സ്വാഗതം
WELCOME

News Update..

Thursday, July 18, 2013

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി അന്തരിച്ചു Madhyamam News Feeds

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി അന്തരിച്ചു Madhyamam News Feeds

Link to

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സമര്‍ മുഖര്‍ജി അന്തരിച്ചു

Posted: 18 Jul 2013 12:37 AM PDT

Image: 

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും  പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സമര്‍ മുഖര്‍ജി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 101 വയസായിരുന്നു.  

പഞ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് മൂന്നുതവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 മുന്‍ പി.ബി അംഗമായ സമര്‍ മുഖര്‍ജി  നിലവില്‍ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക  ക്ഷണിതാവാണ്. ലോക്ഭാംഗം, കേന്ദ്ര കണ്‍്േരടാള്‍ കമ്മീഷന്‍ ചെയര്‍മാന്‍, സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സമര്‍ മുഖര്‍ജി 1912 നവംബര്‍ ഏഴിനാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെജന്മ ശതാബ്ദി സി.പി.എം വിപുലമായി  ആഘോഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സി.പി. എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായാധിക്യം കാരണം അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു.

 അവിവാഹിതനാണ്. ഹൗറയിലുള്ള തന്റെകുടുംബ വീടുപേക്ഷിച്ച് വളരെ വര്‍ഷങ്ങളായി സഹപ്രവര്‍ത്തകരുമൊത്ത് പാര്‍ട്ടി കമ്യൂണിലാണ് കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ‘സമര്‍ മുഖര്‍ജിയുടെ നൂറ് വര്‍ഷങ്ങള്‍’ എന്ന ആത്മകഥ ഏറെ പ്രശസ്തമാണ്.
 

അധിക പ്ളസ്വണ്‍ ബാച്ച് അനുവദിക്കണം -ജില്ലാ പഞ്ചായത്ത്

Posted: 17 Jul 2013 11:44 PM PDT

കൊല്ലം: ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശത്തിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അധിക പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെടാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലയിലെ 18 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്ല.  ഈ പഞ്ചായത്തുകളിലെ സ്കൂളുകളില്‍ ബാച്ചുകള്‍ അനുവദിക്കണം.
ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പ്രവേശത്തിന് യോഗ്യതനേടിയത്  33,000 ത്തോളം വിദ്യാര്‍ഥികളാണ്.  23,000 വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ പഠന സൗകര്യമുള്ളത്. ഉപരിപഠനത്തിന് അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശം സാധ്യമാക്കുക എന്ന നിലപാടാണ് ജില്ലാ പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്‍റ് എസ്.ജയമോഹന്‍ വ്യക്തമാക്കി. സ്കൂളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് കൂട്ടായ പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സി.പി. സുധീഷ്കുമാറും അറിയിച്ചു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കും ഹയര്‍സെക്കന്‍ഡറി പ്രവേശം സാധ്യമല്ലാത്ത സ്ഥിതിയുണ്ടെന്ന് എസ്.ഇ. സഞ്ജയ്ഖാന്‍ കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യം നിരവധി വിദ്യാര്‍ഥികളെ ബാധിക്കുന്നതാണെന്ന് എസ്.എല്‍. സജികുമാര്‍ പറഞ്ഞു. 
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നടന്ന ഓഡിറ്റിങ്ങില്‍ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങള്‍ ഓഡിറ്റ്  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് സെക്രട്ടറി കെ. അനില്‍കുമാര്‍ യോഗത്തെ അറിയിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തയുംവന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യോജിച്ച നടപടിയല്ല ഓഡിറ്റ് വിഭാഗത്തില്‍ നിന്നുണ്ടായത്. ഇക്കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഫിസര്‍ തുടങ്ങിയവരെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. 
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായതിനാല്‍ ജില്ലാ പഞ്ചായത്തംഗങ്ങളെകൂടി പങ്കെടുപ്പിച്ച് കരാറുകാരുടെ യോഗം വിളിക്കും. ജില്ലയില്‍ ആദിവാസി ക്ഷേമം ഉറപ്പാക്കുന്നതിന് ഈ വിഭാഗത്തിലുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കുമെന്ന് എസ്. ജയമോഹന്‍ അറിയിച്ചു. ഗ്രൗണ്ട് വാട്ടര്‍ വിഭാഗം ഏറ്റെടുത്തിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ആവശ്യമായ ഇടപെടല്‍ നടത്തും. അടുത്തവര്‍ഷം മുതല്‍ കര്‍ക്കടകമാസം ഒന്നാംതീയതി ആരോഗ്യസംരക്ഷ ദിനമായി ആചരിക്കും. വരള്‍ച്ച-കാലവര്‍ഷം എന്നിവമൂലം കൃഷിനാശം നേരിട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം  വിതരണം ചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. വരള്‍ച്ചയിലും കാലവര്‍ഷത്തിലുമായി ജില്ലയിലെ കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മടീച്ചര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ബിജു കെ. മാത്യു, എസ്.സന്ധ്യാറാണി, അംഗങ്ങളായ പി.എസ്. പ്രദീപ്, മായാ സുരേഷ്, എന്‍. ജഗദീശന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

*150 കോടിയോളം കൈക്കലാക്കി *500 കോടിയുടെ തട്ടിപ്പെന്ന് സൂചന തട്ടിപ്പ് കൊല്ലത്തും

Posted: 17 Jul 2013 11:30 PM PDT

കൊല്ലം: തിരുവനന്തപുരത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി നടത്തിപ്പുകാര്‍ മുങ്ങിയ ലീ കാപ്പിറ്റല്‍ സര്‍വീസ് എന്ന സ്ഥാപനം കൊല്ലത്തും ഇടപാടുകാരെ വഞ്ചിച്ചു. കൊല്ലത്ത് നിക്ഷേപകരില്‍നിന്ന് 150 കോടിയോളം രൂപയാണ് കൈവശപ്പെടുത്തിയത്. സിറ്റി പൊലീസ് കമീണര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് സി.ഐ ഷെരീഫ്,  എസ്.ഐ ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം മെയിന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലീ കാപിറ്റല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ പരിശോധനയില്‍ 150 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന്‍െറ രേഖകള്‍ പിടിച്ചെടുത്തു. കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഗ്രേഡ് എസ്.ഐ സുരേഷ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജോസ് പ്രകാശ്, അനന്‍ബാബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. 
ജില്ലയിലെ 5000ത്തോളം നിക്ഷേപകരില്‍നിന്നാണ് ഇത്രയും തുക സമാഹരിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചു. സെബിയുടെ രജിസ്ട്രേഷനോട് കൂടിയാണത്രേ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഒരു മാനേജരും മൂന്ന് എക്സിക്യൂട്ടീവുമാരും 50ഓളം ഫീല്‍ഡ് ഓഫിസര്‍മാരും ജോലിചെയ്തിരുന്നതായാണ് വിവരം. 
ലക്ഷം രൂപയുടെ നിക്ഷേപത്തിന് അഞ്ച് ശതമാനം നിരക്കില്‍ 5000 രൂപ പലിശ നല്‍കിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഓരോ  ലക്ഷത്തിനും  പ്രത്യേകം സ്വര്‍ണനാണയങ്ങള്‍ നല്‍കി. 2007 മുതല്‍ സ്ഥാപനത്തിന് തിരുവനന്തപുരം, ചിറയിന്‍കീഴ്, കൊല്ലം, പെരിന്തല്‍മണ്ണ, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ ആരംഭിച്ചതായാണ് വിവരം. ഇത്തരത്തില്‍ സംസ്ഥാനത്താകെ 500 കോടിയോളം രൂപ സമാഹരിച്ചതായി സംശയിക്കുന്നു. 
സ്ഥാപനത്തിന്‍െറ ഉടമയും മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളുമായ സന്തോഷ്കുമാര്‍ കൊച്ചിന്‍ സ്റ്റോക് എക്സ്ചേഞ്ചിലെ രജിസ്ട്രേഡ് സ്റ്റോക് ബ്രോക്കറായിരുന്നു. ബിസിനസ് വര്‍ധിപ്പിക്കാന്‍ ഏജന്‍റുമാരെ നിയമിക്കുന്ന ചുമതല മാനേജര്‍ക്കും എക്സിക്യൂട്ടീവിനുമാണ്. ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ ചെയ്യുന്ന ബിസിനസിന്‍െറ നേട്ടം മുകളിലെ എക്സിക്യൂട്ടീവിനും ലഭിക്കുന്ന മണി ചെയിന്‍ മാതൃകയിലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.  
സ്ഥാപനം പൂട്ടിയതറിഞ്ഞ് ധാരാളം പേര്‍ സിറ്റി പൊലീസ് കമീഷണര്‍, എ.സി.പി, സി.ഐ എന്നിവരുടെ ഓഫിസുകളിലും പൊലീസ് സ്റ്റേഷനിലും പരാതിയുമായി എത്തുന്നുണ്ട്. ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 
സ്ഥാപനം പൊലീസ് സീല്‍ ചെയ്തു. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന മാനേജിങ് ഡയറക്ടര്‍മാരായ കൊല്ലം നിലമേല്‍ കൈതോട് കുര്യാനിക്കര വീട്ടില്‍ കുഞ്ഞിരാമന്‍പിള്ള, മകന്‍ കെ.എല്‍. സന്തോഷ്കുമാര്‍ എന്നിവര്‍ ഒളിവിലാണ്.

എം.ബി.ബി.എസ്, ദന്തല്‍ പ്രവേശം: ഏകീകൃത പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

Posted: 17 Jul 2013 11:30 PM PDT

Image: 

ന്യൂദല്‍ഹി: എം.ബി.ബി.എസ്, ദന്തല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ ഏകീകൃത പരീക്ഷ (നീറ്റ്) വേണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, വിക്രംജീത് സെന്‍, അനില്‍ ദാവെ എന്നിവരടങ്ങുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഇവരില്‍ അനില്‍ ദാവെ ഏകീകൃത പരീക്ഷ വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.

നീറ്റ് പരീക്ഷ സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) പുറത്തിറക്കിയ രണ്ട് വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി. ഏകീകൃത പരീക്ഷ നടത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍്റെ നിര്‍ദേശത്തിനെതിരെ സ്വകാര്യ മാനേജ്മെന്‍്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഓരോ സംസ്ഥാനങ്ങളും സ്ഥാപനങ്ങളും പ്രത്യേകം പ്രവേശപരീക്ഷയാണ് നടത്തേണ്ടത്. ഏകീകൃത പരീക്ഷ നടത്താന്‍ എം.സി.ഐക്ക് നിയമപരമായി അധികാരമില്ല. കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും നിലവാരം സംബന്ധിച്ച് മാത്രമാണ് എം.സി.ഐക്ക് നയപരമായ തീരുമാനമെടുക്കാനാവുകയെന്നും കോടതി വ്യക്തമാക്കി.  നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ കോടതി വിധി വിദ്യാര്‍ഥികളെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.

നീറ്റ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ എം.ബി.ബി.എസ്, ദന്തല്‍ കോഴ്സുകളിലേക്ക് പ്രവേശം അനുവദിക്കാവൂ എന്നായിരുന്നു എം.സി.ഐയുടെ തീരുമാനം. സ്വകാര്യ മാനേജ്മെന്‍്റുകള്‍ പ്രത്യേകം പരീക്ഷ നടത്തിയാലും നീറ്റിന്‍്റെ ഈ മാനദണ്ഡം പാലിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് മാനേജ്മെന്‍്റുകള്‍ കോടതിയെ സമീപിച്ചത്. പുതിയ വിധി പുറത്തുവന്നതോടെ, നീറ്റ് പരീക്ഷ ഫലം പരിഗണിക്കാതെ തന്നെ മാനേജ്മെന്‍്റുകള്‍ക്ക് പ്രവേശം നടത്താം.

കഴിഞ്ഞ മേയില്‍ സുപ്രീംകോടതി കേസില്‍ ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്വകാര്യ മാനേജ്മെന്‍്റുകള്‍ക്ക് അവരുടെ പ്രവേശ നടപടികള്‍ തുടരാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
 

ആന്തരാര്‍ഥമെന്ത്?

Posted: 17 Jul 2013 11:17 PM PDT

Image: 

വിശ്വസാഹിത്യത്തില്‍ ആദികാവ്യം എന്നാണ് രാമായണം അറിയപ്പെടുന്നത്. രാമായണത്തിലെ മിക്ക സന്ദര്‍ഭങ്ങളും കഥകളും കഥാപാത്രങ്ങളും എല്ലാവര്‍ക്കും വളരെ സുപരിചിതമാണ്. എങ്കിലും കഥകളെ കഥകള്‍ മാത്രമായി കാണുക എന്ന രീതിയാണ് മിക്കവാറും എല്ലാവരും സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറം ആ കഥകളുടെ ആന്തരാര്‍ഥം മനസ്സിലാക്കാന്‍ ശ്രമിക്കാത്തിടത്തോളം അവ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ അറിയാന്‍ നമുക്ക് സാധിക്കാതെ പോകും. അതുകൊണ്ടുതന്നെ രാമായണ കഥകളെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഇന്നും ഒരുപാട് സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ വേണ്ടി ഭാരതത്തിലെ പല ആചാര്യന്മാരും പല കാലങ്ങളിലായി ഇതിനുള്ളിലെ രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. വിവേകാനന്ദസ്വാമികള്‍ രാമായണത്തെ അധികരിച്ച് അമേരിക്കയില്‍ നടത്തിയ പ്രസംഗം രാമകഥയെ തത്ത്വവിചാരത്തിന് വിധേയമാക്കിക്കൊണ്ടാണ്.
തുടര്‍ന്ന് ചിന്മയാനന്ദ സ്വാമികളും രംഗനാഥാനന്ദസ്വാമികളും നിര്‍മലാനന്ദഗിരി സ്വാമികളും, മറ്റുപല ആചാര്യന്മാരും ഇത്തരം പ്രഭാഷണങ്ങള്‍ പല അവസരങ്ങളിലായി നടത്തുകയും കഥാരൂപത്തിലും കവിതകളായും രാമായണകഥയെ അതിലെ തത്ത്വത്തെ സംഗ്രഹിച്ച് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സംശയങ്ങള്‍ അവിടവിടെ ബാക്കിയാവുന്നു. ബാലിയെ വധിച്ചതിനെക്കുറിച്ച്, സീതാപരിത്യാഗത്തെക്കുറിച്ച്, അങ്ങനെ നീളുന്നു സംശയങ്ങള്‍. ഇതില്ലാതാക്കണമെങ്കില്‍ രാമായണകഥകള്‍ കൊണ്ടുദ്ദേശിക്കുന്ന ആന്തരാര്‍ഥം മനസ്സിലാവുക തന്നെവേണം.
ഇതിന് രാമായണകഥയും കഥാപാത്രങ്ങളെയുമാണ് അറിയേണ്ടത്. വര്‍ണനകളെക്കൊണ്ട് അപാരമാണ് വാല്മീകി രാമായണം. എന്നാല്‍, തത്ത്വവിചാരം കൊണ്ടും ഭക്തിപ്രകടനം കൊണ്ടും സുന്ദരമാണ് അധ്യാത്മരാമായണം. അതുകൊണ്ടുതന്നെ വ്യാസവിരചിതമാണെന്ന് കരുതപ്പെടുന്ന അധ്യാത്മരാമായണമാണ് ഇവിടെ തത്ത്വവിചാരം ചെയ്യുന്നത്. ‘രാമന്‍െറ അയനം’ എന്നര്‍ഥം വരുന്ന രാമായണത്തിലേക്ക് കടക്കുമ്പോള്‍ ‘രാമന്‍’ എന്ന കേന്ദ്രകഥാപാത്രത്തെയാണ് നമ്മള്‍ ആദ്യം അറിയേണ്ടത്. ആരാണ് രാമന്‍?

കടല്‍ വീണ്ടും പാഞ്ഞെത്തി; കരയെ വിഴുങ്ങാന്‍

Posted: 17 Jul 2013 11:14 PM PDT

വാടാനപ്പള്ളി:  ചിലങ്ക, ഇടശേരി, വാടാനപ്പള്ളി ബീച്ചുകളില്‍ വീണ്ടും കടല്‍ ഇരമ്പി. 50ഓളം തെങ്ങുകളും 60ലധികം കാറ്റാടി മരങ്ങളും കടപുഴകി. മൂന്ന് വീടുകള്‍ ഭീഷണിയിലാണ്. അലി പുരക്കല്‍ മോഹനന്‍, ഇത്തിക്കാട് ചന്ദ്രിക, കുന്നത്ത് ബാബു എന്നിവരുടെ വീടുകളാണ് ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലുള്ളത്.
ബുധനാഴ്ച വൈകീട്ടാണ് തിര ഇരമ്പിയാര്‍ത്ത് കരയെ വിഴുങ്ങാനെത്തിയത്. കര തുരന്നാണ് വെള്ളം കയറുന്നത്. മൂന്നു മണിക്കൂറിനകമാണ് ഇത്രയും തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകിവീണത്. ഭിത്തിയില്ലാത്ത ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഇത്തവണ കടലാക്രമണം ശക്തമായിരുന്നു. ഒരു മാസത്തിനകം ഇവിടെ പത്തോളം തവണയാണ് കടല്‍ക്ഷോഭം ശക്തമായത്. ഇക്കാലത്ത്  300ലധികം കാറ്റാടി മരങ്ങളും 120ഓളം തെങ്ങുകളും കടപുഴകി.
ഇനിയും നിരവധി വൃക്ഷങ്ങളാണ് കട പുഴകാനായിട്ടുള്ളത്. വെള്ളം കയറിയാല്‍ കടലോരത്തെ വീടുകള്‍ നിലം പൊത്തുന്ന അവസ്ഥയാണ്.  കടലാക്രമണത്തെ തടയാന്‍ അടിയന്തരമായി കരിങ്കല്ല് അടിക്കാത്തതാണ് നാശം രൂക്ഷമാകാന്‍ കാരണം.
പൊക്കാഞ്ചേരി ബീച്ചിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കടല്‍ഭിത്തി ഒലിച്ചുപോയി. കടലോരത്തുള്ള റിസോര്‍ട്ട് നിലം പൊത്താറായി. മൂന്നു വീടുകള്‍ ഭീഷണിയിലാണ്. 
ബുധനാഴ്ച വൈകീട്ടാണ് ഇവിടെയും കടല്‍ ക്ഷോഭിച്ചത്. തിര ആഞ്ഞടിച്ച് റിസോര്‍ട്ടിനടുത്ത് 50 മീറ്റര്‍ കടല്‍ഭിത്തി തകര്‍ന്ന് ഒലിച്ചുപോയി. ഭിത്തികള്‍ ഏറെയും തകര്‍ന്നു. റിസോര്‍ട്ടിലേക്ക് വെള്ളം ഇരമ്പിയെത്തുന്നുണ്ട്.  പ്രദേശവാസികള്‍ ഭീതിയിലാണ്. പ്രദേശത്തെ ഒരു റിസോര്‍ട്ട് നേരത്തെ തകര്‍ന്നിരുന്നു.
 

എഴക്കാട് കുന്നപ്പുള്ളിക്കാവിന് സമീപം ബസ് മരത്തിലിടിച്ച് 29 പേര്‍ക്ക് പരിക്ക്

Posted: 17 Jul 2013 11:08 PM PDT

കോങ്ങാട്: സ്വകാര്യ ബസ് മരത്തിലിടിച്ച് ബസ് ജീവനക്കാരുള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റു. മുണ്ടൂര്‍ -ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ എഴക്കാട് കുന്നപ്പുള്ളിക്കാവിന് സമീപം പാലക്കാട്-ചെര്‍പ്പുളശ്ശേരി റൂട്ടിലോടുന്ന ശ്രുതി ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ  പാലക്കാട്ടുനിന്ന് വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്  ഇടതുവശത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോങ്ങാട് പൊലീസും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയിലുള്ളവര്‍: ബസ് ഡ്രൈവര്‍ ലാലു വര്‍ഗീസ്, ജയശ്രീ, ചെറുകാട് നിവാസികളായ ശിവരാമന്‍, വാസു, കാളി, നാരായണി, പുലാപ്പറ്റ മുഹമ്മദ്കുട്ടി, തടുക്കശ്ശേരി പ്രീതി, എഴക്കാട് ബിജി, മംഗലാംകുന്ന് ശൈലജ, നെല്ലായ അനുപമ, കടമ്പഴിപ്പുറം സജിത, എഴക്കാട് മഞ്ജു, സഹദേവന്‍, ജിതിന്‍, സുഗതകുമാര്‍, കടമ്പഴിപ്പുറം എബിന്‍, കുണ്ടളശ്ശേരി ലളിത, തോട്ടുപാലം അംബിക, കണ്ടക്ടര്‍ ഗോപിനാഥന്‍, സയന പുഞ്ചപ്പാടം, പെരിങ്ങോട് അയ്യപ്പന്‍കുട്ടി, തിരുവാഴിയോട് രാമകൃഷ്ണന്‍, ഒമ്പതാംമൈല്‍ റംല, പെരുവെമ്പ് ഫാത്തിമ, എഴക്കാട് തോമസ്, കടമ്പഴിപ്പുറം നബീസ, എഴക്കാട് രാധിക, എഴക്കാട് അമ്പലവട്ടം പവിത്ര. 
 

കുടിവെള്ള പമ്പിങ്ങിലെ അപാകത മൂന്ന് ദിവസത്തിനകം പരിഹരിക്കണമെന്ന് നഗരസഭ

Posted: 17 Jul 2013 10:56 PM PDT

മലപ്പുറം: നഗരസഭയിലെ കുടിവെള്ള  പ്രശ്നങ്ങള്‍ മൂന്ന് ദിവസത്തിനകം പരിഹരിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പമ്പിങ്ങിലെ താളപ്പിഴകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക യോഗത്തിലാണ് നിര്‍ദേശം. പൈപ്പ്ലൈന്‍, വാല്‍വ് എന്നിവ വ്യക്തമാക്കുന്ന സ്റ്റേഷന്‍ മാപ്പും ജലവിതരണ ചാര്‍ട്ടും പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുഴ നിറഞ്ഞിട്ടും  കുടിവെള്ള വിതരണം കാര്യക്ഷമമല്ലാത്തതിലുള്ള രോഷം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ജലദൗര്‍ലഭ്യം ഇല്ലാതായിട്ടും വൈദ്യുതി തടസ്സം നീങ്ങിയിട്ടും വിതരണം നേരെയായിട്ടില്ല. പെരുംമഴയത്തും നഗരസഭയിലെ മിക്ക വാര്‍ഡുകളിലും ജനങ്ങള്‍ പൈപ്പ് വെള്ളത്തിന് കാത്തിരിക്കുകയാണ്. ഒന്നിടവിട്ട ദിവസംപോലും വെള്ളമെത്തുന്നില്ല. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ടാങ്ക് നിറയാന്‍ നില്‍ക്കുന്നതായും അതിന് മുമ്പ് വാല്‍വ് തുറന്നുകൊടുക്കുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 
അതേസമയം, ജൂണ്‍ 16 വരെ കിണറുകള്‍ പൂര്‍ണതോതില്‍ നിറഞ്ഞിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി ലൈനില്‍ മരംവീണതും ചില ദിവസങ്ങളില്‍ പമ്പിങ് മുടങ്ങാന്‍ കാരണമായി. മോട്ടോറുകള്‍ക്ക് കേടുപാടില്ല. ജലവിതരണത്തിലെ പ്രശ്നങ്ങള്‍ പരാമവധി പരിഹരിക്കാന്‍ ശ്രമിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാല്‍വ് തുറന്നുകൊടുക്കാത്ത പ്രശ്നം ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. യു.ഐ.ഡി.എസ്.എസ്.എം.ടി ജലവിതരണ പദ്ധതി ടാങ്കിന്‍െറ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2014 ഫെബ്രുവരിയിലേ പ്രവൃത്തി പൂര്‍ത്തിയാകൂ. പദ്ധതി പൂര്‍ത്തിയായാലും ജലവിതരണത്തിലെ നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
വാട്ടര്‍ അതോറിറ്റി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വിനീത് പള്ളേരി, അസി. എന്‍ജിനീയര്‍ പി. അബ്ബാസ് എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എം. ഗിരിജ, പാലോളി കുഞ്ഞിമുഹമ്മദ്, സാക്കിര്‍ ഹുസൈന്‍, കാപ്പന്‍ ഷംസുദ്ദീന്‍, കളപ്പാടന്‍ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. 

വലിയകുളം പുറമ്പോക്ക് വാഴപ്പള്ളി പഞ്ചായത്തിന് നിഷേധിച്ചു

Posted: 17 Jul 2013 10:52 PM PDT

Subtitle: 
ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കും
ചങ്ങനാശേരി: വലിയകുളത്തെ കുളം പുറമ്പോക്ക് ഭൂമി വാഴപ്പള്ളി പഞ്ചായത്തിന് നിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഉത്തരവിനെതിരെ പഞ്ചായത്ത് കമ്മിറ്റി നിയമ നടപടികള്‍ക്ക് തീരുമാനമെടുത്തു. 
പുറമ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുന്ന ചങ്ങനാശേരി മെറ്റല്‍ ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസ് സഹകരണ സംഘത്തിനെതിരെ വാഴപ്പള്ളി പഞ്ചായത്ത് നല്‍കിയ പരാതി അവഗണിച്ചാണ് പുറമ്പോക്ക് ഭൂമി സൊസൈറ്റിക്ക് പാട്ടത്തിന് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1960 ല്‍ പഞ്ചായത്തിന് കൈമാറപ്പെട്ടതും പഞ്ചായത്തില്‍ നിക്ഷിപ്തവുമായ വലിയകുളത്തെ 48.5 സെന്‍റ് കുളം പുറമ്പോക്ക് ഭൂമി 1961 ജൂണ്‍ ഒന്നിനാണ് ചങ്ങനാശേരി മെറ്റല്‍ ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസ് സഹകരണ സംഘത്തിന് സെന്‍റിന് പ്രതിവര്‍ഷം നാല് പൈസ നിരക്കില്‍ റവന്യു വകുപ്പ് കുത്തകപ്പാട്ടത്തിന് നല്‍കിയത്. ഈ സ്ഥലത്തെ കുളം സൊസൈറ്റി നികത്തി ഷെഡുകള്‍ സ്ഥാപിച്ച് വിവിധ സ്ഥാപനങ്ങള്‍ക്ക് വാടകക്ക് നല്‍കുകയായിരുന്നുവെന്ന് പഞ്ചായത്ത് പറയുന്നു. 1973 മേയ് 31ന് പാട്ടക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുറമ്പോക്ക് തങ്ങള്‍ക്ക് പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി റവന്യു വകുപ്പിനെ സമീപിച്ചു. 
തഹസില്‍ദാര്‍ വാഴപ്പള്ളി പഞ്ചായത്തിന്‍െറ അഭിപ്രായം ആരാഞ്ഞപ്പോള്‍ സ്ഥലം വിട്ടുകൊടുക്കരുതെന്നും പഞ്ചായത്തിന് നല്‍കണമെന്നും പഞ്ചായത്ത് മറുപടി നല്‍കി. തുടര്‍ന്നും സൊസൈറ്റി സ്ഥലം കൈവശം വെക്കുകയായിരുന്നു. ഇക്കാലത്ത് സെന്‍റിന് 1500 രൂപയായി കുത്തക പ്പാട്ടം വര്‍ധിപ്പിക്കുകയും 1973 ജൂണ്‍ ഒന്നു മുതലുള്ള കുടിശ്ശിക അടക്കണമെന്ന് റവന്യൂ വകുപ്പ് സൊസൈറ്റിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പാട്ട കുടിശ്ശിക തുടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ 1994ല്‍ കുത്തക പാട്ടം റദ്ദ് ചെയ്തു. വസ്തു മൂന്ന് ദിവസത്തിനകം ഒഴയണമെന്ന് സൊസൈറ്റിക്ക് അന്ന് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനെതിരെ സൊസൈറ്റി സര്‍ക്കാരിനെയും റവന്യു വകുപ്പിനെയും പ്രതിയാക്കി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ഭൂമി പഞ്ചായത്തിന് കൈമാറി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈകോടതിയിലെ കേസിന്‍െറ പേരില്‍ തഹസില്‍ദാര്‍ ഭൂമി കൈമാറാന്‍ വിസമ്മതിച്ചതിനാല്‍ സൊസൈറ്റി ഭൂമിയില്‍ അനധികൃതമായി തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാരിനെയും കോടതിയെയും ധരിപ്പിച്ചിരുന്നു. 
ഭൂമി കൈവശം വെച്ചിരിക്കുന്ന സൊസൈറ്റി ഇതുവരെയുള്ള പാട്ടകുടിശ്ശിക അടക്കാന്‍ സന്നദ്ധമാണെങ്കില്‍ അത് ഒടുക്കി  കലക്ടര്‍ക്ക് പുതിയ അപേക്ഷ നല്‍കിയാല്‍ വീണ്ടും പാട്ടത്തിന് സ്ഥലം നല്‍കാമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി ടി.വി. വിജയകുമാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിന് വികസന പദ്ധതികള്‍ക്കായി കൂടുതല്‍ സ്ഥലം ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് താലൂക്കില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നിര്‍മാണ നടപടികള്‍ നടത്താമെന്നും ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 
പഞ്ചായത്തിന് വേറെ ഭൂമി കിട്ടുമെന്നിരിക്കെ വലിയകുളത്തെ ഭൂമി തന്നെ വേണമെന്ന് വാശിപിടിക്കുന്നതിന്‍െറ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പഞ്ചായത്തുകള്‍ക്ക് അതത് പരിധിക്കുപുറത്ത് വികസന പദ്ധതികള്‍ അസാധ്യമായ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സെക്രട്ടറി വാഴപ്പള്ളി പഞ്ചായത്തിന് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയോഗത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. പഞ്ചായത്തിന്‍െറ അവകാശവാദങ്ങള്‍ നിഷേധിച്ച ഉത്തരവിന് പിന്നില്‍ റവന്യൂ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് സി.പി.എം അംഗം ബി. സനല്‍കുമാര്‍ ആരോപിച്ചു. 48.5 സെന്‍റ് വലിയകുളം പുറമ്പോക്ക് ഭൂമിയില്‍ വില്ലേജിനും കൃഷിഭവനും പത്ത് സെന്‍റ് വീതവും റോഡിനും നല്‍കിയ ശേഷമുള്ള 24 സെന്‍റ് ഭൂമിയാണ് സൊസൈറ്റി കൈവശപ്പെടുത്തിയിരിക്കുന്നത്. വാഴൂര്‍ റോഡിന് സമീപത്തായി വലിയകുളം ജങ്ഷനിലാണ് ഭൂമി. ഭൂമി തിരികെ പിടിക്കുന്നതിനായി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു.

പടുതോട് പാലം യാഥാര്‍ഥ്യമായിട്ടും വിവാദങ്ങളൊഴിയുന്നില്ല

Posted: 17 Jul 2013 10:48 PM PDT

മല്ലപ്പള്ളി: വിവാദങ്ങളില്‍ കുടുങ്ങിയ പടുതോട് പാലം വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാര്‍ഥ്യമായപ്പോള്‍ ഉദ്ഘാടനം വിവാദത്തിലായി. 1994 മുതല്‍ പാലത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പല ഘട്ടത്തിലായി തടസ്സപ്പെട്ടു. 
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്‍െറ ഫലമായിട്ടാണ് പാലം യാഥാര്‍ഥ്യമായത്. എന്നാല്‍,   നിര്‍മാണ കമ്മിറ്റിയുടെ ചെയര്‍മാനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യനും കണ്‍വീനറായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സജി ചാക്കോയും പാലത്തിന്‍െറ മുഴുവന്‍ ക്രെഡിറ്റും തങ്ങളിലാക്കുന്നതിനുള്ള ശ്രമത്തിലാണ്. 
എന്നാല്‍, 1994 ല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് എം. വിജയകുമാര്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് ബജറ്റില്‍  പാലത്തിന് തുക ഉള്‍ക്കൊള്ളിച്ചത്. അന്ന് സ്ഥലം എം.എല്‍.എ ടി.എസ്. ജോണായിരുന്നു. തുടര്‍ന്ന് ജോസഫ് എം. പുതുശേരി രണ്ടുതവണ എം.എല്‍.എ ആയിരുന്നപ്പോഴാണ് പാലം നിര്‍മാണത്തിന് വീണ്ടും പുനര്‍ജന്മം ഉണ്ടായത്. 
2009 ല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് മോന്‍സ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍െറ ചേംബറില്‍ കല്ലൂപ്പാറ മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പാലം നിര്‍മാണത്തിനുള്ള അന്തിമ തീരുമാനമുണ്ടായത്. 
പലതവണ കരാറുകാര്‍ ഉപേക്ഷിച്ചുപോകുകയും ആസമയങ്ങളില്‍ സ്വന്തം പഞ്ചായത്തിലെ പാലത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ പാലത്തിന്‍െറ പിതൃത്വമേറ്റെടുത്ത് സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP