സ്വാഗതം
WELCOME

News Update..

Saturday, August 31, 2013

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല Madhyamam News Feeds

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല Madhyamam News Feeds

Link to

ഉത്തേജക ഉപയോഗം; രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന ലഭിച്ചേക്കില്ല

Posted: 31 Aug 2013 12:13 AM PDT

Image: 

ന്യൂദല്‍ഹി: മലയാളി അത്‌ലറ്റ്‌ രഞ്ജിത് മഹേശ്വരിയെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2008ലെ ബീജിങ് ഒളിമ്പിക്സിനു ശേഷം നടന്ന ഉത്തേജക പരിശോധനയില്‍  രഞ്ജിത് പരാജയപ്പെടുകയും മൂന്ന് മാസക്കാലം സസ്പെന്‍ഷന് വിധേയമാകുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം.

ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം കായിക മന്ത്രാലയം ഉടനെ പുറപ്പെടുവിക്കുമെന്നാണ് സൂചന. വിഷയത്തില്‍ കായിക സെക്രട്ടറി അന്തിമ തീരുമാനമെടുത്ത ശേഷം അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയിലെത്തിയ രഞ്ജിത് മഹേശ്വരിയെയും കുടുംബത്തെയും ഇക്കാര്യം അറിയിക്കും.

അതേസമയം, അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡുകള്‍ ഇന്നു സമ്മാനിക്കാനിരിക്കെ അവസാന നിമിഷമുണ്ടായ തീരുമാനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിരോധിച്ച ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞ കായിക താരങ്ങള്‍ക്ക്‌ അര്‍ജുന പുരസ്കാരം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. ഇത്തരമൊരു ചട്ടം നിലവിലിരിക്കെ എന്തുകൊണ്ട് രഞ്ജിത മഹേശ്വരിയെ പുരസ്കാരത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നത് സംബന്ധിച്ചും ഇപ്പോള്‍ ചോദ്യമുയരുന്നുണ്ട്.

കോട്ടയം ചാന്നാനിക്കാട് സ്വദേശിയാണ് രഞ്ജിത്. 2007ലെ ഏഷ്യന്‍ ഗെയിംസിലെയും 2012ലെ ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയിലെയും സ്വര്‍ണ ജേതാവാണ്. 2010ല്‍ ദല്‍ഹിയില്‍ നടന്ന  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും അടുത്തിടെ പുണെയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ്ഫീല്‍ഡ് മല്‍സരങ്ങളില്‍ വെള്ളിയും നേടിയിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളിലും പങ്കെടുത്തു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് വിതരണം ചെയ്യുന്ന അര്‍ജുന-ദ്രോണാചാര്യ അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ രഞ്ജിത് മഹേശ്വരിയെ കൂടാതെ കേരളത്തില്‍ നിന്നും കായിക പരിശീലകന്‍  തോമസ് മാഷും ദല്‍ഹിയിലെത്തിയിട്ടുണ്ട്. നേരത്തെ, വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന നിഷേധിച്ചതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം: പിണറായിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍

Posted: 31 Aug 2013 12:11 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്നതില്‍ ചര്‍ച്ചയാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടറിയറ്റ് ഉപരോധസമരം അവസാനിപ്പിച്ച ദിവസമാണ് പിണറായിയുമായി ഫോണില്‍ സംസാരിച്ചതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

സി.പി.എം ലോക്കല്‍ സെക്രട്ടറിയെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനം

Posted: 31 Aug 2013 12:00 AM PDT

Subtitle: 
മുസ്ലിം സമുദായത്തെ ആക്ഷേപിച്ച സംഭവം
ആലപ്പുഴ: മുസ്ലിംസമുദായത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ സംസാരിച്ച സി.പി.എം മാങ്കാങ്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിക്രമന്‍ ഉണ്ണിത്താനെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിലവില്‍ ലോക്കല്‍ സെക്രട്ടറി കൂടാതെ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ പ്രസിഡന്‍റുമാണ്. ആ സ്ഥാനങ്ങളില്‍ നിന്നെല്ലാം മാറ്റാനാണ് തീരുമാനം. മതവിഭാഗീയത ധ്വനിപ്പിക്കുന്ന തരത്തിലുള്ള സി.പി.എം നേതാവിന്‍െറ പ്രസംഗം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സംഭവം വിവാദമായതോടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുകയും അന്വേഷിക്കാന്‍ കമീഷനെ വെക്കുകയും ചെയ്തു. കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപരോധ സമരത്തില്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍നിന്നുണ്ടായ വീഴ്ചയും രാപകല്‍ സമരത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തക്കുറവും വിമര്‍ശവിധേയമായി. പത്തനംതിട്ട ജില്ലയില്‍ രാപകല്‍ സമരത്തില്‍ 14,000 പേര്‍ പങ്കെടുത്തപ്പോള്‍ ആലപ്പുഴയില്‍ 13,000 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് വിമര്‍ശം. രാപകല്‍ സമരം നടത്തിയ വേദിയും ശരിയായില്ലെന്ന് ആക്ഷേപമുണ്ടായി. തിരുവനന്തപുരത്ത് ഉപരോധ സമരത്തില്‍ മാന്നാര്‍ പാണ്ടനാട് ലോക്കല്‍ കമ്മിറ്റി 32 പേരെ പങ്കെടുപ്പിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, നാലുപേര്‍ മാത്രമാണ് പങ്കെടുത്തത്. ഇത് ഗൗരവമായി കാണണമെന്നും ജില്ലാ കമ്മിറ്റി അന്വേഷിക്കണമെന്നും തീരുമാനിച്ചു.
സുര്‍ജിത് ഭവന്‍ ഫണ്ട് ശേഖരണം വിജയിപ്പിക്കുക എന്നതാണ് മറ്റൊരു തീരുമാനം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തിയ എല്ലാ സമര-പ്രചാരണ പരിപാടികളും വിജയമായിരുന്നതായി യോഗം വിലയിരുത്തി. തുടര്‍പ്രക്ഷോഭത്തിന്‍െറ ഭാഗമായി എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പൊതുസമ്മേളനം നടത്തും. പിണറായി വിജയന്‍, സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്‍. നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയെ കൂടാതെ ജി. സുധാകരന്‍, പി.കെ. ചന്ദ്രാനന്ദന്‍, സി.ബി. ചന്ദ്രബാബു, സി.കെ. സദാശിവന്‍, സി.എസ്. സുജാത എന്നിവര്‍ സംസാരിച്ചു.
 

എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ പഠന റിപ്പോര്‍ട്ട്: മന്ത്രിക്ക് മുന്നില്‍ പ്രതിഷേധമുയരും

Posted: 30 Aug 2013 11:57 PM PDT

കാസര്‍കോട്: കൃഷിമന്ത്രി കെ.പി. മോഹനന്‍െറ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേരുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ യോഗത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണല്‍ സാധ്യതാ പഠന കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമാകും. കീടനാശിനി ലോബിയെയും പ്ളാന്‍േറഷന്‍ കോര്‍പറേഷനെയും സംരക്ഷിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്കെതിരെ അംഗങ്ങളുടെ പ്രതിഷേധമുയര്‍ന്നേക്കും.
 മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ശനിയാഴ്ച രാവിലെ 10ന് സെല്‍ യോഗം ചേരുക.
ദുരന്ത ബാധിത മേഖലകളിലെ  ജനപ്രതിനിധികളിലും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരിലും ട്രൈബ്യൂണല്‍ പഠനസമിതിയുടെ അഭിപ്രായങ്ങള്‍ കടുത്ത അതൃപ്തിയുളവാക്കിയിട്ടുണ്ട്.
രാമചന്ദ്രന്‍നായര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്നും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ ഉപകരിക്കുന്ന രീതിയിലുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നുമാണ് പൊതുവായ അഭിപ്രായം. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ ഇക്കാര്യം മന്ത്രിയുടെ മുന്നില്‍ ഉന്നയിക്കും.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം കാരണം പ്രത്യാഘാതങ്ങളുണ്ടായ മേഖലയുടെ പരിധി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ തോട്ടത്തിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവായി ചുരുക്കണമെന്നും നിലവില്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ മുഴുവന്‍ വീണ്ടും വൈദ്യപരിശോധനക്ക് വിധേയരാക്കി സ്ഥിരീകരണം നടത്തണമെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ നഷ്ടപരിഹാരമായി കണക്കാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഇത് അംഗീകരിക്കുന്ന ട്രൈബ്യൂണല്‍ നിലവില്‍ വന്നാല്‍ ഇരകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടേക്കുമെന്നാണ് ആശങ്ക.
ട്രൈബ്യൂണല്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പഠന റിപ്പോര്‍ട്ടിന്‍െറ ആവശ്യമില്ലെന്നും, നഷ്ടത്തിന്‍െറ ആഴം കണക്കാക്കി നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ പര്യാപ്തമായ സംവിധാനം ഉണ്ടാവുകയാണ് വേണ്ടതെന്നും പാരിസ്ഥിതിക, സാമൂഹിക മേഖലകളിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. 
രാമചന്ദ്രന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഇരകള്‍ക്ക് ഗുണകരമാകില്ലെന്ന് ദുരന്ത ബാധിത മേഖലയില്‍പെട്ട കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എച്ച്. വിഘ്നേശ്വര ഭട്ട്, കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍ എന്നിവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ മാതൃകയില്‍ കാസര്‍കോട്ടെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും ഉണ്ടായ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയുന്ന സ്വതന്ത്രാധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ ഉണ്ടാകണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ട്രൈബ്യൂണല്‍ പഠന സമിതി ചെയര്‍മാന്‍െറ നിലപാടുകളോട് മന്ത്രി കെ.പി. മോഹനന്‍ സ്വീകരിച്ച സമീപനത്തിലും സെല്‍ അംഗങ്ങളില്‍ പലര്‍ക്കും വിയോജിപ്പുണ്ട്. മന്ത്രി പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നുവെന്ന ആക്ഷേപമാണ് പലര്‍ക്കുമുള്ളത്.

കണ്ണൂര്‍ നഗരസഭയുടെ സ്ഥലം സ്വന്തമാക്കി ഗുണ്ടാസംഘത്തിന്‍െറ പണം തട്ടല്‍

Posted: 30 Aug 2013 11:55 PM PDT

Subtitle: 
വഴിവാണിഭക്കാരില്‍ നിന്ന് പിരിക്കുന്നത് ലക്ഷങ്ങള്‍
കണ്ണൂര്‍:   ഓണക്കച്ചവടത്തിനായി സ്ഥലമന്വേഷിച്ചെത്തുന്ന വഴിവാണിഭക്കാരില്‍ നിന്നും പണം തട്ടുന്നതിന് ഗുണ്ടാസംഘം നീക്കം തുടങ്ങി.  സ്റ്റേഡിയം കോര്‍ണറിനും സമീപത്തുമുള്ള സഗരസഭയുടെ  കീഴിലുള്ള സ്ഥലങ്ങള്‍   കൈയടക്കിയാണ് സംഘം തട്ടിപ്പു നടത്തുന്നത്.   കച്ചവടത്തിനായി ആളുകള്‍ എത്തുമ്പോള്‍ അവരില്‍ നിന്ന് സ്ഥലത്തിനായി വന്‍ തുകയാണ് ഈടാക്കുക.  
 ഉത്സവ സീസണില്‍   ആയിരങ്ങള്‍ എത്തുന്ന വലിയ വില്‍പന കേന്ദ്രമായി സ്റ്റേഡിയം പരിസരം മാറും. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നൂറുകണക്കിന് കച്ചവടക്കാരാണ് ഇവിടെ  വില്‍പനക്കായി എത്തുക. 
കാലു കുത്താന്‍ പോലും ഇടമില്ലാതിരിക്കുന്ന ഇവിടെ സാധനങ്ങള്‍ വെക്കുന്നതിന് സ്ഥലം കിട്ടണമെങ്കില്‍ ഗുണ്ടാസംഘത്തിന്‍െറ കാരുണ്യം വേണം. പലരും  മുന്‍കാലങ്ങളില്‍ നേരത്തേ സ്ഥലം അടയാളപ്പെടുത്തിയിരുന്നുവെങ്കിലും വിപണി  ഉഷാറാവുന്നതോടെ ഗുണ്ടാപ്പിരിവുകാര്‍ വന്ന് തങ്ങളുടെ സ്ഥലമാണെന്നും മാറണമെന്നും പറഞ്ഞ് വിരട്ടാറുണ്ട്. എതിര്‍ക്കാന്‍ നിന്നാല്‍ ശാരീരികമായി ഉപദ്രവിക്കും. ഇതു പേടിച്ച് പലരും പറഞ്ഞ പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്.  പതിനായിരം മുതല്‍ മുകളിലേക്കാണ് ഇവിടെ കച്ചവടം ചെയ്യുന്നതിന് തട്ടിപ്പുകാര്‍ ഈടാക്കുന്നത്.  ഇത്തവണ സ്ഥലം അടയാളപ്പെടുത്തല്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. വെളുത്ത പെയിന്‍റ് ഉപയോഗിച്ച് സ്ഥലങ്ങള്‍ ചതുരത്തില്‍ മാര്‍ക്ക് ചെയ്തിട്ടിരിക്കുകയാണ്. മുനിസിപ്പാലിറ്റിയുടേതെന്ന് തോന്നിപ്പിക്കാന്‍ ഇംഗ്ളീഷില്‍ എം.എന്‍ എന്നീ  അക്ഷരങ്ങളും ചില കോഡ് വാക്കുകളുമൊക്കെ ചേര്‍ത്ത്   ഔദ്യാഗിക സ്വഭാവം തോന്നിപ്പിക്കുന്ന തരത്തിലാണ്  സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്.  സ്റ്റേഡിയം പരിസരത്തുള്ള  സ്ഥലങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ മാര്‍ക്കു ചെയ്തിട്ടില്ലെന്നും  അത്തരത്തില്‍ ആരെങ്കിലും പണം ഈടാക്കിയാല്‍ നഗരസഭക്ക് ഉത്തരവാദിത്തമില്ലെന്നും കണ്ണൂര്‍ നഗരസഭാ റവന്യൂ ഓഫിസര്‍ പറഞ്ഞു. നഗരസഭാ റവന്യൂ വകുപ്പും എന്‍ജിനീയറിങ് വിങ്ങുമാണ് കച്ചവടത്തിനും മറ്റു മായി നഗരസഭയുടെ കൈയിലുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി നല്‍കുക.  
 ഇത്തരത്തില്‍ തങ്ങള്‍ സ്റ്റേഡിയം കോര്‍ണറില്‍ രണ്ടു ചെറിയ സ്റ്റാളുകള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്നും അല്ലാതെ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നും റവന്യൂ ഓഫിസര്‍ പറയുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അനധികൃത  കൈയേറ്റങ്ങള്‍ നഗരസഭ ഇടപെട്ട് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓണമടക്കമുള്ള ഉത്സവകാലത്തും ഇത്തരത്തിലുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും നഗരസഭാധികൃതര്‍ പറഞ്ഞു.   സ്റ്റേഡിയം കോര്‍ണറില്‍ അടക്കമുള്ള സ്ഥലങ്ങള്‍ അപേക്ഷ ലഭിച്ചാല്‍ നിയമാനുസൃതമായ തുക ഈടാക്കി നഗരസഭ കച്ചവടത്തിനായി നല്‍കാറുണ്ട്. ചതുരശ്ര മീറ്ററിന് 30 രൂപയാണ് നഗരസഭ ഈടാക്കുക. 
 

ബത്തേരി സഹ. കോളജില്‍ സംഘര്‍ഷം; പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി

Posted: 30 Aug 2013 11:50 PM PDT

സുല്‍ത്താന്‍ ബത്തേരി: ബത്തേരി കോഓപറേറ്റിവ് കോളജില്‍ സംഘര്‍ഷം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അഞ്ച് പൊലീസുകാര്‍ക്കും പെണ്‍കുട്ടികളടക്കം 12 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കോളജിന്‍െറ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തതായി പരാതിയുണ്ട്. 100ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത അഞ്ച് വിദ്യാര്‍ഥികളെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
കോളജ് ഭരണസമിതി പ്രസിഡന്‍റും അധ്യാപകനുമായ സാബു ജോണിനെതിരെ സഹ അധ്യാപിക നല്‍കിയ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് സംഘടനാ ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച  സമരത്തിനിറങ്ങുകയായിരുന്നു. ആഗസ്റ്റ് 20നാണ് അധ്യാപിക സാബുവിനെതിരെ ഭരണസമിതിക്ക് പരാതി നല്‍കിയത്. ലൈംഗിക ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍, നടപടിയുണ്ടായില്ല. വെള്ളിയാഴ്ചയോടെ പരാതിയില്‍ നിന്ന് അധ്യാപിക പിന്മാറുകയും ചെയ്തു. സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളുമായി ക്ളാസുകള്‍ക്ക് പുറത്തിറങ്ങുകയായിരുന്നു. ഇതോടെ കോളജ് അധികൃതര്‍ പൊലീസിനെ വിളിച്ചു. കാമ്പസില്‍ കയറിയ പൊലീസിനു നേരെ വിദ്യാര്‍ഥികള്‍ ‘ഗോ ബാക്ക്’ വിളിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിനും കഴിഞ്ഞില്ല. ഇതോടെ തുറന്ന സംഘര്‍ഷമായി. വിദ്യാര്‍ഥികളും പൊലീസും പരസ്പരം ഏറ്റുമുട്ടി. കല്ലേറും ലാത്തിച്ചാര്‍ജും നടന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.പി. വിജയന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ടി. നിറാഫ്, ശിവാനന്ദന്‍, ജാന്‍സി, ഗോപി എന്നിവര്‍ക്ക് പരിക്കേറ്റു. 
പിന്നീട് ബത്തേരി സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്രമസമാധാന പാലനത്തിനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്യുകയും ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെയുമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അഖിലേഷ് (22), സാബിര്‍ റഹ്മാന്‍ (18), ഡെയ്സി (18), അജ്മല്‍ റോഷന്‍ (18), വിഷ്ണു (19) എന്നിവരാണ് റിമാന്‍ഡിലായത്. അതേസമയം, സാബു ജോണിനെ സംരക്ഷിക്കുന്നതിനും പൊലീസ് ലാത്തി ച്ചാര്‍ജിലും പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വൈകീട്ട് ബത്തേരി ടൗണില്‍ പ്രകടനം നടത്തി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി  തുടങ്ങിയ  വിദ്യാര്‍ഥി സംഘടനകളാണ് ഒറ്റക്കെട്ടായി പൊലീസിനും കോളജ് അധികൃതര്‍ക്കുമെതിരെ രംഗത്തുവന്നത്. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കോളജ് ഭരണസമിതിയോഗം ഭൂരിപക്ഷ തീരുമാനപ്രകാരം സാബു ജോണിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കോളജിന് സെപ്റ്റംബര്‍ മൂന്നുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാഫ് യോഗം ചേര്‍ന്ന് മാപ്പ് പറയിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ല.
 

ചെള്ളുനിറഞ്ഞ ധാന്യം നശിപ്പിക്കാന്‍ നിര്‍ദേശം

Posted: 30 Aug 2013 11:48 PM PDT

പന്തീരാങ്കാവ്: ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന ന്യൂട്രീമിക്സ് നിര്‍മാണ കുടുംബശ്രീ  യൂനിറ്റിലെ ചെള്ളുനിറഞ്ഞ ധാന്യങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ദേശം. 
ഒളവണ്ണ ചാത്തോത്തറയിലും മാത്തറയിലുമാണ് വ്യാഴാഴ്ച കുടുംബശ്രീ യൂനിറ്റിന്‍െറ ഗോഡൗണുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് കണ്ടെത്തിയത്. 
നേരത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ട ധാന്യങ്ങള്‍ സംശയകരമായ സാഹചര്യത്തില്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു. 
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ഗോഡൗണിലും ചെള്ളുനിറഞ്ഞ ഗോതമ്പ് കണ്ടെത്തിയത്. 
പത്രവാര്‍ത്തയെ തുടര്‍ന്ന് ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ പി. ശിവദാസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ പി.കെ. ഏലിയാമ്മ, എം.എസ്. ബദറുന്നിസ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചാത്തോത്തറയിലെ ഗോഡൗണ്‍ തുറന്ന് പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ച അമ്പതോളം ചാക്ക് ഗോതമ്പ് പ്രാഥമിക പരിശോധനയില്‍തന്നെ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതിനാല്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
എന്നാല്‍, ഭക്ഷ്യധാന്യം ഉപയോഗശൂന്യമായതായി ഒളവണ്ണയിലെ കുടുംബശ്രീ യൂനിറ്റ് രണ്ടാഴ്ച മുമ്പ് തങ്ങളെ അറിയിച്ചിരുന്നതായും പകരം കൂടിയ വില നല്‍കി വിപണിയില്‍നിന്ന് വാങ്ങിയ ഗോതമ്പ് ഉപയോഗിച്ചാണ് ‘ന്യൂട്രിമിക്സ്’ നിര്‍മിച്ചതെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ കെ.കെ. മുഹമ്മദ് ഫൈസല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 
കുടുംബശ്രീ അസി. കോഓഡിനേറ്റര്‍ കെ.സി. ഹമീദ്, ഒളവണ്ണ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. രാജന്‍, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ടി.പി. സുമ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.

മുര്‍സിയുടെ അനുയായികള്‍ക്ക് വിജയം സുനിശ്ചിതം: ഖറദാവി

Posted: 30 Aug 2013 11:46 PM PDT

Image: 
ദോഹ: സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ഈജിപ്ത് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്ക് വിജയം സുനിശ്ചിതമാണെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. മദീന ഖലീഫയിലെ ഉമര്‍ ബിന്‍ ഖതാബ് മസ്ജിദില്‍ ജുമുഅ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം. ഈജിപ്ത് ജനതയുടെ മേല്‍ അന്യായമായി അതിക്രമം നടത്തുന്ന സൈന്യം സ്വന്തം സ്ഥാനങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും മടങ്ങണം. സൈന്യത്തിന്‍െറ ചുമതല അതിര്‍ത്തി കാക്കലാണ്. 
അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും ഭരണം കയ്യാളുന്നതും വലിയ കുഴപ്പങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഇതിനെതിരെ മുഴുവന്‍ ഈജിപ്ത് ജനതയും വീടുവിട്ടിറങ്ങണം. ഇത് ഓരോരുത്തരുടെയും ബാധ്യതയാണ്. ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മുഴുവന്‍ പണ്ഡിതരും ഈ അനീതിക്കെതിരെ രംഗത്തിറങ്ങണം. എന്‍െറകൂടെ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭയില്‍ അണി നിരന്നവരും അസ്ഹര്‍ പണ്ഡിതരും നിലവിലെ ഭരണസംവിധാനത്തിനെതിരെ രംഗത്തുവരണം.
അസ്ഹര്‍ ശൈഖും മുമ്പ് മുഫ്തിയായിരുന്നയാളും പണ്ഡിതരല്ല. മറിച്ച് ഭരണകൂടത്തിന്‍െറ കുഴലൂത്തുകാര്‍ മാത്രമാണ്. അവര്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും അനുസരിക്കുന്ന, സ്വന്തം ജനതയേയും  അവരുടെ വേദനകളെയും പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ പണ്ഡിതരോടാണ് പറയാനുള്ളതെന്നും ഖറദാവി പറഞ്ഞു.
ആര്‍ക്കൊക്കെ ഈ അനീതിക്കെതിരെ ഇറങ്ങി പുറപ്പെടാന്‍ കഴിയുന്നോ അവരെല്ലാം നിലവിലുള്ള സംവിധാനം നിലനിര്‍ത്താന്‍ ഇറങ്ങിതിരിക്കണം. ഈജിപ്ത് നമ്മുടെ നാടാണ്. അത്  ആര്‍ക്കും വിട്ടുകൊടുക്കരുത്. മുഴുവന്‍ ഈജിപ്ത് ജനതയും ഇതിനായി രംഗത്തുവരണം. ഒന്നുകില്‍ സ്വാതന്ത്ര്യത്തോടെ സ്വന്തം നാട്ടില്‍ കഴിഞ്ഞുകൂടണം. അല്ലെങ്കില്‍ മാന്യമായി രക്തസാക്ഷിയാകാന്‍ കഴിയണം. അതല്ലാതെ ഇവരുടെ ചാട്ടവാറിന് കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കേണ്ടി വരുന്നത് അസ്വീകാര്യമാണെന്നും ഖറദാവി പ്രഖ്യാപിച്ചു.
ഈജിപ്തിലെ മാധ്യമങ്ങള്‍ നുണയന്‍മാരാണ്. സത്യമല്ല അവര്‍ ജനതക്ക് നല്‍കുന്നത്. സമധാനപൂര്‍വ്വം സമരം നടത്തിയ ആയിരങ്ങളെ കൊന്നവര്‍ അന്ത്യദിനത്തില്‍ വഞ്ചകന്‍ എന്ന പതാകയുമേന്തി മനുഷ്യസമൂഹത്തിന് മുമ്പില്‍ നില്‍ക്കേണ്ടി വരും. മനുഷ്യന്‍ മരിച്ചാലും ജീവിച്ചിരികുമ്പോഴും ആദരിക്കണം. 
ഇവിടെ അത് രണ്ടും ഉണ്ടായിട്ടില്ല. ഈജിപ്ത് ജനതയും നാടും നന്നാവുന്നതും പുരോഗമിക്കുന്നതും ഇഷ്ടപ്പെടാത്ത ചില അറബ് രാഷ്ട്രങ്ങളുണ്ട്. 13 കോടി ഡോളറാണ് ഈജിപ്തിനെ കുട്ടിച്ചോറാക്കാന്‍ സൈന്യത്തിലെ ജനറല്‍മാര്‍ക്ക്  ഇവര്‍ നല്‍കിയത്. അബ്ദുല്‍ ഫതാഹ് സീസിയും കൂട്ടാളികളും നരകത്തിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഹൂര്‍ത്തം നാളെ 9.30നും 10നുമിടയില്‍; വീട്ടിലെത്താനാവാതെ വരന്‍ ബഹ്റൈനില്‍

Posted: 30 Aug 2013 11:43 PM PDT

Image: 
മനാമ: ഞായറാഴ്ച വിവാഹം നിശ്ചയിച്ച ബഹ്റൈനിലുള്ള മലയാളി യുവാവ് യാത്രാ നിരോധത്തില്‍ കുരുങ്ങി നാട്ടില്‍ പോകാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുഴ നൊട്ടന്‍റപറമ്പില്‍ ശ്രീകുമാറിന്‍െറ മകന്‍ ശ്രീരാജിനാണ് ഈ ദുര്‍ഗതി. 
ചാലക്കുളം സ്വദേശി സുസ്മിതയുമായുള്ള വിവാഹം ഞായറാഴ്ച രാവിലെ 9.30നും പത്തിനുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ നിശ്ചയിച്ചതായിരുന്നു. ആറു മാസം മുമ്പ് നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയുമെല്ലാം ക്ഷണിക്കുകയും വീട്ടില്‍ പന്തലിടുകയും ചെയ്ത ശേഷമാണ് അജ്ഞാത കാരണത്താല്‍ നാട്ടില്‍ പോകാനാവാതെ യുവാവ് എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയത്. അവധി ദിവസം കഴിഞ്ഞ് ഇനി ഞായറാഴ്ച മാത്രമേ കോടതി പ്രവര്‍ത്തിക്കുള്ളൂ എന്നതിനാല്‍ വിവാഹം മാറ്റിവെക്കുകയല്ലാതെ യുവാവിന് നിര്‍വാഹമില്ല. യാത്രാ നിരോധത്തിന് കാരണമെന്തെന്ന് ശ്രീരാജിന് അറിയില്ല. കമ്പനിയില്‍നിന്ന് കല്യാണത്തിനായി 20 ദിവസത്തെ ലീവെടുത്ത് വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് തിരിച്ചതായിരുന്നു ശ്രീരാജ്. രാത്രി എട്ട് മണിക്കുള്ള ഗള്‍ഫ് എയറിലായിലായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസെടുത്ത ശേഷം ഇമിഗ്രേഷന്‍ പരിശോധനയിലാണ് ശ്രീരാജിന് നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ബാഗേജ് തിരിച്ചുവാങ്ങി നിരാശനായി ശ്രീരാജ് എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങി. 
സുഹൃത്തുക്കള്‍ക്കൊപ്പം ഹൂറ പൊലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു. കമ്പ്യൂട്ടര്‍ പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥരും ശ്രീരാജിന് യാത്രാ നിരോധമുണ്ടെന്നല്ലാതെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല. കേസിന്‍െറ വിശദാംശങ്ങള്‍ സിസ്റ്റത്തില്‍ ലഭ്യമല്ലെന്നും കോടതി കേസായിരിക്കാമെന്നും പറഞ്ഞ് അവരും കൈമലര്‍ത്തി. എന്തുചെയ്യണമെന്നറിയാതെ ഇന്നലെ രാവിലെ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസില്‍ എത്തിയ ശ്രീരാജ് അംബാസഡര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ പ്രശ്നം അവതരിപ്പിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ഞായറാഴ്ച മാത്രമേ കേസിന്‍െറ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂവെന്നാണ് എംബസിയുടെ വക്കീല്‍ അറിയിച്ചത്. 
2009ലാണ് ശ്രീരാജ് ബഹ്റൈനില്‍ വന്നത്. ആദ്യം സ്വന്തമായി ഷോപ്പ് നടത്തിയ ശേഷം പ്രമുഖ കമ്പനിയായ ഇന്‍റര്‍കോളിലേക്ക് മാറി. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്ത ശേഷം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മിഡിലീസ്റ്റ് കമ്പനിയിലേക്ക് മാറി. ഇപ്പോഴും ഈ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നേരത്തെയുള്ള കമ്പനിയിലും ഇപ്പോഴത്തെ കമ്പനിയിലും പരാതിക്കിടയാക്കുന്ന സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ശ്രീരാജ് പറഞ്ഞു. യാത്രാ നിരോധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ നേരത്തെ ജോലി ചെയ്ത കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഒരുതരത്തിലുള്ള പരാതിയും നല്‍കിയിട്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ എന്താണ് യാത്രാ നിരോധത്തിന് കാരണമായതെന്ന് അറിയാതെ പ്രയാസപ്പെടുകയാണ് യുവാവ്. 
ശ്രീരാജിന്‍െറ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി നല്‍കി മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകുമെന്നാണ് സംശയം. ഇത്തരത്തില്‍ ടെലിഫോണ്‍ കമ്പനികളുടെ പാക്കേജില്‍ ഐഫോണ്‍, ഗാലക്സി എസ്-4 തുടങ്ങിയ വിലകൂടിയ ഫോണുകള്‍ വാങ്ങുകയും പണം അടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഫോണ്‍ കമ്പനികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാറുണ്ട്. തങ്ങള്‍ എടുക്കാത്ത ഫോണ്‍ കണക്ഷന്‍െറ പേരില്‍ ലക്ഷങ്ങളുടെ ബില്‍ വന്ന് ഞെട്ടിയ പല സംഭവങ്ങളും മലയാളികളടക്കമുള്ള പ്രവാസികള്‍ക്കിടയിലുണ്ടായിട്ടുണ്ട്. പലരും ഇപ്പോഴും നിയമ നടപടികള്‍ നേരിടുന്നുണ്ട്. ഇവരില്‍ പലര്‍ക്കും യാത്രാ നിരോധം നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍, തനിക്ക് ഇതുവരെ ടെലിഫോണ്‍ കമ്പനിയില്‍നിന്ന് ബില്ലൊന്നും വന്നിട്ടില്ലെന്ന് ശ്രീരാജ് പറഞ്ഞു.
 

സ്വദേശി സ്കൂളുകളില്‍ പുതിയ അധ്യയനവര്‍ഷം: 55 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ കലാലയത്തിലേക്ക്

Posted: 30 Aug 2013 11:39 PM PDT

Image: 
റിയാദ്: സൗദി അറേബ്യയിലെ സ്വദേശി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 55 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ വീണ്ടും കലാലയങ്ങളിലെത്തും. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാ തലം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു മാസം നീണ്ട മധ്യവേനല്‍ അവധിക്ക് ശേഷം നാളെ തുറക്കുകയാണ്. വിദേശി സിലബസിലുള്ള വിദ്യാലയങ്ങളും സെപ്റ്റംബര്‍ ആദ്യവാരത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 
മൂന്നര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പുതുതായി പ്രാഥമിക തലത്തില്‍ വിദ്യാലയങ്ങളിലെത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ സ്കൂളുകളില്‍ സെപ്റ്റംബര്‍ 15 മുതല്‍ രാവിലെ 6.30ന് സ്കൂള്‍ അസംബ്ളി ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരത്തുകളിലെ തിരക്ക് കുറക്കാനാണ് 6.45ന് പകരം 6.30ന് ആരംഭിക്കുന്നതെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. ഇബ്രാഹീം അല്‍മുസ്നദ് വിശദീകരിച്ചു. സമയമാറ്റം റിയാദിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്ക് ബാധകമാണ്. സ്കൂള്‍ ഗതാഗതം ഒരുക്കുന്ന കമ്പനികള്‍ക്കും ശുചീകരണ കമ്പനി ജോലിക്കാര്‍ക്കും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനാണ് സമയമാറ്റത്തിന് രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. കൂടാതെ വ്യത്യസ്ത പിരീഡുകളുടെ സമയക്രമമനുസരിച്ച് ഇലക്ട്രോണിക് ബെല്‍ സംവിധാനം പുനക്രമീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്കും സാവകാശം ആവശ്യമാണ്.
ജൂണ്‍ അവസാനത്തോടെ മധ്യവേനല്‍ അവധിക്ക് അടച്ച സ്വദേശി സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാണ് ആരംഭിക്കുന്നതെങ്കില്‍ ഇന്ത്യന്‍ സിലബസിലുള്ള സ്കൂളുകളില്‍ അധ്യയന വര്‍ഷത്തില്‍നിന്ന് മൂന്നു മാസം പിന്നിട്ട് രണ്ടാം ടേമാണ് ഇപ്പോള്‍ തുടങ്ങുന്നത്.
 മൂന്ന് മാസത്തെ മധ്യവേനല്‍ അവധിക്കു ശേഷം വീണ്ടും കലാലയങ്ങളിലെത്തുന്ന  വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തെ 30,000 സ്കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രാലയവും വിവിധ മേഖലാ മേധാവികളും അറിയിച്ചു. റമദാനും ഈദുല്‍ഫിത്വ്റും മധ്യവേനല്‍ അവധിയോട് ചേര്‍ന്നു വന്നതിനാല്‍ ആഘോഷ ദിനങ്ങളോട് വിടപറഞ്ഞാണ് വിദ്യാര്‍ഥികളും അധ്യാപകരും നാളെ കലാലയങ്ങളിലെത്തുക. നാല് ലക്ഷത്തിലധികം വരുന്ന അധ്യാപകര്‍ ഉള്‍പ്പെടുന്ന കലാലയ ജോലിക്കാര്‍ അവധിക്കു ശേഷം കഴിഞ്ഞ വാരം മുതല്‍ ജോലിക്കെത്തി തുടങ്ങിയിരുന്നു.
ഈദുല്‍ ഫിത്വ്ര്‍ ഒഴിവും സ്കൂള്‍ തുറക്കുന്ന സമയവും ഒന്നിച്ചു വന്നതിനാല്‍ പ്രമുഖ ഷോപ്പിങ് കോംപ്ളക്സുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. സ്കൂള്‍ യൂനിഫോമുകളും പഠനോപകരണങ്ങളും വില്‍പന നടത്തുന്നതിനായി മാത്രമുള്ള ബസാറുകളും തുറന്നിരുന്നു. 
കലാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നാളെ മുതല്‍ പ്രഭാതത്തില്‍ നിരത്തുകളില്‍ കൂടുതല്‍ തിരക്കനുഭവപ്പെടും.
ഒഴിവ്കാലം സ്വദേശത്ത് ചെലവഴിക്കാന്‍ നാട്ടില്‍പോയ വിദേശി കുടുംബങ്ങളുടെ തിരിച്ചുവരവ് കാരണം വിമാനത്താവളങ്ങള്‍, റയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല ജനത്തിരക്കായിരുന്നു. 2017 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ മധ്യവേനല്‍ അവധിയോടൊപ്പം റമദാന്‍, ഈദുല്‍ ഫിത്വ്ര്‍ അവധി കൂടി ഉള്‍പ്പെടുത്തി സൗദി മന്ത്രിസഭ വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത തീരുമാനപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം അധ്യയനവര്‍ഷ കലണ്ടര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 23 തിങ്കാളാഴ്ച ലഭിക്കുന്ന ദേശീയദിന അവധി ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം ലഭിക്കുന്ന ഏക പൊതു ഒഴിവായ ബലിപെരുന്നാള്‍ വരെ ഇനി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP