സ്വാഗതം
WELCOME

News Update..

Sunday, July 21, 2013

ട്രേവിയോണിന് നീതിയാവശ്യപ്പെട്ട് യു.എസില്‍ പരക്കെ പ്രതിഷേധം Madhyamam News Feeds

ട്രേവിയോണിന് നീതിയാവശ്യപ്പെട്ട് യു.എസില്‍ പരക്കെ പ്രതിഷേധം Madhyamam News Feeds

Link to

ട്രേവിയോണിന് നീതിയാവശ്യപ്പെട്ട് യു.എസില്‍ പരക്കെ പ്രതിഷേധം

Posted: 21 Jul 2013 12:24 AM PDT

Image: 

മിയാമി: യു.എസില്‍ വര്‍ണ-വംശീയ വിവേചനത്തിന്‍്റെ പുതിയ യുദ്ധത്തിന് തുടക്കമിട്ട് ട്രേവിയോണ്‍ മാര്‍ട്ടില്‍ എന്ന കൗമാരക്കാരന്‍്റെ മരണം വാര്‍ത്തകളില്‍ നിറയുന്നു. 17 വയസ്സുള്ള കറുത്ത വര്‍ഗക്കാരനായ ട്രേവിയോണ്‍ മാര്‍ട്ടിനെ വെടിവെച്ചുകൊന്ന  വെള്ളക്കാരനായ കൊലയാളി ജോര്‍ജ് സിമ്മര്‍മാനെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് യു.എസില്‍ ജനങ്ങള്‍ തെരുവിലറങ്ങാന്‍ തുടങ്ങി. ഒരിടത്ത് മാര്‍ട്ടിന്‍്റെ മാതാപിതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി.

കറുത്ത വര്‍ഗക്കാരന്‍കൂടിയായ പ്രസിഡണ്ട് ബറാക് ഒബാമ സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിഷേധം വ്യാപകമാവുന്നത്. 35 വര്‍ഷം മുമ്പായിരുന്നെങ്കില്‍ ട്രേവിയോണ്‍ മാര്‍ട്ടിന് പകരം കൊല്ലപ്പെടുന്നത് ഞാനാകുമായിരുന്നെന്ന് ഒബാമ കഴിഞ്ഞ ദിവസം തുറന്നടിച്ചു. മാര്‍ട്ടിന് ആദ്യം വെടിയേറ്റപ്പോള്‍ താന്‍ പറഞ്ഞത് വെടികൊണ്ടത് എന്‍െറ മകനാണെന്നായിരുന്നു. മറ്റൊരു വാക്കില്‍, 35 വര്‍ഷം മുമ്പായിരുന്നെങ്കില്‍  ട്രേവിയോണ്‍ മാര്‍ട്ടിന്‍ ഞാനായേനെ എന്നും വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. കാറിന്‍െറ വാതില്‍ അടക്കുന്ന ശബ്ദം കേള്‍ക്കാതെ ഒറ്റ ആഫ്രിക്കന്‍ അമേരിക്കക്കാരനും യു.എസിലെ തെരുവിലൂടെ നടന്നു പോയിട്ടുണ്ടാവില്ല. ലിഫ്റ്റില്‍ കറുത്ത വര്‍ഗക്കാരനുണ്ടെങ്കില്‍ സ്ത്രീകള്‍ ശ്വാസം അടക്കിപ്പിടിച്ച് പഴ്സ് മുറുകെപ്പിടിക്കുന്ന കാഴ്ച കാണാത്തവര്‍ ചുരുക്കമായിരിക്കും -ഒബാമ പറഞ്ഞു. ട്രേവിയോണ്‍ വധക്കേസ് വിധിയില്‍ ആദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തും വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുയാണ് ജോര്‍ജ് സിമ്മര്‍മാന്‍െറ മോചനം. 2012 ഫെബ്രുവരിയില്‍ ഫ്ളോറിഡയിലെ സാന്‍ഫോര്‍ഡിലാണ് ട്രേവിയോണ്‍ മാര്‍ട്ടിനെ ജോര്‍ജ് സിമ്മര്‍മാന്‍ എന്ന 29 കാരന്‍ വെടിവെച്ചു കൊല്ലുന്നത്. ആത്മരക്ഷാര്‍ഥം വെടിവെച്ചെന്ന സിമ്മര്‍മാന്‍െറ വാദം അംഗീകരിച്ച കോടതി അയാളെ വെറുതെവിടുകയായിരുന്നു.  ‘ജസ്റ്റിസ് ട്രേവിയോണ്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി റവറന്‍റ് അല്‍ഷാര്‍പോണ്‍ നേതൃത്വം നല്‍കുന്ന ദ നാഷനല്‍ ആക്ഷന്‍ നെറ്റ്വര്‍ക് രാജ്യവ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചുവരികയാണ്. 101 നഗരങ്ങളിലെങ്കിലും ഇത്തരത്തില്‍ റാലികള്‍ നടന്നു. ‘ആര്‍ക്കെങ്കിലും കറുത്ത കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ട്രേവിയോണ്‍ മാര്‍ട്ടിന്‍  നമ്മുടെ മകനായും മാറും’എന്നു തുടങ്ങിയ വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആളുകള്‍ ഒത്തുചേരുന്നത്.
 

ചൈന ലഡാക്കില്‍ നിയന്ത്രണ രേഖ ലംഘിച്ചുവെന്ന് ഇന്ത്യന്‍ സേന

Posted: 21 Jul 2013 12:20 AM PDT

Image: 

ന്യൂദല്‍ഹി: ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു കടന്നതായി റിപ്പോര്‍ട്ട്. ഇത്തവണ, 50ഓളം ചൈനീസ് സൈനികര്‍ ലഡാക്കില്‍ നിയന്ത്രണ രേഖ ലംഘിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ‘ഇന്ത്യ പിടിച്ചെടുത്ത മേഖലയില്‍നിന്നും പിന്‍മാറണമെന്ന’ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ചൈനീസ് സൈന്യം നിയന്ത്രണ രേഖ കടന്നത്. ജൂലൈ 18നാണ് സംഭവം. സംഭവം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ 15നും സമാന സംഭവം ലഡാക്കില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അതിര്‍ത്തി കടന്ന് പത്ത് കിലോമീറ്ററോളം ദൂരമാണ് സൈന്യം ഭേദിച്ചത്.

 

സൂപ്പര്‍ സ്പെഷാലിറ്റിയും ചോരുന്നു

Posted: 21 Jul 2013 12:05 AM PDT

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റിയും ചോര്‍ന്നൊലിക്കുന്നു. ഏഴ് വര്‍ഷം മാത്രം പഴക്കമുള്ള സൂപ്പര്‍ സ്പെഷാലിറ്റിയുടെ മുക്കും മൂലയുമെല്ലാം  ചോരുന്നുണ്ട്. കൂടാതെ ഐ.സി.യു, സി. സി.യു, എക്കോ റൂം എന്നിവയും ചോരുന്നു.
കാര്‍ഡിയോളജി സി.സി.യുവില്‍ രോഗികളുടെ മേലാണ് വെള്ളം വീഴുന്നത്. അതിനാല്‍ രോഗികളെ അരികിലേക്ക് മാറ്റിക്കിടത്തി വെള്ളം വീഴുന്നിടത്ത് തുണി വിരിച്ചിരിക്കുകയാണ്. വെള്ളം വീഴാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.
മുകളില്‍  നിലകളുള്ളതിനാല്‍ മഴവെള്ളമാകാന്‍ സാധ്യത കുറവാണെന്ന് രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. ഇടക്കിടെ ചോര്‍ച്ചയുണ്ടാകാറുണ്ട്. എല്ലായ്പ്പോഴും താല്‍ക്കാലിക പരിഹാരം മാത്രമാണ് നടത്തുകയെന്നും  ബന്ധുക്കള്‍ ആരോപിച്ചു. അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളുള്ള സി.സി.യുവിലേക്ക് സന്ദര്‍ശകരെപ്പോലും അനുവദിക്കാറില്ല. അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരം കര്‍ശന നടപടികള്‍. അങ്ങനെയുള്ള വാര്‍ഡാണ് ചോരുന്നത്. ന്യൂറോളജി ഐ.സി.യുവിന്‍െറ സ്റ്റോറിലും ചോര്‍ച്ചയുണ്ട്.
കാര്‍ഡിയോളജി എക്കോ റൂം ആണ് ചോര്‍ച്ചമൂലം ബുദ്ധിമുട്ടുന്ന മറ്റൊരു സ്ഥലം. ഇവിടെ ഏതു സമയവും ചുമരിലൂടെ വെള്ളം ഒലിച്ചിറങ്ങുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന വെള്ളം തറമുഴുവന്‍ പരക്കും. ഇത് സഹിച്ചാണ് ജീവനക്കാര്‍ ജോലിചെയ്യുന്നത്. എക്കോ ചെയ്യാനാവശ്യമായ മരുന്നുകളും മറ്റും ഇവിടെ സൂക്ഷിക്കാന്‍ സാധിക്കാത്ത വിധം ബുദ്ധിമുട്ടിലാണ്. തൊട്ടടുത്ത് ഡോക്ടറുടെ മുറിയും ചോരുന്നുണ്ട്.
എ.സി ചോരുന്നുവെന്നാണ് പി.ഡബ്ള്യു.ഡിക്കാര്‍ പറയുന്നതെങ്കിലും തൊട്ടു മുകള്‍നിലയിലെ ബാത്റൂം ഉപയോഗിക്കുമ്പോള്‍ വെള്ളം മുഴുവന്‍ മുറിയിലേക്ക് വീഴുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഇത് വരാന്തയിലേക്കും ഒലിക്കുന്നു. എക്കോ റൂമിലുള്ള ബാത്റൂമിന് മുന്‍വശത്ത് സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ സൗകര്യമുണ്ട്. ഈ മുറിയുടെ ഒരുഭാഗം തുറന്നുകിടക്കുകയായിരുന്നു. വസ്ത്രം മാറാന്‍ സൗകര്യത്തിന് കാര്‍ഡ്ബോര്‍ഡുകൊണ്ട് തുറന്നുകിടന്ന ഭാഗം അടച്ചു.
എന്നാലും മഴ പെയ്താല്‍ വെള്ളം ഈ മുറിക്കകത്തേക്കാണ് വരുന്നത്. മുറിയുടെ വാതില്‍ തനിയെ അടയാന്‍ ഓട്ടോമാറ്റിക് സിസ്റ്റം ഘടിപ്പിച്ച് രണ്ടു ദിവസത്തിനകം കേടായി. 117, 118 മുറികളിലേക്ക് കടക്കാനുള്ള വാതിലും തകരാര്‍മൂലം അടയില്ല. കൂടാതെ സൂപ്പര്‍ സ്പെഷാലിറ്റിയുടെ എല്ലാ മൂലകളിലും ചോര്‍ച്ചയുണ്ട്.
ബാത്റൂമുകളില്‍നിന്നുള്ള പൈപ്പുകള്‍ക്കെല്ലാം ചോര്‍ച്ചയാണ്. ആശുപത്രിയുടെ മുന്‍വശത്ത്  കക്കൂസ് മാലിന്യം പരന്നൊഴുകുകയാണ്. പൈപ്പ് ചോര്‍ച്ചയാണെന്നറിഞ്ഞിട്ടും പരാതി വരുമ്പോള്‍ അവിടെ ബ്ളീച്ചിങ് പൗഡറിടുകയും മാലിന്യം മണ്ണിട്ടുമൂടുകയും മാത്രം ചെയ്ത് കൈയൊഴിയുകയാണ് അധികൃതര്‍.

നഗരത്തെ ഞെട്ടിച്ച് കൊള്ള; മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍

Posted: 21 Jul 2013 12:00 AM PDT

തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ച കൊള്ള ആസൂത്രിതമായി നടപ്പാക്കിയതെന്ന് വ്യക്തമാകുന്നു.  കോവളത്ത് കേന്ദ്രീകരിച്ചാണ് പ്രതികള്‍ പദ്ധതി തയാറാക്കിയതെന്ന് വ്യക്തമായെങ്കിലും ദുരൂഹതകള്‍ ശേഷിക്കുന്നുണ്ട്. കൊള്ളക്കുശേഷം കോവളത്തേക്ക് മടങ്ങിയ പ്രതികള്‍  ഉല്ലസിച്ചശേഷം വൈകുന്നേരം റെയില്‍വേസ്റ്റേഷനിലെത്തി ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. ബംഗാള്‍, ഝാര്‍ഖണ്ഡ് സ്വദേശികളായ ആറ് പേരടങ്ങുന്ന സംഘമാണ് കൊള്ളക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതില്‍ നാലുപേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ പൊലീസ് വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
ഒരു സിനിമാകഥയെ വെല്ലുന്ന  കൊള്ളയാണ് ശനിയാഴ്ച നടന്നത്. ഏറെ തിരക്കുള്ള സമയം നഗര ഹൃദയത്തിലെ ബാങ്കില്‍ നിന്നും പണവുമായി വന്നയാളില്‍ നിന്ന് പണമടങ്ങിയ ബാഗ് രണ്ട് ബൈക്കുകളിലായെത്തിയനാലംഗസംഘം ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. നഗരതിരക്കിലൂടെ  കൊള്ളക്ക് ശേഷം കോവളത്ത് എത്തുകയും ചെയ്തു.
കൊള്ള വാര്‍ത്ത അറിഞ്ഞതോടെ  പൊലീസ് കമീഷണര്‍ പി. വിജയന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും തമ്പാനൂര്‍ സി.ഐ ഷീന്‍ തറയിലിന്‍െറ നേതൃത്വത്തില്‍ റോഡിലുള്ള കാമറാദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ദൃക്സാക്ഷി മൊഴികളില്‍ നിന്ന് ഉത്തര്‍പ്രദേശ് രജിസ്ട്രേഷനുള്ള പള്‍സര്‍ ബൈക്കുകളിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് വ്യക്തമായി. നഗരം അരിച്ചുപെറുക്കി പരിശോധന നടത്തവേയാണ്  കോവളത്ത് ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള പള്‍സര്‍ ബൈക്ക് ഇരിക്കുന്നതായ വിവരം കിട്ടിയത്. കോവളത്തെത്തിയ  ഷാഡോ പൊലീസ് സംഘം  നാട്ടുകാരുമായും ടാക്സി ഡ്രൈവര്‍മാരുമായും സംസാരിച്ചതില്‍ നിന്ന്  അഞ്ച് പേരടങ്ങുന്ന ഒരു സംഘം മൂന്ന് ദിവസമായി ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു.  തുടര്‍ന്ന് കടലില്‍ കുളിച്ച് രസിക്കുക യായിരുന്ന അഞ്ചംഗ സംഘത്തെ പൊലീസ് നിരീക്ഷിച്ചു.  വൈകുന്നേരം അഞ്ച് മണിയോടെ അവര്‍ ഇവിടെ നിന്ന് യാത്ര തിരിക്കാന്‍ ഒരുക്കങ്ങളായി.
വലിയ ബാഗുകളും ഒരു സ്കൂള്‍ ബാഗുമായി എത്തിയ ഇവരില്‍ രണ്ടുപേര്‍ ഒരു ടാക്സി വിളിച്ചും മറ്റൊരാള്‍ ഒരു ഓട്ടോറിക്ഷയിലും തമ്പാനൂരിലേക്ക് യാത്ര തിരിച്ചു. മറ്റ് രണ്ടുപേര്‍ ബൈക്കിന് സമീപത്തും മറ്റും പരിസരം നിരീക്ഷിച്ച് നിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ചില നാട്ടുകാര്‍ ഇവര്‍ പോയ വാഹനങ്ങളുടെ നമ്പറുകള്‍  പൊലീസിന് കൈമാറുകയും മറ്റ് ചിലര്‍ റെയില്‍വേ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.  പൊലീസ് സംഘം ഈ വാഹനത്തെ പിന്തുടരുകയും ടാക്സി ഡ്രൈവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.  കിഴക്കേകോട്ടക്ക് സമീപം  ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പന്തികേട് തോന്നിയ കാറിലുണ്ടായിരുന്നവര്‍ കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെയുണ്ടായിരുന്ന പൊലീസ് ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്.  
ഓട്ടോറിക്ഷയില്‍ തമ്പാനൂരില്‍ വന്നിറങ്ങവെ മറ്റൊരാളെയും പൊലീസ് പിടികൂടി. മറ്റ് രണ്ട് പേരെ കോവളത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇവരുടെ പക്കല്‍ നിന്നും ഏഴര ലക്ഷം രൂപ കണ്ടെടുത്തതായാണ് അറിയുന്നത്. എന്നാല്‍, 36 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടതെന്നതിനാല്‍ ബാക്കി തുകയുമായി ഒരാള്‍ മുങ്ങിയതായാണ് പൊലീസ് അനുമാനം.
എന്നാല്‍, അന്യസംസ്ഥാനക്കാരായ ഈ കൊള്ളക്കാര്‍ എങ്ങനെ തിരുവനന്തപുരത്ത് എത്തി,  ഇത്ര വലിയ തുകയുമായി ആള്‍ വരുമെന്ന് എങ്ങനെ അറിയാമായിരുന്നു, ഇത്രയും സിഗ്നലുകള്‍ വെട്ടിച്ച് കൊള്ള നടത്തി സംഘം എങ്ങനെ രക്ഷപ്പെട്ടു തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട്  ഉയരുന്നതും.

പാണക്കാട് കുടംബവും സരിതയുടെ സോളാര്‍ കെണിയില്‍

Posted: 20 Jul 2013 11:39 PM PDT

Image: 

മലപ്പുറം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ പാണക്കാട് കുടുംബത്തില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. ബഷീര്‍ അലി തങ്ങളില്‍ നിന്നും 50000 രൂപ സരിത വാങ്ങിയെന്ന് സോളാര്‍ ടീമിന്‍്റെ മലപ്പുറത്തെ ഏജന്‍റായി പ്രവര്‍ത്തിച്ച ഗഫൂര്‍ എന്നയാള്‍  പറഞ്ഞു. ഗഫൂറും സരിതയും നടത്തിയ ഫോണ്‍ സംഭാഷങ്ങള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ടു.

ടീം സോളാര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഒഫീസില്‍നിന്ന് എല്ലാ സഹായങ്ങളും ലഭിക്കുമെന്ന് സരിത വാഗ്ദാനം ചെയ്തതായും  തന്‍്റെ കയ്യില്‍നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങിയെന്നും ഗഫൂര്‍ പറഞ്ഞു. ലക്ഷ്മി നായരെന്ന് പറഞ്ഞാണ് സരിത പരിചയപ്പെട്ടതെന്നും ചതിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും ഗഫൂര്‍ പറഞ്ഞു.

ഇന്ത്യയടക്കം പത്തു രാജ്യങ്ങളില്‍ നിന്നു സൗദി വീട്ടുജോലിക്കാരെ തേടുന്നു

Posted: 20 Jul 2013 10:54 PM PDT

Image: 

ജിദ്ദ: പത്തു രാജ്യങ്ങളില്‍ നിന്നു പുതുതായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ ആലോചന. എത്യോപ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരികള്‍ക്ക് താത്കാലിക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആഫ്രിക്കയിലെ ഇതര രാജ്യങ്ങള്‍, തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പുതുതായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് റമദാനു ശേഷം ആരംഭിക്കും. ഇന്ത്യ, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേത് അടുത്ത നാലു മാസത്തിനകം ആരംഭിക്കുമെന്നും തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റിന് പുതിയ വ്യവസ്ഥകള്‍ ഗവണ്‍മെന്‍റ് കൊണ്ടുവന്ന പശ്ചാത്തലത്തില്‍ നിലവില്‍ രാജ്യത്തുള്ള വിദേശികളുടെയും റിക്രൂട്ടിങ് ഏജന്‍റുമാരുടെയും പ്രകടനം വിലയിരുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഉഭയകക്ഷി കരാറില്‍ നിന്നു വ്യതിചലിച്ച് ജോലിക്കാരുടെ ആരോഗ്യസ്ഥിതിയും മതപരമായ ഐഡന്‍റിറ്റിയും മറച്ചുവെച്ചും തെറ്റായി രേഖപ്പെടുത്തിയും റിക്രൂട്ടിങ് ഏജന്‍റുമാര്‍ കബളിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എത്യോപ്യന്‍ വേലക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതിനിടെ എത്യോപ്യന്‍ വീട്ടുവേലക്കാരുടെ ഒട്ടേറെ ഒളിച്ചോട്ടങ്ങളും രണ്ടു മാസത്തിനിടെ രണ്ടു കുഞ്ഞുങ്ങള്‍ വേലക്കാരികളുടെ കൈകളില്‍ കൊല്ലപ്പെട്ട സംഭവവും സൗദി അധികൃതര്‍ ഗൗരവമായെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് ലമീസ് സല്‍മാന്‍ എന്ന ആറു വയസ്സുകാരിയെയും നാളുകള്‍ക്കു മുമ്പ് സിറിയന്‍ ദമ്പതികളുടെ പത്തുവയസ്സുള്ള മകളെയും വീട്ടുവേലക്കാര്‍ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുടെ അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ടു പുറത്തുവരുന്നതു വരെ എത്യോപ്യയില്‍ നിന്നു വീട്ടുവേലക്കാര്‍ വേണ്ടെന്നാണ് തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ സംയുക്ത തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 200 എത്യോപ്യക്കാരടക്കം 400 വീട്ടുജോലിക്കാര്‍ റിയാദ് തര്‍ഹീലിലെത്തിയതായി റിയാദ് പൊലീസ് വക്താവിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്യോപ്യന്‍ വേലക്കാരികളില്‍ പലര്‍ക്കും ഗുരുതര രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ഇവരില്‍ പലരും ‘ഹുറൂബി’ലായോ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടോ ഒക്കെയാണ് ഡിപോര്‍ട്ടേഷന്‍ സെന്‍ററിലെത്തിയിരിക്കുന്നത്. സമീപകാലത്തെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടുകാര്‍ എത്യോപ്യന്‍ ജോലിക്കാരെ നിയമിക്കാന്‍ ഭയം മൂലം വിമുഖത കാണിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പുതിയ രാജ്യങ്ങളില്‍ നിന്നു വേലക്കാരെ കണ്ടെത്താനാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്.
 

ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

Posted: 20 Jul 2013 10:45 PM PDT

Image: 

മനാമ: സ്വകാര്യ മേഖലയില്‍ പുതിയ തൊഴില്‍ നിര്‍ദേശങ്ങള്‍ തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ പുറത്തിറക്കി. നിലവിലുള്ള തൊഴില്‍ നിയമത്തിന്‍െറ വിശദീകരണമെന്ന നിലക്കാണിത്. വിവിധ കാറ്റഗറികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇത് ബാധകമാകും. അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളനുസരിച്ചാണ് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രഥമ പരിഗണന നല്‍കുന്നതാണ് നിര്‍ദേശങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. തൊഴില്‍ വിപണിയില്‍ ഊര്‍ജം പകരാനും സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും നിയമങ്ങള്‍ നടപ്പാക്കുന്നത് വഴി സാധിക്കും.
തൊഴില്‍ വിപണി പരിഷ്കരണത്തിന്‍െറ ഭാഗമായി രാജ്യത്ത് പുതിയ തൊഴില്‍ നിയമം നടപ്പാക്കുന്നതിന് സാധ്യമായത് നേട്ടമാണെന്ന് മന്ത്രി അവകാശപ്പെട്ടു. തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ അവസ്ഥകളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്നതിനനുസരിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍ രുപപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അപകടങ്ങളില്‍ പെടുന്നവരുടെ അവകാശങ്ങള്‍ നിര്‍ണയിക്കാനും ഇത് വഴിയൊരുക്കും. കൂടാതെ ചില തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തന സമയം കുറക്കുന്നതിനും സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഒരു മണിക്കൂര്‍ ജോലി സമയം കുറക്കുന്നതിനും നിര്‍ദേശമുണ്ട്. തൊഴിലിടങ്ങളില്‍ വൈദ്യുതി അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നിര്‍ദേശമുണ്ട്. തൊഴിലുടമ ഇക്കാര്യത്തിലാവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിയമം. തൊഴിലാളിയുമായി തൊഴിലുടമയുണ്ടാക്കുന്ന കരാറില്‍ തൊഴിലാളിയെക്കുറിച്ച മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കണം. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ മത്സരിക്കാന്‍ പാടില്ലയെന്ന നിബന്ധനയും എഴുതിച്ചേര്‍ക്കണമെന്ന് നിര്‍ദേശമുണ്ട്. ഒരു ദിവസം ഒരേ സ്ഥലത്ത് 11 മണിക്കൂറിലധികം തുടര്‍ച്ചയായി തൊഴിലെടുക്കാന്‍ പാടില്ലെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.
 

ഒഡിഷ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

Posted: 20 Jul 2013 10:35 PM PDT

Image: 

ഭുവനേശ്വര്‍: ഒഡിഷയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. സാംബല്‍പൂര്‍ ജില്ലയിലെ ബുര്‍ലയിലാണ് സംഭവം.
 ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂനിറ്റിലെ (എസ്.എന്‍.സി.യു) അനിയന്ത്രിയ ലൈറ്റ് തെറാപ്പിയാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, ഇക്കാര്യം ആശുപത്രി സുപ്രണ്ട് ഡോ.എല്‍.കെ ദാഷ് നിഷേധിച്ചു. ഒരു ദിവസം ഇത്രയും കുഞ്ഞുങ്ങള്‍ മരിച്ചത് ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഓരോ കുഞ്ഞിന്റെും മരണ കാരണം വേറെയാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലേക്ക് നേരാം വിധം ഓക്സിജന്‍ എത്താത്തതാണ് അഞ്ച് ശിശുക്കളുടെ മരണ കാരണം. രണ്ട് കുഞ്ഞുങ്ങള്‍ ഭാരക്കുറവ് കാരണവും മറ്റൊരു ശിശു അണുബാധയെ തുടര്‍ന്നുമാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലൈറ്റ് തെറാപ്പി പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമെങ്കിലും അപൂര്‍വമായി മാത്രമേ മരണത്തിന്് കാരണമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

 

രാമായണത്തിന്‍െറ പ്രാധാന്യം

Posted: 20 Jul 2013 10:30 PM PDT

Image: 

എന്തിനാണ് രാമായണം എന്ന കൃതി രചിക്കപ്പെട്ടത് എന്ന് പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ചോദ്യമുണ്ട്. തത്ത്വങ്ങള്‍ അറിയാന്‍ ഒരു രാമന്‍െറ ആവശ്യമുണ്ടോ എന്നൊക്കെ. അതിന് വാല്മീകി തന്നെ പറയുന്നത്: ഭാരതത്തിലെ വേദങ്ങള്‍ക്കെല്ലാം ഒരു സങ്കടമുണ്ട്. എന്തെന്നുവെച്ചാല്‍ വേദം, അല്‍പം മാത്രം കേട്ടിട്ടുള്ളവര്‍ അവയെ തെറ്റായി മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് വേദത്തെ ശരിക്ക് പ്രകടിപ്പിക്കാന്‍ വേണ്ടി രൂപം കൊണ്ടതാണ് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും, അതിലെ കഥാപാത്രങ്ങളായ രാമനും കൃഷ്ണനും.
ശ്രീരാമഗീതയില്‍ ലക്ഷ്മണന്‍ പറയുന്നു. ‘സംസാരത്തെ നീക്കി ‘പ’ വര്‍ഗങ്ങളെ ഇല്ലാതാക്കുന്നതാരോ അതാണ് ഭഗവാന്‍’ എന്ന്. സുഖ-ദു$ഖങ്ങള്‍ മാത്രം നിറഞ്ഞ നമ്മുടെ ലോകമാണ് സംസാരം. ‘പ’ വര്‍ഗം എന്നാല്‍ ‘പ, ഫ, ബ, ഭ, മ’. അതായത് പാപചിന്ത, ഫലചിന്ത, ബന്ധങ്ങള്‍ അഥവാ ജീവിതത്തിലെ കെട്ടുപാടുകള്‍, ഭയചിന്ത, മരണചിന്ത തുടങ്ങിയവ. ഇവ രണ്ടും ഇല്ലാതാക്കാന്‍ പോന്നവനാണ് ഭഗവാന്‍. അങ്ങനെയുള്ള ശ്രീരാമനോട് അജ്ഞാനമില്ലാതാക്കാന്‍ ലക്ഷ്മണന്‍ അനുഗ്രഹം തേടി.
ഇതിന് ശ്രീരാമന്‍ മറുപടി പറയുന്നതിലൂടെ ഒരു സാധകന് അവശ്യം വേണ്ട കാര്യങ്ങളെ ലക്ഷ്മണന് അറിയിച്ചുകൊടുക്കുന്നു. ഓരോ മനുഷ്യരുടെയും നാല് ആശ്രമങ്ങളിലും ചെയ്യേണ്ട കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ആദ്യത്തെ ആശ്രമം 12 വയസ്സിനുശേഷം 12 വര്‍ഷം വിദ്യാഭ്യാസം നേടേണ്ട കാലം - ബ്രഹ്മചര്യം. അതുകഴിഞ്ഞ് യോജിച്ച ഒരു വധുവിനെ വിവാഹം കഴിച്ച് ഗൃഹപ്രവേശം നടത്തേണ്ടകാലം - ഗൃഹസ്ഥാശ്രമം, അടുത്ത 12 വര്‍ഷം. അതുകഴിഞ്ഞ് കുട്ടികളുടെ വിദ്യാഭ്യാസം നടത്തി തിരിച്ചുവന്നാല്‍ ഗൃഹകാര്യങ്ങള്‍ പുത്രനെ ഏല്‍പിച്ച്, സ്വസ്ഥനായി ഇരിക്കണം - വാനപ്രസ്ഥം. ഇത് കഴിഞ്ഞാല്‍ ‘സന്ന്യാസ’ത്തിലേക്ക് പ്രവേശിക്കണം. ഭാരതത്തിലെ ഈ വ്യവസ്ഥയില്‍ ഓരോ ആശ്രമത്തിലും അനുഷ്ഠിക്കേണ്ട കര്‍മങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഈ കര്‍മങ്ങളെല്ലാം ചെയ്തശേഷം എല്ലാ ക്രിയകളെയും ഉപേക്ഷിച്ച്, അമിതമായ അടുപ്പം വെക്കാതെ, ആത്മസാക്ഷാത്കാരത്തിന് ഒരു സദ്ഗുരുവിനെ ആശ്രയിക്കണം. ഭാരതത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒരു ഗുരുവുണ്ടായിരിക്കുക എന്നത്. ‘ഗുരു’ ഒരു വ്യക്തി തന്നെയാവണം എന്നൊന്നുമില്ല. ഒരു സദ്ഗുരു ആരാണ് അഥവാ എന്താണ് എന്ന് നമുക്ക് വരുംദിവസങ്ങളില്‍ വിചാരം ചെയ്യാം.

നിസ്സാരനല്ല നിസാന്‍

Posted: 20 Jul 2013 10:11 PM PDT

Image: 

ഒരേ ഉല്‍പന്നം പല പേരില്‍ വിറ്റാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തേയിലവിപണി. അല്‍പം മണവും രുചിയും മാറ്റുന്നതനുസരിച്ച് കച്ചവടം കൊഴുക്കുന്നതു കാണണമെങ്കില്‍ ഐസ്ക്രീം കച്ചവടം കണ്ടാല്‍ മതി. ഈ ചായകുടിച്ചും ഐസ്ക്രീം തിന്നും നടക്കുന്നവരാണ് കാറു വാങ്ങാനും ചെല്ലുന്നതെന്ന തിരിച്ചറിവ് ആദ്യമുണ്ടായത് നിസാനാണ്.
വിമുക്തഭടന്മാര്‍ സ്വയം തൊഴില്‍ ചെയ്യുന്നതുപോലെയാണ് നിസാന്റെ കാറു കച്ചവടം. 1960ല്‍ ഇന്ത്യന്‍ പട്ടാളത്തെ സേവിച്ചു തുടങ്ങിയതാണ് നിസാന്‍. അതിന്റെ അച്ചടക്കവും മര്യാദയും ദേശസ്നേഹവും ഇപ്പോഴുമുണ്ട്. രാജ്യങ്ങള്‍ സൈനിക സംഖ്യമുണ്ടാക്കുന്നതുപോലെ തന്ത്രപരമായാണ് അവര്‍ റെനോക്കൊപ്പം ചേര്‍ന്ന് ചെന്നൈയില്‍ കാര്‍ ഫാക്ടറി തുറന്നത്. പട്ടാളത്തം തുളുമ്പുന്ന ഓര്‍മകളാണ് നിസാനെക്കുറിച്ച് ഇപ്പോഴത്തെ മധ്യവയസ്കര്‍ക്കുള്ളത്. വണ്‍ ടണ്‍ എന്നറിയപ്പെട്ടിരുന്ന, പട്ടാളത്തില്‍നിന്ന് കണ്ടം ചെയ്യുന്ന 'ഭീമാകാരമായ' മിനി ലോറികളാണ് അവര്‍ക്ക് നിസാന്‍. ഒരു ടണ്‍ ഭാരം വഹിക്കുന്ന ഇവ നാട്ടിന്‍പുറത്ത് കന്നുകാലികളെ കൊണ്ടുപോകാനും ചാണകം കടത്താനുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ഇവന്‍ കുലുങ്ങിക്കുലുങ്ങി വരുന്നത് കണ്ടാല്‍ പശു കയറു പൊട്ടിച്ചോടുമെന്ന് മാത്രം.
ജീപ്പിന്റെ രൂപമുള്ള ജോങ്കയെന്ന രസികന്‍ വണ്ടിയെക്കുറിച്ചറിയണമെങ്കില്‍ തനി പട്ടാളക്കാരോട് ചോദിക്കണം. നിസാന്‍ പെട്രോള്‍ 60 എന്ന വിഖ്യാത വാഹനം തന്നെയാണിത്. പട്ടാളത്തിന്റെ പക്കലെത്തിയപ്പോള്‍ ജബല്‍പൂര്‍ ഓര്‍ഡനനന്‍സ് ആന്‍ഡ് ഗണ്‍കാരേജ് അസംബ്ലിയെന്ന പേരിന്റെ ചുരുക്കമായ ജോങ്ക എന്നിട്ടുവെന്ന് മാത്രം. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത വില്ലീസ് ജീപ്പുകള്‍ പിന്നീട് സാധാരണക്കാര്‍ക്ക് കൊടുത്തപോലെ ജോങ്കയും നാട്ടുകാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. 1996ല്‍ ആയിരുന്നു ഇത്. പക്ഷേ, കച്ചവട തന്ത്രവും യുദ്ധ തന്ത്രവും തമ്മില്‍ ഒരുപാട് വ്യത്യാസമുള്ളതിനാലായിരിക്കും നാട്ടുകാര്‍ക്ക് അത്ര സുഖിച്ചില്ല. പെട്രോള്‍ എന്‍ജിന്‍ മാറ്റി ഹിനോയുടെ 4000 സി.സി ഡീസല്‍ എന്‍ജിന്‍ നല്‍കിയിരുന്നെങ്കിലും മഹീന്ദ്രയുടെയും മറ്റും ഒളിപ്പോരില്‍ തോറ്റുപോയി. ഇതിനിടെ നൂറു പേര്‍ മാത്രമാണ് ജോങ്ക വാങ്ങിയത്. 1999ല്‍ ജോങ്കയുടെ സേവനം പട്ടാളം അവസാനിപ്പിച്ചു.
തനിക്കച്ചവടക്കാരനായാണ് നിസാന്‍ ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്. അവരും റെനോയും ചേര്‍ന്നിറക്കിയ മൈക്രയുടെ വിജയം കണ്ടാല്‍ അത് മനസ്സിലാകും. നാടുമുഴുവന്‍ നിസാന്‍ മൈക്രയായപ്പോള്‍ വേറിട്ടൊരു വണ്ടിക്കായി ജനങ്ങളുടെ അന്വേഷണം. അയല്‍പക്കങ്ങളിലുള്ളതിനേക്കാള്‍ വ്യത്യസ്തമായത് വേണമെന്ന സാധാരണക്കാരന്റെ ആഗ്രഹം നിസാന് മനസ്സിലായി. അങ്ങനെയാണ് റെനോ പള്‍സ് ഇറക്കിയത്. മാറ്റം പേരില്‍മാത്രം.
നിസാന്‍ സണ്ണിയും റെനോ സ്കാലയും തമ്മിലും ഇതേ ബന്ധമാണുള്ളത്. ഇവ രണ്ടിലും തൃപ്തിയടയാത്തവര്‍ക്കായി ഇപ്പോള്‍ പുതിയൊരു ബ്രാന്‍ഡ്് അവതരിപ്പിക്കുകയാണ് നിസാന്‍. 190 രാജ്യങ്ങളില്‍ വില്‍പനക്കുണ്ടായിരുന്ന തനി തറവാടിയായിരുന്ന ഡാറ്റ്സന്‍ ബ്രാന്‍ഡ് ആണ് ഇത്. 1986ല്‍ നിസാന്‍ ഇതിനെ പിന്‍വലിച്ചിരുന്നു. വില കുറഞ്ഞ കാറുകളായിരിക്കും ഈ പേരില്‍ പുറത്തിറക്കുക. ഗോ എന്ന ചെറുകാറാണ് ആദ്യം വരുന്നത്.
ഇന്ത്യക്കായി വികസിപ്പിച്ച 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍തന്നെയാണു ഡാറ്റ്സന്‍ ഗോക്കുമുള്ളത്. ചെന്നൈയിലെ റെനോ - നിസാന്‍ നിര്‍മാണശാലയില്‍ നിന്നാണു പുറത്തിറങ്ങുക.  നാലു ലക്ഷത്തില്‍താഴെ വിലവരുന്ന ഇവന്‍ മൈക്രയും പള്‍സും തന്നെയായിരിക്കുമെന്ന് ചുരുക്കം. ദല്‍ഹിയില്‍ പ്രദര്‍ശനത്തിനുവെച്ച ഗോ 2014 ഓടെ വിപണിയിലെത്തും. മൈക്രക്ക് സമാനമായ ലെഗ് റൂമും 2450 എം.എം വീല്‍ ബെയ്സുമാണ്  ഇതിനും. പക്ഷേ, മൈക്രയേക്കാള്‍ നീളമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ നിസാന്റെ ഇന്ത്യയിലെ വിപണി വിഹിതം 1.2 ശതമാനം മാത്രമാണ്. ഇത് 2016ഓടെ 10 ശതമാനമായി ഉയര്‍ത്താനാണ് ഈ കഷ്ടപ്പാടൊക്കെ. ആദ്യം ഇന്ത്യയില്‍ വില്‍പന തുടങ്ങുന്ന ഗോ തുടര്‍ന്ന് ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും വില്‍പനക്ക് വെക്കും. ഗിയര്‍ലിവറും ഹാന്‍ഡ് ബ്രേക്കും ഡാഷ് ബോര്‍ഡിന്റെ ഭാഗമാണ്. ഗേ്ളാ ബോക്സ് ഇല്ല. സാധാരണ കാറുകളില്‍ ഹാന്‍ഡ്ബ്രേക് ഘടിപ്പിക്കുന്ന മുന്‍സീറ്റുകളുടെ നടുഭാഗത്ത് ബാഗ് സൂക്ഷിക്കാനുള്ള സൗകര്യമാണിതിലുള്ളത്. അഞ്ചു പേര്‍ക്ക് യാത്രചെയ്യാവുന്ന ഗോക്ക് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP