സ്വാഗതം
WELCOME

News Update..

Friday, December 19, 2014

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി Madhyamam News Feeds

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി Madhyamam News Feeds

Link to

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങി

Posted: 18 Dec 2014 11:56 PM PST

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ പ്രധാന ഓപറേഷന്‍ തിയറ്ററിലെ ഓട്ടോക്ളേവ് എന്ന യന്ത്രം കത്തിനശിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അണുവിമുക്തമാക്കുന്ന ഓട്ടോക്ളേവ് യന്ത്രമാണ് കഴിഞ്ഞ ദിവസം കത്തിനശിച്ചത്. ഇതോടെ വ്യാഴാഴ്ച നടക്കേണ്ട 20ലേറെ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. 120 ഡിഗ്രി വരെ ചൂടില്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന് 20 ലക്ഷത്തോളം രൂപ വിലവരും.
കമ്പനി അധികൃതരത്തെി പരിശോധിച്ചിട്ടുണ്ടെന്നും അടിയന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.കെ. രാജീവന്‍ പറഞ്ഞു. അതേസമയം, ശസ്ത്രക്രിയക്ക് തീയതി നല്‍കിയവരോട് അടുത്ത തിങ്കളാഴ്ച മുതല്‍ ആശുപത്രിയിലത്തൊനാണ് ഡോക്ടര്‍മാര്‍ പറഞ്ഞതത്രേ. ഓട്ടോക്ളേവ് യന്ത്രം കത്തിനശിച്ചതിന് പുറമെ ഒന്നാം നമ്പര്‍ തിയറ്ററിലെ ഇന്‍വര്‍ട്ടര്‍ പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസമായി.
ശസ്ത്രക്രിയ നടക്കുന്നതിനിടയില്‍ വൈദ്യുതി മുടങ്ങിയാല്‍ പെട്ടെന്ന് വരാന്‍ പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്യാനാവുന്നത്.
ഇത് രോഗികളുടെ ജീവനു തന്നെ ഭീഷണിയാണെങ്കിലും മറ്റ് വഴികളില്ലാത്ത സ്ഥിതിയാണുള്ളതെന്ന് തിയറ്റര്‍ ജീവനക്കാരും പറയുന്നു. ആശുപത്രി വളപ്പില്‍ ഒരു വര്‍ഷത്തിലധികമായി വെയിലും മഴയുമേറ്റ് കിടക്കുന്ന ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ സ്ഥാപിക്കാന്‍ കമ്പനി അധികൃതരത്തൊത്തതും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനിടയാക്കുന്നു. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പോലും ഒന്നിലധികം തവണ പതിഞ്ഞ വിഷയമാണ് തീരുമാനമാകാതെ നീളുന്നത്.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഒന്നിന് 71: ആസ്ട്രേലിയക്ക് 97 റണ്‍സ് ലീഡ്

Posted: 18 Dec 2014 11:16 PM PST

Image: 

ബ്രിസ്ബേന്‍: ആസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിന്‍െറ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഒരു വിക്കറ്റിന് 71 റണ്‍സെടുത്തു. ഒന്നാമിന്നിംഗ്സില്‍ ആസ്ട്രേലിയ 505 റണ്‍സിന് പുറത്തായ ശേഷമാണ് ഇന്ത്യ ബാറ്റ് ചെയ്യാനിറങ്ങിയത്. ആസ്ട്രേലിയക്ക് 97 റണ്‍സിന്‍െറ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. 26 റണ്‍സുമായി ശിഖര്‍ ധവാനും 15 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയുമാണ് ഇന്ന് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഒന്നാമിന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഓപണര്‍ മുരളി വിജയ് 27 റണ്‍സെടുത്ത് പുറത്തായി. മിച്ചല്‍ സ്റ്റാര്‍കിനാണ് വിക്കറ്റ്.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സമിത്തിന്‍െറയും അര്‍ധസെഞ്ച്വറി നേടിയ മിച്ചല്‍ ജോണ്‍സന്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെയും മികവിലാണ് ആസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. സ്റ്റീവന്‍ സ്മിത്ത് 133 റണ്‍സെടുത്തു. മിച്ചല്‍ ജോണ്‍സണ്‍ 88 റണ്‍സും സ്റ്റാര്‍ക് 52 റണ്‍സും നേടി. ടെസ്റ്റില്‍ തന്‍െറ ഒമ്പതാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് ജോണ്‍സണ്‍ നേടിയത്. ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വരുണ്‍ ആരോണും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തി.
 

ഇരുമ്പുരുക്ക് കമ്പനിക്ക് അനുമതി; അനിശ്ചിതകാല സത്യഗ്രഹ ം ആരംഭിച്ചു

Posted: 18 Dec 2014 10:52 PM PST

ആലുവ: സഹ്യാദ്രി ഇരുമ്പുരുക്ക് കമ്പനിക്ക് കലക്ടര്‍ നല്‍കിയ അനുമതികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. യോഗം മുന്‍ എം.എല്‍.എ കെ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് മന്ത്രി നിയമസഭയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ദോഷകരമായ യാതൊരു വ്യവസായങ്ങളും ആരംഭിക്കില്ല എന്ന് വ്യവസായ വകുപ്പ് നല്‍കിയ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് ഇവിടെ വ്യവസായ മേഖല ആരംഭിച്ചത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കലായിരുന്നു ലക്ഷ്യം. ജനങ്ങള്‍ക്ക് ഏറെ ദോഷം ഉണ്ടാക്കുന്ന ഇരുമ്പ് - ഉരുക്ക് കമ്പനി ഇവിടെ തുടങ്ങാന്‍ അനുമതി നേടിയെടുത്തത് നേരായമാര്‍ഗത്തിലൂടെയല്ല. ജനങ്ങള്‍ താമസിക്കാത്ത മേഖലയിലാണ് ഇത്തരത്തിലുള്ള കമ്പനികള്‍ ആരംഭിക്കേണ്ടത്.
വളരെയേറെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് ഉരുക്ക് ഫാക്ടറിക്ക് നല്‍കിയ എല്ലാ അനുമതികളും ഗവണ്‍മെന്‍റ് റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമര സമിതി ചെയര്‍മാന്‍ പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ എം.എല്‍.എ എ.എം.യൂസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ വി.പി.ജോര്‍ജ് (ഡി.സി.സി വൈസ് പ്രസിഡന്‍റ്), സി.എന്‍.അബ്ദുല്‍ കരീം, വി.എസ്. നീലകണ്ഠന്‍ (ബി.ജെ.പി), തോപ്പില്‍ അബു (കോണ്‍ഗ്രസ്), ജോയി ജോബ് കുളവേലി (സി.പി.എം), എന്‍.കെ.കുമാരന്‍ (സി.പി.ഐ), കെ.എ. ബഷീര്‍ (സി.പി.എം), സലിം എടത്തല (ജനതാദള്‍), എം.സി.ശിവരാജന്‍ (എന്‍.സി.പി), കെ.എ.ജോണ്‍സന്‍ (എം.സി.പി.യു.ഐ), മുഹമ്മദ് ഷെഫീഖ് (യൂത്ത് പ്രസിഡന്‍റ് ആലുവ), രഹന്‍ രാജ് (പ്രസിഡന്‍റ് വാഴക്കുളം ബ്ളോക് പഞ്ചായത്ത്), എം. മീതിന്‍പിള്ള (പ്രസിഡന്‍റ് കുട്ടമശ്ശേരി സഹകരണ ബാങ്ക്), കുഞ്ഞുമുഹമ്മദ്, ടി.കെ. യൂസഫ് (എന്‍.സി.പി), സ്നേഹ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ കേബ്ള്‍ ഇടാന്‍ കലക്ടര്‍ നല്‍കിയ അനുമതി പൊലീസ് സഹായത്തോടെ നടത്താന്‍ ശ്രമിച്ചാല്‍ വീണ്ടും മേഖലയാകെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും,അതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പൊലീസ് മേധാവികളോട് സമരസമിതി അഭ്യര്‍ഥിച്ചു. സമരസമിതി കണ്‍വീനര്‍ സി.യു. യൂസഫ് സ്വാഗതവും മെംബര്‍ ടി.പി. അസീസ് നന്ദിയും പറഞ്ഞു.

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇത്തവണ രഹസ്യബാലറ്റ്

Posted: 18 Dec 2014 10:37 PM PST

കല്‍പറ്റ: കുടുംബശ്രീക്ക് ഇനി തെരഞ്ഞെടുപ്പ് ചൂട്. 2015 ജനുവരി 26ന് സംസ്ഥാനത്തെ 1072 സി.ഡി.എസില്‍ പുതിയ ഭരണസമിതി അധികാരത്തിലേറും. ഇത്തവണ രഹസ്യബാലറ്റ് ഉപയോഗിക്കുമെന്ന പ്രത്യേകതയുണ്ട്. ത്രിതല തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ തയാറാക്കി എല്ലാ അയല്‍ക്കൂട്ടങ്ങളിലും എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടത്തിലേക്കും രണ്ടാംഘട്ടത്തില്‍ എ.ഡി.എസ് തലത്തിലും മൂന്നാംഘട്ടത്തില്‍ സി.ഡി.എസ് തലത്തിലുമാണ് തെരഞ്ഞെടുപ്പ്. മൂന്നുവര്‍ഷം കൂടുമ്പോഴാണ് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ കൈപൊക്കി വോട്ടെടുപ്പിലൂടെയായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നത്. ഇത് സ്വതന്ത്രവും നിതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് വിഘാതം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ഇത്തവണ ഒരേ സ്ഥാനത്തേക്ക് ഒന്നില്‍ കുടുതല്‍ ആളുകള്‍ മത്സരിക്കുകയാണെകില്‍ രഹസ്യബാലറ്റ് വഴി തെരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അയല്‍ക്കൂട്ട അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് ഒബ്സര്‍വറെ നിയമിക്കും. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ആനുപാതിക സംവരണം ഈ പ്രാവശ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാറില്‍നിന്ന് ഏതെങ്കിലും വിധേന ഓണറേറിയം കൈപ്പറ്റുന്നവര്‍, അയല്‍ക്കൂട്ട പ്രസിഡന്‍റ്, സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍, സെക്രട്ടറി, സി.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി രണ്ടുതവണ സി.ഡി.എസ് ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മത്സരിക്കാനാകില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാം. തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇത് ബാധിക്കില്ല. സി.ഡി.എസ് ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

‘എല്ലാവര്‍ക്കും വീട്’ പദ്ധതിയുമായി മാനന്തവാടി പഞ്ചായത്ത്

Posted: 18 Dec 2014 10:37 PM PST

മാനന്തവാടി: പഞ്ചായത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുന്ന രാജീവ് ഗാന്ധി ഭവന നിര്‍മാണ പദ്ധതിയുമായി മാനന്തവാടി ഗ്രാമപഞ്ചായത്ത്.
സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക അനുമതിയോടെയാണ് പദ്ധതി നടത്തുന്നത്. ആദ്യഘട്ടത്തില്‍ 300 വീടുകളാണ് നിര്‍മിച്ചുനല്‍കുക. 23 വാര്‍ഡുകളില്‍ നടത്തിയ ഗ്രാമസഭകളില്‍ നിന്ന് തയാറാക്കിയ ഭവനരഹിതരുടെ ലിസ്റ്റ് പ്രകാരം ആദ്യ 13 സ്ഥാനങ്ങളില്‍പെട്ടവര്‍ക്കാണ് വീട് അനുവദിച്ചത്. 10 സെന്‍റില്‍ കുറവ് ഭൂമിയുള്ളവര്‍, വിധവ, അഗതികള്‍ , ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി ഗ്രാമസഭയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പഞ്ചായത്തിന്‍െറ വരുമാനത്തില്‍ നിന്ന് മൂന്ന് കോടിയും വയനാട് ജില്ലാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മൂന്ന് കോടി രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 10 വര്‍ഷം കൊണ്ട് വായ്പാതുക പഞ്ചായത്ത് തിരിച്ചടയ്ക്കും. വീടിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുകയും ചെയ്യും. 2015 മാര്‍ച്ച് 31നകം 75 ശതമാനം വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

അന്തര്‍ജനത്തിന്‍െറ അറബി അധ്യാപനത്തിന് 28 ആണ്ടിന്‍െറ നിറവ്

Posted: 18 Dec 2014 10:22 PM PST

Image: 

ശാന്തപുരം (മലപ്പുറം): അന്തര്‍ജനത്തിന് അറബി വഴങ്ങുമെന്ന് തെളിയിച്ച് ഗോപാലിക ടീച്ചര്‍ അധ്യാപനം തുടങ്ങിയിട്ട് 28 വര്‍ഷം പിന്നിടുന്നു. ലോക അറബി ഭാഷാ ദിനാചരണ ഭാഗമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ‘ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ്’ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ ഇവരെ ആദരിച്ചു.
അറബിക് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ ആദ്യ ബ്രാഹ്മണ സ്ത്രീയാണ് ബി.ടി.എന്‍. ഗോപാലിക അന്തര്‍ജനം. മലപ്പുറം മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി സ്കൂളില്‍ അധ്യാപന ജീവിതം തുടരുന്ന ഇവര്‍ 2015 മാര്‍ച്ചില്‍ വിരമിക്കും. 1982ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ മാനേജ്മെന്‍റ് സ്കൂളിലായിരുന്നു ആദ്യനിയമനം. കുന്നംകുളം ഭട്ടി തെക്കേടത്ത് പരേതനായ നീലകണ്ഠന്‍െറയും ലീല അന്തര്‍ജനത്തിന്‍െറയും മകള്‍ക്ക് അന്ന് അവിടെ ജോലി ചെയ്യാന്‍ സാധിച്ചത് ആറ് ദിവസം മാത്രമായിരുന്നു.
ബ്രാഹ്മണസ്ത്രീ അറബി പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ രംഗത്തുവന്നു. പിരിച്ചു വിടണമെന്നായിരുന്നു ആവശ്യം. പ്രതിഷേധം ശക്തമായതോടെ സ്കൂളിലെ ജോലി അവസാനിപ്പിക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. ഏറെ ആഗ്രഹിച്ച ജോലിയുപേക്ഷിച്ച് സ്കൂളിന്‍െറ പടിയിറങ്ങുമ്പോള്‍ വെറുതെയിരിക്കാന്‍ തയാറായിരുന്നില്ല അവര്‍. അധ്യാപക ജോലിയില്‍തന്നെ തുടരണമെന്ന വാശിയില്‍ നിയമത്തിന്‍െറ വഴിക്ക് തിരിഞ്ഞു. ഈ സംഭവം അക്കാലത്ത് വാര്‍ത്താപ്രാധാന്യം നേടുകയും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോടതി അനുകൂലവിധി പുറപ്പെടുവിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പി.എസ്.സി വഴി വണ്ടൂര്‍ തിരുവാലി ജി.എല്‍.പി സ്കൂളില്‍ നിയമനം. 10 വര്‍ഷം അവിടെ ജോലി ചെയ്തു.
ഇതിന് മുമ്പ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി എടപ്പറ്റ ജി.എല്‍.പി സ്കൂളില്‍ 10 മാസവും 1987ല്‍ പാലക്കാട് പെരിങ്ങോട് സ്കൂളില്‍ കുറച്ചുകാലവും അധ്യാപനം. ഇപ്പോള്‍ 16 വര്‍ഷത്തോളമായി  ചെമ്മാണിയോട് സ്കൂളില്‍ കുട്ടികളുടെ പ്രിയ അധ്യാപികയാണിവര്‍. പ്രോത്സാഹനവുമായി ഒട്ടേറെ പേര്‍ കൈത്താങ്ങുമായി ഒപ്പം നിന്ന അനുഭവവുമുണ്ട്. അറബി പഠിക്കാന്‍ കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ ചേരാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ സ്നേഹപൂര്‍വം അനുവാദം നല്‍കിയ മാതാപിതാക്കളോടാണ് വലിയ കടപ്പാടെന്ന് ഗോപാലിക പറഞ്ഞു. ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരി നല്‍കിയ ധൈര്യം പ്രതിസന്ധി ഘട്ടങ്ങളില്‍ തണലായി.
മേലാറ്റൂര്‍ അക്കരക്കുളം ജി.എല്‍.പി സ്കൂള്‍ അധ്യാപകന്‍ സനില്‍കുമാര്‍, അനില (ബംഗളൂരു) എന്നിവര്‍ മക്കളാണ്.
 

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ വിലപ്പെട്ട രേഖകള്‍ കാണാനില്ല

Posted: 18 Dec 2014 10:11 PM PST

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിലെ ഫയലുകള്‍ നഷ്ടപ്പെട്ടു. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ സൂപ്രണ്ട് ഡോ. ലാലുജോണ്‍ ഇക്കാര്യം അറിയിച്ചതോടെ യോഗം ബഹളത്തില്‍ മുങ്ങി.
2009 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളിലെ യോഗ മിനുട്സുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ സാധനങ്ങളാണ് കാണാതായത്. ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നടത്തിയ വികസനപ്രവൃത്തികളുടെ വിജിലന്‍സ് പരിശോധിച്ച രേഖകളും കാണാതായ ഫയലുകളില്‍ ഉള്‍പ്പെടുമത്രെ.
വിവരം പുറത്തുവന്നതോടെ അംഗങ്ങള്‍ ഒന്നടങ്കം സൂപ്രണ്ടിനെതിരെ തിരിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കുറച്ച് മാസം അവധിയിലായിരുന്നപ്പോഴാണ് രേഖകള്‍ കാണാതായതെന്നാണ് സൂപ്രണ്ടിന്‍െറ വിശദീകരണം. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ അടിയന്തര സ്റ്റാഫ് മീറ്റിങ് വിളിക്കണമെന്ന് മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സന്‍ തൂണേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ദേവി നിര്‍ദേശിച്ചു. ഉച്ചക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗവും ചേരും.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് വ്യാഴാഴ്ച രാവിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്നത്. ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്‍ സ്റ്റോറിന്‍െറ വാടക വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം യോഗത്തില്‍ വന്നു. ഇതോടെയാണ് നിലവിലുള്ള വാടക എത്രയെന്ന് പരിശോധിക്കാന്‍ പഴയ ഫയല്‍ ആവശ്യപ്പെട്ടത്. ഈ സമയത്താണ് ഫയലുകള്‍ കാണുന്നില്ളെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഒഴുക്കന്‍മട്ടില്‍ പറഞ്ഞത്.
ആശുപത്രി ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ ആശുപത്രി ഭരണം നടത്തുന്ന ബ്ളോക് ഭരണസമിതി താല്‍പര്യം കാണിക്കുന്നില്ളെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ആവശ്യത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല. ലക്ഷങ്ങളുടെ എക്സ്റേ മെഷീന്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആശുപത്രിക്ക് വിലപിടിപ്പുള്ള ഉപകരണങ്ങള്‍ അനുവദിക്കാമെന്നു പറഞ്ഞിട്ടും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നും ചിലര്‍ പരാതിയായി ചൂണ്ടിക്കാണിച്ചു.
യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ദേവി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സലാം, സി. കുമാരന്‍, ടി.കെ. ലിസ, അഡ്വ. കെ.എം. രഘുനാഥ്, സി.എച്ച്. മോഹനന്‍, ഏരത്ത് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആറ് തീവ്രവാദികളുടെ വധശിക്ഷ പാകിസ്താന്‍ ഉടന്‍ നടപ്പിലാക്കും

Posted: 18 Dec 2014 08:45 PM PST

Image: 

ഇസ്ലാമാബാദ്: സൈനിക കോടതി വധശിക്ഷ വിധിച്ച ആറ് തീവ്രവാദികളുടെ മരണ വാറന്‍റില്‍ പാകിസ്താന്‍ പട്ടാള മേധാവി ജനറല്‍ റഹീല്‍ ശരീഫ് ഒപ്പുവെച്ചു. ഇവരുടെ വധശിക്ഷ ഉടന്‍ നടപ്പാവും. സുരക്ഷാ കാരണങ്ങളാല്‍ കുറ്റവാളികളുടെ പേരുകള്‍ സൈന്യം പുറത്ത് വിട്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ശിക്ഷ നടപ്പാക്കുമെന്നും അതിന് ശേഷം പേരുകള്‍ പുറത്ത് വിടുമെന്നും സൈന്യം അറിയിച്ചു.

സൈനിക ആസ്ഥാന ആക്രമണം, ചിനാബിലെ സൈനിക ക്യാമ്പ് ആക്രമണം,  മുന്‍ പ്രസിഡന്‍റ് പര്‍വേശ് മുഷര്‍റഫിനെതിരെയുള്ള ആക്രമണം എന്നീ കേസുകളില്‍ പ്രതികളായവരുടെ വധശിക്ഷയാണ് നടപ്പിലാക്കുന്നത്. തീവ്രവാദകേസുകളില്‍ വധശിക്ഷ റദ്ദാക്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി. 132 കുട്ടികളടക്കം 142 പേര്‍ കൊല്ലപ്പെട്ട  പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിന് ശേഷമാണ് വധശിക്ഷ റദ്ദാക്കിയ  മുന്‍ തീരുമാനം പാകിസ്താന്‍ പിന്‍വലിച്ചത്.

ലഖ് വിക്ക് ജാമ്യം: അപ്പീല്‍ പോകുമെന്ന് പാകിസ്താന്‍

Posted: 18 Dec 2014 08:38 PM PST

Image: 

ഇസ് ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സകീയ്യുറഹ്മാന്‍ ലഖ് വിക്ക് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പാക് സര്‍ക്കാര്‍. പാകിസ്താന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി പ്രൊസിക്യൂട്ടര്‍ അസ്ഹര്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ലഖ് വിക്ക് ജാമ്യം നല്‍കിയ ഉത്തരവ് ലഭിച്ചാലുടന്‍ അതിനെതിരെ അപ്പീല്‍ പോയി സ്റ്റേ ഓര്‍ഡര്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് പാകിസ്താനിലെ ഒരു ഭീകരവിരുദ്ധ കോടതി മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ് വിക്ക് ജാമ്യം അനുവദിച്ചത്. ലഖ് വിക്കെതിരായി തെളിവുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല എന്ന് കാണിച്ചായിരുന്നു ജാമ്യം നല്‍കിയത്. ഇയാളുള്‍പ്പെടെ ഏഴു പേരാണ് കേസുമായി ബന്ധപ്പെട്ട് 2009ല്‍ അറസ്റ്റിലായത്.

പാക് കോടതിയുടെ നടപടിയെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. കോടതി തീരുമാനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ് വിക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ട്. എന്നിട്ടും പാകിസ്താന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിധിക്കെതിരെ പാക് സര്‍ക്കാര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞു.

താലിബാന്‍ ആക്രമണത്തില്‍ പെഷാവര്‍ സ്കൂളില്‍ 132 കുട്ടികള്‍ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ലഖ് വിക്ക് പാക് കോടതി ജാമ്യം അനുവദിച്ചത്.

ദേശീയ ദിനാഘോഷം: പ്രൗഢം, ഉജ്ജ്വലം

Posted: 18 Dec 2014 08:17 PM PST

Image: 

ദോഹ: ഖത്തറിന്‍െറ പാരമ്പര്യവും ആധുനികകാലത്തെ പ്രൗഢിയും സൈനിക ശക്തിയും വിളിച്ചോതിയ വര്‍ണ്ണാഭമായ പരിപാടികളോടെ ദേശീയ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ കേന്ദ്ര സ്ഥാനമായ കോര്‍ണീഷിലേക്ക് പുലരുന്നതിന് മുമ്പേ ആയിരങ്ങളാണത്തെിയത്. ദേശസ്നേഹത്തിന്‍െറ നൂറുപൂക്കളുമായി സ്വദേശികളും ജീവിക്കുന്ന മണ്ണിനോടുള്ള കൂറും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് പ്രവാസികളും പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കാനത്തെി. നാടിന്‍െറ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിരോധ സംവിധാനങ്ങളുടെ കെട്ടുറപ്പും തെളിഞ്ഞുനിന്ന സൈനിക  പരേഡ് കോര്‍ണിഷിന്‍െറ മണ്ണിനെയും ആകാശത്തെയും പുളകമണിയിച്ചു.

വിവിധ സൈനിക യൂനിറ്റുകള്‍ ഒൗദ്യോഗികവേഷത്തില്‍ ചിട്ടയോടെ അടിവെച്ച് നീങ്ങിത്തുടങ്ങിയപ്പോള്‍ ഗാലറികളിലും റോഡിനിരുവശങ്ങളിലും തിങ്ങിനിറഞ്ഞവര്‍  ഉയര്‍ത്തിപ്പിടിച്ച ദേശീയപതാകകളും കരഘോഷങ്ങളുമായി അഭിവാദ്യം അര്‍പ്പിച്ചു. റോഡിന് ഒരു വശത്തുകൂടി പരേഡ് മുന്നേറവേ മറുവശത്തകൂടി പഴമയുടെ പ്രതാപവും ആധുനികതയുടെ പ്രൗഢിയും പേറുന്ന സുരക്ഷാ വിഭാഗങ്ങളുടെ സായുധ വാഹനങ്ങളും  ടാങ്കുകളും പ്രതിരോധ യന്ത്രസംവിധാനങ്ങളും സാവധാനം മുന്നോട്ടുനീങ്ങി. കുതിരപ്പടയാളികളും ഒട്ടകക്കൂട്ടങ്ങളും ഡോഗ് സ്ക്വാഡും ബ്ളാക്ക് ക്യാറ്റ് ഭടന്‍മാരും പരേഡിന് രാജകീയ പ്രൗഢി പകര്‍ന്നു. നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളും അമീരിഗാര്‍ഡിലെ കുട്ടികളും  പട്ടാളവേഷത്തില്‍  ക്ളാസിക് ബസ്സിലും കാല്‍നടയായും പരേഡില്‍ അണിനിരന്നത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു.  
അതിസാഹസികമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയ അഭ്യാസികളും ഇരമ്പിപ്പാഞ്ഞ യുദ്ധവിമാനങ്ങളും ആകാശത്ത് മഴവില്‍ വര്‍ണ്ണം തീര്‍ത്ത  വൈമാനികരും കടലിന് മീതെ  സാഹസികതയുടെ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയത്. വ്യോമാഭ്യാസ പ്രകടനങ്ങളും പാരച്യൂട്ട് അഭ്യാസങ്ങളും കാണികള്‍ ഹര്‍ഷാരവത്തോടെ വരവേറ്റു. അതേസമയം, ഖത്തറിന്‍െറ പൗരാണികസ്മരണകളുണര്‍ത്തി ദേശീയപതാകകള്‍ പാറിക്കളിക്കുന്ന പായ്വഞ്ചികള്‍ കോര്‍ണിഷ് കടലില്‍ ജലഘോഷയാത്രയും നടത്തി. പരേഡിനെ അനുഗമിച്ച് നീങ്ങിയ അറേബ്യന്‍ കുതിരകളുടെയും ഒട്ടകങ്ങളുടെയും പരേഡ് ദേശീയദിനാഘോഷ ചടങ്ങിന് ചന്തം ചാര്‍ത്തി.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശെഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും കോര്‍ണീഷിലെ റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. അമീറും പിതാവ് അമീറും കാണികളെ ഹസ്തദാനം ചെയ്തും പരമ്പരാഗത രീതിയില്‍ അഭിവാദ്യം ചെയ്തും നീങ്ങിയപ്പോള്‍ കാഴ്ചക്കാരില്‍ ആവേശമുയര്‍ത്തി. അമീറിന്‍െറ പേഴ്സണല്‍ റെപ്രസന്‍േററ്റീവ് ¥ൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, പിതാവ് അമീറിന്‍െറ മറ്റു മക്കള്‍ എന്നിവര്‍ പരേഡിന് സാക്ഷികളാവാന്‍ കോര്‍ണീഷിലെ വേദിയിലത്തെിയിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, അഡൈ്വസറി കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക്ക് അല്‍ കുലൈഫി, ശൈഖുമാര്‍, മന്ത്രിമാര്‍, പൗരപ്രമുഖര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഗാനത്തിനും ഖുര്‍ആന്‍ പാരായണത്തിനും ശേഷം 18 ആചാരവെടികള്‍ മുഴക്കിയാണ് പരേഡിന് തുടക്കംകുറിച്ചത്. കര, വ്യോമ, നാവിക സേനയുടെ എല്ലാ യൂനിറ്റുകളും പരേഡില്‍ അണിനിരന്നു. ഇന്‍േറണല്‍ സെക്യൂരിറ്റി ഫോഴ്സും (ലഖ്വിയ) പൊലീസും അമീരി ഗാര്‍ഡും പരേഡിനുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ്, കോസ്റ്റ് ഗാര്‍ഡ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ട്രാഫിക് വിഭാഗം, പൊലീസ് കോളജ് കേഡറ്റ്സ്, നാഷണല്‍ സര്‍വീസ് കേഡറ്റ്സ്, ഖത്തര്‍ ലീഡര്‍ അകാദമി വിദ്യാര്‍ഥികള്‍ എന്നിവരും പരേഡില്‍ അണിനിരന്നു. വര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ് പങ്കാളികളായ പിഞ്ചുകുട്ടികളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. ശാഫല്ല സെന്‍റര്‍, അല്‍നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സൈനിക യൂനിഫോമുകളണിഞ്ഞാണ് പരേഡില്‍ പങ്കെടുത്തത്. പഴയതും ആധുനിക രീതിയിലുമുള്ള സൈനിക വാഹനങ്ങളുടെ ഘോഷയാത്രയും  പരേഡിന് സമാന്തരമായി നടന്നു. തണുപ്പിനിടയിലും  സ്വദേശികളും വിദേശികളുമായി കൈക്കുഞ്ഞുങ്ങളും സ്ത്രീകളും കുട്ടികളും അടക്കമുള്ള വന്‍ ജനാവലി  രാജ്യത്തിന്‍െറ ആഘോഷപരിപാടികള്‍ക്ക് സാക്ഷിയാകാന്‍ കോര്‍ണിഷിലേക്ക് ഒഴുകിയത്തെി. കുടുംബവുമായി എത്തിയവരെ മാത്രമാണ് കോര്‍ണീഷിലേക്ക് പ്രവേശിപ്പിച്ചത്. കോര്‍ണിഷ് റോഡ് അടച്ചിരുന്നതിനാല്‍ പരിസരത്തെ റോഡുകള്‍ വാഹനങ്ങളെ കൊണ്ടുനിറഞ്ഞു. പ്രധാന പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് കോര്‍ണിഷിലേക്ക് മുവാസലാത്ത് ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും പലരും കിലോമീറ്ററുകള്‍ അകലെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്ത ശേഷം പരേഡ് വീക്ഷിക്കാന്‍ നടന്നത്തെുകയായിരുന്നു.
മുഖത്തും കൈകളിലും ഖത്തര്‍ ദേശീയപതാക ആലേഖനം ചെയ്തും അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞും ഇരു കൈകളിലും ദേശീയപതാകളേന്തിയും കാണികള്‍ ഗാലറി നിറഞ്ഞപ്പോള്‍ കോര്‍ണിഷും പരിസരവും ജനസാഗരമായി.
ദേശീയ പതാകകകളും അമീറിന്‍െറ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ നഗരത്തിലെവിടെയും ദൃശ്യമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കോര്‍ണിഷില്‍ രാത്രി നടന്ന വെടിക്കെട്ട് വീക്ഷിക്കാന്‍  കുടുംബങ്ങളടക്കം ഒട്ടേറെ പേര്‍ എത്തിയിരുന്നു. കതാറയിലും വിവിധ പരിപാടികള്‍ അരങ്ങേറി.
 

ലോക സീരീസ് ബാഡ്മിന്‍റണ്‍: സൈനക്ക് വിജയത്തുടക്കം

Posted: 18 Dec 2014 08:01 PM PST

Image: 

ദുബൈ: ചൈനയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ജേതാവുമായ ഷിസിയാന്‍ വാങ്ങിനെ കീഴടക്കി ദുബൈയില്‍ നടക്കുന്ന ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ അവസാന അധ്യായത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് തകര്‍പ്പന്‍ തുടക്കം. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ളക്സില്‍ 21-17, 21-18 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. ഇതിനുമുമ്പ് പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചില്‍ നാലുതവണയും സൈനക്ക് തോല്‍വിയായിരുന്നു ഫലം. പുരുഷന്മാരില്‍ ലോക എട്ടാംനമ്പര്‍ താരം ഇന്ത്യയുടെ കെ. ശ്രീകാന്തും ഒന്നാം റൗണ്ട് പിന്നിട്ടു. ജപ്പാന്‍െറ കെന്‍റോ മെമോട്ടക്കെതിരെ ആദ്യസെറ്റ് കൈവിട്ടശേഷം ശ്രീകാന്ത് ജയിച്ചുകയറി. സ്കോര്‍: 15-21, 21-16, 21-10.
ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍െറ റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനത്ത് വരുന്നവരാണ് പുരുഷ-വനിതാ വിഭാഗത്തില്‍സിംഗിള്‍സ്,ഡബിള്‍സ്,മിക്സഡ് ഡബിള്‍സ് ഇനങ്ങളില്‍ മത്സരിക്കുന്നത്. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന 12 സൂപ്പര്‍സീരീസ് ടൂര്‍ണമെന്‍റില്‍ ലഭിച്ച പോയന്‍റിന്‍െറ അടിസ്ഥാനത്തിലാണ് ദുബൈ ടൂര്‍ണമെന്‍റിന് കളിക്കാര്‍ യോഗ്യത നേടിയത്. 21ന് ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.
 

ലിവയില്‍ 50 കോടി റിയാല്‍ ചെലവില്‍ താമസകേന്ദ്രം വരുന്നു

Posted: 18 Dec 2014 07:00 PM PST

Image: 

മസ്കത്ത്: സൊഹാര്‍ വ്യവസായ തുറമുഖത്തിനായി ഒഴിയുകയും പ്രയാസമനുഭവിക്കുകയും ചെയ്യുന്നവര്‍ക്കു വേണ്ടി വീടുകളും മറ്റു സൗകര്യങ്ങളും ഉള്‍പ്പെടെ താമസകേന്ദ്രം വരുന്നു. ലിവയില്‍ 50 കോടി റിയാല്‍ ചെലവിലാണ് താമസ കേന്ദ്രം നിര്‍മിക്കുന്നത്.
2500 മുതല്‍ 3000 വരെ വീടുകള്‍ നിര്‍മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള ടെണ്ടറുകള്‍ക്ക് ടെണ്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. വിവിധ കമ്പനികള്‍ക്ക് വൈകാതെ ടെണ്ടര്‍ നല്‍കുമെന്ന് ഭവന മന്ത്രാലയം അറിയിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് ലിവയില്‍ താമസകേന്ദ്രം ഒരുക്കുന്നത്. സൊഹാറിനുവേണ്ടി പ്രയാസമനുഭവിച്ചവര്‍ക്കുള്ള പദ്ധതിയുടെ രണ്ടാംഘട്ടമാണ് നടപ്പാക്കുന്നത്. ലിവ താമസകേന്ദ്ര പദ്ധതിയില്‍ വൈദ്യുതി, വെള്ളം, ജലസേചനം, കമ്യൂണിക്കേഷന്‍, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ബാത്തിന ഹൈവേക്കും നിര്‍ദിഷ്ട റെയില്‍വേ പദ്ധതിക്കും സമീപമാണ് താമസകേന്ദ്രം. എട്ട് സ്കൂളുകള്‍, ആശുപത്രികള്‍, രണ്ട് വലിയ പള്ളികള്‍, 11 ചെറിയ പള്ളികള്‍ എന്നിവയും നിര്‍മിക്കുന്നുണ്ട്. എട്ടു കി.മീറ്റര്‍ സ്ഥലത്തെ പദ്ധതി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 100 കി.മീറ്റര്‍ വരുന്ന ഇടറോഡുകളും സ്ഥാപിക്കുന്നുണ്ട്.
സ്ഥലം ഒരുക്കിയെടുക്കലും റോഡുകളുടെ നിര്‍മാണവും അടക്കമാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചത്.
ടെണ്ടര്‍ ബോര്‍ഡ് അംഗീകരിച്ച പദ്ധതിക്കുള്ള കരാറുകള്‍ വൈകാതെ ഒപ്പുവെക്കുമെന്ന് ഭവന മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആദ്യഘട്ട നിര്‍മാണക്കരാറുകള്‍ 2014 ആദ്യം നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഗുണമേന്മ ഉറപ്പുവരുത്തി പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ ഭരണപരവും സാങ്കേതികവുമായ നടപടികള്‍ കൈക്കൊള്ളും.
പദ്ധതിയുടെ വിവിധ ഭാഗങ്ങള്‍ വിലയിരുത്താന്‍ സ്വതന്ത്ര സാങ്കേതിക സമിതിയെയും ചുമതലപ്പെടുത്തും.
പദ്ധതിയുടെ ഭരണ ആസ്ഥാനത്തിന് ലിവയില്‍ ഭവന മന്ത്രാലയം വാടകക്ക് കെട്ടിടം എടുക്കുകയും മേല്‍നോട്ട സമിതിയെ നിയോഗിക്കുകയും ചെയ്യും.  പദ്ധതി വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം.

ഐ.എസ്.എല്‍ ഫൈനല്‍ നാളെ; ജയിക്കാനുറച്ച് മഞ്ഞപ്പട മുംബൈയില്‍

Posted: 18 Dec 2014 06:47 PM PST

Image: 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ കിരീടനേട്ടമെന്ന സ്വപ്നത്തില്‍ മലയാളത്തിന്‍െറ പ്രതീക്ഷയുമായി കേരള ബ്ളാസ്റ്റേഴ്സ് മുംബൈയിലത്തെി. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന കിരീടപ്പോരില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്‍െറ എതിരാളികള്‍.
കൊച്ചിയിലെ ഹോം ഗ്രൗണ്ടില്‍ വ്യാഴാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയ ബ്ളാസ്റ്റേഴ്സ് വൈകീട്ടാണ് മുംബൈയിലേക്ക് പറന്നത്. കൊച്ചിയില്‍ ഒന്നാം പാദ സെമിയില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ 3-0ന്‍െറ വിജയം നേടിയിട്ടും രണ്ടാംപാദത്തില്‍ മികവ് തുടരാനാകാതെ പോയത് ബ്ളാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാംപാദത്തില്‍ മൂന്ന് ഗോളുകള്‍ നേടി അവസാന നിമിഷം വരെ പൊരുതിനിന്ന ചെന്നൈയിനെ സ്റ്റീഫന്‍ പീയേഴ്സന്‍െറ ഗോള്‍ ആനുകൂല്യത്തില്‍ 4-3 എന്ന അഗ്രഗേറ്റ് സ്കോറില്‍ മറികടന്നായിരുന്നു ബ്ളാസ്റ്റേഴ്സ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
എന്നാല്‍, സെമിയിലെ പരിമിതികള്‍ ഉള്‍ക്കൊണ്ട് കൊല്‍ക്കത്തക്കെതിരെ ഫൈനലില്‍ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കുമെന്ന് കൊച്ചിയില്‍നിന്ന് പുറപ്പെടും മുമ്പ് ടീമിലെ മാര്‍ക്വി താരവും കോച്ചുമായ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്.
പരിക്കും സസ്പെന്‍ഷനും മൂലം ജാമി മകലിസ് അടക്കം പ്രധാന താരങ്ങള്‍ക്ക് കൊല്‍ക്കത്തക്കെതിരെ കളിക്കാനാവില്ളെങ്കിലും പകരക്കാരില്‍ മലയാളി താരം സുശാന്ത് മാത്യു അടക്കമുള്ളവരില്‍ വന്‍ പ്രതീക്ഷയാണ് ടീമിനുള്ളത്.  ടീം ഉടമസ്ഥന്‍ സചിന്‍െറ നാട്ടിലാണ് മത്സരമെന്നതും  ഗുണമാവും.
പരിക്ക് ടീമിന്‍െറ പ്രകടനത്തെ ബാധിക്കില്ളെന്ന് അസിസ്റ്റന്‍റ് കോച്ച് ട്രെവര്‍ മോര്‍ഗനും വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ടീമാണ് കൊല്‍ക്കത്തയെങ്കിലും തങ്ങള്‍ മികച്ച  കളി തന്നെ പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിലും പ്രതിരോധത്തിലും വ്യത്യസ്ത തന്ത്രങ്ങള്‍ പയറ്റുന്ന കൊല്‍ക്കത്തക്കെതിരെ ഏറ്റവും മികച്ച കളി പുറത്തെടുത്താലേ ബ്ളാസ്റ്റേഴ്സിന് ലക്ഷ്യത്തിലത്തൊനാവൂ.
അതുകൊണ്ടുതന്നെ അവസാന പടക്ക് മുമ്പ് മഞ്ഞപ്പട എതിരാളിയെ വീഴ്ത്താന്‍ പുതുതന്ത്രങ്ങള്‍ ഒരുക്കുമെന്നുറപ്പ്. മുംബൈയില്‍ ടീം ഇന്ന് പരിശീലനത്തിനിറങ്ങും. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി കോച്ചും ടീം അധികൃതരും മാധ്യമങ്ങളെ കാണുമെന്നും ബ്ളാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.

ഇന്ധനച്ചോര്‍ച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗളൂരു സര്‍വീസ് മുടങ്ങി

Posted: 18 Dec 2014 06:47 PM PST

Image: 

കുവൈത്ത് സിറ്റി/മനാമ: മംഗളൂരു-ബഹ്റൈന്‍-കുവൈത്ത്-മംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബുധനാഴ്ച കാലത്ത് ബഹ്റൈന്‍ വിമാനത്താവളത്തില്‍ സാങ്കേതിക തകരാറു മൂലം മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച ഉച്ചക്ക് കുവൈത്ത് സിറ്റിയില്‍ എത്തേണ്ട ഐ.എക്സ് 890 സര്‍വീസാണ് പാതിവഴിയില്‍ കുടുങ്ങിയത്. ബഹ്റൈനലിലത്തെിയ വിമാനത്തിന് ഇന്ധനച്ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ വരികയായിരുന്നു. ഇതോടെ കുവൈത്തിലേക്കും നാട്ടിലേക്കും പോകാനുള്ള യാത്രക്കാര്‍ ബഹ്റൈനിലും നാട്ടിലേക്ക് പോകാനുള്ളവര്‍ കുവൈത്തിലും കുടുങ്ങി.
ബുധനാഴ്ച രാവിലെ 7.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് 9.20ന് ബഹ്റൈനിലത്തെുന്ന വിമാനം 10.15ന് ഇവിടെനിന്നും പുറപ്പെട്ട് 11.15ന് കുവൈത്തില്‍ എത്തേണ്ടതായിരുന്നു. സര്‍വീസ് വൈകിയപ്പോഴും പിന്നീട് മുടങ്ങിയപ്പോഴുംയഥാസമയം അറിയിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന പതിവ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തുടര്‍ന്നു.
ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാര്‍ വിമാനത്താവളത്തിലത്തെി ബോര്‍ഡിങ്-ഇമിഗ്രേഷന്‍ പരിശോധനകള്‍ കഴിഞ്ഞശേഷമാണ് വിമാനം വൈകുമെന്ന വിവരം അറിയുന്നത്.ബഹ്റൈന്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച കാലത്ത് 7.30 ഓടെ ചെക്ക് ഇന്‍ ചെയ്തവരാണ് ഒട്ടുമിക്ക യാത്രക്കാരും. ബുധനാഴ്ചത്തെ യാത്ര മുടങ്ങുമെന്ന് ഉറപ്പായതോടെ യാത്രക്കാരെ ഗള്‍ഫ് ഹോട്ടലിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്നലെ കാലത്ത് ഒമ്പത് മണിയോടെ തിരിച്ചത്തെിയ യാത്രക്കാരോട് പല ഘട്ടങ്ങളിലും വിമാനം പോകാറായെന്ന് പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല.
കുവൈത്തിലാകട്ടെ, വിമാനം എപ്പോള്‍ എത്തുമെന്ന വിവരം അറിയിക്കാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ബുധനാഴ്ച രാത്രി വരെ യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ ഇരുത്തി. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഉടന്‍ എത്തുമെന്നായിരുന്നു ധരിപ്പിച്ചത്. രാത്രി 9.30 ഓടെയാണ് വിമാനം ബുധനാഴ്ച വരില്ളെന്നും വ്യാഴാഴ്ച രാവിലെ 11.30 ഓടെ മാത്രമേ പുറപ്പെടാനാവൂ എന്നും അറിയിച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍നിന്ന് സ്പെയര്‍ പാര്‍ട്സുകള്‍ എത്തിക്കണം എന്നായിരുന്നു  പറഞ്ഞത്.
തുടര്‍ന്ന് ഇന്നലെ രാവിലെ എട്ട് മണിയോടെ തന്നെ യാത്രക്കാരെ വീണ്ടും വിമാനത്താവളത്തിലത്തെിച്ചെങ്കിലും വിമാനം വരുന്ന ലക്ഷണമുണ്ടായിരുന്നില്ല. തലേന്ന് അറിയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11.30ന് വിമാനം എത്തിയില്ളെന്ന് മാത്രമല്ല എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ബന്ധപ്പെട്ട ഉദ്യോഗസഥരില്‍ ഒരാളും കാര്യങ്ങള്‍ അറിയിക്കാന്‍ യാത്രക്കാരുടെ അടുത്ത് എത്തിയതുമില്ല.
ഒടുവില്‍ വൈകീട്ട് 3.30 ഓടെ മാത്രമാണ് വിമാനം വരില്ളെന്ന് അധികൃതര്‍ പറയുന്നത്. ബഹ്റൈനില്‍ കുടുങ്ങിയ വിമാനത്തിന്‍െറ സാങ്കേതിക തകരാര്‍ പരിഹരിക്കാനായിട്ടില്ളെന്നും ഇനി ഇന്ത്യയില്‍നിന്ന് പകരം വിമാനം വന്നിട്ടേ പോകാനാവൂ എന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍, ഈ വിമാനം എപ്പോള്‍ വരുമെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്കായില്ല.
ഇന്നലെ ഉച്ചയോടെ എയര്‍ ഇന്ത്യ അധികൃതരുമായി സംസാരിച്ചപ്പോള്‍ പ്രശ്നം പരിഹരിച്ചു കഴിഞ്ഞെന്ന മറുപടിയാണ് ബഹ്റൈനില്‍ ലഭിച്ചത്.
എന്നാല്‍ ട്രയല്‍ റണ്ണില്‍ വിമാനം പറത്താനാവാത്ത സ്ഥിതിയാണെന്ന് വ്യക്തമാവുകയായിരുന്നു. റിപ്പയറിംങിനു ശേഷം രണ്ടു വട്ടം ടെയ്ക് ഓഫിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ളെന്നാണ് അറിയാന്‍ സാധിച്ചത്. അതിനിടെ, കുവൈത്തിലേക്കുള്ള യാത്രക്കാരെ വൈകീട്ട് 5മണിയോടെ മറ്റൊരു വിമാനത്തില്‍ കയറ്റി വിട്ടു. പത്തോളം പേരെ വൈകീട്ട് 6 മണിയോടെ ബഹ്റൈനില്‍ നിന്ന് മറ്റൊരു വിമാനത്തില്‍ നാട്ടിലേക്കും വിട്ടിട്ടുണ്ട്.
ചിലര്‍ ടിക്കറ്റ് റദ്ദാക്കി. മറ്റുള്ളവരെ ഗള്‍ഫ് ഹോട്ടലിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലേക്ക് തിരിക്കാമെന്ന ഉറപ്പിലാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്.

സര്‍ക്കാറും കെ.പി.സി.സിയും കൂടുതല്‍ അകല്‍ച്ചയിലേക്ക്

Posted: 18 Dec 2014 06:27 PM PST

Image: 
Subtitle: 
ലീഗിന്‍െറ ആത്മാര്‍ഥതയിലും സംശയം

തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗികമാറ്റം വരുത്താന്‍ മന്ത്രിസഭായോഗവും തീരുമാനിച്ചതോടെ സര്‍ക്കാറും കെ.പി.സി.സിയും കൂടുതല്‍ അകല്‍ച്ചയിലേക്ക്. വി.എം. സുധീരന്‍െറ ചെറുത്തുനില്‍പ് മാനിക്കാതെ നയത്തില്‍ മാറ്റംവരുത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചതിനുപിന്നാലെയാണ് മന്ത്രിസഭാതീരുമാനം. മദ്യലോബിയുടെ ആദ്യഘട്ട വിജയമെന്ന് കരുതാവുന്ന, മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങളുടെ വിശദാംശങ്ങള്‍ക്ക് വ്യാഴാഴ്ചയിലെ മന്ത്രിസഭാ തീരുമാനത്തോടെ വ്യക്തതവന്ന സാഹചര്യത്തില്‍ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കേണ്ട സാഹചര്യമാണ് കെ.പി.സി.സി.സി പ്രസിഡന്‍റില്‍ വന്നുചേര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച പ്രതികരണത്തിന് തയാറായില്ളെങ്കിലും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ തന്നെയാണ് സുധീരന്‍ ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ തള്ളി സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കാനുള്ള തയാറെടുപ്പ് ചില കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുമുണ്ട്.
യു.ഡി.എഫ് യോഗത്തില്‍ കെ. പി.സി.സി പ്രസിഡന്‍റ് പ്രകടിപ്പിച്ച എതിര്‍പ്പ് തള്ളിയാണ് മദ്യനയത്തില്‍ പ്രായോഗികമാറ്റം വരുത്താന്‍ തീരുമാനമുണ്ടായത്. യോഗത്തിന് മുമ്പ്, മദ്യനയത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകയോഗം ചേര്‍ന്നിരുന്നെങ്കിലും വിട്ടുവീഴ്ചക്ക് സുധീരന്‍ തയാറായില്ല. ഈ യോഗത്തിലും തൊട്ടുപിന്നാലെ ചേര്‍ന്ന മുന്നണിയോഗത്തിലും നയത്തില്‍ മാറ്റംവരുത്തുന്നതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്നുവരെ ഒരു കെ.പി.സി.സി പ്രസിഡന്‍റും കാട്ടാത്ത ഭിന്നാഭിപ്രായമാണ് യു.ഡി.എഫ് യോഗത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചത്. അത് മാനിക്കാതെയുള്ള തീരുമാനമാണ് യു.ഡി.എഫ് യോഗത്തിലും മന്ത്രിസഭായോഗത്തിലും കൈക്കൊണ്ടതെന്ന് സുധീരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യനയം സംബന്ധിച്ച് ആഗസ്റ്റില്‍ തീരുമാനമെടുത്തശേഷം പാര്‍ട്ടിയും സര്‍ക്കാറും തമ്മിലെ ബന്ധം ഊഷ്മളമല്ല. ഭരണപരമായ കാര്യങ്ങളൊന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍റുമായി കൂടിയാലോചിക്കാറില്ല. പലതും മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിയുന്നത്.  മദ്യനയത്തിന്‍െറ പേരില്‍ സര്‍ക്കാറിനെ പിന്തുണച്ചവരെകൂടി എതിര്‍ചേരിയില്‍ എത്തിക്കുന്നതാകും പുതിയ തീരുമാനം. അതേസമയം, മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ളെന്നും നയത്തില്‍നിന്നുള്ള പിന്നോട്ടുപോക്കല്ളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഞായറാഴ്ച ഡ്രൈഡേ പ്രഖ്യാപിച്ചതിലൂടെ ഉദ്ദേശിച്ച ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പുന$പരിശോധനയെന്നും പറയുന്നു. നയം കാര്യക്ഷമമായി നടപ്പാക്കാനാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്നും അവകാശപ്പെടുന്നു.
നയംമാറ്റത്തോടുള്ള വിയോജിപ്പ് മുസ്ലിംലീഗ് നേതൃത്വം മന്ത്രിസഭായോഗത്തിലും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ എതിര്‍പ്പിലെ ആത്മാര്‍ഥത സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. എതിര്‍ത്തെന്ന് വരുത്തിത്തീര്‍ത്ത് അണികള്‍ക്കുമുന്നില്‍ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് നടത്തിയതെന്ന സംശയമാണ് ഉയരുന്നത്.

മദ്യനയം പൊളിച്ചടുക്കി; ഞായറാഴ്ച ഡ്രൈ ഡേ പിന്‍വലിച്ചു

Posted: 18 Dec 2014 05:56 PM PST

Image: 

തിരുവനന്തപുരം: പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മദ്യനയം മൂന്ന് മാസംകൊണ്ട് പ്രായോഗികമാറ്റമെന്ന പേരില്‍ സര്‍ക്കാര്‍ പൊളിച്ചടുക്കി. പഞ്ചനക്ഷത്രമൊഴികെ പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനും ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കായി പരിമിതപ്പെടുത്തുമെന്ന നയത്തില്‍ മാറ്റമില്ല. ദേശീയപാതയോരത്തെ ബിവറേജ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും 16 വില്‍പനശാലകള്‍ ജനുവരി ഒന്നിന് അടച്ചുപൂട്ടും. തീരുമാനത്തോട് മന്ത്രിസഭായോഗത്തില്‍ മുസ്ലിം ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്‍െറ ഉത്തരവ് വരുന്ന മുറക്ക് പുതിയ നയം നടപ്പാകും.
പുതിയ നയത്തോടെ ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി തുറക്കും. നിലവില്‍ കോടതിവിധിപ്രകാരം പ്രവര്‍ത്തിക്കുന്നവക്കും കോടതി വിധി എതിരായാല്‍ ബിയര്‍ പാര്‍ലറുകളായി മാറാം. നക്ഷത്ര പദവി പരിഗണിക്കാതെ, ‘ഹൈജീനിക്’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നവക്കെല്ലാം ഈ അനുമതി നല്‍കും. നിലവിലെ ലൈസന്‍സിന്‍െറ തുടര്‍ച്ചയായാകും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ്. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമോയെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഇത് പഴയതിന്‍െറ തുടര്‍ച്ചയാണെന്നും നിയമപരമായി എന്താണോ ഉണ്ടാകേണ്ടത് അതായിരിക്കും നടപ്പാവുകയെന്നും മറുപടി നല്‍കി. ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കുകയാണെങ്കിലും ബാറിന്‍െറ പ്രവര്‍ത്തനസമയം കൂടുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ പ്രതിദിന പ്രവര്‍ത്തനസമയം ഇപ്പോഴത്തെ 15 മണിക്കൂറില്‍നിന്ന് 12.30 മണിക്കൂറായി കുറച്ച് പകരം ഞായറാഴ്ച തുറക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തനസമയം എക്സൈസ്വകുപ്പ് തീരുമാനിക്കും.
ഓരോ ബാറിലും ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കണമെന്ന വ്യവസ്ഥയിലാണ് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത്. നേരത്തെ ബാര്‍ അനുമതി ഉണ്ടായിരുന്നതുകൊണ്ട് ലൈസന്‍സുകള്‍ പഴയതിന്‍െറ തുടര്‍ച്ചയായി കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് നീക്കം.  31.3.2014ല്‍ പ്രവര്‍ത്തിച്ചിരുന്ന ശുചിത്വമുള്ള  ബാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ളെന്ന യു.ഡി.എഫ് തീരുമാനം നിലനില്‍ക്കും. ഫൈവ് സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം തുടരും. നാഷനല്‍ ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും ഓരത്തുള്ള സംസ്ഥാന  ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും പത്തുശതമാനം ഒൗട്ട്ലെറ്റുകള്‍ കോടതിയുടെ നിര്‍ദേശം പരിഗണിച്ച് ജനുവരി ഒന്നുമുതല്‍ നിര്‍ത്തും.  പുതിയ മാറ്റങ്ങളുടെ പ്രതിഫലനത്തെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കും.
ജനം കുടുംബത്തോടൊപ്പം കഴിയാന്‍ ലക്ഷ്യമിട്ട് താന്‍ സ്വന്തം നിലയില്‍ കൊണ്ടുവന്ന ഡ്രൈ ഡേ ഉദ്ദേശിച്ച ഫലം കണ്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച 60 ശതമാനം മദ്യവില്‍പന കൂടി. എല്ലാ വര്‍ഷവും പത്ത് ശതമാനം ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് കടകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഇതില്‍ ദേശീയ പാതയോരത്തെ 163 കടകള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലെ വൈന്‍,ബിയര്‍ പാര്‍ലറുകള്‍ തുടരും. ക്ളബുകളുടെ ബാര്‍ ലൈസന്‍സിന്‍െറ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ല. തൊഴിലാളികളുടെ സംരക്ഷണത്തിന്‍െറ പേരിലാണ് ബിയര്‍ ലൈസന്‍സ് അനുവദിക്കുന്നതെങ്കിലും മദ്യത്തിന്‍െറ നികുതിയില്‍ ഇവരുടെ പുനരധിവാസത്തിനായി ചുമത്തിയ അഞ്ച് ശതമാനം സെസ് പിന്‍വലിക്കില്ല. ഒരു ദിവസത്തെ ലൈസന്‍സ് നല്‍കുന്നതിന്‍െറയും ക്ളബുകളുടെ ബാര്‍ലൈസന്‍സിന്‍െറയും കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.
ഇപ്പോഴത്തെ നടപടികള്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തിലെ മാറ്റമല്ളെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഇതുവരെ മദ്യത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാം നടപ്പാക്കിയിട്ടുണ്ട്. ടൂറിസം രംഗത്തെയും പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെയും പ്രശ്നം  മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് ഇരിക്കാന്‍ കഴിയുമോ?

Posted: 18 Dec 2014 05:48 PM PST

Image: 

ഗോത്രമഹാസഭ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 162 ദിവസമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചത് ആശ്വാസത്തോടെയും ആവേശത്തോടെയുമാണ് അതിനെ പിന്തുണച്ചവര്‍ പൊതുവെ കാണുന്നത്. നമ്മുടെ സമൂഹത്തിലെ ഏറ്റവും പതിതരായ ഒരു ജനവിഭാഗം നടത്തുന്ന വ്യത്യസ്തവും എന്നാല്‍, തികച്ചും ന്യായവുമായ സമരം, മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അവഗണിച്ചിരുന്നെങ്കിലും നവ സാമൂഹിക പ്രസ്ഥാനങ്ങളുടെയും പുരോഗമനേച്ഛുക്കളായ ജനാധിപത്യവാദികളുടെയും വര്‍ധിച്ച പിന്തുണ നേടിയെടുത്തിരുന്നു. സമരത്തെ ഗൗരവത്തിലെടുക്കാതിരുന്ന ഭരണകൂടം പതുക്കെയാണെങ്കിലും ചര്‍ച്ചകള്‍ക്കും അനുഭാവപൂര്‍ണമായ പരിഗണനക്കും സന്നദ്ധമായത്, സമരം നേടിയെടുത്തുകൊണ്ടിരിക്കുന്ന പിന്തുണ കാരണമാണ്. സമരത്തിന്‍െറ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം രേഖാമൂലം ലഭിച്ചതിനുശേഷം മാത്രമേ അവര്‍ സമരം അവസാനിപ്പിച്ചുള്ളൂ. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ സമരം വലിയ വിജയമാണെന്ന് സംഘാടകര്‍ക്ക് അവകാശപ്പെടാന്‍ കഴിയും. സി.പി.എം എന്ന വന്‍ സംഘാടക ശേഷിയുള്ള പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍പോലും ലക്ഷ്യംനേടാതെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന കാലത്ത്, സി.പി.എം തന്നെ അരാജക സമരം എന്ന് മുദ്രകുത്തിയ സമരം പ്രത്യക്ഷത്തില്‍ വിജയിക്കുന്നു എന്നത് വലിയ കാര്യംതന്നെയാണ്. അതിനാല്‍, സി.കെ. ജാനുവിനും സഹപ്രവര്‍ത്തകര്‍ക്കും ആഹ്ളാദിക്കാവുന്ന നിമിഷങ്ങളാണിത്.
അതേസമയം, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ എത്ര അളവില്‍ പാലിക്കപ്പെടുമെന്നത് കണ്ടറിയേണ്ട  കാര്യംതന്നെയാണ്. മുമ്പും പലതവണ ആദിവാസി നേതൃത്വങ്ങളുമായി കഴിഞ്ഞുപോയ സര്‍ക്കാറുകള്‍ ഇത്തരം പല കരാറുകളിലും എത്തിയിട്ടുണ്ട്. അവയൊന്നും നടപ്പാക്കപ്പെട്ടില്ല എന്ന കാര്യം ഏറ്റവും അറിയാവുന്ന ആള്‍ സി.കെ. ജാനു തന്നെയായിരിക്കും. എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെയാണ് സി.കെ. ജാനുവിന്‍െറതന്നെ നേതൃത്വത്തില്‍ ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുടില്‍കെട്ടല്‍ സമരം നടത്തുന്നതും പിന്നീട് സര്‍ക്കാറുമായി ഒത്തുതീര്‍പ്പിലത്തെി സമരം അവസാനിപ്പിക്കുന്നതും (2001). അന്നത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചതിന്‍െറ പേരിലാണ് പ്രസിദ്ധമായ മുത്തങ്ങ സമരം രൂപപ്പെടുന്നത് (2003). മുത്തങ്ങ സമരത്തെ തുടര്‍ന്ന് ജാനുവിനെയും ആദിവാസി സമൂഹത്തെയും സര്‍ക്കാര്‍ വേട്ടയാടിയതും ചരിത്രം.
ഈ അനുഭവങ്ങളെല്ലാം മുന്നില്‍വെക്കുമ്പോള്‍ 16 പോയന്‍റുകളിലായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എഴുതി നല്‍കിയ ഉറപ്പുകള്‍ എത്രത്തോളം പാലിക്കപ്പെടും എന്ന കാര്യത്തിലുള്ള ആശങ്ക അസ്ഥാനത്തല്ല. ആറളം ഫാമിലെ പൈനാപ്പ്ള്‍ കൃഷി അവസാനിപ്പിക്കും, അരിവാള്‍ രോഗികളായ ആദിവാസികളെ പുനരധിവസിപ്പിക്കും, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ (സി.ബി.ഐ കേസുകള്‍ ഒഴികെ) പിന്‍വലിക്കും, മുത്തങ്ങ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരോടൊപ്പമുണ്ടായിരുന്ന 44 കുട്ടികള്‍ക്ക് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും തുടങ്ങിയ വാഗ്ദാനങ്ങള്‍ വലിയ മുട്ടില്ലാതെ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞേക്കും. പക്ഷേ, ആദിവാസികള്‍ ഉന്നയിക്കുന്ന മര്‍മപ്രശ്നമായ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വലിയ ഇച്ഛാശക്തി കാണിക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാറിന്‍െറകൂടി അനുമതികള്‍ ആവശ്യമായ വിഷയങ്ങള്‍ ഇതിനകത്തുണ്ട്. പുതിയ വനഭൂമി ആദിവാസികള്‍ക്ക് അനുവദിക്കാന്‍ അംഗീകാരം നല്‍കും മുമ്പ് ആദിവാസികള്‍ക്ക് വിതരണം  ചെയ്യാന്‍ 2003ല്‍ കേന്ദ്രം അനുവദിച്ച 7693 ഹെക്ടര്‍ ഭൂമി ഇത്രയും കാലമായി എന്തു ചെയ്തു എന്ന് കേന്ദ്രം അന്വേഷിക്കും. അത്തരമൊരു അന്വേഷണം നല്ല ഉത്തരമായിരിക്കില്ല നല്‍കുക. ആദിവാസികള്‍ക്കുവേണ്ടി നിശ്ചയിച്ച ആ ഭൂമി ആര്‍ക്കെല്ലാം പോയി എന്ന് ഇനിയും വെളിപ്പെട്ടു വരേണ്ടതായിട്ടുണ്ട്. ആദിവാസി ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളും അത്ര എളുപ്പം നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. ആദിവാസി ഗ്രാമസഭകള്‍/ഊരുകൂട്ടങ്ങള്‍ എന്നിവക്ക്  സ്വയം നിര്‍ണയാവകാശം നല്‍കുന്ന പെസ നിയമം ആദിവാസി ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ആദിവാസികളുടെ അധികാര പ്രാപ്തിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഈ നിയമം നടപ്പാക്കപ്പെട്ടാല്‍ അത് തീര്‍ച്ചയായും ഗുണകരമായിരിക്കും. പക്ഷേ, അതിനുതകുന്ന തരത്തില്‍ ആദിവാസി ജനസംഖ്യ കേന്ദ്രീകരിക്കപ്പെട്ട പഞ്ചായത്തുകള്‍/വാര്‍ഡുകള്‍ കേരളത്തില്‍ എത്രയുണ്ട് എന്ന് അന്വേഷിക്കേണ്ടി വരും.
തങ്ങളുടെ ആവശ്യങ്ങള്‍ തത്ത്വത്തിലെങ്കിലും സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചുവെന്ന അര്‍ഥത്തില്‍ ഗോത്രമഹാസഭയുടെ സമരം വിജയമാണ്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര അളവില്‍ പാലിക്കപ്പെടുമെന്നത് കാത്തിരുന്നുകാണേണ്ട കാര്യമാണ്. പൊതുസമൂഹത്തിന്‍െറയും ജനാധിപത്യവാദികളുടെയും ഗൗരവപൂര്‍ണമായ ജാഗ്രത ഇക്കാര്യത്തില്‍ വേണ്ടിവരും. ഒപ്പം തങ്ങളുടെ ശാക്തീകരണത്തിനായുള്ള കൂടുതല്‍ അര്‍ഥവത്തായ പരിശ്രമങ്ങള്‍ ആദിവാസി ജനസമൂഹത്തിനകത്തുനിന്നുതന്നെ രൂപപ്പെട്ടു വരേണ്ടതുണ്ട്.

ചുംബന സമരത്തിന്‍െറ മറുപുറം

Posted: 18 Dec 2014 05:46 PM PST

Image: 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്, മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്വെല്ലുമായുള്ള അഭിമുഖ സംഭാഷണം കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവര്‍ത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍, കെടുതികള്‍ അനുഭവിക്കേണ്ടിവന്നത് സി.പി.എമ്മും എല്‍.ഡി.എഫുമാണ്. അമൃതാനന്ദമയി എന്ന ആള്‍ദൈവം നിലനില്‍ക്കുന്നത് അവരുടെ സവിശേഷപ്രകടനങ്ങളിലൂടെ മാത്രമല്ല, സംഘ്പരിവാറിന്‍െറ പിന്‍ബലത്തോടൊപ്പം ധീവരസമുദായത്തെ പ്രതിനിധാനംചെയ്തുമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന എ.വി. ദിനകരന്‍ നേതൃത്വം കൊടുക്കുന്ന ധീവരസഭ, മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റുവീണപ്പോള്‍ നടത്താതിരുന്ന തീരദേശ ഹര്‍ത്താല്‍ നടത്തി മാതാഅമൃതാനന്ദമയിയോട് കൂറ് പ്രഖ്യാപിച്ചു. ഫലമോ, മത്സ്യത്തൊഴിലാളികള്‍ ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്?
കേരളീയ സമൂഹത്തിന്‍െറ ആന്തരികഘടനയെ മനസ്സിലാക്കി രാഷ്ട്രീയനിലപാട് സ്വീകരിക്കാനുള്ള ബുദ്ധിപരതയാണ് ഇടതുപക്ഷത്തിന് ഇല്ലാതെപോയത്. ഉണ്ടായിരുന്നെങ്കില്‍, തെരഞ്ഞടുപ്പു കഴിയുംവരെ മുന്‍ചൊന്ന അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കാനുള്ള വിവേകം ജോണ്‍ ബ്രിട്ടാസ് കാണിക്കുമായിരുന്നു. ഈ വിവേകം നഷ്ടപ്പെട്ടതിനു കാരണം, കേരളത്തിലെ ബുദ്ധിജീവി വര്‍ഗത്തോട് പുലര്‍ത്തിയ അമിതമായ ആരാധനയാണ്. ഇവിടെ ബുദ്ധിജീവികളെന്നറിയപ്പെടുന്ന സവിശേഷവര്‍ഗം ജ്ഞാനികളല്ല; വൈകാരിക പ്രകടനങ്ങളിലഭിരമിക്കുന്ന ശീലമുള്ളവരാണവര്‍. തന്മൂലം ജനതയുടെ ചരിത്രം, അവബോധം, സമകാലീനത എന്നിവ അവര്‍ക്കന്യമാണ്. ഇക്കൂട്ടര്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് (വാക്കുകള്‍ക്ക്) പിഴയിടേണ്ടിവരുന്നത് ചില ജനവിഭാഗങ്ങളാണ്. കേരളത്തിലെ ദലിതര്‍ക്ക് ബി.ആര്‍.പി. ഭാസ്കര്‍ വരുത്തിവെച്ച വിന ഇതിന് തെളിവാണ്.
ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍െറ ഭരണകാലത്ത് വര്‍ക്കലയില്‍ ശിവപ്രസാദ് എന്നൊരാള്‍ വധിക്കപ്പെടുന്നു. ഈ കൊലപാതക കുറ്റം ഡി.എച്ച്.ആര്‍.എം എന്ന സംഘടനയുടെ മേലാണ് ആരോപിക്കപ്പെട്ടത്. തുടര്‍ന്ന്, ആ സംഘടനാപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നു മാത്രമല്ല, ദലിത് സമുദായത്തെ ഒന്നടങ്കം തീവ്രവാദ പട്ടികയില്‍പെടുത്തുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തത്. പ്രശ്നത്തെ വസ്തുനിഷ്ഠമായി ഉള്‍ക്കൊണ്ട ദലിത് നേതാക്കളും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വര്‍ക്കല കൊലപാതകത്തെ അപലപിച്ചപ്പോള്‍തന്നെ, സമുദായത്തിനെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ഇപ്രകാരമൊരു സമീപനം സ്വീകരിക്കാന്‍ കാരണം, ഡി.എച്ച്.ആര്‍.എം എന്ന സംഘടനയെയും അതിന്‍െറ നേതൃത്വത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞതിനാലാണ്.
എന്നാല്‍, ബി.ആര്‍.പി. ഭാസ്കര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. അദ്ദേഹം ദലിത് നേതൃത്വത്തെ അപ്രസക്തമാക്കി ഡി.എച്ച്.ആര്‍.എമ്മിനെ സ്ഥാപനവത്കരിച്ചു. ഇതിനാധാരമാക്കിയത് മാധ്യമങ്ങളിലൂടെ സൃഷ്ടിച്ച വൈകാരികതയാണ്. പിന്നീടെന്താണ് സംഭവിച്ചത്? ബി.ആര്‍.പി. ഭാസ്കറിലൂടെയും തുടര്‍ന്ന് ടി.ടി. ശ്രീകുമാറിലൂടെയും ദേവികയിലൂടെയും ദലിതരുടെ ഏകപ്രതിനിധാനമായി മാറിയ ഡി.എച്ച്.ആര്‍.എമ്മിന്‍െറ പ്രതിബോധങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ ബി.ആര്‍.പി. ഭാസ്കര്‍ മൗനംപാലിച്ചപ്പോള്‍, കറപുരണ്ടത് ദലിത് നേതൃത്വത്തിനുമേലാണ്.
‘സ്ത്രീവിമോചനത്തിന്‍െറ മാഗ്നാകാര്‍ട്ട’യായി നവംബര്‍ രണ്ടിന് മറൈന്‍ ഡ്രൈവില്‍ പുരുഷകേസരികള്‍ ആരംഭിച്ചതും പലഭാഗത്തേക്കും പടര്‍ന്നതുമായ ചുംബനസമരത്തെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന പോലെ ഒരു ചരിത്രസംഭവമായി വാഴ്ത്തിയാണ് ബി.ആര്‍.പി. ഭാസ്കര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ പുനര്‍വായിക്കേണ്ടത് പ്രഥമകമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ തന്നെയാണ്. മാര്‍ക്സിസ്റ്റ് ഭാഷ്യത്തിലുള്ള വിപ്ളവതൊഴിലാളി വര്‍ഗത്തിന്‍െറയല്ല മറിച്ച്, മധ്യവര്‍ഗത്തിന്‍െറ (മധ്യമജാതികളുടെ) പ്രതിനിധാനത്തിലാണ് അന്നത്തെ ഗവണ്‍മെന്‍റ് രൂപംകൊള്ളുന്നത്. തന്മൂലം, സവര്‍ണ സാമൂഹിക വിഭാഗങ്ങള്‍ക്കനുകൂലമായ സാമ്പത്തിക-രാഷ്ട്രീയ നടപടികളിലൂടെ സ്വത്തുടമസ്ഥതയെയും തൊഴില്‍കമ്പോളത്തെയും പരിവര്‍ത്തനപ്പെടുത്തിയതിന്‍െറ ഫലമായി ദലിതര്‍ ഒരു സമുദായമെന്നനിലയില്‍ സാമൂഹികാവകാശങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുകയായിരുന്നു. ഫലമോ, ഭൂവുടമസ്ഥത നിഷേധിക്കപ്പെട്ട ദലിതര്‍ മധ്യകാലയുഗങ്ങളിലെന്ന പോലെ 26,198 കോളനികളിലും ലക്ഷംവീടുകളിലുമായി പാര്‍ക്കാന്‍ വിധിക്കപ്പെട്ടു. ഏറ്റവും വലിയ തൊഴില്‍കമ്പോളമായ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ചുരുക്കത്തില്‍, മാര്‍ക്സിസത്തിന്‍െറ അപ്പോസ്തലന്മാര്‍ ഒരു ജനവിഭാഗത്തെ ഇരുളിലാഴ്ത്തിയ ചരിത്രാനുഭവമാണ് 1957ലെ ഇ.എം.എസ് സര്‍ക്കാറിന്‍േറത്. ഇതേ ഭൂമികയില്‍ ചുംബനസമരം വാഴ്ത്തപ്പെടാനും കാരണം മറ്റൊന്നല്ല.
ചുംബനസമരത്തിന്‍െറ മുഖ്യസവിശേഷത, അതിന്‍െറ മധ്യവര്‍ഗപ്രതിനിധാനമാണ്. ഈ പ്രതിനിധാനത്തിന് ചില പ്രശ്നമേഖലകളെ മായ്ക്കാന്‍ കഴിയുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നാണ് പരിശോധിക്കേണ്ടത്. കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റാറന്‍റ് സംഘ്പരിവാര്‍ അടിച്ചുതകര്‍ക്കുന്നത്, മോറല്‍ പൊലീസിങ്ങിന്‍െറ ഭാഗമായെന്നതിലുപരി സഹജമായ ന്യൂനപക്ഷ (മുസ്ലിം) മത വിരുദ്ധതയിലൂടെയാണ്. അതുകൊണ്ടാണ് ചുംബനസമരം വിവാദമായപ്പോള്‍, ചുംബിക്കുന്നതിനെതിരല്ളെന്ന് സംഘ്പരിവാര്‍ വക്താക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം, അക്രമത്തിന് പിന്നിലെ ന്യൂനപക്ഷവിരുദ്ധതയെ നിഷേധിച്ചിട്ടുമില്ല. മറ്റൊരു വിധത്തില്‍ ചുംബനസമരക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. അവര്‍, കോഴിക്കോട് നടന്ന അതിക്രമത്തെ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ നടന്ന കൈയേറ്റമായാണ് ചിത്രീകരിച്ചത്. സമൂഹഘടനയെ ഉള്‍ക്കൊള്ളാതെ, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി നിരത്തിയിരിക്കുന്ന വാദമുഖങ്ങളാണ് സമരക്കാരുടെ ഫ്യൂഡല്‍ മനോഘടനയെ തുറന്നുകാട്ടുന്നത്.
ലൈംഗികസ്വാതന്ത്ര്യത്തിന്‍െറ പ്രതീകവത്കരണമായി ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഹിന്ദുക്ഷേത്രങ്ങളിലെ രതിശില്‍പങ്ങളാണ്. ക്ഷേത്രങ്ങളെല്ലാംതന്നെ നിര്‍മിച്ചത് ഹിന്ദുരാജാക്കന്മാരായിരുന്നു. അവരാകട്ടെ അനിയന്ത്രിതമായ ഭോഗാലസജീവിതം നയിച്ചവരാണ്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനോ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വഴികളിലൂടെ നടക്കാനോ അവകാശമില്ലാതിരുന്ന കീഴാളര്‍ക്ക് ക്ഷേത്രങ്ങളിലെ രതിചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ധര്‍മം, അര്‍ഥം, കാമം എന്നിവയെ വാഴ്ത്തുന്ന തിരുക്കുറളിലെയും ലൈംഗികതയെ ശാസ്ത്രമാക്കിയ വാത്സ്യായനന്‍െറ കാമസൂത്രത്തിലെയും രതി, ഗോത്രസമൂഹങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ഫ്യൂഡല്‍ രാജവംശങ്ങളുടെയും ഉപരിസമുദായങ്ങളുടെയും പുരുഷാധിപത്യപരമായ ലൈംഗികാനുഷ്ഠാനങ്ങളാണ് ഇവിടെ വ്യക്തമാക്കുന്നത്. ക്ഷേത്രശില്‍പങ്ങളും രതിവര്‍ണനകളും അനിയന്ത്രിതമായ ഭോഗാലസതയില്‍ ആറാടിയ ഹിന്ദുരാജാക്കന്മാരുടെ മനോഘടനയെയാണ് പ്രതിഫലിപ്പിക്കുന്നത്. അതേസമയം, ബൈബ്ള്‍ പഴയ നിയമത്തിലെ സോളമന്‍െറ ഗീതങ്ങളിലും ഇതരമതഗ്രന്ഥങ്ങളിലും പ്രണയരതിവര്‍ണനകളുണ്ടെങ്കിലും, ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങളില്‍ രതിശില്‍പങ്ങളില്ല.
കേരളത്തിലെ സ്ത്രീകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭ ദശകങ്ങളില്‍പോലും മാറ്മറച്ചിരുന്നില്ല. മധ്യകാല മണിപ്രവാളകൃതികള്‍ സ്ത്രീയുടെ ലൈംഗികതയെ അഭിനിവേശമാക്കിയപ്പോള്‍, മനുസ്മൃതിയുടെ പാഠവത്കരണങ്ങളിലൂടെ ലൈംഗികാടിമത്തത്തെ സുദീര്‍ഘകാലം നിലനിര്‍ത്തിയത് ഹിന്ദുക്കളായ രാജാക്കന്മാരും മാടമ്പികളുമാണ്. വ്യത്യസ്തമായൊരു ഭരണസമ്പദ്രായത്തിനടിത്തറപാകിയ ടിപ്പുസുല്‍ത്താനും ബ്രിട്ടീഷ് ഭരണാധികാരികളും സൃഷ്ടിച്ച ഹൈന്ദവവിരുദ്ധമായ മൂല്യാവബോധമാണ് മാറ്മറയ്ക്കല്‍ സമരത്തിന് പ്രേരണയായത്. ചരിത്രപരമായ ഇത്തരം യാഥാര്‍ഥ്യങ്ങളുള്‍ക്കൊള്ളാതെ, വ്യക്ത്യാധിഷ്ഠിത ചോദനകളിലൂടെ ചുംബനസമരം നടത്തുന്നവര്‍ക്ക് സമൂഹഘടനയെ അഭിമുഖീകരിക്കേണ്ടതില്ളെങ്കിലും, അഭിനവവിപ്ളവത്തിന് പ്രത്യയശാസ്ത്ര കവചം സൃഷ്ടിക്കുന്നവര്‍ വസ്തുതകളെ തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തില്‍ സംഘ്പരിവാറിലൂടെ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്, ജാതീയ വിഭാഗങ്ങളില്‍ സ്വാധീനമുറപ്പിച്ചാണ്. ഇതിന് സഹായകരമായിരിക്കുന്നത്, ക്ഷേത്രകേന്ദ്രീകൃതമായ കൂട്ടായ്മകളാണ്. നവോത്ഥാനത്തിന്‍െറ തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാതെ വന്നതിനാല്‍ ശ്രീനാരായഗുരു ‘ദേവ’നാവുകയും അയ്യങ്കാളി ചരിത്രസാന്നിധ്യമാകാതിരിക്കുകയും ചെയ്തു. ഇതുകൊണ്ടും, അന്തരാളസമുദായങ്ങളിലെ (വിശ്വകര്‍മജര്‍, ധീവരര്‍ മുതലായവര്‍) നവോത്ഥാനാനുഭവങ്ങളുടെ അഭാവംമൂലവും മുന്‍ചൊന്ന വിഭാഗങ്ങള്‍ ബ്രാഹ്മണിസത്തിലുള്‍ച്ചേര്‍ന്ന് നവഹിന്ദുത്വവത്കരണത്തിന് വിധേയമായിരിക്കുകയാണ്. ഇത്തരം യാഥാര്‍ഥ്യങ്ങളെ തൊട്ടറിയാതെ, മധ്യവര്‍ഗത്തിലെ ഒരു ചെറുന്യൂനപക്ഷത്തിന്‍െറ ആത്മനിഷ്ഠതയുടെ തുടര്‍ച്ചയുള്ള ചുംബനസമരം, യാഥാസ്ഥിതികമായി ഇന്നും നിലകൊള്ളുന്ന ഹൈന്ദവ ജാതീയ വിഭാഗങ്ങളെ ആകര്‍ഷിക്കുമെന്ന് കരുതാനാവില്ല. ഈ യാഥാസ്ഥിതികത്വം ന്യൂനപക്ഷ മതവിരുദ്ധതയുമായി സംയോജിക്കുമ്പോള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് ബി.ജെ.പിയായിരിക്കും. ഈ പരിതസ്ഥിതിയിലാണ് ഹനുമാന്‍ സേനകള്‍ ഉണ്ടാകുന്നതും ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിത നിശബ്ദതക്ക് വിധിക്കപ്പെടുന്നതും. ന്യൂനപക്ഷങ്ങളിലെ വിദ്യാഭ്യാസമുള്ളവരാകട്ടെ ചുംബനസമരക്കാര്‍ക്കൊപ്പം കൂടിയില്ളെങ്കില്‍ പുരോഗമന സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുമെന്ന് ഭയപ്പെട്ട് വിചിത്രമായ കെട്ടുകഥകളില്‍ അഭിരമിക്കുന്നു.
ബി.ആര്‍.പി. ഭാസ്കറിലേക്കുതന്നെ മടങ്ങിവരാം. ചുംബനസമരത്തിലൂടെ കേരളം രണ്ടായി തിരിഞ്ഞുവെന്നാണദ്ദേഹം വിലയിരുത്തുന്നത്. മധ്യവര്‍ഗത്തിലെ കുറച്ചുവ്യക്തിവാദികളും തീവ്ര ഇടതുപക്ഷവും കുത്തകമാധ്യമങ്ങളുമാണ് സമരത്തിന്‍െറ ഊര്‍ജമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം ‘പോരാട്ടം’ ‘സി.പി.ഐ(എം.എല്‍.)’ എന്നീ പ്രസ്ഥാനങ്ങള്‍ ഏറെക്കാലം മുമ്പേതന്നെ പ്രത്യയശാസ്ത്രപരമായി ജീര്‍ണിച്ച സ്ഥാപനങ്ങളാണ്. ഇത്തരം പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ഏത് സമരത്തിന്‍െറയും പ്രതിലോമസ്വഭാവം നിര്‍ണയിക്കാനാവും. അതുകൊണ്ടാണ് ജനാധിപത്യപരമായി നടക്കുന്ന കീഴാളസമരങ്ങളില്‍നിന്ന് അവര്‍ ആട്ടിയകറ്റപ്പെടുന്നത്. ചുംബനസമരങ്ങളില്‍ പുതുവിപ്ളവകാലം കാണുന്ന പി.ജെ. ജയിംസ് സെക്രട്ടറിയായ സി.പി.ഐ.(എം.എല്‍.) മോറല്‍ പൊലീസിങ്ങിനെതിരെ ഇതേസമരം നടത്താതെ, മറൈന്‍ ഡ്രൈവില്‍ പിന്തുണയുമായത്തെിയതിന്‍െറ കാരണവും മറ്റൊന്നല്ല.
ചുംബനസമരത്തോടൊപ്പം ഒരുസംഘം ദലിത് യുവജനങ്ങളെയും കാണാം. ഡോ. ബി.ആര്‍. അംബേദ്കറിന്‍െറ വീക്ഷണത്തിലൂടെ ലഭ്യമായ വിമര്‍ശാവബോധമല്ല നക്സലൈറ്റുകളില്‍നിന്ന് കടംകൊണ്ട വൈരുധ്യവാദത്തിലാണവര്‍ ഇന്നും കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം, സ്വന്തം വോട്ട്ബാങ്ക് ബി.ജെ.പി.യിലേക്ക് ചോര്‍ന്നുപോകുമെന്നു തിരിച്ചറിഞ്ഞതിലൂടെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ചുംബനസമരത്തിന് നല്‍കിയിരിക്കുന്ന പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്.
ചുംബനസമരത്തിന്‍െറ എതിര്‍ചേരിയിലുള്ളവരെ ജാതി-മതമൗലികവാദികളും സംഘ്പരിവാറിന്‍െറ സഹകാരികളുമായി മാത്രമല്ല, സ്ത്രീവിരുദ്ധരുമായി ചിത്രീകരിക്കുകയാണ് അതിന്‍െറ വക്താക്കള്‍. കുറച്ചു പേരുടെ വൈകാരികതക്ക് പുറംതിരിഞ്ഞുനില്‍ക്കുന്ന വിശാല ബഹുജനങ്ങളെ ഒളിനോട്ടക്കാരായും ഇവര്‍ പ്രഖ്യാപിക്കുന്നു.
ഇടതുപക്ഷത്തിന്‍െറ പാതിവെന്ത വിപ്ളവസമരങ്ങള്‍ക്ക് ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കഴിയില്ളെന്നിരിക്കെ, ജാതി-മത സംഘടനകള്‍ സംഘ്പരിവാറുമായി അകലം പാലിക്കുന്നതുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നിരിക്കുന്നതെന്നതാണ് നേര്‍ക്കാഴ്ച. ഇതിനെ വൈകാരികതകൊണ്ട് അട്ടിമറിച്ച് ഹിന്ദുത്വ ഭീകരസംഘടനകള്‍ക്ക് സദാചാര സംരക്ഷകരാകാനുള്ള സുവര്‍ണാവസരമാണ് ചുംബനസമരക്കാര്‍ നല്‍കിയിരിക്കുന്നത്. മാറുമറയ്ക്കല്‍ സമരങ്ങള്‍ പ്രസക്തമാകുന്നത്, ജാതിവ്യവസ്ഥയെ കീറിമുറിച്ചതുകൊണ്ടാണ്. ഇത്തരം ചരിത്രപാഠങ്ങളെ സവര്‍ണ ആത്മഗതങ്ങളാക്കി അവതരിപ്പിക്കുന്നതും ഇതേ അട്ടിമറിയുടെ ഭാഗമായാണ്.
l

ഡി.എല്‍.എഫ്^വാദ്ര ഭൂമിയിടപാടിന്‍െറ രേഖകള്‍ കാണാനില്ല

Posted: 18 Dec 2014 05:34 PM PST

Image: 

ന്യൂഡല്‍ഹി: വിവാദമായ റോബര്‍ട്ട് വാദ്ര^ഡി.എല്‍.എഫ് ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ഹരിയാന സര്‍ക്കാര്‍ രേഖകളില്‍ നിന്ന് നഷ്ടപ്പെട്ടു. ഐ.എ.എസ് ഓഫീസറായ അശോക് ഖേംഖെ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിയാണ് പേപ്പറുകള്‍ നഷ്ടപ്പെട്ട കാര്യം പുറത്തായത്. ഫയലിലെ രണ്ട് പേജുകളാണ് കാണാതായത്.

തന്റെ രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ച് തുച്ഛമായ തുകക്ക് വാങ്ങിയ ഭൂമി വാദ്ര വന്‍ തുകക്ക് വില്‍ക്കുകയായിരുന്നു. ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന അശോക് ഖേംഖെ ഇടപാട് റദ്ദാക്കി. ഇത് റദ്ദാക്കാന്‍ ഖേംഖെക്ക് അധികാരമുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ ഭൂപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലിലെ പേജുകളാണ് കാണാതായത്. ഈ ഭൂമിയിടപാടിന് സര്‍ക്കാര്‍ പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കി. പെരുമാറ്റദൂഷ്യത്തിന് ഖേംഖെക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തിരുന്നു.

ഭൂമിയിടപാടില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രീയം വിടാന്‍ തയാറാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞിരുന്നു.

ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

Posted: 18 Dec 2014 11:35 AM PST

Image: 

തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങള്‍ക്കൊപ്പം ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച 19ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല. വൈകീട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമാപനചടങ്ങ് ആരംഭിക്കും. കലാപീഠം ബേബി മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതമാണ് വേദിയുണര്‍ത്തുക.

നാലരക്ക് ആരംഭിച്ച സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ടി. രാജീവ്നാഥ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് എന്നിവര്‍ സംസാരിക്കും. വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ് ലനാണ് മുഖ്യാതിഥി.

മികച്ച ചിത്രത്തിന് സുവര്‍ണചകോരവും മികച്ച സംവിധായകന് രജതചകോരവുമടക്കമുള്ള പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവമാണ് സമ്മാനിക്കുക. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങളും ചടങ്ങില്‍ നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ പുരസ്കാരങ്ങള്‍, തിയറ്റര്‍ അവാര്‍ഡുകള്‍ എന്നിവയും സമ്മാനിക്കും.

അഞ്ചര മുതല്‍ കേരള കലാമണ്ഡലം മോഹിനിയാട്ടം അവതരിപ്പിക്കും. തുടര്‍ന്ന് സുവര്‍ണ ചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടെ അനന്തപുരിയില്‍ എട്ടുദിവസമായി നടന്നുവന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരശ്ശീലവീഴും.
സമാപനച്ചടങ്ങും സാംസ്കാരിക പരിപാടികളും സുവര്‍ണ ചകോരം നേടിയ ചിത്രത്തിന്‍െറ പ്രദര്‍ശനവും ഡെലിഗേറ്റ് പാസ്സില്ലാതെ പൊതുജനത്തിന് കാണാനാവും. എന്നാല്‍, ഉദ്ഘാടനച്ചടങ്ങില്‍ ഉണ്ടായിരുന്നതുപോലെ കനത്ത പൊലീസ് വ്യൂഹവും സുരക്ഷാപരിശോധനകളും സമാപനത്തിനും കനകക്കുന്നില്‍ ഉണ്ടാകാനിടയുണ്ട്.

 

ചരിത്രസമരത്തിന് പരിസമാപ്തി

Posted: 18 Dec 2014 11:08 AM PST

Image: 

തിരുവനന്തപുരം: സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ആദിവാസി സമൂഹത്തിന്‍െറ  നില്‍പ് സമരത്തിന് വിജയാരവത്തോടെ പരിസമാപ്തി. മണ്ണിനും അവകാശങ്ങള്‍ക്കുംവേണ്ടി സഹനപാതയില്‍ 163 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിവന്ന നില്‍പ് സമരമാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ അംഗീകരിച്ച് അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള മന്ത്രിസഭാ മിനുട്സ് ലഭിച്ചശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സമരം അവസാനിപ്പിച്ച് നേതാക്കള്‍ ഒൗദ്യോഗികപ്രഖ്യാപനം നടത്തി.

2014 ജൂലൈ ഒമ്പതിന് ആരംഭിച്ച സമരത്തെ നെഞ്ചേറ്റിയത് പതിനായിരങ്ങളാണ്. രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക സംഘടനകള്‍ ആദിവാസികള്‍ക്കൊപ്പം കൈകോര്‍ത്തു. കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി മുന്നേറിയ സമരം മഴയും മഞ്ഞും വെയിലുമേറ്റ് തളര്‍ന്നില്ല. മന്ത്രിസഭയുടെ തീരുമാനം വന്ന ബുധനാഴ്ച രാത്രി മുതല്‍ നില്‍പ് സമരപ്പന്തല്‍ ആഘോഷത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെയും സെക്രട്ടേറിയറ്റ് വീഥി ഉണര്‍ന്നത് നില്‍പുകാരുടെ ആഘോഷം കണ്ടാണ്. കാണി ഗോത്രവര്‍ഗത്തിന്‍െറ പരമ്പരാഗത അനുഷ്ഠാന ചടങ്ങായ ‘ചാറ്റ്’ പൂജ നടത്തിയാണ് സമരം അവസാനിപ്പിച്ചത്. അരമണിക്കൂര്‍ നീണ്ട പൂജകള്‍ക്ക് ശേഷം മന്ത്രിസഭാ മിനുട്സിലെ പരാമര്‍ശങ്ങള്‍ ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റര്‍  ഗീതാനന്ദന്‍ സമരക്കാരെ കേള്‍പ്പിച്ചു. തുടര്‍ന്ന് സമരം അവസാനിപ്പിച്ചുള്ള പ്രഖ്യാപനം ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു നടത്തി.

മതപരിവര്‍ത്തനം: രാജ്യസഭയില്‍ മിണ്ടാതെ മോദി; വിടാതെ പ്രതിപക്ഷം

Posted: 18 Dec 2014 11:03 AM PST

Image: 
Subtitle: 
പ്രധാനമന്ത്രി പ്രതികരിക്കില്ളെന്ന് സര്‍ക്കാര്‍, മോദിയുടെ മറുപടി ഇല്ളെങ്കില്‍ സഭ നടത്തില്ളെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യസഭയിലത്തെി. എന്നാല്‍, ചോദ്യോത്തര വേളയില്‍ മുക്കാല്‍ മണിക്കൂര്‍ സഭയില്‍ ചെലവഴിച്ച അദ്ദേഹം പ്രസ്താവന നടത്താന്‍ തയാറായില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷ ബഹളത്തില്‍ സഭാനടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ച ശേഷം ഉച്ചയോടെ പിരിഞ്ഞു.

വര്‍ഗീയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. എന്നാല്‍, ചര്‍ച്ചക്ക് മറുപടി പറയുന്നത് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആയിരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്തുവന്നാലും പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തില്ളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അങ്ങനെയെങ്കില്‍ സഭ നടത്തിക്കില്ളെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതോടെ രാജ്യസഭയിലെ നാലു ദിനം പിന്നിട്ട സ്തംഭനാവസ്ഥ പരിഹാരമില്ലാതെ നീളുകയാണ്.

രാവിലെ ശൂന്യവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. വര്‍ഗീയത തടയാനുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയും അദ്ദേഹത്തിന്‍െറ മറുപടിയും വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്‍െറ പരിധിയില്‍ വരുന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി മതിയെന്ന് ഭരണപക്ഷം വ്യക്തമാക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ളെന്ന് സഭ നിയന്ത്രിച്ച അധ്യക്ഷന്‍ ഹാമിദ് അന്‍സാരിയും ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും പലകുറി വിശദീകരിച്ചു.

ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പലതവണ വാഗ്വാദമുണ്ടായി. നിലപാടില്‍ മാറ്റം  വരുത്തിയില്ളെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ വ്യാഴാഴ്ച പൊതുവില്‍ സംയമനത്തോടെയാണ് പെരുമാറിയത്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തിയ ഭരണബെഞ്ച് കൂടുതല്‍ അസഹിഷ്ണുത കാണിച്ചു. തന്‍െറ മറുപടിയില്‍ തൃപ്തിയില്ളെങ്കില്‍ പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെടാമെന്നും അദ്ദേഹം പ്രതികരിച്ചേക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

മദ്യനയത്തില്‍ അടിമുടി മാറ്റം; ഞായറാഴ്ച ഡ്രൈ ഡേ പിന്‍വലിച്ചു

Posted: 18 Dec 2014 11:01 AM PST

Image: 

തിരുവനന്തപുരം: പത്ത്വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മദ്യനയം മൂന്ന് മാസംകൊണ്ട് പ്രായോഗികമാറ്റമെന്ന പേരില്‍ സര്‍ക്കാര്‍ പൊളിച്ചടുക്കി. പഞ്ചനക്ഷത്രമൊഴികെ പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനും ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കായി പരിമിതപ്പെടുത്തുമെന്ന നയത്തില്‍ മാറ്റമില്ല. ദേശീയപാതയോരത്തെ ബിവറേജ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും 16 വില്‍പനശാലകള്‍ ജനുവരി ഒന്നിന് അടച്ചുപൂട്ടും. തീരുമാനത്തോട് മന്ത്രിസഭായോഗത്തില്‍ മുസ്ലിം ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്സൈസ് വകുപ്പിന്‍െറ ഉത്തരവ് വരുന്ന മുറക്ക് പുതിയ നയം നടപ്പാകും.

പുതിയ നയത്തോടെ ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളായി തുറക്കും. നിലവില്‍ കോടതിവിധിപ്രകാരം പ്രവര്‍ത്തിക്കുന്നവക്കും കോടതി വിധി എതിരായാല്‍ ബിയര്‍ പാര്‍ലറുകളായി മാറാം. നക്ഷത്ര പദവി പരിഗണിക്കാതെ, ‘ഹൈജീനിക്’ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നവക്കെല്ലാം ഈ അനുമതി നല്‍കും. നിലവിലെ ലൈസന്‍സിന്‍െറ തുടര്‍ച്ചയായാകും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ്. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമോയെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ ഇത് പഴയതിന്‍െറ തുടര്‍ച്ചയാണെന്നും നിയമപരമായി എന്താണോ ഉണ്ടാകേണ്ടത് അതായിരിക്കും നടപ്പാവുകയെന്നും മറുപടി നല്‍കി. ഞായറാഴ്ചത്തെ ഡ്രൈ ഡേ പിന്‍വലിക്കുകയാണെങ്കിലും ബാറിന്‍െറ പ്രവര്‍ത്തനസമയം കൂടുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാറുകളുടെ പ്രതിദിന പ്രവര്‍ത്തനസമയം ഇപ്പോഴത്തെ 15 മണിക്കൂറില്‍നിന്ന് 12.30 മണിക്കൂറായി കുറച്ച് പകരം ഞായറാഴ്ച തുറക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തനസമയം എക്സൈസ്വകുപ്പ് തീരുമാനിക്കും.

ഓരോ ബാറിലും ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കണമെന്ന വ്യവസ്ഥയിലാണ് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത്. നേരത്തെ ബാര്‍ അനുമതി ഉണ്ടായിരുന്നതുകൊണ്ട് ലൈസന്‍സുകള്‍ പഴയതിന്‍െറ തുടര്‍ച്ചയായി കണക്കിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണമെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് നീക്കം.  31.3.2014ല്‍ പ്രവര്‍ത്തിച്ചിരുന്ന ശുചിത്വമുള്ള  ബാര്‍ ഹോട്ടലുകള്‍ക്കു മാത്രമേ ഇതിന് അര്‍ഹതയുള്ളൂ. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ളെന്ന യു.ഡി.എഫ് തീരുമാനം നിലനില്‍ക്കും. ഫൈവ് സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം തുടരും. നാഷനല്‍ ഹൈവേയുടെയും സംസ്ഥാന ഹൈവേയുടെയും ഓരത്തുള്ള സംസ്ഥാന  ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും പത്തുശതമാനം ഒൗട്ട്ലെറ്റുകള്‍ കോടതിയുടെ നിര്‍ദേശം പരിഗണിച്ച് ജനുവരി ഒന്നുമുതല്‍ നിര്‍ത്തും.  പുതിയ മാറ്റങ്ങളുടെ പ്രതിഫലനത്തെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കും.

ജനം കുടുംബത്തോടൊപ്പം കഴിയാന്‍ ലക്ഷ്യമിട്ട് താന്‍ സ്വന്തം നിലയില്‍ കൊണ്ടുവന്ന ഡ്രൈ ഡേ ഉദ്ദേശിച്ച ഫലം കണ്ടില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച 60 ശതമാനം മദ്യവില്‍പന കൂടി. എല്ലാ വര്‍ഷവും പത്ത് ശതമാനം ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് കടകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഇതില്‍ ദേശീയ പാതയോരത്തെ 163 കടകള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലെ വൈന്‍,ബിയര്‍ പാര്‍ലറുകള്‍ തുടരും. ക്ളബുകളുടെ ബാര്‍ ലൈസന്‍സിന്‍െറ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടില്ല. തൊഴിലാളികളുടെ സംരക്ഷണത്തിന്‍െറ പേരിലാണ് ബിയര്‍ ലൈസന്‍സ് അനുവദിക്കുന്നതെങ്കിലും മദ്യത്തിന്‍െറ നികുതിയില്‍ ഇവരുടെ പുനരധിവാസത്തിനായി ചുമത്തിയ അഞ്ച് ശതമാനം സെസ് പിന്‍വലിക്കില്ല. ഒരു ദിവസത്തെ ലൈസന്‍സ് നല്‍കുന്നതിന്‍െറയും ക്ളബുകളുടെ ബാര്‍ലൈസന്‍സിന്‍െറയും കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.

ഇപ്പോഴത്തെ നടപടികള്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തിലെ മാറ്റമല്ളെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഇതുവരെ മദ്യത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാം നടപ്പാക്കിയിട്ടുണ്ട്. ടൂറിസം രംഗത്തെയും പൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെയും പ്രശ്നം  മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന്‍െറ ആദ്യ ചുവട്

Posted: 18 Dec 2014 10:51 AM PST

Image: 
Subtitle: 
ഭാരമേറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ കഴിയും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതിലെ ആദ്യ ചുവടുവെപ്പാണ് ഐ.എസ്.ആര്‍.ഒ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയത്. കടമ്പകള്‍ ധാരാളം താണ്ടാനുണ്ടെങ്കിലും ചൊവ്വ ദൗത്യത്തിനുശേഷം മറ്റൊരു ശ്രമകരമായ ദൗത്യത്തിനാണ് ഐ.എസ്.ആര്‍.ഒ തുടക്കം കുറിച്ചിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് മനുഷ്യനെ ബഹിരാകാശത്തത്തെിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഐ.എസ്.ആര്‍.ഒ.

ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ വാഹനങ്ങളില്‍ കുടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളത് ഇതുവരെ ജി.എസ്.എല്‍.വി മാര്‍ക്ക് രണ്ടായിരുന്നു. രണ്ട് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയാണ് ഇതിന് വഹിക്കാന്‍ ശേഷിയുണ്ടായിരുന്നത്. പി.എസ്.എല്‍.വിയുടെ ശേഷി 1.5 ടണ്‍ വരെയായിരുന്നു.

ഐ.എസ്.ആര്‍.ഒയുടെ തന്നെ ഭാരമേറിയ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് പോലുള്ളവയുടെ വിക്ഷേപണത്തിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടുകയായിരുന്നു ഇതുവരെ. ഇനിമുതല്‍ അഞ്ച് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഉപയോഗിക്കാനാവും. 3.65 ടണ്‍ ആണ് മാര്‍ക്ക് മൂന്നിനൊപ്പം വിക്ഷേപിച്ച മാതൃകാ പേടകത്തിന്‍െറ ഭാരം.

വാണിജ്യാടിസ്ഥാനത്തില്‍ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കാറുള്ള ഐ.എസ്.ആര്‍.ഒക്ക് ഇനി കൂടുതല്‍ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയും.  മൂന്ന് ആളുകളെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിധമാണ് മാതൃകാ പേടകം നിര്‍മിച്ചിരുന്നത്. ബഹിരാകാശത്തുനിന്ന് ഉപഗ്രഹം സുരക്ഷിതമായി തിരിച്ചിറക്കുന്നതിന്‍െറ പരീക്ഷണം കൂടിയായിരുന്നു വ്യാഴാഴ്ച നടത്തിയത്. 9.30ന് വിക്ഷേപിച്ച റോക്കറ്റില്‍നിന്ന് 5.51 മിനിറ്റില്‍ ക്രൂ മൊഡ്യൂള്‍ വേര്‍പെട്ടു. പിന്നീട് സുരക്ഷിതമായി പാരച്യൂട്ട് വഴി കടലില്‍ പതിപ്പിക്കുകയായിരുന്നു. 15 കോടി രൂപ ചെലവിട്ട കെയര്‍ (ക്രൂ മൊഡ്യൂള്‍ അറ്റ്മോസഫറിക് റീ എന്‍ട്രി എക്സ്പിരിമെന്‍റ്) പദ്ധതിയുടെ ഡയറക്ടര്‍ കോട്ടയം സ്വദേശി എസ്. ഉണ്ണികൃഷ്ണനാണ്.

രണ്ട് സെറ്റ് പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് മാതൃകാ ഉപഗ്രഹം സുരക്ഷിതമായി തിരിച്ചിറക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ദിര പോയന്‍റിന് സമീപമാണ് മൊഡ്യൂള്‍ ഇറക്കിയത്. കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പലുകളാണ് ഇത് കടലില്‍നിന്ന് വീണ്ടെടുത്തത്.

ലീഗ് കപ്പ്: ലിവര്‍പൂള്‍, ടോട്ടന്‍ഹാം സെമിയില്‍

Posted: 18 Dec 2014 10:22 AM PST

Image: 
Subtitle: 
റഹീം സ്റ്റര്‍ലിങ്ങിന് ഇരട്ട ഗോള്‍

ലണ്ടന്‍: റഹീം സ്റ്റര്‍ലിങ്ങിന്‍െറ ഇരട്ട ഗോള്‍ പിന്‍ബലത്തില്‍ എ.എഫ്.സി ബോണിമോത്തിനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ ലീഗ് കപ്പ് സെമിയില്‍. ന്യൂകാസില്‍ യുനൈറ്റഡിനെ 4-0ത്തിന് വീഴ്ത്തി ടോട്ടന്‍ഹാമും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ് ഘട്ടത്തില്‍ പുറത്തായതോടെ കടുത്ത വിമര്‍ശമേല്‍ക്കേണ്ടിവന്ന കോച്ച് ബ്രന്‍ഡന്‍ റോഡ്ജേഴ്സിന് താല്‍ക്കാലിക ആശ്വാസമേകുന്നതാണ് ലിവര്‍പൂളിന്‍െറ സെമി പ്രവേശം.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ 3-0ത്തിന്‍െറ ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന നിരയില്‍ മൂന്ന് മാറ്റങ്ങളോടെയാണ് റോഡ്ജേഴ്സ് ടീമിനെ ഇറക്കിയത്.
ഇടവേളക്കുശേഷം ഫോമില്‍ തിരിച്ചത്തെിയ സ്റ്റര്‍ലിങ് 20ാം മിനിറ്റിലാണ് ടീമിനെ മുന്നിലത്തെിച്ചത്. ഏഴ് മിനിറ്റിനകം ലാസല്‍ മര്‍കോവിച്ചിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. 51ാം മിനിറ്റിലാണ് സ്റ്റര്‍ലിങ് ടീമിന്‍െറ ഗോള്‍ പട്ടിക തികച്ചത്. 57ാം മിനിറ്റില്‍ ഡാന്‍ ഗോസ്ലിങ്ങാണ് ബോണിമോത്തിന്‍െറ ആശ്വാസ ഗോള്‍ നേടിയത്. ഇംഗ്ളീഷ് ടീമിലെ മുന്‍നിരക്കാരനായ സ്റ്റര്‍ലിങ് കഴിഞ്ഞ സെപ്റ്റംബറിനുശേഷം രാജ്യത്തിനോ ടീമിനോ വേണ്ടി സ്കോര്‍ ചെയ്തിരുന്നില്ല. 21 മത്സരങ്ങളിലെ ഗോള്‍രാഹിത്യത്തിനാണ് ലീഗ് കപ്പ് ക്വാര്‍ട്ടറില്‍ ബോണിമോത്തിനെതിരെ സ്റ്റര്‍ലിങ് അവസാനം കുറിച്ചത്.
ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ടോട്ടന്‍ഹാം രണ്ടാം പകുതിയില്‍ തുടരെ എതിര്‍വല ചലിപ്പിച്ചാണ് ക്വാര്‍ട്ടറില്‍ ന്യൂകാസിലിനെതിരെ നിര്‍ണായക വിജയം നേടിയത്.
ഫ്രഞ്ച് താരം നബില്‍ ബെന്‍റ്റലബിലൂടെ 18ാം മിനിറ്റില്‍ ആദ്യഗോള്‍ കുറിച്ച ടോട്ടന്‍ഹാമിന് ഇടവേളക്കുമുമ്പ് ലീഡ് വര്‍ധിപ്പിക്കാനായില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ നാകര്‍ ചഡ്ലി (46), ഹാരി കെയിന്‍ (65), റോബര്‍ട്ടോ സോല്‍ഡാഡോ (70) എന്നിവരിലൂടെ വിജയം ആധികാരികമാക്കി സെമി ഉറപ്പിക്കാന്‍ അവര്‍ക്കായി. ജനുവരി 19ന് നടക്കുന്ന ആദ്യപാദ സെമിയില്‍ ചെല്‍സിയാണ് ലിവര്‍പൂളിന്‍െറ എതിരാളി. ഷെഫീല്‍ഡ് യുനൈറ്റഡാണ് അവസാന നാലില്‍ ടോട്ടന്‍ഹാമിനെ നേരിടുക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP