സ്വാഗതം
WELCOME

News Update..

Wednesday, March 27, 2013

ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം വര്‍ധിക്കും Madhyamam News Feeds

ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം വര്‍ധിക്കും Madhyamam News Feeds

Link to

ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്ന് മുതല്‍ 20 ശതമാനം വര്‍ധിക്കും

Posted: 27 Mar 2013 12:59 AM PDT

Image: 

ഹൈദരാബാദ്: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ ഒന്നു മുതല്‍ 20 ശതമാനം വര്‍ധിക്കും. നിരക്ക് വര്‍ധനക്ക് അംഗീകാരം നല്‍കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) വിവിധ തരം വാഹനങ്ങളുടെ പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രത്യേക ഫോര്‍മുല അനുസരിച്ചാണ് പുതിയ നിരക്ക് കണക്കാക്കിയിരിക്കുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം നിലവിലെ 350-680 രൂപയെന്നത് 420-804 രൂപയാകും. 1000 സി.സി.ഇ താഴെയുള്ള കാറുകളുടെ പ്രീമിയം നിലവിലെ 784 രൂപയില്‍ നിന്ന് 941 രൂപയും 1000-1500 സി.സി കാറുകളുടെ നിരക്ക് നിലവിലെ 925 രൂപയില്‍ നിന്ന് 1110 രൂപയായും 1500 സി.സിക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയം നിലവിലെ 2853 രൂപയില്‍ നിന്ന് 3424 രൂപയായും വര്‍ധിക്കും. ചരക്ക് വാഹനങ്ങളുടെ പ്രീമിയം നിലവിലെ 10,902-13,020 രൂപയെന്നതില്‍ നിന്ന് 13,082-15,035 രൂപയായാവും വര്‍ധിക്കുക.
 

ഗസല്‍ ഒഴുകിയ സായാഹ്നം

Posted: 27 Mar 2013 12:58 AM PDT

Image: 

ഗസല്‍ ഗായകര്‍ ഇടക്കിടെ കേരളക്കരയില്‍ വന്നുപോകാറുണ്ട്. പുതുതലമുറയില്‍ ഈ സംഗീതശാഖക്ക് കൂടുതല്‍ ജനപ്രിയതയും കൈവന്നു. എന്നാല്‍ ഒരുവെറും ഗസല്‍ഗായികയായല്ല രേഖസൂര്യ എന്ന ഹിന്ദുസ്ഥാനി ഗായിക അറിയപ്പെടുന്നത്. വേദികളിലെ ആസ്വാദ്യതക്കായി സംഗീതത്തില്‍ വെള്ളം ചേര്‍ത്തല്ല അവരുടെ ആലാപനം. ബീഗം അക്തറെപ്പോലുള്ള മുന്‍തലമുറക്കാര്‍ പാടിയിരുന്നതുപോലെ ആലാപനത്തിന്‍െറ ആഴങ്ങളിലേക്കുള്ള യാത്ര. അങ്ങനെയൊരു ആലാപനത്തിന്‍െറ അപുര്‍വഭാഗ്യമായിരുന്നു തിങ്കളാഴ്ച അനേകം സംഗീതമേളകള്‍ക്ക് എന്നും സാക്ഷ്യം വഹിക്കാറുള്ള അനന്തപുരിക്ക് രേഖാ സൂര്യ സമ്മാനിച്ചത്. പ്രണയസംഗീതത്തിന്‍്റെ ദിവ്യരാഗങ്ങളിലലിഞ്ഞ ഗസലിനൊപ്പം  സൂഫിസംഗീതത്തിന്‍െറ മാസ്മരികതയും. സംഗീതത്തെയും സാഹിത്യത്തെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗായിക സൂഫിസാ സമ്മാനിച്ച ംഗീതത്തിന്‍്റെ സാഹിത്യഭംഗിക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ശിഷ്യരെയൊന്നും അടുപ്പിക്കാതിരുന്ന ഗസലിലെ സ്വപ്നഗായിക ബീഗം അക്തര്‍ സൂര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പാട്ടുകേട്ടത്. എന്നാല്‍ കേട്ടപാടെ അവര്‍ ശിഷ്യയാകാന്‍ ഈ അനുഗ്രഹീത ഗായികയെ ക്ഷണിക്കുകയായിരുന്നു. ഈ മാസ്മരശബ്ദം പാഴാകാന്‍ പാടില്ളെന്നായിരുന്നു ആ വലിയ ഗായിക അന്നു പറഞ്ഞത്. ആ വാക്ക് പൊന്നാക്കുന്നതായിരുന്നു പിന്നീടുള്ള ഗസല്‍ വഴികളില്‍ ഈ ഗായികയുടെ സംഭാവന.
 മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലായിരുന്നു പരിപാടി.  രാജ്യത്തിനകത്തും പുറത്തും നിരവധിപേരുടെ മനംകവര്‍ന്ന രേഖാസൂര്യ ആദ്യമായാണ് തിരുവനന്തപുരത്തത്തെുന്നത്. തുമ്രി, ദാദ്ര, ഗസല്‍ എന്നിവ ഇഴുകിച്ചേര്‍ന്ന ആലാപനവുമായാണ് രേഖ സംഗീതാസ്വാദകരെ പിടിച്ചിരുത്തിയത്. ‘സുന്ദര്‍..സാരീ.’ എന്ന ഗസലിലായിരുന്നു തുടക്കം. തുടര്‍ന്ന് ജനപ്രീതി പിടിച്ചുപറ്റിയ ‘മേ തോ പാസ് ഗയീ..ജബ് ദേഖീ പിയാ....’എന്ന സൂഫിഗാനമത്തെി. മീരാഭായിയുടെ വരികളും ഹസ്റത്തിന്‍െറ സംഗീതവും പരസ്പരം ലയിപ്പിച്ച ഗാനമായിരുന്നു അവതരണത്തിലെ ആകര്‍ഷണം. ഹസ്റത്തിന്‍െറ ‘ബന്‍ കെ പഞ്ചീ ഏസീ..’എന്ന വരികളില്‍ തുടങ്ങി  മീരാഭായിയുടെ കൃഷ്ണപ്രണയത്തിലേക്കും രേഖ വഴിതുറന്നു. തുടര്‍ന്നത്തെിയ ഗീതങ്ങളില്‍ പ്രണയവും നിലാവും വിരഹവുമെല്ലാം സമന്വയിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, ഭാരത്ഭവന്‍, തഞ്ചാവൂര്‍ ദക്ഷിണേന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ എന്നിവര്‍ സംയുക്തമായാണ് സംഗീതസായാഹ്നം  ഒരുക്കിയത്. ബീഗം അക്തറിന്‍െറ ശിഷ്യയായ രേഖ സൂര്യ ലഖ്നോ, ബനാറസ് ഘരാനകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സംഗീതജ്ഞയാണ്. മന്ത്രിമാരായ കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും സംഗീത സായാഹ്നം ആസ്വദിക്കാനത്തെിയിരുന്നു.

features: 
Facebook

കൂടങ്കുളം അടുത്തമാസം മുതല്‍ പ്രവര്‍ത്തനക്ഷമമാകും-പ്രധാനമന്ത്രി

Posted: 26 Mar 2013 11:52 PM PDT

Image: 

ഡര്‍ബന്‍: തമിഴ്നാട്ടിലെ കൂടംങ്കുളം ആണവനിലയത്തിലെ ആദ്യ യൂനിറ്റ് അടുത്ത മാസം മുതല്‍ പ്രവറത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി  റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കൂടങ്കുളം ആണവ നിലയത്തിലെ  പ്രവര്‍ത്തനക്ഷമമായ ഒന്നാം യൂനിറ്റ്  അടുത്ത മാസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങൂം. മൂന്നും നാലും  യൂനിറ്റുകളുടെ  പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ വിവിധ സമിതികളുടെ സുരക്ഷാ  അനുമതിലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ ധനകാര്യമന്ത്രി പി.ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍  എന്നിവരും സംബന്ധിച്ചിരുന്നു.
ഉഭയകക്ഷി സാമ്പത്തിക സഹകരണത്തില്‍ ഇരു രാജ്യങ്ങളുടെയും മാറ്റമില്ലാത്ത സ്ഥിതിയില്‍ സംതൃപ്തിയില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. റഷ്യയിലെ ദേശീയ സുരക്ഷ ഉപേദേഷ്ടാവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ എന്‍.എസ്.എയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്ലി ജില്ലയില്‍ സ്ഥാപിച്ച കൂടംങ്കുളം ആണവനിലയത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
റഷ്യയുടെ സഹകരണത്തോടെ ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ആദ്യഘട്ടമായി കൂടങ്കുളത്ത് സ്ഥാപിച്ചത്. നാല് റിയാക്ടറുകള്‍ കൂടി ഇവിടെ സ്ഥാപിക്കാന്‍ റഷ്യയുമായി കേന്ദ്രസര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ജില്ല പഞ്ചായത്ത് ബജറ്റ് : സേവന കാര്‍ഷികമേഖലക്ക് ഊന്നല്‍

Posted: 26 Mar 2013 11:41 PM PDT

കാസര്‍കോട്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി സേവനമേഖലയുടെ ഗുണനിലവാരമുയര്‍ത്തുന്നതിനും  സമഗ്ര കവുങ്ങ് കൃഷി  ഉള്‍പ്പെടെ കാര്‍ഷികോല്‍പാദന വര്‍ധനവിനും ഊന്നല്‍ നല്‍കുന്ന 2013-14 വര്‍ഷത്തെ ബജറ്റ് ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു.
ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.എസ്. കുര്യാക്കോസാണ് ബജറ്റ് അവതരിപ്പിച്ചത്. 97.12 കോടി രൂപ വരവും 90.82 കോടി രൂപ ചെലവും 6.29 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നദികളില്‍ തടയണകള്‍ നിര്‍മിച്ച് കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ചട്ടഞ്ചാലിലെ വനിത വ്യവസായ പാര്‍ക്കിനും ഭവന നിര്‍മാണത്തിനും ബജറ്റില്‍  പ്രാധാന്യം നല്‍കി. നബാര്‍ഡ് സഹായത്തോടെ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് തടയണ നിര്‍മാണത്തിന് 41,90,41,000 രൂപ ബജറ്റില്‍ വകയിരുത്തി. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ ക്ഷീരഗ്രാമം, സമഗ്ര കവുങ്ങ് കൃഷി വികസനം, സീഡ്ഫാമുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിവക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക്  കെട്ടിട ചുറ്റുമതില്‍ നിര്‍മാണത്തിനും 1.55 കോടി രൂപയാണ് വകയിരുത്തിയത്.
വിദ്യാഭ്യാസ മേഖലയില്‍ ക്ളാസ്റൂം നിര്‍മാണത്തിന് 4.98 കോടി രൂപ വകയിരുത്തി. 2013-14  വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി ക്ളാസ്മുറികളുടെ അപര്യാപ്തത പൂര്‍ണമായും പരിഹരിക്കും. 20 സ്കൂളുകള്‍ക്ക് ക്ളാസ്മുറികള്‍ നിര്‍മിക്കും.
 സ്കൂള്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും തുക നീക്കിവെച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും 10 ലക്ഷം രൂപ വീതം അനുവദിച്ചു.
ജില്ല ആശുപത്രിയില്‍ കുടിവെള്ള പദ്ധതിക്ക് ഒന്നരക്കോടി രൂപ വകയിരുത്തി. പട്ടികവര്‍ഗ ക്ഷേമത്തിന് ഐ.എ.വൈ വിഹിതമായി 2,57,09,708 രൂപയും പട്ടികജാതി ക്ഷേമത്തിന് 4.10 കോടിയും വകയിരുത്തി. എസ്.എസ്.എ വിഹിതമായി 1.25 കോടിയാണ് അനുവദിച്ചത്. ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍  ഭിന്നശേഷിയുള്ളവര്‍ക്കായി 3.31 കോടി രൂപ ചെലവഴിക്കും. സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് 25 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
പ്രാരംഭ ബാക്കി 2,98,19,231 രൂപയാണ് പദ്ധതി വിഹിതം. ജനറല്‍ വിഭാഗത്തില്‍ 17,50,24000 രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 17,35,9000, ജനറല്‍ പര്‍പ്പസ് ഗ്രാന്‍റായി 18,40,00,00, മെയിന്‍റനന്‍സ് റോഡ് 19,58,88,000 രൂപ റോഡിതര മെയിന്‍റനന്‍സ് 3,25,37,000, നബാര്‍ഡ് ധനസഹായം 41,90,41,000, തനത് ഫണ്ട് റവന്യൂ 1,08,88,000, എസ്.എസ്.എ 10,00,000, ബിഫണ്ട് വിഹിതം 44,65,000, കേരളോത്സവം 6,00,000 എസ്.സി, എസ്.ടി സ്കോളര്‍ഷിപ് 25,00,00, എന്‍.പി.ആര്‍.പി.ഡി 2.5 കോടി, പൊതുവിദ്യാഭ്യാസം 10 ലക്ഷം മറ്റുള്ളവ 10 ലക്ഷം, പ്രവൃത്തി ബില്ലിലും ശമ്പള ബില്ലിലും നിക്ഷേപങ്ങള്‍ 46,50,000 എന്നിവ ഉള്‍പ്പെടെ 97,12,72,231 രൂപയാണ് പ്രതീക്ഷിത വരവ്.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതികള്‍ക്കും കാര്‍ഷികമേഖലക്കും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താത്തത് ആക്ഷേപത്തിനിടയാക്കി.  കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു, പ്രമീള സി. നായിക് എ.കെ.എം. അഷറഫ്, ഹരീഷ് പി. നായര്‍ എന്നിവരാണ് ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചത്. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. ജനാര്‍ദനന്‍ (പൊതുമരാമത്ത്), കെ. സുജാത (ആരോഗ്യം-വിദ്യാഭ്യാസം), മംമ്താ ദിവാകര്‍ (ക്ഷേമം), ഓമന രാമചന്ദ്രന്‍ (വികസനം), നസീറ അഹമ്മദ്, എം. തിമ്മയ്യ, എ. ജാസ്മിന്‍, എം. ശങ്കരറായി, ഫരീദ സക്കീര്‍ അഹമ്മദ്, പി. കുഞ്ഞിരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി സി.കെ. സോമന്‍ സംബന്ധിച്ചു.

ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted: 26 Mar 2013 11:29 PM PDT

Image: 

ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ ഫാംഹൗസില്‍ ബി.എസ്.പി പ്രാദേശിക നേതാവ് ദീപക് ഭരദ്വാജിനെ വെടിവെച്ച് കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദല്‍ഹി പെലീസ് പുറത്തുവിട്ടു. ദീപക്കിനെ വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതാണ് 27 സെക്കന്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ഫാം ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

തോക്കു ചൂണ്ടി സുരക്ഷാ ഗാര്‍ഡിനെ ഭീഷണിപ്പെടുത്തി ഫാം ഹൗസിന്റെ ഗെയ്റ്റ് തുറപ്പിച്ച് ചാര നിറത്തിലുള്ള സ്‌കോഡ കാറില്‍ അക്രമികള്‍ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തോക്കു ചൂണ്ടിയ ആളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ദല്‍ഹിയില്‍നിന്ന് മത്സരിച്ച ദീപക് ഭരദ്വാജിന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വെടിയേറ്റത്.

 

ജില്ലാ പഞ്ചായത്ത് ബജറ്റ് : കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് മുന്‍ഗണന

Posted: 26 Mar 2013 11:21 PM PDT

കല്‍പറ്റ: കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്‍െറ ബജറ്റ് വൈസ്പ്രസിഡന്‍റ് എ.ദേവകി അവതരിപ്പിച്ചു. 95,96,43,066 രൂപ വരവും, 81,56,15,250 രൂപ  ചെലവും പ്രതീക്ഷിക്കുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ശശി അധ്യക്ഷത വഹിച്ചു.
നെല്‍കൃഷി പ്രോത്സാഹനത്തിന് പൊതുവിഭാഗം, പട്ടികവര്‍ഗ വിഭാഗം എന്നീ മേഖലകള്‍ക്ക് 50 ലക്ഷം രൂപ വകയിരുത്തി. ഗ്രാമ-ബ്ളോക് പഞ്ചായത്തുകളുമായി ചേര്‍ന്ന് ഇതിനായി 2.40കോടിയുടെ പദ്ധതി ആവിഷ്കരിച്ചു.
ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷം തന്നെ കൃഷി ഫാം ആരംഭിക്കും. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേന കാലിത്തീറ്റ വിതരണം ചെയ്യാന്‍ 20 ലക്ഷം രൂപ വകയിരുത്തി. പൊതുമേഖലയില്‍ സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് 105 ലക്ഷം രൂപയും സ്കൂള്‍ മെയിന്‍റനന്‍സിന് 76.5 ലക്ഷം രൂപയും ഉണ്ട്. സ്കൂളുകളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 36 ലക്ഷം രൂപയും ഹൈസ്കൂള്‍ -ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റിന് 60 ലക്ഷം രൂപയും ഉണ്ട്. ശുചിത്വമിഷന്‍െറ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കുന്ന ടോയ്ലറ്റുകളുടെ പൂര്‍ത്തീകരണത്തിനായി 68.3 ലക്ഷം രൂപയുണ്ട്. പൊതുവിഭാഗം, പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി ഐ.എ.വൈ പദ്ധതി പ്രകാരം 4.44 കോടി രൂപയും ഇ.എം.എസ് ഭവനപദ്ധതി വായ്പ തിരിച്ചടവിലേക്കായി 1.22 കോടി രൂപയും വകയിരുത്തി.
ബി.ആര്‍.ജി.എഫ് ഫണ്ട് വിനിയോഗിച്ച് ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതിയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കും. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍നേട്ടമുണ്ടാക്കിയ അക്ഷര ജ്യോതി, ഗോത്രവെളിച്ചം പോലുള്ള പദ്ധതികള്‍ക്കായി 62 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകളുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിക്ക് 1 കോടി രൂപയും നീക്കിവെച്ചു. ജില്ലാപഞ്ചായത്തിന്‍െറ എസ്.എസ്.എ വിഹിതമായി 94 ലക്ഷം രൂപയും വിജ്ഞാന്‍ ജ്യോതി 10ാംതരം തുല്യതാ സാക്ഷരതാ പരിപാടിക്കായി 15 ലക്ഷം രൂപയും നീക്കിവെച്ചു. കൂടാതെ, ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തിന് എം.എസ്.ഡി.പി പദ്ധതി തുക കൂടി വിനിയോഗിക്കും.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാലിന്യനിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിക്കുന്നതിന് 70 ലക്ഷം രൂപയുണ്ട്. ഈ വര്‍ഷം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കും. എച്ച്.ഐ.വി അണുബാധിതരുടെ ക്ഷേമത്തിനും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 11 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ സി.ടി.സ്കാന്‍, ഡയാലിസിസ് യൂനിറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദ്യുതി ചാര്‍ജിനായി 13 ലക്ഷം വകയിരുത്തി. എം.എസ്.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ 10 ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കും. ആര്‍.എസ്.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റുമതില്‍ നിര്‍മിക്കും. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും.
വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക്  87.5 ലക്ഷം രൂപയും ജനനി സുരക്ഷാ പദ്ധതിക്ക് 60.33 ലക്ഷം രൂപയും വകയിരുത്തി. അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുമായി ചേര്‍ന്ന് വീടുകളില്‍ വിവിധോദ്ദേശ്യ സംരംഭങ്ങള്‍ ആരംഭിക്കും. കണിയാമ്പറ്റയില്‍ ആധുനിക താമസ സൗകര്യത്തോടു കൂടി പട്ടികവര്‍ഗ വനിതകളുടെ കരകൗശല, പരിശീലന വിപണന സ്ഥാപനവും ഷോപ്പിങ് കോംപ്ളക്സും തുടങ്ങുന്നതിന് 1.50 കോടി രൂപ വകയിരുത്തി.
സാമൂഹിക സുരക്ഷാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപയും വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മിക്കുന്നതിന് 115 ലക്ഷം രൂപയും വികലാംഗര്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വാങ്ങി നല്‍കുന്നതിന് 11.25 ലക്ഷം രൂപയും വകയിരുത്തി.
റോഡുകളുടെ പ്രവൃത്തികള്‍ക്കായി 5.94കോടി രൂപയുണ്ട്. അഞ്ചു പാലങ്ങളുടെ നിര്‍മാണത്തിനും തുകയുണ്ട്. ബി.ആര്‍.ജി.എഫ് പദ്ധതികള്‍ക്കായി ഒമ്പതുകോടിയും സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് 188 ലക്ഷം രൂപയും റോഡ് ടാറിങ് പ്രവൃത്തികള്‍ക്ക് 151 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്കായി 134 ലക്ഷം രൂപയും പാലം, കലുങ്ക് നിര്‍മാണത്തിന് 38 ലക്ഷം രൂപയും കോളനികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 197 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
കൂടാതെ, കാര്‍ഷികാവശ്യത്തിന് വൈദ്യുതീകരണം, സാംസ്കാരികനിലയം നിര്‍മാണം തുടങ്ങി മറ്റുള്ള പദ്ധതികള്‍ക്കായി 340 ലക്ഷം രൂപയുമുണ്ട്.

ലോക ബാങ്കിനു ബദലായി വികസന ബാങ്ക് സ്ഥാപിക്കുമെന്ന് ബ്രിക്സ് ഉച്ചകോടി

Posted: 26 Mar 2013 11:18 PM PDT

Image: 

ഡര്‍ബന്‍: ലോക ബാങ്കിനു ബദലായി പുതിയ വികസന ബാങ്ക്  രൂപീകരിക്കാന്‍ ബ്രിക്സ് ഉച്ചകോടിയില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ ഉച്ചകോടിയില്‍ വന്‍ പുരോഗതിയുണ്ടായതായി ദക്ഷിണാഫ്രിക്കന്‍ ധനമന്ത്രി പ്രവിന്‍ ഗോര്‍ദാന്‍ പറഞ്ഞു. എന്നാല്‍, ബാങ്ക് ആസ്ഥാനമുള്‍പ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ചില വിയോജപ്പുകളുണ്ടെന്ന് റഷ്യന്‍ ധനമന്ത്രി ആന്‍്റണ്‍ സിലവനോവ് പറഞ്ഞു.

2008ല്‍ ബ്രിക്സ് ഉച്ചകോടി തുടങ്ങിയ ശേഷം ആദ്യമായാണ് ബ്രിക്സ് കൂട്ടായ്മ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നത്. യു.എസ് ഡോളറിനേയും യൂറോയേയും ആശ്രയിക്കുന്നത് കുറക്കണമെന്നും ബ്രിക്സ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ വിവിധ വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചു.

ദക്ഷിണാഫ്രിക്കയുടെ വളര്‍ച്ചക്ക് ബ്രിക്സ് കൂട്ടായ്മ വലിയ അവസരമാണ് സൃഷ്ടിച്ചതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍്റ് ജേകബ് സുമ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ചൈനീസ് പ്രസിഡന്‍്റ് സീ പിങ്, റഷ്യന്‍ പ്രസിഡന്‍്റ് വ്ളാഡിമിര്‍ പുടിന്‍, ബ്രസീല്‍ പ്രസിഡന്‍്റ് ദില്‍മ റൂസെഫ് തുടങ്ങിയ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രക്സിലെ അംഗ രാഷ്ട്രങ്ങള്‍.

 

അറബ് പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നേതാക്കള്‍

Posted: 26 Mar 2013 10:04 PM PDT

Image: 

ദോഹ: അറബ് ലീഗിലെ അംഗരാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിസ്പര ധാരണകളിലൂടെയും ആഭ്യന്തര ചര്‍ച്ചകളിലൂടെയും പരിഹരിക്കണമെന്ന് 24ാമത് അറബ് ലീഗ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.
വെല്ലുവിളികള്‍ നേരിടാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഏറെ ശക്തരാണ് അറബ് രാഷ്ട്രങ്ങളെന്ന് ഇറാഖ് വൈസ് പ്രസിഡന്‍റ് ഡോ. ഖുദൈര്‍ മൂസ ജഅ്ഫര്‍ അല്‍ ഖുസാഇ പറഞ്ഞു. അറബ് പാര്‍ലമെന്‍റിന്‍െറ ആസ്ഥാനം തല്‍ക്കാലം ദമസ്കസില്‍ നിന്ന് ബഗ്ദാദിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അറബ് രാജ്യങ്ങളില്‍ നിന്ന് പട്ടിണിയും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ സംഭാവന നല്‍കുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉച്ചകോടിയുടെ മുന്‍ അധ്യക്ഷ പദവിയുള്ള ഇറാഖ് പ്രസിഡന്‍റ് തലബാനിയുടെ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് അറബ്ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍ അറബി പ്രസംഗം ആരംഭിച്ചത്. അറബ് വസന്തം സമകാലിക ചരിത്രത്തിലെ പുതിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശവും സാമൂഹികനീതിയും സമത്വവും ഉറപ്പാക്കാന്‍ പുതിയ ഉണര്‍വ് പ്രചോദനമേകേണ്ടതാണ്. ഏതെങ്കിലും ഒരംഗരാജ്യത്തെ അന്തഛിദ്രവും ക്രമസമാധനമില്ലായ്മയും അറബ് ലീഗിന്‍െറ ഭാവിയെ മൊത്തത്തില്‍ ബാധിക്കും.
പ്രയാസപൂര്‍ണമായ സ്ഥിതിയിലാണെങ്കിലും തുനീഷ്യയില്‍ ജനാധിപത്യം നിലവില്‍ വന്നതും ഈജിപ്തിലും ലിബിയയിലും ഭരണമാറ്റമുണ്ടായതും സ്വാഗതാര്‍ഹമാണ്. പട്ടിണിയും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യലും യുവജന-സ്ത്രീ ശാക്തീകരണവും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട വിഷയങ്ങളാണെന്ന് അല്‍ അറബി ഓര്‍മപ്പെടുത്തി.
ഫലസ്തീനിലെ വ്യത്യസ്ത വിഭാഗങ്ങളെ തമ്മില്‍ രമ്യതയിലെത്തിക്കാന്‍ ഈജിപ്ഷ്യന്‍ ഭരണകൂടം മുന്‍കൈയ്യെടുത്ത് കെയ്റോയില്‍ ഉടന്‍ മിനി ഉച്ചകോടി വിളിച്ചുചേര്‍ക്കണമെന്ന ഖത്തര്‍ അമീറിന്‍െറ നിര്‍ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഫലസ്തീന്‍ വിഷയത്തില്‍ നിരര്‍ഥകമായ കൂടിയാലോചനകളുമായി അധികകാലം മുന്നോട്ടുപോകാനാവില്ല. യു.എന്‍ പൊതുസഭയില്‍ നിരീക്ഷകരാഷ്ട്രമെന്ന പദവി നേടിയെടുക്കാന്‍ കഴിഞ്ഞത് ഫലസ്തീന്‍െറ വിജയമാണ്. സുഡാനില്‍ സമാധാനവും വികസനവും ഉറപ്പാക്കുന്നതിന് അറബ്ലീഗ് ഖത്തറുമായും ആഫ്രിക്കന്‍ യൂനിയനുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. സിറിയന്‍ പ്രശ്നത്തിന് അറബ് ലീഗ് ഒട്ടേറെ പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. സൈനിക ശേഷി കൊണ്ട് നിരപരാധികളെ അടിച്ചമര്‍ത്തി പ്രതിസന്ധി മൂര്‍ഛിപ്പിക്കാനാണ് സിറിയന്‍ ഭരണകൂടം ശ്രമിക്കുന്നത്. സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ യുക്തമായ നടപടികളെടുക്കുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയപ്പെട്ടതായും അല്‍ അറബി കുറ്റപ്പെടുത്തി.
കെയ്റോയില്‍ മിനി ഉച്ചകോടി വിളിക്കണമെന്ന ഖത്തര്‍ അമീറിന്‍െറ നിര്‍ദേശത്തെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ഒ.ഐ.സി.സി സെക്രട്ടറി ജനറല്‍ പ്രഫ. അക്മലുദ്ദീന്‍ ഒഗ്ലു, സിറിയന്‍ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അബ്ദുല്‍ ബാസിത് സെയ്ദ, ഫലസ്തീനിയന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, തുര്‍ക്കിഷ് വിദേശകാര്യമന്ത്രി അഹ്മദ് ഉഗ്ലു, സിറിയന്‍ പ്രതിപക്ഷ നേതാവ് ശൈഖ് മുആസ് അല്‍ ഖാതിബ് തുടങ്ങിയവരും സ്വാഗതം ചെയ്തു.

ലക്ഷ്യം നേടാന്‍ സിറിയന്‍ ജനതയെ യു.എ.ഇ പിന്തുണക്കും- ശൈഖ് മുഹമ്മദ്

Posted: 26 Mar 2013 09:53 PM PDT

Image: 

അബൂദബി: ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സിറിയന്‍ ജനതയുടെ ശ്രമങ്ങള്‍ക്ക് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ സര്‍വ പിന്തുണയുമായി യു.എ.ഇ നിലകൊള്ളുമെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. ദോഹയില്‍ ചൊവ്വാഴ്ച ആരംഭിച്ച 24ാമത് അറബ് ലീഗ് ഉച്ചകോടിയില്‍ യു.എ.ഇ സംഘത്തെ നയിച്ച് പങ്കെടുത്ത അദ്ദേഹം സിറിയന്‍ പ്രതിപക്ഷസഖ്യ നേതാവ് അഹ്മദ് മുആസ് അല്‍ ഖാതിബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്‍െറ പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. സിറിയന്‍ പ്രതിപക്ഷ ശക്തികള്‍ ഐക്യത്തോടെ, ശ്രമങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും സിറിയയില്‍ തങ്ങളുടെ അടിത്തറ ശക്തമാക്കണമെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ‘സിറിയയില്‍ നടക്കുന്ന എല്ലാ തരത്തിലുമുള്ള അക്രമങ്ങളും അപലപനീയമാണ്. സിറിയന്‍ ജനതയുടെ ആശങ്കകള്‍ യു.എ.ഇ എന്നും ഉള്‍ക്കൊള്ളുന്നു. പ്രത്യേകിച്ച് സമകാലിക പ്രതിസന്ധിയില്‍’- ശൈഖ് മുഹമ്മദ് പറഞ്ഞു.
സിറിയന്‍ ജനതയുടെ ആശകളും പ്രതീക്ഷകളും വിവരിച്ച് ഉച്ചകോടിയില്‍ അല്‍ ഖാതിബ് നടത്തിയ പ്രഭാഷണം ഹൃദയസ്പര്‍ശി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്യം നേടിയെടുക്കുന്നതിന് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് സിറിയന്‍ ജനത എന്നും കടപ്പെട്ടിരിക്കുന്നെന്ന് അല്‍ ഖാതിബ് പറഞ്ഞു. സിറിയയിലെ സമകാലിക സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. സിറിയന്‍ ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് പ്രതിപക്ഷ സഖ്യത്തെ സഹായിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ചര്‍ച്ചയില്‍ പങ്കെടുത്തു. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി, ദുബൈ റൂളേഴ്സ് ഓഫിസ് ഡയറക്ടര്‍ ലഫ്. ജനറല്‍ മുസബ്ബാ റാശിദ് അല്‍ ഫത്താന്‍, ദുബൈ പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റി ഡയറക്ടര്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും സന്നിഹിതരായിരുന്നു.  
അതേസമയം, അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി രാജ്യത്ത് തിരിച്ചെത്തി.    
 

മയക്കുമരുന്ന് വ്യാപാരം തടയല്‍: ശൂറ കൗണ്‍സില്‍ റിപ്പോര്‍ട്ട് തേടി

Posted: 26 Mar 2013 09:44 PM PDT

Image: 

മസ്കത്ത്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപാരം തടയാനുള്ള നടപടികളെക്കുറിച്ച് ശൂറ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെയും ആഭ്യന്തര സുരക്ഷിതത്വത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ കൗണ്‍സില്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
ഡിഫന്‍സ്, സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയാണ് വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി മയക്കുമരുന്ന് വ്യാപാരികളെയാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയിരുന്നത്. ഹെറോയിന്‍, ട്രമഡോള്‍ ഗുളികകള്‍, ഹഷീഷ് തുടങ്ങിയവ പിടിച്ചെടുത്തവയില്‍ പെടും. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് കരുതുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയാണ് മയക്കുമരുന്ന് വില്‍പനക്കാര്‍ ഒമാനിലെത്തുന്നത്. ഈ മാസം റോയല്‍ ഒമാന്‍ പൊലീസിന്‍െറ മയക്കുമരുന്ന് വിരുദ്ധ വിഭാഗം 15 കിലോഗ്രാം ഹെറോയിനാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്നതാണിത്. മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഒമാനില്‍ ഈ വര്‍ഷം ഭവനഭേദനങ്ങളും കവര്‍ച്ചകളും വര്‍ധിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് പുറത്തിറക്കിയ ആനുവല്‍ ക്രൈം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മദീനത്ത് സുല്‍ത്താന്‍ ഖാബൂസ് മേഖലയിലാണ് ഭവനഭേദനങ്ങള്‍ കൂടുതലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് എംബസി ഉദ്യോഗസ്ഥരുടെ വീടുകളില്‍ 2010 മുതല്‍ ആറ് ഭവനഭേദനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പണവും സ്വര്‍ണാഭരണങ്ങളുമാണ് മോഷണം പോകുന്നത്. വാഹന മോഷണവും വര്‍ധിച്ചിട്ടുണ്ട്. എന്‍ജിന്‍ ഓഫാക്കാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷ്ടിച്ചുവെന്ന നിരവധി പരാതികള്‍ ഇക്കാലയളവില്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് വ്യാപാരത്തിന് പിടിക്കപ്പെട്ടാല്‍ നിലവില്‍ ഒമാനില്‍ കടുത്തശിക്ഷയാണുള്ളത്. വര്‍ഷങ്ങള്‍ നീളുന്ന ജയില്‍ ശിക്ഷയും പിഴയും ഇത്തരക്കാര്‍ക്ക് ലഭിക്കും. മയക്കുമരുന്ന് വില്‍പനക്കാരെ പിടികൂടാന്‍ റോയല്‍ ഒമാന്‍ പൊലീസ് പ്രത്യേക മയക്കുമരുന്ന് വിരുദ്ധ വിഭാഗം തന്നെ രൂപവത്കരിച്ചിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് വില്‍പനക്കാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുമുണ്ട്.
 

Tuesday, March 26, 2013

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള Madhyamam News Feeds

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള Madhyamam News Feeds

Link to

ഗണേഷിനെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പിള്ള

Posted: 26 Mar 2013 12:00 AM PDT

Image: 

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള വീണ്ടും രംഗത്ത്. മന്ത്രി പാര്‍ട്ടിക്ക് ഇപ്പോഴും വഴങ്ങാത്ത സാഹചര്യത്തില്‍ ഗണേഷിനെ മാറ്റണമെന്ന് അദ്ദേഹം യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഏപ്രില്‍ രണ്ടിന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ മന്ത്രിയെ മാറ്റണമെന്ന തന്റെകത്ത് ചര്‍ച്ചക്കെടുക്കണമെന്നും പിള്ള ആവശ്യപ്പെട്ടു.

നേരത്തെ, പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷിന് മന്ത്രിയായി തുടരാമെന്ന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യകതമാക്കിയിരുന്നു. ഇതിനോടനുകൂലമായാണ് അന്ന് ഗണേഷും പ്രതികരിച്ചത്. അതോടെ, പിള്ള-ഗണേഷ് പ്രശ്‌നം പരിഹരിക്കപ്പെടുന്നതായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ചൊവ്വാഴ്ച വീണ്ടും പിള്ള ഗണേഷിനെതിരെ രംഗത്തു വരികയായിരുന്നു. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലുള്ള ഏതാനും ആളുകളെ മാറ്റാനുളള പിള്ളയുടെ ആവശ്യം ഗണേഷ് അംഗീകരിക്കാത്തതാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നാണ് സൂചന. ചലച്ചിത്ര അക്കാദമി ഉള്‍പ്പെടെ മന്ത്രിയുടെ വകുപ്പുകളിലേക്കുള്ള ഭരണസമിതിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കാതെ ഗണേഷ് സ്വന്തക്കാരെ കയറ്റുകയായിരുന്നുവെന്ന് പിള്ള നേരത്തെ ആരോപിച്ചിരുന്നു.
 

കല്ലമ്പലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്

Posted: 25 Mar 2013 11:54 PM PDT

കല്ലമ്പലം: ദേശീയപാതയില്‍ കല്ലമ്പലം മണമ്പൂരില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. ഇതില്‍ ജീപ്പ് യാത്രക്കാരായ ഏഴ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സുല്‍ത്താന്‍ബത്തേരി സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ രാഘവന്‍, തോമസ്, അശോകന്‍, സഹദേവന്‍, ചാക്കോച്ചന്‍, ഗിരീശന്‍, ജനാര്‍ദനന്‍ എന്നിവരെയും പരിക്കേറ്റ ജീപ്പ് യാത്രക്കാരായ ഷെര്‍ലി, മണികണ്ഠന്‍, മുരളീധരന്‍ തുടങ്ങി 10 പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പ് ഡ്രൈവര്‍ ബത്തേരി സ്വദേശി അസീസ്, ബസ് യാത്രികരായ അശ്വിന്‍ കട്ടപ്പന, ശ്യാമള കാരേറ്റ്, ശിവ പ്രസാദ് തട്ടാമല, ശാന, ലിഖിയ ശ്രീകാര്യം, ശ്രീപാല്‍ എന്നിവരെ ചാത്തമ്പറ കെ.ടി. സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 5.45നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പില്‍ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കവേ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് തകര്‍ന്നു. വാഹനങ്ങളില്‍ നിന്ന് നിലവിളിയുയര്‍ന്നതോടെ നാട്ടുകാരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. തുടര്‍ന്ന് കല്ലമ്പലം പൊലീസെത്തി കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
സംഭവ സമയം ചാറ്റല്‍ മഴയുണ്ടായിരുന്നു. ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസ് വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടും അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയും ഗതാഗതം പുന$സ്ഥാപിച്ചു.

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണം; രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

Posted: 25 Mar 2013 11:50 PM PDT

കുമളി: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുമളി സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും വൈകാതെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കുമളി സെക്ഷനിലെ ഓവര്‍സിയര്‍ എന്‍.ഡി. ബെന്നി, ലൈന്‍മാന്‍ ബിനോയി മാത്യു എന്നിവരാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.15ഓടെയാണ് വര്‍ക്കറായ മൂലമറ്റം സ്വദേശി ഷാജിമോന്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ആനവിലാസം വള്ളിയാന്തടത്തില്‍ സ്വകാര്യ ഏലത്തോട്ടത്തില്‍ ലൈന്‍ കമ്പികള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. കാര്യമായ തകരാറുകള്‍ ഇല്ലാതിരുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിച്ചതിന് പിന്നിലുള്ള ജീവനക്കാരുടെ താല്‍പ്പര്യം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്.
വൈകുന്നേരം അഞ്ചോടെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി  പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നിലനില്‍ക്കവെയാണ് ജീവനക്കാരില്‍ ചിലര്‍ അമിത താല്‍പ്പര്യം കാട്ടി സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ വൈദ്യുതി ലൈനില്‍ സമയം വൈകിയും പണി നടത്തിയത്.
ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ ജീവനക്കാരനായ ഷാജിമോന്‍ ഇരിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവര്‍ ഇത് ശ്രദ്ധിക്കാതെ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയവര്‍ ഒപ്പം ഉണ്ടെന്ന് ഉറപ്പാക്കുകയോ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ അവസരം ഉണ്ടായിട്ടും ഇതിന് തയാറാകാതെ ലൈന്‍ ചാര്‍ജ് ചെയ്തത് വലിയ വീഴ്ചക്കാണ് വഴിയൊരുക്കിയത്. ഷോക്കേറ്റ് ലൈന്‍ കമ്പനിയില്‍  മരിച്ച് കുടുങ്ങിക്കിടന്ന ഷാജിമോനെ വീണ്ടും ലൈന്‍ ഓഫാക്കിയാണ് താഴെ ഇറക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ ഒരു വര്‍ഷത്തിലധികമായി അസി. എന്‍ജിനീയറുടെ കസേര ഒഴിഞ്ഞുകിടക്കുന്ന കുമളി ഓഫിസിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പത്തോളം ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷനുകളുള്ള കുമളി സെക്ഷനില്‍ ഇവയുടെ റീഡിങ് ശേഖരിക്കാന്‍ ചുമതലയുള്ള അസി.എന്‍ജിനീയറുടെ കസേര ഒരു വര്‍ഷത്തിലധികമായി ഒഴിഞ്ഞുകിടന്നിട്ടും നടപടി ഉണ്ടാകാത്തത് ചിലരുടെ ഇടപെടലുകള്‍ മൂലമാണെന്ന് ആക്ഷേപം ശക്തമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കുമളി ഉള്‍പ്പെടെ പ്രദേശങ്ങളിലായി 12 ഓളം ട്രാന്‍സ്ഫോര്‍മറുകളും പതിനായിരത്തിലധിം ഉപഭോക്താക്കളുമാണ് കുമളി സെക്ഷനിലുള്ളത്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റ് നിരവധി സ്ഥാപനങ്ങളുമുള്ള കുമളി സെക്ഷനില്‍ നടക്കുന്ന വിവിധ ജോലികളില്‍ പലവിധത്തിലുള്ള ക്രമക്കേടുകള്‍ തുടരുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അറ്റകുറ്റപ്പണിയുടെയും മറ്റ് ഇടപാടുകളുടെ ഭാഗമായി ലഭിക്കുന്ന വന്‍വരുമാനത്തിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കുമളി ഓഫിസ് വിട്ടുപോകാന്‍ തയാറാകാതെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കുമളി ഓഫിസില്‍ തുടരുന്ന ചിലരുടെ അനാസ്ഥയും ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തതില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റക്കാരും ക്രമക്കേടിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ചിലര്‍ക്കെതിരെ വരും ദിവസങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സംഭവം സംബന്ധിച്ച് അന്വേഷിച്ചവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

കോര്‍പറേഷന്‍ ബജറ്റ്: പുതിയ റോഡുകള്‍, കുടിവെള്ളം ഉറപ്പാക്കും

Posted: 25 Mar 2013 11:47 PM PDT

കൊല്ലം: എല്ലാ ഡിവിഷനുകളിലും പുതിയ റോഡ് നിര്‍മാണത്തിനും കുടിവെള്ളപ്രശ്ന പരിഹാരത്തിനും പദ്ധതികളുള്ള കൊല്ലം കോര്‍പറേഷന്‍ ബജറ്റില്‍ നഗരത്തിന്‍െറ കുടിവെള്ള സ്രോതസ്സായ ശാസ്താംകോട്ട തടാക സംരക്ഷണം നഗര അജണ്ടയാക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ‘കരുതല്‍’, സൗരോര്‍ജ പദ്ധതി, മഴ വെള്ള ച്ചാല്‍ നിര്‍മാണം, മാര്‍ക്കറ്റുകളുടെ നവീകരണം, അഷ്ടമുടിക്കായല്‍ സംരക്ഷണം, കണ്ടല്‍ സംരക്ഷണം എന്നിവക്കടക്കമുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. സ്വപ്ന പദ്ധതിയായ ചിന്നക്കട അടിപ്പാത നിര്‍മാണം ഇക്കൊലത്തെയും പ്രതീക്ഷയാണ്. സര്‍ക്കാറിന്‍െറ ഭേദഗതിചട്ടങ്ങള്‍ അംഗീകരിക്കപ്പെടുന്നതോടെ കോര്‍പറേഷനിലും നികുതി പരിഷ്കരണം നടപ്പാക്കും. 397,78,51,596 രൂപ വരവും 396,25,81,641 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ അഡ്വ. ജി. ലാലു അവതരിപ്പിച്ചത്.
കോര്‍പറേഷനിലെ 55 ഡിവിഷനുകളിലെയും പുതിയ റോഡുകള്‍ക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഇത് 2.20 കോടി മാത്രമായിരുന്നു. കടപ്പാക്കട ഓവര്‍ ബ്രിഡ്ജില്‍ ഫുട്പാത്ത് നിര്‍മിക്കാന്‍ 1.27 കോടിയും ഓടകളുടെ സംരക്ഷണത്തിന് 30020421 രൂപയും തെരുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 50,0000 രൂപയും ഒമ്പത് സ്ഥലങ്ങളില്‍ ഓടനിര്‍മിക്കുന്നതിന് 8.12 കോടിയും വകയിരുത്തിയിട്ടുണ്ട്.
കന്‍േറാണ്‍മെന്‍റ് മൈതാനിയില്‍ നീന്തല്‍കുളത്തിന് 35 ലക്ഷവും ഹൈജംപ് ലോംഗ്ജംപ് പിറ്റ് നിര്‍മാണത്തിന് 30 ലക്ഷവും പോര്‍ട്ടിനടുത്ത് മിനി സ്റ്റേഡിയത്തിന് 25 ലക്ഷവും മങ്ങാട് ഹൈസ്കൂള്‍ സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ 25 ലക്ഷവും വകയിരുത്തി.
പോളയത്തോട് മുതല്‍ ആനന്ദവല്ലീശ്വരം വരെ എലിവേറ്റര്‍ കോറിഡോര്‍ പദ്ധതിക്ക് അഞ്ച് കോടി. മേവറം-വെള്ളയിട്ടമ്പലം, പുന്തലത്താഴം -റെയില്‍സ്റ്റേഷന്‍, ചിന്നക്കട -കരിക്കോട്, കച്ചേരിമുക്ക് -പോര്‍ട്ട്, തങ്കശ്ശേരി ബസ്ബേ, ലക്ഷ്മിനട, ചിന്നക്കട നഗരത്തിലെ ഉള്‍റോഡുകള്‍, ബീച്ച് റോഡ് എന്നിവയുടെ ഇരുവശങ്ങളിലും ടൈല്‍സിട്ട് ഭംഗിയാക്കും. കടപ്പാക്കട, രാമന്‍കുളങ്ങര, ശക്തികുളങ്ങര ജങ്ഷനുകളുടെ വികസനവും താലൂക്ക് കച്ചേരി തുരങ്കപാതയും ഇരവിപുരം ഫൈ്ളഓവറും ഈ പദ്ധതിയില്‍വരും. വലിയകട മാര്‍ക്കറ്റ് നിര്‍മാണം, ആണ്ടാമുക്കം ബസ്സ്റ്റാന്‍ഡ് നവീകരണം എന്നിവയുടെ പണി പൂര്‍ത്തിയാക്കാന്‍ 54,37,5000 രൂപ വകകൊള്ളിച്ചു. മൂന്നാംകുറ്റി മാര്‍ക്കറ്റിന് 50 ലക്ഷവും ചന്ദനത്തോപ്പ് മാര്‍ക്കറ്റ് നവീകരണത്തിന് 15 ലക്ഷവും അയത്തില്‍, മങ്ങാട് മാര്‍ക്കറ്റുകള്‍ക്ക് 35000000 രൂപയും നീക്കിവെച്ചിട്ടുണ്ട്. ആണ്ടാമുക്കത്ത് ഷോപ്പിങ് കോംപ്ളക്സ് കം ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് നാല് കോടിയും കന്‍േറാണ്‍മെന്‍റ് ലോറി കമ്യൂണിറ്റി ഹാളും ഷോപ്പിങ് കോംപ്ളക്സും നിര്‍മിക്കുന്നതിന് മൂന്ന് കോടിയും വകയിരുത്തി.
ചേരിനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി എസ്.എം.പി പാലസ് ചേരി പൈലറ്റ് പ്രോജക്ടായി എടുത്ത് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 25.5 കോടി രൂപയാണ് ഇതിന് വേണ്ടിവരുന്നത്. പുള്ളിക്കട നിവാസികള്‍ക്ക് പുതിയ ഭവന പദ്ധതി നടപ്പാക്കുന്നതിനും പുനരധിവാസ പദ്ധതികള്‍ക്കുമായി 26 കോടി രൂപ നീക്കിവെച്ചു. പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 16,59,20,836 രൂപ വകയിരുത്തി. പട്ടികജാതി ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ നിലവിലുള്ള ഉദ്യോഗസ്ഥസംവിധാനം മാറ്റും. പട്ടിണി രഹിത നഗരം പദ്ധതിയില്‍ നിലവിലുള്ള ഭക്ഷണത്തിന്‍െറ അളവും ഗുണവും ഉയര്‍ത്താന്‍ 50 ലക്ഷവും എല്ലാവര്‍ക്കും ഭൂമിയും വീടും പദ്ധതിക്കായി 12 കോടിയും വിനിയോഗിക്കും.
ശക്തികുളങ്ങര പബ്ളിക് സെന്‍ററിന് ഒരു കോടിയും ആരോഗ്യമേഖലയിലാകെ 15,25,3000 രൂപയും വിനിയോഗിക്കും. കൊല്ലം ബീച്ചിലും ബോട്ട്ജെട്ടിക്ക് സമീപത്തുള്ള കോര്‍പറേഷന്‍ സ്ഥലത്തും ഷെഡ്ക്ളബുകള്‍ സ്ഥാപിക്കാന്‍-50 ലക്ഷം, പി.എച്ച്.സികളില്‍ ലാബ് നിര്‍മാണത്തിന് -50 ലക്ഷം, വൃക്കരോഗികള്‍ക്ക് ആശ്വാസപദ്ധതി -50 ലക്ഷം, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കുന്നതിന് -32500000, അഷ്ടമുടിക്കായല്‍ സംരക്ഷണം -അഞ്ച് ലക്ഷം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം -20 ലക്ഷം, കേര, നെല്‍, വാഴ, കുരുമുളക് കൃഷി -3500000, മൃഗസംരക്ഷണം -5000000, സ്ളാട്ടര്‍ഹൗസ് -ഒരു കോടി, മത്സ്യഫെഡ് വഴി പദ്ധതികള്‍ -6840000, ഇടപ്പള്ളി, കാക്കനാട് സ്മാരകങ്ങള്‍ -4100000 എന്നിങ്ങനെയും തുക വകകൊള്ളിച്ചിട്ടുണ്ട്.
 

കര്‍ണാടകയിലെ ഹാസനില്‍ വാഹനാപകടം; രണ്ട് മലയാളികളുള്‍പ്പടെ അഞ്ച് മരണം

Posted: 25 Mar 2013 11:45 PM PDT

Image: 

മംഗലാപുരം: കര്‍ണാടകയിലെ ഹാസനില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് നാട്ടക്കല്‍ സ്വദേശി സജികുമാര്‍ (എല്‍ദോസ് മാത്യു), ഭാര്യ ജെസ്സി(40), ആംബുലന്‍സ് െ്രെഡവര്‍മാരായ മൈസൂര്‍ കെ.ആര്‍ നഗറിലെ സുമന്‍, രവി, സകലേഷ്പൂരിലെ ശേഖര്‍ എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് രോഗിയായ ജെസ്സിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് ഹാസന്‍ ചെന്നരായപട്ടണ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്. യാത്രാമധ്യേ സകലേഷ്പൂരിലേക്ക് പോകാനായി ആംബുലന്‍സില്‍ കയറിയ ശേഖര്‍ എന്ന യുവാവും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ ഹാസന്‍, ചെന്നരായപട്ടണ സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. എസ്.പി. അമിത് സിങ്ങ്  സ്ഥലം സന്ദര്‍ശിച്ചു.

 

താലൂക്ക് വേണോ, വേണ്ടയോ? തര്‍ക്കങ്ങളും വിവാദങ്ങളും ചൂടുപിടിക്കുന്നു

Posted: 25 Mar 2013 11:43 PM PDT

പത്തനംതിട്ട: താലൂക്കിന്‍െറ പേരില്‍ തര്‍ക്കങ്ങളും അനിഷ്ടങ്ങളും പുറത്തുവന്നതോടെ  വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോന്നി താലൂക്ക് അനുവദിച്ചതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
 നിര്‍ദിഷ്ട കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഏതാനും വില്ലേജുകാരും കോഴഞ്ചേരി കേന്ദ്രമാക്കി  താലൂക്ക് വേണമെന്ന് ആവശ്യപ്പെട്ട് അവിടുത്തുകാരും രംഗത്തുവന്നതോടെയാണ് താലൂക്കിന്‍െറ പേരിലുള്ള വിവാദങ്ങള്‍ കൊഴുത്തുതുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതിയും  പത്തനംതിട്ട താലൂക്ക് പുന$സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. സമരങ്ങള്‍ക്കുള്ള തയാറെടുപ്പും നടക്കുന്നതായാണ് സൂചന.
ജില്ലാ രൂപവത്കരണം മുതലേ ഉയരുന്നതാണ് കോന്നി താലൂക്ക് വേണമെന്ന ആവശ്യം. താലൂക്ക് യാഥാര്‍ഥ്യമായപ്പോള്‍ ഇതേ ചൊല്ലി ബഹളങ്ങളും വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു.
കോഴഞ്ചേരി,അടൂര്‍,റാന്നി താലൂക്കുകളില്‍ 12 വില്ലേജുകള്‍ ഉള്‍പ്പെടുത്തി കോന്നി താലൂക്ക് രൂപവത്കരിക്കാനാണ് ശ്രമം. നിര്‍ദിഷ്ട കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്  ഏനാദിമംഗലം വില്ലേജുകാരാണ് ആദ്യം രംഗത്തുവന്നത്.  മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകാരും ഇതേ ആവശ്യവുമായി എത്തി. ഇപ്പോള്‍ അടൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഏനാദിമംഗലത്തുകാര്‍ക്ക് കോന്നി താലൂക്ക് ആസ്ഥാനത്ത് എത്താന്‍  30 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ടിവരും. നിലവിലുള്ള അടൂര്‍ താലൂക്ക് കേന്ദ്രത്തില്‍ എത്താന്‍ ഇവിടുത്തുകാര്‍ക്ക് 10 കിലോമീറ്റര്‍  സഞ്ചരിച്ചാല്‍ മതി.
മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് നിവാസികളും കോഴഞ്ചേരി താലൂക്കില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ താലൂക്കോഫിസ് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ടയില്‍ വേഗത്തില്‍ എത്താന്‍ കഴിയുമെന്നാണ് അവരും പറയുന്നത്.
അതേസമയം, കോഴഞ്ചേരി താലൂക്കിന്‍െറ ആസ്ഥാനം പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരിക്ക് കൊണ്ടുപോകാനുള്ള സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകളിലുള്ളവര്‍ കോഴഞ്ചേരിയില്‍ എത്താ ന്‍ വലയും.
കോഴഞ്ചേരിയുടെ പേരില്‍ താലൂക്ക് ഉണ്ടെങ്കിലും ആസ്ഥാനം പത്തനംതിട്ടയിലാണ്. ഇത് കോഴഞ്ചേരിക്ക് മാറ്റണമെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി അവിടുത്തുകാര്‍ ആവശ്യപ്പെടുന്നു.
ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിയമിച്ച മിനി മാത്യു കമീഷന്‍ കോഴഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കോഴഞ്ചേരിയുടെ പേരില്‍ താലൂക്ക് വന്നപ്പോള്‍ ആസ്ഥാനം പത്തനംതിട്ടയായി. ഇതിന് കോഴഞ്ചേരിക്കാര്‍ പല സമരങ്ങളും നടത്തിയെങ്കിലും താലൂക്ക് ആസ്ഥാനം ലഭിച്ചില്ല.  കോഴഞ്ചേരിയില്‍ താലൂക്ക് ആസ്ഥാനം വരികയോ  കോഴഞ്ചേരിക്ക് സമീപത്തെ വില്ലേജുകള്‍ ഉള്‍പ്പെടുത്തി കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കുകയോ വേണമെന്നാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ ആവശ്യം.
ഇതിനായി  വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. ആവശ്യവുമായി തിങ്കളാഴ്ച മാര്‍ത്തോമ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍െറ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെക്കണ്ട് നിവേദനവും നല്‍കി. സമര പരിപാടികള്‍ ശക്തമാക്കാനാണ് സര്‍വക്ഷി തീരുമാനം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതി രംഗത്തുവന്നത്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന താലൂക്കിന് പത്തനംതിട്ട  താലൂക്ക് എന്ന് പേര് നല്‍കണമെന്നാണ് അവരുടെ ആവശ്യം.
1919ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അനുവദിച്ച താലൂക്ക് പദവി കാലാന്തരത്തില്‍ നഷ്ടപ്പെടുകയായിരുന്നു. ജില്ലാ ആസ്ഥാനത്തുനിന്ന് പല ഓഫിസുകളും നഷ്ടപ്പെട്ട സാഹചര്യത്തില്‍ താലൂക്ക് ആസ്ഥാനം കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പൗരസമിതി അഭിപ്രായം.

കോട്ടയത്തെ സമ്പൂര്‍ണ പാര്‍പ്പിട ജില്ലയാക്കും

Posted: 25 Mar 2013 11:41 PM PDT

 കോട്ടയം: കോട്ടയത്തെ സമ്പൂര്‍ണ പാര്‍പ്പിട ജില്ലയാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്.
1,53,43,14,000 രൂപ വരവും 1,52,80,84,000 രൂപ ചെലവും 62,30,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്് വൈസ് പ്രസിഡന്‍റ് കെ.എ. അപ്പച്ചന്‍ അവതരിപ്പിച്ചത്.
2013-14 സാമ്പത്തികവര്‍ഷം പാര്‍പ്പിട പദ്ധതികള്‍ക്ക് പുറമെ റോഡുവികസനം, വികലാംഗരുടെയും വൃദ്ധരുടെയും ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സമ്പൂര്‍ണ പാര്‍പ്പിട ജില്ല എന്ന ലക്ഷ്യത്തിന് ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുടെ സഹകരണം തേടും.  ഐ.എ.വൈ ഭവനനിര്‍മാണ പദ്ധതിയില്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക.  7,32,00,000 രൂപയാണ് ഇതിന് വകയിരുത്തിയത്.
പട്ടികജാതി/വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 22 കോടി 52 ലക്ഷം രൂപയാണ് വകയിരുത്തിയത്.
 ‘വികലാംഗര്‍ക്ക് മുച്ചക്രവാഹനം’ പദ്ധതി ഈ വര്‍ഷവും തുടരും. ഇതിന് 1,80,00,000 രൂപ നീക്കിവെച്ചു.
ഈ മേഖലയിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള മൂലധനച്ചെലവുകള്‍ക്ക് 1,00,60,000 രൂപയും വകയിരുത്തി.
ജില്ലാ പഞ്ചായത്തിന് ലഭിച്ച റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിനും മറ്റുമായി 13.73 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് 3.53 കോടിയും വകയിരുത്തി.
മീനച്ചിലാറിന്‍െറ സംരക്ഷണത്തിന് മൂന്നരക്കോടി വകയിരുത്തി.
നദിയുടെ ഇരുകരയിലുമുള്ള തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മീനച്ചിലാര്‍ സംരക്ഷണ പദ്ധതി നടപ്പാക്കുക. നബാര്‍ഡ് സഹായത്തോടെ നിര്‍മിക്കുന്ന പാമ്പാടി മാര്‍ക്കറ്റ് കോംപ്ളക്സിന് രണ്ടുകോടിയും ഗോഡൗണുകള്‍ ആരംഭിക്കാന്‍ ഒന്നരക്കോടിയും വകയിരുത്തി.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലക്ക് 65 കോടി ലഭിക്കുമെന്ന പ്രതീക്ഷയോടെ അത്രയും തുകക്കുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി.
ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍7 0 ലക്ഷം, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ 10 ലക്ഷം, തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആറു ലക്ഷം രൂപ, നെല്‍കൃഷി വികസനത്തിന് മൂന്നുലക്ഷം, ക്ഷീരവ്യവസായത്തിന് 26 ലക്ഷം, പട്ടികജാതി/വര്‍ഗ കോളനികളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ 1.50 കോടി, ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഹരിവരാസനം പദ്ധതി തുടരുന്നതിന് 50 ലക്ഷം രൂപ, വിദ്യാശ്രീ പദ്ധതിക്ക് ആറു ലക്ഷം രൂപ, സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കും പുതിയവ നിര്‍മിക്കുന്നതിനുമായി 160 ലക്ഷം, പൊതുജനാരോഗ്യരംഗത്തിന് 125 ലക്ഷം രൂപ എന്നിവയാണ് മറ്റ് പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ടി.കെ. സുരേഷ് കുമാര്‍, ബിജു തോമസ്, സജി മഞ്ഞക്കടമ്പില്‍, നിര്‍മല ജിമ്മി എന്നിവര്‍ സംസാരിച്ചു.
 

ജ്വല്ലറി കവര്‍ച്ച: അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

Posted: 25 Mar 2013 11:37 PM PDT

അരൂര്‍: ജ്വല്ലറി കവര്‍ച്ചാ കേസില്‍ അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദേശീയപാതയില്‍ എസ്.ബി.ടി അരൂര്‍ ബ്രാഞ്ചിന് എതിര്‍വശമുള്ള ഹസ്ന ജ്വല്ലറിയില്‍ നിന്നും വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ച സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജ്വല്ലറിക്ക് സമീപമുള്ള വര്‍ക്ഷോപ്പിലെ ജീവനക്കാരനെ കത്തിമുനയില്‍ നിര്‍ത്തികട്ടിലില്‍ കെട്ടിയിട്ട് മോഷണം നടത്തിയ രീതിയും ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളുമായി മോഷണത്തിന് എത്തിയതുമാണ് പൊലീസിനെ ഗൗരവത്തിലുള്ള അന്വേഷണത്തിലേക്ക് തിരിച്ചുവിടുന്നത്.
വര്‍ക്ഷോപ്പ് ജീവനക്കാരന്‍ പാലക്കാട് സ്വദേശി ബിജിനെയാണ് കെട്ടിയിട്ടത്. മോഷ്ടാക്കള്‍ പരസ്പരം സംസാരിച്ചത് ഹിന്ദിയിലാണെന്ന് ബിജിന്‍ പറയുന്നു. ഇതാണ് അന്യസംസ്ഥാനക്കാരിലേക്ക് അന്വേഷണം തിരിച്ചുവിടാന്‍ കാരണം.
ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതരായി എത്തിയവരെക്കുറിച്ചും അന്വേഷിക്കുന്നു. പ്രഫഷനല്‍ മോഷണസംഘത്തിന്‍െറ രീതികള്‍ മോഷണശ്രമത്തിന് ഉപയോഗിച്ച് ഉന്നത പൊലീസ് അധികാരികളെയും ജാഗരൂകരാക്കിയിട്ടുണ്ട്.
 

ജില്ലാ പഞ്ചായത്ത് ബജറ്റ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍

Posted: 25 Mar 2013 11:34 PM PDT

കാക്കനാട്: ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ‘വിജയത്തിന്‍െറ താക്കോല്‍’ എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 430.06 കോടി  വരവും 427.38 കോടി ചെലവും 2.68 കോടി നീക്കിയിരിപ്പുമാണ് വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ് അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിക്കുന്നത്. കൃഷിക്കും വിദ്യാഭ്യാസത്തിനുമാണ് കൂടുതല്‍ തുക നീക്കിവെച്ചത്.  
കൂടുതല്‍ തുക വിദ്യാഭ്യാസത്തിനാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 88.45 കോടിയാണ്  ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളില്‍ വിവിധ പദ്ധതികള്‍ക്ക് ചെലവഴിക്കുക. ഇതില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനും  ലാബുകളുടെ പ്രവര്‍ത്തനം നവീകരിക്കാനും ലക്ഷ്യമിട്ടുള്ള സ്കൂള്‍ ഇന്‍ഫ്രപദ്ധതിക്ക് 10കോടി ചെലവഴിക്കും. ജില്ലയില്‍ 50 സ്കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
പഠനത്തില്‍ പിന്നാക്കമുള്ള  സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനവും ലഘുഭക്ഷണവും നല്‍കുന്ന വിജയദീപം പദ്ധതിക്ക് 75 ലക്ഷം ചെലവഴിക്കും. ഉച്ചഭക്ഷണ പദ്ധതിയായ സുഭിക്ഷക്ക് 10 ലക്ഷവും പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് 45 ലക്ഷവും  വകയിരുത്തിയിട്ടുണ്ട്.  52 സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ സെര്‍വര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ വിത്ത് സെക്യൂരിറ്റി ആന്‍ഡ് മോണിട്ടറിങ് സിസ്റ്റം നടപ്പാക്കാന്‍ രണ്ടുകോടി ചെലവഴിക്കും. സ്കൂളുകളില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഒരുകോടിയും സ്കൂള്‍ അറ്റകുറ്റപ്പണിക്ക് ഒരുകോടിയും ടെക്നിക്കല്‍ സ്ഥാപനങ്ങളുടെ നവീകരണത്തിന് 90 ലക്ഷവും സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ളബുകള്‍ വിപുലമാക്കാന്‍ 10 ലക്ഷവും ലൈംഗിക വിദ്യാഭ്യാസത്തിന് 10 ലക്ഷവും നാലാംതരം തുല്യതാ പരിപാടിക്ക് 10 ലക്ഷവും ശുചിത്വസന്ദേശം പരിപാടിക്ക് അഞ്ചുലക്ഷവും ചെലവഴിക്കും.
കാര്‍ഷിക മേഖലയില്‍ ആറ് കോടിയുടെ പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്‍െറ രണ്ടുകോടിക്കൊപ്പം കേന്ദ്രവിഹിതമായ 2.15 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ രണ്ടുകോടിയുമാണ് കാര്‍ഷിക മേഖലക്കായി വിനിയോഗിക്കുക.  കൊയ്ത്തുമെതിയന്ത്രം, ട്രാക്ടര്‍,ട്രില്ലര്‍, തെങ്ങുകയറ്റയന്ത്രം, ഞാറ് നടീല്‍ യന്ത്രം എന്നിവ വാങ്ങാന്‍ ഒരു കോടിയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. ഈ യന്ത്ര സാമഗ്രികള്‍ കര്‍ഷക സമിതികള്‍ക്ക് നല്‍കാനാണ് പദ്ധതി.  
ലിഫ്റ്റ് ഇറിഗേഷന് ഒരുകോടിയും ബയോ ഗ്യാസ് പ്ളാന്‍റുകള്‍ക്ക് 30 ലക്ഷവും പാടശേഖരങ്ങള്‍ നികത്തുന്നത് നിരീക്ഷിക്കാനുള്ള  ജാഗ്രതാസമിതികള്‍ രൂപവത്കരിക്കാന്‍ ഒരുലക്ഷവും നേര്യമംഗലം,വൈറ്റില,ഒക്കല്‍,ആലുവ കൃഷി ഫാമുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയും ചെലവഴിക്കും.
ക്ഷീര,മത്സ്യകൃഷികളുടെ ഉന്നമന ത്തിനും ബജറ്റില്‍ പദ്ധതിയുണ്ട്.  കോതമംഗലം ഭൂതത്താന്‍കെട്ടില്‍ 6.60 കോടി ചെലവഴിച്ച്  മത്സ്യ വിത്തുല്‍പ്പാദനകേന്ദ്രം ആരംഭിക്കും. കാലിത്തീറ്റ സബ്സിഡിക്ക് 50 ലക്ഷവും ശുദ്ധ ഓരുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കാന്‍ 10 ലക്ഷവും ഫാമുകളുടെ പ്രവര്‍ത്തന വൈവിധ്യവത്കരണത്തിന് ഒരുകോടിയും ക്ഷീര സംഘങ്ങളെ ശക്തിപ്പെടുത്താന്‍  ആറുകോടിയും  ചെലവഴിക്കും. സമഗ്ര നെല്‍കൃഷി വികസന പദ്ധതിക്ക് 25 ലക്ഷവും സമഗ്ര പച്ചക്കറി വ്യാപന പദ്ധതിക്ക് 25 ലക്ഷവും ഗ്രാമീണ ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന് 10ലക്ഷവും ലോട്ടസ് ആന്‍ഡ് വാട്ടര്‍ ലില്ലി പദ്ധതിക്ക് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
ആലുവ ആശുപത്രിയില്‍ ഒരുകോടി  ചെലവഴിച്ച്  കെ. കരുണാകരന്‍ സ്മാരക ഒ.പി ബ്ളോക് നിര്‍മിക്കും.  ഹീമോഫീലിയ സെല്‍ സ്ഥാപിക്കാന്‍ ഒരുകോടിയും ആധുനിക മോര്‍ച്ചറി നിര്‍മിക്കാന്‍ 80 ലക്ഷവും സാനിട്ടേഷന്‍ സൗകര്യമൊരുക്കാന്‍ 50 ലക്ഷവും ഡയാലിസിസ് യൂനിറ്റിന് 25 ലക്ഷവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജീവിത ശൈലീരോഗ നിര്‍ണയത്തിന് അഞ്ചുലക്ഷവും ചെലവഴിക്കും. 50 ലക്ഷം രൂപ ചെലവഴിച്ച് കാക്കനാട് ജില്ലാ ഹോമിയോ ആശുപത്രി സ്ഥാപിക്കും.
റോഡ് അറ്റകുറ്റപ്പണിക്ക് 29.52 കോടി നീക്കിവെച്ചിട്ടുണ്ട്. പിറവത്ത് ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കാന്‍ 60 ലക്ഷവും  വകയിരുത്തിയിട്ടുണ്ട്. അഞ്ച് കോടിയുടെ വനിത ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കും. ദാരിദ്ര്യ രേഖക്ക് താഴെയുളള എസ്.സി വനിതകള്‍ക്ക് 1.80 കോടി ചെലവഴിച്ച് 180 കിയോസ്കുകള്‍ നല്‍കും. വനിതാ  വ്യവസായ വിപണന കേന്ദ്രങ്ങള്‍ക്ക് ഒരുകോടി, വികലാംഗ സ്ത്രീകള്‍ക്ക് മുച്ചക്രവാഹനം നല്‍കാന്‍ 50 ലക്ഷവും ജില്ലയില്‍ സ്ത്രീ സുരക്ഷക്കായി രൂപവത്കരിക്കുന്ന നിര്‍ഭയ കേന്ദ്രത്തിന് 60 ലക്ഷവും നെടുമ്പാശേരിയില്‍ മാതൃകാ വനിത  കംഫര്‍ട്ട് സ്റ്റേഷന് 25 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

ബജറ്റ്: ചാവക്കാട് നഗരസഭ സമുച്ചയത്തിന് പദ്ധതി

Posted: 25 Mar 2013 11:26 PM PDT

ചാവക്കാട്: 21,50,62,661 രൂപ വരവും 18,23,14,760 രൂപ ചെലവും 3,27,47,901 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2013-14ലേക്കുള്ള ചാവക്കാട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അവതരിപ്പിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മൂന്നരക്കോടി ചെലവില്‍ നഗരസഭ ഓഫിസ് സമുച്ചയം നിര്‍മിക്കാന്‍ സംഖ്യ വകയിരുത്തി. രണ്ടുവര്‍ഷം കൊണ്ട് പണിപൂര്‍ത്തീകരിക്കും.
 റോഡ് ടാറിങ്, കാന തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ, എം.പി ഫണ്ട് ഉപയോഗപ്പെടുത്തി ഒന്നരക്കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.  ഇ.എം.എസ് ഭവനപദ്ധതിയില്‍  ലിസ്റ്റില്‍ ഉള്ളവര്‍ക്കും വീടില്ലാത്ത മറ്റുള്ളവര്‍ക്കും ഘട്ടംഘട്ടമായി വീട് നിര്‍മിക്കും.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഇതിന് 64 ലക്ഷം രൂപ ചെലവഴിക്കും. മുട്ടില്‍ മത്തിക്കായല്‍ പ്രദേശത്ത് വെള്ളത്തിന്‍െറ ലഭ്യത ഉറപ്പുവരുത്താന്‍ ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി നടപ്പാക്കും. ഇതിന് ഒമ്പതുലക്ഷം രൂപ ചെലവഴിക്കും.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കാന്‍ ബാങ്കുകളുടെ സഹായത്തോടെ ഒന്നരക്കോടിയുടെ പദ്ധതി നടപ്പാക്കും. പച്ചക്കറി ഉല്‍പാദന രംഗത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഈ വര്‍ഷം മുതല്‍ വീണ്ടും നടപ്പാക്കും. ഇതിന് 35 ലക്ഷം വകയിരുത്തി.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചാവക്കാട് ബീച്ചില്‍ പാര്‍ക്കിനോടനുബന്ധിച്ച് സ്ഥലം ഏറ്റെടുത്ത് ബീച്ച് സൗന്ദര്യവത്കരണം നടപ്പാക്കും. 1.90 കോടിയുടെ ചാവക്കാട് നഗരസഭാ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കും. 25 വര്‍ഷത്തേക്കാണ്  പദ്ധതി.
മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിന്‍െറ ഭാഗമായി ബയോഗ്യാസ് പ്ളാന്‍റ്, പോട്ട് കമ്പോസ്റ്റ് സംവിധാനങ്ങള്‍ എല്ലാ വീടുകളിലും നടപ്പാക്കും.
ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ വികസനത്തിന് 15 ലക്ഷം വകയിരുത്തി. വനിതാ വര്‍ക്ഷെഡ്, വനിതാ വിശ്രമകേന്ദ്രം, വിപണന കേന്ദ്രം, വനിതാ കാന്‍റീന്‍, ടെയ്ലറിങ് യൂനിറ്റ് എന്നിവയും വിഭാവനം ചെയ്യുന്നു.
ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.
 

Monday, March 25, 2013

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക് Madhyamam News Feeds

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക് Madhyamam News Feeds

Link to

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Posted: 25 Mar 2013 01:11 AM PDT

Image: 

തൊടുപുഴ: ഇടുക്കി അടിമാലിക്ക് സമീപം തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

തിരുവനന്തപുരത്തുനിന്നും വിനോദസഞ്ചാരത്തിനെത്തിയ വെള്ളനാട് സാരാഭായ് എന്‍ജിനീയറിങ് കേളജ് വിദ്യാര്‍ഥികളുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 41 വിദ്യാര്‍ഥികളടക്കം 45 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടേക്കനാലില്‍ നിന്ന് സന്ദര്‍ശനം കഴിഞ്ഞ് മൂന്നാറിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച 12.30ഓടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

യു.പി.എക്ക് പുറത്തു നിന്നുള്ള പിന്തുണയും പിന്‍വലിക്കാന്‍ ഡി.എം.കെ തീരുമാനം

Posted: 25 Mar 2013 12:30 AM PDT

Image: 

ചെന്നൈ: യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഒരാഴ്ച പിന്നിട്ടിരിക്കെ ഡി.എം.കെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. യു.പി.എക്ക് പുറത്തു നിന്ന് നല്‍കുന്ന പിന്തുണയും പിന്‍വലിക്കാന്‍ തിങ്കളാഴ്ച രാവിലെ ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡി.എം.കെയുടെ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.

യോഗത്തിനു ശേഷം ഡി.എം.കെ നേതാവ് തിരുച്ചി ശിവയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പിന്തുണ പിന്‍വലിച്ചതില്‍ ഒരു മാറ്റവുമില്ലെന്നും പുറത്തു നിന്നുള്ള പിന്തുണയും പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ തമിഴര്‍ക്കു വേണ്ടി എങ്ങിനെയെല്ലാം പോരാടാം എന്നാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.പി.എ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ എം.കെ അഴഗിരി പങ്കെടുത്തില്ല. ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് അഴഗിരി പിന്നീട് വ്യക്തമാക്കി.

യു.പി.എ വിട്ടതില്‍ നേരത്തെ തന്നെ അഴഗിരിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. പിന്തുണ പിന്‍വലിച്ച കരുണാനിധിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നുള്ള രാജി അഴഗിരി വൈകിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള തന്‍െറ സൗഹൃദം ഇല്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കഴിഞ്ഞദിവസം ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, ജി.കെ. വാസന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു.

ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ

Posted: 25 Mar 2013 12:27 AM PDT

 

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ചൊവ്വാഴ്ച. പദ്ധതി വിനിയോഗത്തിലൂടെ പത്തനംതിട്ടയെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയ ബാബു ജോര്‍ജ് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനം.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ 84 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചെന്ന റെക്കോഡ് നേട്ടത്തിലെത്തിക്കാന്‍ ബാബു ജോര്‍ജിന് കഴിഞ്ഞിരുന്നു. യു.ഡി.എഫ് ധാരണപ്രകാരം രണ്ട് വര്‍ഷത്തിനുശേഷം പ്രസിഡന്‍റ് സ്ഥാനം സജി ചാക്കോക്ക് കൈമാറുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച മിക്ക പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെങ്കിലും ഭരണമാറ്റത്തോടെ പലതും ഇഴഞ്ഞുനീങ്ങുകയാണ്. 
സംസ്ഥാനത്തിന് മാതൃകയായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊണ്ടുവന്ന പദ്ധതിയായിരുന്നു സീറോ വേസ്റ്റ്. ആദ്യ ഘട്ടത്തില്‍ പദ്ധതി വിജയമായിരുന്നെങ്കിലും ഇപ്പോള്‍ ഇഴച്ചിലിലാണ്. 54 ഗ്രാമപഞ്ചായത്തിലും മൂന്ന് നഗരസഭയിലുമായി കൊണ്ടുവന്ന മാലിന്യസംസ്കരണ പദ്ധതികള്‍ മാര്‍ച്ച് 31 ന് മുമ്പ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അനര്‍ട്ടിന്‍െറയും വൈദ്യുതി ബോര്‍ഡിന്‍െറയും സഹകരണത്തോടെയുള്ള ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 
അനര്‍ട്ടിന്‍െറയും വൈദ്യുതി ബോര്‍ഡിന്‍െറയും നിസ്സഹകരണം പദ്ധതിയെ പിറകോട്ടടിച്ചെന്ന് ബാബു ജോര്‍ജ് പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തില്‍ ജില്ലാ പഞ്ചായത്ത് അതിവേഗം മുന്നിലെത്തി. ജനകീയാസൂത്രണ പദ്ധതികളുടെ വിഹിതം നഷ്ടപ്പെടുത്താതെ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. 
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയെ അക്രഡിറ്റേഷന്‍ ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി. ഡയാലിസിസ് യൂനിറ്റ്, മാതൃശിശു വാര്‍ഡ്, അള്‍ട്രാസൗണ്ട് സ്കാനിങ്, ആര്‍ട്ടിഫിഷല്‍ ലിമ്പ് സെന്‍റര്‍, പാലിയേറ്റിവ് കെയര്‍ യൂനിറ്റ്  ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കി. ജില്ലയില്‍ എല്ലാ പഞ്ചായത്തിലും ഇ-ടോയ്ലറ്റ് സ്ഥാപിച്ചതും നേട്ടമാണ്.  പ്രധാന തീര്‍ഥാടന സ്ഥലങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലും മൊബൈല്‍ സാനിട്ടറി വാഗണുകള്‍ സ്ഥാപിച്ച് ശുചിത്വ പരിപാലനത്തിന് മുന്‍ഗണന നല്‍കി. കാര്‍ഷിക മേഖലക്ക് ഉണര്‍വുണ്ടാക്കിയ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. 
സമഗ്ര നെല്ല്,തെങ്ങ് കൃഷി വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഫിഷ് ഫെസ്റ്റ് നേട്ടമായി. പദ്ധതി വിനിയോഗത്തിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ജില്ലാപഞ്ചായത്തെന്ന ബഹുമതി നേടിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ അംഗീകാരത്തിന് തെരഞ്ഞെടുത്തതും ഭരണനേട്ടമായി ഉയര്‍ത്തി കാട്ടുന്നു. 
അതേസമയം, ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ സാംസ്കാരിക ഡയറക്ടറിയുടെ രണ്ടാം ഭാഗം പുറത്തിറക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വാല്യങ്ങളായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് പുറത്തിറങ്ങിയത്. വ്യാപകമായ തെറ്റുകള്‍ വന്നതിനാല്‍ സാംസ്കാരിക ഡയറക്ടറി കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു. ചില പദ്ധതികളിലെ ഫണ്ട് കാണാതായെന്നതിന്‍െറ അന്വേഷണവും എങ്ങുമെത്തിയില്ല. 
കായിക രംഗത്തെ ഉയര്‍ച്ചക്ക് കൊണ്ടുവന്ന ഉണര്‍വ് പദ്ധതിക്കായി അനുവദിച്ച തുക എവിടെപ്പോയെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. തേന്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ ഉയര്‍ന്നു വന്നതിനാല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇടക്കുണ്ടായ ഭരണമാറ്റം പദ്ധതി വിനിയോഗത്തിലും പ്രതിഫലിച്ചു. 84 ശതമാനത്തിലായിരുന്ന പദ്ധതി വിനിയോഗം പകുതിയായി കുറഞ്ഞു.  വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ബജറ്റിലുള്ളതെന്നാണ് ഭരണപക്ഷം നല്‍കുന്ന സൂചന. പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്താക്കി മാറ്റുന്ന തരത്തില്‍ പദ്ധതി നടത്തിപ്പിന് വേഗം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
പി. വിജയമ്മക്ക് പകരം വൈസ് പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കെ.ജി. അനിതയാണ് ബജറ്റ് അവതരിപ്പിക്കുക. ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ബജറ്റ് അവതരണം.
 

ജില്ലയില്‍ മീനച്ചൂട് കനക്കുന്നു

Posted: 25 Mar 2013 12:17 AM PDT

 

പാലക്കാട്:  മീനമാസ സൂര്യന്‍െറ അസഹ്യമായ ചൂടില്‍ ജില്ല ചുട്ടുപൊള്ളുന്നു. ഏഴ് ദിവസമായി ജില്ലയിലെ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുണ്ടൂര്‍ ഇന്‍ഡഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ (ഐ.ആര്‍.ടി.സി) രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയും 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നഗര പ്രദേശങ്ങളിലാണ് വെന്തുരുകുന്ന ചൂട്. 
രാവിലെ 11 മുതല്‍ ഉച്ചക്ക് 3.30 വരെ പുറത്തിറങ്ങാന്‍ മടിക്കുകയാണ് ജനം. ആകാശം മൂടിക്കെട്ടി നില്‍ക്കുന്നതിനാല്‍ പുലര്‍കാലത്തുപോലും കനത്ത ചൂടുതന്നെ. 
വേനല്‍മഴ ലഭിക്കാത്തതിനാലും കഴിഞ്ഞ മഴക്കാലത്ത് മഴ കുറഞ്ഞതിനാലും തോടും പുഴകളും അടക്കമുള്ള പരമ്പരാഗത ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. പതിറ്റാണ്ടുകളായി ജലം നിറഞ്ഞു നിന്ന നിരവധി കുളങ്ങളാണ് ജില്ലയില്‍ വരണ്ടുണങ്ങിയത്.നെല്ലടക്കമുള്ള ഹൃസ്വകാലവിളകള്‍ കരിഞ്ഞുണങ്ങിയതോടെ കര്‍ഷകമനസ്സും ചുട്ടുപൊള്ളുകയാണ്. പുറം പ്രദേശങ്ങളില്‍ ഉച്ചക്കുള്ള ജോലിക്കാരുടെ പ്രവൃത്തിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സൂര്യാഘാതത്തില്‍ നിന്നുള്ള രക്ഷ എന്ന നിലക്കാണ് സമയക്രമീകരണം. കാട്ടുതീ പടരാതിരിക്കാന്‍ വനം വകുപ്പധികൃതര്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. 
കുടിവെള്ള ക്ഷാമം ഗ്രാമപ്രദേങ്ങളെ വലക്കുകയാണ്. ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ ലോറികളില്‍ കുടിവെളള വിതരണം നടത്തി വരുന്നുണ്ടെങ്കിലും ആവശ്യമായ ജലം ലഭിക്കുന്നില്ലെന്നാണ് പരാതി.

വട്ടവടയിലും കോവിലൂരിലും കുടിവെള്ളക്ഷാമം രൂക്ഷം

Posted: 25 Mar 2013 12:08 AM PDT

 

അടിമാലി: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവട, കോവിലൂര്‍ മേഖലയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. പരിസ്ഥിതിയെ തകര്‍ത്ത്  ഗ്രാന്‍റീസ് തോട്ടങ്ങള്‍ വ്യാപകമായതാണ് മേഖലയെ വരള്‍ച്ചയിലേക്ക് നീക്കിയത്. ഗ്രാന്‍റിസ് കൃഷിയുടെ വ്യാപനം ഭൂഗര്‍ഭ ജലദൗര്‍ലഭ്യത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമായി തീര്‍ന്നതോടെ ഈ വേനലില്‍ മേഖലയിലെ 90 ശതമാനം പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
ചെറുതും വലുതുമായ നൂറുകണക്കിന് ജലസ്രോതസ്സുകള്‍ ഉണ്ടായിരുന്ന മേഖലയാണ് വരണ്ടുണങ്ങിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു ഗ്രാന്‍റീസ് മരം 18 ലിറ്റര്‍ വരെ വെള്ളം വലിച്ചെടുക്കുന്നതായാണ് കണക്ക്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് മരങ്ങളാണ് ഈ മേഖലയില്‍ ഉള്ളത്. ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതിനാല്‍ മേഖലയിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. ഒരു തുള്ളി ജലത്തിനായി നാട്ടുകാര്‍ എട്ടും പത്തും കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ഇപ്പോള്‍ കുടിവെള്ളം വീടുകളിലെത്തിക്കാന്‍. വനത്തിന്‍െറ നടുഭാഗത്തുള്ള അരുവിയില്‍നിന്ന് വലിയ ഹോസില്‍നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് കാന്തല്ലൂര്‍ ടൗണ്‍ അടക്കമുള്ള മേഖലയിലെ ഏകാശ്രയം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പകുതി പേര്‍ക്കുപോലും ഈ വെള്ളം തികയുന്നുമില്ല. ഇതുകാരണം  വെള്ളം ശേഖരിക്കാനെത്തുന്നവര്‍ തമ്മില്‍ സംഘട്ടനം പതിവായി.  നേരത്തേ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതിലും വിവിധ ജീവജാലങ്ങളുടെ വളര്‍ച്ചക്കും മികച്ച സംഭാവന നല്‍കിയ പ്രദേശമാണ് ഇത്. 12 മാസവും ജലലഭ്യത ഉണ്ടായതിനാല്‍ സമൃദ്ധമായി പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പച്ചക്കറി ഇല്ലെന്നുതന്നെ പറയാം. കടുത്ത വേനലിനോടൊപ്പം ഗ്രാന്‍റിസ് കൃഷിയും പ്രദേശത്തെ വരള്‍ച്ചയിലേക്ക് നയിച്ചു. നാലുവശവുമുള്ള മലകളില്‍ നിന്നെത്തിയിരുന്ന നീര്‍ച്ചാലുകളാണ് കൃഷിയെ പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും കടുത്ത വേനലായി മാറിയത് ഇവിടത്തുകാരെ വറുതിയിലാക്കി.കോടമഞ്ഞും നൂല്‍മഴയും കനത്ത തണുപ്പും ലഭിച്ചിരുന്ന മൂന്നാറിന്‍െറ തനത് കാലാവസ്ഥയും മാറിയതോടെ വിനോദ സഞ്ചാരികള്‍ക്കും തിരിച്ചടിയായി. മൂന്നാറിലെ ചതുപ്പ് നിലങ്ങളില്‍ ബ്രിട്ടീഷുകാര്‍ വെച്ചുപിടിപ്പിച്ച ഗ്രാന്‍റീസ് പിന്നീട് വിറകാവശ്യത്തിന് വേണ്ടിയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നു.വ്യാവസായിക അടിസ്ഥാനത്തില്‍ ഹെക്ടര്‍ കണക്കിന് ഗ്രാന്‍റിസ് ചെടികള്‍ നട്ടുപിടിപ്പിച്ചത് മേഖലയിലെ കാലാവസ്ഥയെപോലും തകര്‍ത്തിരിക്കുകയാണ്. 
നിരവധി ഘട്ടങ്ങളില്‍ മേഖലയിലെ ഗ്രാന്‍റീസ് തോട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണെങ്കിലും വന്‍കിട വ്യവസായികള്‍ ഇവിടെ എത്തപ്പെട്ടതോടെ ഇതിന്‍െറ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ല. എച്ച്.എം.എല്ലിനും വനം വകുപ്പിനും ഇവിടെ ഹെക്ടര്‍ കണക്കിന് ഗ്രാന്‍റീസ് തോട്ടങ്ങളുണ്ട്.

റോഡ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയെത്തി, കാല്‍നടയായി

Posted: 24 Mar 2013 11:48 PM PDT

 

കോട്ടയം: നാട്ടുകാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തെ റോഡ്നിര്‍മാണപുരോഗതി വിലയിരുത്താന്‍ ജനനായകന്‍ കാല്‍നടയായി മുന്നിലെത്തിയതോടെ ജനം ഇളകിമറിഞ്ഞു. ആവേശത്തിമിര്‍പ്പിലേക്ക് വഴിമാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  നടത്തം ഒന്നരകിലോമീറ്റര്‍ നീണ്ടതോടെ പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും നാട്ടുകാരും ഒപ്പംചേര്‍ന്നു. പുതുപ്പള്ളി സെന്‍റ്ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകഴിഞ്ഞ് പുറത്തിറങ്ങിയ മുഖ്യമന്ത്രിക്കൊപ്പം കുരുത്തോലയുമായി വിശ്വാസികള്‍ അനുഗമിച്ചതോടെ കനത്തവെയില്‍പോലും അവഗണിച്ചായിരുന്നു യാത്ര. 
പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ്-അങ്ങാടി-പാലൂര്‍ക്കടവ് റോഡിന്‍െറ നിര്‍മാണപുരോഗതി വിലയിരുത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച 12ന് ഔദ്യാഗികവാഹനം ഉപേക്ഷിച്ച് കാല്‍നടയാത്ര ആരംഭിച്ചത്. കുണ്ടുംകുഴിയും നിറഞ്ഞ മണ്‍പാതയിലൂടെ മുന്നേറിയ മുഖ്യമന്ത്രിയെ പടക്കംപൊട്ടിച്ചാണ് നാട്ടുകാര്‍ എതിരേറ്റത്. വീടുകളുടെ മതിലുകള്‍ പൊളിച്ചുമാറ്റാന്‍ വിമുഖത കാണിച്ച ചിലരെ നേരില്‍ക്കണ്ട് പരാതികേട്ട അദ്ദേഹം പരിഹാരം നിര്‍ദേശിക്കാനും മറന്നില്ല. അതിനിടെ, വഴിയില്‍ കാത്തുനിന്നവരെ പേരെടുത്ത് വിളിച്ച് കുശലാന്വേഷണം. തണലേകാന്‍ കുട വേണോയെന്ന് ചോദിച്ചവരോട് ചിരിച്ചും തമാശ പറഞ്ഞുമായിരുന്നു യാത്ര. മുഖ്യമന്ത്രിയെത്തിയപ്പോള്‍ പഞ്ചായത്ത് പിന്നിലായെന്ന പഞ്ചായത്ത് പ്രസിഡന്‍റ് ജെസിമോളുടെ കമന്‍റ് ചിരിപടര്‍ത്തി. നാരങ്ങാവെള്ളം നല്‍കിയും മറ്റുമായിരുന്നു ചിലര്‍ വരവേറ്റത്. അപ്രതീക്ഷിതമായി നടന്നെത്തിയ മുഖ്യമന്ത്രിയെ കണ്ടതോടെ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ ഓടിയെത്തി പൂക്കളും മറ്റും സമ്മാനിച്ചു. റോഡ് അവസാനിക്കുന്ന പാടശേഖരത്തിലെ താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈന്‍ ഉയര്‍ത്താന്‍ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ഏക പരാതി. 
മൂലമറ്റം പവര്‍ഹൗസില്‍നിന്ന് പള്ളത്തേക്ക് പോകുന്ന വൈദ്യുതിലൈന്‍ ഉയര്‍ത്താന്‍ 34 ലക്ഷം എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ജനം ആവേശത്തിലായി. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി മോള്‍ മനോജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.
പുതുപ്പള്ളി പള്ളിക്ക് സമീപം കൊട്ടാരക്കടവില്‍ ആരംഭിച്ച് കോട്ടയം മണ്ഡലത്തിന്‍െറ കിഴക്കുഭാഗത്തെ മാങ്ങാനം പാലൂര്‍പടിയുമായി ബന്ധിപ്പിക്കുന്ന മൂന്നരകിലോമീറ്റര്‍ റോഡിന് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് നബാര്‍ഡില്‍ നിന്ന് 5.5 കോടിയാണ് അനുവദിച്ചത്. റോഡ് പൂര്‍ത്തിയാവുന്നതോടെ കറുകച്ചാല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പുതുപ്പള്ളി ടൗണില്‍ കയറാതെ കോട്ടയത്ത് എത്താന്‍ കഴിയും. പ്രദേശവാസികള്‍ക്ക് പുതുപ്പള്ളി പള്ളിയിലേക്ക് എത്താന്‍കഴിയുന്ന മിനിബൈപാസ് കൂടിയാണിത്. 2013 ജനുവരി ഏഴിനാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണിട്ട് ഉയര്‍ത്തിയ പാതയില്‍ എട്ട് കലുങ്കുകളാണ് പൂര്‍ത്തിയായത്. ബാക്കി എട്ട് കലുങ്കുകളുടെ നിര്‍മാണവും ടാറിങും പൂര്‍ത്തിയാക്കി നവംബറില്‍ നാടിന് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

സമീപവാസിയെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം

Posted: 24 Mar 2013 11:39 PM PDT

 

അരൂര്‍: സമീപത്തെ കെട്ടിടത്തിലെ താമസക്കാരനെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം. 30,000 രൂപയുടെ വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. 
അരൂരില്‍ ദേശീയപാതയോരത്ത് എസ്്.ബി.ടി ശാഖക്ക് എതിര്‍വശമുള്ള ഹസ്ന ജ്വല്ലറിയിലാണ് കഴിഞ്ഞരാത്രി മോഷണം നടന്നത്. 
ജ്വല്ലറിയുടെ പിന്നിലുള്ള വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന്‍ പാലക്കാട് വടക്കംചേരി മുണ്ടാട്ട് ചുണ്ടയില്‍ ബിജിന്‍ (23) വര്‍ക്ക്ഷോപ്പിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ മേല്‍ക്കൂര വഴി അകത്തുകടന്ന അഞ്ചംഗ കവര്‍ച്ചാസംഘം ബിജിനെ കട്ടിലില്‍ കെട്ടിയിട്ടശേഷം വായും കണ്ണും മൂടിക്കെട്ടി കവര്‍ച്ചാസംഘത്തില്‍ ഒരാള്‍ മൂര്‍ച്ചയുള്ള ആയുധം ബിജിന്‍െറ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചു. ഈസമയത്ത് ബാക്കിയുള്ളവര്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്ത് കയറി. രണ്ടടി വ്യാസത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഒറ്റ ഇഷ്ടിക കനമേ ഭിത്തിക്കുണ്ടായിരുന്നുള്ളൂ. 
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങള്‍ കവരുകയായിരുന്നു. ബിജിന്‍െറ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്‍ ആഭരണവും സംഘം കവര്‍ന്നു. മോഷ്ടാക്കള്‍ എല്ലാവരും സ്ഥലം വിട്ടെന്ന് ബോധ്യമായ ശേഷമാണ് ബിജിന്‍ സ്വയം കെട്ടഴിച്ച് റോഡിലെത്തി ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടന്‍ അരൂര്‍ പൊലീസ് സ്ഥലത്തെത്തി. 
ഈ സമയം സംഘം വാഹനത്തില്‍ കടക്കുകയായിരുന്നു. കുത്തിയതോട് സി.ഐ പി.കെ. ശിവന്‍കുട്ടി, അരൂര്‍ എസ്.ഐ ആര്‍. ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്‍െറ ചാര്‍ജ് വഹിക്കുന്ന കൊച്ചി അസി. പൊലീസ് കമീഷണര്‍ മുഹമ്മദ് റഫീഖും സ്ഥലത്തെത്തി പരിശോധന നടത്തി. 
ആലപ്പുഴയില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പൊലീസ് നായ ജ്വല്ലറിയുടെ പടിഞ്ഞാറുഭാഗത്തെ മതില്‍ക്കെട്ടുവരെ പോയി തിരികെ ജ്വല്ലറിയുടെ മുന്നില്‍ത്തന്നെയെത്തി. 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ സേഫില്‍ ഉണ്ടായിരുന്നതായി ഉടമ പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് അരൂര്‍ പള്ളിക്ക് സമീപത്തെ ജ്വല്ലറിയിലും ഒരുവര്‍ഷം മുമ്പ് തുറവൂരിലെ ജ്വല്ലറിയിലും സമാനരീതിയിലെ മോഷണശ്രമം നടന്നിരുന്നു. ഇവിടങ്ങളിലും ഭിത്തി തുരന്ന് അകത്ത് കയറിയെങ്കിലും ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞില്ല. 
 

കടല്‍ക്കൊല: കൊല്ലത്ത് വിചാരണ നടത്തണം

Posted: 24 Mar 2013 11:25 PM PDT

 

കൊല്ലം: കടല്‍ക്കൊലയില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ കൊല്ലം അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (യു.ടി.യു.സി) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. 
കേരളത്തിലുള്ള സാക്ഷികള്‍ക്ക് അടിക്കടി ദല്‍ഹിക്ക് പോകേണ്ടിവരുന്നത് അധികസാമ്പത്തികബാധ്യതയും ബുദ്ധിമുട്ടുമുള്ള കാര്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
 ഫെഡറേഷന്‍ പ്രസിഡന്‍റ് അഡ്വ. ഫിലിപ്പ് കെ. തോമസ് അധ്യക്ഷതവഹിച്ചു. യു.ടി.യു.സി ദേശീയസെക്രട്ടറി പി. പ്രകാശ്ബാബു, ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി പുല്ലുവിള ലോറന്‍സ്, ജില്ലാപ്രസിഡന്‍റ് ടി.കെ. സുല്‍ഫി, സെക്രട്ടറി സൈമണ്‍ ഗ്രിഗറി, ഇളയിടത്ത് രവി, ശാന്തകുമാര്‍, പി. രാജു, ലിണ്ടന്‍ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
 

പാവക്കുള്ളിലും വാട്ടര്‍ കൂളറിലും മയക്കുമരുന്ന്: യുവാവ് പിടിയില്‍

Posted: 24 Mar 2013 11:21 PM PDT

Image: 

അബൂദബി: വീട്ടില്‍ മയക്കുമരുന്ന് സൂക്ഷിച്ച കേസില്‍ അബൂദബി പൊലീസ് യുവാവിനെ പിടികൂടി. ടെഡി ബിയര്‍ പാവക്കുള്ളിലും വീടിന്‍െറ മേല്‍ക്കൂരയിലെ വാട്ടര്‍ കൂളറിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മൂന്ന് കിലോ ഹഷീഷ്, 4,300 അനസ്തേഷ്യ ഗുളികകള്‍, കാല്‍ കിലോ ഹെറോയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിറച്ച നിരവധി സിറിഞ്ചുകളും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.  
മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രണ്ടുമാസമായി യുവാവിനെ നിരീക്ഷിച്ച് വരികയായിരുന്നെന്ന് അബൂദബി പൊലീസിലെ ആന്‍റി നാര്‍കോട്ടിക്സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ സഅ്ബി പറഞ്ഞു. അബൂദബി പൊലീസിന്‍െറയും ദുബൈ പൊലീസിന്‍െറയും സഹകരണത്തോടെയായിരുന്നു ഇത്. പിടിക്കപ്പെടാതിരിക്കാന്‍ വളരെ കരുതലോടെയായിരുന്നു യുവാവിന്‍െറ നീക്കങ്ങള്‍. വിവിധ പ്രായക്കാരായ ഉപഭോക്താക്കള്‍ക്കാണ് ഇയാള്‍ സാധനമെത്തിച്ചിരുന്നത്. മുമ്പ് മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് യുവാവ്. ഇയാളുടെ പിതാവ് മയക്കുമരുന്ന് കേസില്‍പ്പെട്ട് 2012 ജൂണ്‍ മുതല്‍ മറ്റൊരു എമിറേറ്റില്‍ തടവില്‍ കഴിയുകയാണ്. പിതാവ് 1991 മുതല്‍ മയക്കുമരുന്ന് വില്‍പന രംഗത്ത് ഉണ്ടെന്ന് കേണല്‍ ഇബ്രാഹിം അല്‍ സഅ്ബി പറഞ്ഞു. മക്കള്‍ ഇത്തരം തെറ്റായ വഴികളിലൂടെ പോകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
 

കോടികളുടെ പദ്ധതി പാതിവഴിയില്‍ തീരദേശത്ത് കുടിവെള്ളംകിട്ടാക്കനി

Posted: 24 Mar 2013 11:18 PM PDT

 

കഴക്കൂട്ടം: കഠിനംകുളം പഞ്ചായത്തിലും തുമ്പയിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ദേശീയപാതക്കായി പാര്‍വതി പുത്തനാര്‍ ആഴത്തില്‍ കൂഴിച്ചതിനൊപ്പം കഠിനംകുളത്തെ ടൂറിസം രംഗം ലാക്കാക്കി പെരുകുന്ന ഫ്ളാറ്റുകള്‍ നിര്‍മിക്കുന്ന കുഴല്‍ കിണറുകളും പ്രദേശത്തെ ജലലഭ്യതയെ തന്നെ തകിടംമറിക്കുന്ന രീതിയിലേക്ക് എത്തിക്കപ്പെട്ടു കഴിഞ്ഞു. വര്‍ധിച്ചുവരുന്ന കുഴല്‍ കിണറുകളില്‍ ഭൂരിഭാഗവും പഞ്ചായത്ത് അധികൃതരുടെ അനുവാദമില്ലാതെയാണ് നിര്‍മിക്കുന്നത്. 
ജലക്ഷാമം രൂക്ഷമായിട്ടും ഇവക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് കോടികള്‍ ചെലവിട്ട് നിര്‍മിച്ച അയിലംകടവ് പദ്ധതി പാതി വഴിയിലാണ്. എട്ടോളം പഞ്ചായത്തുകള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തത്. കഠിനംകുളം പഞ്ചായത്തിന് സമീപം പടുകൂറ്റന്‍ ടാങ്ക് നിര്‍മിച്ച് വിവിധ പ്രദേശങ്ങളില്‍ പൈപ്പ് കുറ്റികളും സ്ഥാപിച്ചു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞെങ്കിലും ജലമെത്തിയിട്ടില്ല. വാട്ടര്‍ അതോറിറ്റി അധികൃതരും പദ്ധതിയെ കുറിച്ച് മൗനം നടിക്കുകയാണ്. 
പഞ്ചായത്ത് നല്‍കിയ സ്ഥലത്താണ് ടാങ്ക് നിര്‍മിച്ചത്. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാത്തതില്‍ സ്ഥലം തിരികെ നല്‍കാന്‍ വാട്ടര്‍ അതോറിറ്റിയോട് പഞ്ചായത്ത് ആവശ്യപ്പെടണമെന്ന് പഞ്ചായത്തംഗം ലൈജു പറഞ്ഞു. 
പാര്‍വതീ പുത്തനാറില്‍ ദേശീയ ജലപാതക്കായി മണല്‍ മാറ്റുന്നതിനായി കുഴിച്ചതും ജലലഭ്യത പ്രദേശത്ത് കുറയാന്‍ കാരണമായി. പദ്ധതിയുടെ മറപിടിച്ച് കോടികളുടെ മണല്‍ കടത്താണ് നടന്നത്. പരിധിയിലധികം മണല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോരി മാറ്റിക്കഴിഞ്ഞു. ഇതുമൂലം സമീപ പ്രദേശത്തെ കിണറുകള്‍ വറ്റിക്കഴിഞ്ഞു. പാര്‍വതി പുത്തനാറും കടലും തമ്മില്‍ ഒരു കിലോ മീറ്ററില്‍ താഴെ അകലമേയുള്ളൂ. പാര്‍വതീ പുത്തനാറില്‍ കടലില്‍ നിന്നും ഉപ്പുവെള്ളം പലപ്പോഴും കയറുന്നതായും നാട്ടുകാര്‍ പറയുന്നു. ഇത് പലപ്പോഴും കിണറുകളിലും ബാധിക്കാറുണ്ട്. കൃഷിയെയും ബാധിക്കുന്നു.
ഫ്ളാറ്റുകള്‍ക്ക് പുറമെ നഗരത്തിലേതുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മാലിന്യം ലോറികളിലെത്തിച്ച് കഠിനംകുളം കായലിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒഴുക്കിവിടുന്നു. പലപ്പോഴും കക്കൂസ് മാലിന്യങ്ങളാണ് തള്ളുന്നത്. ഇത് നീരൊഴുക്ക് നിലച്ച കായലോര പ്രദേശത്തും പാര്‍വതീ പുത്തനാറിന്‍െറ അടിത്തട്ടില്ലും അടിയുന്നു. ഇത് പ്രദേശത്തെ മണ്ണിന്‍െറ ഘടനയനുസരിച്ച് ഒഴുകി കിണറുകളിലെത്തി മഴക്കാലത്തുപോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയാണ്. പ്രദേശത്ത് ജല ജന്യരോഗങ്ങള്‍ വ്യാപകമാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഠിനംകുളം, വെട്ടുതുറ, മര്യനാട്, പെരുമാതുറ, ചിറ്റാറ്റുമുക്ക്, ചേരമാന്‍തുരുത്ത് തുടങ്ങിയ പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. തീരദേശത്ത് ജല വിതരണമുള്ള പൈപ്പ് ലൈനുകളില്‍ ജലമെത്തുന്നത് നൂല്‍ കനത്തിലാണ് മിക്കപ്പോഴും. അതും പലപ്പോഴും അര്‍ധരാത്രിയിലാണ്.  നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടും ബന്ധപ്പെട്ടവര്‍ കണ്ട മട്ടില്ലത്രെ. ജലക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 
 

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP