ഇല്ലിക്കല്‍ താഴെ ജങ്ഷനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക് Madhyamam News Feeds |
- ഇല്ലിക്കല്‍ താഴെ ജങ്ഷനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്
- മലയോര ജില്ലകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും -മന്ത്രി കെ.സി. ജോസഫ്
- മെട്രോക്ക് കരിനിഴലായി തൊഴില്‍ത്തര്‍ക്കം; പരാതി കേള്‍ക്കാന്‍ ഇന്ന് ഹിയറിങ്
- അടിവാരങ്ങളില്‍ ദുരന്തഭീതി
- ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് മലയോരം
- സ്നോഡന് റഷ്യയില്‍ അഭയം നല്‍കിയതില്‍ അതൃപ്തിയെന്ന് അമേരിക്ക
- പാചകവാതക സബ്സിഡി: ഉപഭോക്താക്കള്‍ക്കായി ഇന്നും അഞ്ചിനും പ്രത്യേക ക്യാമ്പുകള്‍
- ചുഴലിക്കാറ്റില്‍ വന്‍ നാശം
- ലഗേജുകള്‍ എത്തിക്കാതെ ജെറ്റ് എയര്‍വേസ് വലച്ചതായി യാത്രക്കാര്‍
- പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്, വിസ വിവരങ്ങള്‍ ഇനി മൊബൈലില്‍
ഇല്ലിക്കല്‍ താഴെ ജങ്ഷനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക് Posted: 02 Aug 2013 01:19 AM PDT പാലാ: സ്വകാര്യ ബസുകള്‍ കൂട്ടിയിച്ച് 50ഓളം പേര്‍ക്ക് പരിക്ക്. പാലാ- വൈക്കം റൂട്ടില്‍ ഇല്ലിക്കല്‍ താഴെ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.45നാണ് അപകടം. എറണാകുളത്തുനിന്ന് പാലാക്ക് വരികയായിരുന്ന സൂര്യ ഫാസ്റ്റ് പാസഞ്ചറും പാലായില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഹോളിചൈല്‍ഡ് ലിമിറ്റഡ് സ്റ്റോപ്പുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടന്‍ നാട്ടുകാരും മരങ്ങാട്ടുപിള്ളി പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. അമിതവേഗത്തിലെത്തിയ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് പാലാ-കോഴാ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എക്സ്കവേറ്റര്‍ ഉപയോഗിച്ച് ബസുകള്‍ വലിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പാലാ ആര്‍.ഡി.ഒ വി.വി. ബേബിച്ചന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: മേലമ്പാറ വെട്ടിക്കാട്ട് മധു(30), കൂത്താട്ടുകുളം കണ്ടാനാമറ്റത്തില്‍ സ്മിത (33),വള്ളിച്ചിറ ഇടനാട് പുല്ലമംഗലത്ത് ചാക്കോച്ചന്‍(50), അയ്യന്‍പ്പള്ളി അറമ്പത്ത് ജോഷി(40), ഉഴവൂര്‍ പെരുന്താനം പുത്തന്‍പുരക്കല്‍ ബിജു(42), കുറിച്ചിത്താനം വെട്ടുവഴിയില്‍ ഇമ്മാനുവേല്‍(75), പൂഞ്ഞാര്‍ വില്ലന്‍താനം സെബാസ്റ്റ്യന്‍(57), പൊന്‍കുന്നം പുല്ലത്ത് ജയചന്ദ്രന്‍ (49), പടിഞ്ഞാറ്റിന്‍കര പാറയില്‍ ലിബിന്‍(17), കുറവിലങ്ങാട് മഠത്തില്‍ ശോഭന (47), കുറവിലങ്ങാട് നായരുമലയില്‍ സുഷമ (34), മലയാറ്റൂര്‍ കൊരട്ടികുന്നേല്‍ ആന്‍ജോയി (23), മരങ്ങാട്ടുപിള്ളിയില്‍ മൂന്നുതോട്ടിയില്‍ സോണി (35), നാടുകുന്ന് വലിയനിരപ്പേല്‍ മേരി (58), മരങ്ങാട്ടുപള്ളി നെടിയത്താനിയില്‍ ജോസഫ് (65), കോഴ കാക്കനാട്ട് ബാബു (51), മണ്ണക്കനാട് മാലപ്പുറത്ത് അല്‍ഫോന്‍സ (27), വൈക്കം ബ്രഹ്മമംഗലം പുതുവേലിയില്‍ ദിവ്യ (23), ചക്കാമ്പുഴ വഞ്ചുമന്താനത്ത് ബിബില്‍(26), കുറിച്ചിത്താനം മിടവല്ലില്‍ ചാണ്ടി (51),വൈക്കം ചെമ്മനത്തുകര പാട്ടത്തില്‍ ബെന്നി (19), ആരക്കുന്നം പീടികപ്പറമ്പില്‍ യോഹന്നാല്‍ (57), പാലാരിവട്ടം പള്ളിനാട് സ്റ്റാന്‍ലി പ്രഭ (34), മരങ്ങാട്ടുപിള്ളി പുടലപ്പറമ്പില്‍ രൂപേഷ്(35). സാരമായി പരിക്കേറ്റ വൈക്കം പുതുവത്തറ പത്മിനി (42) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: എറണാകുളം എലിപ്പുലിക്കാട്ട് ജോസഫ് (51), മകള്‍ അനീറ്റ (21), കുറവിലങ്ങാട് പൗത്തിയേല്‍ സോണ (27), പാതാമ്പുഴ കേളംപുരയിടത്തില്‍ അനില്‍ (42), കുറവിലങ്ങാട് താന്നിക്കല്‍പാറ ലിസമ്മ(50), വൈക്കം വലിയപറമ്പില്‍ വിനയകുമാര്‍ (21), മുരിക്കാശേരി മരങ്ങാട്ടുമലയില്‍ വിജയന്‍ (42), എറണാകുളം കണ്ണംപള്ളിയില്‍ മാത്യു ജോസ്(51), പുന്നത്തുറ തോണിക്കുഴിയില്‍ ട്രീസ മേരി (42), കൂത്താട്ടുകുളം ശ്രീഭനില്‍ സാബു (50), വെള്ളാപ്പാറ പുത്തന്‍പുരക്കല്‍ വിജയപ്പന്‍ (59), മടുക്കകുന്ന് നെല്ലാനിയില്‍ ജയശ്രീ (29), രാമപുരം തെക്കേപ്പുറത്ത് ബിനു(38). |
മലയോര ജില്ലകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കും -മന്ത്രി കെ.സി. ജോസഫ് Posted: 02 Aug 2013 01:17 AM PDT തൊടുപുഴ: മലയോര ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ആസൂത്രണ-ഗ്രാമ വികസന-സാംസ്കാരിക-പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഈ ഉദ്ദേശ്യശുദ്ധി ഉള്‍ക്കൊണ്ടാണ് ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ രൂപംകൊടുത്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍െറ ശിലാ സ്ഥാപന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ വികസനം എല്ലാ ജില്ലകളുടെയും അവകാശമാണ്. ഇത് സര്‍ക്കാറിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് ജില്ലയുടെ വികസനം ലക്ഷ്യംവെച്ച് മെഡിക്കല്‍ കോളജ്, താലൂക്ക് ബസ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്രത്തിലാദ്യമായി കേരള സര്‍ക്കാര്‍ ഈ വര്‍ഷം ജൂണ്‍ മുപ്പതിന് മുമ്പ് കേരളത്തിലെ 952 പഞ്ചായത്തുകളിലും 152 ബ്ളോക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും പദ്ധതി ആവിഷ്കാരം പൂര്‍ത്തിയായി. ഇനി ഒമ്പത് മാസങ്ങള്‍ ഈ വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സമയമുണ്ട്. ഓരോ പദ്ധതിയും അവയുടെ പ്രാധാന്യത്തിനനുസരിച്ച് സമയമെടുത്ത് പരിശോധിച്ച് നടപ്പിലാക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണസമിതി മന്ദിരത്തിന് സര്‍ക്കാറില്‍നിന്ന് 125 ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍നിന്ന് 114 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്‍െറ ചുമതല പി.ഡബ്ള്യു.ഡി. കെട്ടിട വിഭാഗത്തിനാണ്. 18 മാസം കൊണ്ട് സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍െറ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പ്ളാനിങ് ഓഫിസ്, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ജില്ലാ ടൗണ്‍ പ്ളാനിങ് ഓഫിസ്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ എന്നിവ ആസൂത്രണമന്ദിരത്തിന് കീഴില്‍ വരും. ഇടുക്കി താലൂക്ക് യാഥാര്‍ഥ്യമാക്കുന്നതിന്‍െറ ഭാഗമായി താലൂക്ക്തല ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല സ്റ്റീഫന്‍, ഡി.പി.സി അംഗങ്ങളായ അലക്സ് കോഴിമല, കൊച്ചുത്രേസ്യ പൗലോസ്, എം.എം. വര്‍ഗീസ്, അഡ്വ. ജോര്‍ജി ജോര്‍ജ്, മേരി ആന്‍റണി, ഇന്ദു സുധാകരന്‍, കെ.ടി. മൈക്കിള്‍, കെ.എന്‍. മുരളി, ഡി. കുമാര്‍, സുശീല ആനന്ദ്, കെ.എസ്. താജുന്നിസ, ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോയി വര്‍ഗീസ്, ബ്ളോക് പഞ്ചായത്തംഗം അനില്‍ ആനിക്കനാട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ടോമി ജോര്‍ജ്, ഡി.പി.സി സര്‍ക്കാര്‍ നോമിനി പി.എം. അബ്ബാസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എന്‍ജിനീയര്‍ ജീസോ.കെ.ചെറിയാന്‍, സ്പൈസസ് ബോര്‍ഡ് മെംബര്‍ റോയി.കെ.പൗലോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് സ്വാഗതവും പ്ളാനിങ് ഓഫിസര്‍ സി.വി.പി. നമ്പൂതിരി നന്ദിയും പറഞ്ഞു. |
മെട്രോക്ക് കരിനിഴലായി തൊഴില്‍ത്തര്‍ക്കം; പരാതി കേള്‍ക്കാന്‍ ഇന്ന് ഹിയറിങ് Posted: 02 Aug 2013 01:13 AM PDT കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിനിടെ കരിനിഴലായി മാറിയ കളമശേരി കാസ്റ്റിങ് യാര്‍ഡിലെ തൊഴില്‍ത്തര്‍ക്കവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പരാതിക്കാരുടെ ഹിയറിങ് നടപടി കലക്ടറേറ്റില്‍ നടക്കും. പ്രശ്നപരിഹാരത്തിന് ബുധനാഴ്ച ചേര്‍ന്ന യോഗവും അലസിപ്പിരിഞ്ഞതോടെയാണ് ബന്ധപ്പെട്ടവരില്‍നിന്ന് ചട്ടപ്രകാരമുള്ള തെളിവെടുപ്പ് ലേബര്‍ വകുപ്പ് നടത്തുന്നത്. തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍, കരാറുകാരായ എല്‍ ആന്‍ഡ് ടി പ്രതിനിധികള്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസര്‍ തുടങ്ങിയവരാണ് ഹിയറിങ്ങില്‍ പങ്കെടുക്കുക. മെട്രോ റെയിലിനായി കാസ്റ്റിങ് യാര്‍ഡ് നിര്‍മിക്കുന്ന കളമശേരിയിലെ എച്ച്.എം.ടി ഭൂമിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമീപപ്രദേശങ്ങളിലെ ചുമട്ടുതൊഴിലാളി യൂനിയന്‍െറ വിവിധ പൂളുകള്‍ രംഗത്തുവന്നതാണ് പുതിയ തടസ്സം. മെട്രോക്കായി നിര്‍മാണസാധനങ്ങള്‍ ഇറക്കുന്നതിന്‍െറ കൂലി സംബന്ധിച്ചും കളമശേരിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ജില്ലാ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഭാഗികമായ പരിഹാരം ഉണ്ടായെങ്കിലും ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കളമശേരി എച്ച്.എം.ടി ഭൂമി ഉള്‍പ്പെടുന്ന 22ാം നമ്പര്‍ പൂളിന് മാത്രം തൊഴില്‍ നല്‍കാനാകൂവെന്ന നിലപാടിലാണ് കരാറുകാരായ എല്‍.ആന്‍ഡ്.ടി ഇക്കാര്യത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്ന ചര്‍ച്ചകള്‍ അലസിയതിനാല്‍ തൊഴില്‍ സ്തംഭനമൊഴിവാക്കാന്‍ ഹിയറിങ്ങിന് ശേഷം ആക്ട് 61 പ്രകാരം ലേബര്‍ ഓഫിസര്‍ക്ക് ഉത്തരവ് ഇറക്കാന്‍ അധികാരമുണ്ട്. കാസ്റ്റിങ് യാര്‍ഡിലെ കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിനാണ് വീണ്ടും തൊഴിലാളി സംഘടനകളുടെയും കരാറുകാരുടെയും അവസാനവട്ട ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ടണ്ണിന് 150 രൂപയെന്ന നിലവിലെ നിരക്ക് പ്രത്യേക സാഹചര്യം പരിഗണിച്ച് 79 രൂപയാക്കാമെന്ന് തൊഴിലാളി സംഘടനകള്‍ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കരാറുകാരായ എല്‍ ആന്‍ഡ് ടിയുടെ തീരുമാനമാണ് അഞ്ചിന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യുക. |
Posted: 02 Aug 2013 01:10 AM PDT ചാരുംമൂട്: പാലമേല്‍ പഞ്ചായത്തിന്‍െറ കിഴക്കന്‍ മേഖലകളില്‍ അനധികൃത ഖനനം മൂലം മലകള്‍ അപ്രത്യക്ഷമാകുന്നു. ഈ മലകളുടെ അടിവാരങ്ങളില്‍ താമസിക്കുന്നവര്‍ ദുരന്തഭീതിയോടെയാണ് ഓരോദിവസവും കഴിയുന്നത്. പഞ്ചായത്തിലെ പ്രധാന മലകളിലൊന്നായ തട്ടത്തുമലയുടെ വടക്കന്‍ ഭാഗത്ത് കഞ്ചുകോട് വാര്‍ഡിലാണ് മലയിടിഞ്ഞ് വീട് പൂര്‍ണമായി തകരുകയും വീട്ടമ്മ മരിക്കുകയും മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മണ്ണെടുത്ത് നീക്കിയ പ്രദേശത്ത് പണിത വീടിന് മുകളിലേക്ക് 60 അടി ഉയരത്തില്‍നിന്ന് മല ഇടിഞ്ഞുവീഴുകയായിരുന്നു. അപകടം പകലായതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ജില്ലയില്‍ ഏറ്റവും ഉയരം കൂടിയ മലകള്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പാലമേല്‍ പഞ്ചായത്തിന്‍െറ കിഴക്കന്‍ മേഖലകള്‍. പ്രകൃതിരമണീയവും ജൈവസമ്പത്തും നിറഞ്ഞ ഈ മലകള്‍ മണ്ണുലോബികളുടെ സമ്പത്ത് കൂട്ടാനുള്ള ഉപാധിയായി മാറിയിട്ട് വര്‍ഷങ്ങളായി. പ്രധാനപ്പെട്ട മലകളായ മൈലാടുംമുകള്‍ മല, പുലിക്കുന്ന് മല, മേട്ടുംപുറം മല, മറ്റപ്പള്ളി മല, ആതിരാമല എന്നിവയുടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും തുരന്നെടുത്ത നിലയിലാണ്. ഈ ഭാഗങ്ങളില്‍ നിരവധി വീടുകളും പണിതുയര്‍ത്തിയിട്ടുണ്ട്. നൂറടിയിലധികം ഉയരത്തിലുള്ള മണ്‍തിട്ടകളാണ് വീടുകള്‍ക്ക് സമീപം ഭീഷണിയുയര്‍ത്തി നിലകൊള്ളുന്നത്. വര്‍ഷങ്ങളായി തുടരുന്ന മണ്ണ് ഖനനം നിമിത്തം ചെറിയ മലകള്‍ അപ്രത്യക്ഷമാവുകയും വന്‍മലകള്‍ ഏതുനിമിഷവും പൂര്‍ണമായി ഇല്ലാതാകാമെന്ന സ്ഥിതിയിലുമാണ്. മല ഇടിഞ്ഞുവീണ് നിരവധി അപകടങ്ങള്‍ പ്രദേശത്ത് ഉണ്ടായെങ്കിലും മണ്ണ് ഖനനത്തിന് അറുതിവരുത്താന്‍ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മേട്ടുംപുറം മലയുടെ അടിവാരത്തുനിന്ന് മണ്ണെടുത്ത് നീക്കുന്നതിനിടെ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മറ്റപ്പള്ളി മലയുടെ അടിവാരത്ത് രാത്രി മലയിടിഞ്ഞ് വീട് തകരുകയും ദമ്പതികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. പൊലീസ്-റവന്യൂ കൂട്ടുകെട്ടാണ് അനധികൃത ഖനനങ്ങള്‍ ഇവിടെ വ്യാപകമാകാന്‍ കാരണമെന്ന് ആരോപണമുണ്ട്. |
ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് മലയോരം Posted: 02 Aug 2013 01:02 AM PDT കണ്ണൂര്‍: കണ്ണൂര്‍: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും ഗതാഗതം നിലച്ചു. ലൈനുകളില്‍ മരം പൊട്ടിവീണ് മലയോരവും നഗരവും ഇരുട്ടിലായി. സ്കൂളുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ കണ്ണോത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ വിടിന്‍െറ പൂമുഖം തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടച്ചത്. ശക്തിയായ മഴയെ തുടര്‍ന്നാണ് നിമിഷങ്ങള്‍ മാത്രമുണ്ടായ ചുഴലിക്കാറ്റ് പ്രദേശത്ത് സംഹാരതാണ്ഡവമാടിയത്. മന്ത്രവാദി കുഞ്ഞിക്കണ്ണന്‍െറ വീടിന്‍െറ പൂമുഖത്ത് കൂറ്റന്‍ മാവ് കടപുഴകി മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് കുട്ടികള്‍ സ്കൂളിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വി.പി. ഭാസ്കരന്‍െറ വീട്ടിലെ കസേരകള്‍ മുഴുവനും പാറിപ്പോയി. വീട്ടുവളപ്പിലെ മരങ്ങള്‍ കടപുഴകി. എം.പി. ശങ്കരന്‍െറ വീടിന്‍െറ ഷീറ്റ് നിര്‍മിത മേല്‍ക്കൂര പൂര്‍ണമായും പാറിപ്പോയി. ടി.വി.നാരായണന്‍െറ വീട്ടിലെ തേക്ക് മരങ്ങളെ ചുഴറ്റിയെറിഞ്ഞു.പ്രദേശത്ത് സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റ് ജനങ്ങളില്‍ ഭീതയുയര്‍ത്തി. മാവ്, പ്ളാവ്, തേക്ക് മരങ്ങളാണ് കടപുഴകിയതില്‍ ഭൂരിഭാഗവും. 2011ലും ഏഴോം ഗ്രാമപഞ്ചായത്തില്‍ സമാനമായ ചുഴലിക്കാറ്റ് വന്‍ നഷ്ടം വരുത്തിയിരുന്നു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.വി.കുഞ്ഞിരാമന്‍, പഞ്ചായത്തംഗം സുലോചന, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ചന്ദ്രന്‍ എന്നിവര്‍ ദുരിത മേഖല സന്ദര്‍ശിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടി.വി.രാജേഷ് എം.എല്‍.എആവശ്യപ്പെട്ടു. പയ്യാവൂര്‍: വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച ചുഴലിക്കാറ്റില്‍ ശാന്തിനഗറില്‍ വന്‍ കൃഷിനാശം. പുള്ളോലിക്കല്‍ ബാലന്‍െറ മൂന്നേക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. 300 ഓളം റബര്‍, 250 ഓളം കശുമാവ്, ആറ് തെങ്ങ്, 50 തേക്ക് എന്നിവ നിലംപതിച്ചു. തൊഴുത്ത്, മിഷ്യന്‍പുര എന്നിവ മരം വീണ് തകര്‍ന്നു. ശാന്തിനഗര്‍ ബംഗ്ളാവ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് വൈദ്യുതി തൂണുകളും തകര്‍ന്നു. താതകുന്നേല്‍ ചേച്ചമ്മയുടെ വാഴ, തെങ്ങ്, റബര്‍ എന്നിവ നശിച്ചു. അഞ്ചു വര്‍ഷം മുമ്പ് ഇവിടെ ഇതേപോലെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ചേന്നാട്ട്, വാര്‍ഡംഗം അഡ്വ. സാജു സേവ്യര്‍, വില്ലേജ് ഓഫിസര്‍ എബനേസര്‍, മിസാം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി. ഫിലോമിന ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം: കനത്ത കാറ്റിലും മഴയിലും മലയോരത്ത് മരം പൊട്ടിവീണ് വ്യാപക നഷ്ടം. കൊയ്യം ഹൈസ്കൂളിനടുത്ത കിഴക്കേകര ലക്ഷ്മിയുടെ വീട് മരം വീണ് തകര്‍ന്നു. വീട്ടില്‍ ആരുമില്ലാത്ത സമയമായതിനാല്‍ ദുരന്തം ഒഴിവായി. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെങ്ങളായി-നെല്ലിക്കുന്ന് റോഡില്‍ അരിമ്പ്ര വായനശാലക്ക് സമീപം മരം പൊട്ടി വൈദ്യുതി ലൈനില്‍ വീണ് റോഡില്‍ കുറുകെ കിടന്നു. ഏറെനേരം ഗതാഗതവും മുടങ്ങി. തളിപ്പറമ്പില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മലയോരത്തെ ഉള്‍പ്രദേശങ്ങളിലേറെയും മരം പൊട്ടിവീണ് വൈദ്യുതിബന്ധം തകരാറിലായി. വയലുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. |
സ്നോഡന് റഷ്യയില്‍ അഭയം നല്‍കിയതില്‍ അതൃപ്തിയെന്ന് അമേരിക്ക Posted: 02 Aug 2013 12:02 AM PDT Image: വാഷിങ്ടണ്‍: എഡ്വേഡ് സ്നോഡന് അഭയം നല്‍കിയ റഷ്യയുടെ നടപടിയില്‍ അമേരിക്ക കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്നോഡനെ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യം റഷ്യ നിരസിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍നി അറിയിച്ചു. |
പാചകവാതക സബ്സിഡി: ഉപഭോക്താക്കള്‍ക്കായി ഇന്നും അഞ്ചിനും പ്രത്യേക ക്യാമ്പുകള്‍ Posted: 01 Aug 2013 11:51 PM PDT കല്‍പറ്റ: ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ സെപ്റ്റംബര്‍ ഒന്നുമുതല്‍ പാചകവാതക സബ്സിഡി ലഭിക്കുകയുള്ളൂ എന്നതിനാല്‍ ഇതുവരെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്കായി ലീഡ് ബാങ്കിന്‍െറ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് രണ്ട്, അഞ്ച് തീയതികളില്‍ ജില്ലയില്‍ നിലവിലുള്ള ഏഴ് ഗ്യാസ് ഏജന്‍സികളിലാണ് ക്യാമ്പുകള്‍ നടത്തുക. ക്യാമ്പുകളില്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. പൊതുമേഖലാ ബാങ്കുകളുടെ പ്രതിനിധികള്‍ ഇവ മുഴുവന്‍ ശേഖരിച്ച് ലീഡ് ബാങ്കിലെത്തിക്കും. തുടര്‍ന്ന് ലീഡ് ബാങ്കിന്‍െറ നേതൃത്വത്തില്‍ ഇവ തരംതിരിച്ച് അതാത് ബാങ്ക് ശാഖകളില്‍ എത്തിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡിന്‍െറയും ബാങ്ക് അക്കൗണ്ടിന്‍െറയും ഓരോ പകര്‍പ്പുകളാണ് ക്യാമ്പുകളില്‍ എത്തിക്കേണ്ടത്. പാചകവാതക സബ്സിഡി പൂര്‍ണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതിനാല്‍ ജില്ലയിലെ എല്ലാ ഉപഭോക്താക്കളും സെപ്റ്റംബര്‍ ഒന്നിനകം തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെ.ടി. ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ ആകെ 1,41,000 പാചകവാതക ഉപഭോക്താക്കളാണുള്ളത്. 1,10,000 പേരാണ് ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയത്. എന്നാല്‍, ഏകദേശം 75,000 ഉപഭോക്താക്കള്‍ മാത്രമേ ഇതുവരെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. |
Posted: 01 Aug 2013 11:49 PM PDT കോഴിക്കോട്: പത്ത് മിനിട്ടില്‍ താഴെ മാത്രം വീശിയടിച്ച ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചു. വീടുകളും മേല്‍ക്കൂരകളും തകര്‍ന്നു. കിഴക്കന്‍ മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. മരങ്ങള്‍ കടപുഴകി. ഒടിഞ്ഞുവീണ മരക്കമ്പുകള്‍ക്കടിയില്‍ പെട്ട് വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍വേ ട്രാക്കിലടക്കം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ഗതാഗതക്കുരുക്ക് അനുവഭപ്പെട്ടു. നിരവധിയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 12 നാണ് മഴക്കൊപ്പം ശക്തമായ കാറ്റും വീശിയടിച്ചത്. വട്ടക്കിണറിലെ മീഞ്ചന്ത ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പിന്‍വശത്തെ റെയില്‍വേ ട്രാക്കിലേക്കാണ് മരം കടപുഴകിയത്. ഈ സമയം തൊട്ടപ്പുറത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ 13 വീടുകള്‍ക്ക് നാശമുണ്ടായി. ഏഴോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ചാമുണ്ടിവളപ്പിലെ സി.വി. രതീശന്‍െറ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ഓടുകള്‍ കാറ്റില്‍ പറന്നുപോയി. ഈ ഭാഗത്ത് ഓടിട്ട നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. മാമു, ശ്രീനി, അബ്ദു തുടങ്ങിയവരുടെ വീടുകളാണ് തകര്‍ന്നത്. പയ്യാനക്കല്‍, ചക്കുംകടവ്, നദീനഗര്‍, കപ്പക്കല്‍, കോയാവളപ്പ് ഭാഗങ്ങളിലും നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. കൗണ്‍സിലര്‍ പി.വി. അവറാന്‍ പ്രദേശം സന്ദര്‍ശിച്ചു. ഈ പ്രദേശത്തെ എട്ടോളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. രാത്രിയിലും വൈദ്യുതി പുന$സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് നഗരത്തില്‍ ഫാത്തിമ ഹോസ്പിറ്റലിന് എതിര്‍വശം എയര്‍ ഇന്ത്യ ഓഫിസ് സ്ഥിതി ചെയ്യുന്ന എരോത്ത് സെന്‍ററിന് മുന്നിലെ മരം കടപുഴകിയത് പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്കാണ്. ഇഖ്റ ഹോസ്പിറ്റലിന്‍െറ ആംബുലന്‍സിനും കാറിനും ഓട്ടോറിക്ഷകള്‍ക്കും കേടുപാടുണ്ടായി. ഒമ്നി ആംബുലന്‍സ് പൂര്‍ണമായും തകര്‍ന്നു. ഇതുവഴി ഗതാഗതവും കു േറനേരം തടസ്സപ്പെട്ടു. ബീച്ച് ഫയര്‍ സ്റ്റേഷനില്‍നിന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ അജിത്കുമാറിന്‍െറ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. നഗരത്തില്‍ ചിന്താവളപ്പില്‍നിന്ന് തളിയിലേക്കുള്ള പൂന്താനം റോഡില്‍ കുന്നുമ്മല്‍ കോംപ്ളക്സിന് മുകളിലേക്ക് എതിര്‍വശത്തുനിന്ന മരം വീണ് ഗതാഗതം മണിക്കൂറുകര്‍ തടസ്സപ്പെട്ടു. ബീച്ചില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. ജില്ലാ കോടതി വളപ്പിലെ കൂറ്റന്‍ മരങ്ങളുടെ ശിഖരം ഒടിഞ്ഞുവീണ് കാന്‍റീനിന്‍െറ മേല്‍ക്കൂരക്ക് കേടുപാടുണ്ടായി. അരീക്കാട്-നല്ലളം റോഡില്‍ അരീക്കാട് ജങ്ഷനില്‍ ഇരുനില കെട്ടിടത്തിന്‍െറ ഷീറ്റിട്ട മേല്‍ക്കൂര പറന്ന് റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഭാഗ്യം കൊണ്ടാണ് വഴിയാത്രക്കാര്‍ക്കുമേല്‍ വീണ് അപകടമുണ്ടാകാതിരുന്നത്. അരീക്കാട് പൊലീസ് സ്റ്റേഷന് മുന്‍വശത്തും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഒളവണ്ണ തൊണ്ടിലക്കടവില്‍ മരവും വൈദ്യുതി പോസ്റ്റുമടക്കം ഒടിഞ്ഞുവീണു. ഫയര്‍ ഫോഴ്സെത്തി പവര്‍ കട്ടര്‍ ഉപയോഗിച്ച് പോസ്റ്റും മരവും മുറിച്ചുമാറ്റിയാണ് തടസ്സം നീക്കിയത്. കണ്ണഞ്ചേരി സിലിക്കാസ് കമ്പനിയുടെ സമീപം മാവ് വീണു. കണ്ണഞ്ചേരി ദേവനാരായണ കലാസമിതിക്ക് സമീപം പ്രേമ ഹൗസില്‍ വേണുഗോപാലിന്‍െറ വീടിനു മുകളില്‍ തെങ്ങ് വീണു. മീഞ്ചന്ത ബൈപാസിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. മീഞ്ചന്ത ബൈപാസില്‍ തിരുവണ്ണൂരിലും മരം റോഡിലേക്ക് കടപുഴകി. ശക്തമായ കാറ്റില്‍ തെങ്ങിന്‍െറ പച്ച ഓല പോലും റോഡില്‍ വീണു. ചിലയിടങ്ങളില്‍ തെങ്ങുകളും കടപുഴകി. കുറ്റിക്കാട്ടൂര്‍ വട്ടക്കാട്ട് പി.വി. അബ്ദുറഹ്മാന്‍െറ പുതിയ വിസ്റ്റ കാറിനുമുകളില്‍ മരംവീണ് തകര്‍ന്നു. പൈങ്ങോട്ടുപുറം, ചെമ്മലത്തൂര്‍ ഭാഗങ്ങളില്‍ വാഴകൃഷിയും കാറ്റില്‍ നശിച്ചു. |
ലഗേജുകള്‍ എത്തിക്കാതെ ജെറ്റ് എയര്‍വേസ് വലച്ചതായി യാത്രക്കാര്‍ Posted: 01 Aug 2013 11:47 PM PDT Image: ദോഹ: ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പോയ 12ഓളം യാത്രക്കാരുടെ ലഗേജുകള്‍ നാട്ടിലെത്തിയില്ലെന്ന് പരാതി. ബുധനാഴ്ച രാത്രി 10.40ന് ദോഹയില്‍ നിന്ന് പുറപ്പെട്ട ഡബ്ള്യു 555 നമ്പര്‍ വിമാനത്തിലെ ഏതാനും യാത്രക്കാരാണ് ലഗേജുകള്‍ ലഭിക്കാതെ ഏറെ നേരം വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വന്നത്. ഇന്നലെ രാവിലെ 5.30ന് നെടുമ്പാശ്ശേരിയിലിറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍ രണ്ടു മണിക്കൂറോളം ലഗേജിനായി കാത്തുനിന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ജെറ്റ് എയര്‍വേസിന്‍െറ ഓഫിസില്‍ പരാതി പറഞ്ഞപ്പോഴാണ് ഏതാനും ലഗേജുകള്‍ വിമാനത്തില്‍ എത്തിയിട്ടില്ലെന്ന വിവരം ലഭിച്ചത്. തൃശൂരിലേക്കും മറ്റ് ദൂരസ്ഥലങ്ങളിലേക്കും പോകേണ്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ലഗേജ് എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാനും അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചുപറയാമെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഓഫിസിന് മുമ്പില്‍ ബഹളം വെക്കുകയും ചെയ്തു. ലഗേജ് വിമാനത്തിലില്ലാത്ത കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കില്‍ ദീര്‍ഘനേരം എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കേണ്ടിവരുമായിരുന്നില്ലെന്ന് യാത്രക്കാരില്‍ ചിലര്‍ പരാതിപ്പെട്ടു. യാത്ര പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പേ ദോഹ വിമാനത്താവളത്തിലെത്തിയവരാണ് നാട്ടിലെത്തി വീണ്ടും വിമാനത്താവളത്തില്‍ കാത്തുകെട്ടിക്കിടന്നത്. പെരുന്നാള്‍ അവധി പ്രമാണിച്ച് പത്തും പതിനഞ്ചും ദിവസത്തേക്ക് നാട്ടില്‍ പോകുന്നവര്‍ ലഗേജ് എടുക്കാന്‍ മാത്രമായി ദൂരസ്ഥലങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് വരാനായി വീണ്ടും ഒരുദിവസം മെനക്കെടേണ്ട അവസ്ഥയാണ്. അവധിയും പെരുന്നാളും പ്രമാണിച്ച് കനത്ത തുക നല്‍കി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ദുര്‍ഗതിയെന്ന് ലഗേജ് ലഭിക്കാതിരുന്ന യാത്രക്കാരില്‍ ഒരാളായ ഏറണാകുളം കലൂര്‍ സ്വദേശി ജോസ് കുര്യന്‍ പറഞ്ഞു. 3000ത്തോളം ഖത്തര്‍ റിയാല്‍ നിരക്കില്‍ ടിക്കറ്റ് എടുത്തവരാണ് പലരും. ലഗേജ് രണ്ടുകിലോ തൂക്കം കൂടിയതിന് 150 റിയാല്‍ പിഴ ഒടുക്കിയ ആള്‍ക്കും ലഗേജ് ലഭിച്ചിട്ടില്ല. ഏതാനും ദിവസങ്ങളായി ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഈ പ്രശ്നം നിലനില്‍ക്കുണ്ടെന്നാണ് വിമാനത്താവളത്തില്‍ അന്വേഷിച്ചപ്പോള്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ജെറ്റ് എയര്‍വേസില്‍ സമാനമായ അനുഭവങ്ങള്‍ മുമ്പും പലര്‍ക്കുമുണ്ടായതായി ദോഹ എഞ്ചിനീയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി മിബു ജോസ് അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ പരാതിപ്പെട്ടാല്‍ ജീവനക്കാരും അധികൃതരും അസഹിഷ്ണുത കാണിക്കുകയാണ് അദ്ദേഹം പറഞ്ഞു. |
പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്, വിസ വിവരങ്ങള്‍ ഇനി മൊബൈലില്‍ Posted: 01 Aug 2013 11:42 PM PDT Image: റിയാദ്: പ്രവാസികള്‍ക്ക് എംബസി സേവനങ്ങള്‍, പാസ്പോര്‍ട്ട്, വിസ വിവരങ്ങള്‍ എന്നിവ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാവും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക. എം.ഇ.എ ഇന്ത്യ (MEAIndia) എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ നല്‍കുന്ന സേവനങ്ങള്‍ ലഭ്യമാവുക. വിദേശത്ത് പോകുന്നവര്‍ക്ക് അറ്റസ്റ്റേഷന്‍ ചെയ്തു നല്‍കുന്ന അംഗീകൃത ഏജന്‍സികളുടെ വിവരം ഈ ആപ്ളിക്കേഷനിലൂടെ ലഭ്യമാവും. വിസ സംബന്ധിച്ച വിവരങ്ങള്‍, പുതിയ ഹജ്ജ് വാര്‍ത്തകള്‍, വിമാനസമയം, താമസ സ്ഥലത്തെയും ടൂര്‍ ഓപറേറ്ററെയും കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും. എംബസി, കോണ്‍സുലാര്‍ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്. 120ഓളം വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ തങ്ങളുടെ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ദിനേന പുതുക്കി നല്‍കുന്നതിനാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാവും. തൊട്ടടുത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, പാസ്പോര്‍ട്ട് സംബന്ധിച്ച മുഴുവന്‍ കാര്യങ്ങള്‍, തൊട്ടടുത്ത പാസ്പോര്‍ട്ട് സേവ കേന്ദ്രം തുടങ്ങിയവ അറിയാനും ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. പാസ്പോര്‍ട്ട് ഫീസ് കണക്കാക്കാനും അപേക്ഷയുടെ ഇപ്പോഴത്തെ അവസഥ അറിയാനും ഈ ആപ്ളിക്കേഷന്‍ ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ വഴി ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷ നല്‍കുന്ന സംവിധാനവും അടുത്ത് തന്നെ ഏര്‍പ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര കരാറുകള്‍, വിദേശ നയന്ത്ര ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങള്‍, പ്രധാനമന്ത്രി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതുസംബന്ധിച്ച വിവരങ്ങള്‍, എന്നിവ ലഭിക്കും. ഇന്ത്യയുടെ വിദേശകാര്യ നയം സംബന്ധിച്ച ക്വിസ് മത്സരം നടത്തി സമ്മാനം നേടാനുള്ള അവസരവും ആപ്ളിക്കേഷനിലുണ്ട്. വിദേശകാര്യ മന്ത്രിയുമായി സംവദിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും ഇതില്‍ സംവിധാനമുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവ വഴി ഇവ സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment