സ്വാഗതം
WELCOME

News Update..

Saturday, April 27, 2013

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ് Madhyamam News Feeds

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ് Madhyamam News Feeds

Link to

എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം കാര്യം നേടാനെന്ന് വി.എസ്

Posted: 27 Apr 2013 12:43 AM PDT

Image: 

തൃശൂര്‍: എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യ നീക്കം സ്വന്തം കാര്യം നേടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നീക്കം. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തിയെടുക്കാനുള്ള ഇവരുടെ ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.  

വര്‍ഗീയവാദികളുടെ കുപ്രചാരണം ഇനി വിലപ്പോവില്ല. മതേതര ശക്തികളെ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കുമെന്നും വി.എസ് പറഞ്ഞു.
എന്‍. എസ്.എസ്- എസ്.എന്‍.ഡി.പി സഖ്യം ഭരിക്കുന്നവരെ വിരട്ടി കാര്യംനേടാനുള്ള തന്ത്രമാത്രമായി കണ്ടാല്‍ മതിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഈ രണ്ട് സമുദായ സംഘടനകളും പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞില്ല. ഇരിങ്ങാലക്കുടയില്‍ നടന്‍ ഇന്നസെന്‍്റിനെ സന്ദര്‍ശിക്കാനെത്തിയ  വി.എസ്സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു

 

ഹയര്‍സെക്കന്‍ഡറി: ഒഴിഞ്ഞുകിടക്കുക രണ്ടായിരത്തിലേറെ സീറ്റുകള്‍

Posted: 27 Apr 2013 12:30 AM PDT

കൊല്ലം: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത് രണ്ടായിരത്തിലേറെ സീറ്റുകള്‍. ഇത് പരിഗണിക്കാതെ പുതിയ ബാച്ചുകളും എല്ലാ പഞ്ചായത്തിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചത് വിവാദമാകുന്നു.
കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞ് കിടന്നത് നാലായിരത്തിലേറെ സീറ്റുകളാണ്. ഹയര്‍സെക്കന്‍ഡറിയില്‍ 30958 സീറ്റും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 4830 മായി ആകെ 35788 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 3231 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍  863 സീറ്റുകളുമാണ് കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത്. കൂടാതെ ഐ.ടി.സി, ടി.ടി.സി, മറ്റ് പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലെ സീറ്റുകളും ഉണ്ട്.
എന്നാല്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍  ജില്ലയില്‍നിന്ന്് പാസായത് 33,132 വിദ്യാര്‍ഥികള്‍ മാത്രമാണ്. ഇവരെല്ലാം ഹയര്‍സെക്കന്‍ഡറി മേഖല തെരഞ്ഞെടുത്താല്‍തന്നെ രണ്ടായിരത്തിലേറെ സീറ്റുകള്‍ നിറയ്ക്കാന്‍ മറ്റ് ജില്ലകളില്‍നിന്ന് വിദ്യാര്‍ഥികള്‍ വരേണ്ടി വരും. ഇതൊന്നും പരിഗണിക്കാതെയാണ് ഓരോ പഞ്ചായത്തിലും സ്കൂളുകളും പുതിയ ബാച്ചുകളും അനുവദിക്കാന്‍ തുടങ്ങുന്നത്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് വഴി സര്‍ക്കാറിന് അധിക ബാധ്യതയേ വരുത്തൂ. പുതിയ പ്രഖ്യാപനം വിദ്യാഭ്യാസകച്ചവടത്തിനുമിടയാക്കാനാണ് സാധ്യത.രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് അധികമായി അനുവദിച്ച 550 ബാച്ചുകളില്‍ തസ്തിക സൃഷ്ടിക്കാനോ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനോ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കഴിഞ്ഞിട്ടില്ല.
തസ്തികകള്‍ സൃഷ്ടിച്ചേ ബാച്ചുകളും സ്കൂളുകളും അനുവദിക്കാവൂ എന്നാണ് പ്രഫ. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിലും നിര്‍ദേശിച്ചിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെയുള്ള പുതിയ പദ്ധതി നിക്ഷിപ്ത താല്‍പര്യക്കാരെ സഹായിക്കാനേ ഉപകരിക്കുകയുള്ളൂ. അധിക ബാച്ച് അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി  ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് രാജന്‍ മലനട അധ്യക്ഷത വഹിച്ചു. സാം ജോണ്‍, ശ്രീരംഗം ജയകുമാര്‍, ഫിലിപ്പ് ജോര്‍ജ്, സന്തോഷ് കുമാര്‍, സിന്ധു വെണ്ടാര്‍, ശ്രീകുമാര്‍ കടയാറ്റ്, മാത്യു പ്രകാശ്, നിസാം, കസ്മീര്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
 

സുരക്ഷാ ക്രമീകരണങ്ങളില്ല: അരൂര്‍ ബൈപാസ് ജങ്ഷനില്‍ അപകട ഭീഷണി

Posted: 27 Apr 2013 12:20 AM PDT

അരൂര്‍: ദേശീയപാതയിലെ ഏറ്റവും തിരക്കുള്ള അരൂര്‍ ബൈപാസ് ജങ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങളില്ല. എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ ഇവിടെ  അപകടങ്ങള്‍ പതിവായിട്ടും ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ അധികൃതര്‍ അവഗണിക്കുകയാണ്.
ബൈപാസ് ജങ്ഷനില്‍ മൂന്ന് റോഡുകളാണ് സന്ധിക്കുന്നത്. ആലപ്പുഴ, തോപ്പുംപടി, വൈറ്റില എന്നിവിടങ്ങളില്‍നിന്ന് എ ത്തുന്ന റോഡുകളാണ് ജങ്ഷനില്‍ ഒന്നിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അധികവും തോപ്പുംപടി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും തോപ്പുംപടി ഭാഗത്തേക്കും വാഹനങ്ങള്‍ എത്തും. ഇവയെല്ലാം വലിയ ആശയക്കുഴപ്പത്തില്‍ നട്ടംതിരിയുന്നത് സ്ഥിരം കാഴ്ചയാണ്. പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതും ഈ ആശയക്കുഴപ്പമാണ്. ഇവിടെ സിഗ്നല്‍ ലൈറ്റുകളില്ല. രാത്രിയില്‍ വെളിച്ചവുമില്ല. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ട പ്രധാന ജങ്ഷനാണിത്. പക്ഷേ സാധാരണ വഴിവിളക്കുകള്‍ പോലും ഇവിടെയില്ല. ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പൊലീസുകാര്‍ക്ക് എല്ലാ ദിശകളില്‍ നിന്നും എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും സാധ്യമല്ല.
ട്രാഫിക് ലൈന്‍ സിസ്റ്റം ആരംഭിക്കുന്ന ജങ്ഷനാണിത്. എന്നാല്‍, വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരാളും ഇവിടെ ഉണ്ടാകാറില്ല. കോടികള്‍ മുടക്കി നാലുവരിയാക്കി ഹൈവേ പുനര്‍നിര്‍മാണം നടത്തിയപ്പോള്‍ അലങ്കാരദീപങ്ങളും മീഡിയന്‍ സൗന്ദര്യവത്കരണവും ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങളും പദ്ധതിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു.
വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുഖ്യപ്രാധാന്യം കാല്‍നടക്കാര്‍ക്കായിരിക്കുമെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അരൂര്‍ ബൈപാസ് ജങ്ഷനില്‍ വഴിയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ളേശിക്കേണ്ടിവരും. നാലുപാടും ഓടിയടുക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ പലരും മറുവശമെത്തുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. ഒരുമാസം ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്നത് ഒരുകോടിയിലേറെ രൂപയാണ്. എന്നാല്‍, ബൈപാസിലൂടെ സഞ്ചരിക്കുന്ന വാഹനയാത്രികരുടെ സുരക്ഷക്ക് ഒരുപൈസപോലും ചെലവാക്കില്ലെന്ന വാശിയിലാണ് ഹൈവേ അധികൃതര്‍.

മെട്രോ റെയില്‍ സ്ഥലം ഏറ്റെടുക്കല്‍: വില നിര്‍ണയിക്കാന്‍ ചര്‍ച്ച തുടങ്ങി

Posted: 27 Apr 2013 12:14 AM PDT

കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ വിവിധ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങി. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി പ്രാഥമികമായി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീതിന്‍െറ നേതൃത്വത്തിലാണ് ചര്‍ച്ച. ഇടപ്പള്ളി ഹൈസ്കൂള്‍,കലൂര്‍ ബസ് സ്റ്റാന്‍ഡ്, തൈക്കൂടം, പേട്ട സ്റ്റേഷനുകള്‍, ശീമാട്ടി കോറിഡോര്‍ എന്നിവയുടെ വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചയാണ് വെള്ളിയാഴ്ച നടന്നത്. മെട്രോ ഡെപ്യൂട്ടി കലക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതരും സ്ഥലമുടമകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇടപ്പള്ളി ഹൈസ്കൂള്‍ ജങ്ഷനില്‍ 8.5 സെന്‍റ്, കലൂര്‍ സ്റ്റാന്‍ഡില്‍  2.4 സെന്‍റ്, എളംകുളത്ത് 2.64 സെന്‍റുമാണ് ഏറ്റെടുക്കുന്നത്. തൈക്കൂടത്ത് 1.17 ഏക്കറും പേട്ടയില്‍ 1.37 ഏക്കറും ഏറ്റെടുക്കാനാണ് വിജ്ഞാപനം. ശീമാട്ടി കോറിഡോറിനായി 27 സെന്‍റും ഏറ്റെടുക്കും. ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച പൂര്‍ത്തീകരിച്ച് സ്ഥലം ഡി.എം.ആര്‍.സിക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. പത്തടിപ്പാലം, ആലുവ ബൈപാസ്, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല, പുളിഞ്ചോട്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ് കോളജ് എന്നീ 10 സ്റ്റേഷനുകളുടെ അലൈന്‍മെന്‍റ് നിര്‍ണയം പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
നോര്‍ത്ത്, സലിം രാജന്‍ റോഡ് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഫുട് ഓവര്‍ബ്രിഡ്ജ്, മുട്ടം മെട്രോ യാര്‍ഡ് എന്നിവക്ക് സ്ഥലം ഏറ്റെടുത്ത് കെ.എം.ആര്‍.എല്‍ മുഖേന ഡി.എം.ആര്‍.സിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികളുടെ അന്തിമഘട്ടത്തിലേക്ക് ജില്ലാഭരണകൂടം കടന്നിരിക്കുന്നത്. സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില സംബന്ധിച്ച് ഉടമകളുമായി ധാരണയിലെത്തിയാല്‍  80 ശതമാനം തുക നല്‍കി ഉടന്‍ ഏറ്റെടുക്കും. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന് വിധേയമായി കൈമാറും. പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഉടമകളുമായി ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നടപടിയിലൂടെയാകും സ്ഥലം ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മണല്‍ കയറ്റാന്‍ ഭാരതപ്പുഴയിലിറക്കിയ15 ലോറികള്‍ പിടികൂടി

Posted: 27 Apr 2013 12:11 AM PDT

വടക്കാഞ്ചേരി: മണല്‍ കയറ്റാന്‍ ഭാരതപ്പുഴയിലിറക്കിയ 15 ലോറികള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്  കലക്ടര്‍ക്ക് കൈമാറി. വള്ളത്തോള്‍നഗര്‍ പഞ്ചായത്തിലെ മേച്ചേരി കടവിലിറക്കി ലോഡ് നിറച്ച 13 ലോറികളും നിറക്കാനുള്ള രണ്ട് ലോറിയുമാണ് ചെറുതുരുത്തി എസ്.ഐ പി.പി. ജോയിയും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം.റവന്യൂ അധികൃതരുടെയും പഞ്ചായത്തിന്‍െറയും ഒത്താശയോടെയാണ് ഹൈകോടതിയുടെ നദീസംരക്ഷണ നിയമവും മണല്‍വാരല്‍ നിയന്ത്രണ നിയമവും ലംഘിച്ച മണല്‍ കടത്ത് നടത്തുന്നത്.
 ലോറികള്‍ വിട്ടുകൊടുക്കണമെന്ന് സ്റ്റേഷനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ഗീത  അഭ്യര്‍ഥിച്ചത് തന്നെ അധികൃതരുടെ ഒത്താശക്ക് ഉദാഹരണമാണ്. സെക്രട്ടറിയുടെ ആവശ്യം എസ്.ഐ നിരസിച്ചു. ആവശ്യം രേഖാമൂലം തന്നാല്‍ പരിഗണിക്കാമെന്നായിരുന്നു എസ്.ഐയുടെ നിലപാട്.
തലപ്പിള്ളി താലൂക്കോഫിസില്‍നിന്ന് വിതരണം ചെയ്ത റവന്യൂ പാസുമായി എത്തി പുഴയിലിറക്കിയതായിരുന്നു ലോറികള്‍. ലോറികള്‍ കരയില്‍ നിര്‍ത്തി തൊഴിലാളികള്‍ തലച്ചുമടായി മണല്‍ കയറ്റണമെന്നാണ് നിയമം.  2001ല്‍ സര്‍ക്കാര്‍ അംഗീകരിച്ച് 2002ല്‍ ഹൈകോടതി ഉത്തരവായതാണ് നദീസംരക്ഷണ നിയമവും മണല്‍ വാരല്‍ നിയന്ത്രണ നിയമങ്ങളും. കൂടാതെ നദികളില്‍ ഖനനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണമെന്ന 2012ലെ സുപ്രീംകോടതി ഉത്തരവിന്‍െറയും ലംഘനമാണ് പുഴയില്‍ ലോറിയിറക്കി മണല്‍ നിറക്കുന്നത്. പിടിച്ചിട്ട ലോറികള്‍ പുഴയില്‍ തന്നെ നിര്‍ത്തി കാവലേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് എസ്.പി അറിയിച്ചതായി എസ്.ഐ പറഞ്ഞു. വേറെ സ്ഥലമില്ലാത്തതാണ് കാരണം.
 

കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു

Posted: 27 Apr 2013 12:03 AM PDT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയില്‍ രാത്രിയുടെ മറവില്‍ വീണ്ടും മൂന്ന് ടിപ്പറുകള്‍ ആക്രമിച്ചു.
കൊടുങ്ങല്ലൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന വാഹന ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് വ്യാഴാഴ്ച അര്‍ധരാത്രി മത്തേല ആനാപ്പുഴയില്‍ ടിപ്പറുകള്‍ ആക്രമിക്കപ്പെട്ട സംഭവം.
മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലും രാത്രിയുടെ മറവില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്ന അക്രമികളുടെ അഴിഞ്ഞാട്ടം ഏറിവരികയാണ്. കുഴപ്പക്കാരെ ഇടക്കിടെ പൊലീസ് പിടികൂടുന്നുവെങ്കിലും വസ്തുവകകള്‍ നശിപ്പിക്കുന്ന ഈ രീതി വ്യാപകമാവുകയാണ്.
 മത്തേല, എറിയാട്, അഴീക്കോട്, പി.വെമ്പല്ലൂര്‍, ശ്രീനാരായണപുരം, കൂളിമുട്ടം ഭാഗങ്ങളിലായി സമീപകാലത്തായി ഒട്ടേറെ തീവെപ്പ്, അടിച്ചുതകര്‍ക്കല്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ട്.
മത്തേല ആനാപ്പുഴ ഉണ്ടേകടവ് പാലത്തിന് സമീപം വടക്കേടത്ത് രാജേഷിന്‍െറ മൂന്ന് ടിപ്പറുകളാണ് വ്യാഴാഴ്ച രാത്രി അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്. ടി.കെ.എസ് പുരത്ത് ബുധനാഴ്ച രാത്രി ബവാസ് ബേക്കറിയുടെ വാഹനം മതില്‍ചാടി കടന്നുവന്ന അക്രമികള്‍ തല്ലിതകര്‍ത്തു.
ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂര്‍ ചാത്തേടത്ത് പറമ്പില്‍ ബെന്നിയുടെ ഓട്ടോ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഇതിന് തലേന്ന് മത്തേല കണ്ടംകുളത്ത് വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടിപ്പറുകള്‍ തല്ലിതകര്‍ത്തു. തൊട്ട് മുമ്പത്തെ ദിവസം മത്തേല കടുകചുവടില്‍ ആഡംബര കാര്‍ രാത്രിയിലെത്തിയ അക്രമി സംഘം തീവെച്ചു.
ഇതിന് പിറകില്‍ പ്രണയ പ്രതികാരമാണെന്ന് കണ്ടെത്തിയ പൊലീസ് മൂന്നുപേരെ പിടികൂടിയിരുന്നു. മത്തേല പറമ്പികുളത്ത് നഗരസഭ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം നടത്തിയ സംഘത്തെയും കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു.
ഇതിനിടയില്‍ മതിലകം സ്റ്റേഷന്‍ പരിധിയിലെ പി.വെമ്പല്ലൂരില്‍ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് അക്രമിസംഘം അടുത്ത പറമ്പില്‍ കൊണ്ടുപോയി തീവെച്ച് ചാമ്പലാക്കിയ സംഭവമുണ്ടായി. ഇതിന് ഒരാഴ്ച മുമ്പ് മതിലകം എമ്മാട് ഓട്ടോ അഗ്നിക്കിരയാക്കി.  അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഒരു വീട്ടിലെ ഒരു ഓട്ടോ രണ്ടുതവണ കത്തിച്ചു.
അരിശം തീരാത്ത അക്രമികള്‍ കുടുംബനാഥന്‍ ഉപയോഗിച്ചിരുന്ന ആക്ടിവയും തീവെച്ചു. തിരുവെള്ളൂരില്‍ രണ്ട് ബൈക്കുകള്‍ കത്തിയതിന്‍െറ തുമ്പ് കണ്ടെത്താനായില്ല.
മാസങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണപുരം ആമണ്ടൂരില്‍ കിടക്ക ഫാക്ടറി കത്തി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട സംഭവമുണ്ടായി.
സമാന സംഭവം മുമ്പ് എറിയാടും നടന്നിട്ടുണ്ട്. എന്നാല്‍, സമീപകാലത്താണ് കത്തിക്കലും തകര്‍ക്കലും ഏറിയത്. പല കേസുകളിലും പൊലീസ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്.

മജിസ്ട്രേറ്റുമാരില്ല; ഹോസ്ദുര്‍ഗ് കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു

Posted: 26 Apr 2013 11:45 PM PDT

കാഞ്ഞങ്ങാട്: മജിസ്ട്രേറ്റുമാരില്ലാത്തതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കഴിഞ്ഞ രണ്ടര മാസമായി മജിസ്ട്രേറ്റില്ലാത്തത്.
ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എറണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടി പോയതിന് പകരം ആളെ നിയമിച്ചിട്ടില്ല. ഇപ്പോള്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ മാത്രമാണ് കേസുകള്‍ വിളിക്കുന്നത്. മേയ് പത്തോടെ ഈ കോടതിയിലെ മജിസ്ട്രേറ്റും സ്ഥലംമാറി പോവുകയാണ്.
പ്രധാന കേസുകള്‍ തീര്‍പ്പ് കല്‍പിക്കേണ്ട കോടതിയില്‍ മജിസ്ട്രേറ്റ് ഇല്ലാത്ത അവസ്ഥ കേസുകളെ സാരമായി ബാധിക്കും. നൂറുകണക്കിന് കേസുകളാണ് ഈ കോടതിയില്‍ ഒരുദിവസം എത്തുക.  പല കേസുകളും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
മജിസ്ട്രേറ്റുമാരില്ലാതാകുമ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കും. കഴിഞ്ഞ രണ്ടുദിവസമായി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) അവധിയായതിനാല്‍ ഹോസ്ദുര്‍ഗ് കോടതിയുടെ പ്രവര്‍ത്തനം നിലച്ച മട്ടായിരുന്നു. സിവില്‍ കോടതിക്ക് വെക്കേഷന്‍ അവധിയായതിനാല്‍ അതും തുറന്നില്ല.

ജില്ലയില്‍ മദ്യത്തില്‍ മായം ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്

Posted: 26 Apr 2013 11:42 PM PDT

 കണ്ണൂര്‍:  ജില്ലയിലെ ബാറുകളിലും കള്ളുഷാപ്പുകളിലും നല്‍കുന്ന മദ്യത്തില്‍ മായം ചേര്‍ക്കുന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട്. വ്യാജമദ്യം തടയാനുള്ള ജില്ലാതല ജനകീയ സമിതി യോഗത്തിലാണ് മദ്യത്തില്‍ വീര്യവ്യത്യാസം കണ്ടെത്തിയ സംഭവങ്ങളുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഡെപ്യൂട്ടി  എക്സൈസ് കമീഷണര്‍ പി. ജയരാജന്‍ സമര്‍പ്പിച്ചത്.
2013 ഫെബ്രുവരി ആറ് മുതല്‍ ഏപ്രില്‍ 22 വരെ ജില്ലയില്‍ 201 അബ്കാരി കേസുകള്‍  എടുത്തതായും  സമിതി കണ്‍വീനര്‍ കൂടിയായ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍  യോഗത്തെ അറിയിച്ചു.  10 നാര്‍ക്കോട്ടിക് കേസുകളും പിടിച്ചു. 215 പേരെ പ്രതിചേര്‍ത്തു.  697.075 ലിറ്റര്‍ വിദേശമദ്യം, 44.515 ലിറ്റര്‍ മാഹി മദ്യം, 28 ലിറ്റര്‍ ചാരായം, 18.5 ലിറ്റര്‍ വാഷ് എന്നിവ തൊണ്ടി മുതലായി ഈ കാലയളവില്‍ പിടികൂടി.  3200 വാഹനങ്ങള്‍ പരിശോധിച്ചു. മദ്യം കടത്തിയ ഒമ്പത് വാഹനങ്ങള്‍  പിടിച്ചെടുത്തു.  ഇതിനുപുറമെ പൊലീസ് വകുപ്പ് 197 അബ്കാരി കേസുകളിലായി 236 പ്രതികളെ അറസ്റ്റ് ചെയ്യുകയും 11.74 ലിറ്റര്‍ വിദേശമദ്യവും നാടന്‍ ചാരായവും പിടിച്ചെടുക്കുകയും ചെയ്തു.
കണ്ണൂര്‍ സന്നിധാന്‍ ബാര്‍, പുതിയതെരു ഗീത റസിഡന്‍സി, കൂത്തുപറമ്പ് സര്‍ക്കിളിലെ പേള്‍വ്യൂ റീജന്‍സി, ഹോട്ടല്‍ വിക്ടോറിയ എന്നീ ബാര്‍ ഹോട്ടലുകളില്‍ നിന്നെടുത്ത സാമ്പിളുകളിലാണ് വീര്യവ്യത്യാസം കണ്ടെത്തിയത്.  തലശ്ശേരി റെയ്ഞ്ചിലെ ആണിക്കാംപൊയില്‍ കള്ളുഷാപ്പിലെ കള്ളില്‍ വീര്യക്കൂടുതല്‍ കണ്ടതിനെ തുടര്‍ന്ന് ഈ ഗ്രൂപ്പിലെ ഏഴ് കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.  ജില്ലയില്‍ ഉത്സവസ്ഥലങ്ങളില്‍ മദ്യപരിശോധന കര്‍ശനമാക്കാന്‍ സമിതി യോഗം തീരുമാനിച്ചു.  ഇതിനായി പൊലീസ്-എക്സൈസ് സംയുക്ത പരിശോധന കര്‍ശനമാക്കും. ബാറുകളില്‍ മദ്യത്തോടൊപ്പം ഭക്ഷണം നല്‍കുന്നില്ലെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടു.  മദ്യം മാത്രം വിതരണം ചെയ്യുന്ന ബാറുകളില്‍ പരിശോധന നടത്തി നടപടിയെടുക്കണമെന്ന നിര്‍ദേശവും അംഗങ്ങള്‍ മുന്നോട്ടുവെച്ചു.  
മദ്യപിച്ചും പാന്‍മസാലപോലുള്ള പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചും ബസുകളില്‍ യാത്ര ചെയ്യുന്നത് നിരുത്സാഹപ്പെടുത്താന്‍ ബോധവത്കരണവും പരിശോധനയും വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.  രാത്രി ബസ് യാത്രകളില്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടിവരുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യത്തിനും പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനുമെതിരെ ബോധവത്കരണം നടത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു.
സമിതി ചെയര്‍മാന്‍ ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍  അധ്യക്ഷത വഹിച്ചു.   അസി.എക്സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികളായ മുകുന്ദന്‍ മാസ്റ്റര്‍, കെ.കെ.രാജന്‍, എ.പി.രാഗേഷ്, ടി.ചന്ദ്രന്‍, പി.സൂര്യദാസ്, കൃഷ്ണന്‍ നമ്പൂതിരി പന്നിയോട്ട് ഇല്ലം, പി.അബ്ദുല്‍ ലത്തീഫ്, കെ.പി.സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലപ്പുറം ഫെസ്റ്റിന് കോട്ടക്കുന്ന് ഒരുങ്ങിത്തുടങ്ങി

Posted: 26 Apr 2013 11:29 PM PDT

മലപ്പുറം: നഗരസഭയും ഡി.ടി.പി.സിയും സംയുക്തമായി മേയ് ഒന്നുമുതല്‍ 19 വരെ കോട്ടക്കുന്നില്‍ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിന്‍െറ കാല്‍നാട്ടല്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. കശ്മീര്‍ താഴ്വരയിലെ ദൃശ്യ വിസ്മയങ്ങളുമായി അഡോണ്‍ മഞ്ഞ് താഴ്വര, ഫുഡ് ഫെസ്റ്റ്, പുഷ്പമേള, വിദേശ മത്സ്യ-പക്ഷി പ്രദര്‍ശനം എന്നിവ ഉണ്ടാകും.  ഉദ്ഘാടന ദിവസം പിന്നണി ഗായിക സയനോര അവതരിപ്പിക്കുന്ന ഗാനമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

നാവിക ആസ്ഥാനത്തെ പീഡനം; സി.ബി.ഐ അന്വേഷണം വേണമെന്ന് പരാതിക്കാരി

Posted: 26 Apr 2013 11:22 PM PDT

Image: 

കൊച്ചി: കൊച്ചി നാവിക ആസ്ഥാനത്തെ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. കേരള പൊലീസിന്റെയും നാവിക സേനയുടെയും അന്വേഷണത്തില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവിന്റെ ഒത്താശയോടെ മേലുദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭുവനേശ്വര്‍ സ്വദേശിയായ ലഫ്റ്റനന്റ് രവികിരണിന്റെ ഭാര്യയാണ് ഭര്‍ത്താവിനും മേലുദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഭര്‍ത്താവിനും കമാന്‍ഡര്‍ ഉള്‍പ്പെടെ 10 മേലുദ്യോഗസ്ഥര്‍ക്കുമെതിരെ ഹാര്‍ബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹത്തിനുശേഷം ഭര്‍ത്താവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പതിവായി പീഡിപ്പിക്കുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഭ്രാന്തിയായി മുദ്രകുത്തി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. ഇതിനൊപ്പമാണ് മേലുദ്യോഗസ്ഥര്‍ക്ക് കാഴ്ചവെക്കാനും ശ്രമിച്ചത്. നേവിയില്‍ ഇതൊക്കെ പതിവാണെന്ന് പറഞ്ഞാണ് മേലുദ്യോഗസ്ഥര്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ശ്രമിച്ചത്. വഴങ്ങാത്തതിന്റെ പേരില്‍ ഒരു ദിവസം കമാന്‍ഡര്‍ മൂന്ന് കീഴുദ്യോഗസ്ഥരും ചേര്‍ന്ന് കമാന്‍ഡറിന്റെ മുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിക്കുന്നതിന് രവികിരണിനെതിരെ 498 (എ) വകുപ്പും മറ്റുള്ളവര്‍ക്കുമെതിരെ 354, 341, 506 (ഒന്ന്) വകുപ്പുകളും ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, സംഭവം കുടുംബപ്രശ്‌നം മാത്രമാണെന്നും ഭര്‍ത്താവിനോടുള്ള പകതീര്‍ക്കാന്‍ പരാതിക്കാരി മേലുദ്യോഗസ്ഥരെയും ഇതിലേക്ക് വലിച്ചിഴക്കുകയാണെന്നുമാണ് നാവികസേനയുടെ റിപ്പോര്‍ട്ട്.  

 

Friday, April 26, 2013

കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി Madhyamam News Feeds

കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി Madhyamam News Feeds

Link to

കടല്‍ക്കൊല കേസ്: എന്‍.ഐ.എക്ക് അന്വേഷണം തുടരാം -സുപ്രീംകോടതി

Posted: 26 Apr 2013 12:04 AM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊല കേസിന്റെഅന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) തന്നെ തുടരാമെന്ന് സുപ്രീംകോടതി. കേസ് എന്‍.ഐ.എക്ക് കൈമാറിയ കേന്ദ്രസര്‍ക്കാറിന്റെനടപടി ചോദ്യം ചെയ്ത് ഇറ്റലി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സി.ബി.ഐ.യെ അന്വേഷണം ഏല്‍പ്പിക്കണമെന്ന ഇറ്റലിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പ്രത്യേക കോടതി രൂപീകരണം അടക്കം കേസില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി അംഗീകരിച്ചു. അന്വേഷണവും വിചാരണയും സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാം. ഇറ്റാലിയന്‍ നാവികരുടെ ജാമ്യവ്യവസ്ഥകള്‍ തുടരും. കേസ് വിചാരണക്ക് വരുമ്പോള്‍ ഇറ്റലിക്ക് അവരുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.

ദൈനംദിനാടിസ്ഥാനത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഈ കാലയളവില്‍ പ്രത്യേക കോടതി മറ്റൊരു കേസും പരിഗണിക്കരുതെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി ഹാജരായില്ലെന്ന കാരണത്താല്‍ ഉത്തരവിടുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

 

വിമാനത്താവളത്തില്‍ നികുതി; സ്വര്‍ണ നാണയങ്ങള്‍ വാങ്ങിയവര്‍ വെട്ടിലായി

Posted: 25 Apr 2013 11:58 PM PDT

Image: 

ദുബൈ: സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങിയ പ്രവാസികള്‍ കുടുങ്ങി. സ്വര്‍ണ നാണയങ്ങള്‍ക്ക് നാട്ടിലെ വിമാനത്താവളത്തില്‍ നികുതി ചുമത്തുന്നതാണ് ഇവരെ വെട്ടിലാക്കിയത്. ഇന്ത്യയിലെയും യു.എ.ഇയിലെയും സ്വര്‍ണ വിലയിലെ അന്തരം താരതമ്യം ചെയ്ത് മൂന്നും നാലും പവന്‍ നാണയങ്ങള്‍ വാങ്ങിയവര്‍ക്ക് വന്‍ തുക നഷ്ടമാകുന്ന അവസ്ഥയാണ്. പവന് 2,000 രൂപയാണ് വിമാനത്താവളത്തില്‍ നികുതി ഈടാക്കുന്നത്.
സ്വര്‍ണത്തിനുണ്ടായ വിലയിടിവിനെ തുടര്‍ന്ന് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ ജ്വല്ലറികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇതില്‍ ഭൂരിഭാഗം പേരും ഒരു പവന്‍, അര പവന്‍ നാണയങ്ങള്‍ വാങ്ങാനാണ് എത്തിയത്. ഉടനെ ആവശ്യമില്ലെങ്കിലും വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാമെന്ന് കരുതിയാണ് നല്ലൊരു ശതമാനം ഇതിന് തയാറായത്. ആഭരണങ്ങള്‍ക്ക് പണിക്കൂലി നല്‍കണമെന്നതിനാല്‍ ഭൂരിഭാഗം പ്രവാസികളും നാണയങ്ങളാണ് വാങ്ങിയത്.
ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് എത്തിയതോടെ ദുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വര്‍ണ നാണയങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായി. ഇതത്തേുടര്‍ന്ന് പണമടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കുന്നവരുണ്ട്. വില വീണ്ടും ഉയരുകയും നാല് ദിവസമായി വലിയ വ്യത്യാസമില്ലാതെ തുടരുകയും ചെയ്യുന്നതിനാല്‍ ജ്വല്ലറികളില്‍ തിരക്ക് അല്‍പം കുറഞ്ഞെങ്കിലും ഇപ്പോഴും നാണയങ്ങള്‍ക്ക് ക്ഷാമമാണ്.
കഴിഞ്ഞ ദിവസങ്ങളിലെ രൂപ-ദിര്‍ഹം വിനിമയ നിരക്കിന്‍െറ അടിസ്ഥാനത്തില്‍ ഗള്‍ഫില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതായിരുന്നു ലാഭകരം. എന്നാല്‍, നാണയങ്ങളുമായി നാട്ടിലേക്ക് പോയ പലര്‍ക്കും ഒരു പവന് 2,000 രൂപ നികുതി നല്‍കേണ്ടിവന്നു. അതേസമയം, ചിലര്‍ ഉദ്യോഗസ്ഥരുടെ കാരുണ്യത്തില്‍ നികുതി നല്‍കാതെ ഒഴിവായി. ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ എന്‍. അഹ്മദ് കോയ ഒരു പവന്‍ വീതമുള്ള രണ്ടു നാണയങ്ങള്‍ക്ക് 4,000 രൂപയാണ് നികുതി അടച്ചത്. നാണയങ്ങള്‍ക്ക് ഒരു പവന് 2,000 രൂപ നികുതി അടക്കണമെന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ അറിയിപ്പുള്ളതായി അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അവധിക്ക് നാട്ടില്‍ പോകുന്ന നിരവധി പേര്‍ വില കുറഞ്ഞ സമയത്ത് സ്വര്‍ണ നാണയങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്. പവന് 2,000 രൂപ വീതം നികുതി നല്‍കേണ്ടിവന്നാല്‍ ഇവര്‍ക്ക് നഷ്ടമുണ്ടാകും. അതേസമയം, വിലക്കുറവ് മുതലെടുത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് കോടികളുടെ സ്വര്‍ണം ഒഴുകി.
വിദേശ രാജ്യങ്ങളില്‍നിന്ന് നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണാഭരണത്തിന്‍െറ പരിധി ഈ സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും ആഭരണങ്ങള്‍ കസ്റ്റംസ് നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാം. ഒരു വര്‍ഷം വിദേശത്ത് താമസിച്ചവര്‍, വിദേശത്തുനിന്ന് നാട്ടിലേക്ക് താമസം മാറ്റുന്നവര്‍ എന്നിവര്‍ക്കാണ് ഈ  ആനുകൂല്യം.

കല്‍ക്കരി ഇടപാട്: അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിയുമായി പങ്കുവെച്ചിരുന്നതായി സി.ബി.ഐ

Posted: 25 Apr 2013 11:55 PM PDT

Image: 

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് നിയമമന്ത്രി അശ്വിനി കുമാര്‍ കണ്ടതായി സി.ബി.ഐ. അന്വേഷണത്തിന്റെ കരട് റിപ്പോര്‍ട്ട് നിയമമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും കല്‍ക്കരി മന്ത്രാലയവുമായും പങ്കുവെച്ചതായും സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ഇനി തയാറാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ആരുമായി പങ്കുവെക്കില്ലന്നെും രാഷ്ട്രീയ നേതൃത്വം കാണാത്ത അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ സി.ബി.ഐ വ്യക്തമാക്കി.

നിയമമന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരമാണ് റിപ്പോര്‍ട്ട് അവരെ കാണിച്ചതെന്ന് സി.ബി.എ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തിരുത്തല്‍ വരുത്തിയോ എന്ന കാര്യത്തില്‍ സി.ബി.ഐ യാതൊരു വിശദീകരണവും രണ്ടു പേജുള്ള സത്യവാങ്മൂലത്തില്‍  നല്‍കിയിട്ടില്ല.

കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണത്തിന്റെ പേരില്‍ പാര്‍ലമെന്‍്റില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന  സി.ബി.ഐയുടെ സത്യവാങ്മൂലം.

അതിനിടെ, സി.ബി.ഐയുടെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് അഡ്വ.പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ കേരന്ദസര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തിരുത്താന്‍ ആവശ്യപ്പെട്ടത് ആരെന്നതും വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. കേസ് ഈ മാസം 30 നാണ് കോടതി പരിഗണിക്കുക.

എന്നാല്‍, റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വനി കുമാര്‍ ഇടപെട്ടെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വിനി കുമാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്‍്റില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സിയെ സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിച്ചിരിക്കുയാണെന്നും ബി.ജെ.പി ആരോപിച്ചു.

2006നും 2009നുമിടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതിയില്‍  സമര്‍പ്പിച്ചിരുന്നത്.  സി.ബി.ഐ. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് പങ്കില്ലന്നൊയിരുന്നു സി.ബി.ഐ  അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി സി.ബി.ഐ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

നേരത്തെ, അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍  സമര്‍പ്പിക്കുന്നതിനുമുമ്പ് നിയമമന്ത്രി അശ്വിനി കുമാര്‍, സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി  ഇടപെട്ടെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും  കല്‍ക്കരി മന്ത്രാലയവും റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏജന്‍സിയുടെ സ്വതന്ത്ര റിപ്പോര്‍ട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ആരോപണമുയര്‍ന്നിരുന്നു.

 

അഭിരുചികള്‍ മാറുന്നു; മാറ്റമില്ലാതെ ഉദിത്

Posted: 25 Apr 2013 11:54 PM PDT

Image: 

ദോഹ: ‘സംഗീതത്തില്‍ പഴയതെന്നോ പുതിയതെന്നോ ഇല്ല. സംഗീതം എന്നും സംഗീതം തന്നെ. മാറുന്നത് കാലവും ആസ്വാദകരുടെ അഭിരുചികളുമാണ്. പഴയ തലമുറ മെലഡിയെ കൂടുതല്‍ ഇഷ്ടപ്പെട്ടപ്പോള്‍ പുതിയ തലമുറക്കിഷ്ടം വേഗത്തിന്‍െറ സംഗീതമാണ്’-ഇതാണ് സംഗീതത്തെക്കുറിച്ച് ഉദിത് നാരായന്‍െറ കാഴ്ചപ്പാട്. എന്നാല്‍, ആസ്വാദകരുടെ അഭിരുചികള്‍ മാറി മറിയുമ്പോഴും വ്യത്യസ്തമായ ശബ്ദവും ആലാപനശൈലിയും കൊണ്ട് അവരുടെ മനസ്സുകളില്‍ മാറാതെ നില്‍ക്കുകയാണ് ഉദിത് നാരായണ്‍ എന്ന ഗായകന്‍. പഴയ തലമുറയും പുതിയ തലമുറയും മെലഡിയെ നെഞ്ചേറ്റുന്നവരും ആധുനിക സംഗീതത്തെ ഇഷ്ടപ്പെടുന്നവരുമെല്ലാം ഒന്നുപോലെ ഉദിത് സംഗീതത്തിന്‍െറ ആരാധകരാണ്. നേപ്പാളില്‍ ജനിച്ച് മുംബൈയില്‍ താമസമാക്കിയ ഈ ഗായകന്‍െറ സംഗീതജീവിതം സമ്മാനിച്ചത് 34 ഭാഷകളിലായി പതിനയ്യായിരത്തോളം ഗാനങ്ങള്‍.
മലയാളം, ഹിന്ദി, കന്നഡ, മറാത്തി, ഭോജ്പൂരി, തമിഴ്, തെലുങ്ക്, നേപ്പാളി, ഉര്‍ദു, സിന്ധി, പഞ്ചാബി, ഒറിയ, ആസാമീസ്, മറാത്തി, ബംഗാളി....ഉദിതിന്‍െറ ശബ്ദത്തിലൂടെ സംഗീതമായി മാറിയ ഭാഷകളുടെ പട്ടിക നീളുന്നു.
1988ല്‍ ആനന്ദ് മിലിന്ദിന്‍െറ സംഗീതത്തില്‍ ‘ഖയാമത്ത് സെ ഖയാമത്ത് തക്’ എന്ന ചിത്രത്തിന് വേണ്ടി പാടിയ ഗാനങ്ങളാണ് ബോളിവുഡില്‍ ഉദിതിന്‍െറ പ്രശസ്തി വാനോളം ഉയര്‍ത്തിയത്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ പിറന്നിട്ട് ഈ മാസം 29ന് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കെയാണ് ഒരു ഇടവേളക്ക്ശേഷം സംഗീതപരിപാടിക്കായി ഉദിത് ദോഹയിലെത്തിയത്. ദോഹ വേവ്സ് ഇന്ന് സംഘടിപ്പിക്കുന്ന ഉദിത് നാരായണ്‍ ലൈവ് ഇന്‍ കണ്‍സര്‍ട്ട് സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം തന്‍െറ സംഗീതജീവിതത്തെക്കുറിച്ച് ‘ഗള്‍ഫ്മാധ്യമ’വുമായി സംസാരിച്ചു.
‘1978ല്‍ ചലച്ചിത്രരംഗത്ത് വന്നെങ്കിലും സംഗീതരംഗത്ത് പിടിച്ചുനില്‍ക്കാന്‍ ഏറെ അധ്വാനം വേണ്ടിവന്നു. പത്ത് വര്‍ഷം നീണ്ട ആ കാലയളവിനെ ഒരു സ്കൂളിലെ പരിശീലനമായാണ് ഞാന്‍ കാണുന്നത്. അക്കാലത്തെ പ്രശസ്തരായ സംഗീതസംവിധായകരുമായും ഗായകരുമായും പരിചയപ്പെടാനും അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു. ലക്ഷ്മികാന്ത് പ്യാരേലാല്‍ മുതല്‍ എ.ആര്‍ റഹ്മാന്‍ വരെയുള്ളവരോടൊപ്പം പ്രവര്‍ത്തിച്ചു. ആദ്യമായി തമിഴില്‍ പാടണമെന്ന് റഹ്മാന്‍ പറഞ്ഞപ്പോള്‍ ഒരുപാട് ആശങ്കകളുണ്ടായിരുന്നു. അസാധ്യമായി ഒന്നുമില്ലെന്നും നിങ്ങള്‍ക്കതിന് കഴിയുമെന്നും എല്ലാം ഞാന്‍ പഠിപ്പിക്കാമെന്നുമുള്ള റഹ്മാന്‍െറ വാക്കുകളാണ് ധൈര്യം തന്നത്. ശ്രദ്ധേയമായി മാറിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു.
മലയാളത്തില്‍ പാടാന്‍ ഏറെ ഇഷ്ടമാണ്. പ്രതിഭകളായ ഗായകരുടെ നാടാണ് കേരളം. യേശുദാസിനെപ്പോലുള്ളവരുടെ പാട്ടുകള്‍ ചെറുപ്പം മുതലേ കേള്‍ക്കുന്നതാണ്. അവരില്‍ നിന്നെല്ലാം സംഗീതത്തെക്കുറിച്ച് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചപ്പോഴെല്ലാം കേള്‍ക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമുക്ക് ആത്മാര്‍ഥമായ താല്‍പര്യവും അധ്വാനിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ സംഗീതത്തില്‍ ഭാഷ ഒരു തടസ്സമല്ലെന്നാണ് എന്‍െറ അനുഭവം.  മെലഡിയാണ് എന്നെന്നും നിലനില്‍ക്കുന്ന സംഗീതമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എല്ലാത്തരം സംഗീതത്തിനും ആസ്വാദകരുണ്ട്. അവര്‍ അത് വാങ്ങിക്കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ സംഗീതം കച്ചവടത്കരിക്കുന്നു എന്ന ആക്ഷേപത്തില്‍ കഴമ്പില്ല-ഉദിത് നാരായണ്‍ പറഞ്ഞു.

മതനേതാക്കള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കണമെന്ന് ദോഹ പ്രഖ്യാപനം

Posted: 25 Apr 2013 11:39 PM PDT

Image: 

ദോഹ: മതനേതാക്കള്‍ക്കും മതപണ്ഡിതന്‍മാര്‍ക്കുമെതിരെ നടക്കുന്ന എല്ലാത്തരം പീഡനങ്ങളെയും ആക്രമണങ്ങളെയും ശക്തമായി അപലപിക്കാന്‍ ഇന്നലെ സമാപിച്ച പത്താമത് ദോഹ മതസംവാദസമ്മേളനം അന്താരാഷ്ട്രസമൂഹത്തെ ആഹ്വാനം ചെയ്തു. സിറിയയിലെ സിവിലിയന്‍മാര്‍ക്കും ആരാധനാകേന്ദ്രങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ അതിയായ ആശങ്ക പ്രകടിപ്പിക്കുന്ന ‘ദോഹ പ്രഖ്യാപനത്തോടെ‘യാണ് ഷെറാട്ടണ്‍ ഹോട്ടലില്‍ മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം സമാപിച്ചത്.
അക്കാദമിക്, നീതിന്യായം, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരവും സമാധാനവും, മാധ്യമ സംസ്കാരം എന്നിങ്ങനെ നാല് പ്രമേയങ്ങളിലൂന്നിയായിരുന്നു സമ്മേളനത്തിലെ ചര്‍ച്ചകള്‍. വിവിധ വിശ്വാസവിഭാഗങ്ങള്‍ക്കിടയിലെ അന്തരങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ പൊതുചര്‍ച്ചക്കുള്ള വേദികളും സംവാദസംസ്കാരവും വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് അക്കാദമിക് സെഷനില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തലമുറകളെ സംവാദസംസ്കാരത്തിലേക്ക് നയിക്കുന്നതില്‍ അധ്യാപകര്‍ക്കും കുടുംബങ്ങള്‍ക്കും സുപ്രധാന പങ്കാണുള്ളത്.  മതസംവാദം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ദോഹ പ്രഖ്യാപനം സര്‍വ്വകലാശാലകളോടും പൊതു വിദ്യാഭ്യാസ അധികൃതരോടും ആവശ്യപ്പെട്ടു. ലോകത്തുടനീളം മതസംവാദ സംസ്കാരം വികസിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകര്‍ മതസംവാദ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതിന് കൂട്ടായി പരിശ്രമിക്കാന്‍ ദോഹയില്‍ നടന്ന സമ്മേളനം ഭാവിയില്‍ സഹായകമാകുമെന്ന് പ്രഖ്യാപനം പ്രത്യാശ പ്രകടിപ്പിച്ചു.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാം, ജൂത, ക്രിസ്ത്യന്‍ മതപണ്ഡിതരും അക്കാദമിക്-നയതന്ത്ര രംഗങ്ങളിലെ പ്രഗമല്‍ഭരുമടക്കം 75 രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.  കേരളത്തില്‍ നിന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. മന്നക്കരകാവില്‍ ഗീവര്‍ഗീസ് മാത്യു, ശാന്തിഗിരി ആശ്രമം ഓര്‍ഗൈനിസിങ് സെക്രട്ടറി സ്വാമി ഗുരുരത്ന ജഞാന തപസ്വി, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, മീഡിയ വണ്‍ ടി.വി എം.ഡി ഡോ. അബ്ദുസലാം അഹമദ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി സമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: കോടതി വിശദീകരണം ചോദിച്ചു

Posted: 25 Apr 2013 11:26 PM PDT

Image: 

ന്യൂദല്‍ഹി: 18വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് നേടാനായെന്നതിനെ കുറിച്ച് ദല്‍ഹി ഹൈകോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബി.ജെ.പി നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. സര്‍ക്കാരിന് പുറമെ ഫേസ്ബുക്കിനും ഗൂഗിളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് മെയ് 13ലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാവാത്തവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുറക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടുന്നത് ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഗോവിന്ദാചാര്യക്ക് വേണ്ടി ഹാജരായ വിരാഗ് ഗുപ്ത കോടതിയില്‍ പറഞ്ഞു. ലോകത്തെമ്പാടുമായി എട്ട് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് യു.എസ് അധികാരികള്‍ക്ക് മുമ്പാകെ കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഇത് ഇപ്പോള്‍ വീണ്ടും കൂടിയിട്ടുണ്ടാകുമെന്നും ഗുപ്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം കണക്കാക്കി അവരില്‍ നിന്ന് നികുതി പിരിച്ചെടുക്കണമെന്നും ഗോവിന്ദാചാര്യ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ടുള്ളവരുടെയും ഭാവിയില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നും 18 വയസ്സില്‍ താഴെയുള്ളവര്‍ ഇത്തരം സൈറ്റുകളുമായി കരാര്‍ ഏര്‍പ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
 

റിയാദ് മെട്രോ: സ്ഥലമെടുപ്പ് ആരംഭിച്ചു

Posted: 25 Apr 2013 10:55 PM PDT

Image: 

റിയാദ്: സൗദി തലസ്ഥാനത്ത് റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റി നടപ്പാക്കുന്ന പൊതുഗതാഗത സംവിധാനത്തിനുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. മെട്രോ ഉള്‍പ്പെടെ വിശാലമായ ഗതാഗത ശൃംഖലക്കാണ് അതോറിറ്റി രൂപം കണ്ടിട്ടുള്ളത്. നഗരത്തിലെ പ്രധാന നിരത്തുകളോട് ചേര്‍ന്ന് 34 കേന്ദ്രങ്ങളില്‍ അതോറിറ്റി ഇതിനായി സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. മെട്രോ, ബസ് സര്‍വീസിനുള്ള സ്റ്റേഷനുകള്‍, പാര്‍ക്കിങ്, അറ്റകുറ്റപ്പണിക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവക്കാണ് ഈ കേന്ദ്രങ്ങള്‍ ഉപയോഗിക്കുക.
റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റി അടയാളപ്പെടുത്തിയ സ്ഥലമുടമകളോട് ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിലുള്ള അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഉടമസ്ഥര്‍ക്ക് അര്‍ഹമായ വില നല്‍കി സ്ഥലം അതോറിറ്റി ഉടമപ്പെടുത്തുന്നതാണ് ആദ്യ ഘട്ടം.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും നിരത്തുകളെയും സ്പര്‍ശിച്ചുകൊണ്ടാണ് പൊതുഗതാഗത ശൃംഖല കടന്നുപോവുക. നഗരത്തിലെ ചില സുപ്രധാന പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും താമസസ്ഥലങ്ങളെയും അടയാളപ്പെടുത്തിയ സ്ഥലമെടുപ്പിലൂടെ ചിലരെയെങ്കിലും പദ്ധതി പ്രതികൂലമായി ബാധിച്ചേക്കും.
നഗര സിരാകേന്ദ്രമായ ബത്ഹയോട് ചേര്‍ന്നുള്ള അല്‍ഊദ്, ഗുബൈറ, റയില്‍വെ സ്റ്റേഷന് സമീപമുള്ള ഹയ്യുല്‍ ഫാറൂഖ്, അസീസിയ്യ, ബദീഅ, മന്‍സൂറ, നസീം, ഇസ്കാന്‍, അല്‍ഗദീര്‍ എന്നീ വില്ളേജുകളില്‍ സ്ഥലമെടുപ്പിന് അടയാളപ്പെടുത്തിയതിന്‍െറ വിശദാംശങ്ങള്‍ അതോറിറ്റിയുടെ www.ada.gov.sa എന്ന വെബ്സൈറ്റില്‍ ഗൂഗിള്‍ മാപ്പിന്‍െറ സഹായത്തോടെ ലഭ്യമാണ്.
 

മാനം തെളിഞ്ഞു; മഴക്ക് ശമനം

Posted: 25 Apr 2013 10:49 PM PDT

Image: 

മസ്കത്ത്: രണ്ടു ദിവസമായി ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് പെയ്ത മഴക്ക് ശമനം. ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായുണ്ടായ കാലാവസ്ഥ മാറ്റമാണ് ശക്തമായ കാറ്റിനും മഴക്കും കാരണമായത്. ഇറാനിലുണ്ടായ ഭൂമി കുലുക്കത്തിന്‍െറ തുടര്‍ ചലനമെന്നോണം രാജ്യത്തിന്‍െറ പലഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായിരുന്നു. ഇതിനു ശേഷമാണ് അന്തരീക്ഷം മേഘാവൃതമാവുകയും കാലാവസ്ഥയില്‍ മാറ്റമുണ്ടാവുകയും ചെയ്തത്. ഏതാനും ദിവസം പെയ്യാതെ മടിച്ചു മാറി നിന്ന മഴ മേഘങ്ങള്‍ തിമിര്‍ത്തു പെയ്തതോടെയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നാശ നഷ്ടങ്ങളുണ്ടായത്. വാദി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പെട്ടും മണ്ണിടിഞ്ഞു വീണും മൂന്നു കുട്ടികളുള്‍പ്പെടെ നാലു പേരാണ് മരിച്ചത്. വാദികള്‍ നിറഞ്ഞു കവിഞ്ഞും കുന്നുകളിടുഞ്ഞും മരം കടപുഴകിയുമാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസം സൈന്യം അഞ്ചു ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കിയിരുന്നു. ഈ മാസം മുഴുവനും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍, ഇന്നലെ മഴ മാറി ഏറെക്കുറെ തെളിഞ്ഞ ആകാശമായിരുന്നു.
ചിലയിടങ്ങളില്‍ വൈകുന്നേരം അങ്ങിങ്ങ് മേഘങ്ങള്‍ ദൃശ്യമായെങ്കിലും മഴ പെയ്തില്ല. രണ്ടു ദിവസം പെയ്ത മഴയില്‍ ഒലിച്ചു വന്ന കല്ലും മണ്ണും റോഡില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. തകര്‍ന്ന റോഡുകളില്‍ പലതും ഗതാഗത യോഗ്യമായിട്ടില്ല.
മഴ കൂടുതല്‍ നാശം വിതച്ച രാജ്യത്തിന്‍െറ വടക്കന്‍ തീരം സാധാരണ നിലയിലാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. നാശം വിതച്ചെങ്കിലും ജല സംഭരണികളിലെല്ലാം  നിരപ്പ് വര്‍ധിച്ചത് ആശ്വാസമായിട്ടുണ്ട്. കനത്ത ചൂടിനും ഏറെക്കുറെ ശമനമായി.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കില്ല -കുവൈത്ത് പ്രധാനമന്ത്രി

Posted: 25 Apr 2013 10:40 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളും സര്‍ക്കാര്‍ ഹനിക്കില്ളെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്. സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന എകീകൃത മാധ്യമ നിയമം (യൂനിഫൈഡ് മീഡിയ ലോ) മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ നിയമം അടിച്ചേല്‍പ്പിക്കില്ളെന്നും കൂട്ടിച്ചേര്‍ത്തു.
ബയാന്‍ പാലസില്‍ രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിര്‍ദിഷ്ട എകീകൃത മാധ്യമ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമ മേഖലയില്‍ ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കുകയും ആശങ്കകള്‍ക്ക് വിരാമമിടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന കൂടിക്കാഴ്ചയില്‍ വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്വബാഹും സംബന്ധിച്ചു.
ലോകത്തിന്‍െറ മറ്റു ഭാഗങ്ങളിലേതുപോലുള്ള മാധ്യമ സ്വാതന്ത്ര്യം കുവൈത്തിലും അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാര്‍ ഒരിക്കലും മാധ്യമങ്ങള്‍ക്കോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ല. മറിച്ച്, അന്താരാഷ്ട്ര നിലവാരത്തിനൊപ്പം നില്‍ക്കാന്‍ കുവൈത്തിലെ മാധ്യമങ്ങളെ സഹായിക്കുകയും പിന്തുണക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത് -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍െറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കല്‍പ്പിക്കുന്നവയാണ് കുവൈത്തിലെ മാധ്യമങ്ങള്‍. ഏറെ ഉത്തരവാദിത്തബോധം പ്രകടിപ്പിക്കുന്നവയും. അതുകൊണ്ടുതന്നെ കുവൈത്തി ജനതയുടെ അഭിമാനമാണ് ഇവിടത്തെ മാധ്യമങ്ങള്‍ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എകീകൃത മാധ്യമ നിയമവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും എതിര്‍പ്പുകളുമുണ്ടെങ്കില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമാണെന്നും നിയമത്തില്‍ എന്തെങ്കിലും പോരായ്മകളോ ദൗര്‍ബല്യങ്ങളോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്ന രാജ്യമെന്ന കുവൈത്തിന്‍െറ നിലപാടിന് മാറ്റമൊന്നുമുണ്ടാവില്ളെന്നും പ്രീ സെന്‍സര്‍ഷിപ്പ് നടപ്പാക്കാത്ത ചുരുക്കും രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത് എന്നും വാര്‍ത്താവിതരണ മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്വബാഹ് എടുത്തുപറഞ്ഞു. പുതിയ നിയമത്തിലും ഇത്തരം സംവിധാനങ്ങളൊന്നുമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, എകീകൃത മാധ്യമ നിയമത്തിന്‍െറ കാര്യത്തില്‍ വിശദമായ പഠനത്തിനും ചര്‍ച്ചക്കും വഴിതുറന്ന പ്രധാനമന്ത്രിയെ പാര്‍ലമെന്‍റ് സ്പീക്കര്‍ അലി അല്‍ റാഷിദ് അഭിനന്ദിച്ചു. നിയമം തിടുക്കപ്പെട്ട് നടപ്പാക്കേണ്ടതില്ളെന്ന സര്‍ക്കാറിന്‍െറ നിലപാട് പാര്‍ലമെന്‍റിനും മാധ്യമങ്ങള്‍ക്കുമൊക്കെ ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച മുമ്പാണ് എകീകൃത മാധ്യമ നിയമ നിയമം മന്ത്രിസഭ അംഗീകരിച്ചത്. പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ട് പാസായ ശേഷം അമീറിന്‍െറ അനുവാദത്തോടെയാണ് നിയമമാവുക. എന്നാല്‍, കര്‍ശന വ്യവ്സഥകളുള്ള നിയമത്തിനെതിരെ പല ഭാഗത്തുനിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ദൈവത്തെയും പ്രവാചകനെയും നിന്ദിക്കുന്നവര്‍ക്കും അമീറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷാ വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ദൈവത്തെയും പ്രവാചകനെയും ഭാര്യമാരെയും ബന്ധുക്കളെയും അനുചരന്മാരെയും നിന്ദിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവും അമീറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് 50,000 മുതല്‍ 3,00,000 ദീനാര്‍ വരെ പിഴയുമാണ് പുതിയ നിയമം അനുശാസിക്കുന്ന ശിക്ഷ. ഇത് കൂടാതെ കോടതിയുടെ അനുമതിയില്ലാതെ തന്നെ തീര്‍ത്തും ഭരണപരമായ തീരുമാനത്തിലൂടെ ഏത് തരത്തിലുള്ള മാധ്യമവും മൂന്നു വര്‍ഷം വരെ അടച്ചുപൂട്ടാന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അധികാരവും നല്‍കുന്നുണ്ട് പുതിയ നിയമം. പ്രധാനമായും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് കൂച്ചുവിലങ്ങിടുക എന്നതാണ് കര്‍ശന നിയമത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.
 

എം.എം മണിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted: 25 Apr 2013 10:34 PM PDT

Image: 

കൊച്ചി: സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം  മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നാവശ്യപ്പെട്ട്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ജ്യാമത്തിലിറങ്ങിയ മണി സംസ്ഥാനമൊട്ടാകെ പ്രകോപനപരമായ പ്രസംഗം നടത്തുകയാണെന്നും  അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹരജി കോടതി പരിഗണിച്ചപ്പോഴാണ് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന് ഡി.ജി.പി ടി ആസിഫലി കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് മണിക്ക് നല്‍കിയിരുന്ന ജാമ്യവ്യവസ്ഥയിലെ നിര്‍ദേശം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മണിയുടെ ഹരജി 29 ന് കോടതി വീണ്ടും പരിഗണിക്കും.

 

Thursday, April 25, 2013

കേന്ദ്ര മന്ത്രിമാരുടെ സൗദി തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ജിദ്ദയില്‍ Madhyamam News Feeds

കേന്ദ്ര മന്ത്രിമാരുടെ സൗദി തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ജിദ്ദയില്‍ Madhyamam News Feeds

Link to

കേന്ദ്ര മന്ത്രിമാരുടെ സൗദി തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ജിദ്ദയില്‍

Posted: 24 Apr 2013 11:57 PM PDT

Image: 

ജിദ്ദ: സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ പശ്ചാതലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തുന്ന കേന്ദ്ര മന്ത്രിതല സംഘം സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹുമായി ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ മാധ്യമ വക്താവ് ഹത്താബ് സാലിഹ് അല്‍അന്‍സി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈമാസം 28നാണ് സംഘം കൂടിക്കാഴ്ച നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത്‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രിതല സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അറിയിച്ചത്.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈമാസം 27ന് ജിദ്ദയിലെത്തുന്ന സംഘം 28ന് സൗദി തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 29ന് തിരിച്ച് പോകും. ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഡി.സി.എം. സിബി ജോര്‍ജ്, ജിദ്ദ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായ് തുടങ്ങിയവരുള്‍പ്പെടുന്ന നയതന്ത്ര സംഘവും മന്ത്രിമാരെ അനുഗമിക്കുമെന്നാണ് വിവരം. കൂടിക്കാഴ്ച മുന്നോടിയായി മന്ത്രിതല സംഘം മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും.
മന്ത്രിതല സന്ദര്‍ശനത്തിന് മുന്നോടിയായി എംബസി അധികൃതരുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടങ്ങിയ പ്രവാസി ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളില്‍ നിന്ന് അഭിപ്രായ രൂപവത്കരണം നടത്തിയിരുന്നു. നിയമാനുസൃതരല്ലാതെ കഴിയുന്ന വിദേശികള്‍ക്ക് കാര്യങ്ങള്‍ ശരിപ്പെടുത്താന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുവദിച്ച മൂന്ന് മാസത്തെ കാലവധി ഫലപ്രദമായി വിനിയോഗിക്കാന്‍ വേണ്ട നടപടികള്‍, സ്പോണ്‍സര്‍ഷിപ്പ്, പ്രൊഫഷന്‍ മാറ്റങ്ങള്‍ക്കുള്ള പ്രായോഗിക നടപടികള്‍, നിതാഖാത്തുമായി ബന്ധപ്പെട്ട് നിയമ കുരുക്കിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ മന്ത്രിതല സന്ദര്‍ശനം വഴി ലഭ്യമാകണമെന്നാണ് പ്രവാസി സമൂഹത്തിന്‍െറ ആവശ്യം.

‘സൗഹൃദ കേരളം’ സാംസ്കാരിക സമ്മേളനം നാളെ

Posted: 24 Apr 2013 11:57 PM PDT

Image: 

ദോഹ: ദോഹ അന്താരാഷ്ട്ര മതസംവാദ കേന്ദ്രവുമായി സഹകരിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ‘സൗഹൃദ കേരളം’ സാംസ്കാരിക സമ്മേളനം നാളെ വൈകിട്ട് 6.30 മുതല്‍ മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളില്‍ നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ആവണി വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ അറിയിച്ചു.
അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ ഖുറദാഗി, ദോഹ മതസംവാദ കേന്ദ്രം ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഐമി, ഖത്തര്‍ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ഗാമിതി, പ്രമുഖ വ്യവസായിയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ളോബല്‍ പ്രസിഡന്‍റുമായ പത്മശ്രീ അഡ്വ. സി.കെ മേനോന്‍  തുടങ്ങിയവര്‍ സംബന്ധിക്കും. ഫാ. ഡോ. മന്നക്കരകാവില്‍ ഗീവര്‍ഗീസ് മാത്യു, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. മീഡിയ വണ്‍ ടി.വി എം.ഡി അബ്ദുസ്സലാം അഹമ്മദ് മോഡറേറ്ററായിരിക്കും. വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും. ആശയധാരകളുടെ വൈവിധ്യങ്ങള്‍ ഒത്തുചേരുന്ന അപൂര്‍വ വേദിയായിരിക്കും നാളത്തെ സമ്മേളനമെന്നും ബഹുസ്വര സമൂഹത്തിന്‍െറ അടിസ്ഥാന ഘടകമായ  സൗഹൃദം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളില്‍ ഖത്തറിലെ മലയാളി സമൂഹത്തെ· ബോധവത്കരിക്കാനും സൗഹൃദ കേരളത്തിന്‍െറ പൈതൃകം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കാനും സമ്മേളനം മുതല്‍കൂട്ടാകുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

അബൂദബി-ഇന്ത്യ സെക്ടറില്‍ ആഴ്ചയില്‍ 49,970 വിമാന സീറ്റുകള്‍

Posted: 24 Apr 2013 11:54 PM PDT

Image: 

ദുബൈ: വ്യോമയാന മേഖലയില്‍ ഇന്ത്യയും യു.എ.ഇയും സഹകരണം ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ഇരുഭാഗത്തേക്കും ആഴ്ചയില്‍ 49,970 വീതം വിമാന സീറ്റുകള്‍ ലഭ്യമാക്കാനാണ് തീരുമാനം. രണ്ടു രാജ്യങ്ങളിലെയും വ്യോമയാന-സിവില്‍ ഏവിയേഷന്‍ പ്രതിനിധികള്‍ അബൂദബിയില്‍ നടത്തിയ ദ്വിദിന ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായതെന്ന് ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അബൂദബിക്കും ഇന്ത്യക്കും പ്രതിവാരം 49,970 സീറ്റുകള്‍ വീതം എന്ന നിലയിലാണ് ധാരണ. നിലവില്‍ ഇത് 13,300 ആണ്. 36,670 സീറ്റുകള്‍ വീതമാണ് ഇരുദിശയിലേക്കും വര്‍ധിക്കുന്നത്. മൂന്നു വര്‍ഷംകൊണ്ട് വര്‍ധന പൂര്‍ണമായും പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ഡിസംബറോടെ 11,000 സീറ്റുകള്‍ അധികം വരും. തുടര്‍ന്ന് 2014ല്‍ 12,800 സീറ്റുകളും 2015ല്‍ 12,870 സീറ്റുകളും അധികമുണ്ടാകും.
അബൂദബിക്ക് ലഭിക്കുന്ന 49,970 സീറ്റുകളും യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സ് ഉപയോഗിക്കും. ഇത്തിഹാദ് ഇപ്പോള്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ന്യൂദല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. പ്രതിവാരം 59 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോകുന്നു.
ബുധനാഴ്ചത്തെ ധാരണയുടെ അടിസ്ഥാനത്തില്‍ ഇത്തിഹാദ് ഇന്ത്യയിലെ രണ്ടു കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ സര്‍വീസ് കേന്ദ്രങ്ങള്‍ 11 ആകും. ഇതിനുപുറമെ ഗേജ് മാറ്റം, ആഭ്യന്തര-മൂന്നാംരാജ്യ കോഡ് ഷെയര്‍ എന്നിവക്കും അനുമതി ലഭിച്ചു. കോഡ് ഷെയര്‍ അനുമതി ഇന്ത്യയില്‍നിന്ന് കൂടുതല്‍ യാത്രക്കാരെ നേടാന്‍ ഇത്തിഹാദിനെ സഹായിക്കും.
അതേസമയം, ഇന്ത്യക്ക് ലഭിച്ച സീറ്റുകള്‍ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് പുറമെ സ്വകാര്യ വിമാന കമ്പനികള്‍ക്കും വീതിച്ചുനല്‍കും. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന കമ്പനികള്‍ക്കും ചേര്‍ന്ന് ആഴ്ചയില്‍ 13,300 സീറ്റുകളാണ് അബൂദബിയിലേക്കുള്ളത്. ഇത് വര്‍ധിപ്പിക്കണമെന്ന് പലപ്പോഴും കമ്പനികളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു.
അബൂദബി ചര്‍ച്ചക്ക് മുന്നോടിയായി ഇന്ത്യയിലെ എല്ലാ വിമാന കമ്പനികളുടെയും യോഗം കഴിഞ്ഞയാഴ്ച വ്യോമയാന മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നു.
ഈ യോഗത്തില്‍ അബൂദബി-ഇന്ത്യ സെക്ടറില്‍ തങ്ങള്‍ക്ക് പ്രതിവാരം 5,000 സീറ്റുകള്‍ കൂടി വേണമെന്നാണ് സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ ആവശ്യപ്പെട്ടത്. മറ്റൊരു സ്വകാര്യ കമ്പനി സ്പൈസ് ജെറ്റ് 5,936 സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ടപ്പോള്‍, എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആവശ്യം 2,400 സീറ്റുകളായിരുന്നു. എന്നാല്‍, ജെറ്റ് എയര്‍വെയ്സ് 40,000 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ജെറ്റിന്‍െറ 32 ശതമാനം ഓഹരികള്‍ ഇത്തിഹാദിന് നല്‍കാന്‍ ധാരണയിലെത്തിയ സാഹചര്യത്തിലാണിത്.    
ഇത്തിഹാദിന് ജെറ്റ് എയര്‍വെയ്സിന്‍െറ 32 ശതമാനം ഓഹരികള്‍ കൈമാറാന്‍ തീരുമാനിച്ചത് വ്യോമയാന മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കാന്‍ ഏറെ സഹായിക്കും. പലപ്പോഴും അനിശ്ചിതത്വത്തിലായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്.
യു.എ.ഇയും ഇന്ത്യയും പുതിയ ഉഭയകക്ഷി വ്യോമയാന സഹകരണ കരാര്‍ (എ.എസ്.എ) ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. ഇതിന് രണ്ടു രാജ്യത്തെയും മന്ത്രിസഭകള്‍ അനുമതി നല്‍കണം.

കോയമ്പത്തൂരില്‍ തീപിടിത്തം; നാലു മരണം

Posted: 24 Apr 2013 11:47 PM PDT

Image: 

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ ലക്ഷ്മി മില്‍ ജങ്ഷന് സമീപം ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു സ്ത്രീകള്‍ മരിച്ചു. ആക്‌സിസ് ബാങ്ക് ജീവനക്കാരാണ് മരിച്ചത്. പൊള്ളലേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് താഴത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നു. ആക്‌സിസ് ബാങ്കിന്റേത് ഉള്‍പ്പെടെ നിരവധി ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
 

ദോഹയിലെ ഗോഡൗണുകളില്‍ വന്‍ തീപിടിത്തം

Posted: 24 Apr 2013 11:28 PM PDT

Image: 

കുവൈത്ത് സിറ്റി: ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപ്പിടിത്തം. മരത്തടികളുടെയും കുട്ടികളുടെ കള്ളിക്കോപ്പുകളുടെയും മൂന്നു ഗോഡൗണുകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെ തീപിടിത്തമുണ്ടായത്. ഗോഡൗണുകള്‍ക്കകത്ത് കുടുങ്ങിയ രണ്ടു പേര്‍ മരിച്ചതായി സംശയമുണ്ടെന്ന് അഗ്നിശമനേസനാ മേധാവി യൂസുഫ് അല്‍ അന്‍സാരി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് ദുരന്ത കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3,500 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് തീ പടര്‍ന്നിരിക്കുന്നത്. ഒമ്പത് കേന്ദ്രങ്ങളില്‍നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റുകള്‍ ചേര്‍ന്ന് ഏറെ നേരത്തേ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സുലൈബികാത്ത്, അര്‍ദിയ, ഇസ്നാദ്, ശുവൈഖ്, സാല്‍മിയ, ഫഹാഹീല്‍ ഫയര്‍ സ്റ്റേഷനുകളില്‍നിന്നെത്തിയ അഗ്നിശമന യൂനിറ്റുകളും സൈന്യത്തിന്‍െറയും നാഷണല്‍ ഗാര്‍ഡിന്‍െറയും അഗ്നിശമന വിഭാഗങ്ങളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ബ്രിഗേഡിയര്‍ യൂസുഫ് അല്‍ അന്‍സാരിയെ കൂടാതെ ഖാലിദ് അല്‍ മിക്റാത്ത്, ഹമദ് അല്‍ ദഹ്ലഖ്, ഉമര്‍ മര്‍സൂദ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
 

ആന്ധ്രപ്രദേശില്‍ കാലം തെറ്റി പെയ്ത മഴയില്‍ 25 മരണം

Posted: 24 Apr 2013 11:07 PM PDT

Image: 

ഹൈദരബാദ്: ആന്ധ്രപ്രദേശില്‍ കാലംതെറ്റി പെയ്ത കനത്ത മഴയില്‍ 25 മരണം റിപ്പോര്‍ട്ട് ചെയ്തു. 11 ജില്ലകളിലായി മിന്നലേറ്റാണ് കൂടുതല്‍ പേരും മരിച്ചത്. ഗുണ്ടൂരിലാണ് ഏഴ് പേരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ദിവസമായി പെയ്യുന്ന മഴയില്‍ ഏകദേശം 70,000 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ 38,397 ഹെക്ടറുകളിലും നെല്‍കൃഷിയായിരുന്നു. 24,320 ഹെക്ടറുകളിലെ പച്ചക്കറികൃഷിയും നശിച്ചു. 1,121 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ് കണക്ക്.

തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്നു ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
 

ടി.പി വധക്കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുന്നു -രമേശ് ചെന്നിത്തല

Posted: 24 Apr 2013 10:25 PM PDT

Image: 

കോഴിക്കോട്: സാക്ഷികളെ സ്വാധീനിച്ച് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസിലെ സാക്ഷികളില്‍ പലര്‍ക്കും വധഭീഷണിയുണ്ട്. പണവും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ചാണ് പലരെയും കൂറുമാറ്റുന്നത്. കേരളീയ സമൂഹം ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് കലാപക്കേസുകളില്‍ മോഡി ചെയ്തതാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. എന്നാല്‍ ഗുജറാത്ത് കേസില്‍ മൊഴിമാറ്റിയവരെ ജയിലിലടച്ച കാര്യം സി.പി.എം ഓര്‍ക്കണം. ജഡ്ജിമാരെ പോലും സ്വാധീനിച്ചേക്കുമെന്ന ആശങ്കയുണ്ട്. ടി.പി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവനും നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. മോഡിയെ പോലുള്ളവര്‍ക്ക് ചുവന്ന പരവതാനി വിരിക്കുന്നത് മതേതരത്വത്തോടുള്ള വെല്ലുവിളിയാണ്.

ഒരു കക്ഷിയും യു.ഡി.എഫ് വിടില്ല. ഒരു എം.എല്‍.എയും യു.ഡി.എഫ് വിടാന്‍ പോകുന്നില്ല. എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടി യു.ഡി.എഫ് വിടുമെന്നതു കോടിയേരി ബാലകൃഷ്ണന്റെ ഉഹാപോഹം മാത്രമാണ്. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചു സംസാരിക്കേണ്ടതു മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ബംഗ്ലാദേശില്‍ കെട്ടിടസമുച്ചയം തകര്‍ന്ന് മരണം 140 കവിഞ്ഞു

Posted: 24 Apr 2013 09:23 PM PDT

Image: 

ധാക്ക: ബംഗ്ലാദേശില്‍ ബഹുനില കെട്ടിട സമുച്ചയം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 140 കവിഞ്ഞു. സംഭവത്തില്‍ 700ലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് വസ്ത്രനിര്‍മാണ യൂനിറ്റുകള്‍, ബാങ്ക് ശാഖ, മുന്നൂറിനടുത്ത് കടകള്‍ എന്നിവ പ്രവര്‍ത്തിച്ചിരുന്ന എട്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

തലസ്ഥാനമായ ധാക്കയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സവാറിലെ റാണ പ്‌ളാസ വാണിജ്യസമുച്ചയമാണ് തകര്‍ന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. 6000ത്തിനടുത്ത് പേര്‍ കെട്ടിടത്തിനകത്തെ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 76 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സവാര്‍ സര്‍ക്കിള്‍ എ.എസ്.പി അറിയിച്ചു. മൃതദേഹങ്ങള്‍ ഇനാം മെഡിക്കല്‍ കോളജിലേക്കും നാലിലധികം മൃതദേഹങ്ങള്‍ സമീപത്തെ മറ്റു ആശുപത്രികളിലേക്കും മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

 

കഴിഞ്ഞദിവസം കെട്ടിടത്തില്‍ വിള്ളല്‍ കണ്ടിരുന്നതായി ജോലിക്കാര്‍ കെട്ടിട ഉടമകളെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് വകവെക്കാതെ കടയുടമകള്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നിര്‍ദേശപ്രകാരം സൈനികരും അഗ്‌നിശമനസേനയും പൊലീസും ദ്രുതകര്‍മസേനയും കെട്ടിടത്തിനകത്ത് കുടങ്ങിയവരെ രക്ഷിക്കാന്‍ ഊര്‍ജിതശ്രമം നടത്തിവരുന്നതായി ആഭ്യന്തരമന്ത്രി മുഹ്യിദ്ദീന്‍ ഖാന്‍ അലാംഗിര്‍ പറഞ്ഞു.

 

സന്യാസിമാര്‍ മാപ്പുപറയണം

Posted: 24 Apr 2013 09:17 PM PDT

Image: 

പ്രധാനമന്ത്രിപദത്തിലെത്തുക ജീവന്മരണ പ്രശ്നമായാണ് നരേന്ദ്രമോഡി കാണുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ മോഡി വധശിക്ഷക്ക് വിധേയനാകേണ്ടി വരും. കൊടുംകുറ്റവാളികള്‍ക്കുവേണ്ടി നിയമസംവിധാനത്തെ അപ്പാടെ അട്ടിമറിച്ചിട്ടും തന്‍െറ സഹകുറ്റവാളികളില്‍ പലരും ജയിലിലായതോടെ വൈകിയാണെങ്കിലും താനും നിയമത്തിന്‍െറ വലയില്‍ കുടുങ്ങും എന്ന ഭീതി മോഡിക്കുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരിധിയില്‍ നില്‍ക്കുന്നതല്ല കാര്യങ്ങള്‍ എന്നതുകൊണ്ട് ഇനി കേന്ദ്രഭരണത്തിലെത്തുക മോഡിയുടെ നിലനില്‍പിന്‍െറ കൂടി പ്രശ്നമായിരിക്കുന്നു. താന്‍ ചെയ്ത കൊടും ഹിംസകള്‍ക്ക് ശിക്ഷ നേരിടേണ്ടിവരും എന്ന ഭയത്തോടൊപ്പം നഗ്നമായ അധികാരമോഹവും ചേര്‍ന്നതോടെ പ്രധാനമന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള നീക്കങ്ങളില്‍ ഒരു പഴുതും ഉണ്ടാകാതിരിക്കാനാണ് മോഡി ശ്രമിക്കുന്നത്. സമകാലിക ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഹീനമായ നരഹത്യയുടെ നായകന്‍ എന്ന പ്രതിച്ഛായ മാറ്റി എല്ലാ വിഭാഗങ്ങളുടെയും അംഗീകാരമുള്ള നേതാവ് എന്ന പുതിയ ഇമേജ് സൃഷ്ടിക്കാനാണ് മുഖ്യശ്രമം. അതിന്‍െറ ഭാഗമായിരുന്നു ശിവഗിരിയിലേക്കുള്ള മോഡിയുടെ വരവ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ എതിര്‍പ്പാണ് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുള്ള ഏറ്റവും വലിയ ഭീഷണി. ബിഹാറിലെ കൂര്‍മി സമുദായത്തില്‍ സ്വാധീനമുള്ള നിതീഷ്കുമാറിന്‍െറ പാര്‍ട്ടിയുടെ സാന്നിധ്യമാണ് ബി.ജെ.പി മുന്നണിയിലെ നാമമാത്രമായ പിന്നാക്ക പ്രാതിനിധ്യം. സഖ്യത്തില്‍നിന്ന് നിതീഷ്കുമാര്‍ മാറിയാല്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തീര്‍ത്തും എതിരായ ഹിന്ദു ഭീകരവാദികളുടെ പാര്‍ട്ടി എന്ന പ്രതിച്ഛായയില്‍നിന്ന് മുക്തമാകാന്‍ ബി.ജെ.പിക്ക് കഴിയില്ല. ഈ പശ്ചാത്തലമാണ് ന്യൂനപക്ഷ നാമധാരികള്‍ക്കും പിന്നാക്ക സമുദായങ്ങളുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും ബി.ജെ.പി കേന്ദ്രങ്ങളില്‍ വന്‍ ഡിമാന്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ പൊതുചിത്രത്തില്‍ അപ്രസക്തനായ ഷിബു ബേബിജോണിനുപോലും ഉപയോഗമൂല്യം ഉണ്ടാക്കുന്നതാണ് ഈ സാഹചര്യം. കേരളത്തില്‍നിന്നുള്ള വാര്‍ത്തകള്‍ക്ക് അല്‍പംപോലും ഇടം നല്‍കാത്ത, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഷിബു ബേബിജോണ്‍-മോഡി കൂടിക്കാഴ്ചക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്.
അംഗസംഖ്യയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയില്‍ കടന്നുകയറാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു ഘട്ടത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ വളഞ്ഞ വഴിയിലൂടെ ശിവഗിരി ധര്‍മസംഘം പിടിച്ചടക്കിയതാണ്. സ്വാമി ശാശ്വതികാനന്ദയുടെ നേതൃത്വത്തിലുള്ള ശക്തമായ ചെറുത്തുനില്‍പിലൂടെയാണ് താല്‍ക്കാലികമായ ആ സ്വാധീനത്തില്‍നിന്ന് ശിവഗിരി മുക്തമായത്. പിന്നീട് ദുരൂഹസാഹചര്യത്തില്‍ ശാശ്വതികാനന്ദ മരണമടയുന്നതുവരെ സംഘ്പരിവാറിന് ശിവഗിരിയില്‍ കടന്നുകയറാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ വേണ്ടിയായിരുന്നു സംഘ്പരിവാറിന്‍െറ ആ നീക്കങ്ങളെങ്കില്‍ മോഡിയുടെ ശിവഗിരി ‘ആക്രമണ’ത്തിന് പിന്നില്‍ വ്യത്യസ്തമായ താല്‍പര്യമാണുള്ളത്. പിന്നാക്കക്കാര്‍ക്കിടയില്‍ താന്‍ സ്വീകാര്യനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരസ്യപ്രചാരണങ്ങളുടെ ഭാഗമായാണ് ശിവഗിരിയില്‍ മോഡി പരിപാടി സംഘടിപ്പിച്ചത്. വന്‍തോതില്‍ പണം ചെലവഴിച്ച് നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രചാരണങ്ങളിലൂടെ കൃത്രിമ പ്രതിച്ഛായ നിര്‍മിക്കാന്‍ അതിസമര്‍ഥനാണ് മോഡി.
അങ്ങനെ പ്രതിച്ഛായ നിര്‍മിക്കാന്‍ വേണ്ടി മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും വിലക്കെടുക്കുന്നതുപോലെ ശിവഗിരിയെയും വിലക്കെടുക്കുകയാണ് മോഡി ചെയ്തത്. അതില്‍ മോഡിയെ സംബന്ധിച്ചിടത്തോളം ധാര്‍മികപ്രശ്നങ്ങള്‍ ഒന്നും ബാധകമല്ല.
പക്ഷേ, വംശഹത്യക്ക് നേതൃത്വം നല്‍കിയ മോഡിയെപ്പോലെ ഒരു മതഭ്രാന്തന് വേദിയൊരുക്കിയ ശിവഗിരി ധര്‍മസംഘവും അതിനെ നയിക്കുന്ന സന്യാസിമാരും കേരളീയ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്.
ശിവഗിരിയിലെ സുപ്രധാനമായ ഒരു ചടങ്ങിന് മോഡിയെത്തന്നെ ക്ഷണിക്കാന്‍ തീരുമാനിച്ചതെന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ധര്‍മസംഘം ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല. ‘ഭരണാധികാരി എന്ന നിലയില്‍ മോഡി ഗുജറാത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഭാരതമൊട്ടാകെ അംഗീകരിക്കപ്പെട്ടതാണ്’ എന്ന് മോഡിക്കുവേണ്ടി പരസ്യവാചകം എഴുതുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മോഡിയെ സ്തുതിക്കുന്ന ശിവഗിരി മഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ, മോഡിയുടെ വംശഹത്യാ വാസന പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ‘മഠത്തിലെത്തുമ്പോള്‍ ഗുരുദേവനെക്കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അതുകാരണം മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായാല്‍ അതും ഗുണകരമാണ്’ എന്ന് ഋതംബരാനന്ദ പറയുന്നു. മോഡിയുടെ കാഴ്ചപ്പാടില്‍ മാറ്റം ആവശ്യമാണെന്ന് ശിവഗിരി മഠം സെക്രട്ടറി സമ്മതിക്കുന്നു എന്നര്‍ഥം. കാഴ്ചപ്പാടില്‍ തകരാറുള്ള ഒരാളെത്തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചതെന്തിനാണ്?  ഹിന്ദുമതത്തിന്‍െറ നൃശംസതകള്‍ക്ക് എതിരെ ഏറ്റവും ശക്തവും പ്രായോഗികവുമായ നിലപാട് സ്വീകരിച്ച ശ്രീനാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും ഹിന്ദുഭീകരവാദത്തിന്‍െറ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തിയ ശിവഗിരി ധര്‍മസംഘം ചരിത്രത്തോട് ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. മോഡിയെ ക്ഷണിക്കുന്നതിനെതിരെ ധര്‍മസംഘത്തില്‍ ഭിന്നാഭിപ്രായമുണ്ടായതായി സൂചനയില്ല. ശ്രീനാരായണ ഗുരു പറഞ്ഞതും ചെയ്തതും എന്താണെന്ന് അറിയുന്ന ഒരാള്‍പോലും ഇന്ന് ശിവഗിരി ധര്‍മസംഘത്തിലില്ല എന്നുവേണം മനസ്സിലാക്കാന്‍.
ആരാധനാലയങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ളവര്‍ക്ക് വേദിയൊരുക്കിയ സന്യാസിമാര്‍ നാരായണഗുരു നല്‍കിയ ഒരു സന്ദേശമെങ്കിലും വായിച്ചുനോക്കേണ്ടതാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന് ആവര്‍ത്തിച്ചുപറയുകയും മതവിദ്വേഷത്തെ ഏറ്റവും നിന്ദ്യമായി കരുതുകയും ചെയ്ത നാരായണഗുരുവിന്‍െറ ആശ്രമത്തിലേക്ക്, അന്യരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും വ്യത്യസ്ത മതത്തില്‍ ജനിച്ചതിന്‍െറ പേരില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കുറ്റവാളിയെ ക്ഷണിച്ചുവരുത്തിയവര്‍ നാരായണഗുരുവിന്‍െറ പേര് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളവരല്ല.
നരേന്ദ്രമോഡിയുടെ സങ്കല്‍പത്തിലുള്ള ഹൈന്ദവ സന്യാസിമാരും നാരായണഗുരുവുമായി ഒരു താരതമ്യവുമില്ല. സനാതന ഹൈന്ദവതയുടെ വിധിനിഷേധങ്ങളെ ലംഘിച്ച നാരായണ ഗുരു സ്വന്തം ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഹൈന്ദവ ആരാധനാക്രമത്തെ നിരാകരിക്കുകയാണ് ചെയ്തത്. മുരുക്കുമ്പുഴയില്‍ ‘സത്യം, ധര്‍മം, ദയ, സ്നേഹം’ എന്ന് ചുറ്റുമെഴുതിയ വിളക്കും കളവങ്കോടത്ത് കണ്ണാടിയും ഉള്‍പ്പെടെ നാരായണഗുരുവിന്‍െറ ക്ഷേത്രപ്രതിഷ്ഠകളൊന്നും സംഘ്പരിവാര്‍ ശക്തികള്‍ ആരാധിക്കുന്ന ഹൈന്ദവക്ഷേത്ര മാതൃകയിലായിരുന്നില്ല. നാരായണഗുരുവിന്‍െറ പേര് ഉപയോഗിച്ച് ജീവിക്കുകയും നരേന്ദ്രമോഡിക്ക് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്ത ശിവഗിരി സന്യാസിമാര്‍ നാരായണഗുരു നടത്തിയ പ്രതിഷ്ഠകള്‍ കാണാന്‍ വേണ്ടി അല്‍പസമയം മാറ്റിവെച്ചെങ്കില്‍ നന്നായിരുന്നു.
നരേന്ദ്രമോഡിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല എന്ന പരിഹാസ്യമായ വാദം ഉയര്‍ത്തിയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ മോഡിയെയും ശിവഗിരി സന്യാസിമാരെയും ന്യായീകരിക്കുന്നത്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന ലഘുവായ ചോദ്യംമാത്രമാണ് അതിനുള്ള മറുപടി.
നരേന്ദ്രമോഡിയെ ന്യായീകരിക്കുക ബി.ജെ.പി നേതാക്കളുടെ തൊഴില്‍പരമായ ആവശ്യമാണ്. അത് മനസ്സിലാക്കാം. പക്ഷേ, ഗുജറാത്തില്‍ വംശഹത്യക്കിരയായ നിരപരാധികള്‍ക്കെതിരെ മോഡിയുടെ പക്ഷം ചേര്‍ന്ന ശിവഗിരി സന്യാസിമാര്‍ കേരളീയ സമൂഹത്തോട് സമാധാനം പറയേണ്ടതുണ്ട്. ശിവഗിരിയിലെ സന്യാസി സംഘത്തില്‍നിന്ന് രാജിവെച്ച് വ്യക്തിപരമായി അവര്‍ മോഡിയെ അനുകൂലിക്കുന്നതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
എന്നാല്‍, നാരായണഗുരുവിനെയും അദ്ദേഹം സ്ഥാപിച്ച ധര്‍മസംഘത്തെയും മറയാക്കി നാരായണഗുരുവിന്‍െറ കാഴ്ചപ്പാടിന് നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നത് ചരിത്രത്തോടുള്ള തെറ്റും കടുത്ത അനാദരവുമാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ്  കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍  ശിവഗിരി സന്യാസിമാര്‍ തയാറാകണം. ശിവഗിരി ധര്‍മസംഘത്തില്‍നിന്ന് രാജിവെച്ചൊഴിയാനുള്ള മാന്യതയും അവര്‍ കാണിക്കണം.  ശിവഗിരിയെ പ്രതിലോമകാരിതയുടെ സങ്കേതമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള തുറന്ന ആശയസമരത്തില്‍ പങ്കാളികളാകാനുള്ള  ബാധ്യത ചരിത്രബോധമുള്ള എല്ലാ മലയാളികള്‍ക്കുമുണ്ട്.

(ചരിത്ര ഗവേഷകനാണ്
ലേഖകന്‍)

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP