പോയ ടൂറിസ്റ്റ് ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വിവാഹസംഘത്തില്‍പ്പെട്ട 15 ഓളംപേര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും വനിത കണ്ടക്ടറെയും മര്‍ദിച്ചു. ബസിന്‍െറ ഗ്ളാസും തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മര്‍ദനത്തില്‍ പരിക്കേറ്റ കെ.എസ്.ആര്‍. ടി.സി ബസ് ഡ്രൈവര്‍ പത്തനാപുരം മാലൂര്‍ വട്ടക്കാല ഷൈജു ഭവനില്‍ ഷൈജു (35), വനിത കണ്ടക്ടര്‍ മാലൂര്‍ മല്ലശേരിവീട്ടില്‍ സീന ബേബി (37) എന്നിവര്‍ പത്തനാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഏനാത്ത് കളമല റീത്തുപള്ളിക്ക് സമീപമായിരുന്നു സംഭവം. 
മാന്നാര്‍ സ്വദേശികളായ ശരത് രാജ്, സുരേഷ്, സുനില്‍, ദിലീപ്, അജിതന്‍, മനു, രാജേഷ്, രമേശ് എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാന്നാറില്‍ നിന്ന് വിവാഹപാര്‍ട്ടിയുമായി കടുവാതോട്ടിലെ വിവാഹസ്ഥലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് എതിരെ വന്ന  കെ.എസ്.ആര്‍.ടി.സി ബസ് സൈഡ് കൊടുത്തില്ലത്രേ. തുടര്‍ന്ന് ഉച്ചയോടെ കെ.എസ്.ആര്‍.ടി.സി ബസ് ഏനാത്തുനിന്ന് പത്തനാപുരത്തേക്ക് പോകവേ എതിരെ വന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാരും യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും വനിത കണ്ടക്ടറെയും മര്‍ദിച്ചു.
 ബസിന്‍െറ ഗ്ളാസ് തകര്‍ക്കുകയും ചെയ്തു. നാട്ടുകാരാണ് ഡ്രൈവറെയും വനിത കണ്ടക്ടറെയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ ടൂറിസ്റ്റ് ബസിന്‍െറ ഡ്രൈവറും ക്ളീനറും ഓടിരക്ഷപ്പെട്ടു. മറ്റുള്ളവരെ നാട്ടുകാര്‍ പിടികൂടിയാണ് ഏനാത്ത് പൊലീസില്‍ ഏല്‍പിച്ചത്. 
പത്തനാപുരം ഡിപ്പോയിലെ പത്തനാപുരം-ഏനാത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ലുകളാണ് തകര്‍ത്തത്. 
സംഭവവുമായി ബന്ധപ്പെട്ട് മാന്നാര്‍ സ്വദേശികളായ ശരത് രാജ്, സുരേഷ്, സുനില്‍, ദിലീപ്, അജിതന്‍, മനു, രാജേഷ്, രമേശ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. 
 

പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാങ്കുളത്ത് യു.ഡി.എഫില്‍ പോര് മുറുകുന്നു

Posted: 14 Jul 2013 10:39 PM PDT

മാങ്കുളം: അവിശ്വാസത്തിലൂടെ കേരള കോണ്‍ഗ്രസ് അംഗമായ പ്രസിഡന്‍റിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് മാങ്കുളത്ത് യു.ഡി.എഫിലുണ്ടായ തര്‍ക്കം അണികള്‍ക്കിടയിലേക്ക് വ്യാപിക്കുന്നു. പോരിന് വീര്യം പകര്‍ന്ന് ഇരുപാര്‍ട്ടികളും നോട്ടീസും പ്രസ്താവനയും ഇറക്കി അങ്കം കുറിച്ചുകഴിഞ്ഞു.  ഈ മാസം നാലിനുമുമ്പ് രാജിക്കത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ ഏല്‍പിക്കാന്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തതായും പറയുന്നു. തെളിവിനായി കമ്മിറ്റിയുടെ മിനുട്സും നോട്ടീസിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസ് തൊട്ടടുത്ത ദിവസം  രൂക്ഷമായ ഭാഷയിലാണ് നോട്ടീസിന് മറുപടി കൊടുത്തത്. അഴിമതിയും ക്രമക്കേടും ഭരണസ്തംഭനവും ആരോപിച്ച് നല്‍കിയ പ്രമേയചര്‍ച്ചയില്‍  അതിനെ അനുകൂലിച്ചവര്‍ ഇടുതപക്ഷ ആരോപണം ശരിവെക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസിന്‍െറ വൈസ് പ്രസിഡന്‍റും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ അഴിമതിയാണെങ്കില്‍  അതിന്‍െറ ഫലം പറ്റിയത് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളുമാണെന്നും നോട്ടീസില്‍  പറയുന്നു. കേരള കോണ്‍ഗ്രസിന് രണ്ടരവര്‍ഷം പ്രസിഡന്‍റ് സ്ഥാനം നിശ്ചയിച്ച് നല്‍കിയത് യു.ഡി.എഫ് ജില്ലാ നേതൃത്വമാണെന്നും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസിന്‍െറ കൈയിലുള്ള  സ്ഥാനങ്ങള്‍ കേരള  കോണ്‍ഗ്രസിന് കൈമാറാമെന്ന വ്യവസ്ഥയും പാലിക്കില്ലെന്ന് മാസങ്ങള്‍ക്കുമുമ്പ് മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തിയ കോണ്‍ഗ്രസ് മെമ്പര്‍മാരാണ് ധാരണ ആദ്യം ലംഘിച്ചതെന്ന് കേരള കോണ്‍ഗ്രസ് പറയുന്നു. 
യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുമായുണ്ടാക്കിയ ധാരണപ്രകാരം ജൂലൈ 30നകം കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ പ്രസിഡന്‍റന്‍െറ രാജിക്കത്ത് അധികാരികള്‍ക്ക് കൈമാറേണ്ടതില്ലെന്ന് തീരുമാനിക്കുകയും രാജിസന്നദ്ധത  യു.ഡി.എഫ് നേതൃത്വത്തെ രേഖാമൂലം അറിയിക്കാന്‍ തീരുമാനിക്കുകയുമാണ് ചെയ്തത്. ഇതനുസരിച്ച് രാജിക്കത്ത് ഷിജി ജോര്‍ജ് യു.ഡി.എഫ് ചെയര്‍മാന് കൈമാറുകയും ഈ വിവരം ചെയര്‍മാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് കമ്മിറ്റിയില്‍ എടുത്ത തീരുമാനപ്രകാരം രാജിക്കത്ത് ഏല്‍പിക്കുകയും അംഗങ്ങളെ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയും രണ്ടുപേര്‍ അനുകൂലിച്ചും രണ്ടുപേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. കരാര്‍ അനുസരിച്ച് പദവിയൊഴിയേണ്ട കോണ്‍ഗ്രസ് അംഗങ്ങള്‍ ഇപ്പോഴും പദവിയില്‍ തുടരുകയും പ്രസിഡന്‍റ്സ്ഥാനം ലഭിക്കാന്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുകയും ഇടതുപക്ഷവുമായി സഖ്യര്‍ച്ച നടത്തുകയും ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് ആരോപിച്ചു.
 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് യു.ഡി.എഫിലെ തര്‍ക്കം നീങ്ങുമെന്ന് ഏറക്കുറെ ഉറപ്പായ മട്ടാണ്.

താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍

Posted: 14 Jul 2013 10:27 PM PDT

കോട്ടയം: മഴ ശമിച്ചിട്ടും താഴ്ന്നപ്രദേശങ്ങളിലെ ദുരിതത്തിന് അറുതിയായില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ ഇപ്പോഴും നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയംതേടിയിരിക്കുന്നത്. 
സ്കൂള്‍ തുറന്നിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികള്‍ സ്കൂളില്‍ പോയത്.അധ്യയനവര്‍ഷാരംഭത്തിന്‍െറ തുടക്കത്തില്‍ മഴക്ക് കൂട്ട അവധി കിട്ടിയത് ഇതാദ്യമാണ്. 
 ചങ്ങനാശേരി-ആലപ്പുഴ റോഡിന്‍െറ മിക്കയിടത്തും ഉള്‍പ്രദേശങ്ങളിലും വെള്ളം നിറഞ്ഞതിനാല്‍ ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍പോലും കഴിയുന്നില്ല. നാമമാത്ര യാത്രാബോട്ടുകളെ ആശ്രയിച്ചാണ് പലരും നഗരത്തിലെത്തുന്നത്.ചിലര്‍ ബന്ധുവീടുകളില്‍ അഭയംതേടിയിരിക്കുയാണ്.
 വെള്ളത്തില്‍ ഒറ്റപ്പെട്ടുപോയ വളര്‍ത്തുമൃഗങ്ങളുടെ കാര്യവും അതിദയനീയമാണ്. വെള്ളത്തിനടിയിലായ പലവീടുകളുടെയും ഭിത്തികള്‍ വിണ്ടുകീറി തകര്‍ന്ന്വീഴുമെന്ന ആശങ്കയുണ്ട്.ഗൃഹോപകരണങ്ങള്‍ അടക്കമുള്ള സാധനസാമഗ്രികള്‍സംരക്ഷിക്കാന്‍ കുടുംബത്തിലെ ഒരാള്‍ വീട്ടില്‍ കഴിയുകയാണ്.
 മനക്കച്ചിറയിലും പുളിങ്കുന്നും മങ്കൊമ്പിലും ഇരമ്പിയെത്തുന്ന ജലം വാഹനയാത്രക്കാരെ വട്ടം കറക്കുന്നുണ്ട്. എ.സി റോഡിലൂടെയുള്ള യാത്ര അപകടംനിറഞ്ഞതിനാല്‍ വാഹനഗതാഗതം ഒഴിവാക്കണമെന്ന് കെ.എസ്. ടി.പി അധികൃതര്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
മഴക്കെടുതിയില്‍ വലയുന്ന കോട്ടയം,ചങ്ങനാശേരി താലൂക്കുകളില്‍ തുറന്ന നിരവധി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. 
 അപ്പര്‍കുട്ടനാട് മേഖലയിലെ രണ്ടാം കൃഷി അവതാളത്തിലാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൃഷിക്കായി വെള്ളം വറ്റിച്ച പല പാടശേഖരങ്ങളിലും വീണ്ടും വെള്ളം കയറിയതിനാല്‍ കൃഷിക്ക് കാലതാമസം നേരിടുമെന്ന് കര്‍ഷകര്‍ പറഞ്ഞു. മലവെള്ളം കുതിച്ചെത്തുന്നതോടെ മീനിച്ചിലാറ്റിലും കൈവരികളായ തോടുകളിലും ഉയര്‍ന്ന ജലനിരപ്പ് ഇനിയും താഴ്ന്നിട്ടില്ല. ഇരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തില്‍ കഴിയുന്നത്.ആര്‍പ്പൂക്കര, പെരുമ്പായിക്കാട്, വിജയപുരം, ചെങ്ങളം, തിരുവാര്‍പ്പ്,ഇല്ലിക്കല്‍, കുമരകം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. കോട്ടയം-കുമരകം റോഡ് പുനര്‍നിര്‍മിച്ചതോടെ ജലംഒഴുകാന്‍ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.  ചെങ്ങളം, തിരുവാര്‍പ്പ് പ്രദേശങ്ങളിലാണ്  വെള്ളപ്പൊക്കം അതിരൂക്ഷം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP