സ്വാഗതം
WELCOME

News Update..

Sunday, August 4, 2013

കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട -ആര്യാടന്‍ Madhyamam News Feeds

കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട -ആര്യാടന്‍ Madhyamam News Feeds

Link to

കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ട -ആര്യാടന്‍

Posted: 04 Aug 2013 12:34 AM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്തു തന്നെ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം)ന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യു.ഡി.എഫില്‍ പറയണം. പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതി -ആര്യാടന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരേണ്ടയാളാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ളെന്നും ആര്യാടന്‍ വ്യക്തമാക്കി.

ഖത്തര്‍-സൗദി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

Posted: 03 Aug 2013 11:57 PM PDT

Image: 

ജിദ്ദ: ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി സൗദി ഭരണാധികാരി അബ്ദുല്ലരാജാവിനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാത്രി മക്ക സഫ കൊട്ടാരത്തിലെത്തിയ ഖത്തര്‍ അമീറും അബ്ദുല്ല രാജാവും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളില്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചുവരുന്ന നിലപാടുകളും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മേഖലയിലെ പ്രശ്നങ്ങളില്‍ യോജിച്ച നീക്കത്തിനും ധാരണയായി. അബ്ദുല്ല രാജാവിന്‍െറ കൂടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ്, രാജാവിന്‍െറ മുഖ്യ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ഇലാഹ് ബിന്‍ അബ്ദുല്‍അസീസ്, വിദ്യാഭ്യാസമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല, നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ല എന്നിവരും വിവിധ മന്ത്രിമാരും സംബന്ധിച്ചു. ഖത്തര്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ മേധാവി ശൈഖ് ഹമദ് ബിന്‍ താമിര്‍ ആല്‍താനി, ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍താനി, വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ, സാമ്പത്തിക, വാണിജ്യകാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ആല്‍താനി സൗദിയിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ അബ്ദുല്ല ആല്‍ മഹ്മൂദ് എന്നിവര്‍ ഖത്തര്‍ അമീറിനെ അനുഗമിച്ചു. സ്ഥാനമേറ്റ ശേഷമുള്ള ഖത്തര്‍ അമീറിന്‍െറ ആദ്യ സൗദി സന്ദര്‍ശനമാണിത്.
വെള്ളിയാഴ്ച വൈകുന്നേരം ജിദ്ദ അന്താരാഷ്ട്രവിമാനത്താവളത്തില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് ഫൈസലിന്‍െറ നേതൃത്വത്തില്‍ ഖത്തര്‍ അമീറിനെയും സംഘത്തെയും സ്വീകരിച്ചു. മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷമായിരുന്നു രാജാവുമായുള്ള കൂടിക്കാഴ്ച. ഹറമിലെ സഫ കൊട്ടാരത്തില്‍ ഖത്തര്‍ അമീറിനെ ഊഷ്മളമായി വരവേറ്റ അബ്ദുല്ല രാജാവ് ശൈഖ് തമീമിന്‍െറ ബഹുമാനാര്‍ഥം അത്താഴവിരുന്നൊരുക്കി.
 

യു.പിയില്‍ ഐ.എ.എസ് ഓഫീസറുടെ സസ്പെന്‍ഷന്‍; സോണിയ പ്രധാന മന്ത്രിക്ക് കത്തയച്ചു

Posted: 03 Aug 2013 11:11 PM PDT

Image: 

ന്യൂദല്‍ഹി: ദുര്‍ഗശക്തി നാഗ്പാല്‍ ഐ.എ.എസിനെ  സസ്പെന്‍റ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി  പ്രധാനമന്തിക്ക് സോണിയ ഗാന്ധിയുടെ കത്ത്. ദുര്‍ഗക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് പ്രധാമന്ത്രിക്ക് അയച്ചത്.

സര്‍വീസില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യുവ ഐ.എ.എസ് ഓഫീസറെ സസ്പെന്‍റ് ചെയ്ത നടപടിയില്‍ ആസൂത്രിതമായ അജണ്ടയുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോണിയ കത്തിലൂടെ ആവശ്യപ്പെട്ടു.

മണല്‍ മാഫിയയെ സംരക്ഷിക്കാനാണ് അഖിലേഷ് സര്‍ക്കാര്‍ ഓഫിസറെ സസ്പെന്‍െറ് ചെയ്തതെന്ന നിലപാടില്‍ ഉറച്ചാണ് ബി.ജെ.പി രംഗത്ത് വന്നിട്ടുള്ളത്. അവര്‍ പ്രശ്നം രാഷ്ട്രീയ ആയുധമായി തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

അതേ സമയം, ദുര്‍ഗയെ സസ്പെന്‍റ് ചെയ്ത നടപടിയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വീണ്ടും രംഗത്ത് വന്നു. മുന്നറിയിപ്പില്ലാതെ മുസ്ലിം പള്ളിയുടെ മതില്‍  പൊളിച്ച നടപടിയിലാണ് സസ്പെന്‍ഷന്‍ നല്‍കിയത്.  സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അഖിലേഷ് പറഞ്ഞു. സോണിയയുടെ ഇടപെടലിനെ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ കുറ്റപെടുത്തി . രണ്ട് ഐ.എ.എസുകാരെ സസ്പെന്‍റ് ചെയ്ത ബീഹാര്‍ സര്‍ക്കാറിനോ,അശോക് ഖേംകെയെ സസ്പെന്‍റ് ചെയ്ത ഹരിയാനക്കോ കത്തെഴുതാന്‍ എന്തുകൊണ്ട് സോണിയ തയാറാവുന്നില്ലായെന്ന് എസ്.പി നേതാക്കള്‍ ചോദിച്ചു.

 എന്നാല്‍, ദുര്‍ഗയുടെ സസ്പെന്‍ഷന്‍ നടപടി മണല്‍ മാഫിയക്ക് വേണ്ടിയാണ് എന്ന് തെളിയിക്കുന്നതാണ് സസ്പെന്‍ഷന്‍ നടപടിക്ക് ശേഷം യമുന തീരത്തെ ദ്രൂതഗതിയില്‍ നടക്കുന്ന മണല്‍ ഊറ്റലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാറിന്‍െറ ഈ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനകം ദേശീയ വനിതാ കമീഷനെ സമീപിച്ചിട്ടുണ്ട്.

500 അനാഥ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഈദ് സഹായം

Posted: 03 Aug 2013 11:03 PM PDT

Image: 

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ കാരുണ്യത്തില്‍ 500 അനാഥക്കുട്ടികള്‍ക്ക് ഈദ് സഹായം നല്‍കൂം. ചില്‍ഡ്രന്‍ കെയര്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ മനാല്‍ ഇവദിയാണ് ഇക്കാര്യം അറിയിച്ചത്.
സൊസൈറ്റിക്ക് കീഴിലുള്ള 500 അനാഥ, അഗതി കുട്ടികള്‍ക്കാണ് സഹായം ലഭിക്കുക. മാനുഷിക സഹായ മേഖലയില്‍ പ്രധാനമന്ത്രിയുടെ ഇതപര്യന്തമുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണെന്നും ഈയൊരു തീരുമാനത്തിന് അല്ലാഹു അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെയെന്നും മനാല്‍ പ്രാര്‍ഥിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ചില്‍ഡ്രന്‍ കെയര്‍ സൊസൈറ്റി സീഫില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. 500 കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് സന്തോഷം പങ്കിട്ടിരുന്നു. അനാഥബാല്യങ്ങളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും അവര്‍ക്ക് സ്നേഹവൂം കാരുണ്യവും നല്‍കുന്നതിനുമാണ് സൊസൈറ്റി കഴിഞ്ഞ വര്‍ഷം രൂപവത്കരിച്ചതെന്ന് അവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സഹായവും സഹകരണവുമാണ് സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കുന്നതെന്നും മനാല്‍ വ്യക്തമാക്കി. സഹായം നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പ്രകാശിപ്പിച്ചു. ഓരോ സന്തോഷാവസരത്തിലും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

കുവൈത്ത് : പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിക്കും

Posted: 03 Aug 2013 10:56 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ മന്ത്രിസഭയെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് ഞായറാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച പുതിയ മന്ത്രിമാര്‍ അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ചയാണ് പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം.
പുതിയ മന്ത്രിമാരുടെ പട്ടിക ഏറക്കുറെ തയാറായി കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ മന്ത്രിസഭയിലെ അഞ്ചുപേരെ ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രി ശൈഖ് അഹ്മദ് അല്‍ ഖാലിദ് അസ്വബാഹ്, ആരോഗ്യ മന്ത്രി മുഹമ്മദ് അല്‍ ഹൈഫി എന്നിവരെ ഒഴിവാക്കും. ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ മുന്‍ മന്ത്രി ശൈഖ് മുഹമ്മദ് അസ്വബാഹ് തയാറായിട്ടുണ്ട്. ഉപപ്രധാനമന്ത്രിയും മുന്‍ ധനമന്ത്രിയുമായ മുസ്തഫ അല്‍ ശമാലിക്ക് എണ്ണ മന്ത്രി സ്ഥാനം നല്‍കും. നിതീന്യായ, ഓൗഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ശരീദ അബ്ദുല്ല അല്‍ മഊശര്‍ജിക്കും പകരക്കാരനെ കണ്ടെത്തും.
എം.പിമാരില്‍ നിന്നുള്ള മന്ത്രി സ്ഥാനം ഈസ അല്‍ കന്ദരിക്കോ മുന്‍ മന്ത്രി ഡോ. മഅ്സൂമ അല്‍ മുബാറകിനോ ലഭിക്കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ ചേരാനുള്ള ക്ഷണം പാര്‍ലമെന്റിലെ പുതുമുഖമായ സുല്‍ത്താന്‍ അല്‍ ശിമ്മാരി നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകന്‍ മുബാറക് അല്‍ മുതവ്വ അറിയിച്ചു. വോട്ടുകച്ചവടം നടന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തെളിവുകള്‍ വെച്ചായിരിക്കും കോടതിയെ സമീപിക്കുക. അഞ്ചാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന അബ്ദുല്ല അല്‍ അജ്മിയും നാലാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ഫറാസ് അല്‍ മുതൈരിയും തെരഞ്ഞെടുപ്പ് ഫലം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടെണ്ണലിലെ അപാകതയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
തന്നെ ആക്ഷേപിച്ചവര്‍ക്ക് അമീര്‍ മാപ്പുനല്‍കിയതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റുകളായ സാറ അല്‍ ദരീസും ഡോ. റാശിദ് അല്‍ ഹജ്രിയും പൊലീസില്‍ കീഴടങ്ങി. അമീറിനെ ആക്ഷേപിച്ച് ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് ഇരുവര്‍ക്കും 20 മാസം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. മാപ്പ് നല്‍കി വിട്ടയക്കേണ്ട എട്ട് പേരുടെ ലിസ്റ്റ് പ്രോസിക്യൂഷന്‍ ഞായറാഴ്ച അമീരി ദിവാന് കൈമാറുമെന്ന് കരുതുന്നു.
സഖര്‍ അല്‍ ഹശാശ്, റാശിദ് അല്‍ ഇന്‍സി, ഹമദ് സഅദ്, ബദര്‍ അല്‍ റാശിദി, ഒറോണ്‍സ് അല്‍ റാശിദി, മുഹമ്മദ് അല്‍ അജ്മി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റുള്ളവര്‍. തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചാല്‍ പെരുന്നാളിന് മുമ്പ് ഇവരെ വിട്ടയക്കും.

തെലങ്കാനക്കെതിരായ പ്രതിഷേധം സീമാന്ധ്രയില്‍ വ്യാപിക്കുന്നു

Posted: 03 Aug 2013 10:52 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് സീമാന്ധ്ര പ്രദേശത്ത് സമൈക്യ ആന്ധ്ര (സംയുക്ത ആന്ധ്ര കര്‍മസമിതി) ആഹ്വാനം ചെയ്ത ബന്ദ് നാലാം ദിവസത്തിലേക്ക് കടന്നു.  റായലസീമയിലും തീര ആന്ധ്രയിലും ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളില്‍ നടക്കുന്ന പ്രക്ഷോഭം തുടരുകയാണ്. തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെക്കാത്ത ജനപ്രതിനിധികളുടെ വീടുകള്‍ തെരഞ്ഞ് കണ്ടത്തെി ആക്രമണം അഴിച്ചു വിടുകയാണ് സമരക്കാര്‍.

റായലസീമയിലെ നാലു ജില്ലകളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അക്രമാസക്തമായി തുടരുകയാണ്. ആന്ധ്രാപ്രദേശിനെ വിഭജിക്കുന്നതില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ആത്മഹത്യക്കു ശ്രമിച്ചു. കുര്‍നൂലില്‍ നിന്നുള്ള റെയില്‍വേ സഹമന്ത്രി കോട്ല സൂര്യപ്രകാശ് റെഡ്ഡി രാജി വെക്കണമെന്നാവശ്യപ്പെട്ട് റാലി നടന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി.ജി. വെങ്കടേഷ് പ്രതിഷേധം സമാധാനപരമാകണമെന്ന് ആവശ്യപ്പെട്ടു.

തിരുപ്പതിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജയില്‍ നിറക്കല്‍ സരം നടന്നു. ചിറ്റൂരില്‍ നിന്നുള്ള നിയമസഭാംഗം സി.കെ. ബാബു നടത്തിവരുന്ന ഉപവാസ സമരം 48 മണിക്കൂറില്‍ നിന്നും 96 മണിക്കൂറായി വര്‍ധിപ്പിച്ചു.

ഉമ്മന്‍ചാണ്ടിക്ക് തന്നെ വേണ്ടെന്ന് രമേശ് ചെന്നിത്തല

Posted: 03 Aug 2013 10:16 PM PDT

Image: 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് തന്നെ വേണ്ടെന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിന് ആഗ്രഹമില്ളെന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറയുന്നു. ഉപാധികളോടെ മന്ത്രിസഭയില്‍ ചേരാന്‍ ആഗ്രഹമില്ളെന്നും ഉമ്മചാണ്ടി തനിയേ സര്‍ക്കാറിനെ കൊണ്ടുപോയ്ക്കോട്ടെ എന്നും രമേശ് കുറ്റപ്പെടുത്തി. വിഷയം ഹൈമാന്‍റിന്‍്റെ മുന്നിലിട്ടത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണെന്നും ചെന്നിത്തല പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ളെന്ന തന്‍െറ നിലപാട് അംഗീകരിച്ചതില്‍ സോണിയാ ഗാന്ധിയോട് കടപ്പാടുണ്ടെന്നും ജനമനസ്സിലെ സ്ഥാനം ആരു വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ളെന്നും ആയിരുന്നു ദല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ ഉടന്‍ ചെന്നിത്തലയുടെ പ്രതികരണം.
 

പാകിസ്താനില്‍ പ്രളയം; മരണം 34 ആയി

Posted: 03 Aug 2013 09:35 PM PDT

Image: 

ഇസ്ലാമാബാദ്: അതിശക്തമായ പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാകിസ്താനില്‍ 34 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഖൈബര്‍-പക്തൂന്‍ഖ്വ, ബാള്‍ട്ടിസ്താന്‍, പാക് അധീന കശ്മീര്‍ എന്നീ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശംവിതച്ചത്.

പഞ്ചാബ് പ്രവിശ്യയില്‍ ആറ്  മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ വടക്കന്‍ പ്രവിശ്യകളിലും  വെള്ളപ്പൊക്കത്ത തുടര്‍ന്ന്  നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.  

വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താമസസ്ഥലങ്ങള്‍  വിട്ടുപോകാന്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളം ഉയരാന്‍  സാധ്യതയുള്ളതിനാല്‍  കൂടുതല്‍  ആളപായങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 50,000 ഘന അടി വെള്ളമാണ് വാര്‍സാക് ഡാമിലേക്ക് ഒഴുകിയത്തെിയത്. ഇതോടെ ഡാമിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു.

നൊഷേറ, സ്വാത്, പെഷാവര്‍,  കൊഹിസ്താന്‍ തുടങ്ങി ഏഴ് ജില്ലകള്‍  നിരീക്ഷണത്തിലാണെന്ന് ദുരന്തനിവാരണ സേനാ വിഭാഗം അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം,  മരുന്ന് എന്നിവ  എത്രയും പെട്ടെന്ന് എത്തിച്ചുകൊടുക്കുമെന്ന് ദുരന്തനിവാരണ സേനാ വിഭാഗം തലവന്‍ ജനറല്‍  അത്തിഫുറഹ്മാന്‍  അറിയിച്ചു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചിത്റല്‍  ജില്ലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുള്ളത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഖലയില്‍ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ധാരാളം കെട്ടിടങ്ങള്‍ തകരുകയും വീടുകളും മറ്റും വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. ജില്ലയെ കലാഷ് വാലിയുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളും പ്രളയത്തെ തുടര്‍ന്ന്  തകര്‍ന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത  പ്രദേശങ്ങള്‍  സന്ദര്‍ശിച്ചു.  പ്രളയത്തെ തുടര്‍ന്ന് മേഖലയില്‍  60 വീടുകള്‍  തകര്‍ന്നതായി ചിത്റാല്‍  ഡെപ്യൂട്ടി കമീഷണര്‍  ശുഐബ് ജാദൂന്‍  പറഞ്ഞു.

തെരുവുകള്‍ അവരെ കാത്തിരിക്കുന്നില്ല

Posted: 03 Aug 2013 09:11 PM PDT

Image: 

കോഴിക്കോട്: കനത്തമഴയുടെയും വിലക്കയറ്റത്തിന്‍െറയും നാളുകളിലും നിലനില്‍ക്കാന്‍ പാടുപെട്ട് തെരുവുതൊഴിലാളികള്‍. തെരുവോരങ്ങളില്‍ ചെരിപ്പ്തുന്നിയും കുട നന്നാക്കിയും കഴിയുന്ന ആയിരങ്ങളാണ് സര്‍ക്കാറിന്‍െറയോ മറ്റു സന്നദ്ധ സംഘടനകളുടെയോ പരിഗണനയില്ലാതെ  ജീവിതത്തോട് പൊരുതുന്നത്.  ഇവരെക്കുറിച്ചുള്ള കൃത്യമായ കണക്കുകളോ വിവരങ്ങളോ സംസ്ഥാന തൊഴില്‍വകുപ്പിനോ  സാമൂഹിക നീതി വകുപ്പിനോ ഇല്ല.
 തൊഴില്‍ വകുപ്പിന് കീഴില്‍ കൈത്തൊഴില്‍ തൊഴിലാളികള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയുണ്ടെങ്കിലും  ഈ വിഭാഗങ്ങളിലേക്ക് എത്തുന്നില്ല.  ജില്ലാ ആസ്ഥാനങ്ങളില്‍ 200നും 300നും ഇടക്ക് ചെരിപ്പുകുത്തി-കുടനന്നാക്കല്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. കോര്‍പറേഷനുകളാണ് ഇവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാഥമിക നടപടികള്‍ എടുക്കേണ്ടതെങ്കിലും മലബാറില്‍ കണ്ണൂര്‍ നഗരസഭയില്‍ മാത്രമാണ്  എന്തെങ്കിലും നടക്കുന്നത്. ഇക്കാരണത്താല്‍ ഈ രംഗത്ത് ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ളെന്ന്  63 വര്‍ഷമായി കോഴിക്കോട് പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചെരിപ്പുകുത്തുന്ന പുവ്വാട്ടുപറമ്പ് ഹനീഫ പറയുന്നു. 1950ല്‍ പട്ടിണിക്കാലത്ത്  പാലക്കാട് മേലാമുറിയില്‍നിന്ന് തൊഴില്‍ തേടിയിറങ്ങി കോഴിക്കോട്ട് എത്തിയതാണ്. എരുമക്കാരുടെ തെരുവിലെ പീടികക്കോലായയായിരുന്നു അന്ന് അഭയം. കണ്ട് കണ്ടാണ് ചെരിപ്പു തുന്നാന്‍ പഠിച്ചത്. തേയാതിരിക്കാന്‍ തുകല്‍ ചെരിപ്പിന് ലാടമടിക്കലായിരുന്നു അന്ന് പ്രധാന പണി.  ഓറഞ്ച്, കറുപ്പ് നിറങ്ങളില്‍ ഉള്ള ലാടങ്ങളുണ്ടായിരുന്നു. അര, മുക്കാല്‍ അണയായിരുന്നു അന്ന് കൂലി.1960 കളോടെയാണ് ഇത്തരം രീതികള്‍ക്ക് മാറ്റം വന്നത്. അപ്പോഴും തുകല്‍കൊണ്ട് ചെരിപ്പുകള്‍ ഉണ്ടാക്കുന്നത് ചെരിപ്പുകുത്തികളായിരുന്നു. ചെട്ടിയാര്‍ വിഭാഗക്കാരായിരുന്നു അന്ന് ഈ രംഗത്തുള്ളവരില്‍ ഏറെയും. ഈ വിഭാഗക്കാര്‍ക്ക് അന്ന് സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയിരുന്നു. എന്നാല്‍, ചെട്ടിയാര്‍മാര്‍ ഇപ്പോള്‍ ഏറെപ്പേര്‍ ഈ രംഗത്തില്ല, മുസ്ലിംകളാണ് അധികവും. ചെരിപ്പ് തുന്നല്‍, ഒട്ടിക്കല്‍, അളവ് പാകമാകാത്ത ചിലര്‍ക്ക് ചെരിപ്പ് നിര്‍മാണം തുടങ്ങിയവയാണ് ഇപ്പോഴുള്ള പ്രധാന തൊഴിലുകള്‍. മന്തുകാലുള്ളവര്‍ക്കും മറ്റുമാണ് ഇങ്ങനെ ചെരിപ്പുണ്ടാക്കുക. എന്നാല്‍, ഇത്തരം ഓഡറുകള്‍ വല്ലപ്പോഴുമേ ഉണ്ടാവൂ.  300 രൂപയാണ് ഒരു ദിവസം ശരാശരി കിട്ടുന്നത്. ചിലപ്പോള്‍ അമ്പതോ അറുപതോ മാത്രമാവും കിട്ടുക.പുതിയ തലമുറക്കാര്‍ ആരും ഈ രംഗത്തേക്ക് വരുന്നില്ല. കൂലിപ്പണിക്ക് പോയാല്‍ അഞ്ഞൂറും ആയിരവുമൊക്കെ കിട്ടുന്ന ഇക്കാലത്ത് ഈ തെരുവില്‍ ചമ്രംപടിഞ്ഞിരിക്കാന്‍ ആരെ കിട്ടാനാണെന്ന് ഹനീഫ ചോദിക്കുന്നു. മലയാളികള്‍ ഒഴിഞ്ഞതോടെ പിന്നെയത്തെുന്നത് തമിഴരാണ്. മറ്റുള്ളവരുടെ സ്ഥലം കൈയേറി താമസിക്കുന്നവരാണ് എല്ലാവര്‍ക്കും തങ്ങള്‍. ഒരിക്കല്‍  ആളുകള്‍ തുന്നാന്‍  ഏല്‍പിച്ച സാധനങ്ങളടക്കം പൊലീസ് കത്തിച്ചുകളഞ്ഞു.  1993ല്‍ ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ സംഘിന്‍െറ കീഴില്‍ യൂനിയന്‍ ഉണ്ടായതോടെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റമുണ്ടായത്. എന്നാല്‍, ഈ യൂനിയനും ഇപ്പോള്‍ രംഗത്തില്ല.  
എത്രയായാലും ചെരിപ്പുകുത്തി എന്ന പേര് മാറില്ല. കുട നന്നാക്കുന്നവരുടെ ജീവിതത്തിനും ഇനി അധികം ആയുസ്സില്ളെന്ന് മാനാഞ്ചിറ മൈതാനത്തിന് സമീപം 23 വര്‍ഷമായി ഈ തൊഴില്‍ ചെയ്യുന്ന മാവൂര്‍ കുറ്റിക്കടവിലെ ഉസ്മാന്‍ പറയുന്നു. ഒന്നാമതായി കുട നന്നാക്കാന്‍ ഇപ്പോള്‍ അധികപേരും  കാത്തുനില്‍ക്കുന്നില്ല. ആ നേരം കൊണ്ട് പുതിയ കുട വാങ്ങുകയാണ് എല്ലാവരും. ഈ പണിയെടുത്ത് ഒരു നല്ല മീന്‍ വാങ്ങിക്കഴിക്കാന്‍പോലും കഴിയില്ളെന്ന് ഇദ്ദേഹം പറയുന്നു. മറ്റു തൊഴിലുകളൊന്നും അറിയാത്തതിനാല്‍ ഈ പണി തുടരുന്നു എന്നുമാത്രം.  കുട നന്നാക്കാന്‍ വന്‍ കടകള്‍ പോലും രംഗത്തുവന്നുകൊണ്ടിരിക്കെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ആര് വേവലാതിപ്പെടാനാണെന്നും ഉസ്മാന്‍ ചോദിക്കുന്നു.

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മിന്നിത്തിളങ്ങാന്‍ മലയാളത്തിന്‍െറ പഞ്ചനക്ഷത്രങ്ങള്‍

Posted: 03 Aug 2013 09:02 PM PDT

Image: 

മലപ്പുറം: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ആഗസ്റ്റ് 10 മുതല്‍ 18 വരെ നടക്കുന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയില്‍നിന്ന് യാത്രതിരിക്കും. സംഘത്തിലെ മൂന്നിലൊന്നുപേരും മലയാളികളായതിനാല്‍ കേരളം ഏറെ പ്രതീക്ഷയോടെയാണ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഉറ്റുനോക്കുന്നത്. കെ.ടി. ഇര്‍ഫാന്‍, ടിന്‍റു ലൂക്ക, രഞ്ജിത് മഹേശ്വരി, അനു മറിയം ജോസ്, അനില്‍ഡ തോമസ് എന്നിവരാണ് 15 അംഗ ഇന്ത്യന്‍ ടീമിലെ മലയാളികള്‍. ഇര്‍ഫാന്‍ 20 കിലോ മീറ്റര്‍ നടത്തത്തിലും രഞ്ജിത് ട്രിപ്പ്ള്‍ ജമ്പിലും മറ്റു മൂന്നുപേര്‍  4x400  മീറ്റര്‍ റിലേയിലുമാണ് പങ്കെടുക്കുക. 2003ലെ പാരിസ് ലോക ചാമ്പ്യന്‍ഷിപ് ലോങ്ജമ്പില്‍ കേരളത്തിന്‍െറ അഞ്ജു ബോബി ജോര്‍ജ് സ്വന്തമാക്കിയ വെങ്കലമാണ് ഇന്ത്യയുടെ ഏക മെഡല്‍ നേട്ടം എന്ന അഭിമാനംകൂടി മലയാളത്തിനുണ്ട്.
മലപ്പുറത്തിന്‍െറ പ്രിയപ്പെട്ട ഒളിമ്പ്യനായ ഇര്‍ഫാന്‍ 2012ല്‍ റഷ്യയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 18ാം സ്ഥാനം നേടിയിരുന്നു. ഇതുവഴിയാണ് ഒളിമ്പിക് യോഗ്യത നേടിയത്. തുടര്‍ന്ന് ലണ്ടനില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്‍ഡില്‍ പത്താമനായ താരം നടത്തത്തില്‍ ഒരു ഇന്ത്യക്കാരന്‍െറ ഏറ്റവും മികച്ച പ്രകടനവും ദേശീയ റെക്കോഡും സ്വന്തം പേരിലാക്കി. ചൈനയില്‍ നടന്ന ഐ.എ.എ.എഫ് വേള്‍ഡ് റേസ് വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തത്തെിയിരുന്നു. ഫെഡറേഷന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണവും നാഷനല്‍ ഓപണ്‍ അത്ലറ്റിക്സില്‍ ഒന്നാം സ്ഥാനവും   ഇന്‍റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഇര്‍ഫാനെയാണ് കേരള അത്ലറ്റിക്സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷതാരമായി തെരഞ്ഞെടുത്തത്്.  മോസ്കോയില്‍ മികവ് കാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ഇര്‍ഫാന്‍.
അവഗണനയുടെ ദു$ഖഭാരം പേറിയാണ് പി.ടി. ഉഷയുടെ പ്രിയ ശിഷ്യ ടിന്‍റു ലൂക്ക മോസ്കോയിലേക്ക് പറക്കുന്നത്. 4x400 റിലേയില്‍ ടിന്‍റു ഇന്ത്യയെ പ്രതിനിധാനംചെയ്യും. എന്നാല്‍, 800 മീറ്ററില്‍ മത്സരിക്കണമെന്ന ഈ കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയുടെ ആഗ്രഹത്തിന് മുന്നില്‍ അത്ലറ്റിക് ഫെഡറേഷന്‍ അധികൃതരുടെ നടപടി വിലങ്ങുതടിയായി. വിദേശ മീറ്റുകളില്‍ പങ്കെടുത്ത് യോഗ്യത നേടാന്‍ രാജ്യത്തെ മികച്ച മധ്യദൂര ഓട്ടക്കാരിയായ ടിന്‍റുവിന് അവസരം നല്‍കിയില്ല. എങ്കിലും റിലേയില്‍ ആവുന്നത് ചെയ്യാനാണ് ഈ 24കാരിയുടെ പരിപാടി. ഇയ്യിടെ പുണെയില്‍ സമാപിച്ച ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് ടിന്‍റുവും സംഘവും ലോക ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റെടുത്തത്. 800 മീറ്ററില്‍ വെങ്കലവും കരസ്ഥമാക്കി. 2011ലെ ദേഗു ലോക ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ വര്‍ഷം നടന്ന ലണ്ടന്‍ ഒളിമ്പിക്സിലും 800 മീറ്ററില്‍ സെമിഫൈനലിലത്തൊന്‍ കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ ഈ താരത്തിന് കഴിഞ്ഞിരുന്നു. 2010ലെ ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസിലും പിറ്റേ വര്‍ഷത്തെ കോബ് ലോക ചാമ്പ്യന്‍ഷിപ്പിലും വെങ്കലം സ്വന്തമാക്കി. 2010ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്‍റല്‍ കപ്പില്‍ ടിന്‍റു കുറിച്ച ഒരു മിനിറ്റ് 59.17 എന്ന സമയം ദേശീയ റെക്കോഡായി തുടരുന്നു. കേരള അത്ലറ്റിക്സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ താരമായി തെരഞ്ഞെടുത്തത് ടിന്‍റുവിനെയാണ്.  
ദേഗു ലോക ചാമ്പ്യന്‍ഷിപ്പിലെയും ലണ്ടന്‍ ഒളിമ്പിക്സിലെയും ഫൗള്‍ ചാട്ടങ്ങളുടെ ദുരന്തസ്മരണകള്‍ മറക്കുന്ന ഒരു നേട്ടമാണ് ട്രിപ്പ്ള്‍ ജമ്പര്‍ രഞ്ജിത് മഹേശ്വരി ആഗ്രഹിക്കുന്നത്. ബെയ്ജിങ് ഒളിമ്പിക്സിലും രഞ്ജിത്തിന്‍െറ പ്രകടനം മോശമായിരുന്നു. പോരാഞ്ഞ് മരുന്നടിയുടെ പേരില്‍ വിലക്കും. ഇക്കുറി പുണെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി മോസ്കോയിലേക്ക് പോവാനൊരുങ്ങുന്ന കോട്ടയത്തുകാരന്‍ പട്യാലയില്‍ പരിശീലനത്തിലായിരുന്നു. 16.76 മീറ്റര്‍ ചാടിയാണ് രഞ്ജിത് പുണെയില്‍ വെള്ളി കരസ്ഥമാക്കിയത്. 2007ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി സ്വര്‍ണവും 2010ലെ ന്യൂദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയയാളാണ് രഞ്ജിത്. കോമണ്‍വെല്‍ത്തിലെ 17.07 മീറ്റര്‍ ദേശീയ റെക്കോഡായി. 2012ലെ ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയിലും ഈ 27കാരന്‍ ഒന്നാം സ്ഥാനത്തത്തെിയിരുന്നു. 2007ലെ ലോക ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.ടിന്‍റു ലൂക്കക്കും നിര്‍മലക്കും എം.ആര്‍. പൂവമ്മക്കുമൊപ്പം പുണെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4x400 റിലേയില്‍ സ്വര്‍ണം നേടിയാണ് അനു മറിയം ജോസ് ലോക ചാമ്പ്യന്‍ഷിപ്പിന് തിരിക്കുന്നത്. ചൈനീസ്, ജാപ്പനീസ് വെല്ലുവിളികള്‍ മറികടന്ന് 3.32 മിനിറ്റില്‍ ഫിനിഷ് ചെയ്ത സംഘത്തില്‍ അനുവിന്‍െറ പ്രകടനം മികച്ചതായിരുന്നു. ട്രയല്‍സിലൂടെ രണ്ടു പേരെ കൂടി റിലേ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ അനില്‍ഡ തോമസിനും അവസരം ലഭിച്ചു.
വികാസ് ഗൗഡ (ഡിസ്കസ് ത്രോ), സുധ സിങ് (വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസ്), ഗുര്‍മീത് സിങ്, ചന്ദന്‍സിങ്, ഖുഷ്ബീര്‍ കൗര്‍ (എല്ലാവരും 20 കി.മീ. നടത്തം), ബസന്ത് ബഹാദൂര്‍ റാണ, സന്ദീപ് കുമാര്‍ (ഇരുവരും 50 കി.മീ. നടത്തം), എം.ആര്‍ പൂവമ്മ, അശ്വിനി അകുന്‍ജി, നിര്‍മല (എല്ലാവരും 4x400 റിലേ) എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ലക്ഷ്യം മികച്ച പ്രകടനം -ഇര്‍ഫാന്‍

മലപ്പുറം: വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ളെങ്കിലും ലോക ചാമ്പ്യന്‍ഷിപ് 20 കിലോമീറ്റര്‍ നടത്തത്തില്‍ മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് കെ.ടി. ഇര്‍ഫാന്‍ ടെലിഫോണില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മാസങ്ങളായി ബംഗളൂരുവില്‍ കഠിന പരിശീലനത്തിലാണ്. ഇതുമൂലം ദേശീയ സീനിയര്‍ മീറ്റ് പോലും വേണ്ടെന്നുവെച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ പനി മൂലം വിശ്രമത്തിലായിരുന്നു. പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചത്തെിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
 ഇറ്റലി, സ്പെയിന്‍, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളില്‍ നടന്ന മീറ്റുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാതിരുന്നതില്‍ നിരാശയുണ്ട്. വിസാ പ്രശ്നങ്ങളാണ് വിനയായത്. അന്താരാഷ്ട്ര മത്സരങ്ങളിലെ പരിചയം തീര്‍ച്ചയായും മോസ്കോയില്‍ ഗുണം ചെയ്യുമായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലത്തെിയിട്ടുണ്ട് ഇര്‍ഫാന്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP