സ്വാഗതം
WELCOME

News Update..

Tuesday, August 6, 2013

കൊച്ചി വിമാനത്താവളം അടച്ചത് യാത്രക്കാരെ വലച്ചു; ഗള്‍ഫില്‍ നിരവധി മലയാളികള്‍ കുടുങ്ങി Madhyamam News Feeds

കൊച്ചി വിമാനത്താവളം അടച്ചത് യാത്രക്കാരെ വലച്ചു; ഗള്‍ഫില്‍ നിരവധി മലയാളികള്‍ കുടുങ്ങി Madhyamam News Feeds

Link to

കൊച്ചി വിമാനത്താവളം അടച്ചത് യാത്രക്കാരെ വലച്ചു; ഗള്‍ഫില്‍ നിരവധി മലയാളികള്‍ കുടുങ്ങി

Posted: 05 Aug 2013 11:48 PM PDT

Image: 

അബൂദബി: കനത്ത മഴയില്‍ വെള്ളം പൊങ്ങിയത് മൂലം നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടത് പെരുന്നാള്‍ അവധിക്കും മറ്റുമായി നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി മലയാളികളെ ദുരിതത്തിലാക്കി. യാത്രക്കാരുടെ ദുരിതം കുറക്കുന്നതിന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്താനുള്ള ആവശ്യം ഇന്ത്യയിലെ വ്യോമയാന അതോറിറ്റി പരിഗണിച്ചില്ലെന്നും ആക്ഷേപം.
നെടുമ്പാശേരിയിലേക്കുള്ള സര്‍വീസ് കോഴിക്കോട്ടേക്ക് നടത്താന്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് അനുവാദം ചോദിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.  ഇതോടെ പെരുന്നാള്‍ പ്രമാണിച്ച് നാട്ടില്‍ പോകുന്നതിന് വന്‍ തുക  നല്‍കി ടിക്കറ്റ് എടുത്തവരാണ് കുടുങ്ങിയത്. യു.എ.ഇയിലെ അബൂദബി, ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നൊന്നും ഇന്നലെ കൊച്ചിയിലേക്ക് സര്‍വീസ് നടന്നില്ല.
ഇന്നലെ ഉച്ചതിരിഞ്ഞ്  3.30ന് ദുബൈയില്‍ നിന്ന് പോകേണ്ട എമിറേറ്റ്സിന്‍െറ ഇ.കെ. 530, രാത്രി 9.45ന് പോകേണ്ട ഇ.കെ. 532 എന്നീ വിമാനങ്ങളൊന്നും പോയില്ല. യാത്രക്കൊരുങ്ങിയ പലരും അവസാന നിമിഷം മാത്രമാണ് സര്‍വീസ് റദ്ദായ വിവരവും അറിഞ്ഞത്. ഇന്ന് വൈകുന്നേരം വരെ സര്‍വീസ് മുടങ്ങുമെന്ന ഔദ്യാഗിക അറിയിപ്പ് വന്നതോടെ പെരുന്നാളിന് നാട്ടിലെത്താമെന്ന് പ്രതീക്ഷച്ചവര്‍ നിരാശയിലായി.
എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വേസ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികളുടെ പത്തിലധികം സര്‍വീസുകളാണ് തിങ്കളാഴ്ച മുടങ്ങിയത്.  
ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള സര്‍വീസ് മുടങ്ങിയതും പ്രവാസികളെ ബാധിക്കും. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ എന്നിവ കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കിയതോടെ പെരുന്നാളിന് നാട്ടിലെത്താമെന്ന പ്രതീക്ഷയും പലര്‍ക്കും നഷ്ടമായി. ഈ സര്‍വീസുകള്‍ യു.എ.ഇയിലെത്തിയ ശേഷം മാത്രമേ മടക്കയാത്ര സാധ്യമാകൂ. അതേസമയം, കൊച്ചിയിലേക്ക് സര്‍വീസ് നടക്കില്ലെന്ന് ബോധ്യമല്ലാതിരുന്നിട്ടും പല വിമാന കമ്പനികളും യാത്രക്കാരെ വിവരം അറിയിച്ചില്ല. ലഗേജും മറ്റുമായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് മൊബൈല്‍ നമ്പര്‍ വാങ്ങി സര്‍വീസ് എപ്പോള്‍ നടക്കുമെന്ന് അറിയിക്കാമെന്ന് പറഞ്ഞത്.
നാട്ടിലേക്ക് എപ്പോള്‍ പോകാനാകുമെന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി സിയാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
സര്‍വീസ് റദ്ദാക്കിയതിനെ കുറിച്ചും വിമാനക്കമ്പനി അറിയിച്ചിട്ടില്ല. പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാര്യയോടും കുട്ടിയോടും ഒപ്പം യാത്രക്കെത്തിയതായിരുന്നു സിയാദ്. ചൊവ്വാഴ്ച ടിക്കറ്റെടുത്തവരുടെയും യാത്ര സംബന്ധിച്ചും ആശങ്കകളുണ്ട്.
അതേസമയം, സര്‍വീസ് സാധാരണ നിലയിലെത്താന്‍ ദിവസങ്ങളെടുക്കുമെന്ന് ട്രാവല്‍ ഏജന്‍സികളും വിവിധ വിമാന കമ്പനികളും പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം കൊച്ചി വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചാല്‍ പോലും രണ്ട് ദിവസമായി റദ്ദാക്കിയ സര്‍വീസുകളും മറ്റും നേരെയാകാന്‍ സമയമെടുക്കും. ഇതോടൊപ്പം വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യേണ്ടിയും വരും.  
 

പുതിയ കുവൈത്ത് പാര്‍ലമെന്‍റിന്‍െറ ആദ്യ സമ്മേളനം ഇന്ന്

Posted: 05 Aug 2013 11:42 PM PDT

Image: 

കുവൈത്ത് സിറ്റി: ജൂലൈ 27ന് നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പുതിയ പാര്‍ലമെന്‍റിന്‍െറ (ദേശീയ അസംബ്ളി) പ്രഥമ സമ്മേളനം ചൊവ്വാഴ്ച നടക്കും. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് രാവിലെ 10.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാര്‍ലമെന്‍റിലെ ഏറ്റവും പ്രായം കൂടിയ അംഗം അമീറിനെ സ്വാഗതം ചെയ്ത് സംസാരിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹും അമീറും പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യും.
മന്ത്രിമാരും എം.പിമാരും പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിരീക്ഷക സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ആദ്യ സെഷനില്‍ നടക്കും.
വിവിധ പാര്‍ലമെന്‍റ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും. 50 അംഗങ്ങളാണ് പാര്‍ലമെന്‍റിലുള്ളത്.

ജിദ്ദയില്‍ വാഹനാപകടം: 14 മരണം

Posted: 05 Aug 2013 11:26 PM PDT

Image: 

ജിദ്ദ: ജിദ്ദയില്‍ വാനും മാലിന്യവണ്ടിയും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ ജിദ്ദയിലെ മജ്ദൂഈ റൗണ്ട് എബൗട്ടിനടുത്ത് ഞായറാഴ്ച രാത്രി പത്തിനാണ് സംഭവം. നിറയെ യാത്രക്കാരെ കയറ്റിയ വാന്‍ അമിതവേഗതയില്‍ മാലിന്യവണ്ടിയുടെ പിറകില്‍ വന്നിടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം അകത്തു കുടുങ്ങിപ്പോയി. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ഗ്യാസ് കട്ടറും ഇലക്ട്രിക് കത്രികകളും ഉപയോഗിച്ച് വാന്‍ പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. മരിച്ചവരെല്ലാം അറബ്, ആഫ്രിക്കന്‍ വംശജരാണ്. പരിക്കേറ്റവരെ റെഡ്ക്രസന്‍റ് ആംബുലന്‍സില്‍ മഹ്ജറിലെ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലേക്കു മാറ്റി. സിവില്‍ഡിഫന്‍സിന്‍െറ മൂന്നു യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്നും കൃത്യസമയത്തെ ഇടപെടല്‍ കൊണ്ട് നിറയെ ഇന്ധനമുണ്ടായിരുന്ന വാനില്‍ തീപടരാതെയും സൂക്ഷിക്കാനായെന്നും മക്ക സിവില്‍ ഡിഫന്‍സ് പി.ആര്‍.ഒ കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു.
 

ഒമാനിലെ ഗതാഗത സംവിധാനം ഏകോപിപ്പിക്കാന്‍ ആലോചന

Posted: 05 Aug 2013 11:19 PM PDT

Image: 

മസ്കത്ത്: ഒമാനിലെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം ആലോചിക്കുന്നു. അത്തരമൊരു നീക്കത്തിന്‍െറ ഗുണദോഷങ്ങള്‍ മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസിയെ ഉദ്ധരിച്ച് ഒമാന്‍ ഡെയ്ലി ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
ബസ്, ബോട്ട് സര്‍വീസുകള്‍ക്കൊപ്പം ഒമാന്‍െറ സ്വപ്നപദ്ധതിയായ ട്രെയിന്‍ ഗതാഗതവും ഒരു ചരടില്‍ കോര്‍ത്തിണക്കും. ഇതിനായി കമ്പനി രൂപവത്കരിക്കുന്നതിന് ലോകബാങ്കുമായി കരാറൊപ്പിടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒമാന്‍ ചേംബര്‍ ഓഫ്കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) സംഘടിപ്പിച്ച റമദാന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ ടാക്സികളും സമുദ്ര ഗതാഗതവും മെട്രോ റെയിലും ഉള്‍പ്പെടുത്തി ഈ സംവിധാനം വിപുലീകരിക്കുന്നതിനുള്ള സാധ്യതയും ആരായുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗത മേഖലയില്‍ മികച്ച സേവനം ലഭ്യമാക്കുന്നതിന് നടപ്പാക്കുന്ന ഇത്തരം മാറ്റങ്ങളുടെ ഫലം സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളുമായി നിരന്തരം കൂടിയാലോചന നടത്തുന്നുണ്ട്. ക്രമീകരണത്തിന്‍െറ അഭാവമാണ്  ഗതാഗത മേഖല നേരിടുന്ന പ്രശ്നം. ഈ വിഷയത്തില്‍, പ്രത്യേകിച്ച് സ്കൂള്‍ ബസുകളുടെ കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. പൊതു ഗതാഗത സംവിധാനമായിരിക്കും ഭാവിയില്‍ ആശ്രയിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
 

കശ്മീരില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വെടിയേറ്റു മരിച്ചു

Posted: 05 Aug 2013 11:02 PM PDT

Image: 

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പെട്ടെന്നുണ്ടായ അക്രമണത്തില്‍ ഒഫീസര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചു. അക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരയാണ് വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാത്രിയില്‍ നിയന്ത്രണ രേഖ കടന്ന പാക്സൈന്യം പെട്ടെന്ന് അക്രമണമഴിച്ചുവിടുകയായിരുന്നു.

ഒരു സൈനികന് പരിക്കേറ്റു. ഇയാള്‍ ഒളിച്ചുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സൈനികന്‍്റെ വാക്കുകള്‍ ആക്രമത്തിലെ സ്വഭാവത്തിലേക്ക് വെളിച്ചം വീശിയേക്കും.

പുതിയ സംഭവം ഇന്ത്യ-പാക് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പാകിസ്താനില്‍ പുതുതായി അധികാരത്തില്‍വന്ന പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള മുന്നൊരുക്കങ്ങളിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ് അടുത്തിടെ അറിയിച്ചിരുന്നു.

പാകിസ്താനുമായി ആരംഭിക്കാനിരിക്കുന്ന സമാധാന ചര്‍ച്ച പുനപരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

നാലുമാസത്തിനിടെ അഞ്ചാം തവണയാണ് ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച്  പാക് സൈന്യം അക്രമണം നടത്തുന്നത്. സൈനികരുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി.

 

 

 

 

രൂപക്ക് റെക്കോഡ് ഇടിവ്: ഡോളറിന് 61.50 രൂപ

Posted: 05 Aug 2013 10:08 PM PDT

Image: 

ന്യൂദല്‍ഹി: റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് രൂപയുടെ മൂല്യം കുത്തനെ താഴ്ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 61.50  കടന്നതോടെയാണ് രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച വിദേശ വിദേശ നാണയ വിപണിയില്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 60.88 ആയിരുന്നു  വിപണിയില്‍ ഡോളറിന്‍്റെ വില. എന്നാല്‍ ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ 61.12 ലേക്ക് ഉയര്‍ന്ന രൂപ  10 മണിയോടെ  61.42 ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ജൂലൈ 8 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം   61.21 രൂപയായിരുന്നു. ഇതുവരെയുള്ള  രൂപയുടെ ഏറ്റവും താഴ്ന്ന മൂല്യമായിരുന്നു അത്.
രൂപയുടെ മൂല്യം മെച്ചപ്പെടുത്തുന്നതിനുള്ള റിസര്‍വ്ബാങ്ക് നയങ്ങള്‍ക്കും ഇടിവിന്  തടയിടാനായില്ല.  
 

ബ്രിട്ടീഷ് രാജ്ഞിക്ക് ‘ആയുധ, യുറേനിയം വ്യാപാരം !’

Posted: 05 Aug 2013 09:15 PM PDT

Image: 

 ലണ്ടന്‍: ലോകത്തിലെ ഏറ്റവും സമ്പന്ന വനിതകളില്‍പെടുന്ന  ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ആയുധ, യുറേനിയം വ്യാപാരമുണ്ടെന്ന് ആരോപണം. ഇവയുടെ വ്യാപരാത്തിലൂടെയാണ്  സമ്പത്താര്‍ജിച്ചതെന്ന  ആരോപണവുമായി ബ്രിട്ടീഷ് യുദ്ധവിരുദ്ധ കൂട്ടായ്മയുടെ വീഡിയോയിലാണ്  ആരോപണമുള്ളത്.
യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന വീഡിയോ നിര്‍മിച്ചിരിക്കുന്നത് ബ്രിട്ടീഷ്  രാജവാഴ്ച വിരുദ്ധ പ്രവര്‍ത്തകരാണ്. മൈനിങ് കമ്പനിയായ റിയോ ടിന്‍േറാ സിങ്ക് ബ്രിട്ടീഷ് ആസ്ട്രേലിയന്‍ കമ്പനിയിലൂടെ മാരകമായ ആയുധങ്ങളും അപകടകാരിയായ യുറേനിയം ഷെല്ലുകളും നിര്‍മിച്ച് വ്യാപാരം നടത്തുന്നതായും വീഡിയോയില്‍ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് ഉടമസ്ഥാവകാശമുള്ള  കമ്പനിയാണിത്.
അമേരിക്കന്‍  ആണവ വികിരണ വിദഗ്ധനായിരുന്ന ജെയ് എം. ഗൗള്‍ഡ്  ആണവോര്‍ജത്തിന്‍െറ ആപല്‍ക്കരമായ വിനിയോഗത്തെക്കുറിച്ചെഴുതിയ, ‘ദ എനിമി വിതിന്‍: ദ ഹൈ കോസ്റ്റ് ഓഫ് ലിവിങ് നിയര്‍ ന്യൂക്ളിയര്‍ റിയാക്ടര്‍’ എന്ന പുസ്തകത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്‍െറ ഈ വ്യാപാരത്തെ കുറച്ച് വിവരിച്ചതും വീഡിയോ എടുത്തുകാട്ടുന്നു. രാജകുടുംബം ഒന്നാകെയും എലിസബത്ത് രാജ്ഞി സ്വന്തം  നിലയിലും റിയോ ടിന്‍േറാ സിങ്ക് വഴി നടത്തിയ യുറേനിയം വ്യാപാരത്തെക്കുറിച്ചും അതിലൂടെ നേടിയ  കോടികളുടെ സമ്പാദ്യത്തെക്കുറിച്ചും വീഡിയോ വിശദമായി പറയുന്നു.  എല്ലാ മാനുഷികമൂല്യങ്ങളെയും ബലികഴിച്ചുകൊണ്ടാണ്  ബ്രിട്ടീഷ് രാജ്ഞിയും രാജകുടുംബവും  അപകടകാരിയായ യുറേനിയം ലോകം മുഴുവന്‍ വില്‍പന നടത്തുന്നത്. ഇറാഖ് അധിനിവേശത്തില്‍  ആദ്യമായി യുറേനിയം ആയുധങ്ങള്‍ അമേരിക്കന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ട് 350 ടണ്‍ യുറേനിയം ബോംബുകള്‍ ഗള്‍ഫ്  യുദ്ധമുഖത്ത് പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ വെളിപ്പെടുത്തുന്നത്.
 1991ലെ ഇറാഖ് യുദ്ധത്തില്‍  ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായി അമേരിക്ക സമ്മതിച്ചതാണ്.  ഇറാഖിലെ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച ലുക്കീമിയ രോഗവും ജനിതക വൈകല്യങ്ങളും ഇവ  സൃഷ്ടിച്ച വികിരണങ്ങളുടെ പരിണതഫലമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.     ആയുധവ്യാപാരവും യുദ്ധവും തമ്മിലുള്ള ബന്ധത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്കും  യുദ്ധമേഖലയിലുള്ള  ബ്രിട്ടീഷ് അമേരിക്കന്‍ വ്യാപാര താല്‍പര്യങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.

കാഞ്ഞിരപ്പള്ളി വാഹനാപകടം: മരണം നാലായി

Posted: 05 Aug 2013 09:12 PM PDT

Image: 

കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.  കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന്‍ (70), മകന്‍ ഷിബി (31), ഷിബിയുടെ മക്കളായ അഹല്യ (4) അമല്‍ദേവ് (ഒന്നര) എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും മാരുതി കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ദാമോധരന്‍്റെ ഭാര്യ കമലാക്ഷി, ഷിബിയുടെ ഭാര്യ ബിന്ദു, ബിന്ദുവിന്‍്റെ മാതാവ് ചെല്ലമ്മ എന്നിവര്‍ക്ക് പരിക്കുകളുണ്ട്.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ഒന്നാം മൈലില്‍ ചൊവ്വാഴ്ച രാവിലെ 6.45 ന് ന് ആയിരുന്നു അപകടം. ഈരാറ്റുപേട്ട ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന മാരുതി കാര്‍ റോഡിലെ കുഴിയില്‍ നിന്നും വെട്ടിച്ചു മാറ്റുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വരുകയായിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ചങ്ങനാശ്ശേരി ബ്രഹ്മധര്‍മ്മാലയത്തില്‍ ബലി തര്‍പ്പണത്തിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. ദാമോധരന്‍ , അഹല്യ എന്നിവര്‍ അപകട സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അമല്‍ദേവ് ആശുപത്രിയിലത്തെിയ ശേഷമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഷിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുശേഷം മരണം സംഭവിക്കുകയായിരുന്നു.

 

തെലങ്കാന രൂപീകരണത്തിനെതിരെ സോണിയക്ക് ആന്ധ്ര മുഖ്യമന്ത്രിയുടെ കത്ത്

Posted: 05 Aug 2013 09:00 PM PDT

Image: 

ഹൈദരാബാദ്: തെലങ്കാന രൂപീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് പ്രസിഡന്‍്റ് സോണിയ ഗാന്ധിക്ക് കത്തെഴുതി.

ആന്ധ്രപ്രദേശ് വിഭജിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.ആന്ധ്രപ്രദേശ് പി.സി.സി പ്രസിഡന്‍്റും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
വിഭജനത്തിനെ എതിര്‍ത്ത് ആന്ധ്രപ്രദേശില്‍ നിന്നുള്ള എം. പിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍്റ് സ്തംഭിപ്പിച്ചിരുന്നു.

വിലകുറഞ്ഞത്10 ശതമാനത്തില്‍ താഴെ മരുന്നുകള്‍ക്ക്

Posted: 05 Aug 2013 08:37 PM PDT

Image: 
Subtitle: 
ജീവന്‍രക്ഷാമരുന്നുകള്‍ പട്ടികയിലില്ല: പുതിയ സ്റ്റോക്കുകള്‍ക്ക് വിലവര്‍ധിച്ചു

 തിരുവനന്തപുരം: സംസ്ഥാനത്ത് 348 ബ്രാന്‍റഡ് മരുന്നുകളുടെ വില കുറച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വിലനിയന്ത്രണ പരിധിയില്‍ വന്നത് പത്തുശതമാനത്തില്‍ താഴെ മരുന്നുകള്‍ മാത്രം. ജീവന്‍രക്ഷാ മരുന്നുകളടക്കം ഒരുലക്ഷം വരെ ബ്രാന്‍ഡുകള്‍ വിപണിയിലുള്ളിടത്താണ് കുറഞ്ഞ എണ്ണം മരുന്നുകള്‍ വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നത്.
ഈ അവസരം മുന്‍നിര്‍ത്തി  പട്ടികയില്‍പെടാത്ത ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ത്താന്‍ മരുന്നുകമ്പനികള്‍ നീക്കം ആരംഭിച്ചുകഴിഞ്ഞു. വര്‍ഷത്തില്‍ 15 ശതമാനം വിലവര്‍ധനക്ക് കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന പേറ്റന്‍റ് നിയമത്തിന്‍െറ ചുവടുപറ്റിയാണിത്.  
ഒരുബ്രാന്‍ഡിന്‍െറ ഒന്നോരണ്ടോ തോതുകള്‍ മാത്രമാണ് വില നിയന്ത്രണപട്ടികയില്‍ വന്നതും.
ഉദാഹരണത്തിന് പാരസെറ്റമോള്‍ 125, 250, 200,500,600 എന്നീ തോതുകളില്‍ ലഭ്യമാണ്. ഇതില്‍ 125 ഉം 500 ഉം തോതിലുള്ള മരു ന്നുകളുടെ വില മാത്രമാണ് കുറ ച്ചത്. മറ്റു വിഭാഗങ്ങള്‍ക്ക് ഇഷ്ടപ്രകാരം വിലവര്‍ധിപ്പിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാരസെ റ്റമോള്‍ ഇനത്തിലെ മരുന്നാണ് ഡോളോ- 250. വില നിയന്ത്രണ പട്ടികയിലില്ലാത്ത ഇതിന്‍െറ  ഏറ്റവും പുതിയ ബാച്ചിന് കമ്പ നികള്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ പട്ടികയിലുള്ള മരുന്നുകളുടെ രാസഘടനയിലും ചേരുവയിലും മാറ്റംവരുത്തി പുതിയ മരുന്നുകളും വിപണിയിലത്തെിയിട്ടുണ്ട്. പട്ടികയിലുള്ള ക്രോസിന്‍ (പാരസെറ്റമോള്‍) ഗുളിക പത്തെണ്ണത്തിന് നാലു രൂപ വരെ കുറഞ്ഞിരുന്നു. എന്നാല്‍ ക്രോസിന്‍ അഡ്വാന്‍സ്ഡ് എന്ന പേരിലുള്ള പുതിയ മരുന്നിന് ഇരട്ടിയാണ് വില.
വോവ്റാന്‍ എന്ന വേദന സംഹാരി വോവ്റാന്‍ ജി.ഇ എന്ന് പേരുമാറ്റി ആറുരൂപ കൂട്ടി. നിക്കൊളാസ് എന്ന കമ്പനിയുടെ ജീവന്‍രക്ഷാ ഒൗഷധം സൂപ്പര്‍മെറ്റന്‍ എക്സല്‍- 50ന് 29 രൂപയായിരുന്നു വില. പുതിയ സ്റ്റോക്കിന് 50 രൂപയായി. അലര്‍ജി രോഗികള്‍ ഉപയോഗിക്കുന്ന ബഡ്ട്രോള്‍- 200 ക്യാപ്സ്യൂള്‍ ബോട്ടിലിന്‍െറ വില 130ല്‍ നിന്ന് 143 രൂപയായി വര്‍ധിപ്പിച്ചു.
നൂറുകണക്കിന് ബ്രാന്‍റഡ് മരുന്നുകള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനാണ്  വിലനിയന്ത്രണം കൊണ്ടുവന്നതെന്ന് ആക്ഷേപമുണ്ട്.  അഞ്ച്രൂപക്ക് മുകളിലുള്ള മരുന്നുകളാണ് പട്ടികയിലുള്ളതെന്നതും കമ്പനികള്‍ക്ക് കോളായി. ഒരു രൂപമുതല്‍ നാല് രൂപവരെയുള്ള മരുന്നുകളുടെ വില ഒറ്റയടിക്ക് അഞ്ചിലേക്ക് ഉയര്‍ത്താന്‍ പല കമ്പനികളും ശ്രമം ആരംഭിച്ചിട്ടുമുണ്ട്.
കാന്‍സര്‍, ഹെപ്പറ്റൈറ്റിസ്, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങി കൂടിയ വിലയുള്ള മരുന്നുകളൊന്നും പട്ടികയിലില്ല.   ഭാവിയില്‍ അതുകൂടി വരുമെന്ന് പറയുന്നുണ്ടെങ്കിലും ഈ കാലയളവില്‍ അത്തരം മരുന്നുകളുടെ വില ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടാകും.
ഇതിനിടെ 39 ഇനം മരുന്നുകള്‍ക്കുകൂടി തിങ്കളാഴ്ച മുതല്‍ വില കുറഞ്ഞു. ജൂണ്‍ 21ന് വിജ്ഞാപനം ചെയ്ത മരുന്നുകളുടെ വിലയാണ് കുറയുന്നത്. 151 വിഭാഗം മരുന്നുകളുടെ കുറഞ്ഞവില കഴിഞ്ഞയാഴ്ച നിലവില്‍ വന്നതിന് പിന്നാലെയാണ് 39 എണ്ണത്തിന് കൂടി വില കുറയുന്നത്. ആല്‍ബന്‍ഡസോള്‍ ടാബ് 400 എം.ജി, സസ്പെന്‍ഷന്‍ 200 എം.ജി, അമോക്സിലിന്‍ സസ്പെന്‍ഷന്‍, അമോക്സിലിന്‍ കാപ്സ്യൂള്‍ 500 എം.ജി, ആംപിസിലിന്‍ കാപ്സ്യൂള്‍ 500 എം.ജി, ആംപിസിലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങിയവക്കാണ് തിങ്കളാഴ്ച മുതല്‍ വിലകുറയുക.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP