എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ തീരുമാനം Posted: 28 Aug 2013 11:46 PM PDT കൊല്ലം: ജില്ലയിലെ എം.പി ഫണ്ട് പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. എം.പിമാര്‍ പദ്ധതികള്‍ നിര്‍ദേശിച്ചാലുടന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷതവഹിച്ച ആസൂത്രണവകുപ്പ് അഡീഷനല്‍ സെക്രട്ടറി വി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. കാലതാമസം അംഗീകരിക്കില്ല. എസ്റ്റിമേറ്റ് എടുക്കുന്നത് മുതല്‍ ഭരണ-സാങ്കേതിക അനുമതി നേടിയെടുക്കാനും പണികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനും ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥരുടെ പ്രമോഷനോ സ്ഥലംമാറ്റമോ പദ്ധതി പ്രവര്‍ത്തനത്തെ തകിടംമറിക്കാത്ത തരത്തില്‍ സംവിധാനം രൂപപ്പെടുത്തണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് നടത്തുന്ന പ്രവൃത്തികളില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാവുന്നതാണ്. എം.പി അനുവദിക്കുന്ന ഇത്തരം തുക വെവ്വേറെ അക്കൗണ്ടില്‍ സൂക്ഷിച്ച് പദ്ധതി നിര്‍വഹണത്തിന് ഉപയോഗിക്കണം. ഉദ്യോഗസ്ഥര്‍ എല്ലാമാസവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിക്കണം. പരിശോധനാ രജിസ്റ്റര്‍ സൂക്ഷിക്കുകയും നിര്‍മാണ പുരോഗതി രേഖപ്പെടുത്തുകയും വേണം. അപാകത കണ്ടത്തെിയാല്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട്, സ്വകാര്യ വ്യക്തികളുടേതടക്കം സാമ്പത്തിക സഹായങ്ങള്‍ എന്നിവ ലഭ്യമാക്കി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് ആലോചിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. 14ാം ലോക്സഭയുടെ പരിധിയിലെ പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികളും 15ാം ലോക്സഭയുടെ ആദ്യമൂന്ന് വര്‍ഷത്തെ പ്രവൃത്തികളും ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. കലക്ടര്‍ ബി. മോഹനന്‍, പ്രേം കൃപാല്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
വാഹനപരിശോധന: 14 പേരുടെ ലൈസന്‍സ് റദ്ദാക്കി Posted: 28 Aug 2013 11:41 PM PDT തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി റോഡിലിറങ്ങി നടത്തിയ മിന്നല്‍പരിശോധനയില്‍ 14 പേരുടെ ലൈസന്‍സ് റദ്ദാക്കി. ആറ്മാസം കഴിഞ്ഞേ ഇനി ഇവരുടെ ലൈസന്‍സ് പുതുക്കി ലഭിക്കൂ. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വണ്ടിയോടിച്ച മൂന്നുപേരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടി കമീഷണര്‍ ഡോ. ശ്രീനിവാസ്, ആര്‍.ടി.ഒ കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തില്‍ വ്യാപകപരിശോധന നടത്തിയത്. കിഴക്കേകോട്ട, തമ്പാനൂര്‍, ഈഞ്ചക്കല്‍, വെള്ളയമ്പലം, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ 10 വരെയായിരുന്നു മിന്നല്‍ പരിശോധന. ആല്‍ക്കൊമീറ്റര്‍ വഴി മദ്യപിച്ചതിന്‍െറ അളവുകൂടി കണക്കാക്കിയാണ് കേസെടുത്തത്. രാത്രി ആള്‍ ജാമ്യത്തില്‍ വിട്ട 14 പേരുടെ ലൈസന്‍സ് ബുധനാഴ്ച രാവിലെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹെല്‍മറ്റ് ധരിക്കാത്തവരുള്‍പ്പെടെ 198 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പിഴയായി 29,400 രൂപ ഈടാക്കി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതും കാറില്‍ കൂളിങ് പേപ്പര്‍ ഒട്ടിച്ചതുമായ 125 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടത്തൊനുള്ള പരിശോധന തുടരുമെന്നും ഇത്തരത്തിലുള്ളവരുടെ ലൈസന്‍സ് സ്ഥലത്ത് വെച്ച് തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. സി.ഐമാരായ പി. നിയാസ്, എം.ആര്‍. സതീഷ്കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി.വി. വിനോദ്, ഡി. വേണുകുമാര്‍, എസ്. മാലിക്, ബി.വി. ശ്രീകുമാര്‍, വി.കെ. ദിനേശ്, എസ്.ഐമാരായ രാജു, സജി, പ്രകാശ്, ഒ. ഗോപകുമാര്‍, മോഹന്‍കുമാര്‍, എ.എം.വി.ഐമാരായ സുരേഷ്, ശ്രീജിത്ത്, രജനീഷ്, അനില്‍കുമാര്‍, സുനില്‍, മനോജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. |
ബിഷപ് പാലസ് റോഡ് ഇന്ന് ടാറിങ് തുടങ്ങും Posted: 28 Aug 2013 11:37 PM PDT തൃശൂര്‍: കോര്‍പറേഷന്‍െറ കീഴിലുള്ള 12 പ്രധാന റോഡുകളിലൊന്നായ ബിഷപ് പാലസ് റോഡ് വ്യാഴാഴ്ച ടാറിങ് തുടങ്ങും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ടാറിങ് തുടങ്ങുന്നത്. ഇതോടെ കുണ്ടും കുഴിയും മാറ്റി ഓണത്തെ വരവേല്‍ക്കാന്‍ കോര്‍പറേഷനിലെ ഒരുറോഡെങ്കിലും സജ്ജമാവുമെന്നാണ് പ്രതീക്ഷ. ബിഷപ്പാലസ് മുതല്‍ ചെമ്പുക്കാവ് വരെയുള്ള റോഡ് ബിറ്റിവിന്‍സ് മെക്കാഡം ആന്‍ഡ് ബിറ്റിവിന്‍സ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ടാര്‍ ചെയ്യുന്നത്. മാര്‍ അപ്രേം ദേവാലയത്തിന് മുന്നിലാണ് പണിതുടങ്ങുന്നത്. റീടാറിങ്ങിന് മുന്നോടിയായി കുണ്ടും കുഴിയുമായി കിടക്കുന്ന മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ബിഷപ് പാലസ് റോഡിലെ കുഴിയടക്കല്‍ നേരത്തെ കഴിഞ്ഞിരുന്നു. ദിവാന്‍ജിമൂല , പൂത്തോള്‍ എന്നിവിടങ്ങളിലും കുഴിയടക്കല്‍ കഴിഞ്ഞ ദിവസം കഴിഞ്ഞു. അശ്വിനി റോഡില്‍ നിന്ന് തുടങ്ങിപൂങ്കുന്നം ജങ്ഷന്‍ വരെയും ഹൈറോഡിലും കുഴിയടക്കല്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ചെയ്യുന്ന റോഡുകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഗ്യാരണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെടുന്നത്. |
ലുലു മാള്‍ ഭൂമി കയ്യേറിയെന്ന നിലപാടില്‍ മാറ്റമില്ല -സി.പി.എം Posted: 28 Aug 2013 11:30 PM PDT കൊച്ചി: ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ലുലു മാള്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ് മണി. ലുലു മാള്‍ ഇടപ്പള്ളി തോട് കയ്യേറിയിട്ടുണ്ടെന്നും കയ്യേറ്റം നടന്നിട്ടില്ലെന്ന സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്നും ദിനേശ് മണി വ്യക്തമാക്കി. പിണറായി വിജയന്‍ ലുലു മാളിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടില്ല. ലുലുവിന്റെ ബോള്‍ഗാട്ടി പദ്ധതിയോടും സി.പി.എമ്മിന് ഇതേ നിലപാടാണെന്നും ദിനേശ് മണി കൂട്ടിച്ചേര്‍ത്തു. ലുലു മാള്‍ വിഷയത്തില്‍ എം.എ യൂസഫലിയെ പൂര്‍ണമായി പിന്തുണച്ചും സര്‍ക്കാറിനെയും കോര്‍പറേഷനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടപ്പള്ളിത്തോട് കയ്യേറാന്‍ യൂസഫലി കൈക്കോട്ടെടുത്ത് പോയിട്ടില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ലുലു മാളിനു മുമ്പില്‍ സി.പി.എം പ്രത്യക്ഷ പരിപാടിക്കില്ലെന്നും ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും യൂസഫലി പിന്മാറേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് എറണാകുളം ജില്ലാ കമ്മിറ്റി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. |
വര്‍ണച്ചാര്‍ത്തണിഞ്ഞ് ശോഭായാത്രകള്‍ Posted: 28 Aug 2013 11:02 PM PDT ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോട്ടപ്പുറം കുന്നം തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര സംഘം എന്നിവ നടന്നു. അഴിയന്നൂര്‍ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട്, ശോഭായാത്ര, ഭക്തി പ്രഭാഷണം, സംഗീതാര്‍ച്ചന, വാരസദ്യ എന്നിവയുണ്ടായി. നെടുവള്ളി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ സമ്പൂര്‍ണ നാരായണീയ പാരായണം, പ്രസാദ ഊട്ട്, ശോഭായാത്ര എന്നിവ നടന്നു. പെരിങ്ങോട്ട് കോഴിശ്ശേരി ആലിക്കല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രസാദ ഊട്ട്, ശോഭായാത്രാ സംഗമം, ചാക്യാര്‍കൂത്ത് എന്നിവ നടന്നു. തിരുനാരായണപുരം തേലക്കാട് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ശോഭായാത്ര എന്നിവ നടന്നു. തിരുവാഴിയോട് ചേറുംകുട്ടി വിഷ്ണു ക്ഷേത്രത്തില്‍ ശോഭായാത്ര, ഓട്ടന്തുള്ളല്‍ എന്നിവയുണ്ടായി. ഈശ്വരമംഗലം ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷം നടന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കടമ്പഴിപ്പുറം വായില്യാംകുന്ന് ശങ്കര ബാലഗോകുലം ശോഭായാത്ര നടത്തി. കൊല്ലിയാനി ശ്രീദുര്‍ഗാ ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ കടമ്പഴിപ്പുറത്ത് ശോഭായാത്ര നടന്നു. പട്ടാമ്പി: ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ പട്ടാമ്പി പന്തക്കല്‍ ക്ഷേത്രാങ്കണത്തില്‍ ചെറുശോഭയാത്രകള്‍ സമാപിച്ചു. സിനിമാ നടന്‍ ഗോവിന്ദ് പത്മസൂര്യ മഹാശോഭയാത്ര ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ഗുരുവായൂരപ്പന്‍ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ചെര്‍പ്പുളശ്ശേരി: വിവിധദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രാ ചെറുസംഘങ്ങള്‍ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്ര മൈതാനത്ത് സമ്മേളിച്ച്, ടൗണ്‍ ചുറ്റി അയ്യപ്പന്‍കാവില്‍ സമാപിച്ചു. വീരമംഗലം, കാറല്‍മണ്ണ, മാങ്ങോട്, നെല്ലായ, എഴുവന്തല ഭാഗങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. കൊപ്പം: നടുവട്ടം ശ്രീദുര്‍ഗ ബാല ഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ തുടര്‍ വള്ളിക്കാവില്‍ നിന്ന് ശോഭായാത്ര ആരംഭിച്ചു. താളമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അകമ്പടിയായി. കൈപ്പുറം ചിനവതിക്കാവില്‍ സമാപിച്ചു. എടപ്പലം മഹാദേവി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ മുത്തശ്ശിയാര്‍ കാവില്‍ നിന്നാരംഭിച്ച് ശിവക്ഷേത്രത്തില്‍ സമാപിച്ചു. അലനല്ലൂര്‍: അലനല്ലൂര്‍, കര്‍ക്കിടാംകുന്ന്, ഉണ്ണിയാല്‍ എന്നിവിടങ്ങളില്‍ ശോഭായാത്ര സംഘടിപ്പിച്ചു. അയ്യപ്പന്‍കാവ് ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ ഘോഷയാത്ര തെച്ചിക്കോട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അവസാനിച്ചു. |
രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി ഐ.ടി മേഖല Posted: 28 Aug 2013 10:56 PM PDT ബംഗളൂരു: രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ ഐ.ടി മേഖലക്ക് ഗുണം ചെയ്യുന്നു. രൂപയുടെ ഇടിവ് റെക്കോര്‍ഡിലത്തെിയതോടെ രാജ്യത്തെ പ്രധാന ഐ.ടി കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടി.സി.എസ് തുടങ്ങി പ്രമുഖ ഐ.ടി കമ്പനികളുടെയും വരുമാനത്തില്‍ വര്‍ധനവുണ്ടായി. ബുധനാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 68.85 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. സോഫ്റ്റ്വെയര്‍ കയറ്റുമതിയും പുറം ജോലിക്കരാറുകളുമാണ് മിക്ക ഐ.ടി സ്ഥാപനങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സ്. ഇതര വ്യവസായിക മേഖലകള്‍ തളര്‍ന്നതോടെ രാജ്യത്തിന്‍െറ വിദേശ വ്യാപാരക്കമ്മി കുറക്കുന്നതിന് സഹായിക്കുന്നത് പ്രധാനമായും ഐ.ടി മേഖലയാണ്. രാജ്യത്ത് ഏറ്റവുമധികം പുറംകരാര്‍ ജോലി ചെയ്യുന്ന ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ ലാഭത്തില്‍ കഴിഞ്ഞമാസം അരശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ഏഴു ശതമാനവും വിദേശ ജീവനക്കാര്‍ക്ക് രണ്ടു മുതല്‍ ആറു ശതമാനവും വരെ ശമ്പള വര്‍ധന കമ്പനി നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ ഇന്‍ഫോസിസിന്‍െറ ലാഭം 2300 കോടി രൂപയിലേക്ക് ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ 14 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും രൂപയുടെ മൂല്യത്തകര്‍ച്ച പുറംകരാര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് പോലും പൂര്‍ണമായും നല്ല വാര്‍ത്തയല്ല. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച താല്‍ക്കാലികം മാത്രമാകും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മൂല്യം ഇടിയുമ്പോള്‍ വിദേശ കമ്പനികള്‍ കരാര്‍ നല്‍കാതെയാകും. വര്‍ഷത്തില്‍ 8500 കോടിയുടെ കയറ്റുമതി വരുമാനമാണ് രാജ്യത്തെ ഐ.ടി മേഖലക്കുള്ളത്. രൂപയുടെ മൂല്യമിടിവ് ദീര്‍ഘകാല കരാറുകളെ മോശമായാണ് ബാധിക്കുകയെന്ന് സോഫ്റ്റ്വെയര്‍, സേവന കമ്പനികളുടെ ദേശീയ അസോസിയേഷന്‍ പ്രസിഡന്‍റായ സോം മിത്തല്‍ പറഞ്ഞു. രൂപയുടെ മൂല്യം ഉയരുകയാണെങ്കില്‍ ഇപ്പോള്‍ ഏര്‍പ്പെടുന്ന കരാറുകള്‍ രാജ്യത്തെ കമ്പനികള്‍ക്ക് നഷ്ടം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ കാരണം കഴിഞ്ഞ വര്‍ഷം നിരവധി കമ്പനികള്‍ സോഫ്റ്റ്വെയര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതുകാരണം ലഭ്യമായ പുതിയ പദ്ധതികള്‍ക്കും കരാറുകള്‍ക്കും വേണ്ടി ഐ.ടി കമ്പനികള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നിരുന്നു. ചില കമ്പനികള്‍ കരാര്‍ തുകയില്‍പോലും ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. രൂപയുടെ മൂല്യമിടിവ് കരാര്‍ തുക ഉയര്‍ത്താന്‍ കമ്പനികളെ സഹായിക്കും. |
ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ അറസ്റ്റില്‍ Posted: 28 Aug 2013 10:45 PM PDT ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ പിടിയിലായി. ദല്‍ഹി-കര്‍ണാടക പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ഇന്ത്യ-നേപാള്‍ അതിര്‍ത്തിയില്‍ നിന്നാണ് യാസീന്‍ ഭട്കല്‍ പിടിയിലായത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ ലശ്കറെ ത്വയ്യിബ തീവ്രവാദി അബ്ദുല്‍ കരീം തുണ്ടയെ ചോദ്യം ചെയ്തതില്‍ നിന്നാണ് യാസീന്‍ ഭട്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. മുപ്പതുകാരനായ ഇയാള്‍ കര്‍ണാടകയിലെ തീരപ്രദേശമായ ഭട്കല്‍ സ്വദേശിയാണ്. രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളിലും യാസീന്‍ ഭട്കലിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. 17 പേര്‍ കൊല്ലപ്പെട്ട 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ ബോംബുകള്‍ സ്ഥാപിച്ചത് യാസീന്‍ ഭാട്കലാണെന്നാണ് എന്‍.ഐ.എ വാദം. യാസീന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. |
ചിരിതൂകി... കളിയാടി... Posted: 28 Aug 2013 10:42 PM PDT പെരിന്തല്‍മണ്ണ: നഗര-ഗ്രാമവീഥികളെ ഉണ്ണിക്കണ്ണന്‍മാര്‍ അമ്പാടിയാക്കി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളും ബാലഗോകുലങ്ങളും വിവിധ സംഘടനകളും സംഘടിപ്പിച്ച ശോഭായാത്രയില്‍ കൃഷ്ണ-രാധാ വേഷങ്ങളും ശ്രീകൃഷ്ണാവതാരകഥയിലെ കഥാപാത്രങ്ങളും അണിനിരന്നതോടൊപ്പം ചെണ്ടമേളവും ഗജവീരന്‍മാരും ശോഭായാത്രകള്‍ക്ക് മാറ്റ് കൂട്ടി. അങ്ങാടിപ്പുറം മാണിക്യപുരം വിഷ്ണു ക്ഷേത്രം, വൈലോങ്ങര ശ്രീധര്‍മ ചാരിറ്റബ്ള്‍ ട്രസ്റ്റ് പരിസരം, പരിയാപുരം പാലൂര്‍ക്കാട് വിഷ്ണു ക്ഷേത്രം, ചെരക്കാപറമ്പ് അയ്യപ്പക്ഷേത്രം, വലമ്പൂര്‍ പാലക്കോട് ശിവക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച ശോഭയാത്രകള്‍ അങ്ങാടിപ്പുറം തളിക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭയാത്രയായി ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. വെള്ളാട്ട് പുത്തൂര്‍ മഹാക്ഷേത്രത്തില്‍ ശോഭയാത്ര, രുദ്രാഭിഷേകം, കൃഷ്ണന് നവകം, പഞ്ചഗവ്യം, തന്ത്രിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജ, മഹാഭാരതം പ്രശ്നോത്തരി, അക്ഷരശ്ളോകം, ഗീതാപാരായണം എന്നിവ നടന്നു. അങ്ങാടിപ്പുറം മുതുവറ വിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 8.30 മുതല്‍ മാതൃസമിതിയുടെ സമ്പൂര്‍ണ നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, നാമ സങ്കീര്‍ത്തനം, നിറമാല, ചുറ്റുവിളക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു. പാതാക്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, ഭക്തി പ്രഭാഷണം, ഉറിയടി, വഴുക്കുമരകയറ്റം എന്നിവ നടന്നു. ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച ചുറ്റുവിളക്കിന്‍െറ ഉദ്ഘാടനം നടന്നു. കീഴാറ്റൂര്‍: മണ്ണാര്‍മല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ നടന്നു. പച്ചീരി ജലദുര്‍ഗാ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഗണപതിഹോമം, പാലഭിഷേകം, നാമജപം, പ്രസാദ വിതരണം എന്നിവയുണ്ടായി. കീഴാറ്റൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍െറ നേതൃത്വത്തില്‍ പൂന്താനം കീഴേടം മഹാവിഷ്ണു-ശ്രീ കൃഷ്ണക്ഷേത്രത്തിലും പൂന്താനം ഇല്ലത്തും വിവിധ പരിപാടികള്‍ നടന്നു. രാവിലെയും വൈകീട്ടും ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേക്ക് ഗജവീരന്‍മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടായി. ഉച്ചക്ക് പ്രസാദവിതരണവും നടന്നു. തച്ചിങ്ങനാടം: കായലോട്ട് ശിവക്ഷേത്രത്തില്‍ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര പൂന്താനം മഹാവിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. കൊളത്തൂര്‍: പടിഞ്ഞാറേക്കുളമ്പ് കണ്ണച്ചന്‍ പരദേവതാ ക്ഷേത്രം, തെക്കേക്കര രായിരമംഗലം ശിവക്ഷേത്രം, വയമ്പറ്റ വിഷ്ണു ക്ഷേത്രം, കൊറ്റിയാര്‍ക്കാവ് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി കൊളത്തൂര്‍ ടൗണ്‍ വഴി വയമ്പറ്റ വിഷ്ണു ക്ഷേത്രത്തിലത്തെി. നാമസങ്കീര്‍ത്തനം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അണിനിരന്നു. ഓടക്കുഴലുകളുമായി ഉണ്ണിക്കണ്ണന്‍മാരും പൂത്താലമേന്തിയ ഗോപികമാരും ശോഭായാത്രക്ക് നിറപ്പകിട്ടേകി. കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തില്‍ ജയകൃഷ്ണന്‍ കൊളത്തൂരിന്‍െറ ഭക്തിപ്രഭാഷണവും അരങ്ങേറി. വളപുരം കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര മലങ്കീഴനാട് വിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. മേലാറ്റൂര്‍: പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തില്‍ പുലര്‍ച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, അന്നദാനം, എടത്തനാട്ടുകര വിശ്വനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവയും വൈകീട്ട് നിശ്ചലദൃശൃങ്ങള്‍, നാമജപം, വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കൈപ്പുള്ളി വിഷ്ണുവേട്ടേക്കരന്‍ ക്ഷേത്രത്തിലേക്ക് ശോഭായാത്രയും നടന്നു. |
അരുണാചലില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു Posted: 28 Aug 2013 10:37 PM PDT ഇറ്റാനഗര്‍: രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ അനുദിനം ആശങ്കയിലാഴ്ത്തി അതിക്രമങ്ങള്‍ പെരുകുന്നു. ദല്‍ഹി, മുംബൈ പീഡനങ്ങളുടെ ഞെട്ടല്‍ ഒടുങ്ങും മുമ്പ് അരുണാചലില്‍ നിന്ന് നടുക്കുന്ന മറ്റൊന്നു കൂടി. സ്കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതാണ് പുതിയത്. അരുണാചലിലെ വെസ്റ്റ് സിയാങ്ങിലെ ലികാബാലിയിലെ സ്കൂളിലാണ് സംഭവം. നാലു മുതല്‍ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ക്രൂര പീഡനത്തിനിരകളായത്. മൂന്ന് വര്‍ഷത്തിലേറെയായി ഇവരെ വാര്‍ഡന്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ പരാതി നല്‍കിയയെങ്കിലും പ്രിന്‍സിപ്പാള്‍ അത് നിരസിക്കുകയായിരുന്നു. 13 പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ വിപിന്‍ വിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക ചൂഷണം,പീഡനം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്. 400ഓളം കുട്ടികള്‍ പഠിക്കുന്ന ഏഴാം തരം വരെയുള്ള സ്കൂളില്‍ അധ്യാപകനായും ഇയാള്‍ ജോലി ചെയ്യുന്നുണ്ട്. ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ലികാബാലി തെരുവില്‍ ജനങ്ങള്‍ രോഷപ്രകടനവുമായി ഇറങ്ങി. സ്കൂളിനെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികളും വിദ്യാര്‍ഥികളും പൊലീസ് സുപ്രണ്ടിനെ വളഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാളിനെയും മറ്റു രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റകൃത്യം രക്ഷിതാക്കളെ അറിയിക്കുന്നതിനെതിരെ വാര്‍ഡനും സ്കൂള്‍ അധികൃതരും കുട്ടികളെ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. |
‘കണ്‍ഫ്യൂഷന്‍’ തീരാതെ ജനം Posted: 28 Aug 2013 10:30 PM PDT പത്തനംതിട്ട: പാചക വാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ വേണമെന്നതില്‍ കേന്ദ്രത്തിലെ ഏകോപനമില്ലായ്മ പുറത്തുവന്നതോടെ സമ്പൂര്‍ണ ആധാര്‍ നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട ജില്ലയില്‍ ജനത്തിന് ‘കണ്‍ഫ്യൂഷന്‍’. സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍െറ പുതിയ നിര്‍ദേശം ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തുവന്നത്. ആധാര്‍ നിര്‍ബന്ധമില്ളെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ, ആസൂത്രണ സഹമന്ത്രിയുടെ അറിയിപ്പ് കഴിഞ്ഞദിവസം ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. പുതിയ തീരുമാനം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. ജില്ലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇനിയും ആധാര്‍ കാര്‍ഡ് ലഭിക്കാനുള്ളത്. എല്‍.പി.ജി സബ്സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ളെങ്കിലും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണെന്നാണ് കേന്ദ്രസഹമന്ത്രി രാജീവ് ശുക്ള പറഞ്ഞത്. സബ്സിഡി ലഭിക്കാന്‍ ആധാര്‍ നമ്പര്‍ വേണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത് തിരുത്താന്‍ നിര്‍ദേശം നല്‍കിയതായുമാണ് അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചത്. എന്നാല്‍, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണിപ്പോള്‍. എല്‍.പി.ജി സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന നിലപാടില്‍ തന്നെയാണ് എണ്ണക്കമ്പനികള്‍. ആധാര്‍ കാര്‍ഡ് ഇല്ലാതെ എങ്ങനെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ കഴിയുമെന്ന് കമ്പനികള്‍ ചോദിക്കുന്നു. ആധാര്‍ വേണ്ടേന്ന ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നാണ് അവര്‍ പറയുന്നത്. ഇത് ഭാവിയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിന്‍െറ സൂചനകളായാണ് കാണുന്നത്. ബാങ്ക് വഴി സബ്സിഡി നല്‍കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന ജില്ലകളില്‍ നിന്നും കേരളത്തിലെ പത്തനംതിട്ട, വയനാട് ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ആധാര്‍ കാര്‍ഡ് നമ്പര്‍,പാചക വാതക ഏജന്‍സിയിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ പാചകവാതകം സബ്സിഡി നിരക്കില്‍ നല്‍കില്ളെന്നാണ് അധികൃതര്‍ പറഞ്ഞത്. ആശങ്കയിലായ ജനങ്ങള്‍ ആധാര്‍ കാര്‍ഡ് ലഭിക്കാനായി ഏറെ കഷ്ടപ്പാടുകളാണ് സഹിച്ചത്. ജില്ലയില്‍ 75 ശതമാനത്തോളം പേര്‍ ഇതിനകം ആധാര്‍ കാര്‍ഡ് എടുത്തതായാണ് കണക്ക്. ഇനി ആധാര്‍ എടുക്കാനുള്ളവര്‍ക്ക് മൂന്ന് മാസത്തെ (നവംബര്‍ 30 വരെ) സമയം കൂടി അനുവദിച്ചിട്ടുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പേ അപേക്ഷിച്ച നിരവധി പേര്‍ക്ക് കാര്‍ഡ് ലഭിക്കാനുണ്ട്. എന്‍റോള്‍മെന്‍റ് സ്ളിപ്പുമായി അക്ഷയ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടിട്ടും പലര്‍ക്കും മറുപടി ഇല്ളെന്നും പരാതിയുണ്ട്. തപാലില്‍ അയച്ച കാര്‍ഡുകള്‍ മിക്കവര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല. ചിലരുടെ എന്‍റോള്‍മെന്‍റ് സ്ളിപ്പുകള്‍ നഷ്ടപ്പെട്ടതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി അന്വേഷിക്കാനും കഴിയുന്നില്ല. ഗ്യാസ് കണക്ഷനുള്ളവര്‍ നല്ളൊരു ശതമാനവും വിദേശ മലയാളികളാണ്. ഇവരില്‍ പലരും ജോലിക്കായി വിദേശത്തായതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. |
No comments:
Post a Comment