സ്വാഗതം
WELCOME

News Update..

Wednesday, December 24, 2014

കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍ Madhyamam News Feeds

കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍ Madhyamam News Feeds

Link to

കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍

Posted: 24 Dec 2014 01:03 AM PST

പാലക്കാട:് ജില്ലയില്‍ കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ് ജനുവരി എട്ട് മുതല്‍ ആരംഭിക്കും. 2015 ജനുവരി എട്ടു മുതല്‍ 14 വരെ അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പും 18 മുതല്‍ 21വരെ എ.ഡി.എസിന്‍െറയും ജനുവരി 25ന് സി.ഡി.എസിന്‍െറ തെരഞ്ഞെടുപ്പും നടക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ത്രിതല സംഘടന സംവിധാനവുമായി ബന്ധപ്പെട്ട വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചു.
അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് യു. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വരണാധികാരിയായ കോഓപറേറ്റിവ് (ജനറല്‍) ജോയന്‍റ് രജിസ്ട്രാര്‍ എം.വി. രാജന്‍ അധ്യക്ഷത വഹിച്ചു.
പരിശീലന ക്ളാസിന് സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.വി. രാധാകൃഷ്ണന്‍ സ്വാഗതവും അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ എ. മൊയ്തീന്‍ നന്ദിയും പറഞ്ഞു.

ബണ്ട് തകര്‍ന്നു : 617 ഏക്കര്‍ പാടം വെള്ളത്തില്‍

Posted: 23 Dec 2014 11:09 PM PST

എടപ്പാള്‍/ചങ്ങരംകുളം: പൊന്നാനി കോള്‍പടവിലെ പ്രധാന ബണ്ടായ കോലൊളമ്പ് വല്യാട് പുതുക്കോള്‍ (കുണ്ടംകോട്) ബണ്ടും തിരുത്തുമ്മല്‍ കോള്‍ പടവിലെ തിരുത്തുമ്മല്‍ ബണ്ടും തകര്‍ന്നു. രണ്ടിടങ്ങളിലുമായി 617 ഏക്കര്‍ കൃഷിയിടമാണ് വെള്ളത്തിനടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് പുതുക്കോള്‍ ബണ്ടിന്‍െറ 30 മീറ്ററോളം തകര്‍ന്നത്.
117 ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളം കയറി. മാസങ്ങളായി തകര്‍ച്ച നേരിട്ട ബണ്ടില്‍ തിങ്കളാഴ്ച വൈകീട്ടോടെ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ബണ്ടിന്‍െറ തകര്‍ച്ചയോടെ മാടായികോള്‍ മേഘലയിലെ 100 ഏക്കര്‍ നിലവും പുതുക്കോള്‍ മേഖലയിലെ 17 ഏക്കര്‍ നിലവും കൃഷിയോഗ്യമല്ലാതായി.
ഞാറിനായി പാകിയ ഞാറ്റടികളും ഇടവിളയായി ഉണ്ടാക്കിയ പച്ചക്കറികളും വെള്ളത്തിലായി. 117 ഏക്കര്‍ കൃഷി സ്ഥലത്തായി 127 കര്‍ഷകരാണ് വര്‍ഷംതോറും കൃഷിയിറക്കിവരുന്നത്. കെ.എല്‍.ഡി.സി കോള്‍മേഖലയില്‍ നിര്‍മിക്കുന്ന സ്ഥിരം ബണ്ട് പദ്ധതിയില്‍ പുതുക്കോള്‍ ബണ്ട് ഉള്‍പ്പെടുത്തിയിരുന്നു. 12 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ, എ.ഡി.എം ജോസഫ്, പൊന്നാനി തഹസില്‍ദാര്‍ ഷിബു പി. പോള്‍, അസി. തഹസില്‍ദാര്‍ ഭരതന്‍, പൊന്നാനി ബ്ളോക്ക് പ്രസിഡന്‍റ് ഇ. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് പൊല്‍പ്പാക്കര, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. ഷീജ, വൈസ് പ്രസിഡന്‍റ് വി.കെ.എം. ഷാഫി, സംയുക്ത കോള്‍ വികസന സമിതി സെക്രട്ടറി കെ.എ. ജയാനന്ദന്‍, ബ്ളോക്ക് അംഗം ഇ.എ. ബക്കര്‍, കെ.എല്‍.ഡി.സി എന്‍ജിനീയര്‍ എം.കെ. മുഹമ്മദ് ബഷീര്‍, കൃഷി അസി. ഓഫിസര്‍ പി. ഷൗക്കത്തി, കോള്‍പടവ് കമ്മിറ്റി പ്രസിഡന്‍റ് അയിലക്കാട് കെ.വി. മുഹമ്മദ് ഹാജി, മൊയ്തുണ്ണി കോലൊളൊമ്പ്, എടപ്പാള്‍ കൃഷി ഓഫിസര്‍ വിജീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന തിരുത്തുമ്മല്‍ കോള്‍പടവില്‍ ബണ്ടുതകര്‍ന്ന് 500ഓളം ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളം കയറി.
പമ്പിങ്ങും നിലം ഉഴുതലും പൂര്‍ത്തിയായി അടുത്ത ദിവസങ്ങളിലായി നടീല്‍ തുടങ്ങാനിരിക്കെയാണ് ബണ്ട് തകര്‍ന്നത്. രണ്ടാഴ്ചയിലേറെയായി ഇവിടെ പമ്പിങ് നടന്നുവരികയായിരുന്നു. ഞാറിനുവേണ്ടി തയാറാക്കിയ ഞാറ്റടികളും പൂര്‍ണമായും വെള്ളത്തില്‍മുങ്ങി. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു ബണ്ട് തകര്‍ന്നത്. ബണ്ടിന് സമീപത്ത് സ്ഥിതി ചെയ്തിരുന്ന വൈദ്യുതി ട്രാന്‍സ്ഫോര്‍മറും വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ബണ്ടിലെ പമ്പ് ഹൗസുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്തിരുന്ന ട്രാന്‍സ്ഫോര്‍മറാണ് വെള്ളത്തിലായത്.
കെ.എല്‍.ഡി.സിയുടെ നേതൃത്വത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ബണ്ടാണ് തകര്‍ന്നത്. അന്‍പത് മീറ്ററോളം ദൂരത്തിലാണ് ബണ്ട് തകര്‍ന്നത്. വെള്ളത്തിന്‍െറ കുത്തൊഴുക്ക് പൂര്‍ണമായും നിലച്ചതിനുശേഷം തടയണകെട്ടി മണ്ണിട്ട് നികത്തിയതിനുശേഷം വീണ്ടും പമ്പിങ് നടത്തി വെള്ളം വറ്റിച്ചാല്‍ മാത്രമേ ഇവിടെ വീണ്ടും കൃഷിയിറക്കാനാകൂ. വൈദ്യുതി ബന്ധങ്ങള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചതോടെ വീണ്ടും പമ്പിങ് ആരംഭിക്കുന്നത് നീളും. വീണ്ടും കൃഷിയിറക്കണമെങ്കില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ബണ്ട് തകര്‍ച്ച നേരിട്ട സ്ഥലത്ത് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന വേലായുധന്‍, കെ.എല്‍.ഡി.സി, റവന്യൂ ഉദ്യോഗസ്ഥര്‍, കോള്‍ സംരക്ഷണസമിതി അധികൃതര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

വന്ന വഴി മറന്നവനല്ല താന്‍: മുരളീധരന്‍

Posted: 23 Dec 2014 10:56 PM PST

Image: 

കോഴിക്കോട്: വന്ന വഴി മറന്നവനല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. ഉള്ളകാര്യങ്ങള്‍ തുറന്ന് പറയുന്ന ശീലം തനിക്ക് അച്ഛനില്‍ നിന്ന് കിട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ പ്രസ്താവനകള്‍ പ്രതിപക്ഷത്തിന് ഗുണം ചെയ്യും. വി.എം സുധീരന്‍ നടത്തിയ ജനപക്ഷയാത്ര വെജിറ്ററേിയന്‍ യാത്രയായിപ്പോയി. ഒരു കെ.പി.സി.സി. പ്രസിഡന്‍റിന്‍റെ യാത്ര അങ്ങനെയല്ല വേണ്ടത്. ജനപക്ഷയാത്രയെ ജനങ്ങള്‍ ശ്രദ്ധിച്ചത് തന്‍റെ പ്രസംഗത്തോടെയാണെന്നും മുരളീധരന്‍ പറഞ്ഞു.

തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് സുധീരന്‍ പറഞ്ഞിരുന്നു. സുധീരന്‍റെ വീട്ടില്‍ ഇതിനായി പോയിട്ടുണ്ട്. അദ്ദേഹം സഹായിച്ചതില്‍ നന്ദിയുണ്ട്. അതേസമയം, പറയേണ്ട കാര്യങ്ങള്‍ മുഖത്തുനോക്കി പറയും. പലപ്പോഴും വെട്ടില്‍ കുടുങ്ങിയിട്ടുള്ള ആളാണ് താന്‍. മറ്റുള്ളവര്‍ക്ക് അതുപറ്റാതിരിക്കാന്‍ സദുദ്ദേശത്തോടെയാണ് ചില കാര്യങ്ങള്‍ പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളീധരന്‍ പഴയ കാര്യങ്ങള്‍ മറക്കുന്നുവെന്ന സുധീരന്‍െറ പ്രസ്താവനയോടുള്ള പരോക്ഷ പ്രതികരണമായാണ് അദ്ദേഹം തുറന്നടിച്ചത്. കോഴിക്കോട് കെ.കരുണാകരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ബാറുകള്‍ മുഴുവന്‍ പൂട്ടിയാല്‍ ടൂറിസം മേഖലയെ ബാധിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി നയത്തില്‍ നിന്ന് കൊണ്ട് തന്നെയാണ് നിലവാരമുള്ള  വൈന്‍ ബീര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കിയത്. വീര്യം കൂറഞ്ഞ മദ്യം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

വിനോദസഞ്ചാരികള്‍ കുടിക്കാനല്ല കേരളത്തിലേക്ക് വരുന്നതെങ്കിലും അവര്‍ക്ക് മദ്യം ആവശ്യമാണ്. നമ്മള്‍ ജീരകവെള്ളം കുടിക്കുന്നതുപോലെയാണ് വിദേശികള്‍ മദ്യം കഴിക്കുന്നത്. മദ്യം ഇല്ലാതായാല്‍ വിദേശികളുടെ വരവ് നിലക്കും. ആരെയും കടത്തിവെട്ടാനല്ല മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചത്. മദ്യനയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രി അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

ദേശീയ ഗെയിംസ് : സ്റ്റേഡിയം പ്രവൃത്തി അഞ്ചിനകം തീര്‍ക്കുമെന്ന് അധികൃതര്‍

Posted: 23 Dec 2014 10:31 PM PST

കോഴിക്കോട്: ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കായി നവീകരിക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്‍െറ പ്രവൃത്തി ജനുവരി അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതരുടെ അന്തിമ ഉറപ്പ്. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആറംഗ കമ്മിറ്റിയും രൂപവത്കരിച്ചു.
സ്റ്റേഡിയം ചേംബറില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ഫുട്ബാള്‍ പരിശീലനത്തിന് കല്ലായി ഗവ. ഗണപത് സ്കൂള്‍ മൈതാനിയില്‍ 25 ലക്ഷം രൂപയുടെ പ്രവൃത്തി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 10 ലക്ഷം നഗരസഭയും 15 ലക്ഷം ദേശീയ ഗെയിംസ് അതോറിറ്റിയുമാണ് വഹിക്കുക.
മൈതാനത്ത് പുല്ലുവെച്ച് പിടിപ്പിക്കാന്‍ 15 ലക്ഷം വേറെയും ചെലവഴിക്കും. ഇക്കാര്യം അടുത്ത ദിവസം ചേരുന്ന ദേശീയ ഗെയിംസ് അതോറിറ്റി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിക്കും. ഗണപത് സ്കൂളിലെ കക്കൂസുകള്‍ അറ്റകുറ്റപ്പണി നടത്തുമെന്നും ഇവര്‍ പറഞ്ഞു.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വോളിബാള്‍ കോര്‍ട്ടും മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ഗോള്‍പോസ്റ്റും പരിശീലനത്തിനായി നിര്‍മിക്കും. സ്റ്റേഡിയത്തിലെ കക്കൂസുകള്‍ അറ്റകുറ്റപ്പണി നടത്തും. ഡ്രസ്സിങ് റൂമില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിക്കും. പ്രസ് ഗാലറിയുടെ സൗകര്യം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രവൃത്തി നീണ്ടുപോകുന്നതിനെ നഗരസഭാ മേയര്‍ യോഗത്തില്‍ വിമര്‍ശിച്ചു. ഡിസംബര്‍ 31നകം സ്റ്റേഡിയം പ്രവൃത്തി തീര്‍ക്കുമെന്നാണ് ദേശീയ ഗെയിംസ് അതോറിറ്റി അവസാനമായി നല്‍കിയ ഉറപ്പ്.
ആഗസ്റ്റിലും ഒക്ടോബറിലും തീര്‍ക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും പ്രവൃത്തി വൈകുകയാണ്. ഗെയിംസിന്‍െറ ചെലവിന്‍െറ 45 ശതമാനം വഹിക്കുന്നത് നഗരസഭയാണെന്നത് ഓര്‍ക്കണമെന്നും മേയര്‍ പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എയും പ്രവൃത്തി നീണ്ടു പോകുന്നതിനെ വിമര്‍ശിച്ചു. തുടര്‍ന്നാണ് ആറംഗ കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി കണ്‍വീനറായ കമ്മിറ്റിയില്‍ ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എം. വേലായുധന്‍, കാലിക്കറ്റ് പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍, ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ഹരിദാസന്‍, ഡോ. എ. നജീബ്, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ എന്നിവരാണ് അംഗങ്ങള്‍. അവലോകന യോഗത്തില്‍ മേയര്‍ എ.കെ. പ്രേമജം, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സി.എ. ലത, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ പി.എ. ഹംസ, നാഷനല്‍ ഗെയിംസ് ചീഫ് എന്‍ജിനീയര്‍ എന്‍. മോഹന്‍കുമാര്‍, കെ.ജെ. മത്തായി, കമാല്‍ വരദൂര്‍, ടി.പി. ദാസന്‍ എന്നിവര്‍ സംസാരിച്ചു.

വാജ്പേയിക്കും മാളവ്യക്കും ഭാരത രത്ന പുരസ്കാരം

Posted: 23 Dec 2014 10:09 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്കും സ്വതന്ത്ര്യസമര സേനാനിയും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും  ഭരത രത്ന പുരസ്കാരം. കേന്ദ്രമന്ത്രിസഭാ യോഗമാണ് വാജ്പേയിക്കും മാളവ്യക്കും പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന  നല്‍കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിച്ച ശിപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി  അംഗീകരിച്ചു.

ഭാരത രത്ന ലഭിക്കുന്ന ആദ്യ ബി.ജെ.പി നേതാവാണ് വാജ്പേയി. മൂന്നു തവണ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ്. വാജ്പേയിയുടെ 90ാം ജന്മദിനമായ വ്യാഴാഴ്ച അദ്ദേഹത്തിന് ഭാരത് രത്ന പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജന്മദിനം സദ്ഭരണ നിര്‍വഹണദിവസമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

‘മഹാമന’ എന്നറിയപ്പെട്ട മദന്‍ മോഹന്‍ മാളവ്യ നാലു തവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 ലാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി രൂപീകരിച്ചത്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് ഭാരത രത്ന നല്‍കുന്നത്. 1946 നവംബര്‍12 നാണ് മാളവ്യ അന്തരിച്ചത്.
 

യു.ഡി.എഫ് ഭരിക്കുന്ന നൂല്‍പ്പുഴയില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിന്

Posted: 23 Dec 2014 10:08 PM PST

സുല്‍ത്താന്‍ ബത്തേരി: യു.ഡി.എഫ് ഭരിക്കുന്ന നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ചൊവ്വാഴ്ച നടന്ന വൈ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് നാടകീയ വിജയം. കെ.എം. പൗലോസാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ടി. കുര്യാക്കോസിന് വിജയം സുനിശ്ചിതമായിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ സഖ്യകക്ഷിയായ മുസ്ലിംലീഗ് അംഗം അനില്‍കുമാറിന്‍െറ വോട്ട് 'അസാധു'വായതാണ് തെരഞ്ഞെടുപ്പ് ഫലം തകിടംമറിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാന്‍ മുസ്ലിംലീഗിന്‍െറ മൂന്നു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് കാലുവാരിയതായി ആരോപണം ഉയര്‍ന്നിരുന്നു. ലീഗ് അംഗത്തിന്‍െറ അസാധുവോട്ട് ഇതിന്‍െറ പകരംവീട്ടലായും ആക്ഷേപമുയര്‍ന്നു. മുസ്ലിംലീഗ് വഞ്ചിച്ചതായി ആരോപിച്ച് നായ്ക്കട്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിനെതിരെ പ്രകടനം നടത്തി. സംഭവത്തില്‍ സി.പി.എം-ലീഗ് രഹസ്യബാന്ധവം ആരോപിച്ച് ബി.ജെ.പിയും പ്രകടനം നടത്തി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി സഖ്യം പരസ്യമായി അധികാരത്തിലേറിയ ഏകപഞ്ചായത്താണ് നൂല്‍പ്പുഴ. ആദിവാസി വനിതക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്യപ്പെട്ട നൂല്‍പ്പുഴയില്‍ സോഷ്യലിസ്റ്റ് ജനതയിലെ സുമാ ഭാസ്കരനാണ് പ്രസിഡന്‍റ്. 17 അംഗ ഭരണസമിതിയില്‍ സി.പി.എം 7, കോണ്‍ഗ്രസ് 5, മുസ്ലിംലീഗ് 1, സോഷ്യലിസ്റ്റ് ജനത 1, ബി.ജെ.പി 3 എന്നിങ്ങനെയാണ് കക്ഷിനില. സഖ്യധാരണയനുസരിച്ച് മൂന്നംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിക്ക് അഞ്ചംഗങ്ങളുള്ള കോണ്‍ഗ്രസ് വൈ. പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി നേതാവ് എ. സുരേന്ദ്രന്‍ വൈസ് പ്രസിഡന്‍റായി. യു.ഡി.എഫ്-ബി.ജെ.പി സഖ്യം സംസ്ഥാനതലത്തില്‍തന്നെ വിവാദമായതോടെ കോണ്‍ഗ്രസും ബി.ജെ.പിയും ബന്ധപ്പെട്ട അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നും 'പുറത്താക്കി' മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. സഖ്യം പഴയപടി തുടര്‍ന്നു. ബി.ജെ.പി ഭരിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് ഭരണ സ്വാധീനമുപയോഗിച്ച് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട സംഭവമാണ് ഇരു പാര്‍ട്ടികളെയും അകറ്റിയത്. പിന്നീട് നടന്ന ബാങ്ക് തെരഞ്ഞെടുപ്പും പരസ്പര ആരോപണങ്ങളും ബന്ധം കൂടുതല്‍ വഷളാക്കി. ബാങ്ക് വൈ. പ്രസിഡന്‍റ് കൂടിയായിരുന്ന എ. സുരേന്ദ്രന്‍ ഡിസംബര്‍ രണ്ടിന് പഞ്ചായത്ത് വൈ. പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതാണ് പുതിയ തെരഞ്ഞെടുപ്പിന് കാരണമായത്. യു.ഡി.എഫിനും സി.പി.എമ്മിനും ഏഴംഗങ്ങള്‍ വീതമുള്ള ഭരണസമിതിയിലെ മൂന്നു ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. നിസാര പ്രശ്നങ്ങളുടെ പേരില്‍ കഴിഞ്ഞവര്‍ഷം സി.പി.എം പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ എം.എ. ദിനേശന്‍െറ നിലപാടാണ് എല്ലാവരും ഉറ്റുനോക്കിയത്. തന്നെ അകാരണമായി പുറത്താക്കിയ പാര്‍ട്ടിയെ പിന്തുണക്കാന്‍ താല്‍പര്യമില്ളെന്നും എന്നാല്‍, വിപ്പ് നല്‍കിയാല്‍ തന്‍െറ രാഷ്ട്രീയഭാവി പരിഗണിച്ച് തീരുമാനം പുന$പ്പരിശോധിക്കുമെന്നും തിങ്കളാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. 'അസുഖ'ത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടുതന്നെ അപ്രത്യക്ഷനായ ദിനേശന്‍െറ നിലപാട് വ്യക്തമായതോടെ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ നൂല്‍പ്പുഴയിലേയും പരിസര പ്രദേശങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയിരുന്നു. വന്‍ സ്വീകരണത്തിനും ഏര്‍പ്പാട്ചെയ്തിരുന്നു. ഭരണകാലാവധിയുടെ അവസാന വര്‍ഷത്തില്‍ വൈ. പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുക്കുന്നതില്‍ സി.പി.എമ്മിനും വലിയ താല്‍പര്യമില്ലായിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പുതന്നെ, വരണാധികാരിയായിരുന്ന എംപ്ളോയ്മെന്‍റ് ഓഫിസര്‍ രവി, വോട്ടിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൃത്യമായി ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിരുന്നു. ബാലറ്റില്‍ വോട്ട്ചെയ്യുന്ന അംഗത്തിന്‍െറ ഒപ്പും പേരും നിര്‍ബന്ധമാണെന്ന അറിയിപ്പ് പിന്നേയും ആവര്‍ത്തിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് ആഘോഷം ആരംഭിച്ചുകഴിഞ്ഞിരുന്നു. മുസ്ലിംലീഗ് അംഗം പേരിനൊപ്പം ഒപ്പിട്ടില്ല. ഇതോടെ ലീഗ് അംഗത്തിന്‍െറ വോട്ട് അസാധുവായി. ബി.ജെ.പി അംഗങ്ങളും ദിനേശനും വോട്ടിങ്ങില്‍ പങ്കെടുത്തില്ല. വോട്ടെണ്ണിയപ്പോള്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും ആറ് വോട്ട് വീതം ലഭിച്ചു. പിന്നീട് നറുക്കിട്ടു. നറുക്ക് വീണത് സി.പി.എമ്മിന്‍െറ കെ.എം. പൗലോസിനായിരുന്നു. ഫലപ്രഖ്യാപനം വന്നതോടെ ആരവങ്ങള്‍ അടങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷം മുഴുവന്‍ ലീഗിന് നേരെയായി. പിന്നീടവര്‍ ലീഗിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രകടനമായി നീങ്ങി. വിജയം പ്രതീക്ഷിക്കാതിരുന്ന സി.പി.എം അംഗങ്ങള്‍ പിന്നീട് ഫോണിലും മറ്റുമായി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ലീഗ് അംഗം ബാലറ്റില്‍ ഒപ്പിടാത്തത് മനപൂര്‍വമാണെന്ന ആരോപണം ഇതിനകം ശക്തമാകുകയും ചെയ്തു.
ബാലറ്റില്‍ ഒപ്പിടാന്‍ വിട്ടുപോയതിന് വോട്ട് അസാധുവാക്കിയ റിട്ടേണിങ് ഓഫിസറുടെ നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

മതം ഉപേക്ഷിച്ചു പോയവര്‍ തിരിച്ചു വരുന്നതില്‍ എന്താണ് തെറ്റ്: വെള്ളാപള്ളി

Posted: 23 Dec 2014 09:52 PM PST

Image: 

കൊച്ചി: മതം ഉപേക്ഷിച്ചുപോയവര്‍ തിരിച്ചു വരുന്നതില്‍ എന്താണ് തെറ്റെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. മതപരിവര്‍ത്തനത്തിന്‍െറ കാരണത്തെയാണ് ചികിത്സിക്കേണ്ടത്. അറിവില്ലായ്മയും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണ് മതപരിവര്‍ത്തനത്തിന്‍െറ കാരണം. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെ തള്ളുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
 

 

അസമിലെ തീവ്രവാദി ആക്രമണം: മരണം 55 ആയി

Posted: 23 Dec 2014 09:41 PM PST

Image: 

ഗുഹാവത്തി: അസമിലെ സോണിത്പൂര്‍, കൊക്രജര്‍ ജില്ലകളിലെ ആദിവാസി മേഖലകളില്‍ ബോഡോലാന്‍ഡ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണ്. സോണിത്പൂരില്‍ 10 സ്ത്രീകളും 13 കുട്ടികളുമുള്‍പ്പെടെ 27 പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

അഞ്ചിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. എ.കെ 47 തോക്കുകളുപയോഗിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഏറെപേരും ചായത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ഗോത്രവര്‍ഗ്ഗക്കാരാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് അസം സന്ദര്‍ശിക്കും.

ആക്രമണങ്ങളത്തെുടര്‍ന്ന് അസമില്‍ പോലീസ് കനത്തജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ചാരിറ്റിക്ക് ഒന്നാം സ്ഥാനം

Posted: 23 Dec 2014 09:21 PM PST

Image: 

ദോഹ: ലോകത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏറ്റവും മികച്ച സംഘമായി ഖത്തര്‍ ചാരിറ്റിയെ തെരഞ്ഞെടുത്തു. യുനൈറ്റഡ് നാഷന്‍സ് ഓഫീസ് ഫോര്‍ ദ കോ ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സിന്‍െറ (ഒ.സി.എച്ച്.എ) യുടെ ഫിനാന്‍ഷ്യല്‍ ട്രാക്കിങ് ഓഫ് ഇന്‍റര്‍നാഷണല്‍ റിലീഫ് റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ചാരിറ്റിക്ക് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിതര സംഘടനകളുടേതടക്കം അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ രേഖപ്പെടുത്തുന്ന ഒ.സി.എച്ച്.എ ഡാറ്റാബേസാണ് ഫിനാന്‍ഷ്യല്‍ ട്രാക്കിങ് സര്‍വീസ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിറിയ,ഫലസ്തീന്‍, സോമാലിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഖത്തര്‍ ചാരിറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അംഗീകാരം.
മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് ഓഫീസുകളുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘമാണ് ഖത്തര്‍ ചാരിറ്റി. സ്വന്തം ഓഫീസുകളില്ലാത്ത രാജ്യങ്ങളില്‍ മറ്റു പ്രബല സംഘടനകളുമായി സഹകരിച്ചാണ് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തിക്കുന്നത്. 60 രാജ്യങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്നുണ്ട്.
അഭയാര്‍ത്ഥികളും ആലംബഹീനരുമായ 2,128,000 പേരുടെ പുനരധിവാസത്തിനായി 185 ദശലക്ഷം റിയാലാണ് ഖത്തര്‍ ചാരിറ്റി ചെലവിട്ടത്. 62.5 ദശലക്ഷം റിയാലാണ് സിറിയയിലെ 1,353,000 അഭയാര്‍ത്ഥികളുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി ചെലവിട്ടത്.
പാര്‍പ്പിടങ്ങള്‍ തയാറാക്കാന്‍ 45 ദശലക്ഷം റിയാലും ആരോഗ്യ പരിചരണത്തിനായി 60 ദശലക്ഷം റിയാലുമാണ് വിനിയോഗിച്ചത്. വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍ക്കായി 17.6 ദശലക്ഷം റിയാലും ചെലവിട്ടു. പദ്ധതി തുകയുടെ പകുതിയിലധികവും ചെലവിട്ടത് സിറിയയിലാണ്.
ഫലസ്തീനിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 170 ദശലക്ഷം ചെലവിട്ടതില്‍ 145 ദശലക്ഷവും ഗസ്സ മുനമ്പിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണുപയോഗിച്ചത്. 680,000 പേരാണ് സോമാലിയയില്‍ ഖത്തര്‍ ചാരിറ്റിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായത്.
 

അഫ്ഗാനില്‍ സൈനിക ഏറ്റുമുട്ടലില്‍ 138 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 23 Dec 2014 09:16 PM PST

Image: 

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാറ്റോ വ്യോമസേനയുടെ പിന്തുണയോടെ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.  ഏറ്റുമുട്ടലില്‍    ഏഴ് അഫ്ഗാന്‍ പട്ടാളക്കാരും കൊല്ലപ്പെടുകയും 108 തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സുരക്ഷാ സേനാവക്താവ് ഹാരുണ്‍ യൂസഫ്സായ് അറിയിച്ചു.
കുനാര്‍ പ്രവിശ്യയിലെ ദന്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ 17 പേര്‍ പാകിസ്താന്‍ പട്ടാള യൂണിഫോമിലുള്ളവരാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന കുനാര്‍ പ്രവിശ്യയില്‍ പത്തുദിവസം മുമ്പ് 1200 ഓളം തീവ്രവാദികള്‍ സുരക്ഷാ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. തീവ്രവാദികള്‍ പ്രദേശത്തെ റോഡുഗതാഗതം തടസ്സപ്പെടുത്തുകയും   പലയിടങ്ങളിലും സ്ഫോടനം നടത്തുകയും ചെയ്തിരുന്നു. ഇതെ തുടറന്നാണ് സൈന്യം നാറ്റോയുമായി ചേര്‍ന്ന് പ്രത്യാക്രമണം നടത്തിയത്.

എന്നാല്‍ തങ്ങള്‍ക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലന്നെും ആക്രമണത്തില്‍ ഒട്ടേറെ അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.

 

ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും

Posted: 23 Dec 2014 08:49 PM PST

Image: 

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. കേവല ഭൂരിപക്ഷം നേടിയതോടെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ബി.ജെ.പിയില്‍ സജീവമായി. രഘുബര്‍ ദാസ് മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്തെ ആദ്യ പട്ടിക വര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രിയാവും അദ്ദേഹം.

ഝാര്‍ഖണ്ഡിലെ ജനസംഖ്യയില്‍ 32 ശതമാനവും ആദിവാസികളാണ്. 2000 ല്‍ സംസ്ഥാനം നിലവില്‍ വന്നിട്ട് ഒമ്പത് സര്‍ക്കാരുകളാണ് ഭരിച്ചത്. ഇതില്‍ ഒമ്പത് തവണയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു മുഖ്യമന്ത്രിമാര്‍. തെരഞ്ഞെടുപ്പു സമയത്ത് അര്‍ജുന്‍ മുണ്ടയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചിരുന്നത്. ഝാര്‍ഖണ്ഡില്‍ മുന്നു തവണ മുഖ്യമന്ത്രിയായിരുന്ന മുണ്ടയ്ക്ക് പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയില്ല. ഘര്‍സാവനില്‍ നിന്നും മുണ്ട ദയനീയമായി പരാജയപ്പെട്ടു.
 

 

ഐ.എസ്.എല്‍ ഇന്ത്യന്‍ ഫുട്ബാളിന് കുതിപ്പാകും-ഗവാസ്കര്‍

Posted: 23 Dec 2014 08:10 PM PST

Image: 

ദുബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്  രാജ്യത്തെ ഫുട്ബാളിന് ഏറെ ഗുണം ചെയ്യുമെന്നും യുവകളിക്കാര്‍ക്ക് വിദേശ പ്രഫഷണല്‍ കളിക്കാരില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ നേരിട്ട് പഠിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ പ്രധാന നേട്ടമെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. ഐ.എസ്.എല്ലിന്‍െറ ആദ്യ പതിപ്പ് അധികം കാണാന്‍ പറ്റിയിട്ടില്ളെങ്കിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏറെ വലുതായിരിക്കുമെന്നുറപ്പാണ്. കൂടുതല്‍ വിദേശ കളിക്കാരും കോച്ചുമാരുമെല്ലാം വരുന്നത് ഇന്ത്യന്‍ ഫുട്ബാളിന്‍െറ നിലവാരം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ജനപ്രിയ കളിയാണ് ഫുട്ബാള്‍. പക്ഷെ ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ ഏറെ താഴെയാണ്. ഇതില്‍ നിന്ന് മുന്നോട്ടുകയറാനുള്ള മികച്ച നീക്കമാണ് ഐ.എസ്.എല്‍- ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായ ഗവാസ്കര്‍ പറഞ്ഞു.
ഡാന്യൂബ് ബില്‍ഡേര്‍സിന്‍െറ പുതിയ പാര്‍പ്പിട സമുച്ചയ പദ്ധതിയുടെ പ്രഖ്യാനത്തിനത്തെിയതായിരുന്നു അവരുടെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ ഗവാസ്കര്‍.
ഇന്ത്യന്‍ കളിക്കാര്‍ക്ക് വിദേശകളിക്കാരുടെ ശൈലിയും രീതിയുമെല്ലാം നേരിട്ട് മനസ്സിലാക്കാന്‍ ഐ.എസ്.എല്ലിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  വിദേശ കളിക്കാര്‍ നടത്തുന്ന പരിശീലനവും ഒരുക്കങ്ങളും അവരുടെ മനോഭാവവുമെല്ലാം അടുത്തിടപഴകി മനസ്സിലാക്കാന്‍ നമ്മുടെ കളിക്കാര്‍ക്ക് സാധിക്കുന്നത് ചില്ലറ കാര്യമല്ല. ഐ.പി.എല്‍ ക്രിക്കറ്റിലും സംഭവിച്ചത് അതാണ്. മികച്ച വിദേശകളിക്കാരൊടൊപ്പം ഡ്രസിങ് റൂമില്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനും സമ്മര്‍ദങ്ങളെ അവര്‍ നേരിടുന്ന രീതി മനസ്സിലാക്കാനും കഴിയുന്നത്് യുവ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഏറെ ഗുണമായിട്ടുണ്ട്. ഒരുപാട് യുവ താരങ്ങള്‍ അവസരങ്ങള്‍ക്കായി ഫുട്ബാളിലും കാത്തിരിക്കുന്നുണ്ട്.
കളിക്കളത്തില്‍ നാം കാണുന്ന മാറ്റം മാത്രമല്ല സംഭവിക്കുന്നത്. ഉദാഹരണത്തിന് ഇടവേളയില്‍ ഒരുഗോളിന് ടീം തോറ്റുനില്‍ക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ വിദേശ പ്രഫഷണല്‍ കളിക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും തന്ത്രങ്ങളും നേരില്‍ കാണാന്‍ നമ്മുടെ കളിക്കാര്‍ക്ക് സാധിക്കും. അവരോടൊപ്പമുള്ള യാത്രയും സംസാരവുമെല്ലാം തന്നെ നമ്മുടെ കളിക്കാരില്‍ ഗുണപരമായ മാറ്റമുണ്ടാക്കും. ആത്മാര്‍ഥമായി ഉയരാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െറ അജിങ്ക്യ റഹാനെ ഇങ്ങനെ വളര്‍ന്ന കളിക്കാരനാണെന്ന് തനിക്ക് പറയാനാകും. അവന്‍  രാഹുല്‍ ദ്രാവിഡില്‍ നിന്ന് മാത്രമല്ല ഷെയിന്‍ വോണ്‍, ഷെയിന്‍ വാട്സണ്‍,സ്മിത്ത് എന്നിവരില്‍ നിന്നെല്ലാം നിരന്തരം പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മലയാളിയായ സഞ്ജു സാസംണും ഇങ്ങനെ വിദേശ താരങ്ങളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത കളിക്കാരനാണ്. ഇതാണ് ഐ.പി.എല്ലും ഐ.എസ്.എല്ലുമെല്ലാം ഇന്ത്യക്ക് ഉണ്ടാക്കുന്ന നേട്ടങ്ങള്‍-ഗവാസ്കര്‍ വ്യക്തമാക്കി. മറ്റുള്ളവരെ അനുകരിക്കണമെന്നല്ല അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കണമെന്നാണ് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഐ.എസ്.എല്ലുമായി സഹകരിക്കുന്ന സാഹചര്യത്തില്‍ ഗവാസ്കറെയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തില്‍ തല്‍ക്കാലം ഉടനില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. ഇപ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലീഗില്‍ മുംബൈ ടീമുമായും  പ്രീമിയര്‍ ടെന്നിസ് ലീഗില്‍ സിങ്കപ്പൂര്‍ ടീമുമായും താന്‍ സഹകരിക്കുന്നുണ്ട്. സൂപ്പര്‍ ലീഗ് ഫുട്ബാളിന്‍െറ വിജയവും ജനപ്രീതിയും ക്രിക്കറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ളെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അടുത്ത വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കപ്പ് നിലനിര്‍ത്താനാകുമെന്നതില്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് ഗവാസ്കര്‍ പറഞ്ഞു. ആസ്ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ മോശം പ്രകടനം ഇവിടെ പരിഗണിക്കേണ്ടതില്ല. ഇത് ഏകദിനമാണ്. ഇംഗ്ളണ്ട് പര്യടനത്തില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടും ഇന്ത്യക്ക് ഏകദിനത്തില്‍ തിരിച്ചുവരാനായി. ടെസ്റ്റും ഏകദിനവും തീര്‍ത്തും വ്യത്യസ്തമാണ്. ലോകകപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര പരമ്പരയുണ്ട്. അത് മതിയായ പരിശീലനത്തിന് പര്യാപ്തമാണ്. ആസ്ട്രേലിയയില്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് തയാറെടുപ്പുകള്‍ക്ക് ഏറെ സമയം ലഭിക്കുന്നതും ഗുണം ചെയ്യും. പിച്ചുമായി പരിചയപ്പെടാനും കാലാവസ്ഥയുമായി പൊരുത്തപ്പെടാനും സമയം ലഭിക്കും.ടെസ്റ്റ് ഘടനയില്‍ നിന്ന് ഏകദിന ഘടനയിലേക്ക് മനസ്സ്മാറ്റിയെടുക്കാനും കളിക്കാര്‍ക്ക് ഇതാവശ്യമാണ്. ലോകകപ്പ് ഇന്ത്യ നേടുമെന്നുതന്നെയാണ് കരുതുന്നതെന്ന് ഗവാസ്കര്‍ പറഞ്ഞു.
ഡാന്യൂബ് ഗ്രൂപ്പിന്‍െറ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയായ ഗില്‍റ്റ്സിന്‍െറ വിപണനോദ്ഘാടനമാണ് സുനില്‍ ഗവാസ്കര്‍ ചൊവ്വാഴ്ച നിര്‍വഹിച്ചത്. സ്റ്റുഡിയോ സിറ്റി മേഖലയില്‍ 300 ഓളം പാര്‍പ്പിടങ്ങളാണ്  ഒരുക്കുന്നതെന്ന് ചെയര്‍മാന്‍ റിസ്വാന്‍ സാജന്‍ പറഞ്ഞു. 4,75,000 ദിഹം മുതല്‍ വിലയില്‍ ഫ്ളാറ്റുകള്‍ ലഭ്യമാണ്. ഗ്രൂപ്പ് മാനേജി്ങ് ഡയറക്ടര്‍ അനീസ് സാജന്‍, ഡയറക്ടര്‍ അദല്‍ സാജന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

സൂനാമി കവര്‍ന്നവരുടെ മുഖങ്ങള്‍ക്ക് പാറകളില്‍ ചിത്രരൂപം

Posted: 23 Dec 2014 06:56 PM PST

Image: 

കായംകുളം: പതിറ്റാണ്ട് മുമ്പ് രാക്ഷസ തിരമാലകള്‍ കവര്‍ന്നെടുത്ത ഉറ്റവരുടെ മുഖങ്ങള്‍ ഒരു മഹാദുരന്തത്തിന്‍െറ ഓര്‍മകള്‍ ഉണര്‍ത്തി ഇനി ഈ ഗ്രാമതീരങ്ങളില്‍ എക്കാലവും നിലനില്‍ക്കും. 2004 ഡിസംബര്‍ 26ന് ആറാട്ടുപുഴ -വലിയഴീക്കല്‍ മേഖലയില്‍ സൂനാമി തിരമാലകള്‍ കവര്‍ന്നെടുത്ത 150 പേരുടെ ചിത്രങ്ങള്‍  സംഹാര രുദ്രയാവുന്ന കൂറ്റന്‍ തിരമാലകളെ തടഞ്ഞുനിര്‍ത്താന്‍ സ്ഥാപിച്ച പുലിമുട്ടിലെ കൂറ്റന്‍ പാറകളിലാണ് ഓര്‍മ ചിത്രങ്ങളാവുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ അമ്പതോളം ചിത്രകാരന്‍മാരാണ് ആറാട്ടുപുഴ വലിയഴീക്കല്‍ പൊഴിമുഖത്ത് ഇതിനായി രാവും പകലും പണിയെടുക്കുന്നത്.  
സൂനാമി തിരകളില്‍ മരിച്ചവരുടെ മുഖങ്ങള്‍ക്കൊപ്പം അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും കല്ലില്‍ വരച്ചിടുന്നുണ്ട്.
‘ഒരു പ്രദേശത്തിന്‍െറ എല്ലാ സവിശേഷതകളും ജീവനും ജീവിതവുമെല്ലാം തൊട്ടറിയുന്ന പ്രദേശ കല’ എന്ന ആശയമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.  അകാലത്തില്‍ പൊലിഞ്ഞ കായംകുളം സ്വദേശിയായ ചിത്രകാരന്‍ രഞ്ജി വിശ്വനാഥിന്‍െറ ചിന്തയിലാണ് ഇത്തരമൊരു ആശയം പിറന്നത്. കല്‍ക്കത്ത ശാന്തിനികേതന്‍ വിദ്യാര്‍ഥിയായിരുന്ന രഞ്ജിയുടെ ഓര്‍മകളെ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളാണ് ആശയം യാഥാര്‍ഥ്യമാക്കാന്‍ രംഗത്തിറങ്ങിയത്.
സൂനാമി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുമായി സംവദിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. 20 ന് തുടങ്ങിയ ചിത്രരചന പൂര്‍ത്തിയായി വരുകയാണ്. തീരങ്ങളെ വിഴുങ്ങിയ സൂനാമിയുടെ ഓര്‍മ ദിവസമായ 26ന് പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.
ഏഴ് ദിവസമായി നടക്കുന്ന ചിത്രരചനക്കൊപ്പം ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളും പരിശീലനങ്ങളുമടക്കമുള്ള ഇടപെടലുകളുമായി ചിത്രകാരന്‍മാര്‍ വലിയഴീക്കല്‍ ഗ്രാമത്തില്‍ സജീവമായിരുന്നു.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും എത്തിയ ചിത്രകാരന്‍മാര്‍ അവരുടെ അനുഭവങ്ങളും അറിവും നാടുമായി പങ്കുവെച്ചു. കുട്ടികള്‍ക്കുള്ള ചിത്രരചന ക്യാമ്പ്, രംഗാവതരണ പരിശീലനം, കവി സദസ്സ്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങിയവയും ഇതോടനുബന്ധിച്ച് വലിയഴീക്കല്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ചു.
 

നില്‍പുസമരത്തിന്‍െറ മഹാവിജയം

Posted: 23 Dec 2014 06:47 PM PST

Image: 

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ത്യാഗസമരമാണ് ഗോത്രമഹാസഭ നടത്തിയതും വിജയിപ്പിച്ചതും. നിരവധി മനുഷ്യര്‍ ഒറ്റമനസ്സോടെ ദിവസങ്ങളോളം ഭരണകേന്ദ്രത്തിനു മുന്നില്‍ ഒരേ നില്‍പ്  നിന്നു. അവരുടെ ആവശ്യം തങ്ങളുമായി ഭരണകൂടം ഉണ്ടാക്കിയ ഒരു കരാര്‍ പാലിക്കണം എന്നതുമാത്രമായിരുന്നു.
ഈ സമരത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. അത് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയതാണ്. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരികെ നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെയാണ് അതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന ഈ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ഇന്ദിര ഗാന്ധിയുടെ കാലത്ത് ഇതിനനുകൂലമായ നിലപാടുണ്ടായി. അതനുസരിച്ച് അച്യുതമേനോന്‍ മന്ത്രിസഭ നിയമവും കൊണ്ടുവന്നു. എന്നാല്‍, പില്‍ക്കാലത്ത് വന്ന മന്ത്രിസഭകള്‍ ഇതിന് മുഖംതിരിഞ്ഞുനിന്നു. അല്‍പം ചില നീക്കങ്ങള്‍ കരുണാകരന്‍െറ കാലത്ത് 80കളില്‍ ഉണ്ടായി. എന്നാല്‍, അതു പിന്നീട് നിലക്കുകയും മാറിമാറി വന്ന മന്ത്രിസഭകളുടെ  പരിഗണനകളില്‍ ഇതിന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
അതുവരെ ആദിവാസികള്‍ അസംഘടിതരായിരുന്നു. അവര്‍ക്ക്  സ്വന്തമായ ശബ്ദമുണ്ടായിരുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ അജണ്ടകളില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നില്ല. മാത്രമല്ല, ഭൂമി തിരികെ നല്‍കുന്ന പ്രശ്നത്തില്‍ ഉണ്ടായ സമവായം ആദിവാസികള്‍ക്കെതിരായിരുന്നു. കരുണാകരനും നായനാരും ആദിവാസികളെ വഞ്ചിക്കാന്‍ കൈകോര്‍ത്തുനിന്നു. കോടതിയും രാഷ്ട്രപതിയും കൈയൊഴിഞ്ഞപ്പോള്‍ ഒരു വലിയ ചതിപ്രയോഗത്തിലൂടെ നായനാര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന്  കൊണ്ടുവന്ന ഒരു നിയമമാണ് ആദിവാസികളുടെ പ്രതീക്ഷയില്‍ അവസാനത്തെ ആണിയടിച്ചത്. വഞ്ചനയുടെ അവസാന വാക്ക് പോലെ ആ നിയമം കേരള നിയമസഭയുടെ നെറികേടിന് ഉദാഹരണമായി  നിലകൊള്ളുന്നു.  
അന്യാധീനപ്പെട്ട ഭൂമി തിരികെ കൊടുക്കില്ളെന്നല്ലാതെ ആദിവാസികള്‍ ഭൂമിക്ക് ഇനി എന്തുചെയ്യണം എന്നുപറയാന്‍ ഒരാസൂത്രണവും ഉണ്ടായില്ല. ആദിവാസി സമരങ്ങള്‍ അതോടെ ആളിപ്പടര്‍ന്നു . ഭൂമിക്കായുള്ള ബദല്‍മാര്‍ഗങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇനി ഭൂപരിഷ്കരണമൊന്നും വേണ്ടെന്നും വീട് വെക്കാന്‍ സ്ഥലം കൊടുത്താല്‍ മതിയെന്നുമൊക്കെ അലസ സിദ്ധാന്തങ്ങള്‍ ഉണ്ടായി.
എന്നാല്‍, ഗോത്രമഹാസഭയുടെ രൂപവത്കരണവും വളര്‍ച്ചയും അതുവരെയുണ്ടായിരുന്ന രാഷ്ട്രീയസമവാക്യങ്ങളെ മാറ്റിമറിച്ചു. അനുതാപങ്ങളുടെ വ്യാജവാക്കുകള്‍കൊണ്ട് ആദിവാസി സ്നേഹം കാട്ടിയിരുന്ന സി.പി.എം മുതല്‍ കോണ്‍ഗ്രസ് വരെയുള്ള ഭരണവര്‍ഗ  മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിവര്‍ണാധീശത്വ ജീര്‍ണതയുടെ നെടുംകോട്ട ആയ കേരളത്തിലെ ബ്യൂറോക്രസിയും ഗോത്രമഹാസഭയോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരായി.
ഭരണകേന്ദ്രത്തിന് മുന്നില്‍ അവര്‍ കുടില്‍കെട്ടി സമരം നടത്തി. മുത്തങ്ങയില്‍ ഭൂമി കൈയേറി സമരം നടത്തി. പാലിക്കാത്ത കരാറുകളും മര്‍ദനങ്ങളും അപവാദങ്ങളും അനുനയങ്ങളും ഭീഷണികളും നിലക്കാത്ത കള്ളക്കേസുകളും ഗോത്രമഹാസഭ നേരിടാത്ത പ്രശനങ്ങളില്ല. ചെറുതും വലുതുമായ മറ്റനേകം സമരങ്ങള്‍ അപ്പോഴും അവര്‍ തളരാതെ മുന്നോട്ടുകൊണ്ടുപോയി.  
ഈ മുന്നേറ്റത്തെ ഇല്ലാതാക്കാന്‍ കേരളത്തിലെ സംഘടിത രാഷ്ട്രീയ പാര്‍ട്ടി കള്‍ നടത്തിയിട്ടുള്ള ആക്രമണങ്ങളില്‍ പതറാതെ ഉറച്ചുനിന്ന പാദങ്ങളാണ് ആദിവാസികളുടേത്. നില്‍പ്സമരം തുടങ്ങിയതിനുശേഷം സി.പി.എമ്മിന്‍െറ അഭ്യുദയകാംക്ഷികള്‍ എന്ന് അവകാശപ്പെട്ട് സൈബര്‍ലോകത്ത് അക്രമോത്സുകരാവുന്ന വിഭാഗങ്ങള്‍ നടത്തിയ ഹീനമായ ആക്രോശങ്ങളും അപവാദപ്രചാരണവും സമാനതകളില്ലാത്തതായിരുന്നു. കേരളീയ പൊതുസമൂഹം ഈ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ ആദിവാസികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളെപ്പറ്റികൂടുതല്‍ ബോധവത്കരിക്കപ്പെടുകയും അതിന്‍െറ പിന്തുണ സമരത്തിന് ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് അങ്കലാപ്പ് വര്‍ധിച്ചത്. കൂടുതല്‍ പേര്‍ സമരത്തെ പിന്തുണച്ച് മുന്നോട്ടുവരുന്നതുപോലും സമരത്തിനെ അപഹസിക്കാന്‍ ഹീനമായി ഉപയോഗിക്കപ്പെട്ടു.
മാവൂര്‍ സമരത്തില്‍ ഗ്രോ വാസു നിരാഹാരം തുടങ്ങിയപ്പോള്‍ വലിയ വിമര്‍ശവുമായാണ് ഇ.എം.എസ് അതിനെ നേരിട്ടത്. മാവൂര്‍ സമരത്തിന്‍െറ വേരുകള്‍ തിരഞ്ഞുചെല്ലുമ്പോള്‍ അദ്ദേഹത്തിന്‍െറ ഭരണത്തിലാണല്ളോ ചെന്നത്തെുക. അസഹിഷ്ണുവായ ഇ.എം.എസ് ‘തോക്കിന്‍ കുഴലില്‍നിന്ന് നിരാഹാരസമരത്തിലേക്ക്’ എന്ന് ദേശാഭിമാനിയില്‍ പരമ്പര എഴുതിയാണ് തന്‍െറ വിമര്‍ശത്തിന് തുടക്കമിട്ടത്. അതിനെ അനുസ്മരിപ്പിക്കുന്ന കുത്സിതമായ ആക്രമണമാണ് ഈ സമരത്തിനു നേരെയും ഉണ്ടായത്.
അതിനുമപ്പുറം അപവാദങ്ങളും ആക്രോശങ്ങളും ഉണ്ടായി. സി.പി.എം വിഭാഗീയതയുടെ ഭാഗമായി സി.പി.എമ്മിന് ഉള്ളില്‍നിന്ന് ഉണ്ടായ ആസൂത്രണ വിദേശ വിവാദത്തിന്‍െറ ചളിവെള്ളത്തില്‍ വീണ ചില സി.പി.എം നേതാക്കളും അവരുടെ അനുയായികളും ശുദ്ധജലം കണ്ടാല്‍പോലും അറയ്ക്കുന്നതും ഭയക്കുന്നതും ചെറിയ വിമര്‍ശംപോലും സഹിക്കാനാവാതെ കൂട്ടത്തോടെ ആക്രോശിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍, നവമാധ്യമ മേഖലയില്‍,എല്ലാ ജനകീയ സമരങ്ങളോടും ഒരു പാര്‍ട്ടിയുടെ മുഴുവന്‍ പ്രതികരണങ്ങളും ഇത്തരത്തില്‍ പ്രതിലോമപരമാവുന്നത് ഏതു ഭയത്തിന്‍െറ പേരിലായാലും ആശാസ്യമല്ല.
ഈ സമരത്തിന്‍െറ മുദ്രാവാക്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഗോത്രമഹാസഭയും സര്‍ക്കാറുമായി ഉണ്ടാക്കിയ മന്ത്രിസഭാ തീരുമാനമായി വന്ന ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍. ഇതില്‍ ഏറ്റവും പ്രധാനം പെസ (ആദിവാസി ഗ്രാമസഭാ നിയമം) നടപ്പാക്കും എന്നതാണ്. ഇതു കേരളത്തിലെ സാഹചര്യത്തില്‍ വലിയൊരു മുന്നേറ്റമാണ്. തത്ത്വത്തിലെങ്കിലും ഒരു സര്‍ക്കാറിനെക്കൊണ്ട് ഇത് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍തന്നെ അതു വലിയൊരു നേട്ടമാണ്. മറ്റുചില സംസ്ഥാനങ്ങളില്‍ ഭാഗികമായി മാത്രം നടപ്പാക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു നിയമമാണ് ഇത്. ഇതില്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കാനുള്ള ആര്‍ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. എന്തുകൊണ്ട് സമരം വേഗം ഒത്തുതീര്‍പ്പാകുന്നില്ല എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഭരണഘടനാപരമായ ഒരവകാശത്തിനു വേണ്ടിയുള്ള നില്‍പായിരുന്നു അത്.
മറ്റൊരു പ്രധാനകാര്യം മുത്തങ്ങസമരത്തിന്‍െറ പശ്ചാത്തലത്തില്‍  എടുത്തിട്ടുള്ള വലിയ തീരുമാനങ്ങളാണ്. കുടിയിറക്കപ്പെട്ട സമരയോദ്ധാക്കള്‍ക്ക് പുനരധിവാസം, ഭവനനിര്‍മാണസഹായം, അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികള്‍ക്ക് നഷ്ടപരിഹാരം, അതിലെല്ലാമുപരി മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേരളസര്‍ക്കാര്‍ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കല്‍ എന്നിവ കരാറിന്‍െറ ഭാഗമാണ്. പുന്നപ്രവയലാര്‍ എന്ന് അറിയപ്പെടുന്ന സായുധസമരത്തിലും മറ്റും പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണിത്. സി.പി.ഐ, കോണ്‍ഗ്രസ് മുന്നണിയുടെ ഭരണകാലത്താണ് ഇത് അനുവദിച്ചത്. ഏതെങ്കിലും മുന്നണിയുടെ ഭാഗമായല്ലാതെ സമരങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കേസുകള്‍ ഒരിക്കലും പിന്‍വലിക്കപ്പെടാറില്ല. അവര്‍ക്ക് നഷ്ടപരിഹാരമോ പെന്‍ഷനോ നല്‍കാറില്ല. 1989ല്‍  മനുസ്മൃതി കത്തിച്ചവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കപ്പെടാതെ പോയത് അത് മുന്നണികളില്‍ പെട്ടവരല്ല ചെയ്തത് എന്നതുകൊണ്ടല്ളേ? ഭരണകൂടത്തിന്‍െറ ആക്രമണത്തിന് വിധേയമായ മുന്നണികളുടെ ഭാഗമല്ലാത്ത ഏതു സമരത്തിന് ഇതുപോലെ നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്?
ഈ സമരത്തിന് കിട്ടിയ വലിയ ജനപിന്തുണ ഇതിന്‍െറ പിന്നിലുള്ള യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കാന്‍ ഈ സഹനസമരത്തിന് കഴിഞ്ഞു എന്നതിന്‍െറ അടയാളമാണ്. ഓരോ ദിവസം കഴിയുംതോറും സമരത്തിന് ജനപിന്തുണയേറിവന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളും നേതാക്കളും സമരത്തിനോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. സി.കെ. ജാനുവിനും ഗീതാനന്ദനും തീര്‍ച്ചയായും അഭിമാനിക്കാം. സഹിഷ്ണുതയുടെയും ത്യാഗത്തിന്‍െറയും സഹനത്തിന്‍െറയും മുദ്രാവാക്യം മുഴക്കിയ ഒരു വലിയ സമരത്തിന്‍െറ പതറാത്ത നേതൃത്വം എന്ന നിലയില്‍. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി കേരളത്തില്‍ നടക്കുന്ന വലിയ കീഴാള പോരാട്ടത്തിന്‍െറ തളരാത്ത ശബ്ദമായി നിലകൊള്ളുന്നു എന്നതിന്‍െറ പേരില്‍. 163 ദിവസവും ഈ സമരത്തിന്‍െറ അണയാത്ത അഗ്നിയായി ഉറച്ചുനിന്ന ഓരോ സമരപോരാളിക്കും എന്‍െറ സ്നേഹാഭിവാദനങ്ങള്‍.

കശ്മീര്‍, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍

Posted: 23 Dec 2014 06:42 PM PST

Image: 

ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അമിത് ഷാ, നരേന്ദ്ര മോദി ടീമിന് എന്തുകൊണ്ടും ആഹ്ളാദിക്കാന്‍ അവസരം നല്‍കുന്നതാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മുന്നേറ്റം നടത്താന്‍ കഴിഞ്ഞുവെന്നത് ബി.ജെ.പിക്ക് വര്‍ധിച്ച ആത്മവിശ്വാസം നല്‍കുന്നുമുണ്ട്. കേന്ദ്രത്തിലെ അധികാര ലബ്ധിയത്തെുടര്‍ന്ന് ഭരണതലത്തിലും സംഘടനാതലത്തിലും നടത്തിക്കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ അജണ്ടകള്‍ അവര്‍ പൂര്‍വാധികം ശക്തമായി തുടരുമെന്ന ആശങ്കയാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര, പുരോഗമനവാദികള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്.
87 സീറ്റുകളുള്ള ജമ്മു-കശ്മീരില്‍ 28 സീറ്റോടെ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 25 സീറ്റുമായി ബി.ജെ.പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രമായ കശ്മീര്‍ താഴ്വരക്ക് പുറത്ത് നേട്ടമുണ്ടാക്കാന്‍ പി.ഡി.പിക്കോ, തങ്ങളുടെ തട്ടകമായ ജമ്മുവിന് പുറത്ത് സീറ്റുകള്‍ നേടാന്‍ ബി.ജെ.പിക്കോ സാധിച്ചിട്ടില്ല. അതായത്, ഭൂമിശാസ്ത്രപരവും മതപരവുമായ ഒരു വിഭജനം കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാന്‍ കഴിയും. മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം എവിടെയുമത്തെിയില്ല. പഴക്കവും പാരമ്പര്യവുമുള്ള രാഷ്ട്രീയ പ്രസ്ഥാനവും നിലവിലെ ഭരണകക്ഷിയുമായ നാഷനല്‍ കോണ്‍ഫറന്‍സ് വെറും 15 സീറ്റുമായി തകര്‍ന്നുനില്‍ക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. ഒറ്റക്ക് ഭരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കശ്മീരിലെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് ഇനിയും പറയാനായിട്ടില്ല. നാഷനല്‍ കോണ്‍ഫറന്‍സ്-ബി.ജെ.പി സഖ്യം രൂപപ്പെടുമോ, അതല്ല, പി.ഡി.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇനിയും അറിഞ്ഞിട്ടു വേണം. കോണ്‍ഗ്രസിനെക്കാള്‍ തങ്ങള്‍ ബി.ജെ.പിയെയാണ് പരിഗണിക്കുന്നതെന്ന പി.ഡി.പി നേതാവ് മഹ്ബൂബാ മുഫ്തിയുടെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. നമ്മെ അദ്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും അവിടെനിന്ന് വന്നുകൂടായ്കയില്ല. എന്തുതന്നെയായാലും, തീവ്രവാദം, ഭരണകൂട ഭീകരത, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ പിടിയില്‍ പെട്ടുനില്‍ക്കുന്ന ആ സംസ്ഥാനത്തെ ജനതക്ക് ആശ്വസിക്കാന്‍ വലിയ കോപ്പുകളില്ല എന്നതാണ് കാര്യം.
ബി.ജെ.പിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നതാണ് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസ് പിന്തുണയോടെ, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഹേമന്ത് സോറന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് സംസ്ഥാനം ഭരിച്ചിരുന്നത്. ഭരിച്ച ജെ.എം.എമ്മിനും പിന്തുണച്ച കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അവര്‍ യഥാക്രമം 19ഉം ആറും സീറ്റിലൊതുങ്ങിയപ്പോള്‍, 81 അംഗ അസംബ്ളിയില്‍ ബി.ജെ.പി 42 സീറ്റുകള്‍ നേടിയെടുത്ത് ഒറ്റക്ക് ഭൂരിപക്ഷം നേടി. സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ജെ.എം.എമ്മും കോണ്‍ഗ്രസും ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. ജെ.എം.എമ്മില്‍നിന്ന് വിഘടിച്ചുപോയ ജെ.വി.എം ഏഴ് സീറ്റില്‍ വിജയിച്ചു. ജെ.എം.എമ്മും കോണ്‍ഗ്രസുമടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഇപ്പോഴത്തെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല എന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. മതേതര പാര്‍ട്ടികള്‍ തമ്മിലുള്ള പിണക്കങ്ങളും ഭരണകൂട അഴിമതികളുമാണ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ മുന്നേറ്റത്തിന്‍െറ പ്രധാന കാരണം. മുന്നില്‍ വന്നുനില്‍ക്കുന്ന മഹാഭീഷണിയെ കാണാനും അഭിമുഖീകരിക്കാനുമുള്ള ശേഷി കോണ്‍ഗ്രസ് അടക്കമുള്ള മതേതര പ്രസ്ഥാനങ്ങള്‍ നേടിയെടുത്തിട്ടില്ല. അതിന്‍െറ ഗുണഫലങ്ങള്‍ ബി.ജെ.പി പരമാവധി നേട്ടമാക്കുകയും ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയും കോണ്‍ഗ്രസും തമ്മിലടിച്ചതിന്‍െറ ഗുണം ലഭിച്ചതും ബി.ജെ.പിക്കുതന്നെയായിരുന്നു.
കൂട്ട മതപരിവര്‍ത്തനം മുതല്‍ വിദ്യാഭ്യാസ രംഗത്തെ പ്രകടമായ കാവിവത്കരണം വരെയുള്ള വിധ്വംസക അജണ്ടകളുമായി സംഘ്പരിവാര്‍ മുന്നോട്ടു പോവുമ്പോള്‍, പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തീര്‍ച്ചയായും ആശങ്കയുയര്‍ത്തുന്നതാണ്. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല എന്നതാണ് അവരുടെ പല പ്രതിലോമ അജണ്ടകള്‍ക്കുമെതിരെയുള്ള ചെക്പോയന്‍റ് ആയി നിലനില്‍ക്കുന്നത്. അവരുദ്ദേശിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുന്നതില്‍നിന്ന് അവരെ തടയുന്നത് അതാണ്. എന്നാല്‍, നിയമസഭകളില്‍ ബി.ജെ.പി മുന്നേറ്റം തുടരുകയാണെങ്കില്‍, സമീപഭാവിയില്‍ രാജ്യസഭയിലും അവര്‍ക്ക് ഭൂരിപക്ഷം നേടിയെടുക്കാനാവും. അങ്ങനെ വരുമ്പോള്‍ സമ്പൂര്‍ണമായ നിയമ പരിരക്ഷയോടെ സംഘ്പരിവാര്‍ അജണ്ടകള്‍ അവര്‍ നടപ്പാക്കും. അത്തരമൊരു സാഹചര്യത്തെ മുന്‍കൂട്ടി കാണാന്‍ രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് സാധിക്കുമോ?

 

നേട്ടത്തിനിടയിലും ‘തിളക്കം’ മങ്ങി മോദി

Posted: 23 Dec 2014 06:39 PM PST

Image: 
Subtitle: 
പ്രാദേശിക കക്ഷികള്‍ പിടിച്ചുനിന്നു •കോണ്‍ഗ്രസ് വീണേടത്തു തന്നെ

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെയും ഝാര്‍ഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ വിവിധ ചിന്താധാരകളില്‍ പെട്ടവര്‍ ഒരേപോലെ ഒരു വിലയിരുത്തല്‍ നടത്തുന്നുണ്ട് --നരേന്ദ്ര മോദി സൃഷ്ടിച്ചെടുത്ത തിളക്കം മങ്ങിത്തുടങ്ങി. അതേസമയം, കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുഴഞ്ഞുവീണേടത്തു തന്നെ.
ജമ്മു-കശ്മീരില്‍ ബി.ജെ.പി രണ്ടാമത്തെ വലിയ കക്ഷിയായി. ഝാര്‍ഖണ്ഡ് ഭരിക്കുമെന്നുറപ്പായി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് മോദി നേടിയെടുത്ത സ്വീകാര്യതക്ക് ഇടിവുവന്നു. വികസനവും മെച്ചപ്പെട്ട ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നവരോട് മുമ്പുള്ള പ്രതീക്ഷ ഇപ്പോള്‍ ജനം വെച്ചുപുലര്‍ത്തുന്നില്ല. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്ത് അസ്വസ്ഥത വളര്‍ത്തുന്നത് മോദിസര്‍ക്കാറിന് ദോഷം ചെയ്യുന്നുണ്ട്.
മിഷന്‍-44 എന്ന ലക്ഷ്യം പ്രഖ്യാപിച്ചാണ് മോദിയും ബി.ജെ.പിയും ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. ആകെയുള്ള 87ല്‍ പകുതി സീറ്റ് പിടിക്കുക എന്നതായിരുന്നു ഈ മുദ്രാവാക്യം. കിട്ടിയത് രണ്ടു ഡസന്‍ സീറ്റാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് പകുതിയിലധികം നേടിയെന്നു മാത്രം. കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും നേരിട്ട ജനരോഷം പൂര്‍ണമായി മുതലാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. സംസ്ഥാന സര്‍ക്കാറിനോടുള്ള ജനരോഷം കശ്മീര്‍ താഴ്വരയില്‍ പി.ഡി.പിക്ക് തുണയായി. മറ്റു മേഖലകളില്‍ അത് ബി.ജെ.പിയെ സഹായിച്ചെങ്കിലും, പ്രതീക്ഷിച്ചപോലെ മുതലായില്ല.
 സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്‍ ദിവസം ചെലവിട്ടതു മുതല്‍ മിഷന്‍-44 എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മോദി കരുനീക്കം നടത്തിയതാണ്. പക്ഷേ, കശ്മീര്‍ താഴ്വരയില്‍നിന്ന് ഒരൊറ്റയാളെപ്പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉദ്ദേശിച്ചപോലെ വോട്ട് പിളര്‍ത്താനോ, സ്വന്തം പോക്കറ്റില്‍ വീഴ്ത്താനോ ബി.ജെ.പിക്ക് കഴിഞ്ഞില്ളെന്നാണ് ജമ്മു, ലഡാക്ക് മേഖലകളിലെ ഫലങ്ങളും വ്യക്തമാക്കുന്നത്.
 അടുത്തകാലം വരെ ഒന്നിച്ചുഭരിച്ച നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ജമ്മു-കശ്മീര്‍ ഫലം മറ്റൊന്നായേനെ. പ്രളയക്കെടുതി നിമിത്തം ഉണ്ടായ കടുത്ത ജനരോഷത്തിന്‍െറ പശ്ചാത്തലത്തിലാണ് പി.ഡി.പിയും ബി.ജെ.പിയും മുന്നേറ്റം നടത്തിയത്. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുഭരിച്ചവര്‍ക്കെതിരായ ജനവിരുദ്ധത, വേറിട്ടു മത്സരിച്ചപ്പോള്‍ രണ്ടുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ശക്തമായി അനുഭവിക്കേണ്ടി വന്നു.
 ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് തെറിച്ചുവീണു. ഫാറൂഖ് അബ്ദുല്ലയുടെ കുടുംബം നയിക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സിനെ അധികാരത്തില്‍നിന്ന് താഴെയിറക്കിയ കശ്മീര്‍ ജനത മുഫ്തി കുടുംബത്തിന് അനുകൂലമായി നിന്നു. കശ്മീരിന് പുറത്ത്, ഹിന്ദുവോട്ടുബാങ്ക് ബി.ജെ.പിക്ക് ഗുണം ചെയ്തു. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ 14 സീറ്റിന്‍െറ നേട്ടമാണ് ഉണ്ടാക്കിയത്. പി.ഡി.പിക്ക് ഏഴു സീറ്റ് കൂടുതല്‍ കിട്ടി. നാഷനല്‍ കോണ്‍ഫറന്‍സിനാണ് ഏറ്റവും പരിക്കേറ്റത്. കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ 13 സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന് മുന്‍തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു സീറ്റു മാത്രമാണ് കുറഞ്ഞത്. പക്ഷേ, കോണ്‍ഗ്രസിന്‍െറ ദൗര്‍ബല്യമാണ് ബി.ജെ.പിക്ക് ജമ്മു-കശ്മീരില്‍ പ്രധാന നേട്ടമായത്. കഴിഞ്ഞ തവണത്തേക്കാള്‍ 20 സീറ്റ് കൂടുതല്‍ നേടിക്കൊണ്ടാണ് ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ഒറ്റക്ക് അധികാരത്തില്‍ വരുന്നത്. പ്രാദേശിക കക്ഷികളില്‍നിന്ന് ഭിന്നമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതാണ് ബി.ജെ.പിയുടെ നേട്ടം. ആകെ 81 സീറ്റുള്ള നിയമസഭയില്‍ കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ 14 സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. ബാക്കിയുള്ളത് ഏഴു സീറ്റും മൂന്നാമത്തെ വലിയ പാര്‍ട്ടിയെന്ന പദവിയും മാത്രം. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സീറ്റ് നഷ്ടമില്ലാതെ പിടിച്ചുനിന്നു.
 താരപരിവേഷവും കേന്ദ്രഭരണവും ‘മോദിതരംഗ’ പ്രതീതിയും ഉണ്ടായിട്ടും പ്രാദേശിക കക്ഷിയുടെ സീറ്റ് ചോര്‍ത്താന്‍ മോദിക്ക് കഴിഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 57 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 43 സീറ്റ്.
ജമ്മു-കശ്മീരിലും ഒരു പ്രാദേശിക കക്ഷിയെ വിട്ട് മറ്റൊന്നിനെ ഏറ്റവും വലിയ കക്ഷിയാക്കുകയാണ് വോട്ടര്‍മാര്‍ ചെയ്തത്. ആറു മാസം മുമ്പത്തെ സാഹചര്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കാര്യമെന്നാണ് ഇതു പറഞ്ഞുതരുന്നത്.  
 

ജര്‍മനിയില്‍ ഹിറ്റ്ലറുടെ ‘പ്രേതം’ മടങ്ങിവരുന്നു

Posted: 23 Dec 2014 06:35 PM PST

Image: 
Subtitle: 
ഇസ്ലാം വിരുദ്ധ പ്രകടനവുമായി തീവ്ര വലതുപക്ഷ-നവനാസി മുന്നണി; കൂട്ടിന് ഭരണകക്ഷിയും

യൂറോപ്യന്‍ മണ്ണിനെ ഇസ്ലാമികവത്കരിക്കാന്‍ അനുവദിക്കുകയില്ളെന്ന ‘മുദ്രാവാക്യ’വുമായി, ജര്‍മനിയുടെ തെരുവുകളില്‍ കഴിഞ്ഞ രണ്ടു മാസമായി നടക്കുന്ന പ്രകടനങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം, കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്റൈസ്ഡനില്‍ പരമ്പരാഗത ക്രിസ്മസ് സന്ദേശ യാത്ര പെഗീഡ എന്ന പുതിയ പേരില്‍ ഇസ്ലാമിനെതിരെയുള്ള ശക്തിപ്രകടനമായി മാറിയതാണ് ഇതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 15,000ലധികം പേര്‍ പങ്കെടുത്ത ഈ പ്രകടനത്തിനെതിരെ 5000ഓളം ഇടതുപക്ഷ, ഗ്രീന്‍ അനുയായികളും മറുപക്ഷത്ത് അണിനിരന്നു.
ജര്‍മനിയില്‍ അടുത്ത കാലത്തായി ഇസ്ലാം വിരുദ്ധ മന്നണി രൂപപ്പെട്ടിട്ടുണ്ട്. പെഗീഡ (PEGIDA- പേട്രിയോട്ടിഷ യൂറോപ്യന്‍ ഗേഗന്‍ ഇസ്ലാമി സിയറുങ് ഡെസ് ആമ്പന്‍റ് ലാന്‍റ്സ്യ) എന്നാണ് ഈ സംഘടന അറിയപ്പെടുന്നത്. ഇസ്ലാംവത്കരണത്തിനെതിരെ ദേശസ്നേഹികളായ യൂറോപ്യന്മാര്‍ എന്ന് ഇതിനെ വിവര്‍ത്തനം ചെയ്യാം. യൂറോപ്പിലേക്കുള്ള മുസ്ലിംകളുടെ വലിയതോതിലുള്ള കുടിയേറ്റമാണ് ഈ ഇസ്ലാം വിരുദ്ധ പ്രകടനങ്ങള്‍ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്. കുടിയേറ്റത്തിന് പരസ്യ പിന്തുണ നല്‍കുന്ന ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ  ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ മുന്‍തൂക്കമുള്ള  കത്തോലിക്കന്‍ വിശ്വാസ സമൂഹവും ജര്‍മനിയില്‍ പുതുതായി ശക്തി സംഭരിച്ചുകൊണ്ടിരിക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഫോണ്‍ ഡോയ്ച്ച്ലന്‍ഡ് പാര്‍ട്ടിയും ഹിറ്റ്ലറുടെ അനുകൂലികളായ നാഷനലിസ്റ്റ് പാര്‍ട്ടി എന്ന നവനാസികളുമാണ് പെഗീഡ സഖ്യത്തിനു പിന്നില്‍.
രഹസ്യമായി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡൊയ്ച്ച്ലന്‍ഡ് പോലുള്ള തീവ്രവലതു പക്ഷവുമായി  കൈകോര്‍ക്കുക എന്നത്  ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ ഒരു അടവു നയമാണ്.  ഇടതു സഖ്യവും സോഷ്യല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും സഖ്യം രൂപവത്കരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍, ആ സഖ്യത്തെ അതിജയിക്കാന്‍ മെര്‍കലിന്‍െറ പാര്‍ട്ടിക്ക് സാധിക്കണമെന്നില്ല. അപ്പോള്‍, അഞ്ച് ശതമാനം വോട്ട് പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തീവ്ര വലതുപക്ഷക്കാരുടെ പിന്തുണ ഭരണം നിലനിര്‍ത്താന്‍ അനിവാര്യമാണ്്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ സഖ്യകക്ഷികളായ ഫ്രീ ഡെമോക്രാറ്റുകളെ, ജനം കൈയൊഴിഞ്ഞ സ്ഥിതിയില്‍ മെര്‍കലിന്‍െറ അവസാനത്തെ ആയുധം കൂടിയാണ് ഈ നീക്കം. ഇതാണ് പെഗീഡ മുന്നണിയില്‍ ചേരാന്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകം.
ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിനിന്‍െറ കറ്റലാനിയന്‍ മേഖല എന്നിവ അടങ്ങുന്ന ഭാഗം ‘ക്രിസ്തീയ’മായി നിലനിര്‍ത്തുകയാണ് പെഗീഡക്കാരുടെ ലക്ഷ്യം. എന്നാല്‍, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ഈ മുന്നണിലെ അസ്വസ്ഥമാക്കുന്നു. സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനായി പണിത, അഭയാര്‍ഥികേന്ദ്രം, ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് സംഘം തീയിട്ട് നശിപ്പിക്കുകയുണ്ടായി.  അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ‘വൈകിയതുകൊണ്ട് മാത്രമായിരുന്നു’ ദാരുണമാകുമായിരുന്ന വന്‍ അത്യാഹിതം ഒഴിഞ്ഞുപോയത്. കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ മെഴുകുതിരി വെളിച്ചവുമായി, തെരുവിലിറങ്ങിയ കിഴക്കന്‍ ജര്‍മന്‍ നഗരങ്ങള്‍തന്നെയാണ് പുതിയ പ്രകടനവേദികളായി പെഗീഡക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ലൈപ്സിഷ് നഗരത്തില്‍ ഉയര്‍ന്നുവരുന്ന വലിയ ഒരു ജുമുഅ നമസ്കാര പള്ളിയാണ് ഇപ്പോള്‍ പെട്ടെന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായി പറയുന്നത്. ഈ പള്ളിക്കു നേരെയും ആക്രമണമുണ്ടായി.  
രസകരമായ മറ്റൊരു വസ്തുത ഇതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്-സംയുക്ത, ജൂത, സഭയാണെന്നുള്ളതാണ്. ഹിറ്റ്ലറുടെ ‘പ്രേത’ത്തെ തിരിച്ചുകൊണ്ടുവരാനുള്ള ഏതൊരു നടപടിക്രമങ്ങളെയും ആര്‍ക്കൊപ്പവും ചേര്‍ന്ന് പ്രതികരിക്കുമെന്നവര്‍ പ്രസ്താവിച്ചിട്ടുണ്ട്.

കിം ജോങിനെ കുറിച്ചുള്ള ചിത്രം 'ദ ഇന്‍റര്‍വ്യു' ക്രിസ്മസിന് റിലീസ് ചെയ്യും

Posted: 23 Dec 2014 06:05 PM PST

Image: 

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്തുന്നതായി ചിത്രീകരിച്ച് സോണി പിക്ചേഴ്സ് പുറത്തിറക്കുന്ന സിനിമ ‘ദ ഇന്‍റര്‍വ്യൂ’ ക്രിസ്മസ് ദിവസം പ്രദര്‍ശിപ്പിക്കും. അമേരിക്കന്‍ സിനിമാ വിതരണ കമ്പനികളായ അറ്റ്ലാന്‍്റയും ഓസ്റ്റിനും ഡിസംബര്‍ 25 ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ക്രിസ്മസിനു ശേഷം സിനിമ ചുരുക്കം സ്ഥലങ്ങളില്‍ റീലീസ് ചെയ്യും.

നേരത്തെ ഈ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് സോണി പിക്ചേഴ്സ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സോണിയുടെ കമ്പ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്തതിനെ തുടര്‍ന്നാണ് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

കിം ജോങിനെ ഇന്‍്റര്‍വ്യൂ ചെയ്യാനത്തെുന്ന പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച് അദ്ദേഹത്തെ വധിക്കാന്‍ സിഐഎ പദ്ധതി തയാറാക്കുന്നതാണ് ചിത്രത്തിന്‍്റെ കഥാതന്തു.
 

എല്ലാം സ്വന്തം കൈയിലാണെന്ന് ആരും ധരിക്കരുത് –സുധീരന്‍

Posted: 23 Dec 2014 11:30 AM PST

Image: 
Subtitle: 
എല്ലാ വിഷയങ്ങളിലും തുടക്കത്തില്‍ ഞാന്‍ ഒറ്റക്കായിരിക്കും, പിന്നീട് പാര്‍ട്ടി അതേറ്റെടുക്കും

തിരുവനന്തപുരം: എല്ലാം സ്വന്തം കൈയിലാണെന്ന് ഒരിക്കലും ആരും ധരിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. അധികാരവും പദവിയുമുള്ളപ്പോള്‍ ആളുകള്‍ ഓടിക്കൂടും. അധികാരം നഷ്ടപ്പെടുമ്പോള്‍ ആരും തിരിഞ്ഞുനോക്കില്ല. കെ. കരുണാകരന്‍െറ ജീവിതം അതാണ് തന്നെ പഠിപ്പിച്ചത്. അവസാനകാലത്ത് കരുണാകരനോട് പാര്‍ട്ടിക്ക് എത്രമാത്രം നീതിചെയ്യാനായി എന്നത് ചോദ്യചിഹ്നമായി നില്‍ക്കട്ടെ. അംഗബലമല്ല, ആശയങ്ങളുടെ ദാര്‍ഢ്യമാണ് എപ്പോഴും എടുത്തുപറയാനുണ്ടാവുകയെന്ന് പ്രവൃത്തിയിലൂടെ കരുണാകരന്‍ തെളിയിച്ചു.
കെ. കരുണാകരന്‍െറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരനെ അനുസ്മരിക്കുന്ന ചടങ്ങായിരുന്നെങ്കിലും മദ്യനയവിവാദത്തില്‍ തന്‍െറ വാദങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായി സുധീരന്‍െറ പ്രസംഗം.
വിയോജിക്കുന്നവരുമായും ആശയവിനിമയത്തിന് കരുണാകരന്‍ തയാറായിരുന്നു. എല്ലാവരുമായും ആലോചിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന രീതി അദ്ദേഹം സ്വീകരിച്ചു. പാര്‍ട്ടിയുടെ പൊതുവായ കാര്യമെന്ന നിലയിലാണ് അദ്ദേഹം ആ നിലപാടെടുത്തത്.  
മദ്യനയവിവാദത്തില്‍ തന്നെ വിമര്‍ശിക്കുന്ന കെ. മുരളീധരന്‍ കൂടി സംബന്ധിച്ച യോഗത്തില്‍ അദ്ദേഹത്തിന്‍െറ പദപ്രയോഗങ്ങള്‍ക്കെതിരെ അമ്പെയ്യാനും സുധീരന്‍ തയാറായി. മാധ്യമങ്ങളെ കാണുമ്പോള്‍ മുരളി ദുര്‍ബലനാകുമെന്ന് പറഞ്ഞ സുധീരന്‍, വാക്കുകള്‍ കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പ്രയാസമാണെന്ന് ഓര്‍മപ്പെടുത്തി. വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് പാര്‍ട്ടിയില്‍ മടങ്ങിയത്തെിയയാളാണ് മുരളി. അപാകതനിറഞ്ഞ പദപ്രയോഗം കരുണാകരനില്‍നിന്ന് ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ആളുകളെ കളിയാക്കുമെങ്കിലും പാടില്ലാത്ത പദപ്രയോഗം ഉണ്ടായിട്ടേയില്ല.
കരുണാകരന്‍ കോണ്‍ഗ്രസ് വിടാനിടയായ സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. പാര്‍ട്ടി വിടരുതെന്ന് ആന്‍റണിയും താനും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ മടങ്ങിയത്തെിയശേഷം മുരളീധരനെ കൂടി തിരികെ കൊണ്ടുവരണമെന്ന ആവശ്യം നിര്‍വാഹകസമിതിയില്‍ കരുണാകരന്‍ ഉന്നയിച്ചപ്പോള്‍ പി.സി. ചാക്കോയും കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററും താനും മാത്രമാണ് അതിനോട് യോജിച്ചത്.
ഒരുപക്ഷേ, മുരളി അക്കാര്യങ്ങളൊക്കെ മറക്കും. മുരളിയെ വിശ്വസിക്കരുതെന്ന് അന്ന് പല ഗ്രൂപ് നേതാക്കളും തന്നോട് പറഞ്ഞു. തനിക്ക് അതല്ല വിഷയം, ഇത് ലീഡറുടെ കാര്യമാണെന്നായിരുന്നു അവര്‍ക്ക് നല്‍കിയ മറുപടി. എല്ലാ വിഷയങ്ങളിലും തുടക്കത്തില്‍ താന്‍ ഒറ്റക്കായിരിക്കും. പിന്നീട് പാര്‍ട്ടി അതേറ്റെടുക്കും. മുരളിയുടെ കാര്യത്തിലും അതാണുണ്ടായത് -സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എന്‍. പീതാംബരക്കുറുപ്പ് അനുസ്മരണപ്രഭാഷണം നടത്തി. മന്ത്രി വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്‍, തലേക്കുന്നില്‍ ബഷീര്‍, കെ. മോഹന്‍കുമാര്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, മണ്‍വിള രാധാകൃഷ്ണന്‍, സജീവ് ജോസഫ്, ടി. ശരത്ചന്ദ്രപ്രസാദ്, വിജയന്‍ തോമസ്, കെ. കരുണാകരന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
 

ബാര്‍ കോഴ: മാണി രാജിവെക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

Posted: 23 Dec 2014 11:10 AM PST

Image: 

ന്യൂഡല്‍ഹി: ബാറുടമകളില്‍നിന്ന് കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണി ഉടന്‍ രാജിവെക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വിജിലന്‍സ് കേസെടുത്തിട്ടും രാജിവെക്കാന്‍ തയാറാകാത്ത മന്ത്രിയെ യു.ഡി.എഫ് സംരക്ഷിക്കുകയാണ്. ബാറുടമകളില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന മറ്റു മന്ത്രിമാര്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരെ അടിയന്തര അന്വേഷണവും നടപടിയും വേണം. നിര്‍ബന്ധിത മതംമാറ്റം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നും പി.ബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചക്കായി വെക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപംനല്‍കി പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച സമാപിച്ചു. കരട് രാഷ്ട്രീയ പ്രമേയം ജനുവരി 19 മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കാരാട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ തവണ തിരിച്ചയച്ച രാഷ്ട്രീയ അടവുനയ അവലോകന രേഖ പുതുക്കിയതിനും പി.ബി അംഗീകാരം നല്‍കി.
 

ഇത് കേരള ബ്ളാസ്റ്റര്‍ സചിന്‍

Posted: 23 Dec 2014 10:58 AM PST

Image: 
Subtitle: 
അമ്മയുടെയും സഹോദരിയുടെയും പിറന്നാള്‍ ദിനത്തില്‍ സചിന്‍ ബേബിക്ക് ഇരട്ടസെഞ്ച്വറിയുടെ ആഘോഷം

മീനങ്ങാടി: കൂടെയുള്ളവര്‍ കപ്പല്‍ച്ചേതത്തില്‍ ആടിയുലയുമ്പോഴും കാറ്റിനും കോളിനും മുന്നില്‍ മുട്ടിടിക്കാതെ പടനയിച്ച സചിന്‍ രമേഷ് ടെണ്ടുല്‍കറുടെ ആദ്യനാളുകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സചിന്‍ ബേബിയെന്ന കേരള ക്യാപ്റ്റന്‍െറ പ്രകടനം. അപകടമുനമ്പില്‍ യഥാര്‍ഥ നായകനായി ഈ അടിമാലിക്കാരന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളബാറ്റിങ്ങിന്‍െറ പതിവു ദൗര്‍ബല്യങ്ങള്‍ തിരുത്തിയെഴുതുന്നതായി. സാക്ഷാല്‍ സചിന്‍െറ പേരിട്ടുവിളിച്ച അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ കന്നിസെഞ്ച്വറിയിലേക്കും ഇരട്ട സെഞ്ച്വറിയിലേക്കും നടന്നുകയറാന്‍ കഴിഞ്ഞത് വലിയൊരു നിമിത്തമായും സചിന്‍ കരുതുന്നു. അമ്മ ലില്ലിക്കൊപ്പം സഹോദരി പ്രതീകയുടെയും ജന്മദിനമായിരുന്നു ഇന്നലെ. ഈ ഇരട്ടസെഞ്ച്വറി നേട്ടം കേരള നായകന്‍ ഇരുവര്‍ക്കുമുള്ള ജന്മദിന സമ്മാനമായി സമര്‍പ്പിക്കുന്നു. ഫുട്ബാളിന്‍െറ കളത്തിലായിരുന്നു സചിന്‍ ബേബിയുടെ ആദ്യ ഇന്നിങ്സ്.
സ്കൂള്‍ ടീമില്‍ സ്ട്രൈക്കറുടെ റോളില്‍ തിളങ്ങിയ സചിന്‍ ഇടുക്കി ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.  കടുത്ത ക്രിക്കറ്റ് പ്രേമിയും സചിന്‍ ടെണ്ടുല്‍കറുടെ ആരാധികയുമായ അമ്മയാണ് പിന്നീട് ക്രിക്കറ്റ് ഗൗരവമായെടുക്കാന്‍ കേരളത്തിന്‍െറ സചിന് പ്രേരണയായത്. ക്രീസില്‍ പാഡണിഞ്ഞിറങ്ങിയ സചിന്‍ ജൂനിയര്‍ തലങ്ങളില്‍ റണ്‍വേട്ട നടത്തിയാണ് കേരളത്തിന്‍െറ മുന്നണിപ്പോരാളിയായത്. തുടര്‍ന്ന് രഞ്ജി ടീമിലെ അവിഭാജ്യഘടകമായി. ഫസ്റ്റ്ക്ളാസ് മത്സരങ്ങളില്‍ മഹാരാഷ്ട്രക്കെതിരെ നേടിയ 96 റണ്‍സായിരുന്നു ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്കോര്‍. കേരളത്തിന്‍െറ ഭാഗ്യഗ്രൗണ്ടായി മാറുന്ന കൃഷ്ണഗിരിയില്‍ തന്‍െറ 25ാം ഫസ്റ്റ്ക്ളാസ് മത്സരത്തിലാണ് മിന്നുന്ന ഇരട്ടശതകത്തിന്‍െറ പിറവി. ദേവ്ധര്‍ ട്രോഫിക്കുള്ള ടീമില്‍ ഇടം നേടിയ സചിന്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െറ താരമായിരുന്നു.
‘ഏതുവിധേനയും ലീഡ് നേടണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു. പിന്നെ സെഞ്ച്വറി നേടണമെന്നും ആഗ്രഹമുണ്ടായിരുന്നു. പലതവണ ഞാന്‍ 90കളില്‍ പുറത്തായിട്ടുണ്ട്. അതുകൊണ്ടാണ് അവസരം ഒത്തുവന്നപ്പോള്‍ ആ സിക്സര്‍ പറത്തി നൂറു തികച്ചത്. മോനിഷ് നിറഞ്ഞ പിന്തുണ നല്‍കി. അവന് നല്ല കൂട്ടു നല്‍കാനാവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പിച്ച് കുറെശ്ശ സ്പിന്നിന് അനുകൂലമായി തുടങ്ങിയിരുന്നെങ്കിലും പതറാതെ കളിക്കാനായിരുന്നു തീരുമാനം. പ്രഗ്യാന്‍ ഓജയെ മറ്റേതൊരു ബൗളറെയും പോലെ കണക്കാക്കിയാണ് ഞങ്ങള്‍ നേരിട്ടത്. നിര്‍ണായക ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
ഇനി നാലാംദിനം ഹൈദരാബാദിനെ പുറത്താക്കി വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. അതിന് പരമാവധി മികവ് പുറത്തെടുക്കും’ ^ആറുനാള്‍ മുമ്പ് 26ാം പിറന്നാളാഘോഷിച്ച സചിന്‍ ബേബി ‘മാധ്യമ’ത്തോടു പറഞ്ഞു.
 

തുനീഷ്യയില്‍ അസ്സബ്സി യുഗം

Posted: 23 Dec 2014 10:07 AM PST

Image: 
Subtitle: 
രാജ്യത്ത് ആഹ്ളാദ പ്രകടനങ്ങള്‍ക്കൊപ്പം പ്രതിഷേധവും പടരുന്നു •വിജയം അംഗീകരിക്കുന്നു ^അന്നഹ്ദ

തൂനിസ്: ജനകീയ വിപ്ളവത്തിനു ശേഷം പൂര്‍ണമായും ജനാധിപത്യ ക്രമത്തിലേക്ക് മാറിയ തുനീഷ്യയുടെ ഭരണം ഇനി നിദാ തൂനിസ് എന്ന സെക്കുലര്‍ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍. ഒക്ടോബറില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തതോടെയാണ് നിദാ തൂനിസിന്‍െറ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് അറബ് വസന്തത്തിന് തുടക്കംകുറിച്ച തുനീഷ്യ മാറിയിരിക്കുന്നത്. പാര്‍ട്ടിയുടെ സ്ഥാപകനും വിപ്ളവാനന്തര തുനീഷ്യയുടെ ഇടക്കാല പ്രധാനമന്ത്രിയുമായിരുന്ന ബാജി ഖാഇദ് അസ്സബ്സിയാണ് 55 ശതമാനം വോട്ടുകള്‍ നേടി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥിയും ഇടക്കാല പ്രസിഡന്‍റുമായിരുന്ന മുന്‍സിഫ് മര്‍സൂഖിക്ക് 43 ശതമാനം വോട്ടാണ് ലഭിച്ചത്. രാജ്യത്തെ പ്രബല ഇസ്ലാമിക കക്ഷിയായ അന്നഹ്ദ വിട്ടുനിന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അസ്സബ്സിയുടെ വിജയം പ്രതീക്ഷിച്ചതായിരുന്നു.

അസ്സബ്സിയുടെ വിജയത്തെ ജനാധിപത്യത്തിന്‍െറ വിജയം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. സമര്‍പ്പണത്തിലൂടെയും സമവായത്തിലൂടെയും എങ്ങനെ ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കാമെന്നതിന്‍െറ മികച്ച ഉദാഹരണമാണ് തുനീഷ്യയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. രാജ്യത്ത് ജനാധിപത്യ ക്രമം നിലനിര്‍ത്തുന്നതിനായി അമേരിക്കയുടെ സഹായവും അദ്ദേഹം വാഗ്ദാനംചെയ്തു.

എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ അപ്രതീക്ഷിതമായി അസ്സബ്സിയുടെ വിജയത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങള്‍ക്കാണ് തുനീഷ്യന്‍ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. 2011ല്‍ തുനീഷ്യന്‍ ജനത പുറത്താക്കിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണത്തില്‍ പങ്കാളിയായിരുന്ന അസ്സബ്സി തെരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തെ വീണ്ടും ഭൂതകാലത്തിലേക്ക് നയിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. തലസ്ഥാനമായ തൂനിസിലും പ്രധാന നഗരങ്ങളിലൊന്നായ ഹമ്മായിലുമാണ് കാര്യമായ പ്രകടനങ്ങള്‍ അരങ്ങേറിയത്. ഹമ്മായില്‍ മര്‍സൂഖിയുടെ അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍െറ ദൃശ്യങ്ങള്‍ വത്വനിയ്യ ചാനല്‍ പുറത്തുവിട്ടു. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും അന്നഹ്ദ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അസ്സബ്സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അംഗീകരിക്കുമെന്നും പിന്തുണക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന് അന്നഹ്ദ നേതാവ് റാശിദുല്‍ ഗനൂശി ആവശ്യപ്പെട്ടു. അസ്സബ്സിയെ അഭിനന്ദിച്ച് മര്‍സൂഖി കഴിഞ്ഞ ദിവസംതന്നെ രംഗത്തത്തെിയിരുന്നു.

88കാരനായ അസ്സബ്സി, ബിന്‍ അലിയുടെ ഭരണകാലത്ത് സ്പീക്കര്‍ പദവി ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭ സമയത്ത് ഈ പദവി വിട്ടൊഴിഞ്ഞ ഇദ്ദേഹം വിപ്ളവാനന്തരം രാജ്യത്തിന്‍െറ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നഹ്ദ മികച്ച വിജയം നേടിയതോടെയാണ് അദ്ദേഹം ഇസ്ലാമിസ്റ്റുകള്‍ക്കെതിരായ മുന്നേറ്റത്തിനായി നിദാ തൂനിസ് രൂപവത്കരിച്ചത്. ബിന്‍ അലിയുടെ കോണ്‍സ്റ്റിറ്റ്യൂഷനല്‍ ഡെമോക്രാറ്റിക് റാലി  എന്ന പാര്‍ട്ടിയുമായി സഹകരിച്ചായിരുന്നു ഈ നീക്കം. തുടര്‍ന്ന്, രാജ്യത്തെ വിവിധ ചെറു പാര്‍ട്ടികളുമായി ചേര്‍ന്നായിരുന്നു നിദാ തൂനിസ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ നീക്കം വിജയിക്കുകയും ചെയ്തു.

കെ. ബാലചന്ദര്‍ അന്തരിച്ചു

Posted: 23 Dec 2014 06:39 AM PST

Image: 

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. അസുഖബാധിതനായി  ഒരാഴ്ചയായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാചിത്രങ്ങള്‍ക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കമലഹാസന്‍, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങിയവരെ സിനിമയില്‍ അവതരിപ്പിച്ചത് ബാലചന്ദറാണ്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദര്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെടുന്നത് 'ഇയക്കുനര്‍ ശിഖരം' എന്ന വിളിപ്പേരിലാണ്. 1980ല്‍ പുറത്തിറങ്ങിയ 'തിരകള്‍ എഴുതിയ കാവ്യം' ആണ് മലയാള ചിത്രം. പത്മശ്രീ പുരസ്കാരം(1987), ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം (2011) തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

എം.ജി.ആറിന്‍്റെ 'ദൈവത്തായി' എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ടാണ് ബാലചന്ദര്‍ ചലച്ചിത്ര മേഖലയിലേക്കത്തെിയത്. 1965ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1975ല്‍ സംവിധാനം ചെയ്ത 'അപൂര്‍വ്വരാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമയിലേക്ക് കടന്നു വന്നത്. കമലഹാസനും രജനീകാന്തും തങ്ങളുടെ അഭിനയജീവിതത്തിന്‍്റെ ആദ്യഘട്ടത്തില്‍ ഒന്നിച്ചെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

അവര്‍കള്‍, വറുമയിന്‍ നിറം സികപ്പ് , 47 നാള്‍കള്‍, സിന്ധുഭൈരവി എന്നിവയാണ് പ്രധാന തമിഴ് ചിത്രങ്ങള്‍.  1978ല്‍ സംവിധാനം ചെയ്ത മാരോ ചരിത്ര എന്ന ചിത്രത്തിലൂടെ കമലഹാസനെ തെലുങ്ക് സിനിമയില്‍ അവതരിപ്പിച്ചു. 'ഏക് ദൂജേ കേ ലിയേ' ആണ് അദ്ദേഹത്തിന്‍െറ ഹിന്ദി ചിത്രം.  2006ല്‍ പുറത്തു വന്ന 'പൊയ്' ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.  കുചേലന്‍, തിരുവണ്ണാമലൈ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍്റെ നിര്‍മ്മാണ കമ്പനിയായ കവിതാലയയുടെ ബാനറിലാണ് പുറത്തിറങ്ങിയത്. ഏതാനും ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചിട്ടുണ്ട്.
 

ഝാര്‍ഖണ്ഡില്‍ ബി.ജെ.പി; ജമ്മു കശ്മീരില്‍ തൂക്കുസഭ

Posted: 23 Dec 2014 01:54 AM PST

Image: 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പി.ഡി.പിക്കും മികച്ച വിജയം. ഝാര്‍ഖണ്ഡില്‍ വലിയ ഒറ്റകക്ഷിയായി കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് കശ്മീരില്‍ മികച്ച മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഝാര്‍ഖണ്ഡില്‍ ഒരു പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുന്നത്.

അവസാന ഫലം പുറത്തുവന്നപ്പോള്‍ കശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പി.ഡി.പി 28 സീറ്റ് കരസ്ഥമാക്കി. 25 സീറ്റില്‍ വിജയിച്ച ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് 15 സീറ്റ് നേടിയപ്പോള്‍ 12 സീറ്റുമായി കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെ.കെ.പി.സി രണ്ട് സീറ്റിലും സി.പി.എം ഒരു സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലും വിജയിച്ചു. തൂക്കുമന്ത്രിസഭയിലേക്ക് കശ്മീര്‍ നീങ്ങുന്ന സാഹചര്യത്തില്‍ പി.ഡി.പിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

ഝാര്‍ഖണ്ഡില്‍ 37 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. 12 സീറ്റുകളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ നേട്ടം. ഹേമന്ത് സോറന്‍െറ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച 19 സീറ്റുകള്‍ സ്വന്തമാക്കി. തുടക്കത്തില്‍ 50 സീറ്റുകളില്‍ വരെ മുന്നിട്ടു നിന്ന ബി.ജെ.പിയുടെ ഭൂരിപക്ഷം പിന്നീട് കുറയുന്നതാണ് കണ്ടത്.  ജെ.വി.എം (8), എ.എസ്.ജെ.യു പാര്‍ട്ടി (5), ജെ.ബി.എസ്.പി (1), മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ (1) സീറ്റുകള്‍ നേടി.മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റ് ലഭിച്ചു.

അതേസമയം, സീറ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകക്ഷിയായ ജെ.എം.എം വലിയ തിരിച്ചടി നേരിട്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് ജെ.എം.എം. നേടിയത്. ബി.ജെ.പി 17 സീറ്റില്‍ വിജയിച്ചിരുന്നു.

ബി.ജെ.പി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ മധു കോഡയും അര്‍ജുന്‍ മുണ്ടെയും പരാജയപ്പെട്ടു. മജുഗാനിലെ വാശിയേറിയ മത്സരത്തില്‍ 15000 വോട്ട് ഭൂരിപക്ഷത്തില്‍ ജെ.എം.എമ്മിന്‍െറ നിരല്‍ പുര്‍ത്തിയാണ് മധു കോഡയെ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥി ബാര്‍കുവാര്‍ ഗഗ്രി മൂന്നാം സ്ഥാനത്തെത്തി.  

അതേസമയം, മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹേറ്റ് സീറ്റില്‍ വിജയിച്ചു. 2967 വോട്ടിനാണ് ജയം. രണ്ട് സീറ്റുകളില്‍ മത്സരിച്ച സോറന്‍ ധുംക മണ്ഡലത്തില്‍ പിന്നിലാണ്. ധന്‍ബാദില്‍ ബി.ജെ.പിയുടെ രാജ് സിന്‍ഹ 15,708 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ജമ്മു കശ്മീരില്‍ 87 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണല്‍ നടന്നത്. തീവ്രവാദി, നക്സല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. ജമ്മു കശ്മീരില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ളെന്നും ഝാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തിലേറുമെന്നുമായിരുന്നു അഭിപ്രായ സര്‍വേ.

നിറഞ്ഞാടി നായകന്‍; നിവര്‍ന്നുനിന്ന് കേരളം

Posted: 23 Dec 2014 12:55 AM PST

Image: 
Subtitle: 
രഞ്ജി ട്രോഫി: സചിന്‍ ബേബിക്ക് ഇരട്ട സെഞ്ച്വറി •മോനിഷ് 61, മനുകൃഷ്ണന്‍ (32 *) •കേരളത്തിന് 177 റണ്‍സ് ലീഡ്

മീനങ്ങാടി (വയനാട്): തകര്‍ച്ചയുടെ പടുകുഴിയിലേക്കെന്ന് കരുതിയ മലമുകളില്‍ വീരോചിത റണ്‍വേട്ടയിലൂടെ മേധാവിത്വം നേടി കേരളം. ഇച്ഛാശക്തിയും വിജയതൃഷ്ണയുമുണ്ടെങ്കില്‍ ഇങ്ങനെയും ബാറ്റുവീശാമെന്ന് ഇരട്ട സെഞ്ച്വറി നേടി ക്യാപ്റ്റന്‍ സചിന്‍ ബേബിയും (200 നോട്ടൗട്ട്) കൂട്ടുനിന്ന വാലറ്റവും സഹതാരങ്ങള്‍ക്ക് വിലപ്പെട്ട പാഠം പകര്‍ന്നുനല്‍കിയപ്പോള്‍ കരുത്തരായ ഹൈദരാബാദിനെതിരായ രഞ്ജി മത്സരത്തില്‍ ആതിഥേയര്‍ വിജയപ്രതീക്ഷയില്‍. തലേദിവസം ആറിന് 150 റണ്‍സെന്ന നിലയില്‍ പരുങ്ങുകയായിരുന്നു ടീം. പിറ്റേന്ന് കന്നിസെഞ്ച്വറിയിലേക്കും പിന്നെ ഇരട്ട സെഞ്ച്വറിയിലേക്കും റണ്ണടിച്ചു തകര്‍ത്ത സചിന്‍ ബേബിയുടെയും നിറഞ്ഞ പിന്തുണയേകിയ അരങ്ങേറ്റക്കാരന്‍ കെ.എസ്. മോനിഷിന്‍െറയും (61) മനു കൃഷ്ണന്‍െറയും (32 നോട്ടൗട്ട്) മികവില്‍ ഏഴിന് 447 റണ്‍സിന് ഒന്നാമിന്നിങ്സ് ഡിക്ളയര്‍ ചെയ്ത കേരളം നടത്തിയത് അതിശയകരമായ തിരിച്ചുവരവ്.
177 റണ്‍സിന്‍െറ ലീഡ് നേടിയ ആതിഥേയര്‍ക്കെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് പോവാതെ നാലു റണ്‍സെന്ന നിലയില്‍. മോനിഷിനൊപ്പം ഏഴാം വിക്കറ്റില്‍ 183 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സചിന്‍ അഭേദ്യമായ എട്ടാം വിക്കറ്റില്‍ മനു കൃഷ്ണനൊപ്പം 114 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളിയായി. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി തികക്കുന്ന അഞ്ചാമത്തെ കേരളക്കാരനെന്ന ബഹുമതിയാണ് കൃഷ്ണഗിരിയില്‍ സചിന്‍ ബേബിക്ക് സ്വന്തമായത്. 361 പന്തില്‍ 17 ഫോറും മൂന്നു സിക്സുമടങ്ങിയതായിരുന്നു മാതൃകാപരമായ ആ ഇന്നിങ്സ്. ബുധനാഴ്ച എതിരാളികളെ എളുപ്പം പുറത്താക്കാനായാല്‍ മലയാളിപ്പടയെ കാത്തിരിക്കുന്നത് ഹൈദരാബാദിനെതിരെ രഞ്ജി ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയമാണ്.

കളി സമനിലയിലായാല്‍ ഒന്നാമിന്നിങ്സ് ലീഡിന്‍െറ മികവില്‍ മൂന്നുപോയന്‍റ് അക്കൗണ്ടിലത്തെും. നേരത്തേ ആറിന് 179 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന കേരള നിരയില്‍ മോനിഷിനെ കൂട്ടുനിര്‍ത്തി നായകന്‍ ഉജ്ജ്വലമായി പട നയിക്കുകയായിരുന്നു. മഞ്ഞുപെയ്യുന്ന മോണിങ് സെഷനില്‍ മലമുകളിലെ മൈതാനത്ത് ഹൈദരാബാദിന്‍െറ പേസര്‍മാരായ ആശിഷ് റെഡ്ഡി, രവി കിരണ്‍, സി.വി. മിലിന്ദ് എന്നിവര്‍ ആഞ്ഞെറിഞ്ഞെങ്കിലും തരിമ്പും ഇളകാതെ പ്രതിരോധം ചമക്കുകയായിരുന്നു ഇരുവരും. ലൂസ്ബാളുകള്‍ തിരഞ്ഞുപിടിച്ച് ശിക്ഷിച്ച് പതിയെ സ്കോര്‍ ബോര്‍ഡില്‍ ഇളക്കങ്ങളുണ്ടാക്കിയ സചിന്‍-മോനിഷ് ജോടി ഫീല്‍ഡില്‍ അനായാസം പഴുതുകള്‍ കണ്ടത്തെിയതോടെ സന്ദര്‍ശകര്‍ വലഞ്ഞു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് അല്‍പസമയം മുമ്പ് ഹൈദരാബാദ് സ്കോര്‍ മറികടന്ന കേരളം തിരിച്ചത്തെിയത് ക്യാപ്റ്റന്‍െറ സെഞ്ച്വറി നേട്ടത്തിലേക്കായിരുന്നു. സയ്യിദ് ഖ്വാദ്രിയുടെ പന്ത് മിഡ്വിക്കറ്റിലൂടെ സിക്സറിന് പായിച്ചാണ് 221 പന്തുകളില്‍ സചിന്‍ ബേബി കന്നി സെഞ്ച്വറിയുടെ തിളക്കത്തിലത്തെിയത്. മറുതലക്കല്‍ മോനിഷ് അരങ്ങേറ്റക്കാരന്‍െറ പരിഭ്രമമൊന്നുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയത് സചിന്‍ ബേബിയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചു. രാജ്യാന്തര മത്സരങ്ങളുടെ പാകതയുമായി എത്തിയ പ്രഗ്യാന്‍ ഓജയെ തഴക്കമുള്ള ബാറ്റ്സ്മാന്‍െറ മിടുക്കോടെ മോനിഷ് കൈകാര്യം ചെയ്തപ്പോള്‍ ആയുധങ്ങളില്ലാതെ ഹൈദരാബാദ് വലഞ്ഞു. ഓജയെ ഇരുധ്രുവങ്ങളിലായും സ്പെല്‍ മാറ്റിയുമൊക്കെ പന്തേല്‍പിച്ചിട്ടും രക്ഷയുണ്ടായില്ല. കൂട്ടുകെട്ടിന് വിരാമമിട്ടത് ആശിഷ് റെഡ്ഡിയുടെ പന്തായിരുന്നു. പ്രതിരോധവിടവിലൂടെ പന്ത് സ്റ്റംപില്‍ പതിക്കുമ്പോഴേക്ക് കന്നിമത്സരത്തില്‍ ടീം സുരക്ഷിത നിലയിലത്തെിയിരുന്നു. 229 പന്തില്‍ ഏഴു ഫോറുകളടങ്ങിയതാണ് മോനിഷിന്‍െറ അവസരോചിത ഇന്നിങ്സ്.

മോനിഷ് നിര്‍ത്തിയേടത്തുനിന്നാണ് മനുകൃഷ്ണന്‍ തുടങ്ങിയത്. ഹൈദരാബാദ് ബൗളിങ്ങിനെ മനുവും സമചിത്തതയോടെ നേരിട്ടപ്പോള്‍ മറുതലക്കല്‍ സചിന് ആധിയില്ലാതെ ബാറ്റുവീശാനായി. 317 പന്തില്‍ 150 കടന്നശേഷം സചിന്‍ ബേബി തകര്‍ത്തടിക്കാന്‍ തുടങ്ങി. ഓജയുടെ ഒരോവറില്‍ രണ്ടു ഫോറും ഒരു സിക്സുമടക്കം 16 റണ്‍സെടുത്ത സചിന് ഗാലറിയുടെ കലര്‍പ്പില്ലാത്ത പിന്തുണയും പ്രചോദനമായി. 199ല്‍ നില്‍ക്കെ രവികിരണിന്‍െറ പന്ത് സ്ട്രെയ്റ്റ് ഷോട്ടിലൂടെ അതിര്‍ത്തി കടത്താനുള്ള നീക്കമായിരുന്നു. റിട്ടേണ്‍ ക്യാച്ച് കൈയിലൊതുക്കാനുള്ള ബൗളറുടെ ശ്രമം പാളിയപ്പോള്‍ ഒരു റണ്‍ ഓടിയെടുത്ത സചിന്‍ ഇരട്ട സെഞ്ച്വറിനേട്ടം സമുചിതമായിത്തന്നെ ആഘോഷിച്ചു. തൊട്ടുപിന്നാലെ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത് എതിരാളികളെ രണ്ടാമിന്നിങ്സിന് ക്ഷണിക്കുകയായിരുന്നു കേരളം. രണ്ട് ഓവര്‍ ബാറ്റുചെയ്ത സന്ദര്‍ശക നിരയില്‍ നാലു റണ്‍സുമായി തന്മയ് അഗര്‍വാളും റണ്ണെടുക്കാതെ അക്ഷത് റെഡ്ഡിയുമാണ് ക്രീസില്‍.

സ്കോര്‍ ബോര്‍ഡ്
ഒന്നാം ഇന്നിങ്സ്: ഹൈദരാബാദ് 270. കേരളം: 176/6. സചിന്‍ ബേബി നോട്ടൗട്ട് 200, കെ.എസ്. മോനിഷ് ബി ആശിഷ് റെഡ്ഡി 61, മനുകൃഷ്ണന്‍ 32നോട്ടൗട്ട്. എക്സ്ട്രാസ് 38. ആകെ ഏഴു വിക്കറ്റിന് 447/7 ( ഡിക്ള.) വിക്കറ്റ് വീഴ്ച:1-2, 2-57, 3-106, 4-115, 5-143, 6-150, 7-333.ബൗളിങ്: രവി കിരണ്‍ 32-8-89-2, ആശിഷ് റെഡ്ഡി 29-8-76-3, മിലിന്ദ് 28-3-86-0, ഓജ 44-13-91-1,ഖ്വാദ്രി 17-5-47-1,അനിരുദ്ധ് 8-0-23-0.
ഹൈദരാബാദ് (രണ്ടാം ഇന്നിങ്സ്): അഗര്‍വാള്‍ നോട്ടൗട്ട് 4, റെഡ്ഡി നോട്ടൗട്ട് 0. എക്സ്ട്രാസ് 0 ആകെ 4/0. ബൗളിങ്: സന്ദീപ് വാര്യര്‍ 1-0-4-0, അന്‍താഫ് 1-1-0-0.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP