സ്വാഗതം
WELCOME

News Update..

Friday, April 4, 2014

ആവേശം വിതറി ആന്‍റണി ഇടുക്കിയില്‍ Madhyamam News Feeds

ആവേശം വിതറി ആന്‍റണി ഇടുക്കിയില്‍ Madhyamam News Feeds

Link to

ആവേശം വിതറി ആന്‍റണി ഇടുക്കിയില്‍

Posted: 03 Apr 2014 11:46 PM PDT

തൊടുപുഴ: യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശം ആവോളം നിറച്ച് കോണ്‍ഗ്രസിന്‍െറ പടനായകന്‍ എ.കെ. ആന്‍റണി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. ബുധനാഴ്ച രാത്രി 12.30ന് തൊടുപുഴ റെസ്റ്റ് ഹൗസില്‍ എത്തിയ ആന്‍റണി രാവിലെ 9.30 ഓടെ ചെറുതോണിയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച 11.20 ഓടെ ചെറുതോണിയിലെത്തിയ ആന്‍റണിയെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി വരവേറ്റത്.
ചെറുതോണിയിലെ വേദിക്ക് 20 മീറ്റര്‍ മുന്നിലായി കാറില്‍ നിന്നിറങ്ങിയ നേതാവിനെ പ്രവര്‍ത്തകര്‍ കരിമരുന്ന് പ്രകടനത്തോടെ വേദിയിലേക്ക് എതിരേറ്റു. കൈയടികളും മുദ്രാവാക്യങ്ങളും അകമ്പടി സേവിച്ചു. മലയോര കര്‍ഷകരും ഇടതുപക്ഷവും മോദിയുമായിരുന്നു എ.കെ. ആന്‍റണിയുടെ പ്രധാന വിഷയങ്ങള്‍. മലയോര കര്‍ഷകര്‍ക്ക് നേരെ ആര് വാള്‍ ഓങ്ങിയാലും യു.ഡി.എഫ് അത് തടയുമെന്ന് എ.കെ. ആന്‍റണി സ്വതസിദ്ധമായ ശൈലിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കള്ള പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു കര്‍ഷകനെയും ഇടുക്കിയില്‍നിന്ന് ഇറക്കിവിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും ആന്‍റണി സൂചിപ്പിച്ചു. ഇതിനിടെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരോട് മുദ്രാവാക്യത്തിന് മൊറട്ടോറിയം നിയന്ത്രിച്ച് വോട്ട് പിടിത്തത്തിന് മുന്‍തൂക്കം കൊടുക്കാന്‍ ആന്‍റണി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മഴ പെയ്ത് തോര്‍ന്നാലും ചില മരങ്ങള്‍ പെയ്തുകൊണ്ടിരിക്കും. അതുപോലെയാണ് കസ്തൂരിരംഗനില്‍ ചില ഉദ്യോഗസ്ഥര്‍ നിലപാടുകള്‍ എടുക്കുന്നത്. അവര്‍ക്ക് പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടെന്നും ആന്‍റണി കുറ്റപ്പെടുത്തി.
എന്നെത്തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാടാണ് സി.പി.എം വെച്ചുപുലര്‍ത്തുന്നതെന്ന് ആന്‍റണി പാതി ചിരിയിലൂടെ അവതരിപ്പിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ തോല്‍വി സംഭവിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് സ്വതന്ത്രനെ ഇടുക്കിയില്‍ നിര്‍ത്തിയിരിക്കുന്നതെന്നും ആന്‍റണി ആരോപണ ശരം എയ്തു. മോദിക്കെതിരെയും പ്രസംഗത്തില്‍ ആന്‍റണി ആഞ്ഞടിച്ചു. മോദി അധികാരത്തില്‍ വന്നാല്‍ അത് വര്‍ഗീയ ശക്തികളുടെ വിജയമാണെന്ന് ആന്‍റണി വ്യക്തമാക്കി. മോദിയുടെ സംസ്ഥാനം ദരിദ്ര സംസ്ഥാനമാണെന്നും ആന്‍റണി പറഞ്ഞു.
യു.ഡി.എഫില്‍ മത്സരിക്കുന്ന 20 സ്ഥാനാര്‍ഥികളില്‍ പോടായതൊന്നും കാണുന്നില്ലെന്ന് പറഞ്ഞ ആന്‍റണി ഒന്നോ രണ്ടോ സീറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലായി എന്ന് സൂചിപ്പിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ 20 ല്‍ 20 ഉം യു.ഡി.എഫ് നേടുമെന്ന് ആന്‍റണിയുടെ പിന്നില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അര മണിക്കൂറോളം നീണ്ട പ്രസംഗത്തിന് ശേഷം ആന്‍റണി തൊടുപുഴയിലെത്തി എറണാകുളത്തേക്ക് തിരിച്ചു. ആന്‍റണിയുടെ ജില്ലാ സന്ദര്‍ശനം യു.ഡി.എഫ് ക്യാമ്പിലും ആവേശം നിറച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ഏലപ്പാറയിലെ പ്രചാരണ പരിപാടിയിലും ആന്‍റണി സംസാരിക്കും.

ടി.പിയെ ഇല്ലാതാക്കിയത് മണ്ടത്തരമായെന്ന് സി.പി.എം തിരിച്ചറിഞ്ഞു –കെ.കെ.രമ

Posted: 03 Apr 2014 11:43 PM PDT

കോട്ടയം: ടി.പിയെ ഇല്ലാതാക്കിയത് ഏറ്റവും വലിയ മണ്ടത്തരമായിപ്പോയെന്ന് സി.പി.എം നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ. പഴയപൊലീസ് സ്റ്റേഷന്‍ മൈതാനത്ത് ഇടതുപക്ഷ ഐക്യമുന്നണി കോട്ടയം മണ്ഡലം സ്ഥാനാര്‍ഥി എന്‍.കെ.ബിജുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സി.പി.എമ്മിന്‍െറ പ്രത്യയശാസ്ത്ര വ്യതിയാനങ്ങളും വലതുപക്ഷ ചായ്വും തുറന്നുകാട്ടി മുന്നേറിയ തീപ്പൊരി പ്രസംഗത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സി.പി.എമ്മിന്‍െറ കൊലപാതക രാഷ്ട്രീയത്തില്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അസന്തുഷ്ടരാണ്. പാവപ്പെട്ട കര്‍ഷക തൊഴിലാളികളും സാധാരണക്കാരും ഒരുനേരത്തെ ആഹാരംപോലും ഉപേക്ഷിച്ച് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ കൊലപാതകികളേയും ക്വട്ടേഷന്‍ സംഘത്തേയും സംരക്ഷിക്കാന്‍ വിനിയോഗിക്കുന്നതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. എല്ലാം സഹിച്ച് സി.പി.എമ്മില്‍ നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്ന രാഷ്ട്രീയബദലാണ് ഇടതുപക്ഷ ഐക്യമുന്നണി. ആര്‍.എം.പിയെ കോണ്‍ഗ്രസിന്‍െറ വാലെന്ന് ആക്ഷേപിക്കുന്നവരാണ് കോണ്‍ഗ്രസിന്‍െറ വാലായി പ്രവര്‍ത്തിക്കുന്നത്. സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയുമൊക്കെ വോട്ടുചെയ്യുന്നത് പോലും കോണ്‍ഗ്രസിനാണെന്ന് വിസ്മരിക്കരുത്. അക്രമരാഷ്ട്രീയത്തില്‍ കേരളത്തിലെ ഒരു പെണ്ണിനും തന്‍െറ അനുഭവം ഉണ്ടാകാതിരിക്കാനാണ് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ജയ്സണ്‍ ജോസഫ് അധ്യക്ഷതവഹിച്ചു. നേതാക്കളായ ഇ.വി.പ്രകാശ്,കെ.ആര്‍.സദാനന്ദന്‍, ഡോ.വി.വേണുഗോപാല്‍, രാജീവ് കിടങ്ങൂര്‍, മിനി കെ.ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശേരി: കേരളത്തിലെ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.യു.എഫിനു വോട്ട് ചെയ്യണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ.രമ. മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി കെ.എസ്.ശശികലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തെങ്ങണയില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാറും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാറും നടപ്പാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. എസ്.യു.സി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ജെ.ജോണിക്കുട്ടി അധ്യക്ഷത വഹിച്ചു. എം.സി.പി.ഐയു കേന്ദ്ര കമ്മറ്റിയംഗം കെ.ആര്‍.സദാനന്ദന്‍, എസ്.യു.സി.ഐ സംസ്ഥാന കമ്മറ്റിയംഗം മിനി കെ.ഫിലിപ്പ്, ജ്യോതി കൃഷ്ണന്‍, ജില്ലാ നേതാക്കളായ സദാനന്ദന്‍, കെ.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു.

മോദി പ്രധാനമന്ത്രി ചമയുന്നു –വി.എസ്

Posted: 03 Apr 2014 11:35 PM PDT

ചേലക്കര: തെരഞ്ഞെടുപ്പിന് മുമ്പേ മോദി പ്രധാനമന്ത്രി ചമയുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബിജുവിന്‍െറ പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലെ വയസ്സന്മാരില്‍ ഒരു ചെറുപ്പക്കാരനായ മോദിയുണ്ട്. പത്രക്കാരെ സ്വാധീനിച്ച് ഇപ്പോഴെ പ്രധാനമന്ത്രിയായിട്ടാണ് നടപ്പ്. ഹിന്ദു വര്‍ഗീയത ഉണര്‍ത്തി അധികാരം നേടാന്‍ വേണ്ടി രാജ്യത്തെ പല തുണ്ടമാക്കി മാറ്റുകയാണ് മോദി ചെയ്യുന്നതെന്ന് വി.എസ് പറഞ്ഞു. കേരളത്തിന്‍െറ പ്രശ്നം തീര്‍ക്കാന്‍ ആന്‍റണിയെന്നൊരാള്‍ ഇറങ്ങിയിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറിക്ക് എന്തുപറ്റി. ഉത്തരം പറഞ്ഞിട്ടെ ആന്‍റണി കേരളം വിടാവൂ -വി.എസ് പറഞ്ഞു. എല്‍.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍, ജില്ലാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണന്‍, വി.എ. ബാബു, കെ.വി. ചാക്കോച്ചന്‍, ടി.പി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

പോളിങ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ സംവിധാനങ്ങള്‍

Posted: 03 Apr 2014 11:31 PM PDT

കാസര്‍കോട്: വോട്ടെടുപ്പിന് പോളിങ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളില്‍ അര്‍ധസൈനിക വിഭാഗവും കൂടുതല്‍ പൊലീസ് സേനാംഗങ്ങളുടെ സാന്നിധ്യവുമുണ്ടാകും.
പോളിങ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. ബൂത്തുകളില്‍ പൂര്‍ണ സമയവും നിരീക്ഷണം നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ ഇലക്ഷന്‍ കമീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകനെ അറിയിക്കും. റീ പോളിങ് ആവശ്യമെങ്കില്‍ പൊതുനിരീക്ഷകന്‍െറ ശിപാര്‍ശ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കുന്നത്.
ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ കൂടിയായ അക്ഷയ ജില്ലാ കോഓഡിനേറ്റര്‍ കരീം കോയക്കീല്‍ അറിയിച്ചു.
ഏപ്രില്‍ എട്ടിന് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ബൂത്തുകളില്‍ സജ്ജീകരിക്കും.
ലാപ്ടോപ്പും വെബ് കാമറകളും അക്ഷയ ലഭ്യമാക്കും. ഒമ്പതിന് പരീക്ഷണാടിസ്ഥാനത്തില്‍ വെബ്കാസ്റ്റിങ് നടത്തും. സമ്മതിദായകന്‍ രഹസ്യ വോട്ട് ചെയ്യുന്നത് ഒഴികെ മറ്റെല്ലാ നടപടിയും വെബ്കാസ്റ്റില്‍ ചിത്രീകരിച്ച് നെറ്റിലൂടെ തത്സമയം മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തിലാണ് സംവിധാനം.
പ്രശ്നബാധിത ബൂത്തുകളിലാണ് മുഖ്യമായും വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് കെ.എസ്. ഇ.ബി സംവിധാനം ഒരുക്കും.
പോളിങ് നടപടികള്‍ മുടക്കമില്ലാതെ വെബ്കാസ്റ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. കമ്പ്യൂട്ടറില്‍ വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. സാങ്കേതിക സഹായത്തിനായി കലക്ടറേറ്റില്‍ സാങ്കേതിക വിദഗ്ധരുടെ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഫോണിലൂടെയും നേരിട്ടും ഈ ടീമിന്‍െറ സഹായം ഉടന്‍ ലഭ്യമാക്കും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കുന്നതിന് നിയോഗിക്കുന്ന വീഡിയോ ടീമിനു പുറമെയാണ് വെബ്കാസ്റ്റ് സംവിധാനം. ജില്ലയില്‍ ആദ്യമായാണ് വിപുലമായ രീതിയില്‍ വെബ്കാസ്റ്റ് ഒരുക്കുന്നത്.

റോഡ് പ്രവൃത്തി ഇഴയുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

Posted: 03 Apr 2014 11:22 PM PDT

പയ്യന്നൂര്‍: പുന്നക്കടവ്–കുന്നരു–പാലക്കോട് റോഡിന്‍െറ നവീകരണ പ്രവൃത്തി ഇഴയുന്നു. നിര്‍മാണം അനിശ്ചിതമായി നീളുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഒരുകോടി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തിയില്‍ കാല്‍ഭാഗം പോലും പൂര്‍ത്തിയായിട്ടില്ല. അഞ്ച് കള്‍വര്‍ട്ട്, 800 മീറ്റര്‍ ഓവുചാല്‍, 4.5 കി.മീറ്റര്‍ ടാറിങ് എന്നിവയാണ് പൂര്‍ത്തിയാക്കേണ്ടത്.
പുഞ്ചാക്കി തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍െറ പണി പൂര്‍ത്തിയാക്കാനായില്ല. അഞ്ച് കള്‍വര്‍ട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ചെറിയ പാലങ്ങള്‍ പൊളിച്ചത് കാരണം താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ പാതയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം തിരിച്ചുവിടുന്നത്.
പണി അനിശ്ചിതമായി നീളുന്നത് കാലവര്‍ഷത്തിന്മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയും അസ്ഥാനത്താക്കി.
എന്‍ജിനീയര്‍മാരുടെയും ഓവര്‍സിയര്‍മാരുടെയും അഭാവവും നിര്‍മാണത്തെ ദോഷകരമായി ബാധിക്കുന്നതായി പരാതിയുണ്ട്.
കരാറുകാരന്‍െറ ഇഷ്ടത്തിനനുസരിച്ചാണ് പണി നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. പ്രവൃത്തി പരിശോധിക്കാന്‍ പ്രാദേശിക കമ്മിറ്റികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സി. കൃഷ്ണന്‍ എം.എല്‍.എ യാണ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. നിര്‍മാണം നീണ്ടതോടെ പൊടിപടലങ്ങളും മറ്റും കാരണം ഗതാഗതവും ദുരിതത്തിലായി.

നീതിന്യായ ചരിത്രത്തിലെ അപൂര്‍വ വിധി

Posted: 03 Apr 2014 11:21 PM PDT

Image: 

കൊച്ചി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വമായ വിധിയായി സൂര്യനെല്ലി വിധി മാറിക്കഴിഞ്ഞു. ഒരു ഡിവിഷന്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയ പ്രതികളെ അതേ കോടതിയുടെ മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച് അനുകൂലമായി വിധിക്കുന്നത് കേരള ഹൈകോടതിയുടെ ചരിത്രത്തില്‍ നേരത്തെ നടന്നതായി വിവരമില്ല.

സമൂഹത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വളരെ ഗൗരവമേറിയ നിരീക്ഷണങ്ങളാണ് പ്രതികളുടെ  ശിക്ഷ ശരിവെച്ച ഹൈകോടതി ബെഞ്ച് മുന്നോട്ടുവെച്ചത്. പെണ്‍കുട്ടിയുടെ വാദങ്ങളെ എല്ലാം ശരിവെച്ച കോടതി ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞു. പെണ്‍കുട്ടി ലാഭം , പ്രണയം എന്നിവക്കായി ഈ പ്രവൃത്തിയില്‍ ഏര്‍പെട്ടു എന്നതിന് തെളിവില്ല. പെണ്‍കുട്ടിയെ അവസാനം തിരികെ കിട്ടുമ്പോള്‍ കേവലം 2100 രൂപ മാത്രമാണ് കയ്യില്‍ ഉണ്ടായിരുന്നത്.

16 വയസ്സുള്ള പെണ്‍കുട്ടി തന്നെക്കാള്‍ മുതിര്‍ന്നവരുമായി സ്വന്തം ഇഷ്ടപ്രകാരം ബന്ധപ്പെട്ടു എന്നതിന് ഒരു തെളിവുമില്ല. ധര്‍മരാജന്‍, രാജു, ഉഷ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അന്യായമായി തടവില്‍ ഇടുകയായിരുന്നു. സ്വന്തം നിലയില്‍  രക്ഷപ്പെടാനുള്ള സാഹചര്യമില്ലായിരുന്നു. തന്നെ തടവിലിട്ട കാര്യം പിന്നീടു പീഡിപ്പിച്ച ഓരോരുത്തരോടും  പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്നും തന്നെ രക്ഷിക്കണമെന്ന് അപക്ഷിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയില്‍ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണങ്ങള്‍. ഒരു കൊലപാതക്കേസിനെ കാണുന്നതുപോലെയല്ല ഇതിനെ കാണേണ്ടത്. ബലാല്‍സംഗ കേസിലെ ഇരകളുടെ പിന്നീടുള്ള സാമൂഹ്യ-മാനസികാവസ്ഥകളുടെ തീവ്രത തിരിച്ചറിഞ്ഞ നിരീക്ഷണങ്ങളായിരുന്നു സംസ്ഥാന നീതി പീഠത്തില്‍ നിന്നുണ്ടായത്.

 

18 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ചരിത്രം ഇങ്ങനെ..

മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെ 1996 ജനുവരി 16നാണ് കാണാതായത്. കുട്ടിയെ കാണാനില്ലന്നെ് പിതാവിന്‍െറ പരാതി ലഭിച്ചപ്പോള്‍ സംസ്ഥാനത്തെ നൂറുകണക്കിന് ‘മാന്‍ മിസിങ്’ കേസുകളില്‍ ഒന്നായി കണക്കാക്കി പൊലീസ് അവഗണിച്ചു.
എന്നാല്‍, ശാരീരികമായും മാനസികമായും പിച്ചിച്ചീന്തപ്പെട്ട് ജീവച്ഛവമായി 40 ദിവസത്തിനുശേഷം വീട്ടില്‍ മടങ്ങിയത്തെിയതോടെയാണ് പീഡനക്കേസിന്‍െറ ചുരുളഴിയുന്നത്. മാധ്യമങ്ങളും സമൂഹവും ഒന്നാകെ രംഗത്തിറങ്ങിയതോടെ ആഴ്ചകള്‍ക്കകം കേസ് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യകേ സംഘത്തിന് കൈമാറി. എന്നിട്ടും ഗതിവേഗം കൈവരാതിരിക്കുകയും പ്രതികള്‍ വിലസുകയും ചെയ്തതോടെ വീണ്ടും ജനരോഷമുയര്‍ന്നു. അതോടെയാണ് മൂന്നുമാസത്തിനുശേഷം അന്നത്തെ ഡി.ഐ.ജി സിബി മാത്യൂസ് അന്വേഷണച്ചുമതലയേല്‍ക്കുന്നത്. പിന്നീട്, കേസന്വേഷണം ഊര്‍ജിതമാകുകയും പ്രതികള്‍ ഒന്നൊന്നായി വലയിലാകുന്നതും കേരളം കണ്ടു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചപ്പോഴും വിവാദങ്ങള്‍ ഒഴിഞ്ഞില്ല. പല പ്രമുഖരെയും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നായിരുന്നു ആരോപണം. ആ വിവാദം ഇപ്പോഴും ചൂടാറാതെ നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് പല പ്രമുഖരുടെയും പേരുകള്‍ ഉയര്‍ന്നു.
കുറ്റപത്രം സമര്‍പ്പിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് വിചാരണ നടപടി പൂര്‍ത്തിയാക്കി 35 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യകേ കോടതി വിധിച്ചത്. അപ്പോഴും മുഖ്യസൂത്രധാരന്‍ വലക്ക് പുറത്തായിരുന്നു.
35 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് 10 ദിവസത്തിനുശേഷമാണ് കര്‍ണാടകയിലെ ക്വാറിയില്‍ നിന്ന് മുഖ്യപ്രതി ധര്‍മരാജനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്ന ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. ശിക്ഷ വിധിച്ച് ഏറെതാമസിയാതെ അപ്പീലിന്‍െറ ബലത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ 2005 ജനുവരി 20ന് ഹൈകോടതി കുറ്റമുക്തരാക്കി. ഈ വിധിയില്‍ ഇരയെ സംബന്ധിച്ച് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തില്‍ ഞെട്ടലും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നു.
വേട്ടയാടപ്പെട്ട പെണ്‍കുട്ടിയും കുടുംബവും പിന്നെയും നിയമയുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായി. അങ്ങനെയാണ് ചില സാമൂഹിക പ്രവര്‍ത്തകരുടെ പിന്തുണയോടെ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയിലെ തീര്‍പ്പ് നീളുന്നതില്‍ കോടതിതന്നെ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഒടുവിലാണ് ഇരക്ക് നീതി കിട്ടുമെന്ന പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി സുപ്രീംകോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിക്കെതിരായ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ പരാമര്‍ശങ്ങളെ സുപ്രീംകോടതി വിമര്‍ശിച്ചതും പോരാട്ടത്തിലേര്‍പ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
നീണ്ട നിയമ യുദ്ധങ്ങളും ഒറ്റപ്പെടുത്തലുകളും അനാവശ്യത്തിനും അനവസരത്തിലും ‘സൂര്യനെല്ലി പെണ്‍കുട്ടി’ എന്ന വിശേഷണവുമെല്ലാം കുടുംബത്തെ മൊത്തമായി തകര്‍ത്തു. ജന്മനാട്ടില്‍ കഴിയാന്‍ പോലുമാകാത്ത അവസ്ഥയുണ്ടായി. എല്ലാം വിറ്റുപെറുക്കി ജന്മനാട്ടില്‍ നിന്ന്, കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശത്തേക്ക് പലായനം ചെയ്തു. വിവാഹംപോലുള്ള, ജീവിതത്തിലെ സന്തോഷങ്ങളും നിഷേധിക്കപ്പെട്ടു.
ഈ നഷ്ടങ്ങളിലും വേട്ടയാടലുകള്‍ക്കുമുന്നിലും പതറാതെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ കണ്ണീരും കൈയുമായാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി നിയമയുദ്ധത്തില്‍ അടിയുറച്ചുനിന്നത്.

 

ഗൗരവ വിഷയങ്ങളുമായി അവസാനഘട്ട പ്രചാരണം

Posted: 03 Apr 2014 11:19 PM PDT

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രചാരണ വിഷയങ്ങളും ഗൗരവമുള്ളതാകുന്നു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലും കോട്ടയം, ഇടുക്കി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയമസഭ മണ്ഡലങ്ങളിലും മത-സാമുദായിക ശക്തികളുടെ ഇടപെടലുകളും ക്രൈസ്തവ സഭാ നേതൃത്വം നടത്തുന്ന നിശബ്ദ പ്രചാരണങ്ങളും അടിയൊഴുക്കുകളും ഇരുമുന്നണികള്‍ക്കും തലവേദനയാകുന്നുണ്ട്. ക്രൈസ്തവ സഭയുടെ കോതമംഗലം രൂപതയും ഇടുക്കി രൂപതയും യാക്കോബായ സഭാനേതൃത്വം പിറവത്തും നടത്തുന്ന യു.ഡി.എഫ് വിരുദ്ധ നീക്കങ്ങളാണ് സ്ഥാനാര്‍ഥികളെയും വെട്ടിലാക്കുന്നത്.
സഭാനേതൃത്വത്തെ മയപ്പെടുത്താന്‍ രമേശ് ചെന്നിത്തല അടക്കം മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കെത്തിയെങ്കിലും സഭാനേതൃത്വം വഴങ്ങാതായതും ചില മേഖലകളില്‍ യു.ഡി.എഫിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചാലക്കുടിയില്‍ പ്രബലരായ യാക്കോബായ സഭയെ ഒപ്പം നിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങളും നടന്നുവരുന്നു. സഭാ അംഗമായ പി.സി. ചാക്കോക്ക് അനുകൂല നിലപാട് എടുപ്പിക്കാനാണ് തീവ്രശ്രമം. ഇതിനായി യു.ഡി.എഫിലെ പ്രമുഖര്‍ തന്നെ രംഗത്തുണ്ട്. സഭയിലെ പ്രമുഖര്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കീസിന്‍െറ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വിദേശത്തായതിനാല്‍ യു.ഡി.എഫ് നേതാക്കളുടെ കാത്തിരിപ്പും നീളുകയാണ്. കോതമംഗലം, ഇടുക്കി ബിഷപ്പുമാര്‍ ഇപ്പോഴും പഴയ നിലപാടില്‍തന്നെ ഉറച്ചുനില്‍ക്കുന്നതും നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെയും എന്‍.എസ്.എസിന്‍െറയും ഈ മണ്ഡലങ്ങളിലെ നിലപാടുകളും യു.ഡി.എഫിനെതിരാണ്. ഒരുകൂട്ടം സമദൂരത്തിലും മറ്റൊരുകൂട്ടര്‍ ശരിദൂരത്തിലുമാണ്.
എറണാകുളത്തും കൊല്ലത്തും ഇരുമുന്നണികളും ലത്തീന്‍ സമുദായത്തിന്‍െറ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. കൊല്ലത്ത് എം.എ. ബേബിക്കും എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനും ലത്തീന്‍വോട്ടുകള്‍ തരപ്പെടുത്താന്‍ ഇടതുമുന്നണിയും കെ.വി. തോമസിനും എന്‍.കെ. പ്രേമചന്ദ്രനും വോട്ട് ഉറപ്പിക്കാന്‍ യു.ഡി.എഫും സജീവമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തെത്തിയ യു.ഡി.എഫ്- എല്‍.ഡി.എഫ് നേതാക്കള്‍ ലത്തീന്‍ സമുദായ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എറണാകുളത്ത് മത്സരിക്കുന്ന ഇരുമുന്നണി സ്ഥാനാര്‍ഥികളും കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും ലത്തീന്‍ വിഭാഗക്കാരാണ്. ചാലക്കുടിയില്‍ ക്രൈസ്തവ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പുവരുത്താന്‍ ഇരുമുന്നണികളും തുല്ല്യ പോരാട്ടത്തിലാണ്. തൃശൂരില്‍ സഭയുടെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിന്‍െറയും സി.പി.ഐയുടെയും സ്ഥാനാര്‍ഥികള്‍ സഭാവോട്ടിനായി നെട്ടോട്ടം നടത്തുന്നുണ്ട്. എന്നാല്‍, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ മുസ്ലിം, ഈഴവ, നായര്‍ വോട്ടുകള്‍ ഇരുമുന്നണികളും തങ്ങള്‍ക്കാണെന്ന് ഉറപ്പിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. എറണാകുളത്ത് 2.35 ലക്ഷം മുസ്ലിം വോട്ട് വരുമെന്നാണ് കണക്ക്. കളമശേരി, കൊച്ചി മണ്ഡലങ്ങളിലാണ് ഈ വോട്ടുകള്‍ ഏറെയും. ഇവിടെ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും യു.ഡി.എഫിന് അനുകൂല നിലപാട് എടുക്കുമെന്നാണ് സൂചന.
എറണാകുളത്ത് ഇടതുമുന്നണി തീരദേശ പരിപാലന നിയമത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് പ്രചാരണം കേന്ദ്രീകരിക്കുന്നത്. യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഇതും യുവവോട്ടര്‍മാരെ ആകര്‍ഷിക്കാനും തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ആം ആദ്മി പാര്‍ട്ടി യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളാണ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് തലവേദനയാകുന്നത്. നവവോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതും മുന്നണികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിയുന്നത്ര യുവ വോട്ടര്‍മാരെ നേരില്‍ കാണാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെങ്ങും. തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പോരാട്ടം പ്രചാരണം ആക്കുന്നതോടെ തീരദേശമനസ്സിനെ തങ്ങളോട് അടുപ്പിക്കാനാകുമെന്ന് ഇടതുമുന്നണി കരുതുന്നു. കടലോരത്തെ കസ്തൂരിരംഗനെ കടലിലെറിയുമെന്ന പ്രഖ്യാപനവുമായാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുന്നോട്ടു വന്നിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കൊണ്ടുവന്ന തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ സാധാരണക്കാരന്‍െറ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യും വിധമാണെന്ന് അദ്ദേഹം വാദിക്കുന്നു.
നിയമത്തിലെ വ്യവസ്ഥകള്‍ ഇഴകീറി തുറന്നുകാട്ടിയാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. ഈ വിഷയത്തില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരുന്ന തീരവാസികള്‍ക്ക് ഇടതു പ്രചാരണം പലപ്പോഴും ആവേശമാകുന്നുമുണ്ട്. അതേസമയം, ഇതും ഫാക്ട് പ്രതിസന്ധിയും യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കുന്നു. വൈപ്പിന്‍ ജനതയുടെ തീരാ ദു$ഖമായ കുടിവെള്ളപ്രശ്നവും യു.ഡി.എഫിനെതിരെ പ്രചാരണ ആയുധമാക്കുന്നുമുണ്ട്.
പ്രചാരണരംഗത്ത് ഇരു മുന്നണികളും ബി.ജെ.പിയും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ചാലക്കുടിയില്‍ ദേശീയ രാഷ്ട്രീയവും മണ്ഡലത്തിലെ വികസനവുമാണ് പ്രധാന പ്രചാരണ വിഷയം. വ്യവസായ മേഖല ഉള്‍പ്പെടുന്ന ആലുവക്ക് മുന്‍ എം.പി എന്തുചെയ്തുവെന്നും ഇടതു സ്ഥാനാഥി ഇന്നസെന്‍റ് ചോദിക്കുന്നു. 55,000 കോടിയുടെ വികസനം നടപ്പാക്കിയെന്ന മുന്‍ എം.പിയുടെ അവകാശവാദം പൊള്ളയാണെന്നും ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി ഇടതുമുന്നണി പ്രചാരണം കൊഴുപ്പിക്കുകയാണ്. ഇന്നസെന്‍റിനെതിരെ ശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തിവരുന്നത്. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുന്ന ചാലക്കുടി മണ്ഡലത്തിലെ ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി മണ്ഡലങ്ങളിലും പൊരിഞ്ഞ പ്രചാരണമാണ് ഇരു കൂട്ടരും നടത്തുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാണ്.
ഇന്നസെന്‍റിനായി സിനിമരംഗത്തെ പ്രമുഖര്‍ അടുത്ത ദിവസം മണ്ഡലത്തിലെത്തും. ഇടതുമുന്നണിയുടെ പ്രചാരണം സജീവമാക്കാന്‍ ശനിയാഴ്ച പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ എത്തുന്നുണ്ട്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഞായറാഴ്ച കൊച്ചിയിലെത്തും. വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാകും മുന്നണികള്‍ നടത്തുക.

വോട്ടേഴ്സ് സ്ളിപ് വീടുകളില്‍ എത്തിച്ചു തുടങ്ങി

Posted: 03 Apr 2014 11:17 PM PDT

ആലപ്പുഴ: ബൂത്തുതല ഓഫിസര്‍മാര്‍ മുഖേന വോട്ടര്‍മാരുടെ വീടുകളില്‍ വോട്ടേഴ്സ് സ്ളിപ് എത്തിച്ചുതുടങ്ങിയതായി വരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വോട്ടേഴ്സ് സ്ളിപ്പുണ്ടെങ്കില്‍ വോട്ട് ചെയ്യാം. വോട്ടേഴ്സ് സ്ളിപ് വീടുകളില്‍ ലഭിക്കാത്ത വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലെ വോട്ടര്‍ സഹായകേന്ദ്രത്തില്‍ നിന്ന് പോളിങ് ദിവസം ലഭ്യമാക്കും. വോട്ടെടുപ്പിന് അഞ്ചുദിവസം മുമ്പ് സ്ളിപ് വിതരണം പൂര്‍ത്തിയാക്കും. ഗുണനിലവാരമുള്ള പേപ്പറിലാണ് സ്ളിപ് തയാറാക്കിയിട്ടുള്ളത്. വോട്ടറുടെ വിവരങ്ങളും ഫോട്ടോയും വോട്ടര്‍ പട്ടികയിലെ ക്രമനമ്പറും സ്ളിപ്പിലുണ്ടാകും. ബൂത്തില്‍ വോട്ടറെ തിരിച്ചറിയാനും ക്രമനമ്പര്‍ കണ്ടെത്തി വേഗം വോട്ട് ചെയ്യാനും സ്ളിപ് സഹായകമാകും. സ്ളിപ്പിന്‍െറ ഫോട്ടോകോപ്പിയോ പകര്‍പ്പോ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. ബൂത്തുതല ഓഫിസര്‍മാരുടെ കൈയൊപ്പ് സ്ളിപ്പിലുണ്ടാകും.
വോട്ടര്‍ക്ക് നേരിട്ടോ വോട്ടറുടെ കുടുംബത്തിലെ സമ്മതിദാനാവകാശമുള്ള മുതിര്‍ന്ന അംഗത്തിനോ ബൂത്തുതല ഓഫിസര്‍ സ്ളിപ് നല്‍കും. സ്ളിപ് സ്വീകരിക്കുന്ന ആളുടെ കൈയൊപ്പോ വിരലടയാളമോ ബൂത്തുതല ഓഫിസര്‍ തെളിവായി രേഖപ്പെടുത്തണം. മരണപ്പെട്ട ഒരാളുടെ സ്ളിപ് ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൈമാറില്ല. ഇങ്ങനെയുള്ള സ്ളിപ്പിന്‍െറ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തി താലൂക്ക് ഓഫിസില്‍ തിരികെ ഏല്‍പിക്കും. ഇതിനു പുറമെ സ്ഥലത്തില്ലാത്തത്, സ്ഥലം മാറിപ്പോയത് തുടങ്ങിയ വോട്ടര്‍മാരുടെ വിവരങ്ങളും അതത് സ്ളിപ്പില്‍ രേഖപ്പെടുത്തും.
രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാര്‍ക്കും സ്ഥാനാര്‍ഥിയുടെ ഏജന്‍റുമാര്‍ക്കും സ്ളിപ് വിതരണം നടത്തു ന്ന ബൂത്തുതല ഉദ്യോഗസ്ഥനെ അനുഗമിക്കാം. യഥാര്‍ഥ വോട്ടര്‍ക്കാണ് സ്ളിപ്പുകള്‍ നല്‍കിയതെന്നത് ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെയും കൈയൊപ്പ് ബൂത്തുതല ഉദ്യോഗസ്ഥന്‍ ശേഖരിക്കണം. സ്ളിപ് വിതരണത്തില്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കുമെന്ന് വരണാധികാരി ഉറപ്പുവരുത്തും.
സ്ളിപ് വിതരണം സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്തുതല ഏജന്‍റുമാരുമായോ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുമായോ അവരുടെ ഏജന്‍റുമാരുമായോ പങ്കുവെക്കാതിരിക്കുകയോ സ്ളിപ് വിതരണത്തില്‍ അനുഗമിക്കാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്തെന്ന് പരാതി ലഭിക്കുകയും ആരോപണം തെളിയുകയും ചെയ്താല്‍ ബൂത്തുതല ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.
സ്ളിപ് വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍ ഉറപ്പാക്കണം. പോരായ്മയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുകയും വേണം. സ്ളിപ് വിതരണം കാര്യക്ഷമമാണെന്ന് സെക്ടറല്‍ ഓഫിസര്‍മാര്‍ മുഖേന വരണാധികാരി ഉറപ്പാക്കും. സ്ളിപ് വിതരണത്തില്‍ അപാകതയുണ്ടെങ്കില്‍ കണ്ടെത്തുന്നത് സെക്ടറല്‍ ഓഫിസര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ളിപ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കും. വിതരണം ചെയ്യപ്പെടാത്ത സ്ളിപ്പുകള്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ ഓഫിസില്‍ സൂക്ഷിക്കും. സ്ളിപ്പിന്‍െറ ക്രമവിരുദ്ധമായ വിതരണം, കൈവശം വെക്കല്‍ എന്നിവ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. വിതരണവേളയില്‍ ഏതെങ്കിലും വോട്ടര്‍ സ്ളിപ്പില്‍ തെറ്റായ ഫോട്ടോ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍/പരാതി ഉയര്‍ന്നാല്‍ ബൂത്തുതല ഉദ്യോഗസ്ഥര്‍ ആ ഫോട്ടോയില്‍ കുറുകെ വരച്ചശേഷം വോട്ടര്‍ സ്ളിപ് വിതരണം ചെയ്യണം. ഈ വിവരം വോട്ടര്‍ സ്ളിപ് രജിസ്റ്ററില്‍ പ്രത്യേകം രേഖപ്പെടുത്തി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇങ്ങനെയുള്ള കേസുകളില്‍ വോട്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്താം.

ജലസ്രോതസ്സുകള്‍ വരളുന്നു; കുടിവെള്ളക്ഷാമം തുടങ്ങി

Posted: 03 Apr 2014 11:10 PM PDT

കോങ്ങാട്: ഗ്രാമീണ മേഖലയിലെ ജലസ്രോതസ്സുകള്‍ വരളുന്നത് ഉയര്‍ന്ന പ്രദേശങ്ങളെ കുടിവെള്ള ക്ഷാമ ഭീഷണിയിലാക്കുന്നു. അതിര്‍ത്തി പ്രദേശമായ മണിക്കശ്ശേരിയിലെ പുഴയും വറ്റുകയാണ്. കുളങ്ങളും കിണറുകളുമാണ് കോങ്ങാടും പരിസരങ്ങളിലുമുള്ളവരുടെ മുഖ്യ ജലസ്രോതസ്സ്. അത്യുഷ്ണത്തിന്‍െറ തോത് ക്രമാതീതമായി ഉയര്‍ന്നത് മൂലം താഴ്ന്ന പ്രദേശങ്ങളിലെ ഉറവിടങ്ങളില്‍ പോലും വെള്ളം താഴ്ന്ന നിലയിലാണ്.
ചല്ലിക്കല്‍-കവളേങ്ങല്‍, കോട്ടപ്പടി, സീഡ്ഫാം, അഴിയന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ ജലസ്രോതസ്സുകള്‍ വറ്റിയതുമൂലം നാഴികകള്‍ താണ്ടി വയല്‍ പ്രദേശങ്ങളില്‍നിന്ന് തലച്ചുമടായാണ് കുടിവെള്ളം കൊണ്ടുവരുന്നത്. കുന്നിന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സ്വന്തം ചെലവില്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാനും നിര്‍ബന്ധിതരാവുകയാണ്. വയല്‍ പ്രദേശങ്ങളില്‍ കിണര്‍ നിര്‍മിച്ച് കുടിവെള്ളം പമ്പ്ചെയ്ത് വിതരണം ചെയ്യുന്ന ചെറുകിട കുടിവെള്ള വിതരണ പദ്ധതികളിലും ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്.

സമ്മതിദാനത്തിന് സന്നാഹമൊരുക്കം

Posted: 03 Apr 2014 11:06 PM PDT

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഏപ്രില്‍ അഞ്ചിന് ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിക്കും. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായുള്ള 2,288 പോളിങ് ബൂത്തുകള്‍ക്ക് അനുവദിച്ച മെഷീനുകളില്‍ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി അനുവദിച്ച മെഷീനുകളിലും ബാലറ്റ് പേപ്പറുകള്‍ സജ്ജീകരിച്ച് പരീക്ഷണ വോട്ടെടുപ്പ് നടത്തും.
ഓരോ നിയോജകമണ്ഡലത്തിലേക്കും 10 ശതമാനം മെഷീനുകള്‍ വീതം അധികമായി അനുവദിച്ചിട്ടുണ്ട്.
ഓരോ മണ്ഡലത്തിലെയും നിശ്ചിത കേന്ദ്രങ്ങളിലാണ് ബാലറ്റ് പേപ്പര്‍ സജ്ജീകരിക്കലും പരീക്ഷണ വോട്ടെടുപ്പും നടക്കുക. ബാലറ്റ് പേപ്പറുകള്‍ ഘടിപ്പിച്ച ശേഷം മെഷീനുകള്‍ എ.ആര്‍.ഒ മാരുടെ ചുമതലയിലാണ് സൂക്ഷിക്കുക. അധിക മെഷീനുകളുടെ സംരക്ഷണ ചുമതല സെക്റ്ററല്‍ ഓഫിസര്‍മാര്‍ക്കാണ്. കനത്ത പൊലീസ് സുരക്ഷയുമുണ്ടാവും.
ഇവ ഏപ്രില്‍ ഒമ്പതിന് എ.ആര്‍.ഒമാര്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറും. പാലക്കാട്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മെഷീനുകളാണ് ജില്ലയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചവയും ഇക്കൂട്ടത്തിലുണ്ട്.

Thursday, April 3, 2014

തിളയ്ക്കുന്ന വേനലിലും തളരാതെ Madhyamam News Feeds

തിളയ്ക്കുന്ന വേനലിലും തളരാതെ Madhyamam News Feeds

Link to

തിളയ്ക്കുന്ന വേനലിലും തളരാതെ

Posted: 03 Apr 2014 12:03 AM PDT

തിരുവനന്തപുരം: വേനല്‍ചൂടിന്‍െറ കാഠിന്യത്തിനൊപ്പം പ്രചാരണച്ചൂടും കൊടുമ്പിരിക്കൊണ്ടു. പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പരക്കംപാച്ചിലില്‍.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശശിതരൂര്‍ കോവളം നിയോജകമണ്ഡലത്തില്‍ രണ്ടാംഘട്ടപര്യടനം നടത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാം ബീമാപള്ളി ഉറൂസിലും പാളയം ഇമാമിനെയും കഴക്കൂട്ടത്ത് വോട്ടര്‍മാരെയും നേരില്‍കണ്ടു. ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ കഴക്കൂട്ടം മണ്ഡലത്തില്‍ പര്യടനം നടത്തി.
ശശി തരൂരിന്‍െറ കോവളത്തെ രണ്ടാംഘട്ട പര്യടനം പൂവാറില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. സാമുദായിക വികാരം ഉണര്‍ത്തി തിരുവനന്തപുരത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം വന്‍വികസനത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പൂവാര്‍ മണ്ഡലം പ്രസിഡന്‍റ് എന്‍. ആര്‍. സോമന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍മന്ത്രി എം. ആര്‍.രഘു ചന്ദ്രപാല്‍, മുന്‍ എം.എല്‍.എ ജോര്‍ജ് മെഴ്സിയര്‍, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മര്യാപു രം ശ്രീകുമാര്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, പൂവാര്‍ ഷാഹുല്‍, പി.കെ. സാംദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞിരംകുളം ബ്ളോക്കിലെ കാഞ്ഞിരംകുളം, പൂവാര്‍, കരുംകുളം, വിഴിഞ്ഞം പഞ്ചായത്തുകളിലായിരുന്നു പര്യടനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാമിന്‍െറ പ്രചാരണപരിപാടി പാങ്ങോട്ട് മുന്‍മന്ത്രി എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിമതിയിലൂടെയും കുംഭകോണത്തിലൂടെയും സമാഹരിച്ച കള്ളപ്പണം ഒഴുക്കി വോട്ടുനേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 2004 ലെ ചരിത്രം തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുടന്ന് ബീമാപള്ളി ഉറൂസിന്‍െറ കൊടിയേറ്റത്തില്‍ പങ്കെടുത്തു. പാളയം ഇമാമിനെയും കൈരളി ടി.വിയില്‍ ജീവനക്കാരുടെ സ്വീകരണത്തിലും പങ്കെടുത്തു.
കഴക്കൂട്ടം ജങ്ഷനില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട ് വോട്ടഭ്യര്‍ഥിച്ചു. ബിഷപ് പെരേറ ഹാളില്‍ ഇടയസംഗമത്തില്‍ പങ്കെടുത്തു. വൈകുന്നേരം ശ്രീകാര്യം ജങ്ഷനില്‍ വോട്ടര്‍മാരെ നേരില്‍കണ്ടു. അധ്യാപകരുടെ ഒത്തുചേരലില്‍ പങ്കെടുത്തു.ബെനറ്റ് എബ്രഹാമിന്‍െറ രണ്ടാംഘട്ട പ്രചാരണം ഇന്ന് ആരംഭിക്കും. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വട്ടവിളയില്‍ രാവിലെ എട്ടിന് വട്ടവിളയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ഉദ്ഘാടനം ചെയ്യും. പര്യടനം വൈകുന്നേരം ഏഴോടെ പഴയ ഉച്ചക്കടയില്‍ സമാപിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്‍െറ രണ്ടാംഘട്ട പ്രചാരണപരിപാടി കരിക്കകം ക്ഷേത്രനടയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.
ഒ. രാജഗോപാല്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് കാരോട് പഞ്ചായത്തിലെ പുളിമൂട്ട് കടയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.

അടുക്കള പൂട്ടിച്ച് സ്ത്രീകളെ സമരത്തിനിറക്കിയതിന്‍െറ ഉത്തരവാദിത്തം യു.പി.എ സര്‍ക്കാറിനെന്ന്

Posted: 02 Apr 2014 11:56 PM PDT

പത്തനംതിട്ട: വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതിരുന്ന യു.പി.എ സര്‍ക്കാര്‍ അടുക്കള പൂട്ടിച്ച് സ്ത്രീകളെ സമരത്തിലെത്തിച്ചതായി ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് നിര്‍മലാദേവി ടീച്ചര്‍.
എന്നാല്‍ വിലക്കയറ്റം ഒരു ആഗോള പ്രതിഭാസമാണെന്നും ഇതിന്‍െറ ഫലമാണ് നമ്മളും അനുഭവിക്കുന്നതെന്നും ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ സ്റ്റെല്ല തോമസ്.
പത്തനംതിട്ട പ്രസ് ക്ളബിന്‍െറ നേതൃത്വത്തില്‍ നടത്തിയ 'സ്ത്രീപക്ഷം' തെരഞ്ഞെടുപ്പ് സംവാദമാണ് ചൂടേറിയ ചര്‍ച്ചക്ക് ഇടമായത്. വിലക്കയറ്റമായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം. സ്ത്രീകളെ സംബന്ധിക്കുന്ന സ്ത്രീസുരക്ഷ, സ്ത്രീ സംവരണം തുടങ്ങിയ വിഷയം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
സ്ത്രീ സുരക്ഷക്കായി ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത് യു.പി.എ ഭരണകാലത്താണെന്ന് സ്റ്റെല്ലാ തോമസ് പറഞ്ഞു.
ഒന്നാം യു.പി.എ സര്‍ക്കാരിന്‍െറ കാലത്താണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് യു.ഡി.എഫിനാണ്. സ്ത്രീകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്ത്രീവോട്ടുകള്‍ കൂടുതല്‍ ലഭിക്കാന്‍ ഇടയാക്കിയത്.
അടിക്കടിയുള്ള വിലക്കയറ്റം സ്ത്രീകളെയാണ് ഏറെ ബാധിച്ചതെന്ന് നിര്‍മലാദേവി ടീച്ചര്‍ പറഞ്ഞു. 530 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. പല കുടുംബങ്ങളും പട്ടിണിയിലാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ തന്‍െറ കൈയില്‍ മാന്ത്രിക വടിയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
സ്ത്രീ സംവരണം രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പുരുഷാധിപത്യ സമൂഹമാണ് നമ്മുടേതെന്നും നിര്‍മലാദേവി പറഞ്ഞു.യു.പി.എ സര്‍ക്കാറിന്‍െറ ഭരണത്തില്‍ ജനം അനുഭവിച്ച ദുര്‍ഗതി മറക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി ശോഭന അച്യുതന്‍ പറഞ്ഞു.
പ്രസ്ക്ളബ് ഭാരവാഹികളായ ബിജു കുര്യന്‍ സ്വാഗതവും പ്രഹ്ളാദന്‍ നന്ദിയും പറഞ്ഞു.

നിരീക്ഷിച്ചത് യുവതിയുടെ അറിവോടെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Posted: 02 Apr 2014 11:53 PM PDT

Image: 

ന്യൂഡല്‍ഹി: യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ പുതിയ വാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍. യുവതിയുടെ അറിവോടെയാണ് നിരീക്ഷിച്ചതെന്നും ഐ.എ.എസ് ഒഫീസര്‍ പ്രദീപ് ശര്‍മയില്‍ നിന്നും യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതിനാലാണ് നിരീക്ഷിച്ചതെന്നും ഇതില്‍ അവര്‍ കൃതഞ്ജത അറിയിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.  ശര്‍മക്ക് യുവതിയുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ടെലഫോണ്‍ സംഭാഷണത്തിന്‍റെ പകര്‍പ്പ് സീല്‍ വെച്ച കവറില്‍ ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ മോദി ഭരണകൂടം യുവതിയെ നിരീക്ഷിച്ച സംഭവം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പ്രദീപ്ശര്‍മയും കോടതിയെ സമീപിച്ചിരുന്നു.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡി രംഗത്തുവരാന്‍ തുടങ്ങിയതിന്‍റെ ആരംഭത്തില്‍ വിവാദമായ സംഭവം ബി.ജെ.പിയെ ഏറെ പ്രതിരോധത്തില്‍ ആഴ്ത്തിയിരുന്നു. ഇതോടെ സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിരുന്നു.

ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ 2008 ഓഗസ്റ്റ് ഒന്നു മുതല്‍ ഒരു വര്‍ഷം മോദിക്ക് വേണ്ടി അമിത്ഷായുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന വാര്‍ത്ത ഗുലൈല്‍ ഡോട്ട് കോമാണ് പുറത്തു വിട്ടത്. മോദി യുവതിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണ്‍ ചോര്‍ത്തല്‍ അടക്കമുള്ള വിവരങ്ങളും ഗുലൈല്‍ പുറത്തുകൊണ്ടു വന്നിരുന്നു.

ജില്ലയില്‍ തെരഞ്ഞെടുപ്പ് ഒരുക്കം അന്തിമഘട്ടത്തില്‍

Posted: 02 Apr 2014 11:52 PM PDT

തൊടുപുഴ: ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കം അന്തിമ ഘട്ടത്തിലെത്തിയതായി കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയായി. ഏഴ് നിയോജക മണ്ഡലത്തിലായി 1145 ബൂത്തിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചു. ഇവരുടെ രണ്ടാംഘട്ട പരിശീലനം വ്യാഴാഴ്ച അവസാനിക്കും.
ജില്ലയില്‍ 1102 പ്രിസൈഡിങ് ഓഫിസര്‍മാരെയും 1124 ഒന്നാം പോളിങ് ഓഫിസര്‍മാരെയും 1151 രണ്ടാം പോളിങ് ഓഫിസര്‍മാരെയും 1229 മൂന്നാം പോളിങ് ഓഫിസര്‍മാരെയും 310 റിസര്‍വ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ 4916 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചിരിക്കുന്നത്. ഇതുവരെ വിവിധ കാരണങ്ങളാല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് നാല്, അഞ്ച് തീയതികളില്‍ അതത് സ്ഥലങ്ങളിലും സമയത്തും പ്രത്യേക പരിശീലനം നല്‍കും.
തുടര്‍ന്ന് മൈക്രോ ഒബ്സര്‍വര്‍മാരുടെ പരിശീലനം നടക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് ഈ പരിശീലനം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങള്‍ക്കായി ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ ആര്‍. രാമമൂര്‍ത്തിയെ ചുമതലപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യം ഉണ്ടായാല്‍ ഇദ്ദേഹത്തെ ബന്ധപ്പെടാം. 25,000 രൂപ വരെയുള്ള അടിയന്തര ചികിത്സ സഹായം നല്‍കുന്നതിന് ഇദ്ദേഹത്തിന് അധികാരമുണ്ട്. അതോടൊപ്പം ഏതെങ്കിലും കാരണത്താല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പില്‍ വിവിധ ബൂത്തുകളില്‍ ഉപയോഗിക്കുന്ന ബാലറ്റ് യൂനിറ്റുകളുടെയും കണ്‍ട്രോള്‍ യൂനിറ്റുകളുടെയും തരംതിരിക്കല്‍ പൂര്‍ത്തിയായി.
കമ്പ്യൂട്ടര്‍ സഹായത്തോടെയായിരുന്നു തരംതിരിക്കല്‍. പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഹരിഹര്‍ മല്ലിക്കിന്‍െറ നേതൃത്വത്തില്‍ ഒരുക്കത്തിന്‍െറ പുരോഗതി ദിവസന്തോറും വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന്‍െറ ചെലവ് നിരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രീതം ദത്തയാണ്. ജില്ലയില്‍ മൊത്തം 1157419 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 577945 പുരുഷന്മാരും 579474 സ്ത്രീകളും ഉള്‍പ്പെടും. ഈ വര്‍ഷം 74815 പേരാണ് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ബൂത്തുകള്‍, ക്രമനമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറേറ്റ്, താലൂക്കുകള്‍ എന്നിവിടങ്ങളില്‍ ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിവരങ്ങള്‍ അറിയാം. കൂടാതെ ബ്ളോക് ലെവല്‍ ഓഫിസര്‍മാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും സേവനം ഇതിനായി വിനിയോഗിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകം കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. 04862-233040 നമ്പറിലും വോട്ടര്‍മാര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാം. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴ-നിര്‍മല ഹൈസ്കൂള്‍, കോതമംഗലം-മാര്‍ അത്തനേഷ്യസ് കോളജ്, ദേവികുളം-ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍, ഉടുമ്പന്‍ചോല-മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ- ന്യൂമാന്‍ കോളജ്, ഇടുക്കി-ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വാഴത്തോപ്പ്, പീരുമേട്-മരിയഗിരി ഇ.എം.എച്ച്.എസ്.എസ് എന്നിവയാണ് വിതരണ കേന്ദ്രങ്ങള്‍. പൊലീസ് സുരക്ഷാ ഭാഗമായി ജില്ലയിലുള്ള പൊലീസ് സേനക്ക് പുറമെ ജില്ലക്ക് പുറത്തുനിന്ന് ആയിരത്തിലധികം പൊലീസുകാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷാക്രമീകരണത്തിനായി കേന്ദ്രസേനയെ നിയോഗിക്കും. ഇരട്ട വോട്ടിങ് തടയുന്നതിന്‍െറ ഭാഗമായി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാമറ സഹിതം പ്രത്യേക നിരീക്ഷണ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യു.ഡി.എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനില്‍കോണ്‍ഗ്രസുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

Posted: 02 Apr 2014 11:46 PM PDT

മണിമല: ആന്‍േറാ ആന്‍ണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട യു.ഡി.എഫ് മണിമല പഞ്ചായത്തു കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
ഇതോടെ കണ്‍വെന്‍ഷന്‍ അവസാനിപ്പിച്ച് നേതാക്കള്‍ സ്ഥലം വിട്ടു. കറിക്കാട്ടൂര്‍ പെന്‍ഷന്‍ ഭവനില്‍ ബുധനാഴ്ച 11.30നായിരുന്നു സംഭവം.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്‍െറ ഭാഗമായ മണിമലയിലെ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. മണിമല പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനായിരുന്നു. കോണ്‍ഗ്രസിലെ ഏതാനും അംഗങ്ങളും കേരള കോണ്‍ഗ്രസ് അംഗങ്ങളും ഒത്തു ചേര്‍ന്ന് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നതിന് ജില്ലാനേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടും ഇത് പാലിക്കാതെ അവിശ്വാസ പ്രമേയം പാസാക്കി. വിപ്പ് ലംഘിച്ചവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ഇവര്‍ക്ക് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവരെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരിച്ചെടുക്കാമെന്നും ഇവര്‍ക്കെതിരെ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് പിന്‍വലിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നതായി പറയുന്നു. ബുധനാഴ്ച യോഗത്തിലെത്തിയ ഇവരോട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കേറ്റം സംഘട്ടനത്തിലേക്ക് കടന്നതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.

ആന്‍റണിയുടെ ആദര്‍ശം കടലില്‍ പോയി –വൃന്ദ കാരാട്ട്

Posted: 02 Apr 2014 11:40 PM PDT

വടക്കാഞ്ചേരി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷതയുടെ പാത പിന്നിടുന്നത് ഇടതുപക്ഷം മാത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആലത്തൂര്‍ ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. ബിജുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായ ഓട്ടുപാറ- വടക്കാഞ്ചേരി ലോക്കല്‍ കമ്മിറ്റി റാലിയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അഴിമതിയും കൊള്ളയും അക്രമവും വിലക്കയറ്റവും പതിവ് പരിപാടിയാക്കിയതാണ് കോണ്‍ഗ്രസിന്‍െറ നേട്ടം. ആര്‍.എസ്.എസ്- ബജ്റഗ്ദള്‍ തുടങ്ങിയ ജനവിരുദ്ധ വര്‍ഗീയ ശക്തികളെ മുഖംമൂടി അണിയിച്ച് നിര്‍ത്തിയതാണ് ബി.ജെ.പിയുടെ രീതി. ഇവ രണ്ടും ചെന്നെത്തുന്നത് ഒരു ദിശയിലേക്കാണെന്ന് അവര്‍ പറഞ്ഞു.
1994ല്‍ ധാര്‍മികതയുടെ പേരില്‍ ഉന്നതാധികാര കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച എ.കെ. ആന്‍റണിയുടെ ധാര്‍മികത ടുജി സ്പെക്ട്രം- കല്‍ക്കരി കുംഭകോണം തുടങ്ങി യു.പി.എ സര്‍ക്കാറില്‍ കോടികളുടെ അഴിമതി നടന്നപ്പോള്‍ അറബിക്കടലില്‍ പതിച്ചെന്ന് അവര്‍ പരിഹസിച്ചു. യു.പി.എയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ഇപ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി ആന്‍റണി ഇറങ്ങിയിട്ടുണ്ട്. വിമാനാപകടങ്ങളും കപ്പല്‍ ദുരന്തങ്ങളുമാണ് പ്രതിരോധമന്ത്രിയുടെ വകുപ്പില്‍.
ഭക്ഷ്യമന്ത്രി കെ.വി. തോമസിന്‍െറ വകുപ്പ് സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യം എലികള്‍ തിന്ന് തടിച്ചുകൊഴുക്കുന്നു. എന്നിട്ടും അവ സാധാരണക്കാര്‍ക്ക് നല്‍കുന്നില്ല. എ.പി.എല്‍ -ബി.പി.എല്‍ ഭേദമില്ലാതെ കുടുംബത്തിന് 35 കി. ഗ്രാം അരി, അങ്കണവാടി -ആശാവര്‍ക്കര്‍ എന്നിവര്‍ക്ക് പ്രതിമാസം 10,000 രൂപ വേതനം എന്നീ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഇടതുപക്ഷ പ്രകടനപത്രിക. കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കുമെന്ന് വൃന്ദ കാരാട്ട് അവകാശപ്പെട്ടു.
സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.എ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ബാബു എം. പാലിശേരി, എ.കെ. ബാലന്‍, സി.പി.എം ഏരിയാ സെക്രട്ടറി സേവ്യര്‍ ചിറ്റിലപ്പിള്ളി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.ആര്‍. സോമനാരായണന്‍, എന്‍.ആര്‍. ബാലന്‍, എ. പത്മനാഭന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, അഡ്വ. എം.എസ്. സ്കറിയ, പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചെറിയരീക്കാമലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ സമരത്തിന്

Posted: 02 Apr 2014 11:33 PM PDT

ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെറിയരീക്കാമലയില്‍ സര്‍ക്കാര്‍ മിച്ചഭൂമിയിലെ അനധികൃത കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ സമരത്തിന്. 300ലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിയും ക്രഷറും ജനജീവിതത്തിന് ഭീഷണിയായിട്ടും അധികൃതര്‍ ക്വാറിക്കാര്‍ക്ക് ഒത്താശ ചെയ്തതായി നാട്ടുകാര്‍ ആരോപിക്കുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം സര്‍ക്കാര്‍ മിച്ചഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്വാറി പരിസരത്തായി സ്കൂളും നിരവധി വീടുകളുമുണ്ട്. രാപ്പകല്‍ ഭേദമന്യെ വന്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശവാസികള്‍ തീരാദുരിതത്തിലാണ്. സ്ഫോടക വസ്തുക്കള്‍ ക്വാറിയില്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശത്തെ വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. കിണറുകളില്‍ വെള്ളം വറ്റി. നേരത്തേ പലതവണ ഉരുള്‍പൊട്ടലുണ്ടായ പ്രദേശം കൂടിയാണിത്.
അനധികൃത ക്വാറിക്കും ക്രഷറിനും ഏരുവേശ്ശി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്. പഞ്ചായത്തിന്‍െറ ലൈസന്‍സോ സ്ഫോടക ശേഖരത്തിനും ഉപയോഗത്തിനുമുള്ള പൊലീസ് ലൈസന്‍സോ ക്വാറിക്കില്ലെന്നിരിക്കെ ഏരുവേശ്ശി വില്ലേജോഫിസിലെ ചിലരുടെ ഒത്താശയിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നു.
സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത 3.85 ഏക്കറില്‍പെട്ട 1.85 ഏക്കറിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. റവന്യൂ ജിയോളജി വകുപ്പുകളിലെ ചിലര്‍ ചേര്‍ന്ന് അനധികൃത ക്വാറിക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തളിപ്പറമ്പ് തഹസില്‍ദാര്‍, ഏരുവേശ്ശി വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കി. ക്വാറി പ്രവര്‍ത്തനം തടയുന്നില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ ജോണ്‍ജോസ് തുണ്ടത്തില്‍ പറഞ്ഞു.

വിജയം അവകാശപ്പെട്ട് ഇരു മുന്നണി സ്ഥാനാര്‍ഥികളും

Posted: 02 Apr 2014 11:28 PM PDT

കൊച്ചി: പ്രചാരണം അവസാനിക്കാന്‍ ഇനി ഏഴു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇരു മുന്നണി സ്ഥാനാര്‍ഥികളും വിജയം അവകാശപ്പെട്ട് രംഗത്ത്.
മികച്ച ഭൂരിപക്ഷത്തിന് എറണാകുളത്ത് വിജയിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ ഇത്തവണ എറണാകുളം ഇടത്തോട്ടു ചായുമെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരില്‍ യു.ഡി.എഫ് ആഭിമുഖ്യം പ്രകടമാണെന്നും പ്രമുഖ നേതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍, എറണാകുളത്തെ ഒരു വലത് ആഭിമുഖ്യമുള്ള മണ്ഡലമായി കാണാന്‍ കഴിയില്ലെന്നാണ് ഇടത് വിലയിരുത്തല്‍. ഇതിനായി മുന്‍കാല രാഷ്ട്രീയ സാധ്യതകളും എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ വി. വിശ്വനാഥമേനോനും സ്വതന്ത്രരായി സേവ്യര്‍ അറക്കലും ഡോ. സെബാസ്റ്റ്യന്‍ പോളും ജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ സിന്ധു ജോയി കീഴടങ്ങിയത് കെ.വി. തോമസിനെ വിറപ്പിച്ചുകൊണ്ടാണെന്നും ഭൂരിപക്ഷം 11,000ത്തില്‍ താഴെയായിരുന്നുവെന്നും ഇടത് നേതാക്കള്‍ പറയുന്നു.
നിയമസഭ മണ്ഡലങ്ങള്‍ പുന$ക്രമീകരിച്ച ശേഷം എറണാകുളം ഇരു മുന്നണികള്‍ക്കും തുല്യ സാധ്യതകള്‍ അവശേഷിപ്പിക്കുന്നു. ആലുവ ഇപ്പോഴില്ല. പറവൂര്‍ പുതുതായി ചേര്‍ക്കപ്പെട്ടു. സിന്ധു ജോയിയുടെ മുന്നേറ്റത്തെ ഇതും തുണച്ചിട്ടുണ്ട്.
കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടായിരുന്നപ്പോഴായിരുന്നു കെ.വി. തോമസിന്‍െറ മോശം പ്രകടനമെന്നാണ് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്താകമാനം യു.പി.എ വിരുദ്ധ വികാരമുണ്ടെന്നും ഡല്‍ഹിയിലെ തിരിച്ചടി രാജ്യത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇടത് നേതാക്കള്‍ വ്യക്തമാക്കി. വിലവര്‍ധനയും അഴിമതിയുമാണ് ദേശീയ തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. യു.പി.എ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ പോലും ഭരണ വിരുദ്ധ വികാരം ആഞ്ഞടിക്കും. എറണാകുളം പോലെ മിഡില്‍ ക്ളാസ്, ന്യൂജനറേഷന്‍ വോട്ടര്‍മാര്‍ പ്രധാന സ്വാധീനശക്തിയായ മണ്ഡലങ്ങളില്‍ ഈ തിരിച്ചടി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. നഗരത്തിലെ നാല് ഫൈ്ളഓവറുകള്‍ കെ.വി.തോമസ് പ്രചാരണ ആയുധമാക്കുമ്പോള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്‍െറ വ്യക്തിത്വവും അനുഭവസമ്പത്തും വോട്ടര്‍മാര്‍ക്ക് ആകര്‍ഷകമായിട്ടുണ്ടെന്നാണ് എല്‍.ഡി.എഫിന്‍െറ വിലയിരുത്തല്‍. പേഴ്സനാലിറ്റി വോട്ടുകള്‍ ക്രിസ്റ്റിക്ക് വേണ്ടുവോളം ലഭിക്കാനാണ് സാധ്യതയെന്നും 'വൈ ക്രിസ്റ്റി' പ്രചാരണം ഏറെ ഫലപ്രദമായെന്നും ഇടതുമുന്നണി പറയുന്നു. അതേസമയം നമ്മളറിയാത്ത ക്രിസ്റ്റി എന്ന പ്രൊഫൈല്‍ പ്രചാരണവും.
ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ഥിയാക്കിയതിലെ യുക്തി വിശ്വാസ്യയോഗ്യമാകുംവിധം വിശദീകരിക്കാന്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും കഴിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
എല്‍.ഡി.എഫിന് ഇപ്രാവശ്യം വോട്ടുചോര്‍ച്ച ഭീഷണിയില്ല. ബി.ജെ.പി ശക്തമായ മത്സരം നല്‍കുന്നതിനാല്‍ അവിടെയും വോട്ടുചോര്‍ച്ചക്കിടയില്ല. നേരത്തേ യു.ഡി.എഫിന് അവസാന നിമിഷം കിട്ടിയിരുന്ന വോട്ടുകളാണിവ. ആം ആദ്മി മണ്ഡലത്തില്‍ ദുര്‍ബല പ്രകടനമാണ് നടത്തുന്നതെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടി.
എങ്കിലും വോട്ടുകള്‍ അഞ്ചക്കം കടക്കുമെന്ന് നേതാക്കള്‍ പറയുന്നു. നിഷേധ വോട്ടുകള്‍ ഇപ്രാവശ്യം ഗണ്യമായി ഉണ്ടാകാനിടയുണ്ടെന്ന സൂചനയും അവര്‍ തള്ളിക്കളയുന്നില്ല.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെ.വി. തോമസിനെപ്പോലെ തന്നെ മണ്ഡലത്തിലെ പ്രബല സമുദായത്തിന് സ്വീകാര്യനാണ്. തീരദേശത്തെ കൂടെ നിര്‍ത്താന്‍ സി.ആര്‍.ഇസഡ് ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത് ക്രിസ്റ്റിക്ക് തെരഞ്ഞെടുപ്പുരംഗത്ത് നല്ല മേല്‍ക്കൈ നല്‍കുന്നുണ്ട്. തീരമേഖല തീര്‍ത്തും അസ്വസ്ഥമാണ്.
കെ.വി. തോമസിനും, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കുമെതിരെ ജനരോഷവും ശക്തമാണ്. ഇങ്ങനെ പോകുന്നു ഇടത് നേതാക്കളുടെ വാദങ്ങള്‍.

കൈനകരിയില്‍ യുവാവിനെ കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Posted: 02 Apr 2014 11:26 PM PDT

ആലപ്പുഴ: കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാലുപ്രതികള്‍ അറസ്റ്റില്‍. അഞ്ചാം പ്രതി കൈനകരി പഞ്ചായത്ത് 12ാം വാര്‍ഡ് തോട്ടുവാത്തല മാമ്മൂട്ടിച്ചിറ കുഞ്ഞുമോന്‍െറ മകന്‍ കുടു എന്ന സലിംകുമാര്‍(24), ആറാം പ്രതി കൈനകരി പഞ്ചായത്ത് 11ാം വാര്‍ഡ് തോട്ടുവാത്തല ചെമ്മനാട് വീട്ടില്‍ ഉല്ലാസ് (21), ഏഴാം പ്രതി 11ാം വാര്‍ഡ് മംഗലശേരി വീട്ടില്‍ സായിപ്പ് എന്ന വിനീത്(21), എട്ടാം പ്രതിയും ഒന്നാം പ്രതിയുടെ അച്ഛനുമായ പുത്തന്‍പറമ്പില്‍ പുരുഷോത്തമന്‍(57) എന്നിവരെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയുകയായിരുന്നു. ഭവനഭേദനം, ഗൂഢാലോചന, കൊലക്കുറ്റത്തിന് സഹായം ചെയ്യുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസംതന്നെ ഒന്നു മുതല്‍ നാലുവരെ പ്രതികളെ കോട്ടയം ജില്ലയിലെ കൊല്ലാട് നിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബുധനാഴ്ച നാലുപ്രതികളെ അറസ്റ്റ് ചെയ്തതെന്നും ആദ്യ നാലുപ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് കൈനകരി ഗ്രാമപഞ്ചായത്ത് തോട്ടുവാത്തല ജയേഷ്ഭവനില്‍ ജയേഷ് (28) കൊല്ലപ്പെട്ടത്.
വീട്ടിലെത്തിയ ഗുണ്ടാസംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയേഷിനെ വീടിന് പിന്‍ഭാഗത്തെ കൊയ്ത്ത് കഴിഞ്ഞ പുത്തന്‍തുരം പാടശേഖരത്തില്‍വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജില്ലാ പൊലീസ് ചീഫ് ബാലചന്ദ്രന്‍, ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ്, അമ്പലപ്പുഴ സി.ഐ എസ്.സാനി, എസ്.ഐമാരായ ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, കെ. ശിവന്‍കുഞ്ഞ്, കെ.എസ്. പോപ്പച്ചന്‍, എ.എസ്.ഐ ടി.പുഷ്ക്കരന്‍, സീനിയര്‍ സി.പി.ഒ മാരായ കുര്യന്‍, സജി, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വലിയങ്ങാടിയില്‍ തീപിടിത്തം: രണ്ട് കടകള്‍ നശിച്ചു

Posted: 02 Apr 2014 11:15 PM PDT

പാലക്കാട്: വലിയങ്ങാടി കര്‍ണ്ണകിയമ്മന്‍ കോവില്‍ തെരുവിലെ നാല് കടകളില്‍ തീപിടിത്തം. രണ്ട് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണാ സ്റ്റോര്‍ എന്ന മിഠായി മൊത്തവ്യാപാരക്കട, ഇര്‍ഷാദിന്‍െറ മരുവാ കമ്യൂണിക്കേഷന്‍സ് മൊബൈല്‍ ഷോപ്പ് എന്നിവയാണ് പൂര്‍ണമായും കത്തിയത്.
എം. ഹസ്സന്‍െറ സഫ സ്റ്റോര്‍ പാത്രക്കടയിലേക്കും അയ്യപ്പന്‍െറ ഗണേഷ് ട്രേഡേഴ്സ് പലചരക്ക് കടയിലേക്കും തീപടര്‍ന്നെങ്കിലും കാര്യമായ നാശമുണ്ടായില്ല.
രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന്് തീയണച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. അഗ്നിശമനസേനയുടെ അസി. ഡിവിഷന്‍ ഓഫിസര്‍ കെ.കെ. ഷിജു, സ്റ്റേഷന്‍ ഓഫിസര്‍ കെ.എം. അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട്, കഞ്ചിക്കോട് സ്റ്റേഷനുകളിലെ അഞ്ച് യൂനിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ശ്രീകൃഷ്ണ സ്റ്റോറില്‍ ബുധനാഴ്ച ഉച്ചയോടെ വീണ്ടും തീപടര്‍ന്നു. നേരത്തെ തീപിടിച്ച ചൂടിയില്‍നിന്നാണ് വീണ്ടും തീപടര്‍ന്നത്. അഗ്നിശമന സേന വീണ്ടുമെത്തി അരമണിക്കൂറിനകം തീ പൂര്‍ണമായും കെടുത്തി.

Wednesday, April 2, 2014

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Madhyamam News Feeds

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Madhyamam News Feeds

Link to

ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം

Posted: 01 Apr 2014 11:44 PM PDT

ചാവക്കാട്: പാചകവാതകസിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കടപ്പുറം മാട്ടുമ്മല്‍ കുറുപ്പത്ത് വാലിപറമ്പില്‍ സെയ്തുവിന്‍െറ വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച 12.30 ഓടെയാണ് സംഭവം.
രണ്ട് മണിക്കൂറിനു ശേഷമാണ് സിലിണ്ടറില്‍ നിന്നുയര്‍ന്ന തീയണക്കാനായത്.
ഗ്യാസ് ഏജന്‍സിയില്‍ നിന്ന് തിങ്കളാഴ്ച്ച കൊണ്ടുവന്ന സിലിണ്ടര്‍ വാല്‍വ് ഘടിപ്പിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് തീയാളിയത്.
റഗുലേറ്ററിന്‍െറ ഭാഗത്ത് നിന്ന് വാതക ചോര്‍ച്ചയുണ്ടായതാണ് തീ പിടിക്കാന്‍ കാരണം. അടുക്കളഭാഗത്തിന്‍െറ പിറകുഭാഗത്ത് മതിലിനോട് ചേര്‍ന്ന പ്രത്യേകം പണിത സ്ഥലത്താണ് സിലിണ്ടര്‍ വെച്ചിരുന്നത്. സിലിണ്ടറില്‍ തീ പിടിച്ചതോടെ വീട്ടുകാര്‍ ഭയന്ന് പുറത്തേക്കോടി.
ഉടന്‍ പരിസരവാസികളായ യുവാക്കളും വീട്ടുടമ സെയ്തുവും ചേര്‍ന്ന് പൈപ്പിട്ട് സിലിണ്ടറിലേക്ക് വെള്ളമടിച്ചു.
സിലിണ്ടര്‍ പുറത്തേക്ക് വലിച്ചിട്ട് രണ്ട് മണിക്കൂറിലധികം നേരം വെള്ളം പമ്പ് ചെയ്തുകൊണ്ടിരുന്നു.
ചാവക്കാട് സ്റ്റേഷനില്‍ നിന്ന് എസ്.ഐ എം.കെ ഷാജിയുടെ നേതൃത്വത്തില്‍ പൊലീസും ഗുരുവായൂരില്‍ നിന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ അഗ്നിശമന സേനയും സ്ഥലത്തെത്തി വീട്ടുകാരെയും സമീപവാസികളെയും മാറ്റി നിര്‍ത്തി.

ഗാന്ധിനഗറില്‍ അദ്വാനിക്ക് മുമ്പെങ്ങുമില്ലാത്ത പൊലിമ

Posted: 01 Apr 2014 11:39 PM PDT

Image: 

ഗാന്ധിനഗര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് താന്‍ ഇഷ്ടമില്ലാതെ മല്‍സരിക്കുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മുമ്പത്തെ തെരഞ്ഞെടുപ്പിലെങ്ങും കാണാത്ത പൊലിമ. നരേന്ദ്ര മോദി ഭരിക്കുന്ന സംസ്ഥാനത്തിലെ  ഈ  മണ്ഡലത്തില്‍ ഇത്തവണ നാടൊട്ടുക്കും ഫ്ളക്സ്ബോര്‍ഡുകളില്‍ നിറഞ്ഞിരിക്കുകയാണ് എല്‍.കെ അദ്വാനി.

കഴിഞ്ഞ 16 വര്‍ഷമായി അദ്വാനി ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുകയാണെങ്കിലും മുമ്പെങ്ങും പ്രചാരണചിത്രങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കിയിട്ടില്ല.  മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോദി അടക്കമുള്ള നേതാക്കള്‍ക്കും ഫ്ളക്സ്ബോര്‍ഡില്‍ ഇടം അനുവദിച്ചിട്ടുണ്ട്.

മുമ്പത്തെ രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്ന തരത്തില്‍ ബി.ജെ.പിക്കകത്ത് നടക്കുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ്  ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോദിയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവായ അദ്വാനിയും തമ്മില്‍ ഭിന്നതകള്‍ ഇല്ല എന്നും അദ്വാനിക്കുമേല്‍ മോദിക്ക് മേധാവിത്തം ഇല്ല എന്നും വരുത്തിതീര്‍ക്കാനുള്ള പാര്‍ട്ടി വൃത്തങ്ങളുടെ കഠിന ശ്രമമായിട്ടും ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മോദിയുടെ ഏറ്റവും വിശ്വസ്ത അനുയായികളായ അമിത് ഷാ, ആനന്ദിബെല്‍ പട്ടേല്‍ എന്നിവരാണ് അദ്വാനിയുടെ വാഹന പ്രചാരണത്തില്‍ ഒപ്പം ഉള്ളത്. 

ഗാന്ധിനഗറിലെ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതു മാത്രമല്ല പ്രധാനം, സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളെയെല്ലാം പ്രചാരണ ബോര്‍ഡുകളിലേക്ക് കൊണ്ടുവരിക എന്നതിനു കൂടി മോദി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പാര്‍ട്ടിക്കുമേലുള്ള മോദിയുടെ ആധിപത്യത്തില്‍ അതൃപ്തിയുള്ള അദ്വാനി താന്‍ മല്‍സരിച്ചുവരുന്ന ഗാന്ധിനഗറില്‍ നിന്ന് മാറി ഇത്തവണ ഭോപാലില്‍ മല്‍സരിക്കണമെന്ന് ബി.ജെ.പിക്ക്  കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതു നിരസിച്ച പാര്‍ട്ടി മോദിയുടെ താല്‍പര്യപ്രകാരം ഗാന്ധിനഗറില്‍നിന്നു തന്നെ ജനവിധി തേടണമെന്ന് നിര്‍ബന്ധം ചെലുത്തുകയായിരുന്നു.

പ്രചാരണത്തിന് മൂര്‍ച്ചകൂട്ടി സ്ഥാനാര്‍ഥികള്‍

Posted: 01 Apr 2014 11:39 PM PDT

ചെര്‍പ്പുളശ്ശേരി: വീണ്ടും ഒരുവട്ടംകൂടി ഷൊര്‍ണൂര്‍ മണ്ഡലത്തിന്‍െറ ഉള്‍നാട്ടിടങ്ങളില്‍ ഇടത് സ്ഥാനാര്‍ഥി എം.ബി. രാജേഷ്. ചൊവ്വാഴ്ച വെള്ളിനേഴി പഞ്ചായത്തിലെ തിരുനാരായണപുരത്തെ ആദ്യയോഗത്തില്‍ തന്നെ ബാലറ്റ് പേപ്പറില്‍ ഒന്നാം നമ്പറുകാരനായ തനിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുണ്ടായി. തിരുവാഴിയോട്, ഞാളാംകുറുശ്ശി, തുടങ്ങിയ സ്ഥലങ്ങളിലെ യോഗത്തിന് ശേഷം ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് കടന്നു. തുടര്‍ന്ന്, നെല്ലായ പഞ്ചായത്ത് പര്യടനത്തിന് ശേഷം സ്വദേശം കൂടിയായ കൈലിയാടായിരുന്നു ഉച്ചഭക്ഷണം.
തൃക്കടീരി, ചളവറ, അനങ്ങനടി തുടങ്ങിയ പഞ്ചായത്തുകളിലെ പര്യടനം പൂര്‍ത്തിയാക്കി ഷൊര്‍ണൂര്‍ നഗരത്തിലെ വിവിധ സ്വീകരണത്തിന് ശേഷം കാരക്കാടാണ് സമാപിച്ചത്.

കണ്ണമംഗലത്ത് യു.ഡി.എഫ് ഭിന്നത തീര്‍ന്നില്ല; പ്രചാരണത്തിന്് മുസ്ലിംലീഗ് മാത്രം

Posted: 01 Apr 2014 11:17 PM PDT

വേങ്ങര: ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചശേഷവും കണ്ണമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നത പരിഹരിക്കാനായില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ. അഹമ്മദിന്‍െറ പ്രചാരണ പരിപാടികളില്‍നിന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിട്ടുനില്‍ക്കുകയാണ്.
പഞ്ചായത്ത്തല യു.ഡി.എഫ് കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റാണെന്നിരിക്കെ മണ്ഡലം പ്രസിഡന്‍റ് വി.പി. റഷീദിന് പകരം മറ്റൊരാളെയാണ് യു.ഡി.എഫ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് തങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, തൊട്ടടുത്ത വേങ്ങര പഞ്ചായത്തില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.ജി. അസീസിനെ തന്നെയാണ് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഈ ഒരു സാമാന്യ മര്യാദപോലും കണ്ണമംഗലത്ത് ലീഗ് പ്രാദേശിക നേതൃത്വം കാണിച്ചില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രചാരണരംഗത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് യു.ഡി.എഫിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി പകരം ലീഗംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് മുതല്‍ തുടങ്ങിയ ലീഗ്-കോണ്‍ഗ്രസ് ശീതസമരം ഇനിയും അവസാനിച്ചില്ലെന്നാണ് അറിയുന്നത്. ചേറൂര്‍ ഗവ. യു.പി സ്കൂളിന്‍െറ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഹൈകോടതിയിലാണ്.
കണ്ണമംഗലം പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ലീഗ്-കോണ്‍ഗ്രസ് ഭിന്നതക്ക് അടിസ്ഥാന കാരണം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാവിന്‍െറ പിടിവാശിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയില്‍ യാതൊരു ഭിന്നതയുമില്ലെന്നും ഇരുകക്ഷികളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ണമംഗലം പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് ചാക്കീരി അബ്ദുല്‍ ഹഖ് അവകാശപ്പെട്ടു.
യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റല്ലാത്തയാളെ പരിഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി.പി വധം: സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ -എ.കെ. ആന്‍റണി

Posted: 01 Apr 2014 11:13 PM PDT

Image: 

തൃശൂര്‍: ടി.പി കേസിന്‍െറ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. ഇതു സംബന്ധിച്ച കെ.കെ. രമയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവിന്‍െറ ഇപ്പോഴത്തെ നിലപാടറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ ആന്‍റണി പറഞ്ഞു.

വി.എസിന്‍െറ മലക്കം മറിച്ചില്‍ ജനം അംഗീകരിക്കില്ല. അദ്ദേഹം സ്വന്തം മന:സാക്ഷിയിലേക്ക് ടോര്‍ച്ച് തെളിക്കണം. അന്വേഷണ കമീഷനും റിപ്പോര്‍ട്ടില്‍ ഈ കേസില്‍ സി.പി.എമ്മിനെ രക്ഷപ്പെടുത്തില്ല. മറിച്ച് കുറ്റമേറ്റ് മാപ്പു പറഞ്ഞാല്‍ ജനം പിന്നെയും പൊറുത്തെന്നു വരും. ടി.പി കേസ് സംബന്ധിച്ച് സി.പി.എം നേതാക്കളുമായി താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന ചിലരുടെ ആരോപണം കെട്ടുകഥയാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമല്ല, മറിച്ച് യു.ഡി.എഫ് അനുകൂല തരംഗമാണ്. എല്ലാവരും കൊട്ടിഘോഷിക്കുന്ന മോദി തരംഗത്തിന്‍െറ ലാഞ്ജന പോലും കേരളത്തിലില്ല. യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഒരു സീറ്റെങ്കിലും അധികം നേടും. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത് ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ തോല്‍വിയാണ്. സര്‍വേകളില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടും. ബി.ജെ.പി അത്ര നേടുകയുമില്ല.

ഒരു സമുദായ സംഘടനയും കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരല്ല. പരിഭവങ്ങള്‍ പറയുമ്പോഴും അവരൊന്നും എല്‍.ഡി.എഫിന് വോട്ട് ചെയ്യാന്‍ അണികളോട് പറഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഭരണമാറ്റമോ നേതൃമാറ്റമോ ഉണ്ടാകില്ല. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്‍െറ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും ജഡ്ജിമാര്‍ക്കെതിരെ പറയില്ല, നീതിന്യായപീഠത്തെ എന്നും ബഹുമാനിക്കുന്നയാളാണ്’ എന്നായിരുന്നു ആന്‍റണിയുടെ മറുപടി.

ജസ്റ്റിസ് ഹാറൂണ്‍ വിധിയില്‍ പക്ഷപാതിത്വം കാണിക്കുന്നെന്ന് പ്രതാപന്‍

Posted: 01 Apr 2014 11:03 PM PDT

Image: 

തിരുവനന്തപുരം: കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്  രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തുനല്‍കി. ജസ്ജിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി സി.പി.എമ്മിനെ സഹായിക്കുന്നതാണ്. ജുഡീഷ്യറിയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ജഡ്ജിയുടെ പ്രവര്‍ത്തനമെന്നും കത്തില്‍ പറയുന്നു.

തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 01 Apr 2014 11:01 PM PDT

തൊടുപുഴ: നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം. രണ്ട് വാഹനങ്ങളിലായി വന്ന പത്തംഗസംഘം കമ്പ്യൂട്ടര്‍ സ്ഥാപനം അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്വകാര്യചാനല്‍ കാമറമാനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവം ചിത്രീകരിക്കാനെത്തിയ സ്വകാര്യചാനലിന്‍െറ കാമറ അക്രമിസംഘം അടിച്ചുതകര്‍ത്തു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ റെസ്റ്റ് ഹൗസിന് സമീപത്തായിരുന്നു സംഭവം. ഇന്നോവ, സാന്‍ട്രോ വാഹനങ്ങളിലെത്തിയ സംഘം കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ആയുധങ്ങളുമായി ഇടിച്ചുകയറുകയായിരുന്നു. സ്ഥാപനത്തിന്‍െറ കാബിനുകളും ചില്ലുകളും അടിച്ചുതകര്‍ത്ത സംഘം ജീവനക്കാരായ ജിബിന്‍, റെയ്സണ്‍, ശരത് എന്നിവരെ പട്ടികകള്‍ കൊണ്ടും വടികൊണ്ടും മര്‍ദിച്ചു. ഈ സമയം സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രാദേശികചാനല്‍ ഓഫിസിലെ കാമറമാന്‍ സുനില്‍ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പ്രകോപിതരാക്കി. ചാനല്‍ കാമറമാന്‍െറ നേരെ അക്രമിസംഘം തിരിഞ്ഞു. തുടര്‍ന്ന് സുനില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രസ് ക്ളബിന് സമീപത്തുവെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തി അക്രമിസംഘം കാമറ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സുനിലിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരില്‍ ചിലര്‍ക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ സംഘടിച്ചതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
15മിനിറ്റോളം നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. അക്രമികള്‍ നഗരത്തില്‍ എത്തിയ ദൃശ്യം പൊലീസ് കാമറയില്‍ പതിഞ്ഞെന്ന് പറയുമ്പോഴും ഇവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍െറ വീഴ്ചയാണെന്നും ആക്ഷേപം ഉയര്‍ന്നു. രക്ഷപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ ഇന്നോവ വെങ്ങല്ലൂരിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന് വടിവാളുകള്‍ കണ്ടെടുത്തു. വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നെന്നാണ് കരുതുന്നത്. 18നും 30നും ഇടക്ക് വയസ്സുള്ളവരായിരുന്നു ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.ഐ സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായി ഉണ്ടായ പ്രശ്നമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന.

നിധീഷ് കടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു

Posted: 01 Apr 2014 10:54 PM PDT

Image: 

ന്യൂഡല്‍ഹി: നിധീഷ് കടാര വധക്കേസിലുള്‍പെട്ട മൂന്ന് പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു. ജീവപര്യന്തത്തിനെതിരെ പ്രതികള്‍ സമര്‍പിച്ച അപ്പീലിലാണ് ഹൈകോടതി വിധി. പ്രതികളായ വികാസ് യാദവ്, വിശാല്‍ യാദവ്, സുഖ്ദേവ് പെഹാല്‍വാന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലിലാണ് വിധി.  നിധീഷ് കടാരയുടെ അമ്മ നീലം കടാരയും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവസ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു.

2002 ഫെബ്രുവരിയിലാണ് നിധീഷിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വിവാഹാഘോഷ ചടങ്ങിനിടെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇരുവരുടെയും സഹോദരിക്ക്  നിധീഷ് കടാരയുമായുണ്ടായിരുന്ന ബന്ധമാണ്  കൊലപാതകത്തില്‍ കലാശിച്ചത്.

കോട്ടയത്ത് പ്രചാരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം

Posted: 01 Apr 2014 10:49 PM PDT

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് എട്ടുദിനം മാത്രം ശേഷിക്കെ കോട്ടയത്ത് പോരാട്ടം കടുക്കുന്നു.
ഇടത്, ഐക്യ മുന്നണി സ്ഥാനാര്‍ഥികള്‍ നടത്തുന്ന മണ്ഡലപര്യടനം പൂര്‍ത്തിയാകുന്നു. ബൂത്ത് തലങ്ങളില്‍ വീടുകയറി പ്രസ്താവന നല്‍കുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നീങ്ങുകയാണ് ഇരുമുന്നണിയും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി പിറവം നിയോജകമണ്ഡലത്തിലാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. ആദ്യം പ്രചാരണം തുടങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ കളത്തിലിറങ്ങിയതിന്‍െറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.
പക്ഷേ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും മത്സരം കടുത്തതാണെന്ന സൂചനയാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലാണ് യു.ഡി.എഫ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അഞ്ചുവര്‍ഷം എം.പിയെന്ന നിലയില്‍ ജോസ് കെ. മാണി കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
വികസനങ്ങളുടെ കണക്ക് പറഞ്ഞ് രാഷ്ട്രീയം ഒഴിവാക്കിയാണ് ജോസ് കെ. മാണിയുടെ പ്രസംഗങ്ങള്‍ ഏറെയും. കുറവിലങ്ങാട് സയന്‍സ് സിറ്റി, കേന്ദ്രീയ വിദ്യാലയം, വലവൂര്‍ ഐ.ഐ.ഐ.ടി കാമ്പസ്, റോഡ് വികസനം, സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതാണ് വോട്ടര്‍മാരോട് കൂടുതലായി പറയുന്നത്. ആരംഭദിശയിലായ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ വോട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്ഥാനാര്‍ഥി ഒഴിവാക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ പ്രചാരണത്തിന് എത്തുന്ന മുന്‍നിര നേതാക്കളാണ് പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കുന്നത്. രണ്ടാംഘട്ട പ്രചാരണവും യു.ഡി.എഫ് ക്യാമ്പില്‍ പൂര്‍ത്തിയാകുന്നു.
സ്ഥാനാര്‍ഥി മാത്യു ടി. തോമസിനെ പുതുതായി പരിചയപ്പെടുത്തേണ്ടയാളല്ലെന്ന ആനുകൂല്യം മുതലാക്കിയാണ് ഇടതുമുന്നണി ആദ്യഘട്ട പ്രചാരണം ഊര്‍ജിതമാക്കിയത്. യു.ഡി.എഫ് എണ്ണിപ്പറയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എത്താത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫിന്‍െറ ഊര്‍ജിത പ്രചാരണം. വൈക്കം, ഏറ്റുമാനൂര്‍, പിറവം, കോട്ടയത്തിന്‍െറ കായലോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥി പരാമര്‍ശിക്കാത്ത രാഷ്ട്രീയ വിഷയങ്ങള്‍ സ്വീകരണ സമ്മേളനങ്ങളില്‍ എടുത്തിടാന്‍ മാത്യു ടി. തോമസ് ശ്രദ്ധിക്കുന്നുണ്ട്.
റബറിന്‍െറ വിലയിടിവ്, കാര്‍ഷിക മേഖലയിലെ തകര്‍ച്ച എന്നിവ യു.ഡി.എഫ്, യു.പി.എ സര്‍ക്കാറുകളുടെ പ്രവര്‍ത്തനവൈകല്യമാണെന്ന് സ്ഥാനാര്‍ഥി പറയുന്നു.
പട്ടണങ്ങളില്‍ നടപ്പായെന്ന് വിവരിക്കുന്ന വികസനം ഗ്രാമങ്ങളില്‍ കാണാത്തതെന്തേ എന്ന ചോദ്യം ഉന്നയിക്കുന്ന ഇടതുപക്ഷം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി അവതരിപ്പിക്കുന്ന സ്ഥാനാര്‍ഥി അഡ്വ. നോബിള്‍ മാത്യുവിന്‍െറ പ്രചാരണവും കൊഴുക്കുകയാണ്. ഇടത്, ഐക്യ, ബി.ജെ.പി മുന്നണികള്‍ കഴിഞ്ഞാല്‍ എസ്.യു.സി.ഐ സ്ഥാനാര്‍ഥി എന്‍.കെ.
ബിജുവും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി റോയ് അറക്കലുമാണ് പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. എന്‍.കെ. ബിജുവിനായി ആര്‍.എം.പി നേതാവ് കെ.കെ. രമ പ്രചാരണത്തിന് എത്തുന്നുണ്ട്.
അതേസമയം, സ്ഥാനാര്‍ഥികളെ നേരിടുന്ന സാധാരണ വോട്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രധാനപ്രശ്നം കുടിവെള്ളത്തിന്‍േറതാണ്. മാര്‍ച്ച് പകുതിയോടെ കുടിവെള്ള സ്രോതസ്സുകള്‍ വറ്റി നാടിന്‍െറ ഭൂരിഭാഗത്തും ജനം പൊറുതിമുട്ടുന്നു.
കിലോമീറ്ററുകള്‍ നടന്ന് കുടിവെള്ളം ശേഖരിക്കുന്നവര്‍ മുന്നില്‍ എത്തുന്ന രാഷ്ട്രീയക്കാരോട് പ്രശ്നം ഉന്നയിച്ച് കയര്‍ക്കുമ്പോള്‍ പലപ്പോഴും മറുപടിയുണ്ടാകുന്നില്ല.

കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു

Posted: 01 Apr 2014 10:37 PM PDT

കുമ്പളം: വൈറ്റില അരൂര്‍ ദേശീയപാത കുമ്പളം ടോള്‍ പ്ളാസക്ക് സമീപം ജനുറം കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പൈപ് ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ നാട്ടുകാര്‍ തടഞ്ഞത്. ദേശീയപാത സര്‍വീസ് റോഡും മസ്ജിദ് റോഡും ചേരുന്നിടത്താണ് പൈപ് പൊട്ടി വെള്ളം പാഴാകുന്നത്.
വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെ ആയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലതവണ അറിയിച്ചെങ്കിലും നടപടിയില്ല. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പമ്പിങ് ദിവസം സമീപത്തെ കാനയിലേക്ക് ഒഴുകുന്നത്. കുടിവെള്ളത്തിനായി നാട്ടുകാര്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത്. പൈപ്പിലെ ചോര്‍ച്ച പരിഹരിക്കാന്‍ പത്തുവര്‍ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പൈപ്പിടല്‍ തടഞ്ഞത്. തൃപ്പൂണിത്തുറയിനിന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ജനുറം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ചനടത്തി. എത്രയും വേഗം ചോര്‍ച്ച പരിഹരിക്കാന്‍ നടപടി യെടുക്കുമെന്ന് തൃപ്പൂണിത്തുറ വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ രാജേഷ് ലക്ഷ്മണന്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് പൈപ്പിടല്‍ ജോലി പുനരാരംഭിക്കുകയായിരുന്നു.

Tuesday, April 1, 2014

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത Madhyamam News Feeds

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത Madhyamam News Feeds

Link to

ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്കും ബന്ധമെന്ന് സരിത

Posted: 01 Apr 2014 12:38 AM PDT

Image: 

ആലപ്പുഴ: ടീം സോളാറുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍്റെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നതായി സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. വെള്ളാപ്പള്ളി  നടേശന്‍ ആവശ്യമില്ലാതെ പലയിടത്തും തന്‍്റെ പേര് വലിച്ചിഴക്കുന്നു. ഇനിയും ഇതാവര്‍ത്തിച്ചാല്‍ ടീം സോളാറുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ കൂട്ടാളികളുടെ പേരുകള്‍ തെളിവു സഹിതം തനിക്ക് വെളിപ്പെടുത്തേണ്ടി വരും. അതില്‍വെള്ളാപ്പള്ളിയുടെ  മകനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരും ഉള്‍പ്പെടുമെന്നും  സരിത പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ അമ്പലപ്പുഴ കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത.
ആലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിനെ തോല്‍പിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ തന്നെയും ബിജു രാധാകൃഷ്ണനെയും കണ്ടതായും സരിത പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണമാറ്റമുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. തന്‍്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് സജി വീണ്ടും ബന്ധപ്പെട്ടതായും അതിന്‍്റെയെല്ലാം ഫോണ്‍ റെക്കോഡ് തന്‍്റെ കൈവശമുണ്ടെന്നും സരിത വയക്തമാക്കി.
രാഷ്ട്രീയ മോഹമൊന്നും തനിക്കില്ളെന്നും ഏപ്രില്‍ 10 ന് വോട്ടെടുപ്പിന് ശേഷം കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
 

പ്രശ്നബാധിത ബൂത്തുകള്‍ കേന്ദ്രസേനയുടെ നിരീക്ഷണത്തില്‍

Posted: 01 Apr 2014 12:20 AM PDT

കൊല്ലം: ഏപ്രില്‍ പത്തിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗര പരിധിയില്‍ പത്ത് പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍മാരുടെ നേതൃത്വത്തില്‍ 1850ല്‍പരം പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റ അറിയിച്ചു. ഇതിനുപുറമേ 38 ല്‍പരം സ്പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 813 പോളിങ് ബൂത്തുകളില്‍ പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുള്ള 75 ബൂത്തുകള്‍ കേന്ദ്രസേനയുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 43 ഗ്രൂപ് പട്രോളും ഒമ്പത് സര്‍ക്കിള്‍ സ്ട്രൈക്കിങ് ഫോഴ്സും നാല് സബ് ഡിവിഷനല്‍ സ്ട്രൈക്കിങ് ഫോഴ്സും സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ഒരു സ്ട്രൈക്കിങ് ഫോഴ്സും ഡ്യൂട്ടിയിലുണ്ടായിരിക്കും.
കൂടാതെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധികളിലും രണ്ട് ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോള്‍ വീതം 30 പട്രോളിങ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് ഒരു തെരഞ്ഞെടുപ്പ് സബ്ഡിവിഷനും ഓച്ചിറ, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ രണ്ട് അഡീഷനല്‍ തെരഞ്ഞെടുപ്പ് സര്‍ക്കിളുകളും രൂപവത്കരിച്ചിട്ടുണ്ട്. 114 വാഹനങ്ങളും 93 വീഡിയോഗ്രാഫും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒരു കമ്പനി കേന്ദ്രസേനയും ഒരു കമ്പനി റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സും ഒരു കമ്പനി ബറ്റാലിയന്‍ സേനാ വിഭാഗവും ഇതിനോടകം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ ക്രമസമാധാനപ്രശ്നങ്ങള്‍ സമയബന്ധിതമായി നിരീക്ഷിച്ച് ഉടന്‍തന്നെ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വിളപ്പില്‍ശാലയില്‍ പ്രശ്നം ചവര്‍ഫാക്ടറിതന്നെ

Posted: 01 Apr 2014 12:13 AM PDT

വിളപ്പില്‍ശാല: വിളപ്പില്‍ശാലക്കാരുടെ മനസ്സില്‍ ഇപ്പോഴും അടയാത്ത അധ്യായമായിത്തന്നെയുണ്ട് ചവര്‍ഫാക്ടറി വിഷയം. ചവര്‍ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെങ്കിലും ഫാക്ടറി ഔദ്യാഗികമായി പൂട്ടിയതായി സര്‍ക്കാര്‍ ഇനിയും ഉത്തരവിറക്കിയിട്ടില്ല. ഈ ആവശ്യമാണ് ഇപ്പോള്‍ വിളപ്പില്‍ശാലക്കാരുടേത്. ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലുള്‍പ്പെട്ട വിളപ്പില്‍ശാലയില്‍ ചവര്‍വിഷയം ഈ തെരഞ്ഞെടുപ്പിലും സജീവമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.ശക്തന്‍ വിളപ്പില്‍ശാലയിലെ 25 ബൂത്തുകളില്‍നിന്നായി 6000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഇടതുപാളയത്തിലെത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജയാഡാളി രണ്ടാമതും ബി.ജെ.പിയുടെ പി.കെ.കൃഷ്ണദാസ് മൂന്നാംസ്ഥാനത്തുമെത്തി. ഇത്തവണ ഇടത്-വലത ്മുന്നണികള്‍ ഇവിടെ മുന്‍തൂക്കം അവകാശപ്പെടുന്നു.
കഴിഞ്ഞ തവണ വിളപ്പില്‍ശാല സമരസമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരണം നടത്തിയിരുന്നെന്നത് കുപ്രചാരണം മാത്രമാണെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. നിഷേധവോട്ടിന് തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന അസംബന്ധ വാര്‍ത്തകളും പരക്കുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയക്കാരെയും സമരസമിതി പ്രവര്‍ത്തകരെയും തിരിച്ചറിയാമെന്നും സമരനേതാക്കള്‍ അഭിപ്രായപ്പെടുന്നു.
ചവര്‍ഫാക്ടി അടച്ചുപൂട്ടാനു ള്ള സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ വിളപ്പില്‍ശാലയില്‍ ബിന്ദുകൃഷ്ണയുടെ പ്രചാരണപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം കൊടുക്കാന്‍ ശ്രമിച്ചതിന് സമരസമിതി നേതാക്കളെ മുന്‍കൂര്‍ അറസ്റ്റ് ചെയ്തത് യു.ഡി.എഫിന്‍െറ വോട്ട്നിലയില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുചേരി. ചവര്‍ഫാക്ടറി വിഷയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അഭിപ്രായപ്രകടത്തിന് ഇടതുപക്ഷം മുതിരുന്നില്ല.
നിലവിലെ വിളപ്പില്‍, വിളവൂര്‍ക്കാല്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ യു.ഡി.എഫിന്‍െറ കൈവശമാണ്. വിജയത്തിനപ്പുറം വിളപ്പില്‍ശാലയിലെ വോട്ടിങ്നിലയില്‍ വലിയ കാര്യമില്ലെന്ന് എല്‍.ഡി.എഫ് പറയുന്നു. ഇതേ ആവേശമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഗിരിജകുമാരിക്കുമുള്ളത്. മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി രംഗത്തുള്ള വെല്‍ഫെയര്‍പാര്‍ട്ടിയുടെ പ്രിയാസുനിലും ഇവിടെ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും വന്‍ പ്രചാരണവുമായി രംഗത്തുണ്ട്. ഇതോടൊപ്പം ആറ്റിങ്ങല്‍ മണ്ഡലത്തില്‍തന്നെയുള്ള പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രാവച്ചമ്പലം, ഇടക്കോട്, മൂക്കുന്നിമല ക്വാറി പ്രവര്‍ത്തനവും പ്രദേശവാസികളുടെ അനിഷ്ടത്തിന് ഇടയായിട്ടുണ്ട്. ഇടതടവില്ലാതെ ലോറികള്‍ തലങ്ങുംവിലങ്ങും രാപകല്‍ ഓടുന്നത് സഹികെട്ട ജനം രണ്ടാഴ്ച മുമ്പ് തടഞ്ഞു. ക്വാറികളുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്ളിച്ചല്‍ പഞ്ചായത്ത് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ജനകീയസമിതിയാണ് ഇപ്പോള്‍ പ്രക്ഷോഭത്തില്‍. ഈ വിഷയത്തില്‍ മുഖ്യധാരാകക്ഷികള്‍ ഒപ്പം നില്‍ക്കാത്തതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പള്ളിച്ചല്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ അതിര്‍ത്തിപങ്കിടുന്ന മൂക്കുന്നിമല നിവാസികളുടെ പ്രതിഷേധം ഏത് തരത്തിലായാലും അത് എല്ലാ മുന്നണികളെയും ഒരേപോലെ ബാധിക്കുമെന്നുറപ്പാണ്.

അന്തരീക്ഷ ഈര്‍പ്പം കൂടി; മഴക്ക് അനുകൂല സാഹചര്യം

Posted: 01 Apr 2014 12:10 AM PDT

തൃശൂര്‍: ജനത്തിന് അല്‍പം ആശ്വാസമായി ജില്ലയില്‍ ഇന്നലെ ചൂടിന്‍െറ കാഠിന്യം കുറഞ്ഞു. 36.7 ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ ചൂട്. ഒപ്പം അന്തരീക്ഷഈര്‍പ്പത്തിന്‍െറ അളവും കൂടി. തിങ്കളാഴ്ച രാവിലെ 7.25ന് 85 ശതമാനം ഈര്‍പ്പമാണ് രേഖപ്പെടുത്തിയത്. രാവിലെ 8.30ന് ഇത് 70 ശതമാനമായി. വൈകീട്ട് 5.30ന് 55 ശതമാനമായെങ്കിലും 6.30ന് 65 ശതമാനമെത്തി. മാര്‍ച്ചില്‍ ഈര്‍പ്പം ഒമ്പത് ശതമാനം വരെ താഴ്ന്ന ദിവസങ്ങള്‍ മുമ്പ് ഉണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ സാന്നിധ്യം കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നില്ല. അറബിക്കടലില്‍ നിന്നുണ്ടായ ഈര്‍പ്പക്കാറ്റ് ചിറ്റഭിന്നമാകുകയായിരുന്നു ഇതുവരെ. എന്നാല്‍ പെടുന്നനെ കാറ്റിലെ ഈര്‍പ്പം അന്തരീക്ഷത്തില്‍ തങ്ങിയതാണ് മാറ്റത്തിന് കാരണം. ഇതോടെ മഴ പെയ്യുന്നതിന് അനുകൂലമായ സാഹചര്യമാണ് ഒരുങ്ങുന്നത്. തെക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ ഈമാസം അഞ്ച് വരെ മഴയുടെ ആരവങ്ങളില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. ചൂട് താഴ്ന്ന് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ സാന്നിധ്യം ഉണ്ടായതോടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വേനല്‍മഴ കണക്കുകള്‍ പിഴക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍.

വേനല്‍ച്ചൂട്; തേക്കടിയില്‍ ജലനിരപ്പ് താഴുന്നു

Posted: 01 Apr 2014 12:03 AM PDT

കുമളി: കടുത്ത വേനല്‍ച്ചൂടില്‍ തടാകത്തിലെ ജലനിരപ്പ് താഴ്ന്നതോടെ തേക്കടിയുടെ സൗന്ദര്യം നഷ്ടമായി തുടങ്ങി. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ള ആവശ്യത്തിനായി തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് തേക്കടിയില്‍ ജലനിരപ്പ് താഴ്ന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീസണ്‍ സമയത്തു പോലും വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത വേനല്‍ ച്ചൂടിനൊപ്പം വിദ്യാര്‍ഥികളുടെ മത്സര പരീക്ഷകള്‍ നടക്കുന്നത് സംസ്ഥാനത്ത് നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളും പ്രചാരണ ചൂടും വര്‍ധിച്ചതോടെ രാജ്യത്തിന്‍െറ പല ഭാഗത്തുനിന്നുമുള്ള വിനോദ സഞ്ചാരികളും തേക്കടിയിലേക്കുള്ള യാത്രകള്‍ മാറ്റിവെച്ചിട്ടുണ്ട്.
വേനല്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ തടാകത്തിലെ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. ജലനിരപ്പ് കൂടുതല്‍ താഴുന്നതോടെ ഇപ്പോഴത്തെ സ്ഥലത്ത് നിന്ന് ബോട്ടുകള്‍ തടാകത്തിലെ ഒന്നാം ലേക് ഭാഗത്തേക്ക് മാറ്റേണ്ടിവരും. തടാക തീരത്ത് കൂടി കടുത്ത വേനല്‍ ചൂടേറ്റ് ഒരു കിലോമീറ്ററോളം നടന്നുവേണം പുതിയ സ്ഥലത്തെത്തി വിനോദ സഞ്ചാരികള്‍ക്ക് ബോട്ടില്‍ കയറാന്‍. വേനല്‍ച്ചൂടും തെരഞ്ഞെടുപ്പ് ചൂടും വിനോദ സഞ്ചാരികളെ തേക്കടിയില്‍നിന്ന് അകറ്റിയത് ഈ മേഖലയിലെ നിരവധി കുടുംബത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മതേതരത്വത്തിന് കോണ്‍ഗ്രസ് വരണമെന്ന് പുതുശേരി; കോണ്‍ഗ്രസ് കോര്‍പറേറ്റുകളുടെ സംരക്ഷകരെന്ന് പ്രസാദ്

Posted: 31 Mar 2014 11:57 PM PDT

പത്തനംതിട്ട: മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്ന്് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി.
കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രാജ്യത്തുനിന്ന് അപ്രത്യക്ഷമാകുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്. പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്.
ഇടക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ നാടിന്‍െറ സാമ്പത്തിക രംഗം തകര്‍ക്കുമെന്നും അതിന് പരിഹാരമായി സുസ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് വേണ്ടതെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
അമേരിക്ക അടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യയെ അത് ബാധിച്ചതേയില്ല. യു.പി.എ സര്‍ക്കാറിന്‍െറ മികച്ച ധനകാര്യ മാനേജ്മെന്‍റാണ് അതിനു കാരണം.
ഭാരതത്തിന്‍െറ മതേതരത്വവും സാഹോദര്യവും തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ അജണ്ട തന്നെ അതാണ്. ഇത് തടയുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് വേണ്ടത്. ഈകാര്യത്തില്‍ എല്‍.ഡി.എഫ് പുനര്‍വിചിന്തനം നടത്തണം.
കോണ്‍ഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും നേട്ടങ്ങളേറെ അവകാശപ്പെടാനുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി, കാരുണ്യ ലോട്ടറിയിലൂടെയുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം യു.ഡി.എഫിന് വലിയ ജനസമ്മിതി നേടിക്കൊടുത്തിട്ടുണ്ട്.
ആന്‍േറാ ആന്‍റണി എം.പി ഈ മണ്ഡലത്തിനായി പാര്‍ലമെന്‍റില്‍ നിരവധി കാര്യങ്ങള്‍ ചെയ്തതായി ജോസഫ് എം. പുതുശേരി പറഞ്ഞു. കേരളത്തിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായത് അദ്ദേഹത്തിന്‍െറ ശ്രമം കൊണ്ടാണ്.
യു.പി.എ സര്‍ക്കാറിന്‍െറ ഭരണം കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് പി. പ്രസാദ് പറഞ്ഞു. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഈ കാലത്ത് നടന്നത്. 1,86,000 കോടിയുടെ കല്‍ക്കരി അഴിമതി.
75,000 കോടിയുടെ കോണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, സ്പെക്ട്രം അഴിമതി തുടങ്ങിയവയെല്ലാം യു.പി.എ ഭരണകാലത്ത് നടന്നതാണ്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇതില്‍ പലതിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്.
വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായി. വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കണ്ണടക്കുന്നു.
കാര്‍ഷിക രംഗം പാടെ തകര്‍ന്നു. റബര്‍ വില കുത്തനെ കുറയുന്നു. അതുകൊണ്ടുണ്ടാകുന്ന ടയറിനും മറ്റും വില കൂടുന്നു.
നരേന്ദ്രമോദി കോര്‍പറേറ്റുകളുടെ സ്ഥാനാര്‍ഥിയാണെന്ന് പ്രസാദ് ആരോപിച്ചു. മതേതരത്വത്തിന് കനത്ത ഭീഷണിയാണ് മോദി.
സാധാരണക്കാരന്‍െറ സര്‍ക്കാറാണ് നമുക്ക് വേണ്ടത്. ആന്‍േറാ ആന്‍റണി ജനപ്രതിനിധി എന്ന നിലയില്‍ വന്‍പരാജയമാണ്. വികസനം കൊണ്ടുവരാനായില്ലെന്ന് മാത്രമല്ല മണ്ഡലത്തില്‍ ഒരു സാന്നിധ്യമാകാന്‍ പോലും ആന്‍േറാക്ക് കഴിഞ്ഞില്ലെന്നും പ്രസാദ് ആരോപിച്ചു. പ്രസ് ക്ളബ് പ്രസിഡന്‍റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു.

മാത്യു ടി. തോമസ് കോട്ടയം നഗരത്തില്‍ പര്യടനം നടത്തി

Posted: 31 Mar 2014 11:54 PM PDT

കോട്ടയം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന് കോട്ടയം നഗരത്തിന്‍െറ ഹൃദ്യമായ വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗര്‍ ഉറുമ്പുകുഴിയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ടോടെ കോട്ടയം നഗരത്തില്‍ എത്തി പുഷ്പകിരീടം ചാര്‍ത്തിയും ഹാരം അണിയിച്ചുമാണ് ചുമട്ടു തൊഴിലാളികളും വ്യാപാരിവ്യവസായികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ചന്തക്കവലയില്‍ ഉത്സവമേളം തീര്‍ത്ത് അമ്മന്‍കുടവും ചെണ്ടമേളവും മുത്തുക്കുടകളും അണിനിരത്തിയിരുന്നു. തിരുനക്കര സ്റ്റാന്‍ഡിനു മുന്നില്‍ ടാക്സി തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയ സ്വീകരണവും ഗംഭീരം. സന്ധ്യയായതോടെ മണ്‍ചെരാതുകള്‍ തെളിച്ചാണ് സ്വകീരണകേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഗാന്ധിനഗര്‍ ഉറുമ്പുകുഴിയിലായിരുന്നു കോട്ടയം അസംബ്ളി മണ്ഡലത്തിലെ ആദ്യസ്വീകരണം.
സ്ഥാനാര്‍ഥിയെ വരവേറ്റത് തെരഞ്ഞെടുപ്പു ചിഹ്നമായ 'കറ്റയേന്തിയ കര്‍ഷകസ്ത്രീ' കള്ളിമുണ്ടുടുത്ത് ചുവന്ന ബ്ളൗസും ധരിച്ച് തലയില്‍ നെല്‍ക്കറ്റയുമായി കുമാരനെല്ലൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനി അശ്വതി അനില്‍ കാത്തു നിന്നിരുന്നു. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വീട്ടമ്മമാരുടെ പങ്കാളിത്തം ഏറെയുണ്ടായി. മാറ്റത്തിനായി മാത്യു ടി. തോമസിന് വോട്ട് നല്‍കാനുള്ള ആഹ്വാനവുമായുള്ള അനൗണ്‍സ്മെന്‍റ് വാഹനത്തിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി എത്തി.
പര്യടനം ഉദ്ഘാടനം ചെയ്ത് വി.എന്‍. വാസവന്‍െറ ലഘുപ്രസംഗം. കോട്ടയം മുനിസിപ്പല്‍ പ്രദേശത്തെ അറുപതോളം കേന്ദ്രങ്ങളിയിരുന്നു തിങ്കളാഴ്ചത്തെ സ്വീകരണം. കൊടിതോരണങ്ങളാലും കുരുത്തോലകളാലും അലങ്കരിച്ച കേന്ദ്രങ്ങള്‍.
ഞണ്ടുപറമ്പില്‍ സ്ഥാനാര്‍ഥിയെ കൊച്ചുകുട്ടികളും വീട്ടമ്മമാരും പുഷ്പവൃഷ്ടിയോടെ വരവേറ്റു. വഴിമധ്യേ കാണുന്നവരെ കൈവീശി സ്ഥാനാര്‍ഥി അഭിവാദ്യം ചെയ്തു. നാഗമ്പടം വെയര്‍ഹൗസ് ജങ്ഷനില്‍ തൊഴിലാളികളുടെ ഊഷ്മള സ്വീകരണം.
കുമാരനല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഓട്ടന്തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം അനിലിന്‍െറ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആക്ഷേപഹാസ്യം സ്വീകരണസ്ഥലത്തു കൊഴുപ്പേകി. രാത്രി പത്തോടെ തിരുവാതുക്കലിലായിരുന്നു സമാപനം. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ എം.കെ.പ്രഭാകരന്‍, കെ.അനില്‍ കുമാര്‍, പി.ജെ.വര്‍ഗീസ്, റെജി സഖറിയ, സി.എന്‍.സത്യനേശന്‍, ടി.എം.സുരേഷ്, എന്‍.എം.മൈക്കിള്‍, പി.കെ.ആനന്ദക്കുട്ടന്‍, ബി.ആനന്ദക്കുട്ടന്‍, എന്‍.കെ സാനുജന്‍, പി.ജി.സുഗുണന്‍, അഡ്വ.ഡി.ബൈജു, ടി.സി.ബിനോയി, കെ.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു.

ഐസ്ക്രീം കേസ്: മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി വി.എസ്

Posted: 31 Mar 2014 11:41 PM PDT

Image: 

ന്യൂഡല്‍ഹി: ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ സംസ്ഥാനത്തെ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഇടപെട്ടതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അന്വേഷണ സംഘം അഡ്വക്കെറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണ്. ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിക്കുന്നു.

19-12-2011, 28-01-2012ലും എ.ജിയും അന്വേഷണസംഘവും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം എ.ജിയുമായി ചര്‍ച്ച ചെയ്തു. ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ്. മുന്‍ ഡി.ജി.പി ഇടപെട്ടതോടെ കേസ് അന്വേഷണത്തിന്‍െറ വിശ്വാസ്യത നഷ്ടമായി. ഇതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ കാരണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസ്ക്രീം കേസില്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് വി.എസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

പാലക്കാട്–പൊള്ളാച്ചി ഗേജ്മാറ്റം മഴക്കുമുമ്പ് പൂര്‍ത്തിയാവില്ല

Posted: 31 Mar 2014 11:39 PM PDT

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം മഴക്കുമുമ്പ് പൂര്‍ത്തീകരിക്കാനാവില്ല. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഗേജ്മാറ്റ പ്രവൃത്തിയാണ് ഇഴയുന്നത്. തുടക്കത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും ഫണ്ട് ലഭ്യമായില്ലെന്ന കാരണം പറഞ്ഞ് പണി വര്‍ഷങ്ങളോളം വൈകിപ്പിക്കുകയായിരുന്നു.
റെയില്‍വേക്കെതിരെ വിവിധ സംഘടനകള്‍ പ്രത്യക്ഷ സമരം ആരംഭിച്ചതോടെയാണ് പാലംനിര്‍മാണം ഉള്‍പ്പെടെയുള്ളവ തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി കൊല്ലങ്കോട്, മുതലമട, പുതുനഗരം, പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഗേജ്മാറ്റത്തിന്‍െറ തുടര്‍നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഇഴയുകയാണെന്ന് കൊല്ലങ്കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അരോപിക്കുന്നു.
മഴക്കു മുമ്പ് 60 ശതമാനം പോലും പ്രവൃത്തി പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ രക്ഷാധികാരി വെങ്കടേഷ് മുരുകന്‍ പറയുന്നു. കിണാശ്ശേരി, പാലക്കാട്, പുതുനഗരം എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി മഴക്കുമുമ്പ് പൂര്‍ത്തീകരിക്കാന്‍ ഡി.ആര്‍.എം ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ പേരിലാണ് പാലക്കാട് ടൗണില്‍ ഗേജ്മാറ്റം വൈകിപ്പിച്ചത്. റോഡ് ക്രോസിങ്, വളവുകള്‍ എന്നിവക്ക് കലക്ടറുടെ കാര്യാലയത്തില്‍നിന്ന് കിട്ടേണ്ട രേഖകള്‍ വൈകുന്നതിനാലാണ് പണികള്‍ വൈകുന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വാദം.

തീരദേശഭൂമിയില്‍ തിരയിളക്കം പ്രതീക്ഷിച്ച്

Posted: 31 Mar 2014 11:34 PM PDT

തിരൂര്‍: മുസ്ലിംലീഗിന്‍െറ ഇളക്കം തട്ടാത്ത കോട്ടയായ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി ആവിയില്‍ ബീച്ച്. എല്‍.ഡി.എഫിനൊപ്പം യു.ഡി.എഫ്, ബി.ജെ.പി പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നിടത്ത് കസേരകള്‍ നിരത്തി ഒരു സ്വീകരണ കേന്ദ്രം. റോഡരികില്‍ സ്ഥാനാര്‍ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും യുവാക്കളും. രാവിലെ 8.45ന് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെത്തുമ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വേലായുധന്‍ വള്ളിക്കുന്ന് പ്രസംഗിക്കുകയാണ്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കോണ്‍ഗ്രസും വര്‍ഗീയതന്ത്രം പയറ്റുന്ന ബി.ജെ.പിയും രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ബദലായി ഇടതുപക്ഷ ശക്തികള്‍ വളരേണ്ട ആവശ്യകത അക്കമിട്ട് നിരത്തുന്നു. കോണ്‍ഗ്രസിലെ മതേതരചേരിയുടെ അടിയുറച്ച വക്താക്കളായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിന്‍െറയും മൊയ്തുമൗലവിയുടെയും പിന്‍മുറക്കാരനാണ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ ചേരിയിലെത്തിയ വി. അബ്ദുറഹ്മാനെന്ന് കൂടി വിശേഷണം. ഈ സമയം പരിസരത്ത് കൂടി നിന്നവരോട് വോട്ട് തേടുകയായിരുന്നു സ്ഥാനാര്‍ഥി. അല്‍പമകലെ റോഡരികില്‍ നിന്നിരുന്ന സ്ത്രീകള്‍ക്കരികില്‍ അബ്ദുറഹ്മാനെത്തി. പ്രായത്തില്‍ മൂത്ത ഉമ്മ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
'ഞാനീ നാട്ടുകാരനാണ്. എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും. മൂന്നര പതിറ്റാണ്ടായി നാട് നേരിടുന്ന വികസന അവഗണനക്ക് പരിഹാരം കാണും. അതിന് എല്ലാവരും കപ്പും സോസറും അടയാളത്തില്‍ വോട്ട് ചെയ്യണം'. കുറഞ്ഞ വാക്കുകളില്‍ വോട്ട് തേടി അടുത്ത കേന്ദ്രത്തിലേക്ക്.
കെ.ടി. നഗറിലെത്തുമ്പോള്‍ ആവേശവുമായി കുട്ടികള്‍ പൊതിഞ്ഞു. റോഡരികില്‍ കപ്പും സോസറും നിരത്തി വെച്ചിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങി നില്‍ക്കുന്ന സ്ത്രീകളുടെ വലിയ നിര. അവര്‍ക്കിടയിലെത്തി വോട്ട് തേടി അടുത്ത കേന്ദ്രമായ പുത്തന്‍കടപ്പുറത്തേക്ക്. വഴിമധ്യേ പത്തോളം കുട്ടികള്‍ വാഹനം തടഞ്ഞു. അബ്ദുറഹ്മാന് കൈകൊടുക്കാനുള്ള തിരക്കായി പിന്നെ. ഒട്ടുമ്മല്‍ സൗത്തില്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ ഓരോ സംഘത്തിന്‍െറയും അടുത്തെത്തി വോട്ട് തേടി. ഇടക്ക് അവരോടൊപ്പം ഒരു ഫോട്ടോ സെഷന്‍. സമീപത്തെ വീടിന് പിന്നില്‍നിന്ന് ഒരു ഉമ്മയുടെ ആവലാതി - 'മോനേ, ഇപ്പോ കടലില്‍ പച്ചമീന്‍ കിട്ടാനില്ല, മ്മളൊക്കെ കഷ്ടത്തിലാ. ബെള്ളോല്ല്യ, ജീവിക്കാന്‍ ബചീയുംല്ല്യ'. അപ്പോഴേക്കും അവരുടെ തൊണ്ടയിടറി. ഉടന്‍ പ്രാദേശികനേതാവിന്‍െറ ആശ്വസിപ്പിക്കല്‍-'ങ്ങളൊക്കൊന്ന് മാറിച്ചിന്തിക്കീം, അപ്പോ മ്മക്ക് ഒക്കെ ശര്യാവും'.
'എന്‍െറ വീടും കടപ്പുറവും തമ്മില്‍ മൂന്നുകിലോമീറ്റര്‍ മാത്രമാണ് ദൂരം. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നന്നായി അറിയുന്നവനാണ്. ജയിച്ചാല്‍ തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും' - വോട്ട് തേടിയുള്ള പ്രസംഗത്തിനിടെ അബ്ദുറഹ്മാന്‍െറ വാഗ്ദാനം.
പിന്നെ യാത്ര ഒട്ടുമ്മല്‍ സൗത്തിലേക്ക്. ബീച്ച് റോഡ് ജങ്ഷനില്‍ ചെറുപ്പക്കാരുടെ വലിയ സംഘം അഭിവാദ്യമര്‍പ്പിച്ചു. ഇതിനിടെ യുവാക്കളുടെ ബൈക്ക് റാലി പ്രചാരണസംഘത്തില്‍ ഇടംപിടിച്ചു. അവര്‍ കൂട്ടത്തോടെ ഹോണ്‍ മുഴക്കിയും ആരവമുയര്‍ത്തിയും പ്രചാരണം കൊഴുപ്പിച്ചു. പുത്തരിക്കലിലേക്ക് പോകുമ്പോള്‍ ടോള്‍വിരുദ്ധ സമരസമിതിയുടെ അനിശ്ചിതകാല സമരപന്തലില്‍ എത്തി സമരക്കാരെ കണ്ട് വോട്ടഭ്യര്‍ഥിച്ച് യാത്ര തുടര്‍ന്നു. അറ്റത്തങ്ങാടിയില്‍ വെടിക്കെട്ടോടെയാണ് സ്ഥാനാര്‍ഥിയെ വരവേറ്റത്. ഇതിനിടെ ടൈം കണ്‍ട്രോളറായിരുന്ന തിരൂരിലെ റംഷാദ് സ്ഥാനാര്‍ഥിയുടെ അടുത്തെത്തി. 'ഒരു മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ഒന്നു സ്പീഡാക്കണം'. എന്നിട്ടും വഴിയില്‍ കണ്ടവരോടെല്ലാം വോട്ട് ചോദിച്ചായിരുന്നു പര്യടനം. തൃക്കുളം പള്ളിപ്പടി, കാളംതിരുത്തി, കിസാന്‍ കേന്ദ്രം, സി.കെ നഗര്‍, കൊടിഞ്ഞി കോറ്റത്തങ്ങാടി, തെയ്യാല, കുണ്ടൂര്‍ അങ്ങാടി, ചെറുമുക്ക്, ചുള്ളിപ്പാറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വെന്നിയൂരില്‍ ഉച്ചവിശ്രമം. ഒരു സ്വീകരണകേന്ദ്രത്തില്‍ ആളു കുറഞ്ഞതിനെക്കുറിച്ച് പ്രാദേശിക നേതാവിന്‍െറ കമന്‍റ്. 'ലീഗിന്‍െറ കോട്ടയായ ഇവിടെ ഇത്ര ആളുണ്ടായതു തന്നെ വലിയ പിന്തുണയാണ്'.
'ആളുകള്‍ക്ക് മാറിച്ചിന്തിക്കാനുള്ള സുവര്‍ണാവസരമാണിത്. അവര്‍ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ജനങ്ങളെ പെരുവഴിയിലാക്കുന്ന ആറന്മുള മോഡല്‍ വികസനമല്ല, ജനപക്ഷത്ത് നില്‍ക്കുന്ന വികസനമാണ് ആഗ്രഹിക്കുന്നത്. കോട്ടക്കല്‍, പൊന്നാനി, തിരൂര്‍ നഗരങ്ങളുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. നഗരവികസനത്തിനൊപ്പം ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികളും ആവിഷ്കരിക്കും' - പ്രചാരണവാഹനത്തിലിരുന്ന് അബ്ദുറഹ്മാന്‍ മനസ്സ് തുറന്നു.

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP